അവൻ വലിയ ധൈര്യശാലിയായിരുന്നു. ദൈവത്തിലും പിശാചിലും ഒന്നും അവന് വിശ്വാസമില്ലായിരുന്നു. കൂട്ടുകാരോടവൻ അവൻെറ ധൈര്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. ഇരുട്ടായാൽ കൂട്ടുകാർക്കെല്ലാം പുറത്തിറങ്ങാൻ പേടിയായിരുന്നു. എന്നാൽ അവൻ യാതൊരു പേടിയുമില്ലാതെ രാത്രി ഒറ്റയ്ക്ക് പീടികയിൽ പോകുമായിരുന്നു. രാത്രിയിൽ പുറത്തിറങ്ങാൻ പേടിയുള്ള കൂട്ടുകാരെ ഇതുപറഞ്ഞ് കളിയാക്കുമായിരുന്നു.
കളിയാക്കൽ സഹിക്കവയ്യാതെ കൂട്ടുകാരെല്ലാം കൂടി അവൻെറ ധൈര്യം ഒന്ന് പരീക്ഷിക്കണം എന്ന് തീരുമാനിച്ചു. അങ്ങനെ എല്ലാവരും കൂടി അവനോടൊരു പന്തയം വെച്ചു. വിജയിച്ചാൽ സ്കൂളിനടുത്തുള്ള കൂൾബാറിൽ നിന്ന് ഫലൂദ വാങ്ങിക്കൊടുക്കും. അടുത്ത ശനിയാഴ്ച രാത്രി പന്ത്രണ്ടുമണിക്ക് ശേഷം ആ നാട്ടിലെ ശ്മശാനത്തിലെ അവൻെറ മുത്തച്ഛൻെറ കല്ലറയ്ക്ക് മുകളിൽ ഒരു ആണിതറയ്ക്കണം, അതായിരുന്നു പന്തയം. അവൻ ഒന്നും ആലോചിക്കാതെ അതിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ആ ദിവസം വന്നെത്തി. നാട്ടിലെ കാവിൽ അന്ന് ഉൽസവമായിരുന്നു. അതിനാൽ കൂട്ടുകാരെല്ലാം ഉൽസവത്തിന് പോകാൻ വീട്ടിൽ അനുവാദം വാങ്ങിച്ച് അന്ന് രാത്രി കാവിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി. അതിൽ ഒരു കൂട്ടുകാരൻ ഒരു ആണിയും ചുറ്റികയും മുമ്പേതന്നെ സംഘടിപ്പിച്ച് വെച്ചിരുന്നു.
അങ്ങനെ നടന്നു നടന്ന് അവർ ശ്മശാനത്തിനടുത്തുള്ള ഒരു വലിയ പ്ലാവിൻെറ ചോട്ടിലെത്തി. അകലെ കാവിൽ തെയ്യം ഉറഞ്ഞുതുള്ളുന്നതിൻെറ ചെണ്ടമേളം കേൾക്കുന്നുണ്ടായിരുന്നു. ധൈര്യശാലിയാണെങ്കിലും അവൻെറയുള്ളിലും ചെറിയൊരു ചെണ്ടമേളം തുടങ്ങിക്കഴിഞ്ഞിരുന്നു. കൂട്ടുകാരുടെ മുന്നിൽ തോറ്റുകൊടുക്കാൻ അവൻ തയ്യാറല്ലായിരുന്നു.
