കൊച്ചു കുട്ടിയായിരിക്കുമ്പോൾ എനിക്കോർമ്മയുണ്ട്, എന്തോ കാരണത്താൽ പിണങ്ങി ചുമരിൻ്റെ ഒരു കോണിൽ രണ്ടു കൈയ്യും കൊണ്ട് മുഖം പൊത്തിപ്പിടിച്ച് നിൽക്കുന്ന എന്നെ പിതാവ് എന്തോ തമാശ പറഞ്ഞു ചിരിപ്പിക്കുകയും, പിന്തിരിപ്പിക്കുകയും ചെയ്യുന്ന രംഗം. ഞാൻ ചിരിച്ചു കൊണ്ട് പിതാവിനോടടുക്കുന്നു.
കുട്ടിക്കാലത്തെ ജീവിത സാഹചര്യങ്ങൾ എങ്ങനെയെന്ന് എനിക്കറിഞ്ഞു കൂടാ….
പിന്നെ കുറച്ച് വലുതായതിന് ശേഷമാണ് കഷ്ടതയുടെ ദാരിദ്രത്തിൻ്റെ നേർക്കാഴ്ച കാണാനും അനുഭവിക്കാനും കഴിഞ്ഞത്. പിതാവിന് കാര്യമായി ജോലിയൊന്നും ഇല്ലാത്ത സമയം. എങ്ങനെയൊക്കെയോ, എവിടെന്നോ മുണ്ടിൽ പൊതിഞ്ഞ് കപ്പയുമായി വീട്ടിൽ എത്തുകയും അതു തന്നെ മുന്നു നേരവും കഴിക്കുന്ന കാലത്തിലേക്ക് മാറുകയും ചെയ്യുന്ന സന്ദർഭം. അങ്ങനെ അരമുറി വയറിൽ തുടങ്ങിയ ജീവിതം. കുട്ടികളായതുകൊണ്ട് കഷ്ടത എന്താണെന്ന് അറിയില്ല. കുറെ വലുതായതിന് ശേഷമാണ് ഇത്തരം വിവരങ്ങൾ അമ്മ വഴി അറിയുന്നത്.
എൻ്റെ മനസ്സിൽ തെളിയുന്ന പിതാവിനെക്കുറിച്ചുള്ള ഓർമ, ചെറുപ്പക്കാലത്ത് വീടിനോട് അടുത്തുള്ള ഒരു പുളിമരത്തിൽ കൂട്ടുകാരൊന്നിച്ച് കേറിയതും ഇറങ്ങാൻ ഞാൻ പാടുപെട്ട് ഒന്ന് താഴേക്ക് ചാടിയതും തുടയെല്ലിന് ക്ഷതമേൽക്കുകയും ചെയ്ത സംഭവം ആണ്. അന്ന് പിതാവ് എന്നെ സൈക്കിളിൻ്റെ പുറകിൽ ഇരുത്തി തള്ളിക്കൊണ്ട് ഏകദേശം ഒരു കീലോമീറ്റർ അകലെയുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുപോയതും ഞാനീ വേളയിൽ ഓർക്കുകയാണ്.
അന്നൊക്കെ എന്തു കിട്ടിയാലും വളരെ സന്തോഷമായിരുന്നു. പുതിയത് എന്ന് പറയുമ്പോൾ ആണ്ടിൽ ഒരു തവണ മാത്രമേയൊള്ളൂ. അതും പെരുന്നാൾ സുദിനത്തിൽ. അന്ന് അത്രയേ കഴിവുള്ളൂ. പെരുന്നാൾ തലേദിവസം ഉറക്കമൊഴിച്ച് കാത്തിരിക്കും പിതാവിൻ്റെ വരവും കാത്ത് ! അവസാനം കയ്യിൽ ഒരു കീസും പിടിച്ച് പിതാവ് വരുന്ന ആ രംഗം മനസ്സാകെ കുളിർ മഴ പെയ്യുകയായി.
