വളരെ പ്രാധാന്യമുള്ള ഒരു കാര്യം എനിക്ക് ഇവിടെ പറയാനുണ്ട്. ഇങ്ങനെയൊക്കെ മുൻപും ഉണ്ടായിരുന്നോയെന്ന് എനിക്ക് അറിയില്ല എന്റെ അറിവിൽ ഇല്ലാത്തതുകൊണ്ട് ഇവിടെ കുറിക്കുന്നു.
എന്റെ ഫ്രണ്ടിന്റെ മകളുടെ മകൾ, ഏകദേശം നാല് വയസ്സ് പ്രായം. ആ കുട്ടിയെ നമുക്ക് തൽക്കാലം അമ്മു എന്ന് വിളിക്കാം.
അവളുടെ അമ്മയുടെ കസിന്റെ മകൻ, ആ കുട്ടിക്ക് ഈ അമ്മൂനെക്കാളും നാലോ അഞ്ചോ മാസം, ശ്രദ്ധിക്കണം, നാലോ അഞ്ചോ മാസം മാത്രം പ്രായവ്യത്യാസം. അവനെ നമുക്ക് അപ്പു ന്ന് വിളിക്കാം. ഇവർ രണ്ടുപേരും ഒരേ സ്കൂളിലായിരുന്നു പോയിരുന്നത്.
കസിൻസ് പോരാത്തതിന് മക്കൾ ഒരേ ക്ലാസിൽ. അങ്ങനെ ഫാമിലിസ് വളരെ ക്ലോസ് ആയി. ഇങ്ങോട്ട് വരും, അങ്ങോട്ടു പോകും, കുട്ടികൾ ഒന്നിച്ച് കളിക്കും അങ്ങനെയൊക്കെ പോയിക്കൊണ്ടിരുന്നു. ഒരു ദിവസം കളിക്കിടയിൽ അപ്പു ഇടയ്ക്കിടെ അമ്മൂനെ കിസ്സ് ചെയ്യുന്നത് രണ്ട് അമ്മമാരുടെയും ശ്രദ്ധയിൽപ്പെട്ടു. കുട്ടികളെ അപ്പോൾത്തന്നെവിളിച്ച് ഒന്ന് ചെറുതായി ‘അങ്ങനെ കളിക്കരുത്’ എന്ന രീതിയിൽ പറഞ്ഞു കൊടുത്തു. പിന്നെയും അത് തുടർന്നപ്പോൾ അമ്മുന്റെ അമ്മ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കി അവൾക്ക് പറഞ്ഞു കൊടുത്തു. അതായത് ‘അമ്മുവിന്റെ അച്ഛൻ അച്ഛന്റെ സിസ്റ്ററെ അങ്ങനെ കിസ്സ് ചെയ്യുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, ഇല്ലല്ലോ. അപ്പു നിനക്ക് ബ്രദർ ആണ്. അതുകൊണ്ട് അതു തെറ്റാണ്. അപ്പു മാത്രമല്ല ആര് അങ്ങനെ ചെയ്താലും അനുവദിക്കരുത്, നോ എന്ന് ഉറക്കെ പറയണം’ എന്ന് as usual നമ്മൾ പറയുന്ന കാര്യങ്ങൾഎല്ലാം പറഞ്ഞു കൊടുത്തു.
പിന്നെ അവര് കുട്ടികൾ കളിക്കുമ്പോൾ എപ്പോഴും ഒരു ശ്രദ്ധ വച്ചു. അതിനടുത്ത വർഷം, അതായത് കഴിഞ്ഞ ജൂണിൽ മോൻ വേറേ സ്കൂളിലേക്ക് മാറി. വരവും പോക്കും അപ്പോഴും ഉണ്ടായിരുന്നു.
