കുറേ കൊല്ലങ്ങൾക്ക് മുൻപ് നടന്ന ചെറിയ ഒരു സംഭവമാണിന്നു എഴുതുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞു സ്കൂളടച്ച സമയത്താണ് എന്റെ പല്ലുകളിൽ ഒന്നിനൊരു ആട്ടം ചെറുതായി കണ്ടുതുടങ്ങിയത്. അന്ന് ഞാൻ രണ്ടാം ക്ലാസ്സിലാണ്, ‘ഞാൻ പല്ല് പറിച്ചുതരാം ഞാനാവാം’ എന്നും പറഞ്ഞു അച്ഛനും അമ്മയും ശ്രമിച്ചെങ്കിലും ഞാനടുപ്പിച്ചില്ല. പല്ലെല്ലാം കൊഴിഞ്ഞുപോയി മുത്തശ്ശിയാകും എന്നാരോ പറഞ്ഞു വിശ്വസിച്ചു നടന്നിരുന്ന എനിക്ക് ഏതെങ്കിലുമൊന്നു പോയാൽ പിന്നെ ഒരിയ്ക്കലും തിരിച്ചു വരില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു.
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കഷായം കുടിക്കുന്നതിനു മാസപ്പടിയായി ഉടുപ്പ് വാങ്ങിത്തരുന്നതുപോലെ ഇത്തവണ പട്ടുപാവാട വാങ്ങിത്തരാമെന്നു പറഞ്ഞിട്ടും സമ്മതിയ്ക്കാതെയായപ്പോൾ അച്ഛനുമമ്മയും എന്നെ ഡോക്ടറിനെ കാണിയ്ക്കാമെന്നു തീരുമാനിച്ചു.
അങ്ങനെ ആ ദിവസം ഓട്ടോറിക്ഷയും പിടിച്ചു ഞാനും അച്ഛനും കൂടി ആശുപതിയിലേയ്ക്ക് പോയി. വഴിയിൽ പുട്ടിനു തേങ്ങയിടും പോലെ ഞാൻ അച്ഛനോട് ചോദിച്ചുകൊണ്ടിരുന്നു “ വേദനിയ്ക്കുമോ പല്ലിൽ തൊട്ടാൽ, അതോ വേഗം ഡോക്ടർ പല്ലെടുക്കുമോ, ഇൻജെക്ഷൻ വെയ്ക്കുമോ, എന്താ തരിപ്പിയ്ക്ക എന്നു പറഞ്ഞാൽ “.
ഇങ്ങനെ ചോദിയ്ക്കുന്നതിനിടെ തിരിച്ചു വീട്ടിലേയ്ക്ക് പോയാലോന്നും കൂടി ഞാൻ ആലോചിച്ചു. സ്കൂൾ തുറക്കാനായതുകൊണ്ട് വീട്ടിലെ പണികളുടെ അവസാന മിനുക്കുപണികളിലായിരുന്നു അമ്മ. ഓട്ടോയിൽ ഇരിക്കുമ്പോൾ എനിയ്ക്കമ്മയെ കാണണം എന്നും പറഞ്ഞു അടുത്ത സെറ്റ് കരച്ചിലോളം എത്തി. മിട്ടായി വാങ്ങിത്തരാം എന്നും പറഞ്ഞു അച്ഛൻ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
അങ്ങനെ ഞങ്ങൾ ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ സ്ഥലത്തെത്തി എന്നു മനസ്സിലായി. അധികം ആരും ഇല്ല ചുറ്റിലും. സാധാരണ പനി വരുമ്പോൾ ഡോക്ടറെ കാണാൻ പോകുമ്പോൾ ഒരു പത്താളെങ്കിലും ഉണ്ടാകും വരാന്തയിൽ. ഇതിപ്പോ ആശുപത്രിയിൽ ആരുമില്ലല്ലോ. അപ്പോഴാണ് ഞാൻ ആ ബോർഡ് കണ്ടത് ‘ദന്താശുപത്രി’. എനിക്കാണെങ്കിൽ അതിന്റെ അർത്ഥം അറിയില്ല. പോരാത്തതിന് ചുറ്റിലും ഇരുട്ടുപോലെ കോണിപ്പടി കയറുമ്പോൾ ഞാൻ അച്ഛന്റെ കൈയിൽ മുറുക്കെപ്പിടിച്ചു. ഓരോ സ്റ്റെപ്പിലും ഉണ്ട് ഈ ദന്താശുപത്രി. ഭ്രാന്തുള്ള ആൾക്കാരെ ചികിൽസിയ്ക്കുന്ന സ്ഥലമാണോ ഞാനാകെ കൺഫ്യൂഷനിലായി. പിന്നെ ഓരോ പടിയിൽ കാലുവെയ്ക്കുമ്പോഴും ഞാൻ അച്ഛന്റെ കൈയിൽ പിടിച്ചു പിന്നിലേയ്ക്ക് വലിച്ചു.
