ആന കലക്കിയ കുളത്തിലെ കലക്കവെള്ളം കണ്ട് രാമപുരത്ത് വാര്യർ “കരി കലക്കിയ കുളം” എന്ന് വർണ്ണിച്ചപ്പോൾ “അല്ലല്ല… കളഭം കലക്കിയ കുളം”എന്ന് വിശേഷിപ്പിച്ചു കുഞ്ചൻ നമ്പ്യാർ. പറയുന്നത് ഒരേ കാര്യത്തെക്കുറിച്ചാണെങ്കിലും അവനവൻ്റെ ഭാവനയ്ക്കനുസരിച്ച് ആ കാര്യത്തെ വർണ്ണിക്കാം. അതുപോലെ, മഴയുടെ ഭാവനാതലങ്ങളും, അനുഭവങ്ങളും പലരിലും പലതാണ്. മഴ എന്ന പ്രതിഭാസം ഓരോരുത്തരിലും പെയ്തിറങ്ങുന്നത് ഓരോ തരത്തിലാണ്. സന്തോഷത്തേയും സങ്കടത്തേയും വിരഹത്തേയും പ്രണയത്തേയും ഭയത്തേയും ഒക്കെ ഇരട്ടിയാക്കാനുള്ള കഴിവുണ്ട് മഴയ്ക്ക്!
അദ്ധ്യയന വർഷാരംഭ ഓർമ്മകൾക്കെപ്പോഴും മഴയുടെ നനവും, കുളിരുമാണ്. ജൂൺ മഴയുടെ ഒരു നൊസ്റ്റാൾജിയ….! ഇന്നും പുതുമണ്ണിൻ്റെ മണമുള്ള ഓർമ്മകൾ. ബാല്യത്തിന് മഴ ഉറ്റസുഹൃത്തായിരുന്നതിനാൽ ആവാം ഇന്നലേകളിലെ മഴക്കേറേ ചാരുത..! പ്രകൃതിയുടെ കനിവായ മഴ..! വികൃതിയായ മഴയുടെ തോളുരുമ്മി കുസൃതി കാട്ടി നടന്ന ബാല്യം.. നനയാനായി കുടപിടിക്കുക എന്നതായിരുന്നു നയം… മഴയുടെ ലാവണ്യവും, ശക്തിയും കൂടുംതോറും കുടപിടുത്തത്തിൻ്റെ ചരിവും കൂടും..
വിദ്യാലയം വിട്ട് നനഞ്ഞു കുതിർന്ന് വീട്ടിലെത്തുന്ന എന്നെ, തന്നിലേക്ക് വലിച്ചടുപ്പിച്ച് നിർത്തി പനി വരുമെന്ന് ചെറുതായി ശാസിച്ച് കണ്ണുരുട്ടി ചേലത്തുമ്പ് കൊണ്ട് വാത്സല്യത്തോടെ തല അമർത്തിത്തുടച്ച് തരുന്ന അമ്മയോട് കാറ്റിനെ പഴി പറയും. കാറ്റത്ത് കുട പറന്നു പോയി, ചരിഞ്ഞു പോയി, ചുരുങ്ങിപ്പോയി.
“ഇത്രക്ക് കാറ്റുണ്ടായിരുന്നോ നീ മാത്രമിങ്ങനെ നനഞ്ഞ് കുളിക്കാൻ…?”
എന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരമില്ലാതാവുമ്പോൾ, അമ്മയുടെ കവിളിൽ എൻ്റെ നനവാർന്ന മുഖം അമർത്തി ഒരുമ്മ കൊടുക്കും.. ഈറൻ ഉടുപ്പോടെ അമ്മയെ ഇറുക്കി കെട്ടിപ്പിടിക്കവേ തെല്ല് അലോസരം കലർത്തിയുള്ള അമ്മയുടെ ആജ്ഞ..
“എന്നെ നനയ്ക്കാതെ പോയി ഉടുപ്പുമാറി കുളിക്ക് പെണ്ണേ…”
അത് അമ്മയുടെ ഒരു അടവാണ്… തക്കം പാർത്ത് ഞാൻ പിന്നേയും മഴയത്തേയ്ക്കിറങ്ങിയോടും എന്ന് അമ്മയ്ക്ക് നന്നായറിയാം. അത്രക്കിഷ്ടമാണെനിക്ക് മഴ.
അന്നും…ഇന്നും..എന്നും.
കുളി കഴിഞ്ഞ് വസ്ത്രം മാറിയ ശേഷം മഴയത്തിറങ്ങിയാൽ അമ്മയുടെ കൈയ്യിൻ്റെ ചൂടറിയും..
