“സ്നേഹം” എന്നൊരു ക്യാൻവാസിൽ പ്രണയം, സൗഹൃദം, ഭയം, പക, വീണ്ടെടുക്കൽ എന്നീ വർണങ്ങളിൽ മുക്കി വരച്ച മനോഹരമായ ചിത്രങ്ങളാണ് ഇതിലെ ഓരോ കഥകളും.
92-ൽ, തന്റെ ഇരുപതുകളിൽ, ഒരുവൻ എഴുതിത്തുടങ്ങിയ കഥകളാണിതെന്ന് എഴുത്തുകാരൻ വിനീതമായി മുൻകൂർ ജാമ്യമെടുക്കുന്നുണ്ടെങ്കിലും ഇതിലെ ഹൃദയസ്പർശിയായ കഥകൾ, ലളിതമായ ഭാഷയും മനസ്സിലേക്കുള്ള അഗാധമായ കടന്നുചാട്ടവും കൊണ്ട് വായനക്കാരുടെ മനസ്സിൽ അത്രമേൽ ഇടം നേടും. ഭാഷ ലളിതവും അനായാസവുമായതിനാൽ വായന സുഗമമാകുന്നു, ഈ കഥകൾ പക്ഷേ നിർമ്മലമായ സ്നേഹത്തെയും മനുഷ്യനിലയിലുണ്ടാകുന്ന നിസ്സഹായതയെയും ഉള്ളിലേക്ക് ആഴത്തിൽ വലിച്ചിഴക്കുന്നു.
കവിതാപരമായതും ബിംബ ഭാവനാപൂരിതവുമായ കഥകളുടെ ശൈലി എഴുത്തുകാരന്റെ ഒരു പ്രത്യേക മിഴിവായി തോന്നിക്കുന്നു.
“അപ്പോൾ സന്ധ്യക്ക് പേറ്റുനോവാരംഭിച്ചിരുന്നിരുന്നു. അന്തിമേഘങ്ങളിൽ ചോര പടർന്നു.
മുടിച്ചുരുളുകളിലെ ഗന്ധം വൃദ്ധൻ ഉള്ളിലേക്ക് ആവാഹിച്ചു.
തിര തുപ്പിയ പതക്കെട്ടുകൾക്കിടയിൽ അയാൾ നിഷ്കളങ്കത ഓളം വെട്ടുന്ന മുയൽക്കണ്ണുകളെ കണ്ടു.
പിന്നെ, അവളുടെ നനുത്ത നിശ്വാസം അറിഞ്ഞു. കടലാരവങ്ങൾക്കിടയിൽ അവളുടെ ചിലമ്പിച്ച ചിരി അയാൾ വേർതിരിച്ചറിഞ്ഞു. അയാൾ പൊട്ടിച്ചിരിച്ചു.
പിന്നെ തുടുത്ത സന്ധ്യയുടെ തുടുത്ത മാനം നോക്കി ഒരുപാട് മോഹം നൽകി കടന്നുകളഞ്ഞ സന്ധ്യകളെ ഓർത്ത് അയാൾ പൊട്ടിക്കരഞ്ഞു.
രാവു പിറന്നു.
സന്ധ്യ മരിച്ചു.” ഇവിടെ, പ്രണയത്തിന്റെ സ്മാരകമായ “ഒരുപിടി വാടാമലരുകൾ” ഇന്നും മാഞ്ഞുപോകാത്ത പ്രണയത്തിനുള്ള ഓർമക്കുറിപ്പാണ്.
