🌹🌹🌹🌹🌹🌹🌹🌹
ശങ്കറിന്റെ അമ്മ ലക്ഷ്മിയമ്മ അയാളോട് വരാൻ പറഞ്ഞു കമ്പി അടിക്കുന്നു.
ഇന്നത്തേപോലെ ഫോൺ സൗകര്യമൊന്നും അന്നത്തെ കാലത്തുണ്ടായിരുന്നില്ല.
ശങ്കർ വേവലാതിപ്പെട്ടു. എന്തായിരിക്കും അമ്മ വരാൻ പറഞ്ഞിരിക്കുന്നത്. ഇനി തറവാട്ടിൽ ആർക്കെങ്കിലും വല്ല അസുഖമോ മറ്റോ?
അയാൾ ഓഫീസിൽ പോയി ലീവിന് എഴുതി കൊടുത്ത് നാട്ടിലേയ്ക്ക് പുറപ്പെട്ടു.
ട്രെയിനിൽ ഇരിക്കുമ്പോൾ ആ മനസ്സ് അസ്വസ്ഥമായിരുന്നു. ട്രെയിനിനു വേഗം പോരെന്നു അയാൾക്കു തോന്നി.
ട്രെയിൻ ഒരു കുലുക്കത്തോടെ ഏതോ സ്റ്റേഷനിൽ നിന്നു. കുറേ പേർ ഇറങ്ങുക
യും കുറേ പേർ കയറുകയും ചെയ്യുന്നു.
ഇറങ്ങിയതിന്റെ ഇരട്ടി ആളുകൾ കയറിയതുകൊണ്ട് ആളുകൾ സ്ഥലമില്ലാതെ അവിടേയും ഇവിടേയും നിൽക്കയാണ്.
സന്ധ്യയോടടുത്തപ്പോൾ ട്രെയിൻ വിശാലമായ ഒരു ഗുഹക്കുള്ളിലൂടെ
കടന്നു പൊയ്ക്കൊണ്ടിരുന്നു.
ഗുഹവീട്ടു കഴിഞ്ഞപ്പോൾ ശൂന്യതകളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഇലകൾ കൊഴിഞ്ഞ മരങ്ങളുടെ അപ്പുറത്ത് സന്ധ്യാകാശം ചുവന്നു തുടുക്കുന്നു.
പകൽ നേരമാണെങ്കിൽ പുറത്തെ കാഴ്ചകളെങ്കിലും നോക്കിയിരിക്കാമായിരുന്നു.
സന്ധ്യയായപ്പോൾ വണ്ടിയുടെ വാതിലുകളെല്ലാം കൊട്ടിയടച്ചു. വണ്ടിയുടെ
കുലുക്കവും മനസ്സിന്റെ പിരിമുറുക്കവും കാരണം എങ്ങിനെ ഉറങ്ങാൻ കഴിയും.
നേരം പുലർന്നു. ശങ്കറിന് ഇറങ്ങാനുള്ള സ്ഥലം അടുത്തു. വണ്ടി ഒരു
കുലുക്കത്തോടെ നിന്നു.
ശങ്കർ ട്രെയിൻ ഇറങ്ങി ഒറ്റയടിപ്പാതയിലൂടെ വേഗത്തിൽ നടന്നു.
പരിചയമുള്ള മുഖങ്ങൾ പലതും കണ്ടെങ്കിലും അവരോടെല്ലാം ഒന്ന് കുശലം പറഞ്ഞു അയാൾ നടന്നു.
സന്ധ്യാസമയത്ത് കൂടണയുവാനായി വന്ന പഞ്ചവർണ്ണക്കിളികൾ കാഹളം മുഴക്കി പറന്നു പോകുന്നത് പോലെ പല നിറങ്ങളോടു കൂടിയ മേഘങ്ങൾ അങ്ങകലെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു.
വിദൂരയിലേയ്ക്ക് പറന്നുപോയ പക്ഷികൾ സന്ധ്യക്ക് കൂടണഞ്ഞ് പുലർച്ചെ പറന്നുയരുന്ന പോലെ ഓർമ്മകൾ മനസ്സിൽ ചിറകിട്ടടിച്ച് തിരിച്ചു വരുന്നു.
അയാൾ ഓർത്തു അമ്മ ഇന്നലെ ഒരുപോള കണ്ണടച്ചിട്ടുണ്ടാകില്ല. താനെന്ന സ്വപ്നങ്ങളെ താലോലിച്ചു കൊണ്ട് മിഴികൾ തുറന്നു കിടക്കും.
പടിക്കലേയ്ക്ക് തന്നെ മിഴികൾ പായിച്ചു ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുന്ന ലക്ഷ്‌മിയമ്മ ശങ്കർ വരുന്നത് കണ്ട് പടിക്കലേക്ക് വേഗത്തിൽ ചെല്ലുന്നു.
അമ്മയുടെ ചിരിക്കുന്ന മുഖവും തിളക്കമാർന്ന കണ്ണുകളും കണ്ടപ്പോൾ ശങ്കറിന്റെ ശ്വാസംനേരെ വീണു. പിന്നയാൾ അമ്മയോടൊന്നും ചോദിച്ചില്ല.
ശാലീന സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ആ ദേശം അയാൾക്കൊരു ഹരമായിരന്നു. ആ ദേശത്തിന്റെ ജന്മികുടുംബത്തിന്റേയും അവിടെയുള്ള ജനങ്ങളുടെ ജീവിത പശ്ചാത്തലവുമാണ് ഈ കഥ.
നൂറ്റാണ്ടുകൾക്കു മുമ്പുള്ള ഒരു തറവാടിന്റെ സൗഹൃദത്തിന്റേയും ഐക്യതയുടേയും സ്നേഹത്തിന്റെയും അതിനെ തുടർന്നുള്ള അനുഭവങ്ങളും
ആണ് ഈ കഥയിലെ പ്രമേയം.
ഇനി തറവാടിന്റെ ഉള്ളറയിലേയ്ക്കും അവിടെയുള്ളവരുടെ ഉൾത്തുടിപ്പുകളിലേ ക്കും സമൂച്ഛയത്തിലൂടേയും ഒന്ന് എത്തിനോക്കാം.
നൂറു വർഷത്തിൽ അധികം പഴക്കം ഉള്ള ആ തറവാട്ടിലേയ്ക്ക് പോകുന്ന വഴിയിൽ അപൂർവ്വമായ ഒരു നീല ചെമ്പരത്തി സ്വാഗതമോതുന്ന മുഖ്യകവാടത്തിന്റെ ഇടതു വശത്തായി നിറയെ പൂത്തു നിൽക്കുന്നു.
നിറയെ പൂത്തുനിൽക്കുന്ന അശോകമരം വഴിയുടെ രണ്ടു ഭാഗത്തും
അടുപ്പിച്ചടുപ്പിച്ചു നിൽക്കുന്നു.
തണലിനായി വെച്ചുപിടിപ്പിച്ച മാവ്, പ്ലാവ്, വേപ്പ്, തെങ്ങ്, എന്നീ വൃക്ഷങ്ങളും
ഉണ്ട്. അതിനാൽ വെയിലിന്റെ ചൂട് അല്പം പോലും തട്ടുകയില്ല.
ആകെ ശീതികരിച്ച ആ വഴിയിൽ കൂടി നേരെ പോയാൽ പടിപ്പുരയിൽ എത്തും. രണ്ടു നിലകളുള്ള ആ പടിപ്പുരയുടെ മുകൾനിലയിലാണ് തറവാട്ടിലെ കാര്യസ്ഥൻ ഗോവിന്ദൻ.
പടിപ്പുര കടന്നാൽ ചൊല്ലുന്നത് മനോഹരമായ പൂന്തോട്ടത്തിലേക്കാണ്. പൂന്തോട്ടത്തിൽ സുഗന്ധം വമിക്കുന്ന പലതരത്തിലുള്ള പുഷ്പങ്ങളും മനോഹരങ്ങളായ ജലധാരകളുമുണ്ട്.
അതിലൂടെയാണ് മംഗലം തറവാടിന്റെ നാലുകെട്ടിലേയ്ക്കുള്ള വഴി. വഴിയുടെ ഇരുഭാഗത്തുമുള്ള വേലിയിൽ കൗതുകമുള്ള ഓരോ ലതകൾ പടർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്. നാലുകെട്ടിന് വലിയ വിസ്താരമുള്ള പൂമുഖവും തെക്കിനിയും,നടുമുറ്റവും വടിക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിരി, എന്നിവയും, വലിയൊരു അടുക്കളയും തട്ടിൻപുറവും, നിലവറയും, ആട്ടുകട്ടി
ലും, ധാരാളം മുറികളുമുണ്ട്.
