തകർത്തു പെയ്യുന്ന മഴയുടെ ശബ്ദം കാതോർത്തു കിടക്കുമ്പോൾ ആയിരുന്നു ആരുടെയോ കൈ നെറ്റിയിൽ വച്ചതു പോലെ തോന്നിയത്. പനിയുടെ ആലസ്യത്തിൽ കണ്ണു തുറന്നു.
” ഇപ്പോൾ പനി കുറവുണ്ട്. ഇനി റസ്റ്റ് എടുത്താൽ മാറിക്കോളും. കുടിക്കാൻ കാപ്പി വേണോ? ”
മുന്നിൽ വന്നു നിന്നു ഏട്ടൻ ചോദിച്ചപ്പോൾ ക്ഷീണത്തോടെ പറഞ്ഞു.
“ഒന്നും വേണ്ട ഇത്തിരി കിടക്കട്ടെ. ”
അടുക്കളയിൽപാത്രങ്ങളുടെ ഒച്ചപ്പാടുകൾ കേട്ടപ്പോൾ ഏട്ടനും മക്കളും ലഞ്ച് ഉണ്ടാക്കാനുള്ള പുറപ്പാടാണെന്നു മനസ്സിലായി.
പുതച്ചു മൂടി കണ്ണുകൾ അടച്ചു കിടന്നപ്പോൾ അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ കുറെ പനിക്കാലങ്ങൾ ഓർമ്മയിൽ തെളിഞ്ഞു.
“കുട്ടിക്ക് നല്ല ജലദോഷം ഉണ്ട്. ഇപ്പോൾ മേലൊക്കെ ഒരു ചൂടും തോന്നുന്നുണ്ട്. അതെങ്ങനെയാ മഴ പെയ്യ്താൽ മുറ്റത്തു നിന്നു ഇങ്ങോട്ട് കയറില്ല. മഴ എന്നു പറഞ്ഞാൽ പിന്നെ എന്തോ ഭ്രാന്താ അതിനു” അമ്മ അടുക്കളയിൽ കഞ്ഞി കുടിക്കാനിരിക്കുന്ന അച്ഛനോട് പറയും.
“രാധ ഡോക്ടറെ കാണിക്കണോ”
കഞ്ഞി കുടിക്കുന്നതിനിടയിൽ ഉള്ള അച്ഛന്റെ ചോദ്യത്തിന് അമ്മ ഉത്തരമൊന്നും പറയില്ല. കഞ്ഞി കുടി കഴിഞ്ഞു കൈ കഴുകി വന്ന അച്ഛൻ തൊട്ടുനോക്കില്ല. നനഞ്ഞ കൈ അല്ലേ? പകരം അച്ഛന്റെ മുഖം എന്റെ കവിളത്തു ചേർത്ത് വയ്ക്കും.
“അത്ര വലിയ ചൂട് ഇല്ല. ജലദോഷപനിയാ. ദശമൂലരസായനം ഇപ്പോൾ തന്നെ കൊടുക്കാം. എന്നിട്ട് കുരുമുളകുകാപ്പി കൊടക്ക്. നാളെ കുറവില്ലെങ്കിൽ ഡോക്ടരെ കാണാം.”
പിന്നെ ഇടക്കിടെ അമ്മ വന്നു തൊട്ടു നോക്കും. ഉറക്കത്തിൽ വിളിച്ചു ഉണർത്തി ചോദിക്കും, ” ഉറക്കം വരുന്നുണ്ടോ” എന്നു.
അടുത്തു കിടക്കുന്ന അനിയത്തിയോട് പറയും. “മോളു പോയി ഇന്നു അച്ഛന്റെ മുറിയിൽ കിടന്നോളു. അമ്മ ഇവിടെ ചേച്ചിയുടെ കൂടെ കിടന്നോളാം. അവൾക്കു രാത്രി എന്തെങ്കിലും വയ്യാണ്ടായാൽ നീ ഒന്നും അറിയില്ല”
പിന്നെ രാത്രി അമ്മക്ക് ഉറക്കമുണ്ടാവില്ല. “കാപ്പി വേണോ. വെള്ളം വേണോ” എന്നിങ്ങനെ ഓരോ ചോദ്യങ്ങളുമായി അമ്മ അടുത്തു തന്നെ ഉണ്ടാവും. അതിലിടയ്ക്കു തോരാതെ പെയ്യുന്ന മഴയോടും ഉണ്ടാവും പരാതി. ഒന്നു വേഗം പെയ്തു തീർത്തൂടെ എന്ന്.
