സഞ്ജീവിനേയും തന്റെ വഴിയിൽ നിന്നും ഒഴിവാക്കേണ്ടി വരും, പക്ഷെ അതത്ര എളുപ്പമല്ല, അയാളൊരു പൊലീസുകാരനാണ്, മിടുക്കനും തന്ത്രശാലിയുമാണ്. അയാൾ കാരണം രണ്ടു ദിവസമായി ദേവിയുടെ ഉറക്കം നഷ്ടപ്പെട്ടു.
അടുത്ത ദിവസം കോടതിയിൽ ഒരു വാദം ഉണ്ട്. പോകുന്ന വഴിയിൽ അനുപമയുടെ ഫോൺ വന്നെങ്കിലും ദേവിക്ക് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. വഴിയിൽ കനത്ത ട്രാഫിക്കും, പിന്നെ ചെറിയൊരു ടെൻഷനുമുണ്ട്. വാദത്തിനു മുൻപായി ദേവി സാധാരണ മൗന വ്രതത്തിലാകാറുണ്ട്. കോടതിയിലെ വാദത്തിനു മുൻപ് സംഭാഷണങ്ങൾ കുറയ്ക്കും, ചിന്തകൾ കൂട്ടും, അത് തന്റെ ബുദ്ധിക്കും ഓർമ്മയ്ക്കും നല്ല തെളിച്ചം കിട്ടുമെന്ന് അവൾ വിശ്വസിച്ചിരുന്നു.
അന്നത്തെ വാദം കഴിഞ്ഞു ഓഫീസിലെത്തിയപ്പോഴും അനുപമയുടെ കാര്യം ദേവി മറന്നു. തിരികെ വീട്ടിലേയ്ക്കു മടങ്ങാൻ നേരമാണ് അനുപമയുടെ വാട്സാപ്പ് ശബ്ദ സന്ദേശം ദേവി കേട്ടത്.
“ദേവി സമയം കിട്ടുമെങ്കിൽ വീട്ടിലേയ്ക്കു വരാമോ?”
ദേവിയാകട്ടെ ക്ഷീണിച്ചതു കൊണ്ട് വീട്ടിലേയ്ക്കു പെട്ടെന്ന് മടങ്ങണം എന്ന് കരുതിയതാണ്. ഒരു കേസ് പഠിക്കാൻ തുടങ്ങിയാൽ അവൾ സ്വന്തം മുറിയിൽ തന്നെയാണ് കൂടുതൽ സമയവും. വെളുപ്പിന് മൂന്ന് മണി വരെ മുറിയിൽ ഉണർന്നിരിക്കും. വൈകി ഉറങ്ങുന്നത് കൊണ്ട് പിറ്റേന്ന് ഉണരാൻ വൈകും. പിന്നെ ഓഫീസ്, കോടതി പകൽ മുഴുവൻ അങ്ങനെ പോകും, മകളുമായി ചെലവഴിക്കാൻ സമയം കിട്ടാതെയായി. ഇന്നെങ്കിലും ഒന്ന് നേരത്തെ മടങ്ങി മകളുമായി പുറത്തു പോകണമെന്ന് കരുതിയതാണ്. അനുപമയുടെ ശബ്ദം കേട്ടിട്ട് അവൾക്കു എന്തോ പറയാനുണ്ട് എന്ന് തോന്നി.
ദേവി തന്റെ കാർ അനുപമയുടെ വീട്ടിലേയ്ക്കു തിരിച്ചു. ഇനി പ്രണവിനെ കുറിച്ച് എന്തെങ്കിലും പുതിയ അറിവ് കിട്ടി കാണും. അതവളെ വിഷമിപ്പിച്ചു കാണും. ദേവി തന്റെ കാറിന്റെ വേഗത കൂട്ടി.
ജോലിക്കാരി വന്നു വാതിൽ തുറന്നു. അനുപമയെ പുറത്തെങ്ങും കണ്ടില്ല. ദേവി അനുപമയ്‌ക്ക് വേണ്ടി ഡൈനിങ്ങ് ഹാളിൽ കാത്തിരുന്നു. ദേവിയ്ക്ക് ആ വീട്ടിൽ എവിടെ വേണേലും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ പ്രണവ് വീട്ടിൽ ഉള്ള ദിവസങ്ങളിൽ ദേവി വളരെ ഔപചാരികമായിട്ടാണ് പെരുമാറാറുള്ളത്.
