നേരം വെളുപ്പിന് ദേവീക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാനം കേട്ടയുടനെ പ്രീതി ഉണർന്നു.
പണ്ടു മുതലേയുള്ള ശീലമാണത്. ഉണരാൻ വൈകിയാൽ അമ്മയുടെ ചീത്ത വിളിയും തലക്ക് കിഴുക്കുമാണ്. എല്ലാം കഴിഞ്ഞാൽ പെൺകുട്ടികൾ കാക്ക കരയും മുൻപേ എഴുന്നേൽക്കണം എന്നൊരു ചൊല്ലുമുണ്ട്.
എഴുന്നേറ്റു ചെല്ലുമ്പോഴേയ്ക്കും അമ്മ കുളികഴിഞ്ഞ് പൂജാമുറിയിൽ വിളക്കും വെച്ചുകഴിഞ്ഞ് ചായയുണ്ടാക്കി ഫ്ലാസ്ക്കിൽ ആക്കി മേശപ്പുറത്ത് വെച്ചിട്ടുണ്ടാകും.
പ്രീതി സോപ്പും തോർത്തുമെടുത്ത് കുളക്കരയിലേയ്ക്ക് നടന്നു. ഡിസംബറിലെ
തണുത്ത കാറ്റ് അവളിൽ കുളിരു കോരി.
സ്പടികം പോലെയുള്ള വെള്ളത്തിൽ മത്സ്യങ്ങൾ പുളച്ചു നടക്കുന്നു. അവൾ മെല്ലെ കല്പടവുകൾ ഇറങ്ങി.
ഹൌ എന്തൊരു തണുപ്പ്?….. അവളുടെ ചുണ്ടുകൾ കൂട്ടിമുട്ടി വിറച്ചുകൊണ്ടിരുന്നു.
അവൾ മെല്ലെ കുളത്തിലേക്ക് ഇറങ്ങി വേഗം കുളിച്ചു കയറി.
മുടി തുവർത്തി വിടർത്തിയിടുമ്പോൾ തെങ്ങിൻ പട്ടകൾക്കിടയിലൂടെ വീഴുന്ന ഇളം വെയിലിന്റെ മൃദുസ്പർശം.
പഴയൊരു വീടും ഒരേക്കർ സ്ഥലവുമാണ് ആകെയുള്ള സമ്പാദ്യം.
അച്ഛനാണെങ്കിൽ അങ്ങിനെയൊരു വിചാരമോ ശ്രദ്ധയോ ഒന്നുമില്ല.
സമയാസമയങ്ങളിൽ ഭക്ഷണം കിട്ടണം. ചുറ്റി നടക്കണം അത്ര തന്നെ.
ഒരു സ്ഥലത്ത് ജോലിക്ക് പോയാൽ പത്തു ദിവസം തികച്ചു നിൽക്കില്ല. അവിടന്ന് പോരും.
പിന്നെ വെറുതെ ഇരിപ്പായി. അമ്മയുടെ സ്വർണ്ണം മുഴുവൻ വിറ്റു നശിപ്പിച്ചു.
ഇതൊക്കെ കാണുമ്പോൾ അമ്മ തങ്കമണി സങ്കടപ്പെടും. അച്ഛനോട് ഒരു വാക്കു പോലും പറയില്ല. അത്രക്കും സ്നേഹവും ബഹുമാനവുമാണ് അച്ഛനെ.
പ്രീതക്ക് പ്രഭു എന്ന സഹോദരനുമുണ്ട്. അവന് അച്ഛനെ ജീവനാണ്. അച്ഛൻ ഒരു പാവമാണ്. അവൻ എപ്പോഴും പറയും.
അച്ഛനെ കുറിച്ചോർത്തപ്പോൾ അവളുടെ മിഴിയോരം നനഞ്ഞൊഴുകി. അവൾ ആ ഓർമ്മകളിലൂടെ മുഴുകി നടന്നു.
എന്നോ നഷ്ടപ്പെട്ട ആ വീടും അച്ഛനും അമ്മയുമെല്ലാം പഴയ ഓർമ്മകളാണ്. ഓർമ്മകളുടെ തിരകൾ അവളുടെ ഹൃദയത്തിൽ വന്നലച്ചു.
അവൾ മെല്ലെ ഹാളിലെ ജനലിന്നരികയിൽ പോയി പുറത്തേക്കു നോക്കി നിന്നു.
കിഴക്കേ ചക്രവാളത്തിനു മുകളിൽ വെള്ളിമേഘങ്ങളുടെ അരികുചേർന്ന് പ്രഭാത
സൂര്യൻ പൊൻപ്രകാശം പരത്തി നിൽക്കുന്നു.