‘അച്ഛാ നമുക്ക് തിരിച്ചു വീട്ടിലേയ്ക്ക് പോകാം ‘ ഇതു കേട്ടപ്പോൾ അച്ഛൻ വിചാരിച്ചതു ഞാൻ ഇൻജെക്ഷൻ പേടിച്ച് പറയുന്നതാണെന്നാണ്. എന്റെ മനസ്സിൽ ഭ്രാന്താശുപത്രിയാണെന്ന് അച്ഛനുണ്ടോ അറിയുന്നു.
കുറച്ചു ദിവസം മുൻപ് ദൂരദർശനിൽ കണ്ട താളവട്ടം സിനിമ മനസ്സിലൂടെ തലങ്ങും വിലങ്ങും ഓടി. മോഹൻലാൽ അവിടെ എവിടെയോ ഉണ്ടെന്നും നെടുമുടിവേണുവാകും( അന്ന് പേരൊന്നും അറിയില്ല)എന്റെ പല്ലെടുക്കുന്ന ഡോക്ടർ എന്നും ഞാൻ വിചാരിച്ചു. ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ആൾക്കാരും ആകെപ്പാടെ ഞാനൊരു താളവട്ടത്തിലായി. ടോക്കൺ എടുത്തു ഡോക്ടറെ കാണാനിരിയ്ക്കുമ്പോൾ അച്ഛാ നമുക്ക് പോകാം വീണ്ടും ഞാൻ പറഞ്ഞു, ഇനിവരുന്ന പുതിയ പല്ല് നല്ല ഭംഗിയുണ്ടാകും. ഇതുപോയാലേ നല്ലത് വരൂ. ഇൻജെക്ഷൻ വെയ്ക്കില്ല, മരുന്നുവെച്ചാണ് തരിപ്പിയ്ക്കുകയെന്നൊക്കെ പറഞ്ഞു അച്ഛനെന്നെ പലതവണ സമാധാനിപ്പിച്ചു.
അങ്ങനെ ഡോക്ടറുടെ റൂമിൽ കയറിയപ്പോൾ ഞാൻ സുകുമാരിയെ തിരഞ്ഞു. പക്ഷേ ഒരു കുട്ടിനേഴ്സ് ആന്റി വന്നു ഒരു മരുന്ന് വെച്ചു ചെറുതായി അവിടെ ഇൻജെക്ഷൻ വെച്ചു തരിപ്പിച്ചു, അങ്ങനെ പല്ലുമെടുത്തു.. ഇതൊന്നും അത്ര കാര്യമായി എനിയ്ക്ക് തോന്നിയില്ല. എത്രയും വേഗം അവിടെനിന്നു വീട്ടിലെത്തണം എന്നായിരുന്നു. ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ അച്ഛൻ മിട്ടായി വാങ്ങിത്തന്നു. കൃഷ്ണാ ഫാബ്രിക്സിൽ കൊണ്ടുപോയി ഒരു ഉടുപ്പും വാങ്ങിത്തന്നു അച്ഛൻ. എനിയ്ക്ക് കിട്ടിയതിൽ വെച്ചേറ്റവും ഭംഗിയുള്ള ഉടുപ്പ്, വെളുത്ത നിറത്തിൽ സ്വർണ നിറമുള്ള കരവെച്ച ഉടുപ്പ്, ഈ കരയുടെ തൊട്ടു മുകളിലായി പല നിറങ്ങളിൽ കുഞ്ഞു കുഞ്ഞു പൂക്കളും.
വീട്ടിലെത്തിയുടനെ ഞാൻ അമ്മയെക്കെട്ടിപ്പിടിച്ചു. എന്നിട്ട് അമ്മേ ഞങ്ങൾ ഭ്രാന്താശുപത്രിയിൽ പോയി പല്ലെടുത്തു എന്നുപറഞ്ഞു. ഇതുകേട്ട അമ്മയൊന്നു ഞെട്ടി “എന്താ പറഞ്ഞത് “എന്നു ചോദിച്ചു. പിന്നെ അമ്മയും അച്ഛനും ചിരിക്കുന്നത് കണ്ടപ്പോഴാണ് ഞാൻ എന്തോ അബദ്ധം പറഞ്ഞെന്നുമനസ്സിലായി. ചെറുതായി ദ യ്ക്ക് പകരം ഭ എന്നു വായിച്ചു. രണ്ടാം ക്ലാസുകാരിയ്ക്കു അങ്ങനെയൊക്കെ വായിക്കാം, ഒരു തെറ്റുമില്ല അല്ലേ?
