”എനിയ്ക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ല.. ഇപ്പോളെന്നല്ല, ഒരിയ്ക്കലും.. ഒരിയ്ക്കലും..”
ഇറ്റുവീഴുന്നത് മഴയാണോ കണ്ണീരാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വണ്ണം അവനെന്നെ നോക്കി പിന്തിരിയവേ, മഴത്തുള്ളികൾ വട്ടമിട്ടെന്റെ കാഴ്ച മറച്ചു. മങ്ങിയ കാഴ്ച്ചയിലൂടെ ഓർമ്മകൾ ചുരമിറങ്ങി വന്നു.
അതായിരുന്നല്ലോ തുടക്കം.
ചുരമിറക്കം.
മഴ.
അവൻ.
ഹോ എനിക്കെന്നെത്തന്നെ നോവിയ്ക്കാൻ തോന്നുന്നു. എങ്ങനെയാണ് ഒരേസമയം ഒരുവനെത്തന്നെ സ്നേഹിക്കാനും സ്നേഹിയ്ക്കാതെയിരിയ്ക്കാനും കഴിയുന്നതെന്ന് എന്റെ മനസിനോട് ഞാൻ യാചിച്ചു പോവുന്നു..
മഴത്തുള്ളികൾ ശക്തിയായി മുഖത്തേയ്ക്കടിയ്ക്കുന്നു.ഒൻപതാം വളവിൽ നിന്നും താഴേയ്ക്ക് നോക്കുമ്പോൾ ഒത്തിരി മിന്നാമിനുങ്ങുകൾ തെന്നി നീങ്ങി വരുമ്പോലെ..
”വാ മഴ ശക്തി കൂടി ” ആരോ എന്റെയരികിൽ. അവൻ തന്നെയാണ് അല്ലാതെ ആരാവാനാണ്? അവനല്ലാതെ മറ്റാർക്കാണ് ഇത്രമേൽ ആർദ്രമായി, ദയവോടെ എന്നോട് പെരുമാറാൻ കഴിയുക?
”ഞാൻ നിന്നോട് പറഞ്ഞതല്ലേ പൊയ്ക്കൊള്ളാൻ? ഞാൻ നിന്നോട് പറഞ്ഞതല്ലേ നിന്നെയെനിയ്ക്ക് പ്രണയിക്കാൻ കഴിയില്ലെന്ന്..?”
” വാ നിന്നെ ഞാൻ കോഴിക്കോട് എത്തിയ്ക്കാം.. ഇവിടെ നിന്നാൽ നിനക്ക് വണ്ടി കിട്ടില്ലല്ലോ.. “
ഇവന്റെ ഈ കരുണയാണെന്നെ വല്ലാതെ തോൽപിച്ചു കളയുന്നത്. അവനെല്ലായ്പ്പോഴും അങ്ങനെത്തന്നെയാണു താനും.
ചുരമിറങ്ങുമ്പോൾ അവനൊന്നും മിണ്ടിയില്ല. കരയുകയാണോ? ഇടയ്ക്ക് കണ്ണുകൾ തുടയ്ക്കുന്നുണ്ട്. അവനോടൊപ്പമുള്ള ഓർമ്മകൾ അവസാനിയ്ക്കുന്നത് അവന്റെ കണ്ണീരിലാണെന്നത് എനിയ്ക്ക് ഓർക്കാനേ സാധിയ്ക്കുന്നില്ല, പ്രത്യേകിച്ച് ഓർമകളുടെ തുടക്കം അവന്റെ പുഞ്ചിരിയിൽ ആവുമ്പോൾ…
അവനങ്ങു കയറി വരികയായിരുന്നല്ലോ, മഴയുള്ള ആ രാത്രിയിൽ..
ഒരു കറുത്ത റെയിൻകോട്ടുമണിഞ്ഞ്..