നേരം പോയി. അവൾ മകൾ നീതുവിനെ വിളിച്ചുണർത്തി. അവൾ മുറുമുറുപ്പോടെ അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു.
അച്ഛന്റെ സ്നേഹവും ലാളനയും അനുഭവിക്കേണ്ട സമയത്ത് അതിന് യോഗമില്ലാത്ത പാവം പെൺകുട്ടി.
പ്രീതിയുടെ ഓർമ്മകൾ വർഷങ്ങൾക്ക് പുറകിലേയ്ക്ക് പാഞ്ഞു. വിജയേട്ടൻ തന്നെ ആദ്യമായി കാണാൻ വന്ന ദിവസം.
അടുക്കളയുടെ ജനലിലൂടെ ഒഴിഞ്ഞു നോക്കിയതും സുന്ദരനായ വിജയേട്ടനെ എല്ലാവരും പുകഴ്ത്തി പറയുന്നതു കേട്ടപ്പോൾ തന്റെ മനസ്സിൽ ഉണ്ടായ സന്തോഷം ഇന്നലെ എന്നപോലെ തോന്നുന്നു.
കഷ്ടപ്പാടുകൾക്ക് നടുവിൽ ജീവിക്കുന്ന തന്നെ വിജയേട്ടന് ഇഷ്ടപ്പെട്ടുവെന്നും പെട്ടെന്നു തന്നെ വിവാഹം വേണമെന്നും രാമൻ നായർ വന്നു പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല.
അങ്ങിനെ വലിയ ആർഭാടമൊന്നും ഇല്ലാതെ തന്നെ വിവാഹം നടന്നു.
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും നാളുകൾ ഒഴുകികൊണ്ടേ ഇരുന്നു. ആ നാളുകളിൽ ഒരിക്കലും തന്റെ മിഴിയോരം നനഞ്ഞൊഴുകിട്ടില്ല.
നീതുവിന് (മോൾ) രണ്ടു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന് കുറേ അകലേയ്ക്ക് ട്രാൻഫർ കിട്ടി.
സാഹചര്യങ്ങൾ തന്നേയും മോളേയും കൂടെ കൊണ്ടുപോകാൻ പറ്റിയത് അല്ലായിരുന്നു.
പോകാൻ പുറപ്പെട്ടപ്പോൾ ആ മിഴിയോരം നനഞ്ഞൊഴുകി. തന്റേയും മിഴികൾ പൊട്ടിയൊഴുകി. തന്നേയും മോളേയും ഇവിടെ ആക്കി പോകുന്നതിൽ നല്ല വിഷമം ഉണ്ടായിരുന്നു.
ആദ്യമെല്ലാം കത്തും പണവും മുറയ്ക്കു വന്നിരുന്നു. പോകെ പോകെ അത് കുറഞ്ഞു കുറഞ്ഞു വന്നു.
വർഷങ്ങൾ കഴിഞ്ഞപ്പോൾ തീരെ ഇല്ലാതായി. എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല.
ഇതിന്നിടയിൽ വേദനയുടെ നീർചൂഴിയിൽ കിടന്നു പിടയുന്ന അമ്മ ഈ ലോകത്തോട് യാത്ര പറഞ്ഞു.
മകളുടെ തകർന്ന ജീവിതം കണ്ട് ഹൃദയം പൊട്ടി മരിച്ച അമ്മയുടെ ഓർമ്മകൾ അവളുടെ മനസ്സിൽ കനൽ പോലെ എരിഞ്ഞുകൊണ്ടിരുന്നു.
നീതുവിന്റേയും തന്റേയും കാര്യങ്ങൾ മുഴുവൻ നോക്കിയിരുന്നത് തന്റെ സഹോദരനായിരുന്നു.
നീതു MBA. കഴിഞ്ഞു. അവൾക്ക് അധികം താമസിയാതെ തന്നെ l&t കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ബോംബെയിൽ ജോലി കിട്ടി.
യാത്ര പറഞ്ഞിറങ്ങുമ്പോൾ സഹോദരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അടുത്തു തന്നെ അവന്റെ ഭാര്യയും നിൽപുണ്ടായിരുന്നു.
ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നാടൻ യുവതി. തന്നേയും മോളെയും മിനിക്ക് നല്ല കാര്യമാണ്.
ആ കരിനീല കണ്ണുകളിൽ സ്നേഹത്തിന്റെ സാന്ദ്രനീലിമ പതഞ്ഞൊഴുകി.
