“ഇലയിലെ പിണ്‌ഡം എടുത്ത് ആർക്കാണോ തർപ്പണം ചെയ്യുന്നത് ആ വ്യക്തിയെ മനസ്സിൽ ധ്യാനിച്ച് പിണ്‌ഡം ഉരുട്ടിവയ്ക്കുക.
ലേശം നീരു കൊടുക്കുക.
ബാക്കിയുള്ള പിണ്ഡം തൂത്ത് എടുത്ത് ഉരുളയാക്കി സകല പിതൃക്കളെയും ധ്യാനിച്ച് എടുത്ത് വയ്ക്കുക.
വസ്ത്രത്തിൽ നിന്ന് നൂലെടുത്തു കഴുകി പിണ്ഡത്തിൽ സമർപ്പിക്കുക.
പവിത്രം ഊരി കെട്ടഴിച്ച് വയ്ക്കുക. നമസ്കരിക്കുക.
സാറേ, ഇനി പിണ്ഡം സമർപ്പിച്ച് പുഴയിൽ മുങ്ങി വരൂ.
പോകുന്ന വഴിയിൽ തൂശനിലയിൽ കുറച്ച് പിണ്ഡം എടുത്തുവയ്ക്കുക.
തലയ്ക്കു മീതെ ഇല പിടിച്ച് പുഴയിൽ ഇറങ്ങി പിണ്ഡം ഒഴുക്കികളയുക.
മൂന്നു പ്രാവശ്യം മുങ്ങി നിവരുക.”
പുഴയിൽ നിന്ന് കയറി വരുമ്പോഴും ഉമാദത്തൻ്റെ കണ്ണുകൾ ആ തൂശനിലയിൽ ആയിരുന്നു താൻ അമ്മയ്ക്കു വേണ്ടി പിണ്ഡം സമർപ്പിച്ച ഇലയിൽ…
ഇല്ല തൻ്റെ പ്രതീക്ഷ തെറ്റിയില്ല.
ഒരു കാക്ക പോലും വന്നില്ല !
ദത്തനെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു തൊട്ടടുത്ത ഇലകളിൽ നിന്ന് ബലിച്ചോറ് തിന്നാൻ കാക്കകൾ മൽസരിക്കുന്നു, ഇതിൽ മാത്രം ആരും തൊടുന്നില്ല. ശരിക്കും കണ്ണുകൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നും.
എന്തോ വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല, വിശ്വസിക്കാനും.
“സാറേ ആർക്കു വേണ്ടിയാ തർപ്പണം ഊട്ടിയത്?”
“”” അമ്മയ്ക്കു വേണ്ടി”””
“പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആത്മാവിന് വലിയ ഒരു സങ്കടം കാണുന്നു
ദേ നോക്കിക്കേ സാറേ, ഒരു കാക്ക ദുരെ ഇരുന്ന് ഇതിലേക്ക് നോക്കി സങ്കടപ്പെടുന്നത് കണ്ടില്ലേ?”
ശരിയാണ് ഞങ്ങൾ നോക്കിയതും കാക്ക ദൂരേക്ക് പറന്നുപോയി.
ദക്ഷിണയും കൊടുത്ത് തിരിച്ച് കയറുമ്പോഴും കണ്ണുകൾ വീണ്ടും ഇലയിൽ ഉടക്കി.
ഇല്ല തൻ്റെ ദർപ്പണംഅമ്മ സ്വീകരിച്ചിട്ടില്ല…
അല്ല അമ്മയോട് എന്നും പിണങ്ങാനല്ലേ തനിക്ക് നേരം ഉണ്ടായിരുന്നുള്ളു.
പാവം ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് താൻ ഒന്നു ചേർത്തു പിടിക്കാൻ.. ദത്തൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
പാവം തന്നെയോർത്ത് ഒരു പാട് സങ്കടപ്പെട്ടിട്ടുണ്ട് അമ്മ. അതൊരു വികാരമാണ്
ഏറ്റവും തീവ്രമായ വികാരം, ഒരിക്കൽ പോലും തീവ്രത അളക്കാനാവാത്ത ഒരു വികാരം.