ഇടന്നാഴിയുടെ വലത്തും ഇടത്തും ഭാഗത്ത് രണ്ടു ഗോവണികൾ മുകളിലേക്ക് പോകുന്നുണ്ട്.
കയറി ചെല്ലുമ്പോൾ തന്നെ വിശാലമായ ഒരു മുറിയാണ്. ചുറ്റും വരാന്തയും
ചുമർ നിറയെ കലമാൻ കൊമ്പുകളും, പുലിത്തോൽ കൊണ്ടുണ്ടാക്കിയ
സാധനങ്ങളും വെച്ചിട്ടുണ്ട്.
ഈ മുറി പുറമേ നിന്നും വരുന്നവർക്ക് താമസിക്കാനുള്ളതാണ്. നിലവറയിൽ
ഒട്ടേറെ പഴയ ശില്പങ്ങളും കളിമൺ പാത്രങ്ങളും, വലിയ വിളക്കുകൾ, ചരക്കുകൾ, വലിയ ഉരുളികൾ ഓട്ടുപാത്രങ്ങൾ, വെള്ളിപാത്രങ്ങൾ എന്നിവയും നിരത്തിയിട്ടുണ്ട്.
പിന്നെ നാലു കാലുകളുള്ളതും അകത്ത് ഒട്ടേറെ അറകളുള്ളതും പിച്ചള അലങ്കാരങ്ങളാൽ ചന്തം ചാർത്തിയതുമായ പെട്ടി. അതിലാണ് ആഭരണങ്ങളും, പണവും ആധാരവുമെല്ലാം സൂക്ഷിക്കുന്നത്.
വീടിന്റെ പ്രധാന ആകർഷകമായ അടുക്കള. അടുക്കളയിൽ വിറക് അടുപ്പ് ആണ്. പാചകത്തിനുള്ള വിറക് തൊടിയിൽ തന്നെയുണ്ട്.
നാലുപുരയുടെ വടക്കു ഭാഗത്ത് പത്തായപ്പുരയാണ്. വലിയൊരു പൂമുഖവും അകത്തളങ്ങളിൽ ശ്രദ്ധേയമായ കൊത്തു പണിയോടു കൂടിയ കട്ടിളപ്പടികളും വാതിലുകളും മുകളിലേയ്ക്ക് കയറാൻ ശില്പഭംഗിയുള്ള ഗോവണികൾ ശില്പികളുടെ
വൈദഗ്ദ്യത്തെ വിളിച്ചറിയിക്കുന്നു.
ചുവരുകളിൽ ജീവൻ തുടിക്കുന്ന കാളിയമർദ്ദനം, അനന്തശയനം, കൃഷ്ണന്റെ ബാലലീല ചിത്രങ്ങൾ എന്നിവയും വരച്ചു വെച്ചിട്ടുണ്ട്.
വീടിനു പുറകിലെ വേപ്പുമരങ്ങളിൽ വീണ്ടും ഇലകൾ തളിർത്ത് ശൈത്യകാലം അവസാനിക്കുകയും ആകാശം കരിനീലയായി തെളിയുകയും ചെയ്തു.
വേപ്പു മരത്തിന്റെ വടക്കു ഭാഗത്തായി സർപ്പക്കാവുണ്ട്. ചിത്രകൂടക്കല്ലുകളും, നാഗവിഗ്രഹങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരത്തിനു തണലിൽ നിലകൊള്ളുന്നു.
സർപ്പകാവിനോട് ചേർന്ന് ഭംഗിയായി കെട്ടിപ്പടുത്ത ഒരു ചെറിയ കുളമുണ്ട്. അത് സർപ്പങ്ങൾക്ക് കുളിക്കാനും, കുടിക്കാനും, നീന്തിതുടിക്കാനുമാണ്.
ഇടക്കിടെ അവിടേയും ഇവിടെയുമായി സ്വർണ്ണക്കളറിൽ ഉള്ള പാമ്പിൻ
കുഞ്ഞങ്ങളെ കാണാറുണ്ടത്രേ.
മാനംമുറ്റേ വളർന്നു നിൽക്കുന്ന മരങ്ങളും ആകാശത്തിൽ നിന്നും ഇറങ്ങി വന്നതോ എന്നു തോന്നുമാറ് മരത്തിൽ തൂങ്ങി നിൽക്കുന്ന വള്ളികളും ഇടതൂർന്നു നിൽക്കുന്ന ചെടികളും, പലതരം കാട്ടുപൂക്കളും
മേൽക്കുമേൽ കൂടികിടക്കുന്ന കരിയിലകളും കൊണ്ട് അവിടം നിബിഡമാണ്.
തിങ്ങി നിറഞ്ഞ മരങ്ങളും വള്ളിക്കുടിലുകളും കൊണ്ട് അവിടമാകെ ഇരുട്ടു മൂടി പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ്.
കന്നിയിലേയോ, വൃശ്ചികത്തിലേയോ ആയില്യത്തിന് വെള്ളരിയിടലും നാലോ അഞ്ചോ വർഷം കൂടുമ്പോൾ സർപ്പം പാട്ടും സർപ്പം തുള്ളലും നടത്താറുണ്ട്.
നാലുകെട്ടിന്റെയും പത്തായപ്പുരയുടേയും ഇടയിൽ വിചിത്രമായ രീതിയിൽ പണികഴിപ്പിച്ച ഒരു ചെറിയ താമരക്കുളമുണ്ട്. ആ ചെറിയ ജലാശയത്തിലെ നിർമ്മലമായ ജലാശയത്തിൽ ചുവന്നു സ്വർണ്ണവർണ്ണ മായതും, ചാരനിറത്തിലുള്ളതും മറ്റനേകം ചെറുമത്സ്യങ്ങളും ഉണ്ട്.
അതിൽ വളർന്നു നിൽക്കുന്ന ജലജങ്ങളായ ചില ചെടിയുടെ ഇടയിൽ കൂടി അവ കൗതുകകരമാകും വണ്ണം നീന്തി കളിക്കുന്നു.
തറവാട്ടിലെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കളിക്കാനായി രണ്ടു വലിയ പടുത്ത കുളവും ഉണ്ട്.
കുട്ടികൾ വാഴപ്പിണ്ടി വെട്ടി അതിന് മുകളിൽ കിടന്നാണ് നീന്തൽ പഠിക്കുക. കുളത്തിൽ നീന്തി തുടിച്ചു അവർ ആനന്ദം കണ്ടെത്തുന്നു.
പാടത്തിനു നടുവിലായി പൊതുജനങ്ങൾക്ക് കുളിക്കാനും അലക്കാനുമായി ഒരു വലിയ കുളവും പാടത്തിന്നരികിലായി നാൽക്കാലികളെ കഴുകുവാനായി ചെറിയൊരു കുളവുമുണ്ട്.
ദേശത്തിലെ ജന്മികുടുംബമായതുകൊണ്ട് ദേശത്ത് നടക്കുന്ന ഏത് കാര്യങ്ങൾക്കും പ്രഥമ സ്ഥാനം ആ തറവാടിന് ആണ്.
വേലയും പൂരവുമെല്ലാം പുറപ്പെട്ടു പോകുന്നത് ആ തറവാട്ടിൽ നിന്നാണ്. എല്ലാ ചടങ്ങുകളും ആരംഭിക്കുന്നതും അവിടെ നിന്നു തന്നെയാണ്.
ആ ദേശത്തെ ഉത്സവങ്ങൾ ദേശത്തെ നായർ എത്തിയോ എന്ന് വിളിച്ചു ചോദിച്ച് എത്തിയ ശേഷമേ ചടങ്ങ് ആരംഭിക്കു.
ഇനി തറവാട്ടിലെ അംഗങ്ങളുടെ പച്ചയായ ജീവിത തുടിപ്പുകളിലേയ്ക്കും ആ തറവാടിന്റെ സമുച്ചയത്തിലേയ്ക്കും ഒന്ന് കടക്കാം.
ശങ്കറിന് അമ്മയും അച്ഛനും രണ്ടു അമ്മാവന്മാരും ( വലിയമ്മാമ, ചെറിയമ്മാമ ) അവർക്ക് രണ്ടാൾക്കും രണ്ടു മക്കളും, ഒരു വലിയമ്മയും ആണ് ആ തറവാട്ടിൽ.
ശങ്കരൻ പോലീസ് ഡിപ്പാർട്മെന്റിൽ കമ്മീഷണർ ആണ്. നോർത്ത് ഇന്ത്യയിൽ ആണ്.