ബോംബയിൽ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ നീതു ഓഫീസിൽ പോകാൻ തുടങ്ങി.
പിന്നെ തനിക്ക് ഏകാന്തതയാണ്. അവൾ ഓർത്തു പ്രായം ഏറി വരികയാണ്.
തന്റെ സ്വപ്ന ഭംഗങ്ങൾക്കും നിശബ്ദ ദുഃഖങ്ങൾക്കും ഏകാന്ത നിമിഷങ്ങൾക്കും കാലം കടന്നു പോയത് അറിഞ്ഞില്ല.
നീതു ഓഫീസിൽ എല്ലാവരുടേയും മനം കവർന്നു. അവളുടെ സ്നേഹം സമ്പാദിക്കാനായി പലരും അവളുടെ പുറകെ കൂടി.
എന്നാൽ അവൾ ആരേയും ഗൗനിച്ചില്ല.
അവളുടെ ഒരു നോട്ടത്തിന്നായി പലരും കൊതിച്ചു.
ഒരു ഒഴിവുദിവസം അവൾ അമ്മയേയും കൂട്ടി ജുഹു ബീച്ചിൽ പോയി.
കടൽക്കരയിൽ അസ്തമയ സൂര്യന്റെ ഭംഗി കാണാനും കടൽ കാറ്റേൽക്കാനുമായി വന്നവരിൽ നിന്നും അകന്ന് അവിടെ കെട്ടിയിട്ടിരിക്കുന്ന ഒരു ബോട്ടിന്റെ അരികിൽ ചെന്നിരുന്നു.
തിരമാലകളുടെ താളവും, മീൻ പിടിക്കാൻ പോകുന്നവരുടെ വള്ളങ്ങളും, വിദഗ്ദരുടെ നീന്തലും എല്ലാം ആസ്വദിച്ച് അവരങ്ങനെ ഇരുന്നു.
തിരക്കിലും ബഹളത്തിനുമിടയിൽ പ്രീതി കണ്ടു രണ്ടു കണ്ണുകൾ തങ്ങളെ സൂക്ഷ്‌മ നിരീക്ഷണം നടത്തുന്നു. കൂടെ സുന്ദരിയായ ഒരു സ്ത്രീയും രണ്ടു മക്കളുമുണ്ട്.
തന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന ആ മനുഷ്യന്റെ നേരെ പ്രീതി മിഴികൾ അയച്ചു.
അവൾക്ക് വിശ്വസിക്കാനായില്ല. അവൾ കണ്ണു തിരുമ്മി ഒന്നുകൂടെ നോക്കി. അതേ ഒരുകാലത്ത് തന്റെ എല്ലാമെല്ലാം ആയിരുന്ന വിജയേട്ടൻ.
ആർക്കു വേണ്ടിയാണ് താൻ ഇത്രയും കാലം കാത്തിരുന്നത് അയാളിതാ വേറൊരു സ്ത്രീയും കുട്ടികളുമായി തന്റെ കൺമുമ്പിൽ.
അവളുടെ മിഴിയോരം നനഞ്ഞൊഴുകി. അതൊരു നീർച്ചാലുകളായി രുപം പ്രാപിച്ചു.
ആ ഹൃദയം പെരുമ്പറ കൊട്ടി. ഹൃദയത്തിൽ പൊന്തിവന്ന വേദനകൾ കടിച്ചമർത്തി.
വിസ്‌മൃതിയുടെ അപാരതകളിൽ അലയുന്ന ഏകാന്തമായ ഒരാത്മാവിനെപ്പോലെ
ആയിരുന്നു അവൾ. ദുഃഖങ്ങളുടെ ഒരു സാഗരം തന്നെ ആ മനസ്സിൽ പുകയുന്നുണ്ട്.
അതിന്റെ തിരശീലക്കുള്ളിൽ അവൾ നീറിപ്പുളയുക യാണ് . വർഷങ്ങക്ക് മുമ്പേ ജോലി തേടിപ്പോയ ഭർത്താവിനെ ഈ നിലയിൽ കാണേണ്ടി വരുമെന്ന് അവൾ ഒരിക്കലും ഓർത്തില്ല.
നീതു കാണാതിരിക്കാൻ അവർ സാരിതുമ്പുകൊണ്ട് കണ്ണും മുഖവും അമർത്തി തുടച്ചു.
അയാളെ കണ്ട വിവരം അവർ മകളെ അറിയിച്ചില്ല. നാളെ അവൾ അച്ഛനെ തേടി പോയാലോ എന്നവർ ഭയന്നു.