താനും തന്റെ ഏകാന്തതയും മാത്രം ഇരുന്ന ഒരു സീറ്റിലേയ്ക്ക് ‘എസ്ക്യൂസ് മീ ഞാനിവിടിരുന്നോട്ടെ ‘ എന്നും ചോദിച്ച് അന്ന് പേരോർമയില്ലാതിരുന്ന, ഇന്ന് തന്റെ ആദിയായ,ആദിത്യൻ എന്ന അവൻ ആ ബസ്സിൽ തന്റെ സീറ്റിലേയ്ക്ക് വന്നിരിയ്ക്കുകയായിരുന്നല്ലോ..!
’അതേയ് തനിയ്ക്ക് സൈഡ് സീറ്റിഷ്ടമില്ലെന്ന് തോന്നുന്നു ‘ അവനെ തുറിച്ചു നോക്കുമ്പോൾ
’ അയ്യോ അതല്ല, ആ ഗ്ലാസ്സ് മുഴുവൻ ക്ലോസ് ചെയ്തിരിക്കുന്നത് കണ്ട് ചോദിച്ചതാ.. ഒരിത്തിരി ഒന്ന് നീക്കിയിട്ടൂടെ.. ഒന്ന് കാറ്റും വെളിച്ചവും കിട്ടിയ്ക്കോട്ടെ.. ‘
കാറ്റും വെളിച്ചവും..
ഒന്നാമത് രാത്രി, രണ്ടാമത് മഴ.
പിന്നേ എനിയ്ക്ക് ഭ്രാന്തൊന്നുമില്ല. ഞാൻ പുറത്തേയ്ക്ക് കണ്ണോടിച്ചു കൊണ്ടിരുന്നു.
അവൻ വിടുന്ന ലക്ഷണമില്ല.
’വേറെ സീറ്റൊന്നുമില്ല, എനിയ്ക്കാണേൽ ഈ ചുരം എന്തോ ഒരു ക്രെയ്സ് ആണ്, ഇതാ ഈ ഹെഡ്സെറ്റ് വച്ച് പാട്ടും കേട്ട് പുറത്തെ മഴയും കൊണ്ട് ചുരമിറങ്ങുന്ന ആ ഫീൽ ഉണ്ടല്ലോ.. ഹോ.. പ്ലീസ് എനിയ്ക്കാ സൈഡ് സീറ്റ് തരാമോ..’
അപ്പോഴേക്കും ബസ് ചുരമിറങ്ങാനുള്ള തത്രപ്പാടിലായിരുന്നു.
നാശം പിടിയ്ക്കാൻ, ഒന്നും മിണ്ടാതെയിരുന്നിട്ട് പോലും വെറുതെ വിടുന്ന ലക്ഷണമില്ലല്ലോ.
എന്തായാലും ഞാൻ മാറിയിരിയ്ക്കാനൊന്നും പോണില്ല.
മനസ്സിലുറപ്പിച്ചു അവനെ ശ്രദ്ധിയ്ക്കാതെയിരുന്നു.പക്ഷേ അവനെ ശ്രദ്ധിയ്ക്കേണ്ട എന്തൊക്കെയോ അവനിൽ ഉണ്ടായിരുന്നു..
എനിയ്ക്കെറിങ്ങേണ്ട സ്റ്റോപ്പിൽ അവനും ഇറങ്ങിയതും കാത്ത് നിന്ന അവന്റെ സുഹൃത്ത് ബൈക്കിൽ അവനേയും കൊണ്ട് മടങ്ങിയതും നുണക്കുഴി കാണിച്ചു കൈവീശി ചിരിച്ചു കൊണ്ട് അവൻ അകന്നു പോവുന്നതും താൻ മഴയുടെ ഹോസ്റ്റലിലേയ്ക്ക് അവളെ കൂട്ടാനായി പോയതുമെല്ലാം,എല്ലാം രണ്ടുവർഷം മുൻപത്തെ കാഴ്ചകൾ ഇന്നലെയെന്നോണം കണ്മുന്നിൽ മിന്നിമായുന്നു.