ഉള്ളപ്പോൾ വില അറിയില്ല നഷ്ടപ്പെടുമ്പോൾ മാത്രമേ വില മനസ്സിലാവൂ വേണ്ട ഒന്നും ആലോചിക്കണ്ട
“മോനേ നീ അമ്പലത്തിൽ കയറുന്നുണ്ടോ?”
ചെറിയച്ഛൻ്റെ ചോദ്യം ചിന്തയിൽ നിന്ന് ഉണർത്തി
“കയറണം. ഒരു വർഷത്തേക്ക് തിലക ഹവനം ചീട്ടാക്കണം. അച്ഛമ്മക്കു വേണ്ടി അമ്മ നടത്തി കണ്ടിട്ടുണ്ട് പിതൃക്കൾക്ക് മോക്ഷം കിട്ടാൻ വേണ്ടി നടത്തുന്നതാണ്.”
“അതെയൊ” ചെറിയച്ഛൻ അത്ഭുതത്തോടെ എന്നെ നോക്കി.
വഴിപാടു ചീട്ടാക്കി താൻ നാലമ്പലത്തിനകത്തേക്ക് നടന്നു
അവിടെ സപ്തമാതൃക്കളുടെ കൂടെ അമ്മയും ഉണ്ടല്ലോ ( അമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മയുടെ ആത്മാവിനെ പ്രതിമയിൽ ആവാഹിച്ച് ഇവിടെ സ്പ്തമാതൃക്കളുടെ കൂടെ ഇരുത്തി)
എല്ലാ വർഷവും കുടുബാംഗങ്ങൾ ആണ്ട് ബലിയിടുകയും അവരെ സന്ദർശിക്കുകയും ചെയ്യുന്നു.
ഭഗവാനെ തൊഴുത്ത് സപ്തമാതൃക്കളുടെ മുൻപിൽ കൈ കൂപ്പി നിൽക്കുമ്പോൾ ദത്തന് മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
മനസ്സും ശരീരവും അമ്മ നിറയുന്ന പോലെ…
“””ദത്തൂട്ടാ “”””
എന്നുള്ള ആ വിളി ചെവിയിൽ മുഴങ്ങുന്നു
ഇടയ്ക്ക് ഞാൻ ദൈവത്തെ നിഷേധിക്കുമ്പോൾ പറയും
“നീ നരേന്ദ്രനാണ്”
ശ്രീരാമകൃഷ്ണ പരമഹംസനെ നിഷേധിച്ച് ദൈവത്തെ അവിശ്വസിച്ച് നടന്ന നരേന്ദ്രൻ ആ ആളാണ് പിന്നീട് സ്വാമി വിവേകാനന്ദൻ ആയത് അടുത്തേക്ക് വന്ന് എൻ്റെ കണ്ണുകളിൽ നോക്കി പറയും കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ച് ത്രിവേണി സംഗമം നീന്തി കയറിയ സ്വാമി വിവേകാനന്ദൻ.
എന്നിട്ട് എൻ്റെ തലയിൽ തടവി കുടുകുടാ ചിരിക്കും
വേണ്ട…. മൂക്കിൽ അമ്മയുടെ ഗന്ധം കാച്ചിയ എണ്ണയുടെയും മനസ്സിനെ നിയന്ത്രിച്ചു ക്ഷേത്രത്തിന് പുറത്തിറങ്ങി ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ തന്നെ കൊച്ചച്ചൻ തടഞ്ഞു.
“ഞാനെടുക്കാം നിൻെറ മനസ്സ് ശരിയല്ല”
ഒന്നും പറയാതെ പിറകിൽ കയറിയിരിക്കുമ്പോഴും മനസ്സിനെ നിയന്ത്രിക്കാൻ ദത്തനു കഴിഞ്ഞില്ല. പെരിയാറിന്റെ സൗന്ദര്യമോ ചേലാമറ്റത്തിന്റെ പ്രകൃതി രമണീയതയും മനസ്സിലേക്ക് വരുന്നുണ്ടായില്ല. മനസ്സിൽ അമ്മയുടെ മുഖം മാത്രം.
