അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചതു മുതൽ തപ്പിയും തടഞ്ഞും ഞാൻ വായിക്കാൻ ശ്രമിക്കുമായിരുന്നു. കുട്ടിക്കാലത്ത് അമ്മമ്മയും അമ്മയും കഥകൾ പറഞ്ഞുതരുമായിരുന്നു. കഥകളോടുള്ള താൽപര്യം അന്നേ തുടങ്ങിയിരുന്നു. രണ്ടിലോ മൂന്നിലോ പഠിക്കുമ്പോൾ പൂമ്പാറ്റ, ബാലരമ, ബാലമംഗളം, അമർചിത്ര കഥകൾ എന്നിവ ഞങ്ങൾ കൂട്ടുകാർ പരസ്പരം പങ്കിട്ട് വായിക്കുമായിരുന്നു.
ഏക മകൻ ആയതുകൊണ്ട് (ഒരനുജത്തി ഉണ്ടായിരുന്നത് ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി) ഞാൻ തനിച്ചാണ് കളിച്ചിരുന്നത്. അതും വായനയിൽ കൂടുതൽ താൽപര്യമുണ്ടാക്കാൻ ഒരു കാരണമായിരിക്കാം. ഞാനന്ന് അച്ഛനോട് നിർബന്ധിച്ച് വാങ്ങിപ്പിച്ചിരുന്നത് പൂമ്പാറ്റയായിരുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് കുറച്ച് തടിച്ച പുസ്തകമായിരുന്നു പൂമ്പാറ്റ. അതിൽ ഒരുപാട് വായിക്കാനുണ്ടാവുമായിരുന്നു. അമർചിത്ര കഥകളിൽ നിന്നാണ് രാമായണം, മഹാഭാരതം, വിക്രമാദിത്യൻ, വേദാളം, ചാണക്യൻ, പഞ്ചതന്ത്രം കഥകൾ, അക്ബറിൻ്റെയും ബീർബലിൻെറയും കഥകൾ എന്നിവയെല്ലാം അറിഞ്ഞത്. ഒരു സിനിമയിലെന്നപോലെ മനസ്സിൽ ആ കഥാപത്രങ്ങൾ ജീവിച്ചിരുന്നു.
വലുതാവുന്നതിനനുസരിച്ച് എൻ്റെ വായനയോടുള്ള അഭിനിവേശവും കൂടിക്കൂടി വന്നു. വായനയോടുള്ള ആർത്തിയാണ് എന്നെ നാട്ടിലുള്ള വായനശാലയിലേക്കും അവിടുത്തെ ഗ്രന്ഥശേഖരത്തിലേക്കും എത്തിച്ചത്. അവിടുത്തെ പുസ്തകങ്ങൾ എല്ലാം എടുത്ത് വായിക്കാൻ എനിക്ക് കൊതിയായിരുന്നു. എൻെറ പുസ്തകത്തോടുള്ള താൽപര്യം കണ്ടിട്ടാവണം എന്നെ ഗ്രന്ഥശാലയുടെ ലൈബ്രേറിയനാക്കി. സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു അന്നെനിക്ക്.
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു. പഠിക്കാനുള്ള പുസ്തകത്തേക്കാൾ കൂടുതൽ അന്ന് ഞാൻ വായിച്ചത് ലൈബ്രറിയിലെ പുസ്തകങ്ങളായിരുന്നു. കഥകളിൽ തുടങ്ങി പുരാണങ്ങൾ, നോവലുകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു ഭാഷകളിൽ നിന്നുള്ള പരിഭാഷകൾ അങ്ങിനെയങ്ങനെ ഒരുപാട് പുസ്തകങ്ങൾ – ബഷീർ, മുട്ടത്തുവർക്കി, കോവിലൻ, മലയാറ്റൂർ, മാധവിക്കുട്ടി, എം. മുകുന്ദൻ, ഒ. വി. വിജയൻ, എം. ടി., വയലാർ, ഒ. എൻ. വി., സുഗതകുമാരി, ചുള്ളിക്കാട്, ഇ. എം. എസ്, സുകുമാർ അഴിക്കോട്, വീരേന്ദ്രകുമാർ അങ്ങിനെയങ്ങിനെ ഒരുപാട് പേരുടെ കൃതികൾ ഞാൻ വായിച്ചു. എങ്കിലും വായനയുടെ അഭിനിവേശ കാലത്ത് ഞാൻ വായിച്ച ‘കാട്ടു കടന്നൽ’ എന്ന നോവലും പിന്നീട് കുറേക്കാലത്തിന് ശേഷം കുറഞ്ഞ കാലം കൊണ്ട് ഞാൻ വായിച്ചു തീർത്ത സർ. ആർതർ കോനൽ ഡോയലിൻെറ ഷെർലക് ഹോംസ് കഥകളും ഇന്നും എനിക്ക് വായിച്ച് കൊതി തീരാതെ മനസ്സിൽ നിൽക്കുന്ന പുസ്തങ്ങളാണ്.