“അനുപമ ചേച്ചി ഇപ്പോൾ വരും, സാറിന്റെ മുറിയിലാണ്. “
“കുഞ്ഞുങ്ങൾ എവിടെ ?”
“മുറിയിൽ നല്ല ഉറക്കത്തിലാണ്. “
കുട്ടികളുടെ ആയ വന്നു ദേവിയോട് പറഞ്ഞു.
ക്ഷീണിച്ചു തളർന്നു വന്നതിനാൽ അവർ കൊണ്ട് കൊടുത്ത തണുപ്പിച്ച ഓറഞ്ച് ജ്യൂസ് ദേവി ആസ്വദിച്ച് കുടിച്ചു. കുഞ്ഞുങ്ങളുടെ നിശബ്ദത ആ വീടിനെ ഉറക്കിയ പോലെ തോന്നി. തന്റെ തോളിൽ ഒരു കൈ വന്നു സ്പർശിച്ചത് ദേവി അറിഞ്ഞു, അവൾതിരിഞ്ഞു നോക്കി, അനുപമയാണ്.
കരഞ്ഞു കലങ്ങിയ കണ്ണുകൾ, ഉന്മേഷമില്ലാത്ത മുഖം, മുടിയിഴകൾ പാറിപ്പറന്ന നിലയിൽ. അനുപമയെ അവളിങ്ങനെ കണ്ടിട്ടേയില്ല. ഇപ്പോഴും അണിഞ്ഞൊരുങ്ങി സുന്ദരിയായിട്ടാണ് കാണാറുള്ളത്. ഭർത്താവിന്റെ അന്തസ്സിനു ചേർന്ന നിലയിൽ, നല്ല വേഷഭൂഷാദികളോട് കൂടിയ ഉത്തമ വീട്ടമ്മയായിട്ടാണ് അവളുടെ ജീവിതം.
ഇന്നിവൾക്കു എന്ത് പറ്റി?
“പ്രണവ് എവിടെ ?”
“പ്രണവ് മുറിയിലുണ്ട്. “
പ്രണവിന്റെ മുറിയിൽ നിന്നുമൊരാൾ പുറത്തിറങ്ങി. കയ്യിലൊരു പെട്ടിയും കഴുത്തിലൊരു സ്റ്റെതസ്കോപ്പും ഉണ്ടായതു കൊണ്ട് അയാളൊരു ഡോക്ടറാണെന്നു മനസിലായി.
“ചൂടുവെള്ളം കൊണ്ട് ദേഹമാസകലം തുടച്ചിട്ട് ഞാൻ തന്ന ഓയിന്മെന്റ് പുരട്ടി കൊടുക്കൂ”
ഡോക്ടർ അനുപമയോട് പറഞ്ഞു. അനുപമ മുറിയിലേയ്ക്കു കയറി പോയി.
അടുക്കളയിൽ നിന്നും ജോലിക്കാരി പച്ചിലകൾ ഇട്ട് തിളപ്പിച്ച ചൂടുവെള്ളവും ഒരു തോർത്തും പ്രണവിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ ഏല്പിക്കുന്നു. അയാൾ അതുമായി മുറിയിൽ കയറി വാതിലടച്ചു.
“പ്രണവിനെന്ത് പറ്റി. “
“പറയാം, നീ വാ. “
അനുപമയുടെ പിറകെ ദേവി അവളുടെ സ്വകാര്യ മുറിയിലേയ്ക്കു പോയി. അനുപമ വാതിലടച്ചു കുറ്റിയിട്ടു.
