ആദ്യം ‘മഞ്ഞ്’ വായിയ്ക്കുമ്പോൾ ഞാനെന്റെ കൗമാരത്തിൽ ആയിരുന്നു, തീർച്ചയായും എനിയ്ക്കത്ര സുഖകരമായൊരു വായനാനുഭവം ആയിരുന്നിരിക്കില്ല മഞ്ഞ്, കാരണം ചില വായനകൾ അനുഭവങ്ങൾ ചേർത്ത് വായിക്കുമ്പോഴേ ആസ്വദിക്കാൻ കഴിയൂ..
മഞ്ഞ്,അതിമനോഹരമായ ഒരു കാവ്യമാണെന്ന് ഞാൻ പറയും നോവൽ പോലെ ഒരു കാവ്യമെന്നോ കവിത പോലൊരു നോവലെന്നോ നമുക്ക് ഒരു വിവക്ഷിക്കാം.
അത്ര എളുപ്പത്തിലോ അലസമായ വായനയിലോ കൈപ്പിടിയിൽ ഒതുക്കാവുന്ന ഒന്നല്ല മഞ്ഞ്. ‘മഞ്ഞി’ലൂടെ കാണുന്ന കാഴ്ചകൾ അവ്യക്തവും അപൂർണ്ണവുമാണ്. ആ കാഴ്ചകൾക്ക് വ്യക്തതയും പൂർണ്ണതയും ഉണ്ടാക്കിയെടുക്കേണ്ടത് വായനക്കാരുടെ ചുമതലയാകുന്നു.
മഞ്ഞു കാലാതീതമാകുന്നു. മനുഷ്യനിൽ വികാരങ്ങൾ ഉള്ളിടത്തോളം കാലം ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ വൈകാരികമായി താങ്ങായ് കരുതുന്നിടത്തോളം കാലം ‘മഞ്ഞിനും’ പ്രസക്തിയുണ്ട്. കാരണം മഞ്ഞ് കാത്തിരിപ്പിന്റെയും ഏകാന്തതയുടെയും കഥയാവുന്നു. നോവലിൽ നാം പരിചയപ്പെടുന്ന ഓരോ മനുഷ്യനും സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
‘ഒരു ബന്ധവും സങ്കൽപ്പിക്കാതെ… ഒരു കാരണവും കൂടാതെ… വെറുതെ… എനിക്ക് നിങ്ങളെ ഇഷ്ടമാണ്..’
എന്നൊരു കഥാപാത്രം വളരെ ലളിതമായെന്നോണം എന്നാൽ അത്രമേൽ ആർദ്രമായി മറ്റൊരു മനുഷ്യനോട് തനിയ്ക്കുള്ള സ്നേഹം വ്യക്തമാക്കുന്നുണ്ട്, സ്നേഹമെന്നത് ഒരേസമയം അത്രമേൽ ലളിതവും അതേസമയം അത്രമാത്രം നിഗൂഢവുമെന്ന് ആ എളിയ സംഭാഷണം നമ്മെ ബോധ്യപ്പെടുത്തുന്നു .
ഒരു ബന്ധവും കൽപ്പിക്കാതെ, ഒരു കാരണവും കൂടാതെ എങ്ങനെയാണ് മറ്റൊരു മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്നത് എന്ന് നാം അതിശയിച്ചു പോയേക്കാം.പക്ഷേ ഒരു മനുഷ്യജീവിക്ക് തന്നിലെ സ്നേഹം എന്ന് വികാരത്തെ തൃപ്തിപ്പെടുത്താതെ ആരാലെങ്കിലുമൊക്കെ സ്നേഹിയ്ക്കപ്പെട്ടേക്കാം എന്ന തന്റെ പ്രതീക്ഷയെ ഊതിക്കെടുത്താതെ എങ്ങനെയാണ് അതിജീവിക്കാൻ കഴിയുന്നത്?