” മോനെ വീട് എത്തി”
കൊച്ചച്ചൻ വിളിച്ചപ്പോഴാണ് അറിഞ്ഞത് കാറ് ഗേറ്റിനു മുമ്പിൽ എത്തി. അമ്മ നട്ട എല്ലാ ചെടികളും പൂത്തുലഞ്ഞു നിൽക്കുന്നു മുൻവശത്തെ മൽഗോവയൊക്കെ നിറയെ മാമ്പഴം.
കാർ വരുന്നത് കണ്ടപ്പോഴേക്കും ബാബുവേട്ടൻ ഗേറ്റ് തുറന്നു. താൻ കാറിൽ നിന്ന് ഇറങ്ങി. ബെല്ലടിച്ചാൽ തുറക്കാൻ ആളില്ലല്ലോ? മുൻവശത്തെ വാതിൽ തുറന്നിട്ടിരിക്കുന്നു !
“മോനെ എന്താ നി ൻ്റെ പ്ലാൻ?
എത്ര ലീവ് ഉണ്ട്?
ഇവിടെയാണോ നിൽക്കുന്നത്?”
“കൊച്ചച്ചൻ പൊയ്ക്കോളൂ, ഞാൻ വിളിക്കാം”
സിറ്റൗട്ടിൽ നിന്ന് അകത്തേക്കു കയറി.
അമ്മയുടെ കൃഷ്ണവിഗ്രഹം അതേ ശോഭയോടെ അവിടെ ഇരിക്കുന്നു തന്നെ നോക്കി. ഒന്ന് ചിരിച്ചുവോ?
എന്തോ കൈ തൊഴുത് ഭഗവാൻറെ മുമ്പിൽ ഒരു നിമിഷം
‘ഭഗവാനെ ക്ഷമിച്ചേക്കണേ…’
വീടിനുള്ളിൽ അമ്മയുടെ ഗന്ധം.
വസ്ത്രങ്ങൾ അലമാരിയിൽ അടക്കിവെച്ചിരിക്കുന്നു. വീട് ആകെ ചുറ്റി നടന്നു കണ്ടു. എവിടെയെങ്കിലും തന്നെ പറ്റിക്കാൻ ഒളിച്ചിരിപ്പുണ്ടാകും. കുട്ടിക്കാലത്ത് ഒളിച്ചു കളിക്കുമ്പോൾ ഒക്കെ തന്നെ പറ്റിക്കാറുണ്ട്. അവസാനം കരച്ചിലിന്റെ വക്കിലെത്തുമ്പോൾ അമ്മ ഓടിവന്ന് എടുത്തുയർത്തും വട്ടം ചുറ്റിച്ച് നിലത്ത് നിർത്തും.
“എന്റെ കുഞ്ഞ് പേടിച്ചോ? അമ്മ എവിടെയും പോവില്ല ട്ടോ എൻ്റെ ദത്തൂനെ ഇട്ടിട്ട്”
എന്നിട്ടിപ്പോ അമ്മ പോയില്ലേ? ഒരു കാൽ പെരുമാറ്റം കേട്ട് തല ഉയർത്തിയപ്പോഴാണ് കണ്ടത് ബാബുവേട്ടൻ.
” കുഞ്ഞേ, ഊണിന് സമയമായി. എടുക്കട്ടെ”
“വേണ്ട ബാബുവേട്ടൻ പൊയ്ക്കോളൂ. ഞാൻ എടുത്ത് കഴിച്ചോളാം. കുറച്ചുനേരം ഞാൻ ഇവിടെ ഒന്ന് തനിച്ച് ഇരിക്കട്ടെ !”
വൈകീട്ട് വരാം എന്നു പറഞ്ഞ് പുള്ളി പോയി.