“ദേവീ, പ്രണവിന് ഭയാനകമായ എന്തോ ഒരു രോഗമാണ്. ദേഹമാസകലം തൊലി ഇളകി പോയ അവസ്ഥ. പുറത്തു ഇറങ്ങാൻ വയ്യ, ചൊറിച്ചിൽ സഹിക്കാൻ വയ്യെന്ന്. പാമ്പിനെ ശല്ക്കം പോലെ തൊലി കൊഴിഞ്ഞ് പോയ അവസ്ഥയിലാണ്. മാനേജർ വളരെ രഹസ്യമായി ഒരു ഡോക്ടറെ കൂട്ടി കൊണ്ട് വന്നതാണ്. “
“ഡോക്ടർ കണ്ടിട്ട് എന്ത് പറഞ്ഞു. “
“എന്തോ ഒരു രാസവസ്തു ഉള്ളിൽ പോയെന്നൊരു സംശയം പറഞ്ഞു. ആരോ മനപ്പൂർവം കൊടുത്തതാകും. പ്രണവിന് ശത്രുക്കൾ കൂടുതലല്ലേ. “
അനുപമ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഒരു പക്ഷെ അവളാകും, ആ നടി, ഇവർ തമ്മിൽ പിണങ്ങി പിരിഞ്ഞില്ലേ, പ്രണവിന്റെ ഈയിടെ വിജയിച്ച സിനിമയിൽ അവളില്ല. “
“അവരങ്ങനെ ഒക്കെ ചെയ്യുമോ അനൂ, അവളൊരു കൊച്ചു പെണ്ണല്ലേ. ഇരുപത് വയസ്സ് തികഞ്ഞ് കാണുമോ?”
“ദേവീ നിനക്ക് ഈ ഫീൽഡിനെ പറ്റി ഒന്നും അറിയില്ല. സ്വന്തം കാര്യം നേടാൻ വേണ്ടി എന്തും ചെയ്യുന്ന ആളുകളാണ് കൂടുതൽ. പിന്നെ പോകാൻ നേരം അവൾ പ്രണവിനോട് ഇങ്ങനെ പറഞ്ഞിട്ടാണ് പോയതെന്ന്, നിങ്ങൾ കൂടുതൽ അഹകരിയ്ക്കണ്ട, നിങ്ങളെ ഉടനെ ഞാനൊരു പാഠം പഠിപ്പിക്കുമെന്ന്. “
“എന്തിനാ അവര് തമ്മിൽ പിണങ്ങിയത്. “
“ഞങ്ങൾക്ക് കുട്ടികൾ ജനിച്ചപ്പോൾ തന്നെ പ്രണവ് അവളിൽ നിന്നും അകന്ന് തുടങ്ങിയിരുന്നു. പിന്നെ അവൾ ഡ്രഗ് പാർട്ടികളിൽ ഒക്കെ പോകുന്നവളാണ്, അവളുടെ കാറിൽ ഇപ്പോഴും രാസലഹരിയുടെ മണം നിറഞ്ഞു നിൽക്കുമെന്ന്. അവളുടെ ഫ്ളാറ്റിലെ ഡ്രഗ് പാർട്ടി പ്രണവ് വിലക്കിയത് അവൾക്കു ഇഷ്ടപ്പെട്ടില്ല. അതാണ് തുടക്കം. “
“പ്രണവ് അവളെ രക്ഷിക്കാൻ ശ്രമിച്ചതല്ലേ, അതിനു ഇങ്ങനൊരു ശിക്ഷയോ?പോലീസിൽ ഒരു പരാതി കൊടുത്തൂടെ. “
“അവൾ ലഹരിയ്ക്ക് അടിമപ്പെട്ടു കഴിഞ്ഞു. അവർക്കൊക്കെ എതിർക്കുന്നവർ ശത്രുക്കളാണ്. പോലീസിനെ അറിയിക്കരുത് ദേവി, ഈ രോഗാവസ്ഥ ആരും അറിയാൻ പാടില്ല. അത് പ്രണവിനെ കരിയറിനെ ബാധിക്കും, പിന്നെ അവർ തമ്മിലുള്ള ബന്ധം… അത് പരസ്യമായാൽ? ഞാൻ നാണം കെടും, അവർ രണ്ടു പേരെയും ബാധിക്കും. പിന്നെ ഡ്രഗ്സിന്റെ കാര്യം പുറത്തറിഞ്ഞാൽ പോലീസ് അന്വേഷണം നടക്കും. സെറ്റിൽ പരിശോധന നടത്തും. നിർമ്മാതാവിന് നമ്മൾ കാരണം വലിയ നഷ്ടം ഉണ്ടാകും. അത് കൊണ്ട് കേസ് കൊടുക്കാൻ പ്രണവ് സമ്മതിക്കില്ല. “
“എന്നാൽ വേണ്ട അയാൾ കിടന്നു അനുഭവിക്കട്ടെ. “
“ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്ന് കേട്ടിട്ടില്ലേ. എല്ലാം പ്രണവിൻ്റെ സ്വാർത്ഥ താല്പര്യം മൂലമല്ലേ, എല്ലാം എന്നിൽ നിന്നും മറച്ചു വച്ചിട്ട്? ഇപ്പോൾ എന്തായി. സ്വസ്ഥത പോയില്ലേ, ആരോഗ്യം നശിച്ചില്ലേ. ഈ ബന്ധം കൊണ്ട് അയാൾക്ക് എന്താണ് ഗുണം ലഭിച്ചത്?”