ഈ വർഷത്തെ സമ്മർ ക്യാമ്പ് തുടങ്ങിയപ്പോൾ രണ്ടുപേരും ഒരേ സമ്മർ ക്യാമ്പിൽ ആയിരുന്നു. ഒരു ദിവസം എന്തോ അത്യാവശ്യ കാര്യം ഉള്ളതുകൊണ്ട് അപ്പുന്റെ അമ്മ അമ്മൂന്റെ അമ്മയോട് മോനെ അമ്മൂന്റെ വീട്ടിലേക്ക് കൊണ്ടുപോകുമോ എന്നുചോദിച്ചു.
കുഞ്ഞുങ്ങൾ വന്നു ഭക്ഷണം കഴിഞ്ഞ ശേഷം അമ്മൂന്റെ അമ്മയ്ക്ക് നല്ല തലവേദന ഉണ്ടായിരുന്നതുകൊണ്ട് കിടക്കാൻ പോയി, പോകുന്നതിനു മുന്നേ അവൾ അവളുടെ അമ്മയോട് കുട്ടികളെ ശ്രദ്ധിക്കണമെന്ന് പറയാൻ മറന്നില്ല.
കാര്യങ്ങൾ കുറച്ച് അറിയാമായിരുന്നെങ്കിലും അമ്മമ്മ അത്ര സീരിയസ് ആയിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ അവര് ഒന്ന് വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് പോയി, അപ്പോൾ ചെറിയ ഒരു കള്ള ലക്ഷണത്തോടെ അവരുടെ അടുത്തേക്ക് അമ്മൂ ഓടി വന്നൂ.അവര് അവളോട് ‘എന്താ’ എന്ന് ചോദിച്ചു, അവൾ ഒന്നും മിണ്ടിയില്ല. അപ്പോ അമ്മമ്മ കരുതിയത് toys എന്തെങ്കിലും ഉടച്ചിട്ടുണ്ടാവും എന്നാണ്.
പിന്നെയും കുട്ടികൾ കളിതുടർന്നൂ. കുറെ കഴിഞ്ഞപ്പോൾ അമ്മൂന്റെ അമ്മ വന്നപ്പോൾ കുട്ടികളുടെ ശബ്ദം ഒന്നും കേൾക്കുന്നില്ല നോക്കുമ്പോൾ അവരെ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു. എനിക്ക് അതിവിടെ വിശദീകരിച്ചു എഴുതാനൊന്നും കഴിയില്ല.പെട്ടെന്ന് ക്ഷോഭത്തോടെ അവൾ ‘അമ്മൂ’ന്ന് ഉറക്കെ വിളിച്ചു. ‘ഞാൻ വേണ്ടാ, വേണ്ടാ ന്ന് പറഞ്ഞതാ, അവൻ കേട്ടില്ല’ എന്ന് ഉടനെ അമ്മൂ ഉത്തരം നൽകി.
പക്ഷെ അമ്മൂന്റെ അമ്മയ്ക്ക് മനസ്സിലായി തെറ്റ് അമ്മൂന്റെ ഭാഗത്തും ഉണ്ടെന്ന്. അതുകൊണ്ട് അവൾ മോനെ മാത്രമായി കുറ്റപ്പെടുത്തിയില്ല.
അവൾ നല്ല matured ആയി പെരുമാറുന്ന കുട്ടി ആയതോണ്ട് അടിച്ചൊന്നും ഇല്ല. കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
പക്ഷേ എന്റെ അടുത്ത് ഇത് പറയുമ്പോൾ അവൾ കരയുകയായിരുന്നു, ‘ആന്റി, എന്റെ പേരെന്റ്റിംഗ് തെറ്റിയോ?’ എന്ന് ചോദിച്ച്.
അന്നുഞാൻ അവളെ സമാധാനിപ്പിച്ചു വിട്ടു. പിന്നെ ഒരിക്കൽ സന്ദർഭം കിട്ടിയപ്പോൾ ഞാൻ അവളോട് എനിക്ക് മനസ്സിൽ തോന്നിയ കാര്യങ്ങൾ പറഞ്ഞു.