സ്വപ്‌നങ്ങൾ നഷ്ടപ്പെട്ട കണ്ണിൽ നിന്നും എന്തിനാണിങ്ങനെ മിഴിനീർ ഒഴുകുന്നത്?…
അവൾ ഓർത്തു. ഇതിന്നർത്ഥo താൻ ഇപ്പോഴും അയാളെ സ്നേഹിക്കുന്നു എന്നല്ലേ?….
അമ്മയുടെ മൗനം കണ്ട നീതു മനസ്സിൽ ചിന്തിച്ചു. പാവം തന്റെ അമ്മ.
അമ്മയെ പോൽ കണ്ണുനീർ കുടിച്ച ഒരാളും ഉണ്ടാകില്ല. പാവപ്പെട്ട ഒരു പെണ്ണിന്റെ ജീവിതത്തിൽ സ്വപ്നങ്ങളുമായി ഒതുങ്ങി നിന്ന ഒരു യുവതിയുടെ നിശബ്ദ വ്യസനങ്ങൾ ആർക്കെങ്കിലും മനസ്സിലാകുമോ?….
കടപ്പുറത്തു വെച്ചു ദൂരെ നിന്നും കണ്ട തന്റെ മുൻ ഭാര്യയേയും
മകളേയും കണ്ട വിജയന്റെ മനസ്സ് പ്രക്ഷുബ്ദമായി. കുറ്റബോധം കൊണ്ടയാൾ നീറിപുകഞ്ഞു.
ആ രാത്രി അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണടച്ചാൽ പ്രീതിയുടെ മുഖമാണ് മനസ്സ നിറയെ.
എല്ലാം അവളോട് തുറന്നു പറഞ്ഞ് ആ കാൽക്കൽ വീണു മാപ്പു ചോദിക്കാൻ ആ മനസ്സ് കൊതിച്ചു.
വലിയൊരു ആപത്തിൽ നിന്നും തന്നെ രക്ഷിച്ച രശ്മിക്ക് തന്റെ ജീവിതം തീറെഴുതി കൊടുക്കയായിരുന്നു. ഇന്നും തന്റെ മനസ്സിനുള്ളിൽ പ്രീതി ജീവിക്കുന്നുണ്ട്.
പിറ്റേന്ന് വൈകുന്നേരം അയാൾ ഏകനായി കടൽക്കരയിലേയ്ക്ക് നടന്നു. ഒഴിഞ്ഞ ഒരു കോണിൽ പോയിരുന്നു.
പ്രീതിയെ ഒരിക്കൽ കൂടി ഒന്നു കാണാനും തന്റെ നിരപരാധിത്തം അവളോട് ഏറ്റു പറയാനും ആ ഹൃദയം കൊതിച്ചു.
മരക്കൊമ്പുകൾക്കിടയിലൂടെ ചാഞ്ഞു വീഴുന്ന സായാഹ്നത്തിന്റെ മഞ്ഞ വെയിൽ ഇല ചാർത്തുകൾക്കിടയിലൂടെ മർമ്മരമുതിർത്തുകൊണ്ട് അകലെ നിന്നും വരുന്ന കുളിർക്കാറ്റ് അയാളെ തഴുകി.
അയാളുടെ കണ്ണുകൾ ചുറ്റും പാഞ്ഞു. ഇല്ല അവൾ വന്നിട്ടില്ല.
മിഴിനീർ നനഞ്ഞൊലിച്ച് അയാൾ തിരിഞ്ഞു നടന്നു. ഒരിക്കലും അവളെ കണ്ടുമുട്ടാനാകില്ല എന്ന നിരാശയോടെ.
ശ്യാമള ഹരിദാസ്.


8 Comments
നന്നായെഴുതി👍❤️
Thank you so much
ചില ഓർമ്മകൾ കയ്ക്കും 😔
വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി….. സന്തോഷം.
സുമ ജയമോഹൻ വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി….. സന്തോഷം
ഈ ചേർത്തു നിർത്തലിന് സ്നേഹം സന്തോഷം.
ഒരു പാടു സ്വപ്നങ്ങളോടെ ജീവിതമാരംഭിച്ച ഒരു യുവതിയ്ക്ക് തൻ്റെ സ്വപ്നങ്ങളെല്ലാം നഷ്ടമാവുന്നത് എത്രയോ വേദനാജനകമാണ്. നന്നായി എഴുതി 👌🌹
അഭിനന്ദനങ്ങൾ❤️🌹
സുമ വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി… സ്നേഹം