” ചെറിയ ചെറിയ സന്തോഷങ്ങൾക്കു വേണ്ടി തുടങ്ങിയതാകും. ഒരു ചതിക്കുഴിയാണെന്നു അറിഞ്ഞു കാണില്ല. എന്നാലും അയാളെ നമുക്ക് രക്ഷിക്കണ്ടേ. “
“നീ വേണേൽ രക്ഷിക്കൂ, ഞാൻ രഹസ്യമായി ഡോക്ടറെ വരുത്തി. കൂടെ മാനേജരും ഒരു ജോലിക്കാരനുമുണ്ട്. അവർ ഡോക്ടർ പറഞ്ഞപോലെയൊക്കെ ചെയ്യട്ടെ. “
“അങ്ങനെയല്ല അനൂ, നീ അയാളുടെ ഭാര്യയല്ലേ, അവർ ചെയ്താൽ നീ ചെയ്യുന്നത് പോലെയാകുമോ? നീ എപ്പോഴും അയാളുടെ കൂടെ വേണം. മാനസികമായി നല്ല കരുത്ത് നൽകണം. “
“ദേവി, ഇന്നലെ നീ അങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്. ഇപ്പോൾ എന്താ നിനക്കവനോട് ഒരു അനുകമ്പ. നിനക്ക് നിന്റെ നിധിനെ കണ്ടു പിടിയ്ക്കണ്ടേ. അതോ നിന്നോട് അവനു പണ്ട് തോന്നിയ പഴയ പ്രണയമോർത്താണോ. “
“എടി മണ്ടി, അയാൾ ആരോഗ്യത്തോടെ ഉണ്ടായാലേ എനിക്കയാളെ കൊണ്ട് പ്രയോജനമുണ്ടാകൂ. അയാളെ കൊണ്ട് സത്യം പറയിക്കണം. ഞാൻ നിന്റെ കൂടെ തന്നെയുണ്ട്. അയാളെ പരിചരിച്ചു നീ എപ്പോഴും കൂടെയുണ്ടാകണം. അതിനു സ്കിൻ ഡോക്ടർ അല്ല, ഒരു മന്ത്രവാദിയെ വേണമെങ്കിലും ഞാൻ കൊണ്ട് വരും. “
അനുവിനൊപ്പം ദേവി പ്രണവിന്റെ മുറിയിലേയ്ക്കു നടന്നു, വല്ലാത്ത അവസ്ഥയിലാണ് പ്രണവ്. ദേഹമാസകലം ഒരു വെള്ള തുണിയിട്ടു മൂടിയിട്ടിരിക്കുന്നു. കവിളുകൾ പോലും ചുവന്നു തുടുത്തിരിക്കുന്നു. തൊലി ഇളകി മാറിയിരിക്കുന്നു. സിനിമകളിലെ കുഷ്ഠ രോഗിയെ പോലെയുണ്ട്.
“എന്തോ വിഷം ഉള്ളിൽ ചെന്നിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കണം. വയറിളക്കി കളയണം, ഇതൊക്കെ പുറത്തു പോയെ പറ്റൂ. “
മാനേജർ പറഞ്ഞു.
ദേവി അനുപമയെയും കൂട്ടി മുറിയ്ക്കു പുറത്തിറങ്ങി.
