”എന്തൊരു മഴയും കാററും “
ഭദ്ര ജനാലയിലൂടെ പുറത്തേക്കു നോക്കി. ടൈൽസിട്ട മുറ്റത്ത് ഒരടിവെള്ളമെങ്കിലും കാണും. ആറ്റുമണൽ നിരത്തിയ മുറ്റത്ത് മഴവെള്ളത്തിൽ കാലിട്ടിളക്കി നനഞ്ഞു നടന്നതോർത്തപ്പോൾ അവൾക്കു കുളിരു കോരി.
ഒരു കാറ്റു വീശിയടിച്ചു.
“അയ്യോ എൻ്റെ ചെടികൾ “
ജനൽപ്പടിമേലിരുന്ന കുപ്പികളും മണിപ്ലാൻ്റുകളും ദാ കിടക്കുന്നു.
ഭാഗ്യം ഒന്നും പൊട്ടിയില്ല. അവൾ ആശ്വാസത്തോടെ എല്ലാമെടുത്തു പാതകത്തിനരികിൽ ഒതുക്കി വെച്ചു .
” ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്.
ഇതിപ്പോ 2018 ലെപ്പോലെ വെള്ളപ്പൊക്കമാകുമോ?”
ഭദ്ര വേണുവിനെ നോക്കി.
“നമുക്കെന്തു വെള്ളപ്പൊക്കം? കുറച്ചു ദിവസം മീനൊന്നും കിട്ടില്ല. അത്ര തന്നെ “
അവൾ ദേഷ്യത്തോടെ കതകു തുറന്ന് വരാന്തയിലേക്കിറങ്ങി.
നനഞ്ഞൊട്ടിയ ചിറകുകളുമായി രണ്ടു കാക്കകൾ മുറ്റത്തെ പവിഴമല്ലിയിലിരുപ്പുണ്ട്. കുളത്തിലെ നീല ആമ്പലുകൾ ഈ മഴയത്തും വിരിഞ്ഞു നിൽക്കുന്നു. മഴ തകർത്തു പെയ്യുകയാണ്.
പെട്ടെന്നൊരു കൊള്ളിയാൻ മിന്നി. പിന്നാലെ ഇടിയും. ഭദ്ര ഓടി അകത്തു കയറി.
“ഞാനില്ലേ എന്തിനാ ഇടിയെ പേടിക്കുന്നത്?” അച്ഛൻ്റെ ശബ്ദം. അച്ഛനോടൊപ്പം വരാന്തയിലിരുന്നു മഴ കണ്ടിരുന്നു ഒരെട്ടു വയസ്സുകാരി. ഓർമ്മകൾ തിങ്ങി നിറഞ്ഞ് അവളുടെ മനസ്സും പെയ്യാൻ തുടങ്ങി.
നിർത്താതെ ചെയ്യുന്ന മഴയിൽ മച്ചിൻ്റെ മൂലയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിററു വീഴും.
”ആ രാവുണ്ണി മച്ചു തൂക്കാൻ കയറിയപ്പോൾ അവിടൊരു പാത്രം വയ്ക്കാൻ പറഞ്ഞില്ലേ പത്മേ?”
അച്ഛമ്മ ചോദിക്കും.
“അവൾ പറഞ്ഞു കാണില്ല. എല്ലാം മറവിയല്ലേ”
മറുപടി അച്ഛൻ്റെ വകയാണ്.
അമ്മ നിൽക്കുന്നു അല്ലെങ്കിൽ… എന്ന മട്ടിൽ അമ്മ അച്ഛനെ ഒരു നോട്ടം നോക്കിയിട്ട് പഴയൊരു അലൂമിനിയപ്പാത്രമെടുത്ത് വെള്ളം വീഴുന്നിടത്തു വെയ്ക്കും. താളത്തിൽ വെള്ളത്തുള്ളികൾ വീഴുന്നതു കേൾക്കാൻ എന്തു രസമായിരുന്നു
“ആറ്റിൽ വെള്ളം കൂടിയോ
രാജാ ?”