വിശപ്പു തോന്നുന്നില്ല. മനസ്സു മരവിച്ച ആൾക്ക് എന്തു വിശപ്പും ദാഹവും !!
കുറച്ചു നേരം ടേബിളിൽ തലവെച്ച് കിടന്നു. ക്ഷീണം കൊണ്ടാണോ എന്ന് അറിയില്ല ഉറങ്ങിപ്പോയി
“ദത്തൂട്ടാ ചോറ് ഉണ്ണണ്ടേ?
സമയം എത്രയായി എന്നാ വിചാരം
അവരൊക്കെ ഭക്ഷണം കഴിച്ചു നീ കഴിക്കുന്നില്ലേ?
മോനെ സമയത്തിന് ഭക്ഷണം കഴിക്കണം.”
താൻ ഭക്ഷണം കഴിക്കാനിരുന്നു.
“മോനെ നിനക്ക് ഒന്ന് ഗൂരുവായൂർക്ക് പൊയ് കൂടെ…
അച്ചുട്ടനും, ഹരികുട്ടനും വരുമ്പോഴെക്കെ പോകുന്നുണ്ടല്ലോ?
നാട്ടിലുള്ള നിനക്ക് എന്താ മടി?”
“അവിടെ ഒക്കെ ബിസിനസ്സ് ആണ്. അവിടെയൊക്കെ പോയിട്ട് അമ്മയ്ക്ക് എന്തു കിട്ടി? കുറേ കടം അല്ലാതെ… അമ്മയെ പോലെ എനിക്ക് ഭ്രാന്തില്ല”
“” പാണ്ടി കരിമ്പാറ തള്ള”””
“നിങ്ങൾക്ക് വേറെ തൊഴിൽ ഇല്ലേ? വെളുപ്പാൻ കാലത്ത് എണീക്കും കുളിച്ച് വീടൊക്കെ തുടച്ച് വിളക്ക് കൊളുത്തി നാമംജപിക്കുന്ന നിങ്ങൾക്ക് എന്തു ദൈവം തരുന്നു?
ഒരു നല്ല ജോലിയുണ്ടോ? എന്നും പണയം വയ്പും, കടം വാങ്ങലും അല്ലേ?
എന്നോട് പറയണ്ട ദൈവത്തിൻ്റെ മഹത്വങ്ങൾ”
“മോനെ ദൈവം നമുക്ക് ഒന്നും വാങ്ങി തരില്ല
നമ്മൾ പരിശ്രമിക്കണം”
പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു “ശ്രീപത്മനാഭൻ്റെ ചക്രം വാങ്ങാൻ ഭാഗ്യം വേണം അത് അമ്മയ്ക്കില്ല”
“അപ്പോ പിന്നെ തള്ള മിണ്ടണ്ടാ”
അമ്മ മിണ്ടാതെ ചോറു വിളമ്പി.
മാമ്പഴ പുളിശ്ശേരി, മാങ്ങയിട്ട് വച്ച അയല മീൻ പാലുകറി, മീൻ വറുത്തത്.
ഭക്ഷണം വിളമ്പുന്നതിനിടയിൽ അമ്മ ഒന്നു തല ഉയർത്തി നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ?
നിറഞ്ഞിരുന്നു !
ഭക്ഷണം കഴിക്കുന്നതിനിടയിൽ താൻ ഒന്നു ചുമച്ചു. അപ്പോഴെക്കും അമ്മ ഓടിയെത്തി, എന്തു പറ്റി എന്നു ചോദിച്ച്. വെള്ളം കുടിക്ക്, മുകളിലേക്ക് നോക്ക് എന്നൊക്കെ പറഞ്ഞു.
“ഒന്നു പോ തള്ളെ” എന്നു പറഞ്ഞ് താൻ കയർത്തു. പെട്ടെന്ന് കൈ എന്തിലൊ തട്ടി താൻ ഞെട്ടി ഉണർന്നു. അയ്യോ ഇത് സ്വപ്നമായിരുന്നോ? ഇരുന്നു ഭക്ഷണം കഴിച്ചു, സ്വപ്നത്തിൽ കണ്ട അതേ വിഭവങ്ങൾ !!!