പിന്നെയും തങ്ങളൊരുമിച്ച് എത്ര ചുരമിറക്കവും കയറ്റവും..
എത്ര പെട്ടെന്നാണ് യാതൊരു സൗഹൃദവുമില്ലാതിരുന്ന തന്റെ പ്രയോരിറ്റി ലിസ്റ്റിൽ മുന്നിൽത്തന്നെ അവൻ സ്ഥാനം പിടിച്ചത്.
അവൻ അവന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ എന്നോട് പങ്കുവെക്കും, അവന് സിനിമയിൽ പിന്നണിഗായകനാവണം, അതാണവന്റെയേക ലക്ഷ്യം.
അവന്റെ മധുരസ്വരത്തിൽ പാട്ട് കേൾക്കുമ്പോൾ സങ്കടങ്ങളെല്ലാം ദൂരെ മാറി നിൽക്കുമായിരുന്നു.
മുറിവേൽപ്പിച്ച ഭൂതത്തെയായിരുന്നല്ലോ ഞാൻ അവന്റെ മുന്നിൽ തുറന്നു വച്ചത്.
തിരികേ വിധിപ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവനങ്ങനെ കേട്ടിരുന്നു. ആയിടക്ക് യൂട്യൂബിലൂടെ റിലീസ് ചെയ്ത പഴയൊരു പാട്ടിന്റെ അവൻ പാടിയ കവർ വേർഷൻ വൈറൽ ആയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങളന്ന്.
’എടോ മഴയ്ക്കറിയില്ലേ അവളുടെ കഥ ഇതാണെന്ന്..’
അറിയാം..
അവളുടെ ‘അമ്മ’യ്ക്ക് തന്റെ പതിനാലാം വയസ്സിൽ ഉണ്ടായ ക്രൂരമായ പീഡനത്തിൽ പിറന്നതാണ് താനെന്ന് അവൾക്കറിയാം ആദീ, അതുപക്ഷെ ഞാൻ പറഞ്ഞതല്ല അവളുടെ പന്ത്രണ്ടാം വയസ്സിൽ അതറിഞ്ഞതിനു ശേഷം അവളെന്നോട് മിണ്ടിയിട്ടില്ല ആദീ ..
ചിലപ്പോഴൊക്കെ എന്നെയവൾ നോവിയ്ക്കും വണ്ണം നോക്കിദഹിപ്പിച്ചു കളയും, ഒരിയ്ക്കൽ മാത്രം ചോദിച്ചു അമ്മയ്ക്കെന്നെ കൊന്നു കളയാമായിരുന്നില്ലേ…
ഏത് പതിനാലു വയസിൽ ഗർഭവും , പ്രസവവും എന്തെന്ന് പോയിട്ട് ജീവിതം എന്തെന്ന് പോലും അറിയാതിരുന്ന എന്നോടാണ്..
അവൻ എന്നെ അലിവോടെ നോക്കി.
’ഞാൻ ചോദിയ്ക്കുന്നത് തെറ്റാവും, എന്നാലും അന്നെന്തേ ആരും അത് നോക്കിയില്ല..’
ഞങ്ങൾക്ക് മുന്നിൽ മഴ വലിയ ചാലുകളുണ്ടാക്കി.
’ അച്ഛന്റെ അടുത്ത ബന്ധുവിനെ സംരക്ഷിയ്ക്കാനായിരുന്നു, ജീവച്ഛവമായിക്കിടക്കുന്ന എന്നേ നോക്കുന്നതിനേക്കാൾ അവർക്ക് പ്രാധാന്യം..’ ഞാനുറക്കെ കരഞ്ഞു പോയി, അവന്റെ മുന്നിലല്ലേ.. അവനല്ലേ.. എന്റെ വേദനകളല്ലേ.. അവൻ ഒന്നുകൂടി എന്റെയരികിലേയ്ക്ക് നീങ്ങിയിരുന്നു .