”നോക്കിയിട്ടു വരാം അമ്മേ “
”അച്ഛാ ഞാനും “
അച്ഛൻ കുട നിവർത്തുന്നതു കണ്ടു ഭദ്ര ഓടി വന്നു.
”പോയവിടെയിരിക്ക്. മഴ തോരട്ടെ “
അവളുടെ മുഖം മങ്ങി
”ഞാനിപ്പോൾ പോകുന്നില്ല. മതിയോ?”
അച്ഛൻ കുട മടക്കി.
വൈകുന്നേരമായപ്പോൾ കുറച്ചൊന്നു തോർന്നു. അച്ഛനോടൊപ്പം മൂന്നു പേരുമിറങ്ങി.
“കുടയെടുത്തു കൊണ്ടു പോ പിള്ളേരേ, മഴച്ചാറ്റലുണ്ട്” അമ്മ വിളിച്ചു പറഞ്ഞപ്പോഴേക്കും മൂവരും കടവിലെത്തിക്കഴിഞ്ഞു.
രണ്ടു ദിവസം നിർത്താതെ പെയ്ത മഴയിൽ കൽപ്പടവുകളെല്ലാം വെള്ളത്തിനടിയിലായിരിക്കുന്നു.
ഇരമ്പിയാർത്തു വരുന്ന മലവെള്ളം ചെളി കലക്കി മറിച്ചതുപോലെ കുത്തിയൊഴുകുകയാണ്. നിറയെ പതയും. മരക്കഷണങ്ങളും ചില്ലകളും എത്ര വേഗത്തിലാണ് ഒഴുകിപ്പോകുന്നത്. അത്ഭുതത്തോടെ അവർ നോക്കി നിന്നു. അങ്ങുമിങ്ങും കണ്ട കുറെ വെള്ളത്തിലാശാന്മാരെ അവൾ അനിയനു കാണിച്ചു കൊടുത്തു.
“കുഞ്ഞിനെ ശ്രദ്ധിച്ചോണേ”
അമ്മ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
അനിയനെ ചേർത്തുപിടിച്ചു കൊണ്ട് ഭദ്ര ഒരു കമ്പെടുത്ത് വെള്ളത്തിലേക്കെറിഞ്ഞു. ഒരു ചുഴിയിൽപ്പെട്ട് അതു കറങ്ങിക്കറങ്ങി നിന്നതു കണ്ടു ആർത്തുചിരിക്കുന്ന അനിയനെ അവൾ ഒന്നുകൂടി ചേർത്തു നിർത്തി.
കൂയ്….. അക്കരെ നിന്ന് വള്ളം വരുന്നു. എന്നത്തെയും പോലെ വലിയ മുളങ്കമ്പു കൊണ്ട് വെളളത്തിലൂന്നിയല്ല, പങ്കായം കൊണ്ടു തുഴഞ്ഞാണു വരുന്നത്. മുമ്പിലും പുറകിലും തുഴയുന്നുണ്ട്. വള്ളം അടുത്തെത്താറായതും തുഴച്ചിൽ നിർത്തി. ശ്ർ…… വള്ളം താഴേക്ക്. ഇനി താഴെ കടവിലടുപ്പിക്കാൻ നേരമേ തുഴയൂ. അതെല്ലാം അണ്ണൻ പറഞ്ഞു തന്നതാണ്.
“നമുക്കിവിടെ ഒരു കമ്പു കുത്തി വെയ്ക്കാം. രാവിലെ നോക്കുമ്പോൾ വെള്ളം എത്രയും കൂടിയെന്നറിയാം”.
അവൾ തല കുലുക്കി.
വീണ്ടും മഴ ചാറിത്തുടങ്ങി.
”ദാ അച്ഛൻ വരുന്നു. നമുക്കു പോവാം”
തുള്ളിക്കൊരു കുടം പോലെ മഴ വീണ്ടും പെയ്തു തുടങ്ങി.