സ്കൂളിലേക്ക് പോകുമ്പോൾ മഴ പെയ്താലും നനയാതെ നല്ല കുട്ടികളായി പോവും. അവിടെയെത്തി ക്ലാസ്സിൽ മുഴുവൻ ദിവസവും നനഞ്ഞാെട്ടി ചടഞ്ഞിരിയ്ക്കാൻ വലിയ സുഖമൊന്നുമില്ലാത്തത് കൊണ്ട് കഴിയുന്നതും മഴ നനയാതെ ശ്രദ്ധിക്കും. വൈകീട്ട് സ്കൂൾ വിട്ടാൽ ആണ് രസം. വീട്ടിലെത്തും വരെ ഗംഭീര മഴ പെയ്യണേയെന്നാണ് പ്രാർത്ഥന.
ഉച്ചതിരിഞ്ഞ് നാല് മണിയോടടുത്ത് മാനം ഇരുണ്ടാൽ പ്രകാശമാനമാകുന്നത് എൻ്റെ മുഖമാണ്. ആ സമയം ക്ലാസ്സിലിരുന്ന് സ്കൂൾ വിടുന്ന കൂട്ടമണിയ്ക്കായി കാതോർത്ത് അക്ഷമയോടെ ഇരിക്കും.. മഴയ്ക്ക് മുന്നോടിയായി മാനത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടവേ, വയറിനുള്ളിലും ഒരു ഉരുണ്ടു കയറ്റമുണ്ടെപ്പോഴും.
സന്തോഷം ഉരുണ്ട് കയറി നെഞ്ചകത്ത് പെയ്ത് നിറയുകയായി…
വിശാലമായ വിദ്യാലയ മുറ്റത്ത് വിരിച്ചിട്ട ചരലിലൂടെ, മിന്നിയാടുന്ന വെള്ളി ചരടുകൾ ചരിഞ്ഞ് നീങ്ങിപ്പോകും പോലെ ആർത്ത് പെയ്യുന്ന മഴ.. ആർത്തിരമ്പിക്കൊണ്ട് മഴ കുറുമ്പുക്കാട്ടുന്നൊരു കുട്ടിയെ പോലെ വിദ്യാലയ മുറ്റത്തേക്ക് ഓടി കയറി വരുമ്പോൾ, കുട്ടികൾ അവനവൻ്റെ ക്ലാസ്സ് മുറികളിൽ നിന്നും, ഇരമ്പലോടെ വരുന്ന മഴയുടെ കുറുമ്പോടെ വിദ്യാലയ മുറ്റത്തേക്ക് ചാടിയിറങ്ങി നനഞ്ഞും, ചിലർ നനയാതെയും വീട്ടിലേക്കുള്ള ഓട്ടം…
ഒരേ സ്വഭാവ വിശേഷമുള്ള രണ്ട് കൂട്ടുകാരേപ്പോലെ സ്കൂൾ മുറ്റത്ത് അവർ ഒന്നാവുന്ന മനോഹരക്കാഴ്ച! വിദ്യാലയം വിട്ട് വീട്ടിലേക്കുള്ള കുട്ടികളുടെ പാച്ചിലും, വിണ്ണിൽ നിന്നും മണ്ണിലേക്കുള്ള മഴയുടെ പാച്ചിലും. എന്തിനാണ് ഈ രണ്ട് കൂട്ടർക്കും ഇത്ര ധൃതി എന്ന് ചിന്തിക്കാറുണ്ട് ഞാൻ.
ഇന്നാലോചിക്കുമ്പോൾ “ആ സ്കൂൾ കുട്ടിയിൽ നിന്ന് വളർന്ന് വലുതായതെന്തിന് നീ?” എന്ന് മനസ്സെന്നോട് ചോദിക്കുന്നു. നഷ്ടബോധം മനസ്സിൽ തളം കെട്ടി നിൽക്കുന്നു, വലുതാകേണ്ടായിരുന്നു….
