മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും പൊടിച്ചു വളർന്ന് എന്നെ പൊതിയുന്ന മനസ്സിലെ പച്ചപ്പാണ്.
കുതിപ്പിൽ നുരയുന്ന വെള്ളച്ചാട്ടത്തിന്റെ അനുപമ സൗന്ദര്യം മുഴുവനായി വരച്ചിടാൻ വാക്കുകൾക്കു ആവില്ലല്ലോ, അതുപോലെ മഴയോടുള്ള എന്റെ പ്രണയവും എഴുതി ഫലിപ്പിക്കാൻ, ഞാൻ ഇനിയും വാക്കുകൾ തേടേണ്ടിയിരിക്കുന്നു.
മഴക്കു മുൻപ് വീശുന്ന ഇളം തണുപ്പു കാറ്റും ആ കാറ്റുതിർക്കുന്ന ദലമർമ്മരവും മഴത്തുള്ളികൾ പേറുന്ന കാറ്റിന്റെ സുഖദമായ ഇളം തണുപ്പും സാഗരത്തിന്റെ അഗാധത പോലെ നീലാകാശത്തിന്റെ അനന്തത പോലെ ആളന്നെടുക്കാൻ കഴിയാത്ത പാലാഴിയായ് മനസ്സിൽ നിറയുന്നു.
പച്ചപ്പാടത്തിനു മുകളിൽ, കാറ്റിനൊപ്പം ഓടിയെത്തുന്ന ചാറ്റൽ മഴ. സൂചിരൂപം പൂണ്ടു പെയ്യുന്ന മഴയെ കാറ്റു തൊട്ടിലാട്ടി ദിശ തിരിച്ചു വിടുന്ന കാഴ്ച. വളർന്നു വലുതായി ശക്തിപ്രാപിച്ചു കനത്തിൽ പെയ്യുന്ന മഴയോട് സുല്ലിട്ടു പോകുന്ന കാറ്റിനെ നോക്കി കളിയാക്കി ചിരിക്കുന്ന തകർപ്പൻ മഴ.
നിറഞ്ഞൊഴുകുന്ന തോടുകളും അതിൽ തുടിക്കുന്ന പരൽ മീനും വെള്ളപരപ്പിൽ ആഴുന്ന പാടങ്ങളും അവയ്ക്ക് മുകളിൽ പറക്കുന്ന ചുവന്ന കല്ലൻ തുമ്പികളും വെയിൽ കൊതിച്ചു മരച്ചില്ലയിൽ ചിറകൊതുക്കിയിരിക്കുന്ന നനഞ്ഞ പക്ഷികളും മഴക്കാലത്തിലെ മിഴിവുള്ള ചിത്രങ്ങളാണ്.
പാടവരമ്പിലൂടെ നല്ല വേഗത്തിൽ കാറ്റിന്റെ എതിർ ദിശയിൽ ഓടുമ്പോൾ മുഖത്തു വന്നടിക്കുന്ന ഈർപ്പമുള്ള കാറ്റും പുറകിലേക്ക് പറക്കുന്ന അനുസരണയില്ലാത്ത കെട്ടുപ്പിണഞ്ഞ മുടിയും എന്റെ ഓർമ്മകളിൽ പുഞ്ചിരി വിടർത്തി പറന്നുകൊണ്ടിരിക്കുന്നു. ഞാൻ അത്രമേൽ സ്നേഹിക്കുന്ന മഴയുടെ വരവറിയിക്കുന്ന കാറ്റിന്റെ തലോടൽ എനിക്ക് എന്നും ഹൃദ്യമാണ്.
ഉമ്മറത്തെ തിണ്ണയിൽ ചാറ്റൽ മഴയെത്തി, എനിക്കായ് നനച്ചിടുന്നിടത്തു ഞാൻ ചൂണ്ടുവിരൽ കൊണ്ടു കോറിവരച്ചും തൂവാല (എറിച്ചിൽ ) നനക്കുന്ന തലമുടിയിൽ തങ്ങി നിൽക്കുന്ന ജലകണങ്ങൾ ഉടയാതെ സൂക്ഷിച്ചും എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ചങ്ങാത്തം കൂടുന്ന മഴയുടെ ഭംഗി കൺകുളിർക്കെ ആസ്വദിക്കുമായിരുന്നു.