ധൈര്യത്തിന് മുറുക്കെപ്പിടിച്ചിരുന്ന ആ കൈകളും പാറൂ എന്ന വിളിയുമൊക്കെ ഇല്ലാതെയായിട്ടു ഇരുപത്തിമൂന്ന് കൊല്ലമായി. ചന്ദ്രൻ മാഷിന്റെ ( ചന്ദ്രശേഖരൻ എന്നാണ് മുഴുവൻ പേര്) മകൾ എന്ന ലേബലിൽ ഇപ്പോഴും കുറച്ചുപേരൊക്കെ എന്നെ തിരിച്ചറിയും.അച്ഛൻ പോയി എന്നുതിരിച്ചറിയാൻ മാത്രം മനസ്സ് പാകമായിട്ടുണ്ടായിരുന്നില്ല അന്നൊന്നും. കുടയുമായി പടികടന്നുവരുന്ന അച്ഛനെ ഞാൻ പലതവണ സ്വപ്നം കണ്ടിട്ടുണ്ട്. പക്ഷേ ആ ശബ്ദം കേട്ടിട്ടില്ല, അച്ഛന്റെ ചെരിപ്പുകളെടുത്തു തുടച്ചുവെയ്ക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നു അച്ഛൻ എന്ന ധൈര്യം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന്. അച്ഛൻ അവസാനമായി വാങ്ങിവെച്ചിരുന്ന കണ്ണിമാങ്ങകൾ ഉപ്പിലിട്ടുവെച്ചത് ചോറിന്റെ കൂടെ വിളമ്പിതരുമ്പോൾ അമ്മ പറഞ്ഞിരുന്നു ’അച്ഛൻ വാങ്ങിത്തന്നതാണ്, കളയരുത്’. അച്ഛന്റെ ഓർമ്മകൾ മൈസൂർ സാൻഡൽ സോപ്പിന്റെ കവറിലും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്നാലും അച്ഛനോർമ്മകൾ തല്ക്കാലം ഞാൻ ഇവിടെ നിർത്തുന്നു. എഴുതാൻ ഒരുപാടുണ്ട്, ഇപ്പോൾ ഞാനെന്റെ കണ്ണുകളെ പിടിച്ചുനിർത്തുന്നുണ്ട്. ഇനിയുമെഴുതിയാൽ അതിനു കഴിഞ്ഞെന്നുവരില്ല.
#പിതൃദിനം


13 Comments
ഹൃദയസ്ർശിയായ എഴുത്ത്❤️👍
🙏👍
Wow super നന്നായിട്ടുണ്ട്
Thank you
നല്ലൊരു ഓർമകുറിപ്പ്👌. അവസാനം വേർപാടിന്റെ നോവ് കണ്ണീർ പടർത്തി.🙏
നല്ല എഴുത്ത് 👌🥰💗..
ഇതിൽ ദന്താശുപത്രി യെ ഭ്രാന്തആശുപത്രി എന്ന് വായിച്ചപ്പോലെ.. ഞാൻ ചെറുപ്പത്തിൽ പേപ്പറിൽ, നബിദിനം കൊണ്ടാടി എന്നുള്ളതു
നബിദിനം കൊണ്ട് ഓടി 🏃♀️ ന്നു വായിച്ചു. അത് കേട്ട 😂 ഉപ്പ നോക്കി വായിക്കടി പോത്തേ ന്നു പറഞ്ഞു എന്നെ കളിയാക്കി 😅🫣
Thank you
ആദ്യം നർമ്മത്തിൽ തുടങ്ങി അവസാനം സങ്കടമായി.. അച്ഛനോർമ്മകൾ നന്നായി എഴുതി 👌👌
Thank you
അച്ഛനേക്കുറിച്ചുള്ള ഓർമ്മകൾ സ്നേഹം തുളുമ്പുന്നവയാണ്.
എന്നായി എഴുതി❤️👌👌
Thank you
Thank you
അച്ഛനെഴുത്ത് നന്നായിട്ടുണ്ട്