അല്ലെങ്കിൽ തന്നെ ആരെയെങ്കിലും എന്തിനെയെങ്കിലും ഒക്കെ കാത്തിരിക്കാതെ എങ്ങനെയാണ് ഏകാന്തമായ ജീവിതത്തെ അതിജീവിയ്ക്കാൻ സാധിയ്ക്കുന്നത്?
മഞ്ഞുപോലെ ഊഷ്മളം തന്നെയാണ് മനുഷ്യന്റെ ഓരോരോ കാത്തിരിപ്പുകളും പാവം മനുഷ്യർ തങ്ങളുടെ വരണ്ടു തുടങ്ങുന്ന ജീവിതത്തിൽ മഞ്ഞുപെയ്യിക്കാൻ എന്തിനായെങ്കിലും സാധിയ്ക്കുമെന്ന പ്രതീക്ഷയിൽ അങ്ങനെ അതിജീവിക്കും.
‘വരും വരാതിരിക്കില്ല അതാണ് കാത്തിരിപ്പ് അതാണ് സ്നേഹം… അതാണ് വിശ്വാസം..’
നോവലിലെ പ്രധാന കഥാപാത്രം എന്ന് നമ്മളെ വിശ്വസിപ്പിയ്ക്കുന്ന ‘വിമല’യുടെ ആത്മഗതമാണിത് ഓരോ മനുഷ്യനും ഈ കാത്തിരിപ്പില്‍ വിശ്വസിച്ചു കൊണ്ട് അതിജീവിക്കുന്നു.
എന്തൊരു മനോഹരമായ സങ്കല്പമാണ് കാത്തിരിപ്പ് എന്ന് മഞ്ഞ് അനുഭവവേദ്യമാക്കുന്നു. മഞ്ഞ് ഒരു കാവ്യം പോലെ വളരെ സൂക്ഷ്മമായി ഒഴുകുന്ന നോവൽ ആകുന്നു. നോവലിലെ ഓരോ വരിയിലും കഥാകൃത്ത് അതീവ നിഷ്കർഷത പുലർത്തിയിരിക്കുന്നു. ഒരു വാക്കുപോലും കൂടി പോകാതെ ഒരു വാക്ക് പോലും മുഴച്ചു നിൽക്കരുതെന്ന നിഷ്ടയോടെയാണ് അദ്ദേഹം ആ കാവ്യം പൂർത്തിയാക്കിയിരിക്കുന്നത്.
കഥാകൃത്ത് തന്നെ ഒരിക്കൽ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നുവത്രേ. വിമലയുടെ പിതാവ് ജോലി ചെയ്തിരുന്ന ‘ഉരുളക്കിഴങ്ങ്’ ഗവേഷകകേന്ദ്രത്തേക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഗവേഷക കേന്ദ്രം എന്നല്ലാതെ ഉരുളക്കിഴങ്ങ് എന്ന് കൂട്ടിച്ചേർത്തതിൽ അദ്ദേഹത്തിനുള്ള ഖേദം ചൂണ്ടിക്കാണിച്ചിരുന്നുവത്രേ. അത്രമാത്രം കരുതലാണ് അദ്ദേഹം തന്റെ ശില്പ സൃഷ്ടിയിൽ വഹിച്ചിരുന്നത്.
നോവലിലെ ഒരു സന്ദർഭത്തിൽ ‘വിമല’യോട് ‘സർദാർജി’ പറയുന്നുണ്ട് ‘നിങ്ങളുടെ പശ്ചാത്തലം മുഴുവൻ എനിക്ക് മറ്റുള്ളവരോട് ചോദിച്ചറിയാം ഒരു നൂറുകൂട്ടം കാര്യങ്ങൾ അതെല്ലാം കൂടിയാവുമ്പോൾ നിങ്ങൾക്ക് ചിത്രത്തിൽ ആയിരം വേരുകളും ജില്ലകളും ഇലകളും എല്ലാം വന്നു കൂടുന്നു നിങ്ങൾ ഒരു ബിന്ദു മാത്രം’.