വളരെ ചെറുപ്പത്തിലേ നാടുവിട്ടതാണ്. അമ്മക്ക് ഏക മകനായ ശങ്കരനെ വല്ലപ്പോഴുമേ ഒന്ന് കാണാൻ കിട്ടു.
സ്വർണ്ണനിറമുള്ള തടിച്ച ശരീരവും കുടവയറും, കാതിൽ ചുമന്ന കല്ലുവെച്ച കടുക്കനും, കഴുത്തിൽ സ്വർണ്ണം കെട്ടിച്ച രുദ്രാക്ഷമാലയും, ഇരു കൈവിരലുകളിലും മോതിരവും നെറ്റിയിൽ ചന്ദനക്കുറിയുമിട്ട് ഉമ്മറത്തെ ചാരുകസേരയിൽ വശ്യമായ പുഞ്ചിരിയോടെ ഇരിക്കുന്ന വലിയമ്മാമൻ.
വലിയമ്മാമന്റെ ആദ്യ ഭാര്യ നളിനി മരിച്ചു. വസൂരി ബാധിച്ചാണ് മരണം.
അതിനു ശേഷം വിവാഹം കഴിച്ചത് അമ്മയുടെ ആങ്ങളയുടെ രണ്ടാമത്തെ മകളായ മൃദുലയെ. (നളിനിയുടെ അനുജത്തി)
അവർക്ക് രണ്ടു മക്കളാണ്. ഒരാണും ഒരു പെണ്ണും. മകൻ പൂനയിൽ ഇലട്രിക് സിറ്റി ഓഫീസിൽ എഞ്ചിനിയർ ആണ്. മകൾ വിവാഹിതയും ഒരു പെൺകുട്ടിയുടെ മാതാവുമാണ്. ഭർത്താവ് ബോംബെ യിൽ വിജിലൻസിൽ ജോലി ചെയ്യുന്നു.
തറവാട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി നടത്തുന്ന വലിയമ്മാമ കർക്കശക്കാരനും അതോടൊപ്പം സ്നേഹമുള്ളവനുമാണ്.
ഐക്യതയുടേയും, ഒരുമയുടേയും, സ്നേഹത്തിന്റെയും, തറവാടിത്തത്തിന്റേയും
ഉത്തമോദാഹരണമാണ് മംഗലം തറവാട്.
വലിയമ്മാമയെ എല്ലാവർക്കും ബഹുമാനവും പേടിയുമാണ്. ആ തറവാട്ടിൽ ഒരുപാട് പണിക്കാരുണ്ട്.
അതിനു ചുവടെയാണ് ചെറിയമ്മാമൻ. തറവാട്ടു വക സ്കൂളിലെ മാഷാണ്. ഭാര്യ സുമിത്ര. ശാലു, മീനു എന്നിങ്ങനെ രണ്ടു പെൺമക്കളാണ്. രണ്ടുപേരും ടീച്ചർ ആണ്. വിവാഹിതരും. എല്ലാവരും നാട്ടിൽ തന്നെയാണ്.
ചെറിയമ്മാമ നല്ലൊരു ഗായകനും ആർട്ടിസ്റ്റും കൂടിയാണ്.
ശങ്കരന്റെ അമ്മ പതിനഞ്ചു വയസ്സിൽ വിവാഹം കഴിഞ്ഞു. അച്ഛൻ ഗോവിന്ദൻ നായർ മിലിട്ടറിയിൽ ആയിരുന്നു. ഓരോ സ്ഥലത്തേക്കും സ്ഥലം മാറ്റം കിട്ടുമ്പോൾ ഭാര്യയേയും കൂടെ കൊണ്ടുപോകും.
വിവാഹം കഴിഞ്ഞ് പത്തു വർഷം കഴിഞ്ഞിട്ടാണ് ശങ്കർ ജനിച്ചത്. ശങ്കറിന് നാലു വയസ്സുള്ളപ്പോൾ അവർ നാട്ടിൽ സ്ഥിരമായി. കുട്ടിയുടെ വിദ്യാഭ്യാസം നാട്ടിലാവണമെന്ന് ലക്ഷ്മിയമ്മക്ക് നിർബന്ധമുണ്ടായിരുന്നു.
ശങ്കർ അഞ്ചിൽ പഠിക്കുമ്പോഴാണ് അവന്റെ അച്ഛൻ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടത്.
ഇന്ത്യൻ നാവിക സേനയുടെ വിമാനത്തിൽ ആ ബോഡി സൈനികരുടെ അകമ്പടിയോടെ കൊണ്ടുവന്നിറക്കിയപ്പോൾ ആ തറവാട്ടിൽ നിന്നും ഉയർന്നു കേട്ട നിലവിളി നീലവാനിൽ അലിഞ്ഞു ചേർന്നു.
അച്ഛനില്ലാത്ത കുറവ് അറിയിക്കാതെ ആ രണ്ട് അമ്മാവന്മാരും കൂടി അവനെ വളർത്തി. അവന് ഉന്നത വിദ്യാഭ്യാസം നേടിക്കൊടുത്തു.
വലിയമ്മാമൻ തന്റെ ഭക്ഷണവേളയിൽ എല്ലാവരേയും ഒപ്പമിരുത്തി തമാശകൾ പറഞ്ഞ് അവരെ ചിരിപ്പിക്കുമായിരുന്നു.
ലക്ഷ്മിയമ്മയുടെ മുഖത്തു മാത്രം സദാ ദുഖം ഓളം വെട്ടിക്കൊണ്ടിരുന്നു.
ഇത്തരം തമാശകൾ കേൾക്കാനും അവ ഉയർത്തുന്ന പൊട്ടിച്ചിരിയിൽ പങ്കുകൊള്ളാനോ അവരുടെ തേങ്ങുന്ന ഹൃദയത്തിന് കഴിയുമായിരുന്നില്ല.
വലിയമ്മ എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു മാറും. ചെമ്പകപ്പൂവിന്റെ നിറവും തുടുത്ത കവിൾത്തടവും സമൃദ്ധമായ തലമുടിയും ചന്ദ്രക്കലപോലെയുള്ള നെറ്റിത്തടവും മാൻപേട പോലെയുള്ള കണ്ണുകളും ആരേയും ആകർഷിയ്ക്കും.
ഇത്രയും സൗന്ദര്യമുള്ള ഇവർ എന്താണ് സദാ സമയവും മ്ലാനവതിയാകുന്നത്.
ശങ്കർ പലവട്ടം ആലോചിച്ചിട്ടുണ്ട്.
എന്നാൽ അതിനൊരു ഉത്തരം കണ്ടെത്താൻ അവനായില്ല. അവർ വിവാഹം കഴിച്ചിട്ടില്ല. ഒരുപാട് ആലോചനകൾ വന്നതാണ്. അവർ സമ്മതിക്കുന്നില്ല. കുട്ടികളായ ഞങ്ങളോട് പോലും അവർ അടുപ്പം കാണിക്കില്ല.
രണ്ടു അമ്മാമൻമാരുടേയും ഭാര്യമാർ അവരുടെ വീട്ടിലാണ്. അന്നൊക്കെ മരുമക്കത്തായ സമ്പ്രദായം ആണല്ലോ?..
കുട്ടികളുടെ സ്കൂൾ അവധിയിലും, വിശേഷ ദിവസങ്ങളിലുമാണ് അവർ തറവാട്ടിലേയ്ക്ക് വരൂ.
ബാക്കി ദിവസങ്ങളിൽ രാത്രിയായാൽ അമ്മാമന്മാർ ഭാര്യ വീട്ടിലേയ്ക്ക് പോകും.
രാവിലെ തന്നെ തറവാട്ടിൽ തിരിച്ചെത്തും.
എല്ലാവരും പരസ്പരം ബന്ധത്തിൽ നിന്നു തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. സ്വത്ത് അന്യാധീനപ്പെട്ടു പോകാതിരിക്കാൻ വേണ്ടിയാണിത്.
ഒരു ദിവസം ശങ്കർ ലീവിൽ വന്ന സമയം അവൻ വലിയമ്മയേയും കൂട്ടി ചെറിയൊരു തീർത്ഥാടനത്തിന് പോയി. ആരുമില്ലാത്ത അവരെ സന്തോഷിപ്പിക്കുക എന്നത് തങ്ങളുടെ കടമയല്ലേ?….
അങ്ങിനെ അവർ രണ്ടുമൂന്നു ക്ഷേത്രങ്ങളിൽ പോയി.
