സ്വപ്നം ഒന്ന്.
പ്രൗഢഗംഭീരമായ കൊട്ടാരം രാജാവും രാജ്ഞിയും പ്രജകളും കാത്തു നിൽക്കുന്നു. രാജാക്കന്മാരുടെ രാജാവായ, നീതിയുടെ രക്ഷകനായ കണ്ണനു വേണ്ടി. അഞ്ചു കുതിരകളെ പൂട്ടിയ കണ്ണന്റെ തേരു കൊട്ടാരത്തിനു മുന്നിലെത്തി. രാജാവ് ബഹുമാനപൂർവ്വം കണ്ണനെ സ്വീകരിച്ചു. പനിനീർപ്പൂവിനാൽ വിരിച്ച പാതയിലൂടെ കണ്ണനെ ആയിച്ചു. രാജ്ഞി എന്നെ ആലിംഗനം ചെയ്തു. തീർത്തും ആത്മാർത്ഥതയില്ലാത്ത ഒരു പുഞ്ചിരിയാൽ അവർ എന്നെ നോക്കി. ദാസിയോടായി ആംഗ്യയ ഭാഷയിൽ ആജ്ഞാപിച്ചു. ദാസി പനിനീരാൽ എന്റെ പാദം കഴുകി. ആതിര ഉഴിഞ്ഞു എന്നെ സ്വീകരിച്ചു. രാജ്ഞി കൂടെയുണ്ടാരുന്ന സ്ത്രീജനങ്ങളോട് അടക്കം പറയുന്നത് ഞാൻ കേട്ടു.
“അവർ കൃഷ്ണന്റെ പത്നിയായിരിക്കാം എന്നിരുന്നാലും അവർ ഒരു ഗോപാലികയാണ്, ചാണകത്തിൻ ഗന്ധം ഇപ്പോഴും അവരിൽ കാണും. ഞാനൊരു രാജകുമാരിയാണ് ഞാനെന്തിനു അവരെ സ്വീകരിക്കണം എന്റെ ദാസി സ്വീകരിക്കട്ടെ അവർ തൃപ്തയാകും”.
“എന്തൊരു വശ്യമനോഹരമാണ് കണ്ണന്റെ മുഖം, കാമദേവൻ പോലും തോറ്റു പോകുന്ന സൗന്ദര്യം. കൃഷ്ണന്റെ പുഞ്ചിരി കണ്ടില്ലേ ഉദയ സൂര്യൻ പോലും തോറ്റു പോകും. അദ്ദേഹത്തിന്റെ നടത്തവും സംസാരവും കണ്ടില്ലേ അദ്ദേഹം ലക്ഷങ്ങളിൽ ഒരുവനാണ്. പറഞ്ഞിട്ടു കാര്യമില്ല ചന്ദ്രനുമുണ്ടല്ലോ കറുത്ത പാടുകൾ. ” – കൂടെയുള്ള സ്ത്രീകൾ പറഞ്ഞു.
കൊട്ടാരത്തിലെ വരാന്തയിലൂടെ സ്ത്രീജനങ്ങളോടൊപ്പം കടന്ന് പോകുമ്പോൾ രണ്ടു പുരുഷന്മാരുടെ സംഭാഷണം ഞാൻ കേട്ടു.
“ഞാൻ സമ്മതിക്കുന്നു, കൃഷ്ണനേക്കാൾ മികവുറ്റ ഒരു പോരാളിയോ, പണ്ഡിതനോ, നയതന്ത്രജ്ഞനോ ഇല്ല, പക്ഷേ ഒരിക്കലും മറക്കാനാകാത്ത തെറ്റാണ് അദ്ദേഹം ചെയ്തത്. തന്നേക്കാൾ പ്രായം ചെന്ന സ്ത്രീയേ വിവാഹം ചെയ്തതിലൂടെ തെറ്റായ ഒരു കീഴ് വഴക്കം അദ് ദേഹം സൃഷ്ടിച്ചു”.
” അത് ശരിയാണ് ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ചെറുപ്പക്കാരൻ തന്റെ അമ്മയുടെ പ്രായം ഉള്ള ഒരു സ്ത്രീയേ വിവാഹം കഴിച്ചു. എതിർത്തവരോടെല്ലാം അവൻ കയർത്തു പറഞ്ഞു. കൃഷ്ണനാണ് എന്റെ മാതൃക. “
ഞാൻ ഞെട്ടി ഉണർന്നു. ആ വാക്കുകൾ വിഷലിപ്തമായ അസ്ത്രമെന്നപോൽ എന്റെ മനസ്സും ശരീരവും തളർത്തി.
