ഇന്നു കാര്യമായിട്ട് പണികൾ ഒന്നുമില്ല. ദേവേട്ടൻ അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടിന്റെ മകന്റെ കല്യാണനിശ്ചയത്തിന് പോയതു കൊണ്ടു ലഞ്ചിനു ഉണ്ടാവില്ല എന്നു ഇന്നലെ രാത്രി തന്നെ പറഞ്ഞിരുന്നു. ബ്രേക്ഫാസ്റ് ആയി കുറച്ചു ഓട്സ് കഴിച്ചശേഷം ഞാൻ ലിവിങ്ങ്റൂമിലെ സോഫയിൽ പോയിരുന്നു. അടുത്തുള്ള കുഞ്ഞു മേശയിൽ മടക്കിവച്ച അന്നത്തെ പത്രം എടുത്തു വെറുതെ നിവർത്തി നോക്കി. എനിക്കു അങ്ങിനെ പത്രം വായിക്കുന്ന ശീലമൊന്നുമില്ല.
ദേവേട്ടൻ രാവിലെ വള്ളി പുള്ളി വിടാതെ പത്രം വായിക്കും. പിന്നീട് പ്രധാനമന്ത്രിയുടെ വിദേശയാത്ര മുതൽ തക്കാളിയുടെ ഇന്നത്തെ വിലനിലവാരം വരെയുള്ള കാര്യങ്ങൾ എന്നോട് പറയുകയും ചെയ്യും.
പത്രം തുറന്നു വെറുതെ നോക്കി നോക്കി ഞാൻ എത്തിയത് ചരമകോളത്തിൽ ആണ്. പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്നു ഒന്നു കണ്ണോടിച്ചു.
അപ്പോഴാണ് ഫോട്ടോയിൽ കണ്ട ഒരു മുഖം നല്ല പരിചയം തോന്നിയത്. താഴെ ന്യൂസ് വായിച്ചു നോക്കി. ജയലക്ഷ്മിഅമ്മ അറുപത്തിആറു വയസ്സ്. പക്ഷേ എത്ര ആലോചിച്ചു നോക്കിട്ടും ആരാണെന്നുള്ളത് ഓർമ്മയിൽ വരുന്നില്ല. പിന്നെയും ആ ഫോട്ടോയിൽ സൂക്ഷിച്ചുനോക്കിയപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.
കഴിഞ്ഞ മാസം എന്റെ ചെന്നൈയിൽ ഉള്ള മോൻ വന്നപ്പോൾ ഞങ്ങൾ ഗുരുവായൂർക്ക് പോയിരുന്നു. അപ്പോൾ ട്രെയിനിൽ നിന്നാണ് ഇവരെ പരിചയപ്പെട്ടത്. ട്രെയിനിൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നപ്പോൾ ഞങ്ങളുടെ എതിർഭാഗത്തായിരുന്നു അവരുടെ സിറ്റ്. ഞാൻ എന്റെ മടിയിൽ ഇരുത്തിയ മോന്റെ കുട്ടി, രണ്ടു വയസ്സുകാരി പാർവതിഅവരെ നോക്കി ചിരിച്ചപ്പോൾ അവർ അവളുടെ കാലിൽ മെല്ലെ തൊട്ടു കൊണ്ടു കളിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ ഒന്നു പുഞ്ചിരിച്ചപ്പോൾ അവർ എന്നോട് സംസാരിക്കാൻ തുടങ്ങി. കുഞ്ഞിന്റെ പേരു ചോദിച്ചു. പിന്നെ എങ്ങോട്ടാണ് പോയതെന്നും കൂടെ ഉള്ളതു ആരൊക്കെയാണെന്നും ഒക്കെഅവർ ചോദിച്ചു. ഗുരുവായൂരു നിന്നു വരുന്ന വഴിയാണ് എന്നു പറഞ്ഞപ്പോൾ അവർ പറഞ്ഞു.