പണ്ട് എന്തിനും ഒരു മറ ഉണ്ടായിരുന്നു. ഭാര്യ ഭർത്താവ് ഇവർക്കിടയിൽ സെക്സ് നടക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും, അത് പബ്ലിക് ആക്കാൻ ആരും ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് കുട്ടികൾ എല്ലാം അറിഞ്ഞു വളരട്ടെ എന്ന രീതിയിലേക്ക് വന്നപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു.
മാതാപിതാക്കൾ കാണുന്ന സിനിമയിലെ ചില സീനുകൾ.. അതും കുട്ടികളെ ഇത്തരം കാര്യങ്ങൾക്ക് കാരണമാകുന്നുണ്ട്. അവർ അപ്പുറത്ത് ഇരുന്ന് കളിക്കുകയാണ് എന്ന് നമ്മൾ കരുതുന്നു, പക്ഷേ അവർ എല്ലാം ശ്രദ്ധിക്കുന്നുണ്ട്.
സമൂഹത്തിലേക്ക് നോക്കിയാൽ അവർ കാണുന്നത് കെട്ടിപിടിച്ചും ഉമ്മ വച്ചും നടക്കുന്ന ചേട്ടന്മാരെയും ചേച്ചിമാരേയുമാണ്.
കായിക വിനോദങ്ങൾ തീരെ കുറഞ്ഞു. കൊഴുപ്പ് ഭക്ഷണങ്ങളാണ് കൂടുതൽ മക്കൾ കഴിക്കുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ വളരെ ചെറു പ്രായത്തിലെ സംഭവിക്കുന്നു.
ഇതെല്ലാം ഇത്തരം കാര്യങ്ങളിലേക്ക് അവരെ നയിക്കുന്നു (ഇതെന്റെ തോന്നൽ ആണ് ).
പക്ഷെ തീരെ കുഞ്ഞു മക്കളോട് എങ്ങനെയാണു പറഞ്ഞു മനസ്സിലാക്കിക്കേണ്ടത് എന്ന് എനിക്ക് അറിയില്ല. ബാഡ് ടച്ച് അറിയുന്നത് കാരണം, ‘അങ്ങനെ ചെയ്യരുത് ഞാൻ അമ്മയോട് പറയും’ എന്ന് പറഞ്ഞതിന്റെ പേരിലാണ് ഒരു മോന് ഈ അടുത്ത കാലത്ത് ജീവൻ നഷ്ടമായത്.
കുട്ടികൾക്ക് ബാല്യംനഷ്ടപ്പെട്ടു. ഓടി ചാടി കളിക്കാൻ അവർക്ക് കഴിയാതെയായി. ബന്ധങ്ങൾ അവർക്ക് നഷ്ടമായിക്കൊണ്ടേ യിരിക്കുകയാണ്. ആരുടെ അടുത്തും അവരെ നമ്മൾക്ക് വിശ്വസിച്ചേൽപ്പിക്കാൻ കഴിയാത്ത അവസ്ഥ!
പണ്ടൊക്കെ വേനൽ അവധിക്ക് നമ്മൾ ബന്ധു വീടുകളിലേക്ക് പോകും, കസിൻസും ആയി ആർത്തുല്ലസിക്കും, ഇനി അതെല്ലാം സ്വപ്നങ്ങളിൽ മാത്രം.
എന്താണ് നമ്മൾ മക്കൾക്ക് നൽകുന്നത്. ഉയർന്ന വിദ്യാഭ്യാസം എന്ന പേരിൽ എന്തൊരു ഭാരമാണ് നമ്മൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നത്.
ബന്ധങ്ങൾ ഇല്ല, അയൽപ്പക്കങ്ങളില്ല. ജയിൽ അല്ലേ ഇതിലും ഭേദം?!