നിറയെ പാലൊഴിച്ചുണ്ടാക്കിയ ചായപോലെ, റോഡിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം. സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ അമ്മ നാലു മണി പലഹാരത്തോടൊപ്പം ഉണ്ടാക്കി തരാറുള്ള പാൽച്ചായയെ അനുസ്മരിപ്പിക്കും ഇന്നും…
കെട്ടിക്കിടക്കുന്ന ആ മഴവെള്ളത്തിൽ,സ്കൂൾ വിട്ട് മുന്നിൽ നടന്ന് പോകുന്ന ആൺപിള്ളേരുടെ വികൃതി..ദൂരേ നിന്ന് ഓടിയെത്തി ആ വെള്ളത്തിലേക്ക് എടുത്തു ചാടി തെറിപ്പിക്കുന്ന ആ വെള്ളത്തിൽ ഒറ്റക്കാലുകൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കും. നാടൻ ഭാഷയിൽ അതിനെ വെള്ളത്തിൽ വെട്ടടിക്കുക എന്ന് പറയും.. അത് അനുകരിക്കാൻ ഉള്ള എൻ്റെ ശ്രമത്തിൻ്റെ ദയനീയ പരാജയം വിദഗ്ദമായി മറയ്ക്കുവാനായി അതിലേക്ക് എടുത്ത് ചാടി അരിശം തീർക്കും.. കൂട്ടുകാരിൽ ആരെയെങ്കിലും ആ പ്രവൃത്തികൊണ്ട് ഒന്ന് നനയ്ക്കാനായാൽ ചാരിതാർത്ഥ്യം…
സ്കൂളിൽ പലപ്പോഴും കാൽക്കൊല്ല പരീക്ഷയ്ക്ക് വിഘ്നം സൃഷ്ടിക്കാൻ എത്താറുള്ള മഴയും, വെള്ളക്കെട്ടും നൽകാറുള്ള സന്തോഷം തെല്ലൊന്നുമല്ല. രാത്രി പഠിക്കാനിരിക്കുമ്പോൾ വരുന്ന മഴയും കാറ്റും ചേർന്ന് കറൻറിനെ തട്ടിക്കൊണ്ടു പോകുമ്പോൾ ഇരുട്ടിൽ ഇരുന്ന് മഴയോട് മനസ്സിൽ നന്ദി പറഞ്ഞ് ഊറിച്ചിരിക്കും. മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിൽ പഠിക്കാനാവില്ല എന്ന മുടന്തൻന്യായവും പറഞ്ഞ് മഴക്കുളിരിൽ തല വഴി മൂടിപ്പുതച്ച് നേരത്തേ കിടന്നുറങ്ങാമല്ലോ? പുറത്തു മഴ തകർത്ത് പെയ്യുമ്പോൾ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിക്കിടന്നുറങ്ങാൻ എന്താ രസം..!
ബാല്യം കൗമാരത്തിന് വഴിമാറിയപ്പോൾ മഴയോടുള്ള പ്രണയത്തിനും കൗമാര പ്രായം.. കോളേജിലേയ്ക്ക് പോവുകയും, വരികയും ചെയ്യുന്ന ഇടവഴികൾ. വീതി കുറഞ്ഞ ആ മൺപാതയ്ക്കിരുവശവും നിൽക്കുന്ന മരങ്ങളിലെ, കൈകോർത്ത് നിൽക്കുന്ന കൈയ്യെത്തും ദൂരത്തെ മരച്ചില്ലകൾ നമുക്കായി സൂക്ഷിച്ച സ്ഫടികം തോൽക്കും മഴത്തുള്ളികൾ. മഴക്കാലം തഴച്ചുവളർത്തിയ മരചില്ലകളെ, കൗമാരത്തിൻ്റെ കുസൃതി കൈകൾ ചാടിയെത്തിപ്പിടിച്ച് വലിച്ച് വിടുമ്പോൾ ഉതിരുന്ന കുളിരാർന്ന ആ വെള്ളത്തുള്ളികൾ കൂട്ടുകാരെ അടിമുടി നനയ്ക്കും..
മരച്ചില്ലകളിൽ പലതിലും കൂട്ടത്തിലെ മറ്റുള്ളവരേക്കാൾ ഉയരക്കൂടുതലുള്ള എനിക്കും, എൻ്റെ ആത്മ സുഹൃത്തിനും ആണ് ആധിപത്യം. ചില്ലകളിലെ തണുത്ത മഴമുത്തുകൾ ഉതിർത്ത് മറ്റുള്ളവരെക്കൂടി നനയ്ക്കവേ, തണുക്കുന്നതിന് പകരം അവർ ചൂടാകുന്ന അത്ഭുത പ്രതിഭാസം…! ചൂടായ ദോശത്തട്ടിലേക്ക് ജലകണങ്ങൾ തെറിച്ച് വീണത് പോലെയുള്ള ശബ്ദവും, ആവിയും.. ആ നാലുമണി നേരത്ത്, ചൂടുള്ള നാലുമണി പലഹാരം പോലെ അവരിൽ നിന്നും ഉച്ചത്തിൽ ഉയരുന്ന ചീത്തവിളി മുഴുവനാകും മുന്നേ, ഞങ്ങൾ രണ്ടു പേരും അവരിൽ നിന്നും ഓടിയകലും.. അല്ലെങ്കിൽ അവർ പകരം വീട്ടാനായി, തൊട്ടടുത്ത താഴ്ന്ന ചില്ലകളിലെ മഴത്തുള്ളികളാൽ ഞങ്ങളെ അഭിഷേകം ചെയ്യും..
