അച്ഛനെ കുറിച്ചുളള ആദ്യത്തെ ഓർമ്മ ഉദംപൂരിലെ മിലിട്ടറി ക്യാമ്പിലെ വൈകുന്നേരങ്ങളാണ്. ചായം പടർന്ന് അവ്യക്തമായ ചില ഓർമ്മകൾ. പട്ടാളക്കാരുടെ പതിവ് ജലസേചന പരിപാടികൾക്കിടയിൽ ഗ്ലാസുകളിലെ നിറമുള്ള ദ്രാവകം ജ്യൂസാണെന്നു കരുതി കുടിക്കുകയും കയ്പ്പുകാരണം മുഖം ചുളിച്ച് പോവുകയും ചെയ്യുന്ന ഒരു നാലു വയസുകാരൻ്റെ ഓർമ്മകൾ അത്രയും അവ്യക്തമാണ്. പക്ഷേ അച്ഛനെക്കുറിച്ചുള്ള അവസാന ഓർമ്മ എൻ്റെ ബോധത്തിൻ്റെ അവസാന കണികയും മറയുന്നത് വരെ മാഞ്ഞ് പോവില്ല. ചിതക്ക് തീ കൊളുത്തുന്നതിന് മുമ്പ് തൻ്റെ കൺമുന്നിൽ ആ മുഖം ഒരു വെള്ളത്തുണി കൊണ്ട് മറയ്ക്കുന്നത് ഒരു പതിനേഴുകാരൻ എങ്ങനെ മറക്കാനാണ്?
1993 ഡിസംബർ 12 ഞായറാഴ്ച. ഞാനിന്നും മറക്കാനാഗ്രഹിക്കുന്ന, എന്നാൽ എപ്പോഴും ഓർമ്മയിൽ തികട്ടിവരുന്ന, ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിവസമാണത്. അന്നാണ് ഏതൊരു ചൂടിലും തണുപ്പിലും കാറ്റിലും മഴയിലും ഒക്കെ ഞങ്ങളെ പൊതിഞ്ഞു പിടിച്ചിരുന്ന അച്ഛൻ്റെ കൈകൾ പൊടുന്നനെ ഇല്ലാണ്ടായി പോയത്.
അച്ഛൻ എന്ന ഒറ്റ വ്യക്തിക്ക് ചുറ്റും കറങ്ങിയിരുന്ന ഞങ്ങളുടെ ജീവിതം സൂര്യൻ ഇല്ലാണ്ടായി ലോകം മുഴുവൻ ഇരുട്ടിലേക്ക് കൂപ്പുകുത്തിയത് പോലെ ഇരുളടഞ്ഞ് പോയതന്നാണ്. ദിനേശ് ബീഡിയും വിയർപ്പും കുട്ടിക്കുറപൗഡറും ചേർന്ന അച്ഛൻറെ ഗന്ധം ഇനിയുണ്ടാവില്ല എന്ന തിരിച്ചറിവ് ഇടിമിന്നൽ പോലെ കടന്നുവന്നതും അന്നായിരുന്നു.