വരാന്തയിലെ അഴികൾക്കിടയിലൂടെ ഭദ്ര നോക്കി നിന്നു. എത്ര പെട്ടെന്നാണ് വീണ്ടും മുറ്റത്ത് വെള്ളം നിറഞ്ഞത്. മഴയില്ലായിരുന്നെങ്കിൽ കടലാസുവള്ളമുണ്ടാക്കി ഒഴുക്കിവിടാമായിരുന്നു.
പെട്ടെന്നു തന്നെ സന്ധ്യ മയങ്ങി ഇരുട്ടായി. മഴയിരുട്ടാണെന്ന് അച്ഛമ്മ പറയും.
“ഇങ്ങനെ മഴയാണെങ്കിൽ വെള്ളം പൊങ്ങുമെന്നാണു തോന്നുന്നത്. “
അച്ഛൻ പറയുന്നതു കേട്ട് ഭദ്രയ്ക്കു സന്തോഷമായി.
പറമ്പിൻ്റെ വശങ്ങളിൽ ഇടവഴികളാണ്. അവയിൽക്കൂടി വെള്ളം റോഡിലെത്തും. വീണ്ടും വെള്ളമുയർന്നാൽ റോഡിലും വെള്ളമാകും. വീട് ഒരു ദ്വീപു പോലാകും. നാലു ചുററും വെള്ളം. സ്കൂളിലും പോകണ്ട. പിന്നെ എന്തു രസമാണ്. റോഡിലെ വെള്ളത്തിൽ ഇഷ്ടം പോലെ ആർത്തു തിമിർത്തു കളിക്കാം. മണികണ്ഠനെ കുളിപ്പിക്കാം.
“മഴയിങ്ങനെ പെയ്യട്ടെ അല്ലേ?” അവൾ തൻ്റെ ആഹ്ലാദം അണ്ണനോടു പങ്കു വെച്ചു.
“നിനക്കെന്താ ഭദ്രേ. മഴ നിർത്താതെ പെയ്താൽ റോഡിലും പടിഞ്ഞാറ്റേലെ ചിറ്റപ്പൻ്റവിടേം ജോസുകുട്ടിയുടെ വീട്ടിലുമെല്ലാം വെള്ളം കയറില്ലേ? നമ്മുടെ പറമ്പ് ഉയരത്തിലായതു കൊണ്ടു പ്രശ്നമില്ല.“
അതു ശരിയാണല്ലോ. ജോസുകുട്ടിയുടെ വീട് ചാണകം മെഴുകിയതാണ്. വെള്ളം കയറിയാൽ അവരെവിടെപ്പോകും? അവൾക്കു സങ്കടമായി.
മഴയും കാററും കൂടുതൽ ശക്തമായി. അഴികൾക്കിടയിലൂടെ വെള്ളത്തുള്ളികൾ വരാന്തയിലേക്കടിച്ചു കയറുന്നു.
“കഞ്ഞിയും കുടിച്ച് കിടക്കാൻ നോക്ക്. നാളെ സ്ക്കൂളൊന്നും കാണില്ല “
അമ്മ കഞ്ഞി വിളമ്പി.
”എനിക്കു നാളെ കണക്കിനു ടെസ്റ്റ് പേപ്പറുണ്ടായിരുന്നു. എല്ലാം പഠിച്ചു വെച്ചതാണ്.”
പഠിപ്പിസ്റ്റായ അണ്ണൻ സങ്കടപ്പെടുന്നതു കണ്ടപ്പോൾ ഭദ്രയ്ക്കു ചിരി വന്നു. ആറാം ക്ലാസിലാണെങ്കിലും വലിയ ആളാണെന്നാണു വിചാരം.
അച്ഛമ്മയുടെ കൂടെയാണവൾ കിടക്കുന്നത്. അണ്ണൻ താഴെയും.