എന്നാലും പിതാവ് കൊണ്ടുവന്ന തുണിത്തരങ്ങളിൽ ഇഷ്ടാനുഷ്ടങ്ങൾ ഉണ്ടാവും, എനിക്കത് പറ്റിയില്ല എനിക്കിത് പറ്റിയില്ലാ എന്ന പരാതി. പക്ഷെ പിതാവ് ആ പരാതി തീർക്കുന്നത് പെരുന്നാളിന് മിഠായി വാങ്ങിക്കാൻ ചില്ലറ കാശ് കൊടുത്തു കൊണ്ടായിരുന്നു. അതോടെ എല്ലാ പരിഭവും തീരും.
ഞാൻ വേഗതയിൽ നടക്കാൻ പഠിച്ചത് പിതാവിൽ നിന്നാണ്. അദ്ദേഹത്തിൻ്റെ ഓരോ ചുവടും അല്പം വേഗതയിലായിരുന്നു. തുടക്കമൊക്കെ ഒപ്പത്തിനൊപ്പം എത്താൻ പുറകെ ഓടലായിരുന്നു പതിവ്. പിന്നെ പിന്നെ ഞാനങ്ങ് ശീലിച്ചു.
ജീവിതത്തിൽ ആരുടെയും വെറുപ്പ് സമ്പാദിക്കാത്ത ആളായിരുന്നു. എളിമ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെത്. ഉള്ളത് കൊണ്ടു തൃപ്തിപ്പെട്ടു ജീവിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. നല്ലൊരു വായനക്കാരനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. മൗനമായിരുന്നു അദ്ദേഹത്തിൻ്റെ
മുഖമുദ്ര.
മക്കൾ പഠിച്ച് ഉന്നതങ്ങളിൽ എത്തണമെന്ന് അദ്ദേഹത്തിന് മോഹമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. എന്നാലും നല്ല രീതിയിലും നല്ല ശീലത്തിലും മക്കളെ നേർവഴിക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്. ആരും തന്നെ നെഗറ്റീവ് രീതിയിലോട്ട് വഴിമാറി പോയിട്ടില്ല. അതു മാത്രമല്ല ഞാനെൻ്റെ പ്രവാസ ജീവിതത്തിനിടയിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതൊക്കെ ഞാൻ എത്തിച്ചു കൊടുത്തിട്ടുണ്ട് പരമാവധി എന്നാണ് എൻ്റെ വിശ്വാസം. അവസാന നിമിഷം വരെ അദ്ദേഹത്തിനു തന്നെ ബോധ്യമായിരുന്നു. അവസാന നാളിൽ എനിക്കൊരു താങ്ങായി മക്കൾ ഉണ്ടല്ലൊ എന്ന വിചാരം അദ്ദേഹം തന്നെ പറയാതെ പറയുകയും ചെയ്തിരുന്നു.
പ്രവാസത്തിലായിരുന്നപ്പോഴും ഒരിയ്ക്കലും അദ്ദേഹം ഒരാവശ്യവുമായി സമീപിച്ചിട്ടില്ല എന്ന് മാത്രമല്ല എന്തെങ്കിലും വേണമോയെന്ന് ചോദിച്ചാൽ തന്നെ ഒന്നും വേണ്ട എന്നതായിരുന്നു മറുപടി. ആവശ്യമുണ്ടെങ്കിൽ ഞാനറിയിക്കാം ഇതായിരുന്നു ശൈലി.
ഒരു ദിവസം അമ്മ അച്ഛനെക്കുറിച്ച് പറഞ്ഞത് ഞാനോർക്കുന്നു. വീട്ടിലെ കുക്കിംഗ് ഗ്യാസ് കഴിഞ്ഞതിനെക്കുറിച്ച് ( കാശുമായി ബന്ധപ്പെട്ട് ) അമ്മ എനിക്ക് വിളിച്ച് വിവരം പറയുന്നതു കേട്ടപ്പോൾ അമ്മയെ വഴക്കു പറയുകയാണ് അച്ഛൻ ചെയ്തത്. കാരണം വീട്ടിൽ ഗ്യാസ് കഴിഞ്ഞതിന് ഗൾഫിലുള്ളവർ എന്തു പിഴച്ചു എന്നായിരുന്നു പിതാവിൻ്റെ മറുപടി ! അത്രയ്ക്കും കരുതലോടെയായിരുന്നു പിതാവിൻ്റെ ഓരോ കാര്യവും. നാട്ടിൽ വരുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ നിനക്കു ചിലവിനുള്ള കാശ് കരുതി വേണം നാട്ടിൽ വരാനെന്ന് പറയുമായിരുന്നു.