ഈ അവസരത്തിലാണ് വലിയമ്മ തന്റെ ദുഃഖ രഹസ്യം ശങ്കറിനോട് വെളിപ്പെടുത്തി.
ആരുമറിയാത്ത ആ രഹസ്യത്തിന്റെ ചുരുൾ ശങ്കറിനോട് പങ്കുവെച്ചപ്പോൾ ആ മനസ്സിന് ഒരു ആശ്വാസം തോന്നി.
വലിയമ്മക്ക് ഒരു സ്നേഹബന്ധം ഉണ്ടായിരുന്നുവത്രേ. അവർ അത് മനസ്സിലിട്ടു താലോലിച്ചു കൊണ്ടു നടന്നു. അവർക്കല്ലാതെ ഈ രഹസ്യം മറ്റാർക്കും അറിയില്ല.
അങ്ങിനെ ഇരിക്കുമ്പോഴാണ് ആ പയ്യന് ക്യാൻസർ എന്ന ഭീകരരോഗം പിടികൂടുന്നതും അയാൾ മരിക്കുന്നതും.
ഇത് വലിയമ്മക്ക് വലിയൊരു ഷോക്ക് ആയി. ഒരു പൂമ്പാറ്റയെ പോൽ പാറി നടന്ന് ആർത്തുല്ലസിച്ച് നടന്നിരുന്ന അവർ പെട്ടന്നൊരു ദിവസം മൗനിയായപ്പോൾ ആർക്കും അതിന്റെ കാരണം മനസ്സിലായില്ല.
എല്ലാവരും അവരുടെ ഈ മാറ്റത്തിന്റെ കാരണം അറിയാതെ വിഷമിച്ചു. ആരും കാണാതെ കണ്ണീരും കയ്യുമായി അവർ ദിവസങ്ങൾ കഴിച്ചു കൂട്ടി.
അവർക്ക് ശങ്കറിനെ വലിയ ഇഷ്ടമായിരുന്നു. ഭക്തിയും തീർത്ഥാടനവും ഏറെ ഇഷ്ടമുള്ള അവരേയും കൂട്ടി ശങ്കർ പലപ്പോഴും അമ്പലങ്ങളിൽ പോകും. അവരുടെ നീറുന്ന മനസ്സിന് അല്മെങ്കിലും ആശ്വാസം കിട്ടുമല്ലോ?….
തറവാട്ടിൽ ഉള്ളവരെല്ലാം ഇന്ന് ഉന്നതനിലയിൽ തന്നെ ജീവിക്കുന്നവരാണ്.
ആ വീട്ടിലെ വേറൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ
പാചകത്തിനുള്ള അരി വലിയമ്മാമൻ പത്തായത്തിൽ നിന്നും അളന്നു കൊടുക്കും.
പാചകം കഴിഞ്ഞാൽ എല്ലാവരും എത്തിയശേഷം വട്ടം തട്ടിയിരുന്നു ഭക്ഷണം കഴിക്കും. ഭക്ഷണ ശേഷം പണിക്കാർക്കുള്ള ഭക്ഷണവും, കഴുകാനുള്ള പാത്രങ്ങളും പുറത്തേയ്ക്ക് വച്ചു കൊടുക്കും.
അതിനുശേഷം എല്ലാവരും കൂടി കിഴക്കിനിയിൽ ഇരുന്നു ഗംഭീര വട്ടമേശ സമ്മേളനമാണ്. കളിയും ചിരിയും തമാശയും പാട്ടും വയലിനുമായി തങ്ങളുടെ സന്തോഷം പങ്കുവെയ്ക്കുന്നു.
മേടം ഇടവം മാസങ്ങളിൽ വീശിയടിക്കുന്ന തെക്കൻ കാറ്റിൽ ഇടവപാതി മഴ ഉറഞ്ഞു പെയ്യുമ്പോൾ തൊടിയിൽ മാമ്പഴം തുരു തുരാ ഉതിരുന്നതും അതു പെറുക്കാനായി അടിയാന്മാരുടെ കുട്ടികൾ മത്സരിച്ചോടുന്നതും കണ്ടിരിക്കാൻ നല്ല രസമാണ്.
ആ വീട്ടിലെ വിശ്വസ്ത സേവകനാണ് ഗോവിന്ദൻ. രോഗിയായ ഭാര്യയും കാലിനു സ്വാധീനമില്ലാത്ത മകളുമാണ് അയാളുടെ സമ്പാദ്യം.
തറവാട്ടിൽ നിന്നും കിട്ടുന്ന വരുമാനമാണ് ഗോവിന്ദന്റെയും കുടുംബത്തിന്റേയും ഏക ആശ്രയം.
ഗോവിന്ദന്റെ കഷ്ടതയിൽ മനമലിഞ്ഞ തറവാട്ടുകാർ അയാൾക്ക് അര ഏക്കർ സ്ഥലവും അതിൽ സാമാന്യ വലുപ്പമുള്ള ഒരു വീടും നിർമ്മിച്ചു കൊടുത്തു.
പകൽ മുഴുവൻ തറവാട്ടിലെ കാര്യങ്ങളും നോക്കി നടത്തി പടിപ്പുരയുടെ മുകൾ നിലയിലിരുന്ന് പക്ഷികളുടെ വിസ്മയിപ്പിക്കുന്ന ശബ്ദങ്ങളും, പുറത്തെ മനോഹാരിത നിറഞ്ഞ കാഴ്ചകളും നോക്കി അയാളിരിക്കും.
മാസങ്ങളും ദിവസങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നു. മേടമാസം വന്നെത്തി.
കൃഷിക്കുള്ള ഒരുക്കങ്ങൾ തറവാട്ടിൽ ആരംഭിച്ചു.
കൃഷിയുടെ വിളവെടുപ്പ് നടത്തുന്നത് ഓഗസ്റ്റ് സപ്തെമ്പർ മാസത്തിലാണ്. ഇതാണ് പുഞ്ചകൊയ്ത്ത്.
ഈ കൊയ്ത്തു കഴിഞ്ഞാൽ പിന്നെ ചിരുതയ്ക്കും നീലിയ്ക്കും പിടിപ്പതു പണിയാണ്.
വലിയ ചെമ്പുപാത്രത്തിൽ നെല്ല് പുഴുങ്ങലും അതു വെയിലത്ത് ഇട്ടു ഉണക്കി കുത്തി അരിയാക്കലും വൃത്തിയാക്കി പത്തായത്തിൽ ഇടലും മറ്റുമാണ്.
കൊയ്ത്തു കഴിഞ്ഞാൽ ആ പുഞ്ചനെല്ലുകൊണ്ട് കൈകൊണ്ട് കുത്തിയിടിച്ച അവിൽ പണിക്കാരിൽ ചിലർ തറവാട്ടിലേയ്ക്ക് കൊണ്ടുവരും.
കൈകൊണ്ട് കുത്തിയുണ്ടാക്കുന്ന ആ അവിലിന് ഒരു പ്രത്യേക സ്വാദാണ്.
അവർക്ക് യജമാനന്മാർ അവകാശമായി നെല്ലും അരിയും, കാശും കൊടുക്കുന്നു.
പിന്നീട് മകര കൊയ്ത്ത് ആണ്. അത് ആവേശകരവും രസകരവുമാണ്.
കന്നിമാസത്തിൽ ഞടീൽ പെണ്ണുങ്ങളും, ആണുങ്ങളും വയലിൽ നിരനിരയായി നിന്ന് ഞടീൽ തുടങ്ങുന്നതിനോടൊപ്പം ഞടീൽ പാട്ടും തുടങ്ങും.
കൊയ്ത്തു പാട്ടുപോലെ തന്നെ ഞടീലിനിടയിലും പുലയരുടെ ഇടയിൽ പാട്ടുണ്ട്. ഇതിനെ ആൺ പാട്ടൊന്നു പറയും.
ഇങ്ങിനെ പാടുന്നത് പണിയുടെ കടുപ്പത്തിന് അയവു വരുത്താനും താളം നിലനിർത്താനുമാണ്.
കോരൻ പാടുന്നു മറ്റുള്ളവർ അതേറ്റു പാടുന്നു. പാടത്തു പണി തുടങ്ങിയാൽ വലിയമ്മാമയ്ക്ക് ഇരിക്കപൊറുതി ഇല്ല.