“ഇങ്ങനെ നിർത്താതെ പെയ്തു കൊണ്ടിരുന്നാൽ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം പോലെയാവുമല്ലോ എൻ്റെ ദേവീ. കലികാലം കലികാലം. എൻ്റെ ഭഗവതീ കുഞ്ഞുങ്ങളെ കാത്തോളണേ “
അച്ഛമ്മ കരിമ്പടം നിവർത്തി.
“എന്താ അച്ഛമ്മേ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം ? അച്ഛമ്മ എപ്പോഴും പറയുമല്ലോ”
ഭദ്രയുടെ മനസ്സിൽ സംശയമുദിച്ചപ്പോഴേക്കും അണ്ണൻ ചോദിച്ചു കഴിഞ്ഞു.
“അന്നും ഇതുപോലെ നിർത്താതെ പെയ്യുന്ന മഴയായിരുന്നു. തോരാതെ ദിവസങ്ങോളം മഴ പെയ്തു. “
അച്ഛമ്മ പറഞ്ഞു തുടങ്ങി.
”എന്നിട്ട്?”
”നീ മിണ്ടാതിരിക്ക് .അച്ഛമ്മ പറയട്ടെ “
“അങ്ങനെ നാടുമുഴുവൻ വെള്ളത്തിലായി. അന്നെല്ലാം തടി കൊണ്ടുള്ള വീടുകളാണ്. അടിത്തറയിളകി ചില വീടുകൾ മുഴുവനായി ആറ്റിലൂടെ ഒഴുകിപ്പോയി. അതിനുള്ളിലിരുന്ന് വീട്ടുകാർ ആർത്തലച്ചു കരഞ്ഞു .
ആർക്കാണ് രക്ഷിക്കാൻ കഴിയുക? എങ്ങും നാശം വിതച്ച വെള്ളപ്പൊക്കമായിരുന്നു. “
” അന്ന് അച്ഛമ്മ ഉണ്ടായിരുന്നോ?”
ഭദ്രയുടെ സംശയങ്ങൾ തീരുന്നില്ല.
“എൻ്റെ അമ്മയും അമ്മൂമ്മയുമെല്ലാം പറഞ്ഞു കേട്ടതാണ്. പിന്നീടിതു വരെ അങ്ങനെയൊരു വെള്ളപ്പൊക്കം ഉണ്ടായിട്ടേയില്ല “
അച്ഛമ്മ ഓർമ്മകളിലേക്കു തിരിഞ്ഞു കിടന്നു.
” മഴ പെയ്താൽ ഇനിയും അതുപോലെ വെള്ളപ്പൊക്കം വരുമോ?”
അവൾ കൈ നീട്ടി അണ്ണനെ തൊട്ടു.
” മക്കളു പേടിക്കാതെ ഉറങ്ങിക്കോ” അച്ഛമ്മ അവളെ ചേർത്തുപിടിച്ചു.
പുറത്ത് നല്ല മഴ.വെള്ളത്തിലേക്കു ചാഞ്ഞു കിടക്കുന്ന ആറ്റുവഞ്ചിയുടെ ചില്ലകൾ ഉലയുന്ന ശബ്ദം. വിറകു പിടിക്കാൻ പോകുന്ന ആളുകളുടെ കൂക്കുവിളികൾ. അലൂമിനിയം പാത്രത്തിൽ വീഴുന്ന വെള്ളത്തുള്ളികളുടെ നനുത്ത താളം.
ഭദ്ര ഉറങ്ങിപ്പോയി.
രാവിലെ ഉണർന്നപ്പോൾ മഴ കുറഞ്ഞിരിക്കുന്നു. അണ്ണനെവിടെ ?
അവൾ പുറത്തേക്കിറങ്ങി.
