*🔷കഥ* *🟩ശബ്‌ദമില്ലാത്ത വിളി* *🔶ബിന്ദു എസ് നായർ*
രാത്രിയുടെ യാമങ്ങളിലെപ്പോഴോ അവളുടെ മിഴികളെ നിദ്ര വന്ന് പുൽകി.. പിറവിയിൽ എല്ലാ ഐശ്വര്യങ്ങളും സമ്പത്തും ആവോളം സൗന്ദര്യവുമായി ജന്മമെടുത്ത പൂജക്ക് ദൈവം ശബ്ദം മാത്രം നൽകാൻ മറന്നു.
അവളുടെ ഓരോ ചലനവും നോക്കി ആംഗ്യഭാഷയിലൂടെ അവളുടെ മനംകവരാൻ ആ വീട്ടിൽ പൂജയുടെ അമ്മയായ സായൂജ്യക്ക് മാത്രമേ സാധിക്കുകയുള്ളു. തന്റെ ശബ്ദവും വെളിച്ചവുമെല്ലാം അമ്മയാണെന്നവൾക്കറിയാം.
മകൾ ഊമയാണെന്നറിഞ്ഞ നിമിഷം സായൂജ്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് നാടുവിട്ട മനസാക്ഷിയില്ലാത്ത തൻ്റെ അച്ഛന്റെ മുഖം പോലും പൂജക്ക് ഓർമ്മയില്ല.. ഓർക്കാൻ ഇഷ്‌ടവുമല്ല..
സായൂജ്യ മകൾക്കായി തൻ്റെ എല്ലാ സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞു.. സായൂജ്യയുടെ മാതാപിതാക്കൾ ആയിരുന്നു അവർക്കൊരാശ്വാസം.
സായൂജ്യ മകളെ സംസാരശേഷി ഇല്ലാത്തവർക്കായുള്ള സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. പഠനത്തോടൊപ്പം കൈത്തൊഴിൽ പരിശീലനവും കൂടി ലഭിച്ചപ്പോൾ പൂജക്ക് നല്ല ആത്മധൈര്യം കിട്ടി. അവൾക്കൊപ്പം നിന്ന് സായൂജ്യ അവളുടെ ഓരോ വളർച്ചാഘട്ടങ്ങളിലും താങ്ങും തണലുമായി.
തനിക്കായി അമ്മ അനുഭവിക്കുന്ന കഷ്ടപ്പാട് പൂജ മനസിലാക്കി വളർന്നു. പഠനമൊക്കെ പൂർത്തിയാക്കിയ പ്പോൾ പൂജക്കൊരാഗ്രഹം..
താൻ പഠിച്ച കൈത്തൊഴിലായ സാരിപ്രന്റിംഗും ആഭരണനിർമ്മാണവും തുടങ്ങാൻ.. അങ്ങനെ അമ്മക്കൊരു കൈത്താങ്ങാകാൻ… സായൂജ്യ അച്ഛനോട് പൂജയുടെ ആഗ്രഹംഅറിയിച്ചു. അതിനാവശ്യമായ പണത്തെക്കുറിച്ചാ ലോചിച്ച് സായൂജ്യ വിഷമിക്കുന്നത് കണ്ട് സായൂജ്യയുടെ അച്ഛൻ പറഞ്ഞു.
“മോളേ.. വിഷമിക്കണ്ട.. എല്ലാത്തിനും പരിഹാരമുണ്ടാക്കാം. അവൾക്കായി ഞാൻ കുറച്ച് പണം ബാങ്കിൽ നിക്ഷേപി ച്ചിട്ടുണ്ട്. അതുകൊണ്ട് നമുക്ക് അവളുടെ പുതിയ സംരംഭം തുടങ്ങാം.”
വരുന്ന ഡിസംബറിൽ മോളുടെ പിറന്നാളല്ലേ? നമുക്ക് അന്ന് സംരംഭത്തിന് തുടക്കം കുറിക്കാം. സായൂജ്യയുടെ മനസിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. താൻ പോലുമറിയാതെ തൻ്റെ മകൾക്കായി അച്ഛൻ ചെയ്ത പുണ്യപ്രവർത്തി കണ്ട് അവൾ അച്ഛൻ്റെ കാൽക്കൽ വീണ് കരഞ്ഞു.
ഇതെല്ലാംകണ്ട് ഒന്ന് ശബ്ദിക്കാൻ പോലുമാകാതെ പൂജയുടെ മിഴികൾ നിറഞ്ഞൊഴുകി. ദിവസങ്ങൾ കടന്നുപോയി. പൂജയുടെ പിറന്നാൾ ദിനമെത്തി.. പുതിയ സംരംഭത്തിന് അവർ തുടക്കം കുറിച്ചു.
തന്റെ മകൾക്കും കുഞ്ഞുമകൾക്കും ഒരു വരുമാനമാർഗ്ഗം നേടിക്കൊടുത്ത സന്തോഷത്തിൽ വീട്ടിലെത്തിയ സായൂജ്യയുടെ അച്ഛന് സന്തോഷാധിക്യം കൊണ്ട് ഒരു വീർപ്പുമുട്ടൽ.. ഭാര്യയെ ഉറക്കെ വിളിച്ചു.
“ഓമനേ… ഒന്നിങ്ങുവാ… വേഗം.. കുടിക്കാൻ ഇത്തിരി ചൂടുവെള്ളോം എടുത്തോ..”
വെള്ളവുമെടുത്തുകൊണ്ട് ഓമന ഓടിവന്നപ്പോൾ ശ്വാസമെടുക്കാൻ പോലും പാടുപെടുന്ന ഭർത്താവിനെക്കണ്ട് അവർ വാവിട്ടു നിലവിളിച്ചു. അടുത്തവീട്ടിലുള്ളവർ ഓടിയെത്തി. ആശുപത്രിയിൽ എത്തിച്ചു.
പക്ഷേ സായൂജ്യയുടെ അച്ഛൻ അപ്പോഴേക്കും ആരോടും ഒന്നുമുരിയാടാതെ ഈ ലോകത്തോട് യാത്രപറഞ്ഞിരുന്നു.
അപ്പുപ്പന്റെ വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരം തണുത്ത് മരവിച്ച് തറയിൽ കിടക്കുന്നതു കണ്ട് അവൾ വാവിട്ടുകരഞ്ഞു.
അവളുടെ ശബ്ദമില്ലാത്ത ആ വിളി കേൾക്കാൻ അപ്പുപ്പന്റെ കാതുകൾക്ക് സാധിക്കുമായിരുന്നില്ല. ഇരുട്ടിൽ പൂജയുടെ ശബ്‌ദമില്ലാത്ത വിളി അപ്പോഴും അലയടിക്കുന്നുണ്ടായിരുന്നു.


2 Comments
👌🤲😰
നോവുണർത്തിയ കഥ.
നല്ല ജീവിതം നൽകിയ മുത്തശ്ശനോടുള്ള നന്ദി യായിരിക്കും ശബ്ദമില്ലാത്ത കരച്ചിൽ.
👍