എത്ര മനോഹരമായാണ് ഈ അവ്യക്തതയിലെ വ്യക്തതയെ കുറിച്ച് അദ്ദേഹം ഈ വിധം വർണിച്ചിരിക്കുന്നത്.
നാം കാണുന്ന ആ ഒരു ‘മനുഷ്യൻ’ ഒരു ബിന്ദുമാത്രമായിരിക്കുന്നിടത്തോളം നാമവരെമാത്രം ശ്രദ്ധിയ്ക്കുന്നു,പശ്ചാത്തലം അവ്യക്തമായിരിക്കുന്നിടത്തോളം കാലം.ആ ഒരു അവ്യക്തത തന്നെ മഞ്ഞിന്റെ സൗന്ദര്യത്തിന്റെയും രഹസ്യവും.
‘മഞ്ഞി’ന്റെയും ‘വിമല’യുടെ കാത്തിരിപ്പിന്റെയും ഒടുവിൽ വന്നെത്തുന്ന സർദാർജി തന്റെ ചുരുങ്ങിയ വാക്കുകളാൽ നമ്മളോടും വിമലയോടും പറയുന്നത് ജീവിതത്തിന്റെ ലളിതമായ എന്നാൽ അതിഗൂഢമായ രഹസ്യങ്ങളെക്കുറിച്ചാണ്.
‘ മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്’ എന്ന് നിരീക്ഷിക്കുന്ന അദ്ദേഹം മരിച്ചു പോയവരെ ഓർത്ത് ഉറക്കം കളയരുത് ജീവിച്ചിരിക്കുന്നവർ ഒരുപാടുണ്ടല്ലോ ഭൂമിയിൽ എന്നും പറഞ്ഞു കളയുമ്പോൾ യഥാർത്ഥത്തിൽ അദ്ദേഹം മരിച്ചു പോയവരെക്കുറിച്ച് തന്നെയാണോ പറയുന്നത് എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഓർമ്മ മാത്രം നമ്മളിൽ ശേഷിപ്പിച്ച് ഭൗതികമായി നമ്മിൽ നിന്നകന്നു പോയവരാണല്ലോ മരണപ്പെട്ടവർ, അങ്ങനെ നോക്കുമ്പോൾ ഓർമ്മകളുടെ നോവ് മാത്രം നമ്മിൽ അവശേഷിപ്പിച്ച് അകന്നു പോയവരെ കുറിച്ചും വേണമെങ്കിൽ ഈ ഒരു വ്യാഖ്യാനം ഉപകരിക്കും.
സർദാർജി തനിക്ക് ചുറ്റും മരണം എന്ന ചങ്ങാതി വിലയും പ്രാപിക്കുമ്പോഴും തന്റെ സ്വതസിദ്ധമായ ഫലിതവും തത്വചിന്തയും ഒന്നും കൈവിടുന്നില്ല ‘ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ച് ജീവിതത്തോട് വാങ്ങുക’ എന്ന തത്വത്തിൽ ആവാം അദ്ദേഹവും ജീവിതത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് . അദ്ദേഹം ജീവിതത്തോടാണ് മല്ലിടുന്നത്. മരണത്തെ കാത്തിരിക്കുമ്പോഴും ജീവിതത്തോട് മല്ലിടാൻ മറന്നുപോകുന്നുമില്ല.എപ്പോഴും ജീവിതത്തിൽ നിലനിർത്താൻ പെടാപ്പാടുപെടുന്ന ഉറ്റചങ്ങാതി ആയിട്ടാണ് അദ്ദേഹം മരണത്തെ കാണുന്നതുപോലും. മരണത്തിന്റെ മുഖം കണ്ടിട്ടുണ്ടോ എന്ന് ഒട്ടും കൂസാതെ അദ്ദേഹം വിമലയോട് വിളിച്ചു ചോദിക്കുന്നുണ്ട്. സ്വയം ജീവിക്കാൻ കൊതിയ്ക്കുന്നത് പോലെ മറ്റ് മനുഷ്യരെയും ജീവിപ്പിക്കാൻ അയാൾ വെറുതേ ആശിയ്ക്കുന്നു.