’ഗർഭമുണ്ടെന്നൊക്കെ അറിയുമ്പോഴേക്കും ഒത്തിരി വൈകിപ്പോയി.. അങ്ങനെയാ നാട് വിട്ട് വയനാട്ടിലേക്ക് ചേക്കേറിയേ.. അപ്പോഴും അവർക്കയാളെ രക്ഷിക്കണമായിരുന്നു, കുടുംബത്തിന്റെ മാനം കാക്കണമായിരുന്നു.. എനിയ്ക്ക് വേദനിച്ചതൊന്നും ആരും കണ്ടില്ല, ആരും അറിഞ്ഞതുമില്ല. ഒൻപതു മാസം കഴിഞ്ഞാൽ കുഞ്ഞ് പുറത്ത് വരുമെന്ന പ്രകൃതിനിയമമുള്ളത് കൊണ്ട് മാത്രം, എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി വയറ് കീറിമുറിച്ച് അവളെയെടുത്തു. ചുട്ടുപൊള്ളുന്ന മെയ് മാസം ആയിരുന്നത് എന്നിട്ട് പോലും അന്ന് മഴ പെയ്തു. ആ ഹോസ്പിറ്റലിലെ നേഴ്സ്മാരാ അവൾക്ക് മഴയെന്ന് പേരിട്ടേ. എനിയ്ക്കിരുപതും അവൾക്ക് അഞ്ചും വയസായപ്പോൾ ഞാൻ തന്നെയാ കന്യസ്ത്രീകൾ നടത്തുന്ന ആ ഹോസ്റ്റലിൽ ചേർത്തിയെ.. എന്തൊക്കെയായാലും അവളും ഒരു പെൺകുട്ടിയല്ലേ.. എന്റെ കണ്ണു തെറ്റിയാൽപ്പോലും അവൾക്ക് വേദനിയ്ക്കരുത്, മറ്റൊരു വസുധയും ഇനിവേണ്ട..’
മഴയും ഞാനും തമ്മിൽ ആര് കൂടുതൽ ശക്തയെന്ന് മത്സരിയ്ക്കുമ്പോൾ അവനെന്റെയരികിൽ വന്നു പതിയേ മൂർദ്ധാവിൽ തലോടി, പിന്നെ പതിയേ എന്നെ കെട്ടിപ്പിടിച്ചു. എന്റെ ശരീരത്തിന്റെ താപം വർദ്ധിച്ചു വന്നു. ചൂട് സഹിയ്ക്കാൻ കഴിയാതെ അവൻ വിട്ട് കളഞ്ഞു. എന്റെ ശരീരമാകെ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു, ആ പേമാരിയ്ക്കിടയിലും.
അവനൊന്നും മനസിലാവാതെ നിസ്സഹായനായി നോക്കിക്കൊണ്ടിരിയ്ക്കുന്നു.
പാവം.
’നമുക്ക് ഹോസ്പിറ്റലിൽ പോവാം..’
’വേണ്ട ആദീ ഏതൊരാണ് എന്റെ ശരീരത്തിൽ തൊട്ടാലും ഇങ്ങനെ ചുട്ടുപൊള്ളും, കണ്ടോ ശരീരമാകെ ഇതുപോലെ ചൊറിഞ്ഞു വീർക്കും. ‘
ഞാൻ അവന് നേരെ ചൊറിഞ്ഞു വീർത്ത എന്റെ കൈ നീട്ടിക്കാണിച്ചു.
ഭൂതകാലം മനസ്സിനേൽപ്പിച്ച മുറിവുകൾ.
അവൻ സങ്കടം സഹിയ്ക്കാൻ കഴിയാതെ ഉറക്കെക്കരഞ്ഞു കൊണ്ടിരുന്നു.
ഭാഗ്യം ഞങ്ങൾ അവന്റെ കാറിനകത്താണ്. പുറമേ കൊടും മഴയും.
അവൻ ഡോർ വലിച്ചു തുറന്ന് പുറത്തേക്കിറങ്ങി.