പറമ്പിന്റെ മൂലയിൽ കൂനക്കൂടി കിടന്നിരുന്ന ആർക്കും വേണ്ടാതിരുന്ന പൊട്ടിയ പാത്രങ്ങളെ വരെ മറക്കാത്ത മഴ. മഴവെള്ളം കഴുകി വെളുപ്പിച്ച പൊട്ടിയ കളിമൺ പാത്രങ്ങളുടെ വെള്ളനിറം അതിശയിപ്പിച്ച കാലം.
എന്റെ ആദ്യത്തെ കമ്മൽ, മഴത്തുള്ളിക്കമ്മൽ! ആറു വശങ്ങളുള്ള സ്വർണപ്പണിയിൽ, അറ്റത്തു തൂക്കിയ ചെത്തിയെടുത്ത വലിയ ഉരുണ്ട കടും ചുവപ്പ് കല്ല്. ചെറിയ ഉലച്ചലിൽ പോലും തെരുതെരെ ആടുന്ന എന്റെ ‘മഴത്തുള്ളി കമ്മൽ’. കാറ്റിനൊപ്പം പൊഴിയുന്ന മഴത്തുള്ളികളും മഴത്തുള്ളിക്കമ്മലും എനിക്ക് അത്രമേൽ ഇഷ്ടമായിരുന്നു.
കർക്കിടകം പെയ്തു തിമർക്കുമ്പോൾ
പുതുമണ്ണ് നനയുന്ന മണം. ഈയ്യാംപാറ്റകൾ, കത്തിച്ചു വെച്ച എണ്ണവിളക്കിനു ചുറ്റും പറന്നാർക്കുന്ന നേരം, ഞാൻ അവരോടു ചോദിച്ചിരുന്നു,
‘മഴ പെയ്യും വരെ നിങ്ങൾ എവിടെ ഒളിച്ചിരുന്നു? നിങ്ങളെ ഉണർത്തി ജീവൻ വെപ്പിക്കുന്നത് ഈ മഴയാണോ? നിങ്ങൾക്കും മഴയെ എന്നെപ്പോലെ അത്രമേൽ ഇഷ്ടമാണോ കൂട്ടരേ?’
ഓടുമേഞ്ഞ വീട്ടിൽ താമസിച്ചിരുന്ന ബാല്യത്തിലായിരുന്നു മഴയുടെ സൗന്ദര്യം ഏറ്റവും കൂടുതൽ ആസ്വദിച്ചത്. പുരപ്പുറത്തു നിന്നും ഒഴുകുന്ന വെള്ളം ഒരു സ്ഫടികത്തിന്റെ സുതാര്യതയോടെ മുറ്റത്തു വീണു, മണ്ണിൽ കുത്തിത്തിരിഞ്ഞു കുമ്പിൾ ആകൃതി മെനയുന്ന ഭംഗി, അത്രമേൽ ഭംഗിയുള്ള വേറൊന്നും ഞാൻ എന്റെ ജീവിതത്തിൽ കണ്ടില്ല എന്നുണ്ടോ?
മുറ്റത്തും തെങ്ങിൻത്തടത്തിലും നിറഞ്ഞു കവിയുന്ന ചെമ്മൺ കലക്കവെള്ളത്തിൽ കടലാസുവഞ്ചികൾ ഒഴുക്കി വിടുക, കൂട്ടുകാരുടെ വഞ്ചിയിൽ ചെറിയ കല്ലു എടുത്തു എറിഞ്ഞു മുക്കുക, ആ കളിയും കുസൃതിയും തന്ന സന്തോഷം, ബാല്യത്തിലേക്കു തിരിച്ചു നടക്കാൻ വെറുതെ ഒരു മോഹം എന്നെ വന്നു പൊതിയുന്നു.
മഴക്കാലത്തു തൊടിയിലെ കിണറ്റിൽ, നിറഞ്ഞുയർന്ന തെളിഞ്ഞ വെള്ളത്തിൽ, അസാമാന്യ വിരുതോടെ വെള്ളത്തിൽ മുങ്ങാങ്കുഴിയിടുന്ന തവളകളുടെ വേഗവും അവയുടെ ഇളം മഞ്ഞ തൊലിയുടെ തെളിമയും കണ്ടു അസൂയപ്പെടും. “എന്തൊരു പോക്കാണ് പോണ്യേ… എന്താ സ്പീഡ് “, ഞങ്ങൾ കൂട്ടുകാർ ചേർന്നു കിണറിന്റെ ചുറ്റുമതിലിൽ ചാരിനിന്നു നെടുവീർപ്പിടും.