അങ്ങിനെ ഒരു നാൾ ചില്ലകൾ കുലുക്കി ഞങ്ങൾ നനച്ച ഞങ്ങളുടെ കൂട്ടത്തിലെ മറ്റൊരു കൂട്ടുകാരിയുടെ പാവാടയിൽ എവിടേയോ കട്ടപിടിച്ച് കിടന്നിരുന്ന സോപ്പുപൊടിയുടെ പത ഇളകാൻ തുടങ്ങി. പത ചെരുപ്പിലേക്ക് ഊർന്നിറങ്ങി നടക്കാനാവാതെ അവൾ ചെരുപ്പ് ഊരിപ്പിടിച്ചു. ചെരുപ്പാണല്ലോ ഊരിപ്പിടിച്ചിരിക്കുന്നത്? അതൊരു പ്രശ്നമാണ്..പന്തികേട് മണത്തറിഞ്ഞ ഞങ്ങൾ അന്ന് ഓടിയ ആ വഴിയിൽ മഴക്കാലങ്ങൾ പലത് കഴിഞ്ഞിട്ടും ഇന്നും പുല്ല് മുളച്ചിട്ടുണ്ടാവില്ല…!
മുറ്റത്തെ ചെടികളിലെ ഇലകളിലും, പൂക്കളിലും മഴ ഒളിച്ചുവച്ച വെൺമണികൾ പോലുള്ള മഴത്തുള്ളികൾ. പരിമളം പേറുന്ന പനിനീർ പൂക്കൾക്കുള്ളിലെ ജലകണങ്ങളുടെ കനത്താൽ, നമ്ര മുഖികളായി ആ പൂക്കൾ നിൽക്കുന്ന കാഴ്ച.മഴയ്ക്ക് ശേഷം ഉദിക്കുന്ന പൊൻവെയിൽ പൂവിതളുകളിലെ മഴത്തുള്ളികളിൽ തൊടുമ്പോൾ വജ്രശോഭ പരത്തിക്കൊണ്ട് നിൽക്കുന്ന ആ പനിനീർ പുഷ്പത്തെ എത്ര ആസ്വദിച്ചാലാണ് മതി വരിക?
കാറ്റാടി മരത്തിൻ്റെ നൂലുപോലെ നേർത്ത് നീണ്ട ഇലത്തുമ്പിൽ മഴത്തുള്ളികൾ തീർക്കുന്ന വെള്ളികുണുക്കുകൾ.. ഇടയ്ക്കുദിക്കുന്ന വെയിൽ അതിലൂടെ കടക്കുമ്പോൾ ഒരു കുഞ്ഞ് സൂര്യൻ ആ വെള്ളിക്കുണുക്കുകളിൽ ഓരോന്നിലും വജ്രം പതിക്കുന്നു.
പ്രകൃതിയിലെ ഓരോ സസ്യജാലങ്ങളിലും ഇന്ദ്രജാലം തീർക്കാൻ കെല്പുള്ള മഴയുടെ നീർമണികൾ..! കരച്ചിലിനിടയിലും ഇക്കിളിയിട്ട് ചിരിപ്പിക്കുമ്പോൾ, കവിളത്തെ കണ്ണുനീർ നനവോടെ പുഞ്ചിരി തൂകുന്ന ഒരു സുന്ദരിയുടെ ഇരട്ടിക്കുന്ന മുഖകാന്തി പോലെയാണ് മഴയും വെയിലും ഒരുമിച്ചെത്തുമ്പോൾ എനിക്ക് തോന്നാറുള്ളത്.
മഴയെപ്പറ്റി എത്ര എഴുതിയാലും, പാടിയാലും ആർക്കും മതിയാവുകയില്ല. ഒരുപക്ഷേ മഴയെപ്പറ്റിയായിരിക്കും കവികളും, എഴുത്തുകാരും അധികം എഴുതിയിട്ടുണ്ടാവുക.