“ഞാനും രണ്ടു ദിവസം മുൻപ് പോയിരുന്നു. ഉള്ളിലെ വിഷമങ്ങൾ ഒക്കെ കണ്ണനോട് പറയുമ്പോൾ മനസ്സിന് ഒരു ആശ്വാസമാണ്. ആരുമില്ലാത്തവരുടെ കൂടെ കണ്ണൻ ഉണ്ടാവും. “
ആ കണ്ണുകൾ നിറഞ്ഞിരുന്നു.
ദേവേട്ടന് അറിയാത്തവരോട് സംസാരിക്കുന്നതും പരിചയം കാണിക്കുന്നതും അത്ര ഇഷ്ടമല്ല. അതുകൊണ്ട് തന്നെ ഞാൻ അവരോടു അധികം സംസാരിക്കാതെ പുറത്തേക്കു നോക്കിയിരുന്നു.
കുറച്ചു കഴിഞ്ഞു ഉറക്കത്തിൽ നിന്നു ഉണർന്ന കുഞ്ഞു വാശി പിടിച്ചു കരയാൻ തുടങ്ങി. ഞങ്ങൾ മാറി മാറി എടുത്തിട്ടും മോളു കരച്ചിൽ നിർത്തിയില്ല. “നാരങ്ങമിട്ടായി വേണോ മോൾക്ക്?”
അവർ അവരുടെ സഞ്ചിയിൽ നിന്നു ഒരു പാക്കറ്റ് എടുത്തു മോളുടെ നേരെ നീട്ടികൊണ്ട് ചോദിച്ചു. ‘അയ്യോ അതൊന്നും അവൾക്കു കൊടുക്കാറില്ല’ എന്നു ഞാൻ പറഞ്ഞപ്പോൾ അവർ ഒരു മങ്ങിയ ചിരിയോടെ അതു തിരികെ സഞ്ചിയിലേക്കു വച്ചു.
എന്റെ കൈയിൽ നിന്നും മോളെ വാങ്ങി ക്കൊണ്ട് ദേവേട്ടൻ മുന്നോട്ടു നടന്നപ്പോൾ ഞാൻ അവരോടു ചോദിച്ചു. “വിട്ടിൽ ആരൊക്കെയുണ്ട്.”
അവർ എന്നെ നോക്കി ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു.
“അങ്ങിനെ എനിക്കായി ഒരു വീടൊന്നും ഇല്ല കുട്ടി. ഒരു അമ്പലത്തിൽ എന്നെക്കൊണ്ട് കഴിയുന്ന പണികൾ ഒക്കെ ചെയ്തു അവിടെ അങ്ങു കിടക്കും. അവിടുന്ന് കിട്ടുന്ന പ്രസാദം തന്നെയാണ് ഭക്ഷണവും. “
ഞാൻ ഒന്നും മനസിലാവാതെ ആ കണ്ണുകളിലേക്ക് നോക്കിയത് കൊണ്ടാവും അവർ അവരുടെ കഥ എന്നോട് പറഞ്ഞത്.
“എന്റെ വിവാഹം ഇരുപതാമത്തെ വയസ്സിലായിരുന്നു. ഭർത്താവിന് നാട്ടിൽ തന്നെ ചെറുതായിട്ടുള്ള ഒരു സ്റ്റേഷനറി ഷോപ്പ് ഉണ്ടായിരുന്നു. ജീവിതം സന്തോഷത്തോടെ നീങ്ങുമ്പോഴും കുട്ടികൾ ഇല്ല എന്നതു വലിയ സങ്കടം തന്നെയായിരുന്നു. പല പല ചികിത്സകൾക്കുശേഷം എന്റെ മുപ്പത്തി ഏഴാം വയസ്സിൽ എനിക്കൊരു മകൻ ഉണ്ടായി. അവനു ഒരു ഏഴു വയസ്സായപ്പോഴാണ് ഭർത്താവിന് ലിവർ കാൻസർ വന്നത്. ആറു വർഷത്തെ ചികിത്സ. സാമ്പത്തികമായി കൂടുതൽ ഒന്നും ഇല്ലാത്തവരായിരുന്നു ഞങ്ങൾ. കുറെ കടം വാങ്ങി. അവസാനം അദ്ദേഹത്തിന്റെ ഷോപ്പും ഞങ്ങളുടെ മൂന്നു സെന്റ് വീടും വിറ്റു. പക്ഷേ ഞങ്ങളെ അനാഥരാക്കി ഈശ്വരൻ അദ്ദേഹത്തെ വിളിച്ചു. പിന്നെ എനിക്കു മോനും, മോനു ഞാനും.
