അച്ഛൻ.. അപ്പച്ചൻ.. പപ്പ.. ഡാഡി… അപ്പ… പല തരത്തിൽ പലരും വിളിക്കുന്നു. അവരെയൊക്കെ ഓർക്കാൻ പ്രത്യേക ഒരു ദിവസത്തിന്റെ ആവശ്യമുണ്ടോ..
കൂടെയുള്ളപ്പോൾ വില അറിയാതെ പോകുന്നതും നഷ്ടപ്പെടുമ്പോൾ വിലമതിക്കാനാകാത്തതുമായ അതിവിശിഷ്ട വ്യക്തികളാണ് മാതാപിതാക്കൾ.
പിതൃ ദിനങ്ങൾ മാതൃ ദിനങ്ങൾ ഇതൊന്നും ഞങ്ങളുടെ ചെറുപ്പകാലത്ത് നമ്മുടെ നാട്ടിൽ അത്ര അറിയപ്പെട്ടിരുന്നില്ല. സോഷ്യൽ മീഡിയയുടെ വരവോടെ മമ്മിക്ക് വേണ്ടി പോസ്റ്റുകൾ ഇടാറുണ്ട്. പക്ഷേ ആ ഭാഗ്യം എന്റെ ഡാഡിക്ക് ഉണ്ടായില്ല. അതിനും മുൻപേ ഡാഡി പോയി. പക്ഷേ ഒരു പോസ്റ്റിലൂടെയോ എഴുത്തുകളിൽ കൂടിയോ അവർ നമുക്ക് തന്ന സ്നേഹം തരുന്ന സ്നേഹം, ആ കരുതൽ അത് നമുക്ക് തീറ്റിച്ചുകൊടുക്കാൻ ആവില്ല എങ്കിലും പോസ്റ്റ് ഇടുന്ന നമുക്കും അത് വായിക്കുന്ന അവർക്കും കുറച്ചുനേരത്തേക്ക് ഒരു സന്തോഷം. അത്ര മാത്രം.
നമുക്ക് നഷ്ടപ്പെട്ട നമ്മുടെ പിതാവിനെക്കുറിച്ച് എഴുതുമ്പോൾ ജീവിച്ചിരുന്നപ്പോൾ നമുക്ക് പറയാൻ പറ്റാതിരുന്ന പലതും നമുക്ക് തുറന്നെഴുതാം. എവിടെയെങ്കിലുമിരുന്നു അവരിത് കാണുന്നുണ്ട് എന്ന് ആശ്വസിക്കാം പ്രതീക്ഷിക്കാം. നമ്മുടെ മനസ്സിലെ വിങ്ങൽ കുറക്കാം.
ഡാഡിയെ ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഓരോന്ന് സംഭവിക്കുമ്പോഴും ഡാഡി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ എപ്പോഴും ഓർക്കും. ആ ഫോണിലേക്ക് ഒന്ന് വിളിച്ചാൽ എന്തെങ്കിലും പരിഹാരം കിട്ടും എന്നോർത്തു വിലപിക്കും.
നന്നായി തല്ലുകൂടും ഡാഡിയോട്. പക്ഷേ അതൊക്കെ പെട്ടെന്ന് മറക്കും. വളരെ ചെറുപ്പത്തിൽ തുടയിൽ ഒറ്റ അടിയാണ്. അഞ്ചു വിരലും പതിഞ്ഞു കിടക്കും. ഉറങ്ങി കഴിയുമ്പോൾ ഡാഡി തന്നെ വന്ന് അവിടെ വെളിച്ചെണ്ണ പുരട്ടി തടവുമ്പോൾ ഞാൻ അറിയാത്ത പോലെ കണ്ണീർഒഴുക്കി തിരിഞ്ഞു കിടക്കും.