മറ്റൊന്ന്, പാലക്കാടിനോടുള്ള എഴുത്തുകാരന്റെ അതി വൈകാരികത ഓരോ കഥകളിലും പ്രതിഫലിക്കുന്നുണ്ട് എന്നതാണ്. പാലക്കാടൻ സാഹിത്യങ്ങളിൽ പൊതുവേ കണ്ടുവരാറുള്ള വള്ളുവനാടൻ ശൈലി, പശ്ചാത്തലങ്ങളിൽ നിന്നും വിഭിന്നമായി, കിഴക്കൻ പാലക്കാടൻ ജീവിത ശൈലിയും ഭാഷയും അതീവ മനോഹരമായാണ് കഥകളിൽ അവതരിപ്പിക്കുന്നത്. അണിക്കോടും കൊടുമ്പും മണപ്പുള്ളികാവും പരുത്തിപ്പുള്ളിയും ചിറ്റൂരിന്റെ കൊങ്ങൻ പടയും കുനിശ്ശേരി ക്കാരുടെ ഗരുഡപ്പത്തും ഒരു പാലക്കാട്ടുകാരനെ ഹരം കൊള്ളിക്കാൻ വേറെന്ത് വേണം?
“ഒരു തൊട്ടാവാടി ചരിതം” ചെറുപ്പകാലത്തെ ചില ശീലങ്ങൾ ദശാബ്ദങ്ങൾക്കിപ്പുറം എങ്ങനെയാണ് മനസിൽ ഉറച്ചുനിൽക്കുന്നതെന്ന് മനസ്സിലാക്കിക്കൊടുക്കുന്ന കഥയാണിത്. കാത്തുസൂക്ഷിച്ചിരുന്ന സ്നേഹത്തിന്റെ തീവ്രത കൈമുതലായ രാഘവൻ കുട്ടിയോടുള്ള മാധവന്റെ ബന്ധം അവിശ്വസനീയമായ ഭാഷയിൽ ബന്ധുരമായി എഴുതപ്പെട്ടിരിക്കുന്നു.
ഒരു പ്രണയകാലത്തിന്റെ സ്മാരകശിലകളായി ജീവിച്ചിരിക്കുന്ന രണ്ട് പ്രതിരൂപങ്ങളുടെ കഥ പറയുന്ന “ഒരുപിടി വാടാമലരുകൾ” മനസ്സിൽ ഇന്നും വറ്റാത്ത പ്രണയം സൂക്ഷിക്കുന്നവർക്കുള്ള മരുപ്പച്ചയാകുന്നു.
മനുഷ്യനും വളർത്തു മൃഗങ്ങളുമായുള്ള ബന്ധങ്ങളെപ്പറ്റി ഹൃദയ ഹാരിയായിപ്പറഞ്ഞ “പൂച്ചക്കുട്ടി”യും എം പി നാരായണപ്പിള്ളയുടെ പരിണാമത്തിലെ “ടോമി” യെ ചെറുതായൊന്ന് ഓർമ്മിപ്പിച്ച “തിമ്മയ്യ” യും വ്യത്യസ്തത അനുഭവപ്പെടുത്തി.
ഈ കഥാസമാഹാരം, ഓരോ വായനക്കാരനെയും നിസ്സന്തോഷമായൊരു യാത്രയിൽ കൂട്ടിക്കൊണ്ടുപോകാൻ സമർത്ഥമാണ്.
ഹൃദയ ബന്ധങ്ങളുടെ, ആത്മാവിന്റെ എഴുത്തുകാരാ.. ഏതോ പാതകളിലേക്ക് വഴിമാറിപ്പോകുന്ന പ്രിയപ്പെട്ട അനന്തപദ്മനാഭാ.. കഥയുടെ പാതയോരങ്ങളിൽ നിന്നുകൊണ്ട് താങ്കളെ “ഇനിയും നഷ്ടപ്പെടാത്തവർ” തിരികെ വിളിക്കുന്നു.. മടങ്ങി വരാൻ താമസമെന്തേ?
സ്നേഹപൂർവ്വം:-
അജിത് വള്ളോലി


3 Comments
ആരാ കഥാകാരൻ? കൊരലാരം അനന്തപദ്മനാഭൻ??
നന്നായിട്ടുണ്ട്
നല്ല രചന. 👍
എന്തായാലും ഇതു വായിക്കണം.🙏