നന്നായി പഠിക്കുന്ന മോൻ പഠിപ്പിനിടയിൽ ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്തു. പത്ര വിതരണം, പാൽ വിതരണം, ചെറിയകുട്ടികൾക്ക് ട്യൂഷൻ. ഞാനും അടുത്തുള്ള ഒരു ഡോക്ടറുടെ വിട്ടിൽ അടുക്കള പണിക്കായി പോയിത്തുടങ്ങി. കൂടാതെ ഒഴിവുസമയങ്ങളിൽ കഴിയുന്ന പണികൾക്കെല്ലാം പോയി, മോൻ പഠിച്ചു ഒരു നിലയിൽ എത്തുന്നതുവരെ മതിയല്ലോ ഈ കഷ്ടപ്പാട്.
നമ്മളുടെ കണക്കുകുട്ടലുകൾ പലപ്പോഴും ശരിയവാറില്ലല്ലോ.
ഒരു ദിവസം രാവിലെ പേപ്പർ വിതരണത്തിന് പോയ മോന്റെ ദേഹത്തു ഒരു കാർ വന്നിടിച്ചു. അവിടെ തന്നെയുള്ള ഒരു വലിയ ബിസ്നസുകാരന്റെ മകനും കൂട്ടുകാരും ഓടിച്ച ഒരു കാർ ആയിരുന്നു അത്. അവർ മദ്യപിച്ചിരുന്നു എന്നൊക്കെ പറഞ്ഞു ആൾക്കാർ. തലയ്ക്കു സാരമായി പരിക്ക് പറ്റിയ മോൻ മൂന്നാം ദിവസം ഹോസ്പിറ്റലിൽ വെച്ചു മരിച്ചു. ആകെ ഒരു ആശ്രയമായുള്ള മോനും പോയപ്പോൾ ആകെ തളർന്നുപോയി ഞാൻ. കേസിന് ഒക്കെ പോവാൻ ഞങ്ങളെ പോലെ ഉള്ളവർക്ക് പറ്റുമോ. അവരൊക്കെ വലിയാളുകളല്ലേ. മോൻ തെറ്റായ വഴിയിലാണ് നടന്നുവന്നത് എന്നൊക്കെ പറഞ്ഞു ആ കേസ് തേഞ്ഞു മാഞ്ഞു പോയി.
മോനും കൂടെ പോയപ്പോൾ ഞാൻ പിന്നെ എന്തിനു ജീവിക്കണം എന്നായിചിന്ത. പക്ഷെ,ജീവിക്കുന്നതിലും വലിയ ധൈര്യം വേണം മരിക്കാൻ എന്നു എനിക്കു മനസ്സിലായി. അങ്ങനെ എങ്ങോട്ടു എന്നില്ലാതെ ഞാൻ ആ നാട്ടിൽ നിന്നു ഇറങ്ങി. ഈശ്വരൻ നമ്മളെ കൈ വിട്ടാലും നമുക്ക് അതു പറ്റില്ലല്ലോ. അതുകൊണ്ട് കഴിയുന്ന ജോലികൾ ചെയ്തു പല പല അമ്പലങ്ങളിലായി താമസം. എനിക്കു ചെയ്യാവുന്ന സഹായങ്ങൾ ചെയ്തു കൊടുത്താൽ ചിലർ പ്രതിഫലമായി എന്തെങ്കിലും തരും. ഭക്ഷണമായി അമ്പലത്തിൽ നിന്നു അവിടുത്തെ നിവേദ്യവും കിട്ടും. മരിക്കുന്നതു വരെ ഇങ്ങനെ അങ്ങു പോട്ടെ, പിന്നെ അങ്ങേ ലോകത്തിൽ ചെന്നു മോനെയും അദ്ദേഹത്തെയും കാണാൻ പറ്റുമായിരിക്കും.”