ഈ മഴയത്ത് എനിക്കൊന്നും വയ്യേ എന്ന മട്ടിൽ ഒരു മരംകൊത്തി വേപ്പിൻ്റെ കൊമ്പിലിരിക്കുന്നു. ഇനിയൊന്നു മയങ്ങിയാലോ എന്ന ചിന്തയിൽ ചേനകളെല്ലാം ചാഞ്ഞു കിടന്നു കഴിഞ്ഞു. വാഴക്കൂമ്പിൽ നിന്നും തേൻ കുടിക്കാൻ വന്ന അണ്ണാറക്കണ്ണൻ അവളെ സൂക്ഷിച്ചു നോക്കി.
അച്ഛനും അണ്ണനും കടവിൽ നിൽക്കുന്നതു കണ്ട് അവൾ കുടയും നിവർത്തി അങ്ങോട്ടോടി. അമ്മ കണ്ടാൽപ്പിന്നെ അതു മതി .
“നമ്മൾ കുത്തിയ കമ്പു നോക്കു ഭദ്രേ”
അണ്ണൻ പറഞ്ഞപ്പോഴാണ് അവളങ്ങോട്ടു നോക്കിയത്. കമ്പിൻ്റെ മുകളിലത്തെ അറ്റം മാത്രമേ കാണാനുള്ളു.
ഒരു കൊതുമ്പുവള്ളം അടുത്തേക്കു വരുന്നു. നാരായണൻ കൊച്ചേട്ടനാണ്. വള്ളത്തിൽ കുറച്ചു വിറകുണ്ട്.
“എന്താ നാരായണാ. അക്കരെ വീടുകളിലൊക്കെ വെള്ളം കയറിയോ?”
” ഇല്ല സാറേ. മഴ തുടർന്നാൽ കുഴപ്പമാകും. ഇന്നാ മോളേ .മുകളിലെ തിട്ടയിൽ നിന്ന് ഇപ്പോൾ പറിച്ചതാ”
വള്ളം കടവിലേക്കടുപ്പിച്ച് ഒരിലപ്പൊതി അവളുടെ കൈയിലേക്കു കൊടുത്ത്
അയാൾ വള്ളം തുഴഞ്ഞു പോയി.
പൊതി തുറന്നു. നിറയെ പാണലിൻ്റെ പഴങ്ങൾ .
“വാ നമുക്കു റോഡിൽ പോകാം”
ഇലപ്പൊതി തിണ്ണയിൽ വെച്ച് റോഡിലേക്കു ചെന്നു. കുറച്ചു വെള്ളം കൂടി വന്നാൽ രണ്ടു വശത്തുനിന്നും വന്ന വെള്ളം കൂട്ടി മുട്ടും.
ഒരു ചാലു കീറിയാലോ.അവൾ ഒരു കമ്പെടുത്ത് മണ്ണിളക്കാൻ ശ്രമിച്ചു.
ജോസുകുട്ടി ഒരു വാഴയിലയും ചൂടി ഓടി വന്നു.
” ഇനിയിങ്ങനെ മഴ പെയ്തോണ്ടിരുന്നാൽ ഞങ്ങൾ അച്ചാച്ചൻ്റെ വീട്ടിൽ പോകും. ആട്ടിൻ കൂടിൻ്റടുത്തുവരെ വെള്ളം വന്നു. “
അവൻ പറഞ്ഞതു കേട്ട് ഭദ്രയ്ക്കു സങ്കടമായി.
“മഴ നനയുകയാ അല്ലേ ?”
നാണു മൂപ്പൻ ഒരു കുട്ടയും തലയിൽ വെച്ചു വരുന്നതു കണ്ട് മൂന്നു പേരും വീട്ടിലേക്കോടി.
“വിളയിലെല്ലാം വെള്ളം കയറി. മൂന്നുനാലു മൂടു കപ്പയങ്ങു പിഴുതു “
മൂപ്പൻ കുട്ട താഴെ വെച്ച് അമ്മയോടു പറഞ്ഞു.
” ഇവിടെ ഇതു മതി “
അച്ഛമ്മ നാലഞ്ചു കിഴങ്ങെടുത്തു .