വീടിൻ്റെ ഓടുമേഞ്ഞ ചായ്‌ച്ചിറക്കിലൂടെ ഒരേയകലത്തിൽ ഊർന്ന് വീഴുന്ന കനമുള്ള മഴനൂലുകൾ. ഓരോ മഴയും വരാന്തയ്ക്ക് താഴെ തീർക്കുന്ന തുല്യ അകലത്തിലെ കുഞ്ഞുകുഴികൾ. വരാന്ത തിണ്ണയിലുരുന്ന് ആ മഴനൂൽ നിരയിലേക്ക് കാലാട്ടിയും, കാലുകൾ നീട്ടിപ്പിടിച്ച് നനച്ചും, കൈക്കുടന്നയിൽ ഒരിത്തിരി മഴയെ എങ്കിലും മോഷ്ടിച്ച് വയ്ക്കാൻ ശ്രമിച്ചും, മുഖത്തേക്ക് തെറിച്ച് വീഴുന്ന ഓരോ മഴത്തുള്ളികളേയും ആസ്വദിച്ചങ്ങനെ….
കാലവർഷത്തിൽ മുറ്റത്ത് രൂപപ്പെടുന്ന കുഞ്ഞരുവികളിലൂടെ കടലാസ്സ് തോണിയിറക്കി മത്സരിച്ച് കളിച്ച കുട്ടിക്കാലം. തോണിയങ്ങനെ വേഗത്തിൽ നീങ്ങവേ വഴിയിലെങ്ങാനും തടഞ്ഞു നിന്നാലുള്ള സങ്കടം. മത്സരത്തിൽ തോൽക്കാറാവുമ്പോൾ മഴവെള്ളം തട്ടിയൊഴിച്ച് മറ്റുള്ളവരുടെ തോണിയും മുക്കിക്കളഞ്ഞ് താറുമാറാക്കും.
പിന്നെയാണ് മത്സരത്തിലെ അവസാന ഇനമായ ഇടിയും മിന്നലും പോലെയുള്ള അടിപിടി. കുഴിയാന കുഴികളേയും, മണ്ണിരകൾ കൂട്ടിയ മൺകൂമ്പാരങ്ങളേയും ഇടക്കിടെ നനയ്ക്കുന്ന മഴച്ചാലുകൾ!
പ്രണയമെന്നത് മഴയുടെ കൂട്ടുചേരുമ്പോൾ പത്തരമാറ്റായി മാറുന്നു.. മഴ അകമ്പടി സേവിക്കാത്ത സിനിമകളും കഥകളും കുറവാണ്. മഴയെക്കൂട്ടുപിടിച്ച് പറയുന്ന പ്രണയ കഥകൾക്ക് തീവ്രതയേറുന്നത്, മഴക്ക് പ്രണയഭാവം കൂടുതൽ ഉള്ളത് കൊണ്ടായിരിക്കാം.
ദൂരെ നിന്നോടിക്കിതച്ചെത്തുന്ന സുന്ദരിയാണ് മലഞ്ചെരുവുകളിലെ മഴ.. മലമുകളിൽ നിന്നും തിടുക്കപ്പെട്ടോടി ഇറങ്ങി അടുത്ത് വന്ന് നമ്മെ ആഞ്ഞ് പുൽകുന്ന അതീവസുന്ദരി..
നാട്ടിൽ പെയ്യുന്ന മഴയുടെ മനോഹാരിത..!
കാട്ടിൽ പെയ്യുന്ന മഴയുടെ വന്യത..!
ആ വന്യത നേരിട്ടറിഞ്ഞത് ഈയടുത്ത കാലത്താണ്. പക്ഷി നിരീക്ഷണത്തിനായി ഭർത്താവിനൊപ്പം ക്യാമറയുമായി കാടുകയറുമ്പോൾ പെയ്യുന്ന ആ മഴകൾക്ക് വേറിട്ടൊരു സൗന്ദര്യമാണ്. വനശ്രീത്വം ഇരട്ടിപ്പിക്കുന്ന മഴ! അങ്ങിനെപ്പോകുന്നു മഴയുടെ നവരസങ്ങൾ.
കേരളത്തിലെ മഴയുടെ ചാരുത മറ്റെവിടേയും ദർശിക്കാനായിട്ടില്ല നാളിതുവരെ. ഇടവപ്പാതിയായും, തുലാവർഷമായും നമ്മിലേക്ക് പെയ്ത് നിറയുന്ന മഴ.. ഇടവപ്പാതിയുടെ സൗമ്യത, ഒട്ടും കാണിക്കാത്ത ബഹളക്കാരിയായ തുലാവർഷം..ഏട്ടത്തി താരതമ്യേന സൗമ്യ സ്വഭാവക്കാരിയാണെങ്കിൽ, അനിയത്തി ഇടിയും മിന്നലുമായി ഉച്ചതിരിയുന്നതോടെ രൗദ്രഭാവം കൈക്കൊണ്ട് സന്ധ്യകളിലും, രാത്രികളിലും താണ്ഡവമാടുന്ന വർഷസുന്ദരിയാണ്.. താഴ്ന്ന് വെട്ടുന്ന ഇടിയോടും മിന്നലിനോടും അത്ര പ്രതിപത്തിയില്ലെങ്കിലും സുഖമുള്ളൊരു നെഞ്ചിടിപ്പ് സമ്മാനിച്ചതങ്ങനെ പെയ്തു നിറയും.