ഒരു പ്രായം കഴിഞ്ഞാൽ ഇന്നത്തെ കുട്ടികളെ പോലെ അപ്പന്മാരെ കെട്ടിപിടിക്കാനും ഒക്കെ ഞങ്ങൾക്ക് മടിയാണ്. അവരും ഒരകലം പാലിക്കും. ആ കാര്യത്തിൽ ഇംഗ്ലീഷ് കാരോട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട്.എന്റെ കൂട്ടുകാരി പ്രേമയുടെ വീട്ടിൽ ഒരുമിച്ചിരുന്നു പഠിക്കാനായി പോകുമ്പോൾ അവളുടെ അച്ഛൻ പഠിക്കുന്നിടത്ത് വന്നു പ്രേമയെ ഉമ്മ വെച്ച് പോകും. ഇടക്ക് ഓരോന്ന് കഴിക്കാൻ കൊണ്ട് തരും. ഡാഡി അങ്ങനെയൊന്നും ചെയ്യില്ല. പക്ഷേ എന്നും ജോലി കഴിഞ്ഞു വരുമ്പോൾ ഒരു ബ്രൗൺ കവറിൽ ബേക്കറി പലഹാരങ്ങൾ ഉണ്ടാകും. അന്ന് പ്ലാസ്റ്റിക് കവറുകൾ ഇല്ല.
കുന്നംകുളം ഓഫീസിൽ ജോലി ചെയ്യുമ്പോൾ പ്രസിദ്ധമായ റീഗൽ ബേക്കറി.. അവിടെ ഞങ്ങൾ കഴിക്കാത്ത ഒരു പലഹാരവും കാണില്ല. എല്ലാ വെള്ളിയാഴ്ച്ച കളിലും ഡിലൈറ്റ് അതിന് മുൻപ് കിൻസ്.. തൃശ്ശൂരിലെ ഐസ് ക്രീം പാലറുകൾ.. പരീക്ഷ ഉണ്ടെന്ന് പറഞ്ഞാലും പുതിയതായി ഇറങ്ങിയ മിക്ക സിനിമകൾക്കും കൊണ്ട് പോകും. സിനിമ കഴിഞ്ഞിട്ടുള്ള പഠിപ്പൊക്കെ മതി എന്നാണ് ഡാഡിക്ക്. എനിക്ക് പേടി ആയത് കൊണ്ട് സെക്കന്റ് ഷോ കഴിഞ്ഞു വന്നാലും പഠിക്കും. പഠിക്കാനൊന്നും ഒരിക്കലും നിർബന്ധിച്ചിട്ടില്ല. മാർക്ക് കുറഞ്ഞാലും ചീത്തയും പറയില്ല. പക്ഷേ നല്ല മാർക്ക് വാങ്ങിയാൽ അഭിമാനത്തോടെ എല്ലാവരോടും പറയും. ഏഴാം ക്ലാസ്സിൽ ക്യാഷ് അവാർഡ് കിട്ടിയപ്പോൾ അത് ആ സ്കൂളിന് തന്നെ സംഭാവന ചെയ്തു. എന്നിട്ട് ഫോട്ടോ പത്രത്തിലിട്ടു. എനിക്ക് ആ പ്രായത്തിൽ അതൊക്കെ നാണക്കേടായിരുന്നു. അതേ പോലെ അനിയത്തിക്കും റാങ്ക് കിട്ടിയപ്പോൾ അതൊക്കെ ആഘോഷം ആയിരുന്നു.
എന്റെ മക്കൾ ഒരു ഭക്ഷണത്തിന്റെ പേര് കേട്ടാലും അതെന്താ എന്ന് ചോദിക്കരുത് എന്ന് നിർബന്ധം ആയിരുന്നു. ലൂസിയ പാലസ് ഇഷ്ടപ്പെട്ട ഹോട്ടൽ ആയിരുന്നു.
പല തവണ ഞാൻ എഴുതിയത് പോലെ മിന്നലോ ഇടിവെട്ടോ ഒക്കെ ഉള്ളപ്പോൾ എല്ലാവരെയും പരസ്പരം തൊടാതെ കട്ടിലിൽ കയറ്റിയിരുത്തി ശ്രദ്ധയോടെ ഉറങ്ങാതെ ഇരിക്കും.