പക്ഷേ കാലമിത്രയായിട്ടും അച്ഛൻ എൻ്റെ കൂടെത്തന്നെയുണ്ട്… ഓർമ്മകളിലൂടെ, അച്ഛൻ്റെ പരിചയക്കാരിലൂടെ, അച്ഛൻ്റെ പേരിൽ കിട്ടുന്ന അപരിചിതരുടെ സ്നേഹത്തിലൂടെ…
ഇന്നും നാട്ടിലെ ഒരാളോട് ഇടപെടുമ്പോൾ പുല്ലൂരെ രവിയുടെ മകൻ എന്ന എൻ്റെ ഐഡൻ്റിറ്റിയിലൂടെ…
അച്ഛനെ പരിചയമുള്ള ഓരോരുത്തരും പ്രായഭേദമെന്യേ ഇന്നും പങ്കുവെക്കുന്ന അവരുടെ അനുഭവങ്ങളിലൂടെ…
ഞങ്ങൾ കുട്ടികളുടെ കൂടെ ക്രിക്കറ്റും ഫുട്ബോളും കളിക്കാൻ കൂടിയിരുന്ന, കളിക്കളത്തിലും ജീവിതത്തിലും എങ്ങനെ മാന്യമായും സത്യസന്ധമായും ആത്മാർത്ഥമായും പെരുമാറണമെന്ന് പഠിപ്പിച്ചു തന്ന, മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച ആൾ…
വൈകുന്നേരങ്ങളിൽ അച്ഛൻ വീട്ടിൽ വരുമ്പോൾ കയ്യിൽ ഒരു ചെറിയ പൊതിയുണ്ടാവും. അടുത്തദിവസം രാവിലെ വരേയ്ക്കും ചീത്തയാവാതിരിക്കുന്ന എന്തെങ്കിലും ഒരു പലഹാരം. അടുത്തദിവസം രാവിലെ ചായയുടെ കൂടെ കഴിക്കാൻ വേണ്ടിയുള്ളതാണ്. കഴിഞ്ഞ 31 വർഷങ്ങളായി ഞങ്ങൾക്ക് നഷ്ടപ്പെട്ടുപോയ അമൂല്യമായ രുചി… ഇന്നെനിക്ക് കഴിക്കാൻ പറ്റുന്ന ഏതൊരു വിലയേറിയ ആഹാരത്തേക്കാളും രുചിയുണ്ടായിരുന്നു അന്നത്തെ അച്ഛൻ്റെ വിയർപ്പിൻ്റെ അംശമുള്ള ആ ചെറിയ പലഹാരത്തിന്.
പക്ഷേ പ്രതീക്ഷിച്ചിട്ടും എനിക്ക് അച്ഛനിൽ നിന്നും കിട്ടാതെ പോയ കുറെ അനുഭവങ്ങളുണ്ട്…
സ്നേഹം പുറമേയ്ക്ക് കാണിക്കാനറിയാത്ത ഒരാളായിരുന്നു അച്ഛൻ. ചേർത്ത് നിർത്തി കൊള്ളാം എന്നൊരു വാക്കിന് ഒരുപാട് കൊതിച്ചിട്ടുണ്ട്. വാങ്ങിത്തരും എന്ന് വിശ്വസിച്ച് കുട്ടിക്കാലത്ത് സ്വപ്നം കണ്ട മൂന്ന് വീലുള്ള സൈക്കിളും റിസ്റ്റ് വാച്ചും ഇന്നും കിട്ടാതെ കിടക്കുന്നുണ്ട്…
പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകളെന്നത് നേട്ടങ്ങളുടെയും നന്മകളുടെയും സന്തോഷങ്ങളുടേയും മാത്രമല്ല, നഷ്ടപ്പെട്ടുപോയതിന്‍റെയും കിട്ടാതെ പോയതിന്റെയും സങ്കടങ്ങളുടെയും കൂടിയാണല്ലോ.
ഈ ഭൂമിയിൽ നിന്നും മറഞ്ഞു പോയിട്ട് ഇത്രയും കാലമായിട്ടും ആളുകൾ സ്നേഹത്തോടെ ഓർത്തിരിക്കുന്ന ഒരാളുടെ മകനാവുക എന്നതിനപ്പുറം എന്ത് ഭാഗ്യമാണ് ഈ ജീവിതത്തിലിനി വേണ്ടത്?


12 Comments
നന്നായെഴുതി👍❤️
Thank you 😊
അച്ഛൻ ഓർമ്മകൾ നന്നായിട്ടുണ്ട്
Thank you 😊
സ്നേഹവും കണ്ണീരും കലർന്നതാണ് അച്ഛൻ ഓർമ്മകൾ.
നന്നായി എഴുതി 👍
Thank you 😊
അച്ഛൻ എന്നത് ഒരു വടവൃക്ഷം തന്നെയാണ്. ആ തണലാണ് നമ്മളെ നയിക്കുന്നത്.
മനസ്സിൽ തട്ടുന്ന എഴുത്ത്👌❤️🌹
Thank you 😊
വളരെ നന്നായിട്ടുണ്ട് Super👍🙏❤️💯
Thank you 😊
Super
Thank you 😊