കാലത്തു നേരത്തെ വെള്ളച്ചോറും തൈരും കാന്താരി മുളകും, കടുമാങ്ങ, കയ്പ്പയ്ക്ക കൊണ്ടാട്ടം, കനലിൽ ചുട്ട പപ്പടം എന്നിവ കൂട്ടി നാഴി അരി ചോറും ഉണ്ട് ഏമ്പക്കവുമിട്ട് രണ്ടാം മുണ്ടുമിട്ട് കാലൻകുടയും നിവർത്തിപ്പിടിച്ച് പാടത്തേയ്ക്ക് ഒരു നടത്തമാണ്.
ആയിരം സൂര്യചന്ദ്രന്മാർ ഒന്നിച്ച് ഉദിച്ചതുപോലെയുള്ള മുഖത്തോടെ പോകുന്ന വലിയാമ്മാമൻ ചെറിയമ്മാമനോട് വിളിച്ചു പറയുന്നു.
കുട്ടാ നീ വരുമ്പോൾ ആ വലിയ തൂക്കുപാത്രം നിറയെ സംഭാരം കൂടി എടുത്തോളൂട്ടോ.
സംഭാരവുമായി പോയ ചെറിയമ്മാമനും വലിയമ്മാമയും കൂടി കാവൽ മാടത്തിൽ കയറിയിരുന്ന് രസകരമായ ഞടീൽ കാഴ്ചയും, കർണ്ണാനന്ദമായ പാട്ടും കേട്ട് താളമടിച്ചു രസിച്ചിരിക്കുന്നു.
പാട്ടിനൊപ്പം അങ്ങകലെ ഇലഞ്ഞിമര ചില്ലയിലിരുന്ന് കുയിലുകൾ മധുരഗാനം പൊഴിക്കുന്നു.
പാടത്തിന്റെ അക്കരെയുള്ള പൂമര ചില്ലകൾ ഇളം കാറ്റിൽ ചലിച്ചുകൊണ്ടിരിക്കുന്നു.
വെയിലും മഴയും അറിയാതെ അവർ പണി തുടർന്നു കൊണ്ടേ ഇരിക്കുന്നു.
പരിസരം പോലും മറന്ന് അവർ പാടുകയാണ്. അത് കേൾക്കുന്നവരുടെ ഞരമ്പുകളെ പോലും പാടി ഉണർത്താനുള്ള കഴിവുണ്ട് ആ പാട്ടിന്.
അപ്പോഴേക്കും ഓണക്കാലമായി. അത്തം വന്നാൽ എല്ലാവർക്കും ആശ്വാസമാണ്. തലേദിവസം കുട്ടികൾക്ക് ഉറക്കമില്ല.
പുലരുന്നതിനു മുമ്പ് ഉണരണം. പടിഞ്ഞാറേ കരയിലെ കുട്ടികൾ വരും മുമ്പേ കുന്നിൻ ചെരുവിലെത്തണം.
അവിടെ പാറയുടെ ചുവട്ടിലായി തുമ്പയും ചെമ്പരത്തിയും കോളാമ്പിയും നിൽക്കുന്നത് ആരും കണ്ടിട്ടില്ല.
പൂക്കൾ പറിച്ചു കൊണ്ടുവന്നാൽ പിന്നെ വലിയൊരു പൂക്കളം ഒരുക്കലായി.
ഉത്രാടമായാൽ മാതേവർ ഒരുക്കലും തെച്ചി പൂക്കളും തുളസി പൂക്കളും കൊണ്ട് പൂജിക്കുന്നതും കുട്ടിമാമയാണ്.
പൂ വിളിക്കുമ്പോൾ കുട്ടികൾ ഉച്ചത്തിൽ ശബ്ദമുയർത്തും.
പത്തായമിട്ട റൂമിൽ നിറയെ പഴക്കുലകളായിരിയ്ക്കും. പഴവും, പപ്പടവും,
കുട്ടികൾക്കുള്ള പാവുമുണ്ടും, അമ്മമാർക്കുള്ള കസവുമുണ്ടുമെല്ലാം അമ്മാവന്മാർ അവരവരുടെ ഭാര്യ വീട്ടിലേക്ക് കൊടുത്തയക്കും.
പിന്നെ വിഭവസമൃദ്ധമായ ഓണസദ്യയും കഴിഞ്ഞാൽ കൈകൊട്ടികളി, കുമ്മിയടി, ഊഞ്ഞാൽ ആട്ടം, കുട്ടികൾ തുമ്പി തുള്ളൽ, തലപ്പന്തുകളിഎന്നിവയെല്ലാമാണ്.
വീട്ടിലുള്ളവർക്കും, പണിക്കാർക്കുമെല്ലാം വലിയമ്മാമ ഓണപുടവ കൊടുക്കും. ഓണത്തിനു കുടുംബാം ഗങ്ങൾ എല്ലാവരും എത്തിയിട്ടുണ്ടാകും. ഓണം കഴിഞ്ഞാൽ എല്ലാവരും അവനവന്റെ സ്ഥലത്തേക്ക് തിരിച്ചു പോരും.
പിന്നീട് മകര കൊയ്തായി. കൊയ്ത്ത് അതിന്റെ ഊർജ്ജിത ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കൊയ്ത്തുകാർ പാട്ടിന്റെ താളമേളത്തിൽ മുറുകുന്നു.
പാട്ടിനൊപ്പം തന്നെ അരിവാൾ കൊണ്ട് കൊയ്തെടുത്ത കുറേ ചുരുട്ടുകൾ വരിവരിയായി കണ്ടത്തിൽ നിന്നും കയറ്റി വരമ്പത്തു നിറക്കുന്നു.
അപ്പോഴേക്കും വള്ളി ചേട്ടിച്ചിയാർ ബസ് ഇറങ്ങി രാമശ്ശേരി ഇഡ്ഡലിയുമായി പാടവരമ്പിലേയ്ക്ക് കയറിയിട്ടുണ്ടാകും.
മുറുക്കി ചുവപ്പിച്ച ചുണ്ടുകളിൽ പാൽപുഞ്ചിരിയുമായി പ്ലാച്ചിന്റെ ഇലയിൽ ഇഡ്ഡലിയും പൊടിയും വിളമ്പി ഓരോരുത്തരുടേയും മുന്നിലേക്ക് വെച്ചുകൊടുക്കും.
അപ്പോഴേക്കും കാര്യസ്ഥൻ ഗോവിന്ദൻ തറവാട്ടിൽ നിന്നും ചായയുമായി എത്തും.
അതുകഴിഞ്ഞാൽ ഉച്ചക്ക് സമൃദ്ധിയായി ചക്കപ്പുഴുക്കും കഞ്ഞിയും ആണ്.
കുട്ടികൾ ഈ കാഴ്ചകൾ കാണാനായി പാടവരമ്പത്തു വന്നു നില്ക്കും. അവർക്കിതെല്ലാം കൗതുകകരമായ കാഴ്ചയാണ്.
ഇനി ശങ്കറിലേയ്ക്ക് ഒന്ന് കടന്നു ചെല്ലാം. ശങ്കർ അന്ന് വിവാഹം കഴിച്ചിട്ടില്ല. ഒറ്റക്കായിരുന്നു താമസം. വിജനമായ ഒരു വഴിയിലൂടെ വേണം അയാൾക്ക് ജോലി സ്ഥലത്തെത്താൻ. അതൊരു കുറുക്കു വഴിയായിരുന്നു. ആ വഴിക്ക് സാധാരണ ആരും പോകാറില്ല.
ശരത്കാലം പ്രക്രതിയെ ഇലകളുടേ യും പൂക്കളുടേയും സ്വർണ്ണപരവതാനി കൊണ്ട് മൂടുന്നതുമായ കാഴ്ച ആ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം വിളിച്ചറിയിക്കുന്ന തരത്തിലാണ്.
ആ മനോഹരമായ കാഴ്ചയിൽ മനം കവർന്ന ശങ്കർ ജോലിക്ക് പോകുന്നതും വരുന്നതും ആ പ്രദേശത്തുകൂടിയാണ്.
വിജനമായ ആ സ്ഥലം ഏറെ അപകടം പിടിച്ചത് ആയതുകൊണ്ട് എല്ലാവരും ശങ്കറിനെ ഉപദേശിച്ചു ആ വഴിക്ക് പോകരുതെന്ന്.
എന്നാൽ ധൈര്യശാലിയായ ശങ്കർ ഇതൊന്നും വകവെച്ചില്ല.
അന്നൊരു ദിവസം ശങ്കറിന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അയാൾ തന്റെ ബൈക്കിൽ ഓഫീസിലേയ്ക്ക് യാത്ര തിരിച്ചു.