എന്നാൽ വിമലയിൽ ആവട്ടെ ഒരുതരം നിർവികാരതയാണ് തുടക്കം മുതൽ നമുക്ക് കാണാൻ കഴിയുന്നത്.സുധീർകുമാർ മിശ്ര എന്ന തന്റെ സ്നേഹിതനോട് ഒഴികെ വിമല മറ്റാരോടും ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല . അമ്മയോടോ അച്ഛനോടോ സഹോദരനോടോ സഹോദരിയോടോ പോലും അവൾക്ക് വൈകാരികമായ ഒരു ബന്ധം സ്ഥാപിക്കാൻ സാധിക്കുന്നില്ല. ഒറ്റയടിക്ക് ഒരേ ഘടനയിലുള്ള മൂന്നു മറുപടിക്കത്തുകൾ പോലും അവൾ എഴുതുന്നത് തന്നെ ഇതിനാലാണ് .
തന്റെ ജീവിതത്തിൽ പല വ്യാജ മുഖങ്ങളും പരിചിതമായ അവൾ രശ്മിയുടെ കള്ളത്തരത്തിന് മുന്നിൽ കണ്ണടക്കുന്നത് പോലും ഇത്തരത്തിലുള്ള വൈകാരികമായ നിസംഗതയാലാണെന്ന് നമുക്ക് നിസ്സംശയം സമ്മതിക്കേണ്ടി വരുന്നു. അല്ലാതെ മറ്റേതൊരു ഉത്തരവാദിത്വമുള്ള ടീച്ചർക്ക് ആണ് ഒരു പതിനാറുകാരിയെ ഒരു ഭയവും കൂടാതെ അവളുടെ സ്നേഹിതനോടൊപ്പം ആണെങ്കിൽ പോലും പറഞ്ഞയക്കാൻ കഴിയുന്നത്?തന്റെ അതേ അനുഭവം നേരിടാൻ മറ്റൊരു പെൺകുട്ടിയ്ക്കും കൂടി അനുവദിക്കാൻ സാധിക്കുന്നത്?
ഒരുപക്ഷേ അനുഭവം കൊണ്ട് പഠിയ്ക്കട്ടെ എന്ന തത്വത്തിലാവാം അവൾ വിശ്വസിച്ചിരുന്നത്.
പ്രായത്തിനേക്കാൾ പക്വത(?) തന്നിലേക്ക് പകർത്താനും അവൾ പരിശ്രമിക്കുന്നുണ്ട്.സംഗീതം ആസ്വദിക്കുന്നതിന് പോലും തന്റെ പ്രായം ഒരു കടമ്പയാണെന്ന് അവൾ കരുതുന്നു, പക്വത എന്നത് നിർവികാരമായ ഒരു അവസ്ഥയാണെന്ന് ധരിക്കുന്നുമുണ്ട്. അതേസമയം തന്നെ തന്റെ വികാരങ്ങളെ അടക്കി വെക്കാൻ ശ്രമിക്കുന്നുമുണ്ട്. സർദാർ ജി തന്റെ ഏക്താരയിൽ ഒരു നാടോടി പാട്ടിന്റെ ശ്രുതിമീട്ടേ, മുപ്പത്തിയൊന്ന് വയസ്സായ ഒരു സ്ത്രീ നാടോടി പാട്ട് കേൾക്കുമ്പോൾ ദുർബലയാവരുതെന്നു തന്നോട് തന്നെ ശാസിക്കുന്നത് ഈയൊരു ചിന്തയിൽ നിന്നാണല്ലോ ..