ചിലപ്പോൾ, മഴയുടെ ഇടവേളകളിൽ ഏഴ് വർണ്ണങ്ങൾ വിതാനിച്ച പ്രവേശന കവാടം പോലെ, മഴവില്ല് നിസ്സീമമായ ആനന്ദംപകർന്ന് കൊണ്ട് ആകാശ പരപ്പിൽ പ്രത്യക്ഷപ്പെടും..!
ദേവലോകത്തേക്കുള്ള കവാടം മഴവില്ല് വച്ച് വിതാനിച്ചിരിക്കുകയാണെന്ന് തോന്നും. അങ്ങനെ ഭാവനാ രഥത്തിലേറിയുള്ള അത്തരം യാത്രകളെക്കാൾ അതിവേഗവും അതിമനോഹരവുമായ സവാരികൾ വേറെയില്ല.
ചിലപ്പോൾ, കാറ്റു തട്ടിക്കൊണ്ട് പോകുന്ന കാർമേഘങ്ങൾ നിരാശ നൽകി കടന്നു പോകും പ്രത്യേകിച്ച്, ഒരു മഴയ്ക്കായി ദാഹിച്ചിരിക്കുന്ന നാളുകളിൽ..
മഴമേഘങ്ങൾ കാണുമ്പോഴേക്ക് പീലി വിരിച്ചാടുന്ന മയിലുകളേയും, ദാഹജലത്തിനായി കൊക്കുകൾ തുറന്ന് പിടിച്ച് മാനം നോക്കിയിരിക്കുന്ന വേഴാമ്പലുകളേയും, നമ്മളടക്കമുള്ള മറ്റെല്ലാ ജീവജാലങ്ങളേയും സങ്കടപ്പെടുത്തിക്കൊണ്ട് എങ്ങോ പോയ് മറയും…!
വിവാഹശേഷം കേരളം വിട്ട എനിക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒന്നായിരുന്നു എൻ്റെ മലയാളനാടിൻ്റെ മഴക്കാലം.മുംബൈയിലിരുന്ന് നാട്ടിലേക്ക് വിളിച്ച് മഴക്കാല വിശേഷങ്ങൾ കൂട്ടുകാരോടും, വീട്ടുകാരോടും ചോദിച്ച് അറിയും. കുളവും കിണറും പാടവും തൊടിയുമൊക്കെ നിറഞ്ഞെന്ന് കേൾക്കുമ്പോൾ ചിറകുകൾ ഉണ്ടായിരുന്നെങ്കിലെത്ര നന്നായിരുന്നു എന്ന് തോന്നും. കണ്ണടച്ചിരുന്ന് പുതുമഴയിൽ പുതുമണ്ണിൻ്റെ കൊതിപ്പിക്കുന്ന ഗന്ധം ഓർമ്മകളിൽ നിന്നെടുത്ത് മണക്കാൻ ശ്രമിക്കും. പിന്നെ മഴയോർമ്മകളുടെ ഘോഷയാത്രയാകും മനസ്സിൽ….
മഴയും,പുതുമണ്ണിൻ്റെ മണവും ആസ്വദിച്ച് കൊണ്ട് വീട്ടുവരാന്തയിൽ എല്ലാവരും ചേർന്ന് സൊറ പറഞ്ഞിരുന്ന് ചൂടു കാപ്പിയും ചൂടുള്ള എണ്ണ പലഹാരങ്ങളും കഴിക്കാറുള്ളത്, വീടിൻ്റെ പിൻഭാഗത്തെ പാടശേഖരങ്ങൾ നിറഞ്ഞ് കവിഞ്ഞ് ഒരു കായൽ പോലെ ഒന്നായി കിടക്കാറുള്ളത്, നിറഞ്ഞു കിടക്കുന്ന അമ്പലക്കുളത്തിൽ മലർന്ന് കിടന്ന് മഴയോട് കുശലം പറഞ്ഞ് നീന്തിത്തുടിക്കാറുള്ളത്, തണുത്ത മഴത്തുള്ളികൾ മുഖത്തു വീഴുമ്പോൾ നീന്താനുള്ള ഉത്സാഹം കൂടാറുള്ളത്..
