തിരങ്ങളെ പുൽകാൻ ഓടിയെത്തുന്ന തിരമാലകൾ. കടലിനെന്നും പ്രണയത്തിന്റെ ഭാവമാണല്ലോ. ജമന്തിയും മുല്ലയും നിറച്ച പൂ കൂടയുമായി അടുത്തേക്ക് വന്നു ഒരു കൊച്ചു ദാവണിക്കാരി.
“അമ്മാ കോയിലിൽ കൊടുക്കതർക്ക് പൂ വേണമാ? സന്തോഷമായി ഇരിക്കതർക്ക് മുല്ല പൂ കൊടുങ്കോ. ഏതാവതു ആശ ഇരുന്താൽ ജമന്തി കൊടുങ്കോ. ഇരണ്ടു മുളം എടുക്കട്ടുമാ?”
അവൾ തയ്യാറായി നിൽക്കുകയാണ്. ആ മുഖത്തേക്ക് നോക്കി വേണ്ട എന്നു പറയാൻ തോന്നിയില്ല. “രണ്ടു മുഴം ജമന്തി തരു.”
കൈ നീട്ടിയപ്പോൾ അവൾ ചിരിയോടെ പൂമാല അളന്നു മുറിച്ചു ഇലചിന്തിൽ വച്ചു തന്നു. അതു വാങ്ങി കാശ് കൊടുത്തശേഷം കോവിലിലേക്ക് നടക്കുന്നവരുടെ പിന്നാലെ നടന്നു.
ശ്രീ കോവിലിന്റെ മുന്നിൽ നിന്ന പൂജാരി പൂമാല വാങ്ങി വിഗ്രഹത്തിൽ ചാർത്തി.പുറത്തു
കൈ കുപ്പി നിൽക്കുമ്പോൾ വെറുതെ ഓർത്തു. മനസ്സിലെ ആഗ്രഹങ്ങൾ ഒക്കെയും ചിതലരിച്ചു പോയ ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടത്.
കുറച്ചു നേരം തൊഴുതു നിന്ന ശേഷം പുറത്തെ കരിങ്കല്ല് പാകിയ വരികളിൽ പോയിരുന്നു. ഡീഗ്രീ രണ്ടാമത്തെ വർഷം പഠിക്കുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം.
സാമ്പത്തികമായി വലിയ ഉയർച്ചയൊന്നും ഇല്ലാത്ത കുടുംബമായിരുന്നു ഞങ്ങളുടേത്
മൂന്നു പെൺകുട്ടികൾ. മൂത്ത ചേച്ചി പത്താം ക്ലാസ്സു കഴിഞ്ഞു ഇഷ്ടപെട്ട ഒരാളെ കല്യാണംകഴിച്ചു പോയി. മൂന്നുവർഷത്തിന് ശേഷം ബന്ധം പിരിഞ്ഞു രണ്ടു കുട്ടികളുമായി വിട്ടിൽ വന്നു താമസിക്കുന്നു. ഇളയവൾ പഠിക്കാൻ മിടുക്കിയാണ്. അവൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു.
ഇതൊക്കെയായിരുന്നു അച്ഛൻ മരിക്കുമ്പോൾ വീട്ടിലെ സ്ഥിതി.
ഡിഗ്രീ കംപ്ലീറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു ജോലി. അതു കഴിഞ്ഞാൽ കല്യാണം. അതായിരുന്നു അച്ഛന് എന്നെ കുറിച്ചുള്ള കണക്കുകൂട്ടൽ
ഉണ്ണിയേട്ടന് എന്നെ ഒരു പാട് ഇഷ്ടമായിരുന്നു. എനിക്ക് അങ്ങോട്ടും. അച്ഛന്റെ കൂട്ടുകാരന്റെ മകൻ. ഒന്നിച്ചു കളിച്ചു വളർന്നവർ. എല്ലാവരും
അംഗീകരിച്ച ബന്ധമായതു കൊണ്ട് ഞങ്ങളുടെ പ്രണയത്തിനു തടസ്സങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. നന്നായി പാടുമായിരുന്നു ഉണ്ണിയേട്ടൻ. പലപ്പോഴും ഞങ്ങളുടെ സ്നേഹം പ്രണയമധുരമാക്കിയത് ആ പഴയ സിനിമാ ഗാനങ്ങൾ ആണെന്ന്
തോന്നാറുണ്ട്.