കിണറ്റിന്റെ ചുറ്റുമതിലിൽ നിന്നും പൊടിച്ച മഷിത്തണ്ട് ചെടി പറിച്ചെടുത്തു, കല്ലു സ്ലേറ്റിൽ ഉരച്ചു എഴുത്തുകൾ മായ്ച്ചു കളയുന്നത് വലിയ കണ്ടുപിടുത്തം നടത്തിയ ഗമയിലായിരുന്നു. ചേമ്പിലയിൽ ഉരുണ്ടു കളിക്കുന്ന മഴവെള്ളം പിടി തരാതെ കുഞ്ഞുവിരലുകൾക്കിടയിലൂടെ തെന്നിമാറി, ഞങ്ങളെ വീണ്ടും വീണ്ടും തോൽപ്പിച്ചുകൊണ്ടിരുന്നു.
മഴയിൽ കുതിർന്ന് തണുത്തു വിറച്ച്, എഴുന്നേറ്റു നിൽക്കുന്ന രോമക്കൂടു ദേഹത്തുരസ്സി ചൂടുപിടിപ്പിക്കുന്ന നായ്ക്കുട്ടി. അവിടിവിടെ കെട്ടികിടക്കുന്ന വെള്ളകുഴികളിൽ കാൽ ചവിട്ടി, വെള്ളം തട്ടിത്തെറിപ്പിച്ച മഴക്കാലം അവനും ഇഷ്ടമായിരുന്നു. ഓർക്കും തോറും പെരുകുന്ന മധുരമഴയായ് മനസ്സിൽ പെയ്തു തിമർക്കുന്നു.
തൊടി നിറഞ്ഞിരുന്ന മാവുകളിൽ നിന്നും കാറ്റിൽ ഉതിരുന്ന മാമ്പഴം ചൂരൽക്കൂടയിൽ പെറുക്കി നിറക്കുമ്പോൾ, കൊത്തി മുറിച്ച ചക്കരമാമ്പഴം കാട്ടി കാക്കയോട് പരിഭവം പറയും, ‘ശ്ശോ, കൊത്തി കേടാക്കിയല്ലേ?’.
മാങ്ങ വീണ് ഓടു പൊട്ടി മഴവെള്ളം ചോരുമ്പോൾ, ഇറയത്ത് പരത്തിവെച്ച പാത്രങ്ങളിൽ വീണു തെറിക്കുന്ന വെള്ളത്തുള്ളികളുടെ താളം ഹൃദ്യമായിരുന്നു.
തിണ്ണയിൽ കയറി നിന്ന് ഓടിൻ മുകളിൽ നിന്നും ഒഴുകുന്ന ചില്ലുവെള്ളം
ഉള്ളം കൈയിൽ പിടിച്ചെടുക്കുന്നത് രസകരമായ കളിയായിരുന്നു. ഉടുപ്പു നനച്ചു കുളിരിൽ കളിച്ച കളിയിൽ കുതിർന്ന ബാല്യം ഇന്നും നനവു തോർന്നിട്ടില്ല. ഓരോ മഴ കാണുമ്പോഴും അറിയാതെ കൈയിൽ പടരുന്ന നനവ്, ഞാൻ അത്രമേൽ ആസ്വദിച്ച കുളിരിന്റെ ഇന്നും ബാഷ്പീകരിക്കപ്പെടാത്ത ബാക്കിപത്രങ്ങളാണ്
ഇത്രയും രസികൻ മഴ, എന്താണ് എപ്പോഴും ഇല്ലാത്തത് എന്നു ഞാൻ കരുതും. പാടത്തു പണിക്കു വന്നിരുന്ന ചേച്ചിമാരോട് ചോദ്യങ്ങൾ ചോദിക്കുകയും കുഞ്ഞിനെ നിരാശപ്പെടുത്താതെ അവർ ഉത്തരം പറയുകയും ചെയ്തിരുന്ന കാലം.
“എങ്ങന്യാ മഴ പെയ്യണേ? “,
പാടവരമ്പിൽ കയറി നിന്നു ഞാൻ ചോദ്യമെറിഞ്ഞു.