അവർ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
അവർ പതുക്കെ ബാഗ് തുറന്നു ആനാരങ്ങ മിട്ടായിയുടെ പാക്കറ്റ് എടുത്തു. എന്നിട്ട് പറഞ്ഞു.
“എന്റെ മോനു ചെറുപ്പത്തിൽ വലിയ ഇഷ്ടമായിരുന്നു ഇത്. എവിടെ പോയി വരുമ്പോഴും അവനു നാരങ്ങ മിട്ടായി വേണം.
വലുതായപ്പോൾ അവൻ തന്നെ വാങ്ങി കൊണ്ടുവരും. എന്നിട്ട് ഞങ്ങൾ രണ്ടുപേരും കൂടി കഴിക്കും. ഇതു ഇപ്പോൾ ഞാൻ എന്നും വാങ്ങി ബാഗിൽ സൂക്ഷിക്കും. പെട്ടെന്ന് അങ്ങു പോയാൽ അവൻ എന്റെ അടുത്തു ഓടിവരുമ്പോൾ അവൻ ചോദിക്കില്ലേ..”
ആ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
“ഇതാ മോളു ഒന്നു കഴിക്കു. എന്തും എല്ലാർക്കും കൊടുക്കുന്നതാണ് അവന്റെ ശീലം.”
“സുധേ ബാഗ് ഒക്കെ എടുത്തോ ഇറങ്ങാറായി.”
ഞാൻ ഒന്നും പറയാതെ അവർ വച്ചു നീട്ടിയ നാരങ്ങ മിട്ടായി വാങ്ങി. ദേവേട്ടൻ ശ്രദ്ധിക്കുന്നത് കാര്യമാക്കാതെ തന്നെ. ബാഗ് എടുത്തു ഒന്നു തിരിഞ്ഞു നോക്കിയതു പുഞ്ചിരിക്കുന്ന ആ നിറഞ്ഞ കണ്ണുകളിലേക്ക് ആയിരുന്നു.
ട്രെയിൻ നിന്നു ഇറങ്ങിയപ്പോൾ ദേവേട്ടൻ വഴക്ക് പറയാൻ തുടങ്ങി. ഇപ്പോഴത്തെ കാലത്തു എവിടെയും തട്ടിപ്പുകാരാണ്. ട്രെയിനിൽ പ്രത്യേകിച്ചും. നിനക്കു പിന്നെ എല്ലാരേയും വിശ്വാസമാണല്ലോ. ആരു എന്തു തന്നാലും വാങ്ങിക്കോളും. ദേവേട്ടൻ എന്റെ കയ്യിൽ നിന്നും ആ നാരങ്ങ മിട്ടായി വാങ്ങി ദൂരെക്കു വലിച്ചെറിഞ്ഞു. ആ മഞ്ഞ നിറത്തിലുള്ള മിട്ടായി മണ്ണിൽ വീണപ്പോൾ എന്റെ മനസ്സിൽ ഞാൻ ഒരിക്കലും കാണാത്ത ആ മോന്റെ മുഖമായിരുന്നു.


8 Comments
നല്ല കഥ. അമ്മയും മകനും അവരെ സ്നേഹിക്കാൻ തക്ക ഹൃദയ വിശാലതയുള്ള യാത്രക്കാരിയും മനസ്സിൽ കയറി പറ്റി.
നല്ല എഴുത്ത്.
👏❤
മനസ്സലിയിക്കുന്ന കഥ. നന്നായിട്ടുണ്ട്
👌👌
മനസ്സലിയിക്കുന്ന കഥ. നന്നായിട്ടുണ്ട്
അയ്യോ സങ്കടായി 😔
Thanks ❤️
ആ അമ്മയേയും നാരങ്ങാ മിഠായിയും മനസ്സിൽ നിന്ന് മായുകില്ല- ഇതുപോലെ എത്രയോ മുഖങ്ങൾ അരുടെ ജീവിതം യാത്രക്കിടയിൽ കാണാറുണ്ട്- നന്നായെഴുതിയതിന് എൻെറ വക ഒരു മിഠായി🍬 👍
കണ്ണുനിറഞ്ഞു പോയി. നല്ല കഥ ജലജ❤️👌🌹