“അല്ലിയാമ്പൽ കടവിലന്നു അരക്കു വെള്ളം “എന്നുള്ള പാട്ടു ഏട്ടൻ മനോഹരമായി പാടും. ഞാൻ അപ്പോൾ ആ കണ്ണിൽ ഇമ ചലിപ്പിക്കാതെ നോക്കിയിരിക്കും.
“ശരിക്കും നിന്റെ കവിളിലും ഉണ്ട് ഒരു താമരക്കാട് “എന്നു പാട്ടിന്റെ അവസാനം എന്നെ കളിയാക്കുന്നത് ഒരു പതിവായിരുന്നു ഏട്ടന്.
ഉണ്ണിയേട്ടന് സ്വന്തമായി ഒരു കട ആയിരുന്നു. സ്റ്റേഷനറി സാധനങ്ങളും ഫാൻസി ഐറ്റംസും ഒക്കെ ചേർന്നതായിരുന്നു അത്. വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും ആയിരുന്നു. അനിയത്തിയുടെ വിവാഹം കഴിഞ്ഞതോടെ വിട്ടിൽ കല്യാണത്തിനു ധൃതി കൂട്ടാൻ തുടങ്ങി. അപ്പോഴേക്കും എന്റെ അച്ഛൻ മരിച്ചിട്ടു മുന്നാല് മാസങ്ങളെ ആയിട്ടുള്ളു. ഏതായാലും ഒരു വർഷം കഴിയട്ടെ എന്നു എല്ലാവരും തീരുമാനിച്ചു.
ആയിടക്ക് ഒരു ചെറിയ ഭാഗ്യം എന്നെ തേടി വന്നു. പണ്ടെങ്ങോ എഴുതിയ ഒരു ടെസ്റ്റിന്റെ ഫലം വന്നു. വില്ലേജ് ഓഫീസിൽ ജോലി കിട്ടി. അങ്ങിനെ പതുക്കെ പതുക്കെ വീട്ടിലെ പല കാര്യങ്ങളും നോക്കേണ്ട ചുമതല എനിക്കായി. പ്ലസ് 2കഴിഞ്ഞുവന്ന അനിയത്തി മെഡിസിന് ചേരനായി ആഗ്രഹം പറഞ്ഞു. നന്നായി പഠിക്കുന്ന കുട്ടിയല്ലേ. എതിരൊന്നും പറയാതെ അതിനായി ലോൺ എടുത്തു. ചേച്ചിയുടെ മക്കൾക്കും പഠിക്കണം. അമ്മക്കുള്ള മരുന്നു നാലഞ്ചു പേർക്ക് ഉള്ള വീട്ടുചിലവ്.
ഉണ്ണിയേട്ടൻ കാണുമ്പോൾ ഒക്കെ വിവാഹത്തെ പറ്റി പറഞ്ഞു കൊണ്ടയിരുന്നു. ഏട്ടന്റെ അച്ഛന് പ്രായം കൂടി വരുന്നു. കുട്ടത്തിൽ പല അസുഖങ്ങളും. മോന്റെ കല്യാണം കാണണമെന്ന് ഉള്ളത് അദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
ഒരു ദിവസം ഉണ്ണിയേട്ടന്റെ അച്ഛനും അമ്മാവനും കൂടി വിവാഹത്തെ പറ്റി സംസാരിക്കാനായി വിട്ടിൽ എത്തി. അവൾ ഈ വീട്ടിലള്ള ആവശ്യങ്ങൾ ഒക്കെ ഇപ്പോൾ ഉള്ളതു പോലെ തന്നെ നോക്കിക്കോട്ടെ. അതിനൊന്നും ഞങ്ങൾക്ക് ഒരു അഭിപ്രായവ്യത്യാസവും ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അമ്മക്ക് സമ്മതം തന്നെയായിരുന്നു. ചേച്ചിയുടെ മക്കളും വളരുകയാണല്ലോ. അതായിരിക്കാം ചേച്ചി ഒട്ടും സമ്മതിച്ചില്ല. ഇരുപത്തിഅഞ്ചു വയസ്സ് കഴിഞ്ഞ എനിക്ക് വിവാഹപ്രായമൊന്നും ആയിട്ടില്ല എന്നു ചേച്ചി പറഞ്ഞു. അതുമാത്രമല്ല സർക്കാർ ജോലിക്കാരിക്ക് ഒരു സ്റ്റേഷനറികടക്കാരനെ നോക്കുന്നതിൽ എന്തു അർത്ഥമാണ് ഒരു ഓഫീസ്ജോലിക്കാരൻ തന്നെ വേണം എന്നാണ് ഞങ്ങൾക്ക്. എന്നു വരെ ചേച്ചിപറഞ്ഞു. അച്ഛൻ പറഞ്ഞ വാക്കും ഞങ്ങളുടെ പ്രണയവും ഒക്കെ അവർ മനപ്പൂർവം മറന്നിരുന്നു. ഒരു തീരുമാനവും എടുക്കാതെ അവർ ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ തിമർത്തു പെയ്യുന്നുണ്ടായിരുന്നു.
