നിന്നെ മറക്കുകയെന്നാൽ
ഇല കൊഴിഞ്ഞ നഗ്നശാഖിയായ്
വെയിലേറ്റുരുകലാണ്…
അലയടങ്ങാത്ത കണ്ണീർക്കടൽ ഉള്ളിൽ ഒളിപ്പിക്കലാണ്…
വെന്തു പഴുത്ത
അഗ്നിപർവതങ്ങളെ
ചുമന്ന് നടക്കലാണ്…
ഉള്ള് ചത്തവളുടെ
കണ്ണീർ ചിരിയായ്
മുങ്ങി നിവരലാണ്..
ഓർമ്മകളെരിയും
ചിതയ്ക്ക് ചാരെ
തീ കാഞ്ഞിരിക്കലാണ്…
മുറിവുകളിൽ
ഉപ്പുനീരിറ്റിച്ച് ആയുസ്സ്
നേർപ്പിക്കലാണ്…
നിന്നെ മറക്കുകയെന്നാൽ
ജീവിച്ചിരിക്കെ ഉള്ളിനുള്ളിൽ
മരിച്ചു പോകലാണ്…