സ്കൂളിൽ ഡാൻസ് പ്രാക്ടീസ് ഒക്കെ രാത്രി വരെ നീളുമ്പോൾ ക്ഷമയോടെ കാത്തിരിക്കും. സ്കൂൾ ടൂറുകൾക്ക് വിടുന്നത് പേടിയായിരുന്നു. പക്ഷേ ഞാൻ കരഞ്ഞു സമ്മതിപ്പിക്കും. തിരിച്ചെത്തുമ്പോൾ സ്കൂളിന്റെ മുറ്റത്ത് തന്നെയുണ്ടാകും. അന്ന് മൊബൈൽ ഇല്ലാലോ.വിവാഹശേഷം ട്രങ്ക് കാൾ ബുക്ക് ചെയ്തു കൈ മുറിഞ്ഞത് എന്തായി.. സൂക്ഷിക്കണം എന്നൊക്കെ ഡാഡി പറയുന്നതിന് കുറെ കളിയാക്കലുകൾ കേട്ടിട്ടുണ്ട്. അത് കൊണ്ട് മറക്കില്ല. ഇന്ന് നടുവൊടിഞ്ഞു കിടന്നാലും കുറ്റപ്പെടുത്താൻ മാത്രം ആളുകൾ കാണും. ആ കരുതലിന്റെ നഷ്ടം കൂടുതൽ അറിയുന്നത് അസുഖങ്ങൾ വരുമ്പോഴാണ്.
പുതിയ ടെക്നോളജി എന്തെങ്കിലും വന്നാൽ ആദ്യം വാങ്ങും. ടി വി.. വി സി ആർ.. അതൊക്കെ വീടിന് പുറത്ത് വെച്ച് ചുറ്റിനുമുള്ള കുട്ടികൾക്ക് കാണിച്ചുകൊടുക്കും. കണ്ട കാസറ്റ് തന്നെ വീണ്ടും വീണ്ടും. വരുന്നവർക്ക് സ്‌ക്വാഷ് കലക്കി കൊണ്ട് വരും.മൊബൈൽ ഡാഡി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ സ്മാർട്ട് ഫോണൊന്നും ഡാഡിക്ക് കാണാൻ പറ്റിയില്ല. നന്നായി വായിക്കും. റിട്ടയർ ആയി വായിക്കാൻ വാങ്ങി വെച്ച ഋഗ്വേദം അടക്കമുള്ള പുസ്തകങ്ങൾ അങ്ങനെ ഇരിക്കുന്നു.
പാവങ്ങളോട് വലിയ സഹതാപം ആയിരുന്നു. അത് മുതലെടുത്തവരുമുണ്ട്.
എന്റെ ജീവിതത്തിൽ കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളത് എന്റെ ഡാഡിയാണ്. സൗഹൃങ്ങൾ ഉണ്ടാക്കുന്നതിലും എപ്പോഴും കൂട്ടത്തിലിരുന്ന് എന്തെങ്കിലുമൊക്കെ ചളിയടിച്ച് ചുറ്റുമുള്ളവരെ ചിരിപ്പിക്കാനും ഒക്കെ ഡാഡി എന്നും മുൻപിലായിരുന്നു. കൂടെ എപ്പോഴും ഒരു സഹായി എല്ലാ കാലത്തും കാണും. ഓഫീസിൽ നിന്നും കൊണ്ട് വിടുന്ന ഡ്രൈവർ ആയാലും കൂടെ ജോലി ചെയുന്ന പ്യൂൺ ആയാലും ഡാഡിക്ക് അവരൊക്കെ ഒരേപോലെ. എല്ലാവരും വീട്ടിലെ നിത്യ സന്ദർശകർ. ഡാഡി ഉള്ളിടത്തോളം കാലം ആരെങ്കിലും ഡാഡിയെ കാണാൻ വരാതിരിക്കുന്ന ഒരു ദിവസം പോലും എന്റെ ഓർമ്മയിൽ ഇല്ല.
ഞങ്ങളുടെ കാലത്തൊന്നും അച്ഛനോടോ അമ്മയോടോ അങ്ങനെ കൊഞ്ചുന്ന സ്വഭാവം ഒന്നും മക്കൾക്കില്ല. സ്കൂളിലൊക്കെ പോയി തുടങ്ങിയാൽ നമ്മൾ മുതിർന്നു എന്ന പോലെ അവരും അങ്ങനെ തന്നെ. മോളെ മോനെ എന്നുള്ള വിളികളൊന്നും എന്റെ ഓർമയിലില്ല. രണ്ട് പേരും ജോലിക്കാർ. ജോലി വീട് അങ്ങനെ തിരക്കിൽ മമ്മി. ഡാഡിയുടെ സൗഹൃദവലയങ്ങൾ.. അവധി ദിവസങ്ങളിൽ വീടിന്റെ മുറ്റത്ത് തന്നെ നിരത്തിയിട്ട കസേരകളിൽ ഡാഡിക്ക് ഏറെ പ്രിയമുണ്ടായിരുന്ന ശീട്ടുകളി.. എല്ലാ നോട്ട് ബുക്കിലും കാണും ഇവരുടെ പോയിന്റുകൾ എഴുതിയ ഒരു പേജ്.. തറവാട്ടിൽ വന്നാൽ അവിടെയുമുണ്ട് ഒരു ബാല്യകാല കൂട്ടം.