“അതോ…ആകാശത്തിന് അപ്പടി ഓട്ടയല്ലേ കുട്ട്യേ , അതു ചോരണതാ…”
ആ ഉത്തരം തികച്ചും ന്യായമാണെന്ന് വിശ്വസിപ്പിച്ചത് ബാല്യത്തിന്റെ നിഷ്കളങ്കതയായിരിക്കാം. അത്രമേൽ എനിക്ക് ഇഷ്ടമായിരുന്ന മഴയെ കുറിച്ച് എന്തും കേൾക്കാൻ ഞാൻ കൊതിച്ചിരുന്നിരിക്കാം. ഇന്നും ഒട്ടും ചോർന്നുപോയിട്ടില്ല മഴയോടുള്ള എന്റെയിഷ്ടം.
മഴയോടൊപ്പം വിരുന്നു വന്ന രസങ്ങളും കൊതിപ്പിച്ചുകൊണ്ടിരുന്നു. വേനലിൽ വിളഞ്ഞ മാങ്ങ വലിയ മൺഭരണിയിൽ ഉപ്പുവെള്ളത്തിൽ കിടന്നു ഉപ്പും പുളിയും പരസ്പരം കൈമാറി, ഞങ്ങളെ കാത്തുക്കിടക്കുന്നുണ്ടാകും. ഭരണിയിൽ നിന്നും തോണ്ടിയെടുത്ത ഉപ്പുമാങ്ങ കടിച്ചു മുറിച്ചു തിന്നു മഴ കാണുമ്പോൾ ഉള്ള രസം പറഞ്ഞാൽ തീരില്ല.
അതിരാവിലെ തൊടിയിലെ ഇളം തണുപ്പിൽ, ഞാൻ തിരയുന്ന തണ്ണീർകുടം. രാത്രിയുടെ തണുപ്പിൽ ഉറഞ്ഞുപോയ മഴത്തുള്ളികൾ, പുൽ നാമ്പിൻ ആഗ്രത്തിൽ മുത്തുമണികളായി ചേർന്നിരിക്കും. കണ്ണിൽ ഇറ്റു വീഴും മുമ്പേ അടർന്നു വീണ മഴത്തുള്ളിയോട് പിണങ്ങി, പരിഭവിച്ചു തിരിഞ്ഞു നടന്ന ബാല്യം. വർണങ്ങൾ വാരി വിതറുന്ന മഴവില്ലു വിരിയിച്ചുക്കാട്ടി, പിണക്കം മുറിക്കുന്ന വർണമഴ.
പുതുവർഷത്തിലെ സ്കൂൾ യാത്രയിൽ കൂട്ടുവന്ന ആർത്തലച്ചുപെയ്യുന്ന മഴ. കാറ്റ് തട്ടിപ്പറിക്കുന്ന പുത്തൻ കുടയ്ക്കു പുറകെ ഓടി, എത്തിപ്പിടിക്കുമ്പോളേക്കും എന്നെ നനയിച്ചു കാറ്റിൽ ഒളിക്കുന്ന മഴ.
വഴിയിൽ കുത്തിയൊലിച്ചു പായുന്ന മഴ വെള്ളം നനച്ച നീലപ്പാവാടയുടെ കാലിൽ ഉരസ്സുന്ന തണുപ്പും നനഞ്ഞ മുടിപിന്നലിൽ നിന്നും ഇറ്റിറ്റു വീണ മഴത്തുള്ളികളും വർഷങ്ങൾക്കിപ്പുറവും സ്‌നിഗ്ദമായൊരു വികാരവായ്പാകുന്നു.
പകൽ മഴയും രാത്രി മഴയും ഇരട്ട സുന്ദരികൾ പോലെയാണെനിക്ക് .
പകൽ മഴ കണ്ണിനു വിരുന്നായി പെയ്തൊഴിയുന്നു. കാറ്റുലയ്ക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ ഒഴുകിയിറങ്ങി പരക്കുന്ന വെള്ളം കൂട്ടുചേർന്നു ആദ്യം അരുവിയും പിന്നെ പുഴയുമായി യാത്ര പോകുന്നു.