സമൂഹത്തിനോട് പ്രതിബദ്ധതയുള്ള ഒരു മാതാവ് എന്ന നിലയക്ക് എനിക്ക് ചെയ്യാൻ കഴിയുന്നത് ഒന്നേ ഉള്ളൂ. എന്റെ മക്കളോട് (രണ്ട് ആൺ മക്കളാണ്) പെൺ മക്കൾ ഉള്ള മാതാപിതാക്കളും മക്കൾക്ക് കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കണം. കാരണം പീഡനം ഒരു വിഭാഗത്തു മാത്രമല്ല നടക്കുന്നത്. അവരോട് കാര്യങ്ങൾ വിശദമായി സംസാരിക്കുക.
ഇത്തരം സംഭവങ്ങൾ നിനിൽ നിന്ന് കേൾക്കാൻ ഇടവരുത്തരുത് എന്ന് കൈകൂപ്പി അപേക്ഷിക്കുക.
ഇര ആകുന്ന കുട്ടികളിൽ ഇത് വല്ലാത്തൊരു ട്രോമ സൃഷ്ടിക്കും, അത് അവരുടെ ജീവിതത്തെ പിന്തുടർന്നുകൊണ്ടിരിക്കുമെന്ന് പറഞ്ഞു മനസ്സിലാക്കുക.
ബന്ധുക്കൾക്കിടയിൽ ആണ് ഇപ്പോൾ ഇത്തരം കാര്യങ്ങൾ വ്യാപകമായിരിക്കുന്നത്, അതുകൊണ്ട് തന്നെ നിന്റെ സ്ഥാനം (അമ്മാവൻ, ചെറിയച്ഛൻ) ആ ബോധത്തോടെ പെരുമാറുക.
ഇനി സമൂഹത്തിൽ ആണെങ്കിൽ എതിർ ഭാഗത്തു നിൽക്കുന്ന ആളുടെ പൂർണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ നിനക്ക് അവരെ സ്പർശിക്കാൻ പോലും അവകാശം ഉള്ളൂ എന്ന് പറഞ്ഞു ബോധ്യപ്പെടുത്തുക.
‘മകനേ, എന്റെ കണ്ണ് നനയാൻ നീ കാരണം ആകരുത്’ എന്ന് ലജ്ജ വിട്ട് പറയുക 🙏
മാതാപിതാക്കൾ ഒന്ന് മനസിലാക്കുക, മക്കൾ കുഞ്ഞുങ്ങളാണ് അവരെ ഇങ്ങനെ ആക്കിയത്തിൽ 100% പങ്കും നമുക്കാണ്.
ഓരോ വീടിന്റെ അന്തരീക്ഷവും വ്യത്യസ്തമായത് കൊണ്ട് ഒറ്റ പ്രതിവിധി ഇതിന് അസാധ്യമാണ്.
നമ്മടെ മക്കളെ നമ്മൾ ശ്രദ്ധിക്കുക.


3 Comments
പുതിയ കാലത്ത് മാത്രമല്ല പണ്ടും ഇതു പോലെ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അണുകുടുംബമായത് കൊണ്ട് പിന്നേയും നമ്മളറിയുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പരിഹാരം എന്തെന്നാണ് നമ്മെ ശ്രദ്ധിക്കേണ്ടത്. വളരെ സമകാലികമായ വിഷയം. നന്നായി എഴുതി.
ഇതൊക്കെ അറിയുമ്പോൾ ശരിക്കും ഉള്ളു കിടുങ്ങുകയാണ്. എവിടെ ആർക്കാണു പിഴച്ചത്? ഒന്നും നമുക്കറിയില്ല എന്നതാണു ശരി. കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുകയല്ലാതെ എന്താ ചെയ്യുക ?
നല്ലെഴുത്ത് നന്ദ❤️❤️
കുട്ടികൾക്ക് ബാല്യം ഇല്ലാതെയായി