അങ്ങനെ അവൻ ഒരു കയ്യിൽ ചുറ്റികയും മറുകയ്യിൽ ആണിയുമായി മുന്നോട്ടേക്ക് നടന്നു. കൂട്ടുകാർ ശ്മശാനത്തിനടുത്തുള്ള ഒരു കൂട്ടുകാരൻെറ വീട്ടിൽ അവനെയും കാത്തിരുന്നു. ധൈര്യം സംഭരിച്ച് അവൻ മുന്നോട്ടേക്ക് നടന്നു. കൈയ്യിൽ ചെറിയ വെളിച്ചമുള്ള ചൈനീസ് ടോർച്ചാണ് ഉണ്ടായിരുന്നത്. അതും മിന്നിച്ച് മെല്ലെ മെല്ലെ അവൻ നടന്നുകൊണ്ടിരുന്നു. ശ്മശാനത്തിനടുത്ത് എത്തുന്നതിനനുസരിച്ച് ഉള്ളിലെ ചെണ്ടമേളം മുറുകിക്കൊണ്ടിരുന്നു. ദൂരെ എവിടുന്നോ കുറുക്കൻമാർ ഓരിയിടുന്നുണ്ടായിരുന്നു. ഒരു തണുത്ത കാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി. കൂരാക്കൂരിരുട്ട്, അന്ന് അമാവാസിയാണെന്ന് മുത്തശ്ശി പറഞ്ഞത് അവന് ഓർമ്മ വന്നു. തിരിച്ചു പോയാലോ എന്ന് അവൻ ശങ്കിച്ചു. കൂട്ടുകാരുടെ മുന്നിൽ നാണം കെടും എന്ന കാര്യമോർത്തപ്പോൾ തിരിച്ചു പോകേണ്ടെന്ന് അവൻ ഉറപ്പിച്ചു. ഏതായാലും കല്ലറയ്ക്കടുത്തെത്തി, ഇനി വേഗം ആണി തറച്ച് പെട്ടെന്ന തിരിഞ്ഞോടണം അവൻ ആലോചിച്ചു.
ടോർച്ച് അവൻ ചുറ്റിലും തെളിച്ചു നോക്കി. അതാ കല്ല് പാകിയ മുത്തച്ഛൻെറ തറ. മുത്തച്ഛനെ കണ്ട നേരിയൊരോർമ്മ മാത്രമാണ് അവനുണ്ടായിരുന്നത്. വെളുത്ത ജുബ്ബയും വെള്ള മുണ്ടും ധരിച്ച് വായ നിറയെ മുറുക്കാൻ ചവച്ച് ചുവന്ന ചുണ്ടകൾ, കാതിൽ കടുക്കൻ, തലയിൽ വെളുത്ത മുണ്ടുകൊണ്ടുള്ള ഒരു കെട്ട്. മുത്തച്ഛൻ തറയിലിരുന്ന് ചിരിക്കുന്നതായി അവന് തോന്നി. അവൻ വേഗത്തിൽ ടോർച്ച് തറയിലേക്കടിച്ചു നോക്കി. അവിടെ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി. ടോർച്ച് ഷർട്ടിൻെറ പോക്കറ്റിലിട്ട് കുനിഞ്ഞ് വേഗം തിരിച്ച് ഓടേണ്ട വിധം പിന്നോട്ടേക്ക് തിരിഞ്ഞ് ആണി തറയിൽ മുട്ടിച്ച് ചുറ്റികകൊണ്ട് അടിച്ചുതുടങ്ങി. ഒരുവിധം തറഞ്ഞു എന്നായപ്പോൾ അവൻ തിരിഞ്ഞോടാനാഞ്ഞു.
ആരോ തൻെറ മുണ്ടിൽ പിടിച്ചു വച്ചിരിക്കുന്നതായി അവന് തോന്നി. അതെ തൻെറ മുണ്ട് ആരോ പിടിച്ചുവച്ചിട്ടുണ്ട്. ഓടാൻ കഴിയുന്നില്ല. അവൻെറ ഉള്ളിൽ ചെണ്ടമേളം വല്ലാതെ മുറുകിയിരുന്നു. അവൻ ഉച്ചത്തിൽ കരയണമെന്ന് ഉണ്ടെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നില്ല. തൊണ്ട വരളുന്നു, ചെവിയിൽ ഒരു മൂളൽ പിന്നെയൊന്നും ഓർമ്മയില്ല.