രാവിലെയും പനി കുറവില്ലെങ്കിൽ കോരി ചൊരിയുന്ന മഴ വക വെക്കാതെ ഓടും എന്നെയും കൊണ്ട് രാധഡോക്ടറുടെ അടുത്തേക്ക്. പിന്നെ കയ്പുള്ള മരുന്ന് കുടിപ്പിക്കുക എന്നതു അമ്മയുടെ ജോലിയാണ്. അതിന്റെ കൂടെ പൊടിയരി കഞ്ഞിയും ചുട്ട പപ്പടവും. വിട്ടിൽ ചോറും കറിയും ഉണ്ടാക്കിയാലും അമ്മ കഴിക്കുക എനിക്കു ഉണ്ടാക്കി ബാക്കിയുള്ള കഞ്ഞി തന്നെ ആയിരിക്കും. കാരണം അമ്മമാർക്ക് പനി പകർന്നാലും പരാതി ഇല്ലല്ലോ. ആ പനിച്ചൂടിൽ പുറത്തു തകർത്തു പെയ്യുന്ന മഴയെ സാക്ഷി ആക്കി അമ്മയെ കെട്ടിപിടിച്ചു ഉറങ്ങാൻ എന്തു രസമായിരുന്നു.
ഇന്ന് അമ്മയില്ലാത്ത കാലത്തു അതൊക്കെ ഓർക്കുമ്പോൾ മനസ്സ് കൊതിക്കും അമ്മയെ ഒന്നു കുടി കണ്ടിരുന്നെങ്കിൽ. തിമിർത്തു പെയ്യുന്ന മഴയിൽ ഒന്നു കൂടി അമ്മയെ പുണർന്നു ഉറങ്ങാൻ കഴിഞ്ഞിരുന്നുവെങ്കിൽ. അന്നു അമ്മ തന്ന കയ്പ്പേറിയ മരുന്നിന് ഇന്നോർക്കുമ്പോൾ എന്തൊരു മധുരം.
കണ്ണടച്ചു മയക്കത്തിൽ എന്ന പോലെ കിടന്നപ്പോൾ ആരോ അടുത്തു വന്നിരുന്നത് പോലെ… ആ വോയിൽ സാരിയുടെ തുമ്പു കൊണ്ടു എന്റെ നെറ്റിയിൽ അമർത്തി തുടച്ചതുപോലെ. പിന്നെ പതിയെ ആ ശബ്ദവും.
“എന്റെ ദേവി നീ കാത്തല്ലോ. എന്റെ കുഞ്ഞിനെ”.
പെട്ടെന്ന് കണ്ണു തുറന്നു. മുന്നിൽ അമ്മ ഉണ്ടായിരുന്നില്ല. എന്നാലും അവിടെ എങ്ങും അമ്മയുടെ മണമായിരുന്നു. ഒരു പൊട്ടിക്കരച്ചലോടെ ബെഡിൽ എഴുന്നേറ്റു ഇരുന്നപ്പോൾ ഏട്ടൻ ഓടി വന്നു കൂടെ മക്കളും.
“നീ വിളിച്ചോ?”
ഒന്നും മിണ്ടാതെ ആ മുഖത്തേക്ക് നോക്കിയപ്പോൾ ഏട്ടൻ നെറ്റിയിൽ തൊട്ടു നോക്കികൊണ്ട് പറഞ്ഞു. ” പനി ഇപ്പോൾ ഒട്ടുമില്ല. ഞാൻ കുറച്ചു കാപ്പി ഉണ്ടാക്കി കൊണ്ടു വരാം. നീ കുറച്ചു നേരം ബെഡിൽ ഇരിക്കു. ഞാൻ പുറത്തേക്കു നോക്കി. മഴ അപ്പോഴും തിമർത്തു പെയ്യുന്നുണ്ടായിരുന്നു.
#എന്റെരചന
#മഴ


2 Comments
അമ്മയ്ക്കു പകരം അമ്മ മാത്രം❤️
മരുന്നിനേക്കാൾ ഫലം ചെയ്യുന്നത് അമ്മയുടെ സ്നേഹം തന്നെ.❤️🌹👌
Thanksdear❤️❤️