രാത്രിയുടെ അന്ത്യയാമത്തിൽ വീണ്ടുമൊരു സ്വപ്നം എന്റെ നിദ്രയെ പിടിച്ചുലച്ചു.
യമുനാ തീരത്തിനടുത്ത് എന്റെയും കണ്ണന്റെയും വീട്. ഇന്ന് കണ്ണൻ എനിക്കു മാത്രം സ്വന്തം. ഞാൻ കണ്ണന്റെ പ്രാണസഖി മാത്രമല്ല ജീവിത സഖി യുമാണ്. ഒരു ദിവസം ഗർഗമുനി വന്നു. അദ്ദേഹം കണ്ണൻ എവിടെയെന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു, കണ്ണൻ പാഞ്ചാലദേശത്ത് പോയിരിക്കുകയാണ് മൂന്ന് ദിവസമായി. അവിടെ കൊട്ടാരത്തിൽ കരിമ്പിന് നല്ല വില കിട്ടും. ഒരുപാട് കരിമ്പ് കെട്ടി കിടപ്പുണ്ട്.
അപ്പോൾ കണ്ണൻ കടന്നു വന്നു. യാത്രാ ക്ഷീണത്താൽ അവശനായിരുന്നു. മുഖത്ത് നിരാശ അലയിടുന്നു. കണ്ണൻ ഗുരുവിനെ നമസ്കരിച്ചു.
ഗുരുവേ, നഗരവാസികൾ ഗോപാലകന്മാർക്ക് ചാണകത്തിന്റെ വില പോലും നൽകുന്നില്ല. നഗരകവാടത്തിൽ മൂന്നു ദിവസം ഞാൻ കാത്തു നിന്നു. രാജാവും മന്ത്രിയും അപ്രാപ്യരായിരുന്നു. ദ്വാരപാലകന്മാർ പോലും ഒന്നു നോക്കിയില്ല. അവർ എന്നെ കവാടത്തിന്റെ മുന്നിൽ നിന്നും മാറ്റി നിർത്തി. എന്റെ യാത്ര വ്യർത്ഥമായി.
എന്തൊരു പതനം… ഗർഗമുനി നിരാശയാൽ പറഞ്ഞു. ഒരിക്കൽ രാജാക്കന്മാരുടെ രാജാകുമെന്ന് ഞാൻ പ്രതീക്ഷിച്ച എന്റെ ശിഷ്യൻ ഇന്ന് ഒരു ദ്വാരപാലകനാൽ അപമാനിതനാകുന്നു. രാധേ, കുഞ്ഞേ നിന്റെ സ്നേഹം കണ്ണനെ വൃന്ദാവനത്തിൽ തളച്ചിട്ടു. നിനക്ക് സ്നേഹസമ്പന്നനായ ഭർത്താവിനെ കിട്ടി. പക്ഷേ ലോകത്തിന് ഒരു പ്രതിഭയെ നഷ്ടപ്പെട്ടു. യാദവർക്ക് അവരുടെ രക്ഷകനെ നഷ്ടപ്പെട്ടു. എനിക്കെന്റെ ദൗത്യവും. ഗർഗമുനി എന്നെ ക്രോധ ഗ്നിയാൽ നോക്കി, ആ അഗ്നിയിൽ സ്വയം എരിഞ്ഞു ഒരു പിടി ചാരമാക്കുന്നതായി തോന്നി. കണ്ണുകൾ തുറന്ന ഞാൻ പുറത്തേക്ക് നോക്കി, അങ്ങകലെ ആകാശത്ത് ഒരു ദ്രുവ നക്ഷത്രം തന്നിലേക്ക് അടുക്കുന്ന നീലമേഘത്തെ നോക്കി മിന്നിക്കളങ്ങി നിൽക്കുന്നു, പെട്ടെന്ന് കൊടുങ്കാറ്റ് വീശി ആ നീലമേഘം ചിന്നിച്ചിതറുന്നു. നിരാശയാൽ ദ്രുവനക്ഷത്രം അന്ധകാരത്തിലേക്ക് മൗനമായി ആഴ്ന്നിറങ്ങി.
അതിരാവിലെ ഞാൻ ഗർഗ മുനിയുടെ ആശ്രമത്തിലേയ്ക്ക് പോയി. അവിടെ കണ്ണനും ആചാര്യനും കാര്യമായ എന്തോ സംഭാഷണത്തിലാണ്. ഞാൻ എന്റെ കാതുകൾ കൂർപ്പിച്ചു നിന്നു.