കുറച്ചു ദൂരം എത്തിയപ്പോൾ വഴിയിൽ വെള്ളവസ്ത്രം ധരിച്ച് പനങ്കുലപോലുള്ള മുടി വിടർത്തിയിട്ട് അതിസുന്ദരിയായ ഒരു യുവതി നിൽക്കുന്നു.
അവൾ ശങ്കറിന്റെ വണ്ടിക്ക് കൈ കാണിച്ചു. എന്നെ ഒന്നു ഹെല്പ് ചെയ്യാമോ?.. ആ വളവു തിരിയുന്നിടം വരെ എന്നെ ഒന്നു കൊണ്ടാക്കാമോ എന്ന് ചോദിച്ചു.
പാലപ്പൂക്കളുടെ മണം മൂക്കിലേയ്ക്ക് അടിച്ചു കയറുന്നു. പടിഞ്ഞാറൻ കാറ്റ് മൂളി പാട്ടു പാടി അയാളെ കടന്നു പോയി.
അയാൾ ചിന്തിച്ചു ഈ രാത്രിയിൽ തനിച്ചൊരു യുവതി ഈ പ്രദേശത്ത്?….. അതും ഒറ്റക്ക്?..
സഹപ്രവർത്തകർ പറഞ്ഞ കാര്യം അയാളുടെ ചിന്തയിൽ കടന്നുപോയി. സംഗതിയുടെ ഗൗരവം മനസ്സിലായ ശങ്കർ വണ്ടി സ്പീഡിൽ വിട്ടു.
വണ്ടി ഓഫീസ് ഗേറ്റിൽ എത്തി. അയാൾ ഒന്ന് തിരിഞ്ഞുനോക്കി. ചുവന്നു തുടുത്ത കണ്ണുകളും രണ്ടു കോമ്പല്ലുകൾ പുറത്തേക്കുന്തി നാവ് നീട്ടി നിൽക്കുന്നൊരു ഭീഭത്സരൂപം. ആ രൂപം കണ്ട് അയാൾ ഞെട്ടി വിറച്ചു.
ശങ്കർ ഉള്ളിലേയ്ക്ക് നടന്നതും ആ ഗേറ്റ് അതിശക്തമായ അലർച്ചയോടെ അടഞ്ഞതും, ആ ശക്തിയിൽ ശങ്കർ വണ്ടിയിൽ നിന്നും തെറിച്ചു വീണതും ഒരേ നിമിഷമായിരുന്നു.
അപ്പോൾ അയാളുടെ ബോധം മറഞ്ഞിരുന്നു. ഓഫീസിൽ നിന്നും ആരൊക്കെയോ ഓടി വന്നു. അവർക്കൊന്നും മനസ്സിലായില്ല. ബോധമറ്റു കിടക്കുന്ന ശങ്കറിനേയും വണ്ടിയേയും അവർ മാറി മാറി നോക്കി.
വീണു കിടക്കുന്ന അയാളെ താങ്ങിയെടുത്ത് അവർ ഓഫീസ് റൂമിൽ കൊണ്ടു കിടത്തി. മുഖത്ത് തണുത്ത വെള്ളം തളിച്ചു.
അല്പ നിമിഷം കഴിഞ്ഞപ്പോൾ അയാൾ മിഴി തുറന്നു. ചുറ്റും അമ്പരപ്പോടെ നോക്കി. എങ്ങിനെ ഞാൻ ഇവിടെയെത്തി.?….
അയാൾ എല്ലാം ഓർക്കാൻ ശ്രമിച്ചു. ഓരോന്ന് ഓരോന്നായി അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു. ചുറ്റും നിൽക്കുന്നവരെ കണ്ട് അയാളിൽ ഒരു ജാള്യതയുണ്ടായി. അയാൾ ഒരു വിളറിയ ചിരി ചിരിച്ചു.
പിന്നെ നടന്ന സംഭവങ്ങൾ അവരോടു പറഞ്ഞു. യാതൊരു ആപത്തും സംഭവിക്കാതെ ഇവിടവരെ എത്തിയ ശങ്കറിനെ അവർ പ്രശംസിച്ചു. ഇത്രയല്ലേ സംഭവിച്ചുള്ളു എന്ന് സമാധാനപ്പെടുത്തി.
അവൾ ഒരു യക്ഷിയാണത്രേ. അവളുടെ കണ്ണിൽ പെട്ടവർ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലത്രേ. ശങ്കർ വണ്ടിയിൽ നിന്നും താഴെ ഇറങ്ങാതിരുന്ന ആ ബുദ്ധി വൈഭവത്തെ എല്ലാവരും പുകഴ്ത്തി.
അതിനുശേഷം ഒരിക്കൽ പോലും ശങ്കർ ആ വഴി പോയിട്ടില്ല.
ഇനി ശങ്കറിനോട് അമ്മ എന്തിനാണ് വരാൻ പറഞ്ഞു ടെലിഗ്രാം ചെയ്തത് എന്ന് അറിയണ്ടേ?…..
ശങ്കറിന്റെ വിവാഹ നിശ്ചയം ആയിരുന്നു. പെട്ടെന്നാണ് തീരുമാനിച്ചത്. ഗംഭീരമായിട്ട് നടത്താനാണ് വലിയമ്മാമയുടെ പ്ലാൻ.
അത് കഴിഞ്ഞ് എട്ടാം നാൾ വിവാഹം.
ലക്ഷ്മിയമ്മയുടെ കുടുംബ അംഗവും ഉറ്റ സുഹൃത്തുമായ ഗോമതിയമ്മയുടെ മകൾ നിലീനയായിരുന്നു വധു. നിലീന ജനിച്ചപ്പോൾ തന്നെ ലക്ഷ്മിയമ്മ തന്റെ മകന് വേണ്ടി പറഞ്ഞു വച്ചിരുന്ന പെണ്ണായിരുന്നു അവൾ.
നിലീനയുടെ അച്ഛൻ അവൾ ജനിച്ചു മൂന്നാം ദിവസം മരിച്ചു. പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ആയിരുന്നു ജോലി. വീട്ടിൽ നല്ല സാമ്പത്തികം. മരുമക്കത്തായ സമ്പ്രദായം ആയതിനാൽ മക്കൾക്കോ അമ്മക്കോ അച്ഛന്റെ ഡെപ്പോസിറ്റിൽ നിന്നോ സ്വത്തിൽ നിന്നോ ഒന്നും ലഭിച്ചില്ല.
നിലീനക്ക് ഒരു ചേട്ടൻ കൂടി ഉണ്ട്. നിധിൻ.
നിധിൻ കാനഡയിൽ ഡോക്ടർ ആണ്. വിവാഹം കഴിഞ്ഞിട്ടില്ല.
അതും അമ്മാമന്റെ മകളുമായി നിശ്ചയിച്ചു വെച്ചിട്ടുണ്ട്. രണ്ടു വർഷം കഴിഞ്ഞേ വിവാഹം നടത്തു.
ശങ്കറിന്റെ എൻഗേജ്മെന്റ് സംബന്ധിച്ച് വലിയമ്മാമയുടേയും ചെറിയമ്മാമയുടേയും ഭാര്യമാരും മക്കളും ഫാമിലിയും മുഴുവൻ വന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞേ എല്ലാവരും മടങ്ങി പോകു.
വലിയമ്മാമ എല്ലാറ്റിനും നേതൃത്വം കൊടുത്ത് ഒരു പൂതുമ്പിയെ പോൽ പാറി നടക്കുകയാണ്. എഴുപത് കഴിഞ്ഞ വലിയമ്മാമയെ ഇപ്പോൾ കണ്ടാൽ ഒരു പതിനാറ് വയസ്സെങ്കിലും കുറഞ്ഞതായി തോന്നും.
തലേ ദിവസം അമ്പലത്തിൽ വെച്ച് നീലിമയും ശങ്കറും കണ്ടുമുട്ടുന്നു. സുന്ദരിയായ അവളുടെ കവിളിൽ ലജ്ജയുടെ തുടപ്പുകൾ വിരിഞ്ഞു.
അവർ അല്പം മാറിനിന്നു സംസാരിച്ചുകൊണ്ട് നിന്നു. ആ ഹൃദയങ്ങളിൽ അജ്ഞാതങ്ങളായ പ്രത്യാശകൾ പുതിയ ദീപങ്ങൾ കൊളുത്തുന്നത് പോലെയും ജീവിതത്തിന്റെ വഴിത്താരയിൽ പുത്തൻ കിനാക്കൾ മൊട്ടിട്ടു വിടരുന്നതു പോലെയും തോന്നി.