രാത്രിമഴ, സാത്വികഭാവം പൂണ്ടു, ഒരേ താളത്തിൽ, ഒരേ ഈണത്തിൽ, നിശയുടെ ഇരുണ്ട മേലാപ്പിൽ നിന്നും ഗന്ധർവഗാനമായി പെയ്തിറങ്ങുന്നു. ചീവിടുകളുടെ കാതു കുത്തി തുളക്കുന്ന കരച്ചിലും തവളകളുടെ പിറവിയുടെ കാത്തിരിപ്പിനായുള്ള പേക്രോം വിളികളും രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു ഒഴുകി പരക്കും.
ഈർപ്പം വലിച്ചു കുടിച്ചു ചീർത്ത മരജനാലപ്പാളികൾ, കാറ്റിന്റെ ഊക്കിൽ തുറന്നടയുന്ന സ്വരം താളമിട്ട ഗാനത്തിന് കാതോർത്തു മയങ്ങിയ എന്റെ കൗമാരം.
ഇടിമുഴക്കത്തിന്റെ ഉരുളുന്ന അലകൾക്കു മുന്നെത്തി, ആകാശത്തു മിന്നൽ പിണരുകൾ, വെളിച്ചമായ് ചാട്ടവാർ മിന്നിക്കുമ്പോൾ തോന്നിയ ഭയത്തിൽ പൊതിഞ്ഞ കൗതുകം. ഇടിമിന്നലിന്റെ ശക്തിയും സൗന്ദര്യവും അവകാശപ്പെടാൻ മറെറാന്നിനും ആവില്ലല്ലോ.
കാലവർഷവും തുലാവർഷവും പെയ്തു തീർത്ത മഴയോർമ്മകൾ!
മഴയുടെ സങ്കടഭാവം ഗ്രാമഭംഗിയോടൊപ്പം തന്നെ ചൂഴ്ന്നു നിന്ന കാലമുണ്ടായിരുന്നു. പാവപ്പെട്ടവരും കൂലിവേലക്കാരും പട്ടിണിയായി പോയിരുന്ന കള്ള കർക്കിടകം.
തോരാമഴയിൽ ചെറിയ ഓലക്കുടിലുകളിൽ അടുപ്പെരിയാൻ വകയില്ലാതെ പൊരിഞ്ഞ വയറുമായി ചുരുണ്ടിരുന്നവർ. അവർ മഴയുടെ സൗന്ദര്യം ആസ്വദിച്ചിരുന്നുവോ? അവർക്ക് എന്തായിരുന്നു മഴ? ചുറ്റും വലയം ചെയ്യുന്ന വെള്ളക്കെട്ടുകളിൽ നിന്നും അവർ കേട്ടിരുന്നത് വിശപ്പിന്റെ വിളി മാത്രമായിരിക്കണം.
കഴിക്കാൻ ഭക്ഷണമില്ലാത്തവർ, ഈറൻ ഉടുപ്പുകൾ മാററിയിടാൻ ഇല്ലാത്തവർ, ചൂടാൻ കുടയില്ലാത്തവർ അങ്ങനെ പലതും ഗ്രാമപ്രദേശങ്ങളിൽ മഴക്കാലത്ത് ക്ലാസ്സിലെ ഹാജർ കുറവിന്റെ കാരണങ്ങളായിരുന്നു. നമുക്ക് പരിചിതമല്ലാത്ത ജീവിതാനുഭവങ്ങൾ വെറും കഥകളായി തോന്നുന്നുവെങ്കിലും സത്യത്തിന്റെ മുഖം വികൃതമായിരുന്നു. അതു എന്നും അങ്ങനെ തന്നെ.
സമീപക്കാലത്തു പ്രളയമായി സംഹാരതാണ്ഡവമാടിയ മഴ, പ്രകൃതിസംരക്ഷണം മറന്നുപോകുന്ന നമുക്ക് നേരെ രൗദ്രഭാവം പുറത്തെടുത്തു. ഓരോ പ്രളയവും മനുഷ്യന്റെ വിനാശകാരമായ ആർത്തിയുടെ പരിണിത ഫലങ്ങളാണെന്ന് നമ്മെ ഇടയ്ക്കു ഓർമ്മപ്പെടുത്തുന്നു.