ബാങ്ക് ഇടപ്പാടുകൾ ( ലോൺ ) ശക്തമായി എതിർത്ത ആളായിരുന്നു പിതാവ്. അതിൻ്റെ ഭവിഷ്യത്തിനെക്കുറിച്ച് പറഞ്ഞു തരുമായിരുന്നു. അത് എത്രത്തോളം ഗൗരവമേറിയതാണ് എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു. ദീർഘവീക്ഷണമുള്ള ഒരു വ്യക്തി കൂടിയായിരുന്നു പിതാവ്. സ്വന്തം കാശു കൊണ്ടല്ലാതെ മറ്റുള്ളവൻ്റെ ഔദാര്യം ജീവിതത്തിൽ കഴിച്ചിട്ടും കൈപറ്റിയിട്ടും ഇല്ല. അസുഖബാധിതനായി കിടക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മറിച്ച് രോഗശമനത്തിന് പുസ്തക വായനയായിരുന്നു അദ്ദേഹത്തിൻ്റെ മറുമരുന്ന്. ഒരിക്കലും ഞാൻ കാരണം മറ്റുള്ളവർ ബുദ്ധിമുട്ടാൻ പാടില്ല, ബുദ്ധി മുട്ടിക്കില്ല എന്ന ദൃഢ പ്രതിജ്ഞയായിരുന്നു മനസ്സിൽ. ആ പ്രതീക്ഷ പോലെത്തന്നെ സംഭവിക്കുകയും ചെയ്തു.
അദ്ദേഹത്തിൻ്റെ ശാരീരിക ക്ഷീണത്തെ കണക്കിലെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഒട്ടും പോരാൻ കൂട്ടാക്കിയിരുന്നില്ല, നിർബന്ധത്തിനു വഴങ്ങി കൊണ്ടു പോയി പരിശോധിച്ചു. ഡോക്ടറോട് പിതാവ് തന്നെ കാര്യങ്ങളെല്ലാം വിശദീകരിച്ചു.
എന്നിട്ട് അല്പം ഉറങ്ങാൻ വേണ്ടി കിടന്നു. നേരം ഏറെ വൈകിയിട്ടും എണീക്കുന്നത് കണ്ടില്ല. മൂത്ത സഹോദരിയും അമ്മയും സഹോദരനും മറ്റും എല്ലാം ഉണ്ട്. സഹോദരിക്ക് തിരിച്ചു പോവാൻ വേണ്ടി യാത്ര ചോദിക്കാൻ ചെന്നപ്പോഴാണ് പിതാവ് എന്നെന്നേക്കുമായി യാത്രയായതറിഞ്ഞത്!
2005- മെയ് 4 നു പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ വെച്ച് വൈകുന്നേരം അദ്ദേഹം ഞങ്ങളെ വിട്ടുവിരിഞ്ഞു🙏
പ്രാർത്ഥനയോടെ ,
തേങ്ങലോടെ
സ്വന്തം…….
#പിതൃദിനം2025


9 Comments
ആ ഓർമ്മകൾ തണലായി കൂടെയുണ്ടാകും…… നന്നായെഴുതി👍❤️
വളരെ സന്തോഷം തരുന്ന വാക്കുകൾക്ക് ഒരുപാട് നന്ദി മിനി
അച്ഛൻ ഓർമ്മകൾ ❤️❤️❤️
സങ്കടവും സന്തോഷവും ഇടകലർന്ന ഓർമ്മകൾ. ❤️
ഒത്തിരി സന്തോഷം താങ്കളുടെ നല്ല വാക്കുകൾക്ക്
സ്നേഹസമ്പന്നനായ ആ അച്ഛൻ എന്നും ഓർമ്മകളിൽ ജീവിക്കും.🌹❤️🌹
നല്ല വാക്കുകൾക്ക് നന്ദി സുമ
👍💯👌❤️
സന്തോഷം നൽകുന്നു.