പ്രവാസിയായ ഒരു അച്ഛന്റെ മകളായിരുന്നു ഞാൻ. രണ്ടോ മൂന്നോ വർഷത്തിനിടയ്ക്ക് മാത്രം അച്ഛനെ കാണാൻ കഴിയുന്ന അച്ഛന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കാൻ ഏറെ കൊതിച്ച ഒരു മകൾ. കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും പര്യായമാണ് എന്റെ അച്ഛൻ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച കാലുമായി അച്ഛൻ നേടിയെടുത്ത കാര്യങ്ങൾ വളരെ വലുതാണ്. അച്ഛന്റെ കാലിന്റെ പ്രശ്നം ഒരിക്കലും അച്ഛന്റെ ജീവിതത്തില്‍ ബാധിച്ചിട്ടില്ല.എന്ത് ജോലിയും ചെയ്യാനുള്ള അച്ഛന്റെ മനസ്സ് അച്ഛന്റെ കാലിന്റെ പോരായ്മയെ അതിജീവിച്ചു
അച്ഛന്റെ കാലിന്റെ പ്രശ്നം കൊണ്ടായിരിക്കണം ഒരുപാട് വൈകിയാണ് അച്ഛന്റെ വിവാഹം നടക്കുന്നത്. ഒരുപാട് കല്യാണാലോചനകൾക്ക് ശേഷമാണ് അച്ഛൻ എന്റെ അമ്മയെ കണ്ടെത്തുന്നത്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് വിവാഹാലോചന സമയത്ത് തന്നെ പെട്ടെന്ന് ആർക്കും മനസ്സിലാവാത്ത അച്ഛന്റെ കാലിന്റെ മുടന്ത് അമ്മയ്ക്ക് കാണിച്ചുകൊടുത്ത് പൂർണ്ണ സമ്മതത്തോടെ ആണെങ്കിൽ മാത്രം കല്യാണത്തിന് സമ്മതിച്ചാൽ മതിയെന്ന് അച്ഛൻ പറഞ്ഞത്.
എന്റെ ഹൈസ്കൂൾ കാലഘട്ടത്തിലാണ് അച്ഛൻ പ്രവാസജീവിതം നിർത്തലാക്കി നാട്ടിലേക്ക് മടങ്ങുന്നത്. കൂടുതലൊന്നും സമ്പാദിക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചു വസ്തുവും വീടും ഞങ്ങൾക്കായി അച്ഛൻ കരുതിയിരുന്നു. പിന്നീടുള്ള കാലം ഒരു മിനി ലോറി എടുത്ത് അതോടിച്ച് അച്ഛൻ വീട്ടുചിലവുകൾ നോക്കി.
എന്റെ പത്താം ക്ലാസ് പഠനകാലം. അന്നായിരുന്നു ജീവിതത്തിൽ മറക്കാനാവാത്ത സംഭവം നടന്നത്. വീടിന്റെ മുകളിൽ വച്ചിരുന്ന വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കേറിയതായിരുന്നു അച്ഛൻ. കാൽവഴുതി താഴേക്ക് വീണു. അച്ഛന്റെ പോളിയോ ബാധിച്ച വലതുകാലിൽ സാരമായ ഓടിവുണ്ടായി. അമ്മയുടെ പ്രാർത്ഥനയുടെ ബലം കൊണ്ടാവാം അച്ഛന്റെ ജീവൻ അന്ന് രക്ഷപ്പെട്ടത്. പക്ഷേ അച്ഛന് ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാരെ ഞെട്ടിച്ചുകൊണ്ട് അച്ഛൻ വീണ്ടും നടന്നു. കുടുംബത്തിനായി വീണ്ടും അധ്വാനിച്ച് തുടങ്ങി. ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കുവാൻ എന്നെ സഹായിക്കുന്നത് എന്റെ അച്ഛന്റെ മനധൈര്യമാണ്. അച്ഛന്റെ ഈ എഴുപതാം വയസ്സിലും എന്തിനും എന്നോടൊപ്പം ഉണ്ടാകും എന്നുള്ള എന്റെ വിശ്വാസമാണ്.
ഒരുപാട് സ്നേഹം അച്ഛന്റെ ലക്ഷ്മി

2 Comments
രചന നന്നായിട്ടുണ്ട്
❤️