മംഗലശ്ശേരി നീലകണ്ഠഢൻ എന്ന ഗംഭീര ചെങ്ങായി.
ശരിക്ക് പറഞ്ഞാൽ നമ്മൾ നോക്കുന്നതാണ് കാണുന്നത് എന്നുള്ളത് എത്ര ശരിയെന്ന് തോന്നി പോകും ചിലരെ അറിയുമ്പോൾ. അല്ലെങ്കിൽ എങ്ങനെയാണ് ഇത്ര ദുർമാർഗ്ഗിയും സ്ത്രീലമ്പടനും വഷളത്തരം വണ്ടി കേറി വന്നവനുമായ ഒരാൾക്ക് നീലകണ്ഠനെ പോലെ ഇത്ര സ്വീകാര്യത എല്ലാർക്കുമിടയിൽ കിട്ടുന്നത്.
ഊളത്തരം കണ്ട് പിടിച്ച നാല് കൂട്ടുകാരുടെ കൂടെകൂടി, വീടും പറമ്പും വിറ്റ് കള്ളടിക്കുന്നവനെന്ന ഖ്യാതിപ്പേര് നേടി. ചന്ദ്രാലയം സുഭദ്രേടെ ഇരുട്ട് സുഖോം പിടിച്ച് ജീപ്പുമോടിച്ച് പാട്ടും പാടി ഇളനീരും ചാരായോം കുടിച്ച്കൂത്താടി നടക്കുന്നൊരു ചെങ്ങായി.
ഒരാൾ തൻ്റെ ചോര തിളച്ച് മറിയുന്ന പ്രായത്തിൽ കാണിക്കേണ്ട സകല വെടലത്തരങ്ങളും ആശാൻ തൂക്കിട്ടുണ്ട്. ബീഡി, പൊടി, ചീട്ട്, ചുരുട്ട്, കത്തിക്കുത്ത്,കള്ള്, പെണ്ണ്, ചാരായം, കൊലകേസ്, മാനഹാനി, നിർഭാഗ്യം, ഭാരിദ്ര്യം,അനാഥത്വം, സ്ത്രീശാപം, അപകടം, കണ്ണീര്, എന്ന് വേണ്ട ഈ ലോകത്ത് എന്തൊക്കെ വള്ളികെട്ടുണ്ടോ ആ ചുറ്റൽ മൊത്തം പെണഞ്ഞ് ചേർത്ത് കോർത്ത് പിടിച്ചൊരു ചെങ്ങായി.
എന്നാൽ നിങ്ങൾക്ക് തോന്നീട്ടില്ലേ?
ഇത്രയൊക്കെയായിട്ടും പുള്ളിയെ അറിഞ്ഞവർ ആരും ഹൃദയത്തിൻ്റെ ഉൾകോണിൽ ഇഷ്ടകൂടുതലിൻ്റെ ഒരു കൈ നനവ് വീഴ്ത്താതെ പുള്ളിയെ തൊടുകയില്ലെന്ന്.
അകവലയത്തിൻ്റെ ഇഴചേർന്ന കൂട്ടിചേർക്കലിൽ നമ്മുടെ സ്വന്തമെന്ന് തോന്നാതെ ആരുടെയും കണ്ണിമ അയാളുടെ നേർക്ക് നീളുകയില്ല എന്ന്.
സത്യമല്ലേ?
ഇതിന് കാരണമായി എനിക്ക് തോന്നുന്നത് രണ്ടു പ്രധാന കാരണകളാണ്.
ഒന്ന് സ്നേഹമുള്ള മനസ്സ്.
രണ്ട് ഉള്ളിൽ വച്ച് പെരുമാറാത്ത വക്രതയില്ലാത്ത തുറന്ന ഇടപെടൽ.
ഉത്തരവാദിത്വം ഇല്ലാത്ത ചങ്ങാതിയുടെ അമ്മക്ക് മുടങ്ങാത്ത മണി ഓാർഡർ അയക്കുന്ന, കൂടെ നിൽക്കുന്ന എല്ലാവരോടും സ്നേഹത്തോടെ രസികത്വത്തോടെ ഇടപെടുന്ന ,വേണ്ടിടത്ത് മാപ്പ് പറയാൻ മടിയില്ലാത്ത, മനസ്സുള്ളവനാണെന്ന് അടുത്തറിയുന്നയാൾ പറയുന്ന ഒരാളെ എങ്ങനെയാണ് മനുഷ്യർ വെറുക്കുക.
തുറന്ന് ഇടപെടുകയും അന്തരവ്യാപാരങ്ങളെ ലവലേശം ഇകഴ്താതെ പുറത്തൊഴുക്കുകയും ചെയ്യുന്ന വീര്യമുള്ള, ഭക്തിയുള്ള, പാട്ടുപാടുന്ന, വാശിക്കാരനായ ഒരു ഗംഭീര ദേവൻ ആരുടെ ആളുന്ന കോപാഗ്നിയിൽ ഹവ്യമായ ജന്മമാണ് പുനർജനിപ്പിക്കാത്തത്.
ഏത് ഏഴിലക്കരക്കാരനാണ് അയാളെ സ്നേഹിക്കാത്തത്.
ആരാണ് ആയുസ്സ് പെട്ടന്ന് പോക്കുന്നവനല്ലെന്ന് അയാളെ വാഴ്താത്തത്.
ഏത് കാര്യസ്ഥനാണ് മകനെ പോലെ അയാളെ സംരക്ഷിക്കാത്തത്.
ഏത് ഭാനുമതിയാണ് നന്ദിയോടെ ആയിരം ചുറ്റുവിളക്കുകൾ കൊളുത്താത്തത്.
വീണ്ടും പറയുന്നു ,
ഒളിമറയില്ലാതെ പശ്ചാതപിക്കുന്ന സ്നേഹമുള്ള ഒരുവനെ,
കൗശലവേഷമണിഞ്ഞ് കപടമാന്യ വേഷം കെട്ടാതെ തുറന്നിടപെടുന്ന ഒരുവനെ,
ഒരാളും ഒരു കാലത്തും വെറുക്കുകയില്ല.
നീലൻ ഹൃദയമുള്ളൊരു ചങ്ങായിയാണ്.
മംഗലശ്ശേരി നീലകണ്ഠഢൻ ഒരു രത്നമാണ്.
മലയാള തിരശ്ശീലയിൽ വീണൊരു തനിവൈരം.