കഴിച്ചു എന്നു വരുത്തി എഴുന്നേറ്റു. കറികൾക്ക് അമ്മയുണ്ടാക്കുന്ന അതേ രുചി. ഭദ്ര ഏടത്തിയുടെ പാചകം ആയിരിക്കും.
വീട്ടിലിരുന്നിട്ട് വല്ലാത്ത വീർപ്പുമുട്ടൽ
കുളിച്ച് വസ്ത്രം മാറി കുടുംബ ക്ഷേത്രത്തിലേക്ക് നടന്നു. അമ്പലത്തിൻ്റെ ആൽ തറയിൽ കുറേ ആളുകൾ ഇരിക്കുന്നുണ്ട് എന്നെ കണ്ടതും എല്ലാവരുടെയും ശ്രദ്ധ എന്നിലായി. തേങ്ങക്കാരനെ മാത്രം പരിചയമുള്ളു.
” ദത്തുട്ടാ എന്ന് എത്തി? വല്യ ജോലി ഒക്കെ കിട്ടി എല്ലേ?
അമ്മേടെ സുകൃതം അല്ലേ? ഉമ കുട്ടിയുടെ പ്രാർത്ഥനയുടെ ഫലമാ
പാവം കാണാൻ ഭാഗ്യം ഇല്ലാണ്ടായി ആ കുട്ടിക്ക്”
പുറത്തു നിന്നു തൊഴുതു.
തന്നെ കണ്ടതും തിരുമേനി പുറത്തേക്ക് വന്നു.
“അല്ല ഇതിപ്പോ ആരാ?
അമ്മയുടെ മാനസപുത്രൻ അല്ലേ?
എൻ്റെ കുട്ടി മൂന്ന് ആൺ മക്കൾ ഉണ്ടായിട്ടും നിന്നെക്കുറിച്ചായിരുന്നു ആധി.
എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട് നിന്നെ മാത്രമേ അവൾ പ്രസവിച്ചിട്ടുളളു എന്ന്..
എന്താ ഇപ്പോ പെട്ടെന്ന് വന്നത്? എന്തെങ്കിലും പ്രശ്നം?”
“ഉണ്ട് അമ്മ മരിച്ചപ്പോൾ തുടങ്ങിയതാ ഒരാധി.
അമ്മയെ സ്നേഹിച്ചില്ല, മനസ്സിലാക്കിയില്ല ആകെ കുറ്റബോധം.
തിരുമേനി, അമ്മ എന്നെക്കുറിച്ച് എന്തെങ്കിലും പറയാറുണ്ടോ?”
“പറയാറുണ്ടോ എന്നോ? നിന്നേക്കുറിച്ചേ അമ്മ പറയാറുള്ളൂ.
നിനക്ക് JRF കിട്ടിയ കാര്യം ഒക്കെ പറഞ്ഞിരുന്നു.
വലിയ സങ്കടമായിരുന്നു ഗുരുവായൂർ വഴിപാട് നടത്തില്ലെന്ന് പറഞ്ഞിട്ട്
പിന്നെയും ഒത്തിരി കാര്യങ്ങൾ.”
വീട്ടിലെത്തി പെട്ടെന്ന് തന്നെ ഗുരുവായൂർക്ക്
തിരിച്ചു
ആരോ തൻ്റെ കൂടെ ഉണ്ടെന്ന ഒരു തോന്നൽ ഗൂരുവായൂരിൽ എത്തി പ്രാർത്ഥിച്ചു. അമ്മ നേർന്നിരുന്ന എല്ലാ വഴിപാടുകളും നടത്തി. വെണ്ണ കൊണ്ട് തുലാഭാരം, അഹസ്സ് പിന്നെ ശയനപ്രദക്ഷിണവും. കുട്ടിക്കാലത്ത് ശയനപ്രദക്ഷിണം നടത്തിയപ്പോ അമ്മയായിരുന്നു കൂടെ. ഭഗവാനെ കാത്തോളണെ അമ്മ പിന്നിലുണ്ടെന്ന വിശ്വാസത്തിൽ ഉരുണ്ടു. കൊടി മരത്തിൻ്റെ അടിയിൽ എത്തിയിട്ടും എണീക്കാൻ കഴിഞ്ഞില്ല. ഹൃദയം പൊട്ടി കരഞ്ഞു പോയി ദത്തൻ ഇത്രയും നാൾ മനസ്സിൽ അടക്കി പിടിച്ച സങ്കടം അണപൊട്ടി ഒഴുകി.