അവളുടെ മധുര ചിന്തകൾ നീലമാനത്തെ നക്ഷത്ര മലർക്കിനാവിൽ കെട്ടപ്പെട്ട പൊന്നമ്പിളി കലയിൽ ഇരുന്ന് ഊഞ്ഞാലാടുന്നപോലെ തോന്നി.
അങ്ങിനെ അതിഗംഭീര മായി തന്നെ നിശ്ചയം കഴിഞ്ഞു. പിന്നീട് വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
നാടടക്കം ക്ഷണിച്ചു അതിഗംഭീരമായ വിവാഹം.
വിവാഹ ശേഷം ശങ്കർ നീലിമയേയും കൂട്ടി ജോലി സ്ഥലത്തേയ്ക്ക് പോയി. നീലിമയുടെ ചേട്ടൻ അവരെ യാത്രയാക്കാൻ എയർ പോർട്ടിൽ പോയിരുന്നു.
ചേട്ടനെ പിരിയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
അങ്ങിനെ അവർ താമസസ്ഥലത്തെത്തി.
നീലിമക്ക് കേവലം പതിനാറ് വയസ്സ് പ്രായമേ ഉള്ളു. അത് കൊണ്ട് തന്നെ ശങ്കറിന് അവളോട് വലിയ വാത്സല്യമാണ്.
ശങ്കർ എപ്പോഴും കൊതിക്കാറുള്ളതാണ് തനിക്ക് ഒരു കുഞ്ഞനുജത്തി ഉണ്ടായിരുന്നെങ്കിൽ എന്ന്. അവന്റെ മനസ്സിൽ താൻ ലീവിൽ ചെല്ലുമ്പോൾ ഒരു പൂമ്പാറ്റയെ പോൽ പാറി പടിക്കലെത്തി തന്നെ കൈപിടിച്ചു സ്വീകരിച്ചു കൊണ്ടു പോവുക. വീട്ടിലെത്തി പെട്ടി തുറന്ന് അവൾക്കുള്ള ഡ്രസ്സ് എടുത്തു കൊടുക്കുക ആ സമയത്ത് അവളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി നോക്കി ആസ്വദിച്ചു നിൽക്കുക. പിന്നെ അവൾ വലുതായി വിവാഹം കഴിച്ചു കൊടുക്കുക. എന്നിട്ട് ഭർത്തൃവീട്ടിലേയ്ക്ക് പോകുമ്പോൾ അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുക്കുക. ആ ചുവന്നു തുടുത്ത കവിളിൽ അരുമയോടെ ചുംബിക്കുക. ഇതെല്ലാം തന്റെ മനസ്സിലെ സഫലീകരിക്കാത്ത സ്വപ്നം ആയിരുന്നു.
എന്നാൽ ഇന്ന് അതെല്ലാം തന്റെ എല്ലാം എല്ലാമായ നീലിമയിലൂടെ തനിക്ക് തിരിച്ചു കിട്ടി.
എട്ടും പൊട്ടും തിരിയാത്ത ഒരു ചെല്ലക്കിളി അതാണ് നീലിമ. എന്നും പുലർച്ചെ അവൾ എഴുന്നേൽക്കണമെങ്കിൽ ശങ്കർ വിളിച്ചുണർത്തണം.
ശങ്കറിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കും. പാചകമെല്ലാം പഠിച്ചു കൊണ്ടിരിക്കുകയാണ്.
എപ്പോഴും കളിയും തമശയുമാണ്.
വൈകുന്നേരം അഞ്ചുമണിക്ക് താൻ എത്തണം. എന്നിട്ട് അവളേയും കൂട്ടി കറങ്ങാൻ പോകണം. ഓരോന്നും കാണുമ്പോ നൂറു സംശയങ്ങൾ ആ മനസ്സിൽ പൊട്ടിവിടരും.
ഒരു ദിവസം പുലർച്ചെ പുറത്തുനിന്നും വീശിയടിക്കുന്ന കടൽക്കാറ്റേറ്റ് നീലിമ മെല്ലെ എഴുന്നേറ്റു. കട്ടിലിൽ കിടന്നിരുന്ന ശങ്കറിനെ കാണാനില്ല.
അവൾ പരിഭ്രമത്തോടെ ചേട്ടാ ചേട്ടാ എന്നു വിളിച്ച് ചുറ്റും നടന്നു. കാണുന്നില്ല. പുറത്ത് പോയി നോക്കട്ടെ എന്നു വെച്ചാൽ വാതിൽ പുറത്തുനിന്നും പൂട്ടിയിരിക്കുന്നു.
എന്തുകൊണ്ടാണ് ശങ്കർ ഇങ്ങനെ ചെയ്തത്. ഇനി താൻ എഴുന്നേൽക്കാത്തതു കൊണ്ടാണോ?…. ഇങ്ങിനെ വിവിധ വിചാരങ്ങൾ ആ മനസ്സിൽ പൊന്തിവന്നു.
ദേഷ്യവും സങ്കടവും ആ മുഖത്ത് മിന്നിമറഞ്ഞു.
ആ മിഴികൾ നിറഞ്ഞൊഴുകി.
ഓഫീസിൽ എത്തിയ ശങ്കറിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല.
അവളെ ഒന്ന് നേരത്തെ സ്വയം എഴുന്നേൽക്കാൻ പഠിപ്പിക്കണം. അത് പഠിച്ചല്ലേ തീരു. അതിന് വേണ്ടി ഒരു തമാശ ചെയ്തതാണ്.
കൺമുൻപിൽ അവളുടെ കരയുന്ന മുഖമാണ് മുന്നിൽ. അയാൾ വേഗം അന്നത്തെ ലീവ് എഴുതി വീട്ടിലേയ്ക്ക് തിരിച്ചു.
പൂട്ടു തുറന്ന് അയാൾ അകത്തു കയറി. കരഞ്ഞു തളർന്ന കണ്ണുകളും പൊട്ടിപ്പിളരുന്ന ചുണ്ടുകളുമായി മേശമേൽ തലചായ്ച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ അയാളുടെ കുറ്റബോധം ഉണർന്നു.
അയാളെ കണ്ട അവളുടെ സങ്കടം അണപൊട്ടിയൊഴുകി.
അവളുടെ തേങ്ങലടക്കാൻ അയാൾ പാടുപെട്ടു.
അയാൾ തന്റെ തെറ്റുകൾ ഏറ്റു പറഞ്ഞ് അവളോട് മാപ്പ് അപേക്ഷിച്ചു.
അല്പനേരത്തിനു ശേഷം രംഗം ശാന്തമായി. ശങ്കറിന് പിന്നീട് ഒരിക്കലും അവളെ വിളിച്ചുണർത്തേണ്ടി വന്നിട്ടില്ല. സമയത്ത് എല്ലാം ഒരുക്കി കൊടുക്കുന്ന പക്വതയുള്ള ഒരു വീട്ടമ്മയായി അവൾ മാറിയിരുന്നു.
വൈകുന്നേരമായപ്പോൾ ശങ്കർ അവളേയും കൂട്ടി ബീച്ചിലേയ്ക്ക് പോയി. കടൽ തീരത്തെ ആളൊഴിഞ്ഞ പൂമര ചുവട്ടിൽ അവർ പോയിരുന്നു.
തിരമാലകൾ അലറിക്കുതിച്ചു വരുന്ന കാഴ്ച അവളിൽ പുതിയൊരു നവോന്മേഷം പകർന്നു.
അടുത്തടുത്ത് നിർത്തിയിരിക്കുന്ന ബോട്ടിന്റെ തണലിൽ ചൂളം പിടിച്ചു പാഞ്ഞെത്തുന്ന തെക്കൻ കാറ്റിന്റെ ഗാനത്തിന്നൊപ്പം അവളുടെ മനവും പാടി.
നീലിമ നല്ലൊരു ഗായിക കൂടി ആയിരുന്നു.
തണുത്ത കാറ്റിന്റെ കരുത്ത് കൂടി കൂടി വന്നു. ശങ്കർ നീലിമയേയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു.
വർഷം നാലു കഴിഞ്ഞു. ശങ്കർ നീലിമ ദമ്പതികൾക്ക് ഇന്നൊരു കൊച്ചു മാലാഖയുണ്ട്. എല്ലായിടത്തും അവൾ ഒരു പൂതുമ്പിയെ പോൽ പാറി നടന്നു.
അടുത്ത് താമസിക്കുന്ന പാഴ്സികളുടേയും പഞ്ചാബികളുടേയും വീട്ടിലെ നിത്യ സന്ദർശ കയും അവരുടെ എല്ലാം അരുമ സന്താനവുമായിരുന്നു അവൾ.