പഞ്ഞ കർക്കിടകത്തിൽ രാത്രി മഴ പൊടിപൊടിക്കുമ്പോൾ അത്താഴത്തിന് അമ്മ വിളമ്പാറുള്ള ചൂടുള്ള കഞ്ഞിയും കടും വേനൽ ചൂടേറ്റ് പാകപ്പെട്ട കൊണ്ടാട്ടവും പൊട്ടിച്ചിട്ട് വറുത്ത പപ്പടവും മെഴുക്കുപുരട്ടിയും.
അത്താഴത്തിന് ചോറാണെങ്കിൽ നെല്ലിക്ക ചേർത്തരച്ച അരച്ചുകലക്കിയും കൊണ്ടാട്ടാവും പപ്പടവും. അത് സ്വാദോടെ കഴിക്കുമ്പോൾ തൊടിയിൽ മറഞ്ഞിരുന്ന്, തവളകളുടെ ഉച്ചസ്ഥായിയിലുള്ള ‘പേക്രോം പേക്രോം’ആലാപനവും ചിവീടുകളുടെ കോറസ്സും പുരപ്പുറത്തെ തകരപ്പാത്തിയിൽ മഴയുടെ താളം പിടിക്കലും!
വേനൽക്കാലത്ത് വീടിൻ്റെ ഓടുമേഞ്ഞ ഭാഗങ്ങൾ എത്ര ഭംഗിയായി ഇളക്കി മേച്ചിൽ നടത്തിയാലും പെരുമഴക്കാലത്ത് വീടിനുള്ളിലേക്ക് ഒരു കള്ളനെപ്പോലെ എത്തി നോക്കുന്ന മഴ. ചോരുന്ന ഭാഗത്ത് വക്കുന്ന പാത്രങ്ങളിലേക്ക് ഒരു പ്രത്യേക താളത്തിൽ വീണു നിറയുന്ന മഴത്തുള്ളികൾ, പാട്ടുകച്ചേരിയുടെ ഇടവേളകൾ കൊഴുപ്പിക്കാൻ തബലയിൽ തട്ടി താളം പിടിച്ചിരിക്കുന്ന വാദ്യസംഗീത കലാകാരനേപ്പോലെ..!
മഴക്കാലം കഴിഞ്ഞ ഉടനെ ജന്മനാട്ടിലെത്തുമ്പോൾ കൊതിപ്പിക്കുന്ന പച്ചപ്പാണ് എവിടെ നോക്കിയാലും. ബോംബെയിലെ മഴയോട് ഒരിക്കലും ഒരു ഇഷ്ടം തോന്നിയിട്ടില്ല. ഉള്ളതുകൊണ്ട് ഓണം പോലെ എന്നു പറയുന്ന കണക്കേ, മഴ പെയ്തു തുടങ്ങിയാൽ ഫ്ലാറ്റിൻ്റെ മൂന്നാം നിലയിലെ ബാൽക്കണിയിലിരുന്ന് ചൂടു ചായയും ഉള്ളി ബജ്ജിയും ആസ്വദിക്കുക എന്നതാണ് അവിടത്തെ ഒരു രീതി.
പിന്നിട്ട ഏതാനും വർഷങ്ങളിൽ ആഞ്ഞ് പെയ്ത മഴ തന്ന ദുരനുഭവങ്ങൾ പേടിപ്പെടുത്തുന്ന കാലവർഷക്കെടുതി ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകും. മലയോരത്തും, പുഴയോരത്തും താമസിക്കുന്നവരുടെ ഉൾക്കിടിലം ഇടിയും മഴയും കനക്കുന്നതോടെ കനമാർന്ന് വരുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഇതിലും ശക്തമായ കാലവർഷങ്ങൾ വിജയകരമായി അഭിമുഖീകരിച്ചിട്ടുള്ളതാണ് നമ്മുടെ കുഞ്ഞുസുന്ദരകേരളം. അന്നൊക്കെ മഴക്കാലത്തെ ഉരുൾപ്പൊട്ടലുകൾ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു.. മനുഷ്യൻ പ്രകൃതിയോട് കാണിച്ച ക്രൂരതകൾക്ക് അക്കമിട്ട് പ്രതികരിക്കുന്ന പോലെയുള്ള അവസ്ഥകളാണ് ഇന്നനുഭവിക്കുന്നതെല്ലാം.