ഏതു സംഗീതത്തിനാണ് കാല-ദേശ ഭേദമുള്ളത്?
സംഗീതം ഏത് പ്രായത്തിലും ആസ്വദിക്കാനുള്ളതാണ്…
തികച്ചും യാദൃശ്ചികമായാണോ എന്തോ കഥാകാരന്റെയും, കഥാപാത്രത്തിന്റെയും [വിമല ] ഈ വായനക്കാരിയുടെയും പ്രായം ഒന്നാകുന്നു! വർഷങ്ങൾക്ക് മുൻപ് മഞ്ഞ് വായിച്ച് ഒരർത്ഥവും മനസിലാവാത്ത കൗമാരക്കാരിയിൽ നിന്നും മഞ്ഞിലേയ്ക്കിറങ്ങി അതിന്റെ തണുപ്പും മരവിപ്പും അനുഭവത്തിലൂടെ മനസ്സിലാക്കാൻ തക്ക ‘പക്വത’യുള്ള മുപ്പത്തിയൊന്നുകാരിയാവുന്നു വീണ്ടുമീ അക്ഷരങ്ങൾ ഏറ്റുവാങ്ങുമ്പോളീ വായനക്കാരിയും..
മഞ്ഞ് വായിച്ചു കഴിഞ്ഞു നോട്ട്ബുക്കിൽ വെറുതെ ഒരു കുറിപ്പും കുറിച്ചു വച്ച് രണ്ട് നാൾ കഴിഞ്ഞാണ് മഞ്ഞിന്റെ കഥാകൃത്ത് മരണത്തിലൂടെ നമ്മോട് യാത്രപറയുന്നത്. മഞ്ഞ് ബാക്കിവച്ച തണുപ്പാലാണോ എന്തോ വല്ലാതെ മനസ്സ് വിങ്ങുന്നു,അത് കണ്ണീരായി പുറത്തു വരുന്നു.അദ്ദേഹം സൃഷ്ടിച്ച അക്ഷരങ്ങളുടെ ഒരു പ്രപഞ്ചം തന്നെയുണ്ടല്ലോ ഇവിടെ കാത്തിരിക്കാൻ എന്ന് മനസ്സിന്റെ മറുപാതി ആശ്വസിപ്പിയ്ക്കുന്നു
അങ്ങനെ നോക്കുമ്പോൾ ‘മഞ്ഞും’ ഒരു ഗീതം ആകുന്നു. കാലമോ ദേശമോ നേരമോ അതിന്റെ സംഗീതത്തിന് ബാധകമാകുന്നില്ല. അനുവാചകന്റെ അനുഭവങ്ങൾക്കോ ചിന്തകൾക്കോ ആസ്വാദകശേഷിയ്ക്കോ അനുസരിച്ച് പതിയെ അത് നമ്മിൽ മഞ്ഞുപോലെ പതിഞ്ഞ താളത്തിലും രാഗത്തിലും പടർന്നു കയറി നേരിയ ഒരു ഇളം കുളിര് അവശേഷിപ്പിച്ചു പടിയിറങ്ങുന്നു, ആ കുളിരിനായ് നാം വീണ്ടും കാത്തിരിയ്ക്കുന്നു..
അങ്ങനെ ‘മഞ്ഞ് ‘ കാത്തിരിപ്പിന്റെ കാവ്യമാവുന്നു.


4 Comments
മനോഹരം. വ്യർത്ഥമാണെന്ന തിരിച്ചറിവിലും അർത്ഥം തേടുന്ന കാത്തിരിപ്പ്..
നന്നായി എഴുതി
👌👍🙏❤️💯
👍❤
ഉപാധികൾ വെയ്ക്കാത്ത സ്നേഹമാണ്, ആ ഇഷ്ടമാണ് മഞ്ഞിന്റെ ഭംഗി. നല്ല ആസ്വാദനം.👏