ഭഗവാനേ എല്ലാത്തിനും മാപ്പു തരണേ.
ആരോ വന്ന് പുറത്ത് തട്ടി.
“അല്ല കുട്ടി, ശയന പ്രദക്ഷിണം ക ഴിഞ്ഞില്ലേ? എന്തിനാ സങ്കടം എല്ലാ സങ്കടങ്ങളും ഭഗവാൻ മാറ്റിക്കോളും. തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ മനസ്സ് ശാന്തമായിരുന്നു. കാറ്റ് അടങ്ങിയ കടൽ പോലെ ആളൊഴിഞ്ഞ പൂര പറമ്പുപോലെ. പിറ്റേന്ന് കൂട്ട നമസ്ക്കാരത്തിനു വന്ന തിരുമേനി ബലിച്ചോറ് ഉരുട്ടി വെയ്ക്കാൻ പറഞ്ഞു. ഞാൻ വച്ചതും ഒരു കാക്ക അതു കൊത്തി എടുത്ത് പറന്നു പോയി.
അത് അമ്മ ആയിരിക്കുമോ?
അമ്മ പറയാറുണ്ട് ആത്മാക്കൾ കാക്കയുടെ രൂപത്തിൽ വന്ന് ബലിച്ചോറ് കഴിക്കാറുണ്ടെന്ന്.
ശരിയായിരിക്കാം അമ്മയുടെ ദത്തുട്ടൻ്റെ ഉരുള മേടിക്കാൻ അമ്മ എത്തി. ബലികാക്കയായി വരാതിരിക്കാൻ അമ്മയ്ക്കു കഴിയില്ല. കാരണം അമ്മയ്ക്കു മകനോട് പിണങ്ങാൻ ആവില്ലല്ലോ, അതാണല്ലോ പൊക്കിൾ കൊടി ബന്ധം…
അതേസമയം തന്നെ അമ്മയുടെ തലോടൽ പോലെ മൃദുലമായ ഇളം കാറ്റും എവിടെ നിന്നോ വന്നു, മെല്ലെ അമ്മയുടെ കരസ്പർശം പോലെ എന്നെ തലോടാൻ…


8 Comments
നല്ല കഥ. അമ്മയെന്ന വികാരം പ്രതിഫലിപ്പിച്ച എഴുത്ത്. Super!
❤👏
. നന്നായിട്ട് എഴുതി. അമ്മ നഷ്ടപ്പെട്ടവർക്ക് അതിന്റെ വിലയറിയൂ.
കൂടെയുണ്ടാവുമ്പോഴാണ് സ്നേഹിക്കേണ്ടത് …. മരിച്ചു കഴിഞ്ഞല്ല ….നന്നായെഴുതി👍❤️
🥲അമ്മ യുടെ ആത്മാവിനു നല്ല
ശാന്തി ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🤲
നല്ല രജന 👌🥰
നന്നായി എഴുതി സെജി👌
ജീവിച്ചിരിക്കുമ്പോൾ ഒന്നും ചെയ്യില്ല.പോയിക്കഴിയുമ്പോഴാണ് ചിലർക്കു ബോധോദയം വരുന്നത്.
Awesome ♥️
മികച്ച രചന.
അഭിനന്ദനങ്ങൾ
Beautiful story Seji i am proud of you my dear friend.