ഞാനിത് എഴുതിക്കൊണ്ടിരിക്കുമ്പോഴതാ എൻ്റെ തറവാട്ട് മുറ്റത്ത് ഇടവപ്പാതിയുടെ മഴയിരമ്പൽ.. വരാന്തയിലെ മഴത്തണുപ്പിലും, തെന്നൽ എനിക്കായി എറിഞ്ഞ് തരുന്ന മഴത്തുള്ളികളുടെ കുളിരിലും ഇരുന്ന് മഴയെക്കുറിച്ച് എഴുതാനെന്തു രസം..! ഇനിയും ഇനിയും എന്നെക്കുറിച്ചെഴുതൂ എന്ന്, എന്നെ തൊട്ട് വിളിച്ച് പറയും പോലെ….
അപ്പോൾ ഞാൻ അവളോട് പറഞ്ഞു…
“എൻ്റെ ചങ്ങാതി.. നീ തൊട്ട് വിളിച്ചിതു എന്നോടു പറയവേ, നിൻ്റെ സാന്നിദ്ധ്യത്തിൽ എഴുതാനായി ബാക്കി വച്ച ഏതാനും വരികൾ കൂടി ഞാനിവിടെ കുറിക്കട്ടെ… എത്ര എഴുതിയാലും തീരാത്ത കാര്യങ്ങളാണെങ്കിൽ കൂടി…”
പച്ച പരവതാനി വിരിച്ചിട്ട പാടത്തിന്റെ നടുവിലെ നാട്ടുവഴിലൂടെ വിദ്യാലയം വിട്ട് വരുന്ന എന്നെ പിൻതുടരും പോലെ അവൾ… ആർത്തിരമ്പിക്കൊണ്ട്, പളുങ്കുമണികൾ കോർത്ത മഴനൂലുകളാൽ നെയ്തെടുത്ത ഒരു തിരശ്ശീല നീങ്ങിവരും പോലെ, പിന്നീട് അവ നിലത്ത് വീണുടഞ്ഞ് ചിതറി എന്നിലേക്ക് ആവേശത്തോടെ അടുക്കുന്ന മഴയോട് എനിക്ക് തോന്നുന്ന മത്സരബുദ്ധി. അവൾക്ക് പിടികൊടുക്കില്ലെന്നുറച്ച് തെല്ലു ദൂരം ഓടി, കിതപ്പോടെ തിരിഞ്ഞ് നോക്കുമ്പോൾ ആ സർവ്വാംഗസുന്ദരി മഴപ്പെണ്ണ് അതാ തൊട്ട് പിന്നിൽ..! ഓട്ടപ്രാന്തി കളിക്കുന്ന കൂട്ടുകാരികളായി ഞങ്ങൾ. എന്റെ വീട്ടുപടിക്കലെത്തി നിനക്കെന്നെ തൊടാൻ ഒത്തില്ലല്ലോ എന്ന ഗർവ്വോടെ ഒരു ജേതാവായി ഞാൻ തിരിഞ്ഞൊന്ന് നോക്കിയതും അവളെന്നെ ആഞ്ഞ് പുൽകി നനച്ചതും ഒരുമിച്ചായി. ആ ആശ്ലേഷ സുഖക്കുളിരിൽ എന്റെ മത്സരവും, കുസൃതിയുമെല്ലാം അലിഞ്ഞലിഞ്ഞില്ലാതെയായി….
കാലങ്ങൾക്കിപ്പുറം ഇന്നും മധുരമനോഹര മഴക്കാലഓർമ്മകളും, മഴച്ചങ്ങാത്തങ്ങളും മനസ്സിൽ നിന്നും മായാതെ ഇന്നലെക്കഴിഞ്ഞ കണക്കെ അങ്ങനെ അങ്ങനെ അങ്ങനെ…..
#മഴ – എന്റെ രചന
✍🏻(>സുജാത നായർ<)✍🏻


9 Comments
😍👍🏻
ചാറ്റൽ മഴയായി തുടങ്ങി പെരും മഴയായി പെയ്തു തോർന്ന മഴ നനഞ്ഞ കുളിരു നൽകിയ വായന, മനോഹരം dear!
👌❤❤❤
സന്തോഷം joyce… ♥️♥️
Joyce ന്റെ കമന്റ്‌സ് വായിക്കാൻ എന്ത് രസമാണ്! Detailed കമന്റ്‌സ് ആണ് എപ്പോഴും. എഴുതാനുള്ള മടിയൊക്കെ പമ്പ കടക്കും ഓരോ തവണ വായിക്കുമ്പോഴും… 🫂
സൂര്യാംശു ഓരോ വയൽപ്പൂവിലും…. 👌👌👌👌
വൈരം പതിക്കുന്നുവോ…?! 🤝🤝🫂 സ്നേഹം silvy ♥️♥️thank you…
മനോഹരമായ വിവരണം.❤️🌹👌
Thank you Suma♥️♥️🤝🫂
Nice one
😍👍🏻