അവനും മഴയും അവന്റെ കണ്ണിലെ പേമാരിയും.
ഒൻപതാം വളവിൽ വണ്ടികൾ തലങ്ങും വിലങ്ങും പായുന്നുണ്ടായിരു.
മഴയായതിനാൽ പലരും വണ്ടിയിൽ നിന്ന് പുറത്തിറങ്ങാതെയാണ് ചുരത്തിന്റെ ഭംഗി ആസ്വദിയ്ക്കുന്നത്.
അവനെന്നെ വീണ്ടും വീണ്ടും സ്നേഹത്തിന്റെ കമ്പിളിപുതപ്പിച്ചു കുളിരകറ്റാനുള്ള തത്രപ്പാടിൽ ആയിരുന്നു.
’ഒരു സുഹൃത്ത് മാത്രമായിരുന്നിട്ടുമെന്തേ..?’
ഞാനവനെത്തന്നെ നോക്കി. അവനപ്പോൾ ഒരു പാട്ട് മൂളുകയായിരുന്നു.
’പ്രണയിയ്ക്കുകയായിരുന്നൂ നാം
ഓരോരോ ജന്മങ്ങളിൽ…
പ്രണയിയ്ക്കുകയാണിനിയും നാം
ഇനിയും പിറക്കാത്ത ജന്മങ്ങളിൽ..’
അവന്റെ ഹിറ്റായ കവർസോങ്ങും അതായിരുന്നു.
വീണ്ടും വീണ്ടും അവനെന്റെയുണങ്ങാത്ത മുറിവുകളിൽ മരുന്ന് പുരട്ടി. അവന്റെ ഭാവിയെക്കാൾ അവനെനിയ്ക്ക് പ്രാധാന്യം തരുന്നോയെന്ന് പോലും എനിക്ക് ഭയം തോന്നി.
അവനെന്നെ പ്രണയിയ്ക്കുന്നെന്നറിഞ്ഞിട്ട് പോലും ഞാനറിയാത്തതായി നടിച്ചു.
കാരണം എനിയ്ക്കവനെ പ്രണയിയ്ക്കാനും ജീവിതത്തിലേക്ക് കൂടെ കൂട്ടാനും കഴിയില്ലായിരുന്നു.
ഈ കൊല്ലത്തെ വെക്കേഷനും ഞാനങ്ങോട്ടു ചെല്ലണ്ടായെന്ന് മഴ വിളിച്ചു പറഞ്ഞതാണ്. എങ്കിലും അവളുടെ പിറന്നാൾ ദിവസമെങ്കിലും കൂടെക്കൂട്ടാതെയെങ്ങനെയാണെന്ന് കരുതിയാണ് കോഴിക്കോട്ടേക്ക് ബസ് കയറാനൊരുങ്ങിയത് .ഇനി മുതൽ അവളെയും ഒപ്പം കൂട്ടണം. തീരെച്ചെറുതാണെങ്കിലും എന്റെ ചോര നീരാക്കിയെടുത്ത ഒരു വീടെങ്കിലുമുണ്ടല്ലോയിപ്പോൾ.
അവൾ ജനിച്ചദിവസത്തേത് പോലെത്തന്നെ മഴയിന്നും പെയ്യാനുള്ള ലക്ഷണമുണ്ടല്ലോയെന്നു കരുതിയാണ് നടന്നതും.
നടന്നു നീങ്ങിയതും അവന്റെ കാർ തൊട്ട് മുന്നിൽ കാത്തു നിന്നത് പോലെ.
വണ്ടി ഞങ്ങളെയും കൊണ്ട് നീങ്ങിയതും അവൻ ചിരിച്ചു. ‘ മഴേടെ പിറന്നാൾ അല്ലേ നാളെ.. വിളിയ്ക്കാൻ പോവാൻ കൂടെപോരാമെന്ന് വച്ചു. മാത്രമല്ല മഴാ മഴാന്നു കേൾക്കുകയല്ലാതെ കുഞ്ഞിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ലല്ലോ..’