“അമ്മയോടു വന്ന് ഇതങ്ങു കൊണ്ടുപോകാൻ പറയണേ ജോസേ “
കുറച്ചു മാറ്റി വെച്ച് ജോസുകുട്ടിയോടു പറഞ്ഞു.
വീണ്ടും മഴ തുടങ്ങി.
”ഈ മഴ ഒന്നും സമ്മതിക്കത്തില്ല”
നാണു മൂപ്പൻ ബാക്കി കപ്പയുമായി പോയി.
”ഇന്നു കപ്പ പുഴുങ്ങാം”
അച്ഛമ്മ കപ്പയുമായി അടുക്കള വരാന്തയിലേക്കു പോയി.
ഭദ്രയ്ക്കു സന്തോഷമായി. കപ്പയും കാന്താരി മുളകുടച്ചതുമാണ് അവൾക്കേറ്റവുമിഷ്ടം.
“വെള്ളം കയറിയാൽ ഞങ്ങളെങ്ങോട്ടെങ്കിലും പോകാം. എൻ്റെ ആടിനേം കോഴിയേമൊക്കെ എന്തു ചെയ്യും അമ്മച്ചീ “
കപ്പ കൊണ്ടുപോകാൻ വന്ന മേരിച്ചേച്ചി മൂക്കുപിഴിഞ്ഞു. അമ്മയുടെ ചട്ടയുടെ അടി വക്കിൽ പിടിച്ചു കൊണ്ട് ജോസുകുട്ടി വിഷാദം തുളുമ്പുന്ന കണ്ണുകളോടെ ഭദ്രയെ നോക്കി.
” ആടുകളെ ഇങ്ങു കൊണ്ടുവാ മേരീ .അമ്മിണിയുടെ അടുത്തു കെട്ട്. അവളൊന്നും ചെയ്യത്തില്ലെന്നു നിനക്കറിയില്ലേ”
അച്ഛമ്മ പെട്ടെന്നു തന്നെ പരിഹാരം കണ്ടു പിടിച്ചു.
“പടിഞ്ഞാറുവശത്തു നിന്ന് കുറച്ചു പ്ലാവില കൂടി വെട്ടിയിട്ടേരേ. ഞങ്ങൾ നോക്കിക്കൊള്ളാം .അമ്മിണിക്കു കാടി കൊടുക്കുമ്പോൾ അവർക്കും കൊടുത്തേക്കാം”
അമ്മ സമാധാനിപ്പിച്ചു.
”എന്നാൽ ഞാനിതു കൊണ്ടു വെച്ചിട്ടു വരാം. വാടാ ജോസൂട്ടീ “
“റോഡിൽ വെള്ളം കേറാൻ നോക്കിയിരിക്കല്ലേ മേരീ . ജോർജ്ജവിടില്ലിയോ?”
” ഓ…. അങ്ങേരേക്കൊണ്ട് ഒരുപകാരവുമില്ലമ്മച്ചീ. വെള്ളം കാണാൻ ആ കടവിലെങ്ങാനും ചെന്നു നിൽക്കുന്നുണ്ടാവും “
പെരുമഴയത്ത് മേരിച്ചേച്ചിയും ജോസൂട്ടിയും ഒരു വാഴയിലയുടെ കീഴിൽ നടന്നു പോകുന്നത് ഭദ്ര നോക്കി നിന്നു. മേരിച്ചേച്ചിയുടെ പുറകിൽ താളത്തിലാടുന്ന വിശറി അന്നവളെ ചിരിപ്പിച്ചില്ല.
ദൈവമേ മഴ മാറണേ വെള്ളപ്പൊക്കം വരല്ലേ എന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
“ചേച്ചീ ആട്ടിൻകുട്ടികളേം കൊണ്ടുവരുമോ?”
അനിയൻ അവളുടെ കൈയിൽ പിടിച്ചു.