പിറ്റേ ദിവസം ഓഫീസിൽ പോവുന്നവഴിയിൽ ഉണ്ണിയേട്ടൻ ഉണ്ടായിരുന്നു. ഒന്നിച്ചു താമസിക്കണമെങ്കിൽ ഇനി ഇറങ്ങി ചെല്ലുക മാത്രമാണ് മാർഗ്ഗം എന്നു ഉണ്ണിയേട്ടൻ പറഞ്ഞപ്പോൾ അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. എന്നെ വിശ്വസിച്ചു ജീവിക്കുന്ന വിട്ടുകാരെ എങ്ങിനെ ഉപേക്ഷിക്കും. ഒരു വ്യക്തമായ മറുപടി എനിക്ക് ഉണ്ണിയേട്ടന് കൊടുക്കാൻ ഇല്ലായിരുന്നു.
വർഷങ്ങൾ അങ്ങിനെ പോയിക്കൊണ്ടിരുന്നു. അനിയത്തി പഠനം പൂർത്തിയാക്കി എത്തി . ടൗണിൽ ഉള്ള ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറി. കുറച്ചു മാസങ്ങൾ അങ്ങിനെ കഴിഞ്ഞപ്പോൾ അവൾ തന്നെ അവളുടെ ഒരു ഇഷ്ടം വിട്ടിൽ അറിയിച്ചു. കൂടെ തന്നെ പഠിച്ചിറങ്ങിയ ഒരു ഡോക്ടർ. വീണ്ടും ലോൺ എടുത്തും കടം വാങ്ങിയും വിവാഹം നല്ല നിലയിൽ തന്നെ നടത്തികൊടുത്തു. കടങ്ങൾ ഒക്കെ തീർക്കാൻ വർഷങ്ങൾ വേണ്ടിവന്നു.
മറ്റുള്ളവരെ ജീവിപ്പിക്കുന്ന തിരക്കിൽ എനിക്കും ഒരു പാട് മാറ്റങ്ങൾ വന്നിരുന്നു. മുടിയിൽ വെള്ളികമ്പികൾ പടർന്നതും തൊലിയിലെ മിനുസം പോയ്‌പോയതും ഒന്നുംശ്രദ്ധയിൽ വന്നതേ ഇല്ല.
ആ സമയം ഉണ്ണിയേട്ടന്റെ വീട്ടിലും നടന്നു കുറെ കാര്യങ്ങൾ. അച്ഛനും അമ്മയും ഓരോ വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചു. അതു കഴിഞ്ഞപ്പോൾ ഒരു ദിവസം ഉണ്ണിയേട്ടൻവീണ്ടും വീട്ടിലെത്തി.
“ഇവൾ ചുമതലകൾ കുറെയൊക്കെ തീർത്തല്ലോ. ഇനി എല്ലാറ്റിനും ഇവളുടെ കൂടെ ഞാനും ഉണ്ടാവും. നമുക്ക് വിവാഹത്തെ കുറിച്ചു ചിന്തിച്ചു കൂടെ?”
ഉണ്ണിയേട്ടൻ അമ്മയോട് സംസാരിച്ചപ്പോൾ ചേച്ചി പുച്ഛത്തോടെ ഇടക്ക് കയറി.
“ഇനി മൂത്തു നരച്ചിട്ടു എന്തു കല്യാണം. എന്റെ മോള് വിവാഹപ്രായമായി വരുന്നു. ആൾക്കാരെ കൊണ്ട് ഒന്നും പറയിപ്പിക്കാതെ ഒന്നു പോയി തരു.”