ഒൻപതാം വളവെത്തിയപ്പോൾ അവൻ വണ്ടിയൊന്നു അരികൊതുക്കി നിർത്തി.
അപ്പോഴേക്കും മഴ ആർത്തുപെയ്യാനും തുടങ്ങി.
അവനെന്തോ പറയാനുള്ളത് പോലെ..
ഞാൻ ഭയന്ന ദിവസം ഇന്നായിരിയ്ക്കുമോ..
’വസൂ നീയും മഴയും ഞാനും ഒരുമിച്ച് ജീവിച്ചാൽ എന്ത് രസമായിരിയ്ക്കും അല്ലേ..’
ഞാൻ ശക്തിയായി ഡോർ തുറന്നു പുറത്തിറങ്ങി. ഇനിയൊരു പുരുഷനെപ്പോലും ഉൾക്കൊള്ളാൻ കഴിയാത്ത വണ്ണം ശരീരം പോലും ഒരുങ്ങിയിരിയ്ക്കുന്ന ഒരുവൾ..
അവളോടാണവൻ..
അതും ഏതൊരാണിനെയും സംശയത്തിന്റെ കണ്ണാലെ മാത്രം നോക്കുന്നൊരുവൾ..
ഇനിയും വസുധയുണ്ടാവരുത്.
മഴ മഴയായി തുടരണം .
അവളെ കൂടെ കൂട്ടാനാണല്ലോ ഈ യാത്ര പോലും..
ഇതാ ഇവിടെ എല്ലാം അവസാനിയ്ക്കുകയായല്ലോ…
’നിന്നെയെനിയ്ക്ക് പ്രണയിയ്ക്കാൻ കഴിയില്ല..’
’എന്തിനാണിത് വീണ്ടും വീണ്ടും ആവർത്തിയ്ക്കുന്നത്.. എനിയ്ക്കും വേദനിയ്ക്കുന്നുണ്ട് വസു..’
കാറിൽ സുജാതയുടെ മധുരസ്വരത്തിൽ ‘പ്രണയിയ്ക്കുകയായിരുന്നൂ നാം..’എന്ന് പാടിക്കൊണ്ടേയിരുന്നു .
ഹോസ്റ്റലിനു മുന്നിൽ അവൻ വണ്ടി നിർത്തി.
ഞാൻ വീണ്ടുമവന്റെ കണ്ണിൽ നോക്കി, ഡോർ തുറന്ന് പുറത്തിറങ്ങി.
’തിരികേ മടങ്ങുമ്പോൾ വിളിയ്ക്കണം. ഞാൻ കാത്തു നിൽക്കാം..’
’വേണമെന്നില്ല എനിയ്ക്ക് നിന്നെ പ്രണയിയ്ക്കാൻ കഴിയില്ല ‘
അവൻ കണ്ണിൽ നിറഞ്ഞ വേദനയാൽ എന്നെ നോക്കി.
’പ്രണയിയ്ക്കാതിരിയ്ക്കാനും..’
മഴ തീർത്ത മറയിൽ അവനും വണ്ടിയും അകലേയ്ക്ക് ആയാസത്തോടെ നീങ്ങുന്നതും നോക്കി മഴനനഞ്ഞു ഞാൻ നിന്നു.


5 Comments
ഹൃദയം തൊടുന്ന കഥ👍❤️
നല്ല കഥ. നല്ല ഒഴുക്കിൽ വായിച്ചു പോയി. പ്രണയിക്കാതിരിക്കാനും… എന്ന വരിയിൽ പ്രതീക്ഷ വെയ്ക്കാം അല്ലേ ?
നല്ല കഥ💕💕
നല്ല കഥ, പ്രണയം പോലും ഉൾകൊള്ളാൻ പറ്റാത്ത വിധം മനുഷ്യരെ തകർക്കുന്ന abusers!
നല്ല കഥ 👍