പഠനമൊക്കെ കഴിഞ്ഞ് തലശ്ശേരിയിലെ ഒരു കംപ്യൂട്ടർ സെൻററിൽ ട്രെയിനിയായി നിൽക്കുമ്പോൾ എൻെറ ഒരു സുഹൃത്ത് വായിക്കാനായി ഒരു തടിച്ച പുസ്തകം തന്നു. കുറ്റാന്വേഷണ കഥകളായിരുന്നു അതിൽ നിറയെ. ഒരു അദ്ധ്യായം വായിക്കാൻ തുടങ്ങിയാൽ ആ കഥ തീരാതെ വായന നിർത്താൻ കഴിയാത്ത അവസ്ഥ. അസുഖം എന്ന് പറഞ്ഞ് ഒരാഴ്ച ലീവെടുത്ത് ആ പുസ്തകം വായിച്ചു തീർക്കുകയായിരുന്നു. കാരണം ഒരാഴ്ച കഴിഞ്ഞാൽ കൂട്ടുകാരന് പുസ്തകം തിരിച്ചു കൊടുക്കണമായിരുന്നു. അതിന് മുമ്പും അതിന് ശേഷവും ഒരുപാട് പുസ്തകങ്ങൾ ഞാൻ വായിച്ചെങ്കിലും ഷെർലക് ഹോംസ് കഥകളുടെ സമാഹാരം എനിക്ക് എൻെറ വായനാ ജീവിതത്തിൽ മറക്കാനേ കഴിയാത്ത ഒന്നാണ്. വായിക്കാൻ തുടങ്ങിയാൽ മറ്റെല്ലാം മറന്ന് ഞാൻ ആ ലോകത്തേക്ക് എത്തുന്ന അവസ്ഥയിലായിരിക്കും. ആര് വിളിച്ചാലും പറഞ്ഞാലും ഒന്നും അറിയാത്ത് അവസ്ഥ. ഇക്കാര്യത്തെച്ചൊല്ലി വീട്ടിൽ ഞാൻ ഏറെ വഴക്കു കേൾക്കാറുണ്ട്. അതിന് അന്നും ഇന്നും ഒരു കുറവുമില്ല. വായന മാത്രമല്ല എന്തു ചെയ്യുമ്പോഴും അതിൽ പൂർണ്ണമായും ലയിച്ചുപോകും.
സ്കൂൾ അവധിക്കാലത്ത് അമ്മയുടെ വീട്ടിൽ പോയി താമസിക്കുന്ന പതിവ് എനിക്കുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം ഞാനും അമ്മമ്മയും മാത്രം വീട്ടിലുണ്ടായിരുന്ന ഒരു ദിവസം ഞാൻ ഏതോ ഒരു പുസ്തകവുമെടുത്ത് വരാന്തയിൽ ഇരുന്ന് വായനയിൽ മുഴുകി. അമ്മമ്മ അടുക്കളഭാഗത്തിരുന്ന് എന്തോ മുറിക്കുമ്പോൾ കൈമുറിഞ്ഞു. കുറച്ച് ആഴത്തിൽ തന്നെ മുറിഞ്ഞു. അമ്മമ്മ എന്നെ ഒരുപാട് വിളിച്ചെങ്കിലും ഞാനൊന്നും അറിഞ്ഞില്ല. അമ്മമ്മയുടെ വിളികേട്ട് അടുത്ത വീട്ടിലുള്ള ആരൊക്കെയോ ഓടിവന്ന് അമ്മമ്മയുടെ മുറിവൊക്കെ വെച്ചുകെട്ടിക്കൊടുത്തു. മണിക്കൂറുകൾ കഴിഞ്ഞ് ആരോ വന്ന് എന്നെ ശാസിച്ചപ്പോഴാണ് ഞാൻ അവിടെ നടന്ന സംഭവങ്ങൾ അറിഞ്ഞത്. വഴക്ക് പറയുമ്പോൾ ഇപ്പോഴും അമ്മ ഇക്കാര്യം പ്രത്യേകം എടുത്തു പറയും.
എന്തൊക്കെ പറഞ്ഞാലും വായന ഒരു നല്ല ലഹരി തന്നെയാണ്. നഷ്ടങ്ങളൊന്നുമില്ലാത്ത നേട്ടങ്ങൾ ഏറെയുള്ള ലഹരി. എല്ലാം വായിക്കണം, വായിച്ചാൽ മാത്രം പോര അതിനെക്കുറിച്ച് ഗൌരവമായി ചിന്തിക്കണം, അതിലെ നെല്ലും പതിരും വേർതിരിച്ചറിയണം. നല്ല കാര്യങ്ങൾ ജീവിതത്തിൽ പകർത്തുകയും വേണം. എങ്കിലേ വായനകൊണ്ട് ഗുണമുള്ളൂ. വായിച്ച കാര്യത്തെക്കുറിച്ച് വിമർശന ബുദ്ധിയോടെ സമീപിക്കണം എന്നാണ് എൻെറ അഭിപ്രായം.