“ഹോസ്പിറ്റലിൽ കൊണ്ട് പൊയ്ക്കൂടേ അനൂ, കണ്ടിട്ട് കഷ്ടം തോന്നുന്നു. വിഷമാണ് ഉള്ളിലെങ്കിൽ അന്തരാവയവങ്ങളെ ബാധിക്കില്ലേ. അതൊക്കെ മോഡേൺ മെഡിസിൻ വഴി കണ്ടു പിടിയ്ക്കാം, ചികിൽസിക്കാം. അല്ലെങ്കിൽ ഈ സമൂഹത്തിന്റെ മുന്നിൽ നീ കുറ്റവാളിയാകും. “
ദേവിയുടെ നിർബന്ധത്തിനു വഴങ്ങി അനുപമ പ്രണവിനെ ആശുപത്രിയിലാക്കാൻ തീരുമാനിച്ചു. പ്രണവും മാനേജരും എതിർത്തെങ്കിലും ദേവി ആംബുലൻസ് വിളിച്ചു.
“പ്രണവ് ഞാൻ നിങ്ങൾക്കു ഉറപ്പു തരാം, ഇതൊന്നും പുറത്തു അറിയാത്ത രീതിയിൽ നമുക്ക് ഹാൻഡിൽ ചെയ്യാം. നിങ്ങൾ ധൈര്യമായിരിക്കൂ. നിങ്ങളുടെ ആയുസ്സും ആരോഗ്യവും മാത്രമാണിപ്പോൾ പ്രാധാനം. സെലിബ്രിറ്റി സ്റ്റാറ്റസ് നമുക്ക് തൽക്കാലം മറക്കാം. “
ദേവി അനുപമയ്‌ക്കൊപ്പം ആശുപത്രിയിലേയ്ക്ക് പോയി. അവളുടെ പരിചയവും സ്വാധീനവും ഉപയോഗിച്ച് വളരെ രഹസ്യമായി പ്രണവിന് ചികിത്സ ആരംഭിച്ചു. പരിശോധനകൾക്കു ശേഷം ഡോക്ടർ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രണവിനെ അഡ്മിറ്റ് ചെയ്തു. അപ്പോഴേക്കും അയാളുടെ കിഡ്നിയുടെ പ്രവർത്തനക്ഷമത വല്ലാതെ കുറഞ്ഞിരുന്നു.
കിഡ്നിയുടെ പ്രവർത്തന ക്ഷമത പരിശോധിച്ചിട്ട്, കിഡ്നി ട്രാൻസ്‌പ്ലാൻ്റേഷൻ വേണ്ടി വരുമെന്ന് ഡോക്ടർ ഒരു സംശയം പ്രകടിപ്പിച്ചിരുന്നു. അന്ന് രാത്രി ദേവി അനുപമയുടെ കൂടെ ആശുപത്രിയിൽ തങ്ങി. രാവിലെയാണ് അവൾ വീട്ടിലേയ്ക്കു മടങ്ങിയത്.
വീട്ടിൽ ചെന്നപ്പോൾ അമ്മയും മാത്യുവും നല്ല ദേഷ്യത്തിലാണ്.
“സ്വന്തം കുഞ്ഞിനേക്കാൾ വലുതാണോ നിനക്ക് കൂട്ടുകാരിയുടെ ഭർത്താവ്. അവരൊക്കെ വലിയ ആളുകളല്ലേ അവർക്കു ആവശ്യം വരുമ്പോൾ കൂടെ എല്ലാവരും ഉണ്ട്. നിനക്കോ? ആരുണ്ട്?”
മാലതി ദേവിയോട് ദേഷ്യപ്പെട്ടു.
“അമ്മേ ഈ ഒരു അവസ്ഥയിൽ അനുപമയ്‌ക്ക് ഞാനല്ലാതെ വേറെയാരുണ്ട്. ഒരു മനുഷ്വത്വം കാണിച്ചതിനാണോ ഇങ്ങനെയൊക്കെ പറയുന്നത്. എന്റെ മോൾക്ക് അമ്മയുണ്ടല്ലോ. ഞാനില്ലെങ്കിലും അവൾ ഹാപ്പിയാണ്. “
“മനുഷ്വത്വം, എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട. നിനക്ക് പണ്ടേ അവനോടൊരു സോഫ്റ്റ് കോർണർ ഉണ്ട്, ആ പാവം പെങ്കൊച്ചിനറിയില്ലല്ലോ നിന്റെയും അവന്റെയും മനസ്സിലിരിപ്പ്. “
മാത്യൂ പറഞ്ഞു.