ഡാഡിയുടെ വീട്ടിൽ മൂന്ന് ആൺമക്കളിൽ പണ്ടേ കുറുമ്പൻ ഡാഡി തന്നെ. ആദ്യം ജോലി കിട്ടിയതും ഡാഡിക്ക്. മൂത്ത ചേച്ചി പണ്ടേ ടീച്ചർ ആയിരുന്നു. നന്നായി പഠിച്ചിരുന്ന അപ്പച്ചൻ അപ്പനെ സഹായിക്കാൻ പഠിപ്പ് നിർത്തേണ്ടി വന്നു. കച്ചവടം നന്നായി നടത്തികൊണ്ട് പോകുമ്പോഴും മക്ക ളെയൊക്കെ ജോലിക്കാർ ആകാൻ പ്രേരിപ്പിച്ചു കാണണം. 7 ൽ 5 പേരും ജോലിക്കാർ ആയി.
ജീവിതം തന്നെ ആഘോഷമായിരുന്നു ഡാഡിക്ക്. എല്ലാറ്റിനും ധൃതി കൂടുതലായിരുന്നു. വേഗം പോകാനായിരുന്നോ ഈ തിടുക്കം കൂട്ടിയിരുന്നത് എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്.
എന്റെ മകന്റെ പിറന്നാൾ ആണ് ജൂലൈ 31. അതിന്റെ രണ്ട് ദിവസം മുൻപ് ഡാഡിക്ക് ഒരു ശ്വാസം മുട്ട്. ഒരു ഡോക്ടറെ കണ്ട് കൊണ്ടിരുന്നു. ഞാൻ വേറെ ഡോക്ടറിനെ കണ്ട് അങ്ങോട്ട് പോകാം എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. രണ്ട് ദിവസം ഹോസ്പിറ്റലിൽ കിടന്നു. എനിക്ക് പോകണം പേരക്കുട്ടിയുടെ പതിനേഴാം പിറന്നാൾ ആണ് എന്ന് പറഞ്ഞു ബഹളം വെച്ചു പോന്നു. കേക്ക് മുറിക്കുമ്പോൾ അടുത്ത പിറന്നാളിന് ഞാൻ ഉണ്ടാകുമോ എന്നറിയില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ചൂടായി. കുട്ടികളെ ജീവനായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളെയൊക്കെ എടുത്ത് കൊണ്ട് വരും. പേരക്കുട്ടികളെ യെല്ലാം വളരെയധികം സ്നേഹിച്ചു.
രണ്ട് ദിവസം കഴിയട്ടെ. പെൻഷൻ എ ടി എം ൽ പോയി എടുത്തിട്ട് എന്റെ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞിട്ട് ഞാൻ തിരിച്ചുപോന്നു. ഓഗസ്റ്റ് രണ്ടിന് എ ടി എം ൽ പോയി. അവിടെ കുഴഞ്ഞു വീണു. കാശ് എടുക്കാൻ വന്നവർ ആരും നോക്കുന്നത് പോലുമില്ല. പിന്നീട് ഞാൻ നെഞ്ച് പിടയുന്ന വേദനയോടെ കാമറയിൽ കണ്ടു അതെല്ലാം. ഡ്രൈവർ അന്വേഷിച്ചു ചെല്ലുമ്പോഴും ജീവൻ ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഡാഡി പോയി. ഇന്നും ആ ഹോസ്പിറ്റൽ കാണുന്നത് എനിക്ക് പേടിയാണ്.
പോകുന്നതിന് മുൻപും എന്നെ വിളിച്ചു. എന്താണ് കറി എന്നൊക്കെ ചോദിച്ചതാണ്. ഡാഡിക്ക് വയ്യ എന്നേ എന്നോട് പറഞ്ഞുള്ളു. ഹോസ്പിറ്റലിൽ കണ്ട ആ കിടപ്പ് മരിക്കുന്നത് വരെ മറക്കില്ല. ഡാഡി അങ്ങനെ പോകില്ല ഒന്ന് കൂടെ നോക്കൂ എന്ന് ഡോക്ടർമാരോട് ഞാൻ കരഞ്ഞു പറഞ്ഞു.