” ഉം “
രണ്ടു പേരും ആട്ടിൻകുട്ടികൾക്കായി കാത്തു നിന്നു.
കണ്ണഞ്ചിപ്പിക്കുന്നൊരു മിന്നൽ.
ഭദ്ര ഓർമ്മകളിൽ നിന്നു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
മഴ തോർന്നിട്ടില്ല. മുറ്റത്ത് ചെടിച്ചട്ടികളൊക്കെ മറിഞ്ഞു കിടക്കുന്നു.വേണുവേട്ടൻ ഉച്ചയുറക്കത്തിലാവും.
അനിയനെ ഒന്നു വിളിക്കണം. അവിടെ റെഡ് അലർട്ടാണെന്നാണ് രാവിലെ ടി.വി.യിൽ കാണിച്ചത്.
ഇടിയും മിന്നലും മാറട്ടെ.
പെയ്തൊഴിയാത്ത ഓർമ്മകളുടെ തുരുത്തിൽ ഒറ്റയ്ക്കിരിക്കാൻ വയ്യാതെ ഭദ്ര ഒരു ബുക്കു വായിക്കാനെടുത്തു.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


21 Comments
Superb teacher keep it up❤️❤️❤️❤️❤️❤️
Thank u ❤️❤️
സുമേച്ചി നല്ല കഥ 💕💕
നല്ല അവതരണം
Thank u 😘
Thank u dear ❤️
ഭദ്രയും ടീച്ചറും കൂടി തോരാ ഓർമ്മകളിൽ കുളിപ്പിച്ചു 😍😍😍❤️❤️❤️👌👌
സ്നേഹം ഷൈബീ❤️❤️
സുമ… നന്നായിരുന്നു എഴുത്ത്. എഴുതിയത് ഓരോന്നും മഴയുടെ അകമ്പടിയോടെ നേരിൽ കണ്ട പോലെ!🤝🤝😍😍അഭിനന്ദനങ്ങൾ.
Thank u Sujatha ❤️❤️
നല്ല രസം ഈ എഴുത്ത് വായിക്കാൻ.
മഴയിൽ കുളിച്ചു 😍😍
ഓർമ്മകളിൽ കുളിക്കാൻ അതിനേക്കാളും രസമാണ്.
സ്നേഹം നന്ദ❤️❤️
നല്ല അവതരണം ഇഷ്ടമായി.
മനോഹരം. എറിക്ക് പരിചിതമല്ലാത്ത കടവും വെള്ളം കയറുന്ന പ്രദേശങ്ങളും വായിച്ചറിഞ്ഞു. മഴയെ സ്നേഹിക്കുന്ന കുട്ടികളും വെള്ളപ്പൊക്കത്തിന്റെ ദുരിതവും എല്ലാം നന്നായി എഴുതി.
👍❤
അതേ .വെള്ളം ഇറങ്ങിപ്പോയിക്കഴിഞ്ഞാലാണ് അതിലും ദുരിതം.
സ്നേഹം ജോയ്സ്❤️❤️
മഴയോർമ്മകൾ മഴപോലെ പെയ്തിറങ്ങ്ങുന്നു.. മനോഹരം
സ്നേഹം സിൽവി❤️❤️
കൊള്ളാം… മഴക്കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി ഈ എഴുത്ത്. 💕
❤️❤️
ഏതു കാലത്തും മഴയെ മനോഹരിയായി കാണാന് ഇഷ്ടം..
ഈ മഴപ്പെയ്ത്തും അതിമനോഹരം.. 👍👌
മഴ പെയ്യട്ടെ.. ദുരന്തങ്ങൾ ഇല്ലാതിരിക്കട്ടെ..
സ്നേഹം സജ്ന❤️❤️
സജ്ന മഴയേക്കുറിച്ചെഴുതിയ ഒരു ബ്ലോഗ് വായിച്ചിരുന്നു. എത്ര മനോഹരമായിരുന്നെന്നോ.👌🌹