കുട്ടിക്കാലം മുതൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യം എന്ന് പറയുന്നത് വായനയാണ്. എന്തും വായിക്കാൻ ഇഷ്ടം. ബാലസാഹിത്യകൃതികൾ ആണ് ആദ്യം വായിച്ചത്.
സ്കൂളിൽ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വായിക്കാൻ തരും. അവ വായിച്ചു തിരിച്ച് കൊടുക്കണം പെട്ടെന്ന് തന്നെ. അങ്ങനെ വേഗത്തിൽ വായിച്ചു പഠിച്ചു. വലുതായപ്പോഴേക്കും നല്ല സ്പീഡിൽ വായിച്ചു തീർക്കും. അങ്ങനെ തുടങ്ങിയ വായന ശക്തിയാർജ്ജിച്ചത് ഗ്രാമീണ വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുക്കാൻ തുടങ്ങിയതോടെയാണ്. അമ്മ വലിയ വായനക്കാരിയാണ്. വൈകുന്നേരം വായനശാലയിൽ നിന്നും കൊണ്ട് വരുന്ന പുസ്തകങ്ങൾ രാത്രി തന്നെ വായിച്ചു തീർക്കും. ഒറ്റ ഇരുപ്പിൽ എന്നൊക്കെ പറയില്ലേ. അത് കണ്ട് വളർന്ന ഞാനും അങ്ങനെയായി.
അനേകം പുസ്തകങ്ങൾ, ആയിരക്കണക്കിന് വായിച്ചു ഇത് വരെ. അനേകം കഥാപാത്രങ്ങൾ മനസ്സിൽ വന്ന് കയറി ഇറങ്ങിപ്പോയിക്കൊണ്ടിരിക്കുന്നു. എംടിയുടെ കഥാപാത്രങ്ങൾ അപ്പുണ്ണി, ഗോവിന്ദൻകുട്ടി, സേതു തുടങ്ങിയവർ ഇഷ്ടം തന്നെ. എം മുകുന്ദന്റെ ദാസനും മറ്റുള്ളവരുമൊക്കെ പ്രിയപ്പെട്ടവർ. എസ്കെ പോറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ നോവലിസ്റ്റ് തന്നെയായ ശ്രീധരനെ മറക്കാനാവില്ല.
അങ്ങനെ പറഞ്ഞാൽ തീരാത്ത കഥാപാത്രങ്ങൾ.
എന്നാലും എനിക്ക് ഇത് വരെ മറക്കാൻ പറ്റാത്ത ഒരു കഥാപാത്രമുണ്ട്.
ഞാൻ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ വായിച്ച പി.നരേന്ദ്രനാഥിന്റെ “കുഞ്ഞിക്കൂനൻ”. നീണ്ട അമ്പത്തി മൂന്ന് വർഷങ്ങൾക്കുശേഷവും ആ കഥാപാത്രം മികവാർന്ന് എന്റെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നു എന്നത് ഒരു അത്ഭുതം തന്നെയാണ്.
അന്ന് കുഞ്ഞിക്കൂനൻ ഞങ്ങൾക്ക് പഠിക്കാനുള്ള ഉപപാഠപുസ്തകം കൂടിയാണ്. അന്ന് വായിച്ച ആ കഥയേപ്പോലെ ഇത്രകാലം കഴിഞ്ഞിട്ടും മറക്കാത്ത വേറെയൊന്നുമില്ല.
അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞിക്കൂനനെ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന എഴുത്താശാൻ എടുത്തു വളർത്തി. ജനിക്കുമ്പോഴേ മുതുകിൽ കൂന് ഉള്ളത് കൊണ്ട് എല്ലാവരും അവനെ കുഞ്ഞിക്കുനൻ എന്ന് വിളിച്ചു. അവന്റെ യഥാർഥ പേര് എന്താണെന്നു ആർക്കും അറിയില്ല. ആശാനും ആശാന്റെ ആടുകളുമായി അവൻ വളർന്നു. അവനെ ആശാൻ തന്നെ പഠിപ്പിച്ചു. ആശാനില്ലാത്തപ്പോൾ പകരക്കാരനായി അവനും കുട്ടികളെ പഠിപ്പിക്കുന്നു,
നല്ല ബുദ്ധിശക്തിയും കഴിവുകളും ഉള്ള കുഞ്ഞിക്കൂനൻ.
അവന് പത്ത് പന്ത്രണ്ട് വയസ്സുവരെയുള്ളപ്പോൾ ആശാൻ മരിച്ചു. പിന്നീട് അവനാണ് ആ എഴുത്തുപാഠശാല നടത്തുന്നത്
അങ്ങനെ ഇരിക്കെ നാട്ടിൽ ഒരു പിശാച് വരുന്നതാണ് കാണുന്നത്. രാത്രിയായാൽ എല്ലാവർക്കും പേടിയാണ്. ഈ പിശാചിന്റെ കൂവൽ കേട്ടാൽ തന്നെ പേടിയാകും. പേടിച്ചിട്ട് ആരും പുറത്തിറങ്ങില്ല.