ആചാര്യാ, ഞാൻ അക്രൂരനോടൊപ്പം മധുരയിൽ പോയി കംസനെ വധിച്ചു എന്റെ മാതാപിതാക്കളെയും മോചിപ്പിച്ചു എത്രയും പെട്ടെന്ന് വൃന്ദാവനത്തിൽ തിരിച്ചെത്തുന്നതാണ്.
മടങ്ങി വരാൻ എന്തിനാണീ തിടുക്കം കണ്ണാ?
ഞാൻ രാധയെ സ്നേഹിക്കുന്നു. യമുനാ നദീ തീരത്തിരുന്നു പുല്ലാങ്കുഴൽ വായിക്കാൻ ഞാനിഷ്ടപ്പെടുന്നു. ഈ വൃന്ദാവനത്തെ, ഗോവർദ്ധനഗിരിയെ, എന്റെ ഗോക്കളെ, എന്റെ സുഹൃത്തുക്കൾ, മാതാപിതാക്കൾ, ഗുരുനാഥൻ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. ഇവരൊക്കെയാണ് എന്റെ ലോകം. കണ്ണാ കംസവധം നിന്റെ ജൈത്രയാത്രയുടെ തുടക്കം മാത്രമാണ്. മധുരയുടെയും ഗോപാലകന്മാരുടെയും സംരക്ഷകൻ പിന്നെ നീയായിരിക്കും. പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ ജീവിതത്തിൽ സംഗീതത്തിന്നും പ്രണയത്തിനുമെവിടെയാണ് കണ്ണാ സമയം. കണ്ണാ നീ ആ താഴ് വാരത്തിലേക്ക് ശ്രദ്ധിക്കൂ പീഡിതരുടേയും അശരണരുടേയും ശബ്‌ദം നിനക്ക് കേൾക്കാം. അവിടത്തെ മണ്ണിന് ചുവന്ന നിറമാണ് പീഡിതരുടെ, തടവുകാരുടെ, അടിമകളുടെ വഞ്ചിക്കപ്പെട്ട പടയാളികളുടെ രക്തത്താൽ. അവർ പ്രതീക്ഷയിലാണ്. നാളത്തെ ഉദയസൂര്യനോടൊപ്പം പ്രതീക്ഷയുടെ ധ്വജ മേന്തിയ അഞ്ച് അശ്വത്തെ പൂട്ടിയ വെളുത്ത തേരിൽ തങ്ങളുടെ രക്ഷകൻ എത്തുമെന്ന പ്രതീക്ഷയിൽ. അവരെ നിരാശപ്പെടുത്തരുത്.
ആചാര്യാ, എനിക്കു പ്രിയപ്പെട്ടവയിൽ നിന്നും അകന്നു നിൽക്കാൻ എനിക്കു കഴിയില്ല. പക്ഷിക്കു കൂട് വിട്ട് എവിടെയും പറക്കാം പക്ഷേ സന്ധ്യമയങ്ങുമ്പോൾ കൂട്ടിലേക്ക് പോയേ പറ്റു. രാധ എന്റെ ജീവനും, ഓടക്കുഴൽ എന്റെ ശ്വാസവും ആണ്. ഇത് രണ്ടുമില്ലെങ്കിൽ കണ്ണൻ ജീവനുള്ള ശില മാത്രമാണ്.
‘എനിക്കൊരു രാജാവിന്റെ ജീവിതം വേണ്ട. രാധയുടെ ജീവിത പങ്കാളിയായി. മുരളീ ഗായകനായി ഗോപാലകന്റെ ജീവിതം മതി. കണ്ണന്റെ വാക്കുകൾ മൂർച്ചയേറിയ ഖഡ്ഗമെന്നപോലെ ഗർഗ മുനിയുടെ ഹൃദയത്തെ കീറി മുറിച്ചു. കണ്ണൻ പോയതിനു ശേഷം ഞാൻ ഗുരുവിനടുത്തേക്ക് ചെന്നു. അദ്ദേഹത്തിന്റെ മുഖത്ത് വിഷാദം തളം കെട്ടി നിന്നു. ഒരു പരാജിതനെ പോലെ എല്ലാം നഷ്ടപ്പെട്ടു അദ്ദ്ദേഹം നിശ്ചലനായി നിന്നു.