ആറിലോ ഏഴിലോ പഠിക്കുന്ന കാലത്ത് എൻെറ മലയാളം ടീച്ചർ രാമായണത്തിലെ രാമൻ വനവാസത്തിന് പോകുന്ന അധ്യായം വിവരിക്കുകയായിരുന്നു. ഭരതൻ തനിക്കുലഭിച്ച സിംഹാസനത്തിൽ ഇരിക്കാതെ ജ്യേഷ്ഠനായ രാമൻെറ പാദുകങ്ങൾ ചോദിച്ചു വാങ്ങി അത് സിംഹാസനത്തിൽ വെച്ച് പൂജിച്ചാണ് രാജ്യം ഭരിച്ചത് എന്ന് ടീച്ചർ പറഞ്ഞു. അന്നേ എനിക്ക് ഭരതനോട് ദേഷ്യമാണ് തോന്നിയത്. സർവ്വതും നഷ്ടപ്പെട്ട രാമന് കാട്ടിൽ പോകുമ്പോൾ കല്ലിലും മുള്ളിലും നടക്കാൻ ആശ്രയമാകുമായിരുന്ന ചെരുപ്പുകൾ ഊരി വാങ്ങിച്ചതിലൂടെ ഭരതൻ വീണ്ടും രാമനോട് ക്രൂരതയല്ലെ ചെയ്തത് എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. അതുപോലെ തന്നെ രാമനേയും എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല. ഇക്കണ്ട പുകിലൊക്കെ ഉണ്ടാക്കിയത് സീതയെ രാവണൻെറ അടുത്തു നിന്നും വീണ്ടെടുക്കാനായിരുന്നല്ലോ. ഒരുപാട് പേരെ കൊന്നും കൊലവിളിച്ചും സീതയെ വീണ്ടെടുത്തു. സീത പരിശുദ്ധയാണെന്ന് ഉറപ്പിക്കാൻ അഗ്നിശുദ്ധിയും വരുത്തിയാണ് കൊട്ടാരത്തിലേക്ക് കൊണ്ടുവരുന്നത്. എന്നിട്ട് പ്രജകൾ അപവാദം പറയുന്നു എന്ന് പറഞ്ഞ് രാജാവായ, എല്ലാ പ്രജകൾക്കും തുല്യനീതി ഉറപ്പിക്കേണ്ട ആൾ, അതും പുരുഷോത്തമനായ ആൾ തൻെറ ഭാര്യയെ കാട്ടിൽ കൊണ്ടുപോയി കൊന്നേക്കാൻ അനുജനെ ഏൽപ്പിക്കുന്നു. അതും പൂർണ്ണ ഗർഭിണിയായ ഭാര്യയെ. എത്ര ആലോചിച്ചിട്ടും എനിക്ക് രാമനിൽ ഒരു ന്യായവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അയാൾ ഭർത്താവ് എന്ന ധർമ്മവും രാജാവ് എന്ന ധർമ്മവും നിർവ്വഹിച്ചിട്ടില്ല എന്നാണ് എൻെറ അഭിപ്രായം. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട് പ്രവർത്തിക്കേണ്ട ആളല്ലല്ലോ ഒരു രാജാവ്. അതിൽ എന്തെങ്കിലും ന്യായീകരണം നിങ്ങൾക്കുണ്ടെങ്കിൽ അറിയിക്കണം. ഇതുപോലെ ഓരോ പുസ്തകവും വായിക്കുമ്പോൾ അതിലെ പല കാര്യങ്ങളോടും സംശയവും എതിർപ്പും ചോദ്യങ്ങളും ഒക്കെ എനിക്ക് ഉണ്ടാവാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോഴേ വായന പൂർണ്ണമാകുന്നുള്ളൂ എന്നാണ് എൻെറ അഭിപ്രായം.
വളയാതെ വളരാൻ വായിച്ചു വളരുക
വായിച്ചതൊക്കെ വിളയിച്ചെടുക്കുക
മനസ്സിലും മണ്ണിലും വിളയട്ടെ കനികൾ
മധുവൂറും അറിവിൻെറ അക്ഷര കനികൾ
അഭിപ്രായങ്ങളും, വിമർശനങ്ങളും, നിർദ്ദേശങ്ങളും അറിയിച്ചാൽ ഏറെ സന്തോഷം.
——————————————————
ഷീജിത്ത് സി. കെ. – പിണറായി


8 Comments
ചെറുപ്പം മുതൽ എനിക്കും വായന ഹരമായിരുന്നു…… ഹൃദ്യമായ എഴുത്ത്👍❤️
🙏❤️
ഞാനും ഇങ്ങനെയായിരുന്നു.. വായിക്കാനിരുന്നാൽ വേറൊന്നും അറിയില്ല. അമ്മ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട് അതിന്… നന്നായി എഴുതി കെട്ടോ
🙏❤️
Good
🙏❤️
👌❤️👍🙏💯
സുരേഷ്,
വായിച്ച് പ്രതികരിച്ചതിന് നന്ദി 🙏❤️