കണ്ണ് തുറന്നപ്പോൾ അവൻ വീട്ടിലെ കട്ടിലിൽ കിടക്കുകയായിരുന്നു. അച്ഛൻ അസമയത്ത് ശ്മശാനത്തിൽ പോയതിന് അവനെ വഴക്കുപറയുന്നുണ്ടായിരുന്നു. പനി തണുപ്പിക്കാൻ മുത്തശ്ശി അവൻെറ നെറ്റിയിൽ തുണി നനച്ച് ഇടുകയായിരുന്നു. ഉറക്കം വരാതെ അവൻ കിടന്നു. കൂട്ടിന് അമ്മയുള്ളതുകൊണ്ട് ചെറിയൊരു സമാധാനം തോന്നി. എങ്കിലും കണ്ണടക്കുമ്പോഴെല്ലാം മുത്തച്ഛൻ മുറുക്കിച്ചുവന്ന പല്ലുകൾ കാട്ടി ചിരിക്കുന്നതായും തൻെറ നേരെ കൈകൾ നീട്ടുന്നതായും അവന് തോന്നി. കണ്ണുകൾ അടക്കാൻ അവൻ ഭയന്നു. പിന്നെയെപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേന്ന് അവന് പുറത്തിറങ്ങാൻ മടിയായിരുന്നു. ഞായറാഴ്ചയായതിനാൽ എവിടെയും പോകാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. കൂട്ടുകാരാരും വഴക്ക് പേടിച്ച് ആ വഴിക്ക് വന്നതുമില്ല. വീട്ടിലുള്ളവരുടെയും അയൽപക്കത്തുള്ളവരുടെയും ഉപദേശവും വഴക്കും വൈകുന്നേരം വരെ വയറു നിറച്ച് കിട്ടിക്കൊണ്ടിരുന്നു. പിറ്റേന്ന് തിങ്കളാഴ്ചയായതിനാലും പത്താം ക്ലാസ്സിലായതിനാൽ സ്കൂളിൽ പോകാതിരിക്കാൻ അച്ഛൻ സമ്മതിക്കാത്തതിനാലും അവൻ മനമില്ലാ മനസ്സോടെ സ്കൂളിലേക്ക് നടന്നു. കൂട്ടുകാരെ അഭിമുഖീകരിക്കാൻ അവന് മടിയുണ്ടായിരുന്നു. കൂട്ടുകാർ ആദ്യം കളിയാക്കിയെങ്കിലും അവൻെറ ധൈര്യത്തെ സമ്മതിച്ചുകൊടുത്തു. എന്താണ് സംഭവിച്ചതെന്ന് അവർ പറഞ്ഞാണ് അവൻ അറിഞ്ഞത്. അവൻ തിരിച്ചുവരുന്നത് കാണാതെ പേടിച്ച കൂട്ടുകാർ അറിയിച്ചതനുസരിച്ച് അവർ കാത്തിരുന്ന വീട്ടിലെ കൂട്ടുകാരൻെറ അച്ഛനും കൂട്ടുകാരും ചേർന്ന് ശ്മശാനത്തിൽ അന്വേഷിച്ച് പോവുകയും അവിടെ ബോധംകെട്ടു കിടന്ന അവനെ എടുത്തുകൊണ്ടു വന്നതും. ആണിയടിച്ചത് ഉടുത്തിരുന്ന മുണ്ടോടുകൂടിയായിരുന്നു എന്നതും, മുതിർന്നവരെല്ലാം അവരെ വഴക്കുപറഞ്ഞതും കൂട്ടുകാരൻെറ അച്ഛൻെറ കയ്യിൽ നിന്ന് കൂട്ടുകാരന് നല്ല ചൂരൽ കഷായം കിട്ടിയതും എല്ലാം ഒരു ജാള്യതയോടെ അവൻ കേട്ടിരുന്നു.
✍️ഷീജിത്ത് സി. കെ.


6 Comments
🙏❤️
കൊള്ളാം.👌
നന്നായി എഴുതി. ഇഷ്ടപ്പെട്ടു.
👏
ഇത് എൻെറ ഒരു കൂട്ടുകാരൻ പറഞ്ഞുകേട്ടതാണ്- ചിരിക്കാനും ചിന്തിക്കാനും ഒരവസരമല്ലേ- 😄🙏❤️
ന്നാലും പോയല്ലോ 👍
അതെന്തായാലും കൊള്ളാം ആവശ്യമില്ലാത്ത പന്തയങ്ങളിൽ ചെന്നു തല വെയ്ക്കരുതെന്ന് കൂട്ടുകാർക്കെല്ലാം മനസ്സിലായിക്കാണും.
നന്നായിരിക്കുന്നു👌🌹❤️
🙏❤️