“പപ്പാ ആവശ്യമില്ലാത്തതൊന്നും പറഞ്ഞുണ്ടാക്കരുത്. അനുപമ എന്റെ ആത്മാർത്ഥ സുഹൃത്താണ്. അവൾക്കു ദോഷം ഉണ്ടാക്കുന്നതൊന്നും ഞാൻ ചെയ്യില്ല. “
“എന്നാലും നിന്റെ രഹസ്യങ്ങളൊന്നും എല്ലാവർക്കും അറിയില്ലല്ലോ. ആ സഞ്ജീവ് സാറിനോട് ഞാൻ ഇനി എന്ത് പറയും. നിൻ്റെ കാര്യം പറഞ്ഞ് അയാൾ എന്നെ കൂടെ കൂടെ വിളിക്കുന്നു. “
മാത്യു ദേഷ്യപ്പെട്ടു വീട്ടിൽ നിന്നും പുറത്തേയ്ക്കു നടന്നു. ദേവി കുഞ്ഞിനേയും എടുത്തു കൊണ്ട് സ്വന്തം മുറിയിലേക്കും. കാഴ്ചക്കാരായി പ്രൊഫസ്സർ മാലതിയും സുമതിയും.
ദേവിയ്‌ക്കു കരച്ചിൽ വന്നു. മാത്യുവിനെ പോലൊരു ആളുടെ മുൻപിൽ പരാജയപ്പെട്ടവളെ പോലെ നിൽക്കേണ്ടി വന്നില്ലേ.
അയാളെന്തൊക്കെയാണ് പറഞ്ഞത്? ഞാനും പ്രണവും തമ്മിലെന്താണെന്ന്? മുൻപ് സംഭവിച്ചതൊക്കെ അനുപമയോട് തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
അവൾക്കെല്ലാമറിയാം. എല്ലാവരും എല്ലാം മറന്നതാണ്. ഇനി ഇയാളെങ്ങാനും അതൊക്കെ കുത്തി പൊക്കി അവളുടെ മനസ്സിൽ തീ കോരിയിടുമോ?
ദേവി നടന്ന വഴികളിലൂടെ ഒരിക്കലും തിരിച്ചു നടക്കില്ലെന്ന് അനുപമയ്ക്കറിയില്ലേ, അല്ലെങ്കിലും മാത്യു ആരാണ്?അയാൾക്കെന്താണ് തന്നെ ഉപദേശിക്കാൻ അവകാശം. ഇനി പ്രണവ് ആശുപത്രിയിൽ നിന്നും മടങ്ങി വരുന്നത് വരെ താൻ അവന്റെ കൂടെ തന്നെ ഉണ്ടാകും. അനുപമയ്‌ക്ക് തുണയായി.
പറയുന്നവർ പറഞ്ഞു കൊണ്ടിരിയ്ക്കട്ടെ. ദേവി തന്റെ കണ്ണീർ തുടച്ചു. തന്റെ മുഖത്തേയ്ക്കു തന്നെ നോക്കിയിരിക്കുന്ന മോളുടെ മുഖത്തേയ്ക്കു നോക്കി ദേവി പുഞ്ചിരിച്ചു.
“നീയെങ്കിലും അമ്മയെ മനസിലാക്കണം. “
സ്നേഹത്തോടെ, കുഞ്ഞ് മുഖത്ത് നോക്കി. അവളുടെ കുഞ്ഞു നെറ്റിയിൽ വാത്സല്യത്തോടെ ദേവി ഉമ്മ വച്ചു.
(തുടരും… )
✍️✍️ നിഷ പിള്ള


2 Comments
നന്നയിട്ടൂണ്
Pingback: ന്യൂസ് പേപ്പർ ബോയ് -40 - By Nisha Pillai - കൂട്ടക്ഷരങ്ങൾ