ഉണ്ണിയേട്ടൻ ഒന്നും പറയാതെ ഇറങ്ങിപോയി. അതിനു ശേഷം ആരോടും ഒന്നും പറയാതെ ഉണ്ണിയേട്ടൻ എങ്ങോട്ടോ പോയി. പിന്നെ ആർക്കും ഏട്ടനെ കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു.
എന്റെ റിട്ടയർമെന്റിനു രണ്ടു വർഷം ബാക്കി ഉള്ളപ്പോഴാണ് അമ്മ മരിച്ചത്. പിന്നെ ആ വിട്ടിൽ താമസിക്കണം എന്നു ഒട്ടും ആഗ്രഹം ഇല്ലായിരുന്നു. മനസ്സിലെ ആ ആഗ്രഹം പോലെ ഇവിടെ അടുത്തുള്ള ഓഫീസലേക്കു ട്രാൻസ്ഫർ കിട്ടി. ഇപ്പോൾ ഒരു ഹോസ്റ്റലിൽ താമസിക്കുന്നു. ഓഫീസിൽ നിന്നു വിരമിച്ചാൽ ഒരു കുഞ്ഞു വീട് വാങ്ങി ഈ നാട്ടിൽ തന്നെ താമസിക്കണം എന്നു ഒരു ഇഷ്ടമുണ്ട് മനസ്സിൽ. നടക്കുമോ എന്നറിയില്ല.
എന്നാലും ഇടക്ക് ഞാൻ ഉണ്ണിയേട്ടനെ ഓർക്കും. എനിക്ക് വേണ്ടിയല്ലേ ആ ജീവിതം മാറ്റിവെച്ചത്. എന്നിട്ടും ഞാൻ മനപ്പൂർവം അതു കണ്ടില്ലെന്നു നടിച്ചു. ഒരു നന്ദി വാക്ക് പോലും പറയാത്തവർക്കായി ഒരു തിരിയായി വെറുതെ ഉരുകിതീർന്നു. ഇനി എന്നെങ്കിലും ഉണ്ണിയേട്ടൻ തിരിച്ചുവരുമായിരിക്കും. ബാക്കി വച്ച ജീവിതം ആ കൂടെ ജീവിച്ചുതീർക്കണം.
കണ്ണടച്ചു നിന്നാൽ ആ സ്വരം കാതുകളിൽ അലയടിക്കും.
“താമര പൂ നീ ദുരെ കണ്ടു മോഹിച്ചു ” അതിനൊരു എതിർ പാട്ടാണോ എന്റെ മനസ്സിന്റെ വേദനയാണോ എന്നറിയില്ല. എന്റെ ചുണ്ടുകളും മന്ത്രിക്കും.
“ഇന്നി ആളൊഴിഞ്ഞ കൂട്ടിൽ എന്തേ വന്നു ചേരാത്തു ”
#എന്റെരചന
#നഷ്ടസ്വപ്‌നങ്ങൾ


7 Comments
മനോഹരമായ രചന
നന്നായി എഴുതി 👍
നോവുണർത്തിയ രചന. എന്നെങ്കിലും അവർ യോജിക്കട്ടെ എന്നാഗ്രഹിച്ച എഴുത്ത്.👌👏
ഇങ്ങനെ എരിഞ്ഞടങ്ങുന്ന എത്ര സ്ത്രീ ജന്മങ്ങളുണ്ട്…… നന്നായെഴുതി🌹❤️
സ്നേഹം dear❤️❤️
സ്നേഹം സുമ
കുടുംബത്തിനു വേണ്ടി സ്വന്തം സ്വപ്നങ്ങളും ജീവിതവും നഷ്ടപ്പെടുത്തിയ ഒരു സ്ത്രീയുടെ ദുഃഖം എത്ര വലുതാണ്. മറ്റുള്ളവരുടെ സ്വാർത്ഥതയുടെ ബലിയാടാവേണ്ടി വന്ന ആ മനസ്സ് ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ജലജ .
ജമന്തിപ്പൂ മാലചാർത്തിയ ദേവൻ ഇനിയെങ്കിലും അവളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ അനുവദിക്കട്ടെ.❤️🌹👌