അദ്ദേഹം എന്നോട് പറഞ്ഞു. എന്റെ എല്ലാ പ്രയത്നവും വൃഥാവിലായി. ഗോപാലകരുടെ യാദവരു ടെ എന്തിന് ഈ ലോകത്തിന്റെ തന്നെ നാഥൻ അതായിരുന്നു എനിക്ക് കണ്ണനിലെ പ്രതീക്ഷ. പക്ഷേ ഇന്ന് എല്ലാം കാറ്റിൽ പറന്നു കണ്ണന് രാധയുടെ പതിയായാൽ മാത്രം മതി.
ഗുരുനാഥാ എന്നോട് ക്ഷമിച്ചാലും. എന്തു വില കൊടുത്തും കണ്ണനെ സ്വന്തം കർത്തവ്യം ബോധ്യപ്പെടുത്തി തിരികെ കൊണ്ടു വന്നാലും, ഞാൻ ഗുരുവിന്റെ കാൽക്കൽ വീണു.
രാധേ കുഞ്ഞേ, നിനക്ക് മാത്രമേ അതിനു കഴിയുകയുള്ളു. ഞാൻ പ്രേമമാക്കുന്ന പനിനീർ മൊട്ടിൽ ചൂടുവെള്ളം ഒഴിക്കുകയാണെന്നറിയാം പക്ഷേ ലോക നന്മക്കനിവാര്യമാണ്. ലോകരക്ഷകനായ കണ്ണനെയോ നിന്റെ പതിയായ കണ്ണനെയോ വേണ്ടത്. ലോക നന്മയാണെങ്കിൽ രാധയേയും ഈ വൃന്ദാവനത്തേയും മുരളീരവത്തെയും എന്നേക്കുമായി ഉപേക്ഷിക്കാൻ പറഞ്ഞാലും.
എന്റെ കണ്ഠമിടറി മനം ഉമിത്തീയിലെന്ന പോലെ എരിഞ്ഞു. ഗുരുവിനെ നമിച്ചു ഞാൻ മടങ്ങി.
സന്ധ്യമയങ്ങി അസ്തമയ സൂര്യൻ വിഷാദത്തോടെ എന്നെ നോക്കി, ഇനി ഒരിക്കലും തിരികെ വരില്ല എന്ന് പറയും പോലെ. ഞാൻ ആശ്രമത്തിൽ എത്തി. നാളെ പുലർച്ചയ്ക്ക് കണ്ണൻ മധുരയ്ക്ക് യാത്രയാകും. ഗുരുവിനോട് യാത്ര ചോദിക്കാൻ എന്നെ കാണാൻ കണ്ണൻ ആശ്രമത്തിൽ എത്തി.
കണ്ണൻ ഗുരുവിനോടായി പറഞ്ഞു. ആചാര്യാ അങ്ങ് എനിക്ക് പൃത് സാമാനനാണ്. അങ്ങയെ സാക്ഷി നിർത്തി രാധയ്ക്ക് ഞാൻ വാക്ക് നൽകാൻ ആഗ്രഹിക്കുന്നു. രാധ എന്റെ പ്രാണനാണ് രാധ ഇല്ലാത്ത ജീവിതം അപൂർണ്ണമാണ്. തിരിച്ചു വന്ന് ഞാൻ രാധയെ മംഗല്യം ചാർത്തും.
ഞാൻ പറഞ്ഞു. കണ്ണാ എനിക്ക് നിന്റെ പ്രാണസഖി ആകാനെ കഴിയൂ ജീവിത സഖിയാകാനാകില്ല. ഇനിയൊരിക്കലും വൃന്ദാവനത്തിൽ തിരികെ വരരുത്. എനിക്ക് വാക്ക് തരൂ കണ്ണാ. കണ്ണന്റെ മുഖം വാടി. പുഞ്ചിരി മാഞ്ഞു. ചുണ്ടുകൾ വരുണ്ടു. ഇടറിയ കണ്ഠത്താൽ കണ്ണൻ പറഞ്ഞു. രാധേ ഞാൻ ഏറ്റവും സന്തോഷവാനാക്കുന്നത് യമുനാതീരത്ത് കടമ്പവ്വക്ഷച്ചുവട്ടിലിരുന്ന് ഓടക്കുഴൽ വായിക്കുമ്പോഴും, നിന്റെ പാദസാരത്തിന്റെ സംഗീതം കേൾക്കുമ്പോഴും ആണ്. ഗോവർദ്ധനഗിരിയിലെ ഇളം കാറ്റ് എനിക്ക് പ്രിയപ്പെട്ടതാണ്. രാധയില്ലാതെ, വൃന്ദാവനമില്ലാതെ, മുരളീരവമില്ലാതെ കണ്ണനില്ല.