ഇന്നവൾക്ക് കൂട്ടിനായി അച്ഛമ്മയും അവരുടെ കൂടെ ഉണ്ട്. അവൾക്ക് ഭക്ഷണം കൊടുക്കാൻ മാത്രം ആരെകൊണ്ടും കഴിയില്ല. ഒരു സാധനം കഴിക്കില്ല.
എന്തെങ്കിലും ഒന്ന് കഴിക്കാൻ വായ് തുറക്കണമെങ്കിൽ അടുത്തുള്ള തമിഴനെ വിളിക്കണം.
പേടിപ്പെടുത്തുന്ന രൂപ മാണ് അയാൾക്ക്. അയാൾ വന്നു ഒന്ന് ശബ്ദമിട്ടാൽ ഒന്ന് പേടിച്ച് വായ് പൊളിക്കും.
അച്ഛമ്മ അവൾക്ക് കഥകൾ പറഞ്ഞു കൊടുത്തും കളിക്കാൻ കൂട്ടിരുന്നും പാട്ടു പാടി കൊടുത്തും അവളോടൊപ്പം സന്തോഷം പങ്കിട്ടു.
കാലം കടന്നു പോയി. വലിയമ്മാമയ്ക്ക് പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം ബാധിച്ചു തുടങ്ങി. തറവാട്ടിലെ കാര്യങ്ങളെല്ലാം ഒറ്റക്ക് നോക്കാൻ അദ്ദേഹത്തിന് വയ്യാതായി. തന്റെ മകൻ അതിനൊന്നും പ്രാപ്തനല്ല. എല്ലാ കാര്യങ്ങളിലും പ്രാപ്തിയും കഴിവും വിനയവും ശങ്കറിനാണ്.
അതുകൊണ്ട് തന്നെ നാട്ടിലേയ്ക്ക് ട്രാൻഫർ വാങ്ങി വരാനായി ശങ്കറിനോട് പറയുന്നു.
വലിയമ്മാമയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് ശങ്കരൻ അത് അക്ഷരംപ്രതി അനുസരിച്ചു.
അങ്ങിനെ അയാൾ കുടുംബ സമേതം നാട്ടിലേയ്ക്ക് തിരിച്ചു. അങ്ങിനെ കാര്യങ്ങൾ എല്ലാം അവന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും തറവാട്ടു ഭരണം ശങ്കറിനെ ഏല്പിക്കുകയും ചെയ്യുന്നു. എല്ലാറ്റിനും ഒപ്പം നില്ക്കാൻ കാര്യസ്ഥൻ ഗോവിന്ദൻ ഒപ്പമുണ്ട്.
ഓഫീസ് വിട്ടു വന്നാൽ അയാൾ ബാക്കി കാര്യങ്ങളിൽ ശ്രദ്ധിക്കും. വലിയമാമയുടെ കാര്യങ്ങളും ശ്രദ്ധിക്കും. തിരക്കിനിടയിലും അമ്മയുടേയും ഭാര്യയുടേയും മോളുടേയും കാര്യങ്ങളും അയാൾ ഭംഗിയായി നിർവ്വഹിച്ചു.
ഇതിന്നിടയിൽ വലിയമ്മാമക്ക് അസുഖം കൂടുകയും അദ്ദേഹം ഈ ലോകം വിട്ട് പോകയും ചെയ്തു. അതിനോടടുത്തു തന്നെ വലിയമ്മയും പോയി.
അവരുടെ വേർപ്പാട് ആ കുടുംബത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. എല്ലാവരും സദാ മ്ലാനമുഖത്തോടെ ആയിരുന്നു. കളിയില്ല ചിരിയില്ല. എങ്ങും ശ്മശാനമൂകത തളം കെട്ടിനിന്നു.
ഏറെ കാലം കഴിഞ്ഞപ്പോൾ ചെറിയമ്മാമനേയും ജരാനരകൾ ബാധിച്ചു. അദ്ദേഹം വിളറി വെളുത്തു. ഏക സഹോദരന്റെ വേർപ്പാട് അദ്ദേഹത്തെ അങ്ങേയറ്റം തളർത്തിയിരുന്നു.
ഒടുവിൽ ദുഖത്തിൽ നിന്നും ഒരു മോചനത്തിന്നായി ചെറിയമ്മാമയെ മക്കൾ ജോലി സ്ഥലത്തേയ്ക്ക് കൊണ്ടു പോകുന്നു. അമ്മായിയും കൂടെ പോയി.
ശങ്കറിന്റെ മേൽനോട്ടത്തിൽ ആ തറവാട് കൂടുതൽ കൂടുതൽ അഭിവൃദ്ധി പെട്ടു കൊണ്ടിരുന്നു. എല്ലാവരേയും ഒന്നിപ്പിച്ചു തുല്യനിലയിൽ കൊണ്ടുപോകാൻ അയാൾക്ക് കഴിഞ്ഞു.
കാര്യസ്ഥൻ ഗോവിന്ദന് വേണ്ട എല്ലാ സഹായങ്ങളും അയാൾ ചെയ്തു കൊടുത്തു.
അങ്ങിനെ എല്ലാ സൗഭാഗ്യങ്ങളോടെയും മുന്നോട്ടു നീങ്ങികൊണ്ടിരിക്കുമ്പോഴാണ് ആ നടുക്കുന്ന സംഭവം അരങ്ങേറിയത്.
അവരുടെ ഏക മകളായ ദിവ്യ കുളത്തിൽ കുളിക്കാൻ പോയതാണ്. കാൽ വഴുതിവീണ് വെള്ളത്തിന്നടിയിൽ പെട്ട് മരണമടയുന്നു.
കുളിക്കാൻ പോയ മകളെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായപ്പോൾ നീലിമ മകളേയും തേടി കുളക്കരയിലെത്തി. അവിടെ കണ്ട കാഴ്ച ആരേയും നടുക്കുന്നതായിരുന്നു.
വെള്ളത്തിൽ പാറിക്കിടക്കുന്ന മോളുടെ ചേതനയറ്റ ശരീരം. അവൾ ലോകം നടുങ്ങുമാറ് ഉച്ചത്തിൽ നെഞ്ചത്തടിച്ചു അലമുറയിട്ടു. അതോടെ അവളുടെ ബോധം മറഞ്ഞു.
ഓടിക്കൂടിയവർ ആ മൃതദേഹം കരക്കെടുത്തു. നീലിമയെ താങ്ങിയെടുത്ത് വീട്ടിലെത്തിച്ചു.
ഈ സമയം ശങ്കർ വീട്ടിൽ ഉണ്ടായിരുന്നില്ല. അയാൾ ഡ്യൂട്ടിക്ക് പോയിരുന്നു. ആരോ അയാളെ ഫോൺ ചെയ്തു ഉടൻ വരാൻ പറഞ്ഞു. ഡിപ്പാർട്മെന്റിന്റെ വണ്ടിയിൽ തന്നെ അയാൾ വീട്ടിലേയ്ക്ക് കുതിച്ചു.
വീട്ടിലെത്തിയ ശങ്കറിനെ വരവേറ്റത് അയാളുടെ പൊന്നോമനയുടെ ചേതനയറ്റ ശരീരമാണ്.
അയാൾ ആ ശരീരം കെട്ടിപ്പിടിച്ചു അലമുറയിട്ടു. അയാളുടെ സമനില തെറ്റി. ഒരു വശത്ത് ബോധമറ്റു കിടക്കുന്ന ഭാര്യയും അമ്മയും, മറു വശത്ത് എന്നന്നേക്കുമായി തങ്ങളെ വിട്ടുപിരിഞ്ഞ തന്റെ ഓമന മകൾ.
ആളുകൾ പലവിധത്തിലും അയാളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. നെഞ്ചത്തടിച്ചും തലമുടി പിടിച്ചു വലിച്ചും വീട്ടിലുള്ള സാധനങ്ങൾ പുറത്തേക്ക് എറിഞ്ഞും ആയാൾ തന്റെ സങ്കടം പുറത്തേക്കൊഴുക്കി.
സമനില തെറ്റിയ അയാൾ ആ വീടുവീട്ടിറങ്ങി. മകളെ വിളിച്ചു കരഞ്ഞുകൊണ്ടായാൾ ഈ ഭൂമിയിൽ ചുറ്റിതിരിഞ്ഞു. ഒരു അനാഥ പ്രേതത്തെ പോൽ.
ശ്യാമള ഹരിദാസ്.


1 Comment
ഈ സഹകരണത്തിന് നന്ദി സ്നേഹം