പോരാത്തതിന് ആ നാട്ടിലെ മന്ത്രവാദി പിശാചിന്റെ ബാധയകറ്റാൻ ഹോമങ്ങളും മറ്റ് പലകർമ്മങ്ങളും ചെയ്യണമെന്നും നാട്ടുകാർ ഓരോരുത്തരും പണവും അരിയും നാളികേരവും മറ്റ് വസ്തുക്കളും പട്ടും പൊന്നും എല്ലാം കൊണ്ട് വരണമെന്ന് പറയുന്നത് കേട്ട് പലരും ബുദ്ധിമുട്ട് സഹിച്ച് അവയെല്ലാം മന്ത്രവാദിക്ക് കൊടുക്കുന്നതും കുഞ്ഞിക്കൂനൻ കാണുന്നുണ്ട്.
അവനാണെങ്കിൽ ഇതിന്റെ പിന്നിൽ എന്തോ ഒരു തട്ടിപ്പ് ഉണ്ടെന്ന് തോന്നി.
അവൻ തന്നെത്താൻ ആ പിശാചിനെ നേരിടാൻ തീരുമാനിച്ചു. വലിയ ഒരു മരത്തിന്റെ കുറ്റി ചെത്തി കൂർപ്പിച്ചു.അതിൽ മുനയുള്ള ഭാഗങ്ങളിൽ നല്ല കരി അരച്ച് പുരട്ടി. രാത്രിയിൽ പിശാചിന്റെ കൂക്കുവിളി കേട്ടപ്പോൾ ആളുകൾ പേടിച്ചൊളിച്ചു. കുഞ്ഞിക്കുനൻ മാത്രം ഒളിച്ചു പതുങ്ങി പുറത്തിറങ്ങി. കയ്യിൽ ആ മുനകൂർപ്പിച്ച മരക്കുറ്റിയുമുണ്ട്.
ആകെ ചുവന്ന പട്ട് ചുറ്റിയ പിശാച്. മുഖത്ത് മുഖം മൂടി. തലയിൽ എന്തോ പൂക്കൾ ചൂടിയിട്ടുണ്ട്.കയ്യിൽ ഒരു ചിലമ്പ്.അത് ഇടക്കിടെ കിലുക്കും കൂക്കി വിളിയും.
നെടുള്ളാൻ എന്ന കാലങ്കോഴി കൂകുന്ന പോലെ.മരണംവരുന്ന പോലെ പേടിപ്പിക്കുന്ന ശബ്ദം.
കുഞ്ഞിക്കൂനൻ ശബ്ദമുണ്ടാക്കാതെ ഈ പിശാചിന്റെ പിന്നിൽ ചെന്നു. കയ്യിൽ ഉള്ള മരക്കുറ്റി ആഞ്ഞ് ഒരു കുത്ത്. പിശാചിന്റെ മുട്ടിനു പിറകിൽ ആ കുറ്റി ആഞ്ഞു തറച്ചു.” അയ്യോ” എന്ന ഒരു അലർച്ചയോടെ പിശാച് ഒറ്റ ഓട്ടം. കുഞ്ഞിക്കൂനൻ പിറകേ ഓടിയെങ്കിലും പിശാചിന്റെ അത്ര വേഗത്തിൽ ഓടാൻ കുഞ്ഞിക്കൂനന് കഴിഞ്ഞില്ല.
ആളെ മനസ്സിലായോ കുഞ്ഞിക്കൂനന്?
പിറ്റേന്നും പതിവ് പോലെ ഗ്രാമസഭ കൂടി.ഈ പിശാചിന്റെ ബാധയേക്കുറിച്ച് ചർച്ച നടത്തുന്നുണ്ട്. നാടുവാഴിയ്ക്ക് മുമ്പിൽ നാട്ടിലെ പ്രധാനപ്പെട്ടവർ. മന്ത്രവാദി പിന്നെ ഉണ്ടാവുമല്ലോ. പക്ഷേ ഇന്ന് മന്ത്രവാദിയുടെ വേഷം വ്യത്യസ്തമായിരുന്നു. മുട്ട് വരെ എത്താത്ത ഒരു മുണ്ട് ഉടുത്തിരുന്ന മന്ത്രവാദി ഇന്ന് വലിയൊരു മുണ്ട് ഉടുത്ത് വന്നിരിക്കുന്നു.