84 വയസ്സ് വരെ ജീവിക്കും എന്ന് ജാതകത്തിലുണ്ട് എന്ന് പറഞ്ഞു നടന്ന ഡാഡി 66 വയസ്സിൽ ഞങ്ങളെ വിട്ടു പോയി.
വിട്ടുപോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. ഇവിടെയുണ്ട് ഞങ്ങളുടെ കൂടെ എന്ന് വിശ്വസി ക്കാനാണ് എനിക്കിഷ്ടം..ആ കരുതലും ആ സുരക്ഷിതത്ത്വവും ഇനി ആർക്കും തരാനാകില്ല എന്ന് വേദനയോടെ തിരിച്ചറിയുന്നു.
ഇത് പറയുമ്പോൾ ഇവിടുത്തെ ഭർത്താവിന്റെ അപ്പച്ചനെ കൂടി ഓർക്കാതെ വയ്യ. രണ്ട് തലമുറയ്ക്കുള്ള സ്വത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ടിട്ടാണ് അപ്പച്ചൻ പോയത്. ജീവിച്ചതോ ഏറ്റവും ലളിതമായും. ഒരു സിനിമക്ക് പോകുന്നതോ ടൂർ പോകുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല. അത്രയും നേരം കൂടെ പണിക്കാരുടെ കൂടെയിരുന്നുകൊണ്ട് പണിയെടുത്ത് കാശുണ്ടാക്കും. ഭാഷ അറിയാതെ തന്നെ സ്വയം അദ്ധ്വാനിച്ച് മറ്റ് നാടുകളിൽ ഒക്കെ അടക്കയും കുരുമുളകും ഒക്കെ കയറ്റിയയച്ച് മക്കൾക്ക് വേണ്ടി ജീവിച്ചു. എല്ലാവർക്കും പുറത്ത് പോകാം. വീട്ടിൽ കാവലായി അപ്പച്ചൻ ഉണ്ടാകും. കാശ് ചിലവാക്കുന്നതിന് വഴക്കൊക്കെ പറയും. ആ പ്രായത്തിൽ എനിക്കതിൽ ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും ഇപ്പോൾ എനിക്കറിയാം ആ വിയർപ്പിന്റെ വില.. സ്വന്തം സന്തോഷങ്ങൾ നഷ്ടപ്പെടുത്തി ഒരു കുടുംബത്തിന് വേണ്ടി ജീവിച്ച ആ അപ്പച്ചനെയും.. അതേ പോലെ എല്ലാ അച്ഛന്മാരെയും ഓർത്തു കൊണ്ട്..
എല്ലാവർക്കും പിതൃ ദിനാശംസകൾ നേർന്നു കൊണ്ട് 🙏
നിഷ


6 Comments
അച്ഛൻ്റെ ഓർമ്മകൾ എന്നും നമുക്കൊരു തണലാണ് …… നന്നായെഴുതി👍❤️
അച്ഛൻ്റെ സ്നേഹത്തിൻ്റെ ഓർമ്മകൾ എന്നും നമ്മുടെ മനസ്സിന് ഒരു താങ്ങാണ്.❤️
അച്ഛനു പ്രണാമം🌹🙏🌹
നിഷ അച്ഛനെക്കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിലും ഇതൊക്കെ തന്നെയാ വരുക..
ഒരു കാലഘട്ടം അങ്ങനെ ആയിരുന്നു, അധികം കൊഞ്ചലുകൾ ഇല്ലാതെയാണ് ഞാനും വളർന്നത്, അതുകൊണ്ടാവും എന്റെ മക്കളോടും പലപ്പോഴും അങ്ങനെ തന്നെ. ഒരേ ഒരു വ്യത്യാസം മക്കളോട് പലതും തുറന്ന് സംസാരിക്കാറുണ്ട് എന്നുള്ളതാണ്.
പിതാവിന്റെ സ്നേഹമൂറുന്ന ഓർമ്മകൾ
🙏
നന്നായി എഴുതി👌👍❤️💯