മഴവെള്ളം നിറഞ്ഞുവീർത്ത ഗർത്തങ്ങൾ ഉള്ളിലൊളിപ്പിച്ച കുന്നുകൾ, അവരുടെ അസ്ഥിവാരമിളക്കിയ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ട് അരുതെന്ന് കരഞ്ഞപ്പോഴും ആർത്തി പൂണ്ട മനുഷ്യർ ചെവികൊണ്ടില്ല. മഴവെള്ളത്തിന്റെ ഭാരം താങ്ങാനാവാതെ പൊട്ടിയടർന്ന കുന്നുകളും മലകളും ഉരുളെടുത്തത് അനേകം ജീവനും സ്വത്തിനും വൃക്ഷങ്ങളും ഭൂമുഖത്തിൽ നിന്നും തുടച്ചു മാറ്റിയായിരുന്നില്ലെ? ഉററവർ നഷ്ടപ്പെട്ടവരുടെയും പേന്നോമനമക്കളെ നഷ്ടപ്പെട്ടവരുടെയും സങ്കടക്കണ്ണീർ പെയ്തിറങ്ങുന്നതും നമ്മൾ കണ്ടു.
കടൽ അമ്മയും അന്നവുമാകുന്ന കടലിന്റെ മക്കൾ വറുതിയിലാകുന്നതും തീരങ്ങളിലെ ചെറു കൂരകൾ കടലെടുത്തു പോകുന്നതും എല്ലാ മഴക്കാലത്തും ആവർത്തിക്കപ്പെടുന്നത് വേദനയോടെ നോക്കി നിൽക്കാനെ സാധിക്കൂ. കൃത്യമായ ആസൂത്രണത്തോടെയുള്ള പദ്ധതികൾ സർക്കാർ തലത്തിൽ പ്രായോഗികമായാൽ മാത്രമെ ഇതിനൊരു ശ്വാശ്വതപരിഹാരം സാധ്യമാകുകയുള്ളൂ.
മഴയോളം കാല്പനികഭാവങ്ങൾ ഉൾക്കൊണ്ട മറ്റൊന്നുണ്ടോ? പ്രണയമണിത്തൂവൽ പൊഴിയുന്ന മഴയും കണ്ണീർ ചാലിട്ട കണ്ണീർ മഴയും കഥാപാത്രങ്ങളായ കല്പനകൾ മനസ്സിലെ തീവ്രലോലഭാവങ്ങൾ തൊട്ടുണർത്തുന്നു.
ഇന്ന്, ദൂരെ ദൂരെ കാനഡയിൽ, ഒരു തണുപ്പ് രാജ്യത്തു മഞ്ഞയും ചുവപ്പും നിറത്തിൽ, കൊഴിഞ്ഞു വീണ മേപ്പിൾ ഇലകളെ നനച്ചു, ശിശിരത്തിൽ, ഇരമ്പി ആർക്കാത്ത നേർത്ത തണുത്ത മഴ, പുൽമേടുകളെ നനച്ചു കാറ്റിനൊപ്പം പറന്നു പോകുന്നു. കുശലം ചോദിക്കാനും തിമർത്തു പെയ്യാനും നിൽക്കാതെ അടയാളം കാണിച്ചു കടന്നുപോകുന്ന മഴ.
മനസ്സിലാദ്യം, അത്രമേൽ എന്നെ മോഹിപ്പിച്ച കാഴ്ചകൾ നൽകിയ കനത്ത മഴയനുഭവം നഷ്ടപ്പെട്ട വിതുമ്പലായിരുന്നു. എങ്കിലും എന്നെ തഴുകി തലോടുന്ന നനവായ്, എന്നിൽ നിറയുന്ന കുളിരായ് മഴയോർമ്മകൾ, എന്നുള്ളിൽ കാറ്റിനൊപ്പം മഴത്തുള്ളികൾ പൊഴിക്കുന്നു. അവ മാത്രം മതിയെനിക്ക് !


16 Comments
വലിയ മഴത്തുള്ളികൾ ചേർന്ന് നല്ല അടുക്കിനും ചിട്ടക്കും നിന്ന് പെയ്ത പെരുമഴപോലെ നല്ല ഹൃദ്യമായ മഴ ഓർമ്മകൾ ❤️❤️❤️
പറമ്പിൻ്റെ മലയ്ക്ക് കൂട്ടിയ പൊട്ടിയ പാത്രങ്ങൾ പോലും വെളുപ്പിച്ചെടുക്കുന്ന തോരാ മഴ വായിച്ചപ്പോൾ കുട്ടിക്കാലത്തേക്ക് പോയി.