കുഞ്ഞിക്കൂനൻ പറഞ്ഞു “മന്ത്രവാദമൊന്നും ഇനി നടത്തേണ്ട. എന്തിന് പണവും സാധനങ്ങളും ചെലവാക്കണം. ഞാൻ പിശാച് ബാധ ഇന്നത്തോടെ ഒഴിപ്പിച്ചു തരാം.”. ആളുകൾക്ക് ഉത്സാഹമായി.
കുഞ്ഞിക്കൂനൻ പെട്ടെന്ന് ആ മന്ത്രവാദിയുടെ വലിയ മുണ്ട് ഒന്ന് പൊക്കിപ്പിടിച്ച് ഇടത് കാലിന്റെ പിൻഭാഗത്ത് മുട്ടിന് താഴെയുള്ള മുറിവ് കാണിച്ചു കൊടുത്തു. അവിടെ മുറിവിന്റെ ചുറ്റും കറുത്ത കരിയുടെ പാടുമുണ്ട്. അതോടെ കള്ളിവെളിച്ചത്തായി. നാടുവാഴി മന്ത്രവാദിക്ക് ശിക്ഷ വിധിച്ചു. മന്ത്രവാദി പക്ഷേ കരഞ്ഞു പിഴിഞ്ഞ് മാപ്പ് പറഞ്ഞ് ശിക്ഷയിൽ ഇളവ് വാങ്ങി.
പക്ഷേ അന്ന് രാത്രി കിടന്നുറങ്ങുമ്പോൾ കുഞ്ഞിക്കൂനൻ കിടന്നിരുന്ന വീട് കത്തിച്ച് കളഞ്ഞു, മന്ത്രവാദിയും കൂട്ടരും. തീയ്യിൽ നിന്നും രക്ഷപ്പെട്ട കുഞ്ഞിക്കൂനൻ നാടുവിട്ടു.
പിന്നീട് കൊള്ളക്കാർ കുഞ്ഞിക്കൂനനെ ബലി കൊടുക്കാൻ വേണ്ടി കൊണ്ട് പോയി. പൂട്ടിയിട്ടു. സൂത്രത്തിൽ അവിടെ നിന്ന് വലിയ കിടങ്ങിന്റെ മുകളിലൂടെ ചാടി വള്ളിയിൽ തൂങ്ങി രക്ഷപ്പെട്ടു. കള്ളന്മാരുടെ തടവറയിൽ വച്ച് അവൻ മൃതസഞ്ജീവനി എന്ന ചെടി കണ്ടിരുന്നു. മരിക്കാറായവരേ രക്ഷപ്പെടുത്തുന്ന ചെടി.
ആ നാട്ടിലെ രാജാവിന്റെ മകൾ രാജകുമാരിയെ രക്ഷിക്കാൻ ഈ ചെടി കുഞ്ഞിക്കൂനൻ കൊണ്ട് വരുന്നുണ്ട്.
കുട്ടിക്കാലത്ത് മനസ്സിൽ പതിഞ്ഞു പോയ ഈ കഥ ഇത്ര വർഷം (അരനൂറ്റാണ്ട്) കഴിഞ്ഞിട്ടും ഓർമ്മയിൽ അത് പോലെ നില്ക്കണമെങ്കിൽ! പി.നരേന്ദ്രനാഥ് മലയാളത്തിലെ എണ്ണപ്പെട്ട ബാലസാഹിത്യകാരനാണ്. അനേകം കൃതികൾ എഴുതിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
#കൂട്ടക്ഷരങ്ങൾ
#എന്റെരചന_ബ്ളോഗ്_മത്സരം
#കഥയിൽനിന്ന്ഹൃദയത്തിലേക്ക്
#കുഞ്ഞിക്കൂനൻ
#രചന_രാമചന്ദ്രൻടിവി


6 Comments
👌👍💯🔥♥️
കുഞ്ഞിക്കുനനെ വീണ്ടും ഓർമ്മിപ്പിച്ചതിൽ നന്ദി……. നന്നായെഴുതി👍🌹
എന്നെ വായിച്ചു പിന്തുണയും പ്രോത്സാഹനവും നൽകിയ എല്ലാവർക്കും നന്ദി സ്നേഹം.
കുഞ്ഞിക്കൂനൻ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്. നല്ല കഥയാണ്
ഒരു പാടിഷ്ടമുള്ള പുസ്തകമാണ്കുഞ്ഞിക്കൂനൻ.
മറക്കാൻ പറ്റാത്തൊരു കഥാപാത്രം
മനോഹരമായ വിവരണം👌❤️🌹
ബാലസാഹിത്യകൃതികൾ മായാതെ മനസ്സിൽ നിൽക്കും. പ്രത്യേകിച്ചും നന്മ മാത്രമുള്ള കുഞ്ഞിക്കൂനനെ പോലെയുള്ള കഥാപാത്രങ്ങൾ. നല്ല എഴുത്ത്.👍