ദൃഢനിശ്ചയത്താൽ ഞാൻ പറഞ്ഞു കണ്ണാ, നിന്റെ കർമ്മത്തിൽ ഉറച്ചു നിൽക്കണം, ജീവിതദൗത്യത്തിലാനന്ദം കണ്ടെത്തണം. ഈ രാധയേയും വൃന്ദാവനത്തേയും സംഗീതത്തേയും മറക്കണം. നമ്മുടെ വംശത്തിന്റെ രക്ഷകനാകണം. ലക്ഷങ്ങളുടെ വിളക്കാണ് നീ. അത് കെടുത്തരുത്. ഗുരുദേവന്റെ ത്യാഗവും പരിശ്രമവും പ്രണയത്തിന് ബലി കൊടുക്കരുത്.
കണ്ണന്റെ മുഖത്ത് മാറ്റത്തിന്റെ കാറ്റ് വീശി. ഗുരുദേവന്റെ കാൽക്കൽ നമസ്കരിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു. ആചാര്യാ എന്നോട് ക്ഷമിച്ചാലും പ്രണയം എന്നെ അന്ധനാക്കി. എന്റെ ജീവിത ദൗത്യം അത് ഞാൻ നിറവേറ്റും.
രാധേ ഞാൻ സത്യം ചെയ്യുന്നു ഇനി ഞാൻ വൃന്ദാവനത്തിലേയ്ക്ക് വരില്ല. പക്ഷേ ഈ ഓടക്കുഴൽ അത് എന്റെ ആത്മാവാണ് വൃന്ദാവനവും രാധയുമില്ലാതെ ഇതിനു പാടാനുമാകില്ല. കണ്ണാ ആ ഓടക്കുഴൽ എനിക്കു തന്നാലും. കണ്ണന്റെ അസാനിധ്യത്തിൽ എനിക്കൊരു കൂട്ടാകുമല്ലോ, ജീവിക്കാൻ ഒരു പ്രേരണ.
പടയാളിയുടെ കൈകളിൽ ആയുധമാണ് വേണ്ടത് ഓടക്കുഴലല്ല. പക്ഷേ എന്നിലെ സംഗീതം അതിനെ നശിപ്പിക്കാൻ എനിക്കാവില്ല. അതിനാൽ എല്ലാ പൂർണ്ണചന്ദ്രനിലെ രാത്രികളിലും ഈ ഓടക്കുഴലുമായി ധ്യാന മഗ്നയാകണം നീ നിന്നിലൂടെ ഞാൻ ഗാനം ആലപിക്കും. രാധേ ഈ ഓടക്കുഴൽ എന്റെ ഹൃദയം തന്നെയാണ് സൂക്ഷിച്ചാലും.
തന്റെ തലപ്പാവിലെ മയിപ്പീലി തലോടിക്കൊണ്ട് കണ്ണൻ പറഞ്ഞു. രാധേ എന്നും പ്രഭാതത്തിൽ നീ ച്ചൂടിത്തരുന്ന ഈ പീലി വെറും മയിൽപ്പീലിയല്ല. എനിക്ക് അത് നീ തന്നെയാണ്. എന്റെ രാധ. എന്നും രാധ എന്നോടൊപ്പം ഉണ്ടാകും.
കണ്ണന്റെ വലതുകണ്ണിൽ കണ്ണീർ തുളുമ്പുന്നുണ്ടായിരുന്നു. കണ്ണൻ യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു. കണ്ണനെ നോക്കി ഗർഗ മുനി പറഞ്ഞു. രാധേ മനുഷ്യൻ ഏറ്റവും അധികം വേദനിക്കുന്നത് എപ്പോഴെന്ന് അറിയുമോ, തനിക്കു ഏറ്റവും പ്രിയപ്പെട്ടവരുടെ യാത്ര കാണുമ്പോൾ, ഇനി അവർ ഒരിക്കലും തിരിച്ചു വരില്ലെന്ന് അറിയുമ്പോൾ.
ഗുരുനാഥാ എനിക്ക് കണ്ണന് ഈ ലോകത്തേയ്ക്ക് വച്ച് ഏറ്റവും പവിത്രമായ സ്നേഹം നൽകണം. സ്നേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ഭാവം ഏതാണെന്ന് പറഞ്ഞാലും ആചാര്യാ.
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ


8 Comments
മനോഹരം
നല്ല വിവരണം,കണ്ണനെ രാധയിലൂടെ കണ്ടൂ 😍
Thank you so much
മനോഹരം.
👍❤
Thank you so much
🙏👍🤳
Thank you so much
നന്ദി….. സന്തോഷം….. കടപ്പാട്