മുതിർന്ന ആളുകൾ ശ്രദ്ധിക്കാത്ത ഇത്തരം ചെറിയ കാര്യങ്ങൾ കുട്ടിമനസ്സുകളിൽ പതിഞ്ഞങ്ങ് കിടക്കും , ഒരിക്കലും മായാത്ത ചിത്രം പോലെ 👌👌❤️😍
Thank you Sybi.
🙏❤
അന്നും ഇന്നും ഒരുപാട് ഓർമ്മകൾ ഉണർത്തുന്നു മഴ. ഹൃദ്യമായ മഴയോർമ്മകൾ…… മനോഹരമായ എഴുത്ത്👍❤️
ഒത്തിരി സ്നേഹം, നന്ദി മിനി. വായനക്കും വാക്കുകൾക്കും.
🙏❤❤❤
മഴ ഓർമ്മകൾ നന്നായി എഴുതി ജോയ്സ്.
എനിക്ക് തോന്നുന്നു ഒട്ടുമിക്ക എല്ലാവരിലും ഈ ഓർമ്മകൾ ഉണ്ടാവും, അതിൽ ഭാവന ചേർത്ത് എഴുതുന്നതാണ് എഴുത്തുക്കാരീടെ വിജയം.
അതെ, മഴ നല്ല ഓർമ്മകൾ ആയിരുന്നു. അടുത്തയിടെ ചിലപ്പോൾ ഒന്നു പേടിപ്പിക്കുന്നു, എങ്കിലും മഴയുടെ ഭംഗി മഴക്ക് മാത്രം.
❤
മഴയുടെ പ്രണയിനി…. മഴ ഭാവനയുടെ ഒരു പൂന്തോട്ടം തന്നെ തീർക്കുന്നു എഴുത്തുകാരിയിൽ. വായനയുടെ ആദ്യഭാഗത്ത് തോന്നുന്ന പുളകം
എഴുത്ത് നീണ്ടു പോയപ്പോൾ അല്പം കുറഞ്ഞില്ലേ എന്നൊരു സംശയം ഉണ്ട് കേട്ടോ. എങ്കിലും ഭാവനാസമൃദ്ധമായ തൂലിക എന്നെ കൊതിപ്പിക്കുന്നു👌👌👌
Thank you Siilvy. മലനാടിനെ
ഇടയ്ക്കു പേടിപ്പിക്കുന്ന മഴയും എഴുത്തിന്റെ ഒടുക്കത്തിൽ കയറിവന്നു. എന്ത് തന്നെയായാലും മഴയോടുള്ള സ്നേഹത്തിന് ഒരു പണമിട കുറവില്ലാട്ടോ. ഈ വാക്കുകൾക്കു ഏറെ നന്ദി.
സ്നേഹം മാത്രം.❤
ഹൃദ്യം.. മനോഹരം ഈ മഴപ്പെയ്ത്ത്…! 👌മഴയോട് അത്ര മേൽ പ്രിയമാണെന്നും.. കുട്ടിക്കാല മഴക്കാല ഓർമ്മകളിലേക്ക് ഒന്നു തിരിഞ്ഞു നടന്നു പോയി ഞാൻ..
Thank you Sajina🙏
ഹൃദ്യമായ മഴയനുഭവങ്ങൾ ജോയ്സ്. പണ്ട് മഴയും കാറ്റും വെള്ളവുമെല്ലാം നമ്മുടെ കൂട്ടുകാരായിരുന്നു. ഇന്ന് ഇവയെല്ലാം ഭയപ്പാടോടെ നോക്കിക്കാണേണ്ടി വരുന്നു. കാലം തെറ്റിയ മഴ ചിലപ്പോഴെങ്കിലും ശത്രുവിനെപ്പോലെ പെരുമാറുന്നു
നല്ല വിവരണം.❤️👌🌹
Thank you, Suma.🙏❤
നല്ല എഴുത്ത് വായനക്കൊപ്പം കുട്ടിക്കാല ഓർമ്മകളിലേക്ക് ഞാനും ഒന്നു , പോയ് 🙏💯❤️👍👌
Thank you Suresh.
🙏
നല്ല കഥ
Thank you. വായനക്കും ഈ വാക്കുകൾക്കും നന്ദി.🙏