വായനശാലക്കു മുന്നിൽ ഓട്ടോ ഇറങ്ങുമ്പോൾ നേരം സന്ധ്യ കഴിഞ്ഞിരുന്നു. പണ്ടു ഉള്ള ഇടവഴി ടാർ ഇട്ട റോഡായി മുന്നിൽ പരന്നു കിടന്നപ്പോൾ ഒന്നു സംശയിച്ചു നിന്നു. അപ്പോഴാണ് പിന്നിൽ നിന്നു “വിനുക്കുട്ടാ “എന്നൊരു വിളി കേട്ടതു. ഇടതു ഭാഗത്തുള്ള കടയിൽ നിന്നു ഇറങ്ങി വരുന്നു
ശങ്കരേട്ടൻ. മുടി കുറെ നരച്ചു എന്നല്ലാതെ ഈ ഒൻപതു കൊല്ലം ശങ്കരേട്ടനിൽ വലിയ മാറ്റമൊന്നും വരുത്തിട്ടില്ല എന്നു തോന്നി കണ്ടപ്പോൾ. അടുത്തേക്ക് എത്തിയപ്പോൾ ചിരിയോടെ ശങ്കരേട്ടൻ പറഞ്ഞു.
“മോൻ വരുന്നകാര്യം സുധക്കുട്ടി മിനിയാന്ന് വിളിച്ചു പറഞ്ഞിരുന്നു. ഞാനും വസുമതിയും കൂടെ വീടൊക്കെ വൃത്തിയാക്കിട്ടുണ്ട്. അല്ലെങ്കിലും ഞങ്ങൾ മാസാമാസം അടിച്ചു വാരി തുടച്ചു വെക്കുന്നത് കൊണ്ടു വലിയ വൃത്തികേടൊന്നുമില്ല. കഴിഞ്ഞ തവണ കാവിലെ ഉത്സവത്തിനു സുധക്കുട്ടി വന്നിരുന്നു. മോൻ പിന്നെ അമ്മ പോയതിന്റെ ശേഷം നാട്ടിലേക്കു വന്നിട്ടെ ഇല്ലല്ലോ. അല്ലേ?”
ശങ്കരേട്ടന്റെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ ഞാനൊന്നുപുഞ്ചിരിച്ചു.
ശങ്കരേട്ടന്റെ വീടിനു അടുത്തു എത്തിയപ്പോൾ ശങ്കരേട്ടൻ പറഞ്ഞു” മോൻ നടക്കു, ഞാൻ പോയി താക്കോൽ എടുത്തിട്ട് വരാം ”
ഒൻപതു വർഷത്തെ ഇടവേളക്കു ശേഷം ജനിച്ചു വളർന്ന വീട്ടിലേക്കു കാലെടുത്തു വച്ചപ്പോൾ മനസ്സിനാകെ ഒരു കുളിർമ തോന്നി. കയ്യിലുള്ള ചെറിയ ബാഗ് നടുമുറിയിലെ മരസ്റ്റൂളിൽ വച്ചു തിരികെ എത്തുമ്പോൾ ശങ്കരേട്ടൻ പറഞ്ഞു.
“മോനു ഒന്നു മേല് കഴുകണമെങ്കിൽ കുളിമുറിയിൽ വസുമതി വെള്ളം കോരിവെച്ചിട്ടുണ്ട്. ഞാൻ വീട്ടിൽ പോയി കഴിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം.”
‘വേണ്ട കയ്യിൽ പഴം കരുതിട്ടുണ്ട്’ എന്നു പറഞ്ഞെങ്കിലും ‘അതൊന്നും സാരമില്ല ഞാൻ പോയിട്ട് വേഗം വരാം’ എന്നു പറഞ്ഞു ശങ്കരേട്ടൻ പോയി.
കുളിമുറിയിൽ വട്ടച്ചെമ്പിൽ കോരിവെച്ച തണുത്ത വെള്ളം മേലേക്ക് ഒഴിച്ചപ്പോൾ അമ്മയെ ഓർമ്മ വന്നു. രാവിലെ സ്കൂളിൽ പോവാൻ നേരം അമ്മ കുളിപ്പിക്കുമ്പോൾ തണുപ്പ് കൊണ്ടു ഞാൻ തുള്ളിച്ചാടും. അപ്പോൾ അമ്മയുടെ വോയിൽ സാരി ആകെ നനഞ്ഞു കുതിർന്നിട്ടുണ്ടാവും. ചേർത്തു നിർത്തി അമ്മ തല തൂവർത്തി തരുന്നത് ഓർത്തപ്പോൾ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും വീണ്ടും അമ്മയെ കാണാനും ആ കൂടെ ചേർന്നുനിൽക്കാനും ഒന്നു കൊതിച്ചു.
ശങ്കരേട്ടൻ കൊണ്ടുവന്ന ചൂട്കഞ്ഞിയും ചെറുപയർ തോരനും കടു മാങ്ങയും പപ്പടവും സ്വാദോടെ കുടിക്കുമ്പോൾ എവിടെയോ നഷ്ടപെട്ട രുചിയോർമ്മകൾ തിരിച്ചു കിട്ടുന്നുണ്ടായിരുന്നു. ഒഴിഞ്ഞ പാത്രങ്ങളുമായി ഇറങ്ങാൻ തുടങ്ങുമ്പോൾ ശങ്കരേട്ടൻ ചോദിച്ചു.
“മോനു ഒറ്റക്കു കിടക്കാൻ പേടിയുണ്ടോ? ഞാൻ പോയിട്ട് വരണോ? കുറെ കാലമായി പൂട്ടിക്കിടന്ന വീട് അല്ലേ? അതാ ചോദിച്ചേ.”
“ശങ്കരേട്ടൻ പൊയ്ക്കോളൂ. എന്തിനാ പേടിക്കുന്നത്. ഞാൻ ജനിച്ചു വളർന്ന വീട് അല്ലേ?”
ശങ്കരേട്ടൻ ഇറങ്ങിയപ്പോൾ ഉമ്മറത്തെ വാതിൽ അടച്ചു ഉള്ളിലേക്ക് വന്നു
സമയം പത്തു മണി ആവുന്നതേ ഉള്ളു. ഇത്ര നേരെത്തെ കിടക്കുന്ന ശീലം ഇല്ല. “തെക്കേ അകം “എന്നു ഞങ്ങൾ വിളിച്ചിരുന്ന മുറിയിൽ വസുമതിചേച്ചി ഭംഗിയായി വിരിച്ചിട്ട കട്ടിലിൽ ഞാൻ ഇരുന്നു.
പണ്ടു കുട്ടിക്കാലത്തു ഞാനും സുധയും അമ്മയോടൊപ്പം ഉറങ്ങിയിരുന്നതു ഈ മുറിയിൽ ആയിരുന്നു. അച്ഛനും അമ്മയും സുധയും ഞാനും കൂടെ കഴിഞ്ഞ ആ നല്ല നാളുകളിലേക്ക് ഒരു തവണ കൂടി പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു വെറുതെ ഒന്നു ആഗ്രഹിച്ചു പോയി.
ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടു കട്ടിലിൽ വെറുതെ ഇരുട്ടിനെ നോക്കി കിടന്നു. തട്ടിൻ പുറത്തു എന്തോ ശബ്ദം കേട്ടതു പോലെ തോന്നി. വർഷങ്ങളായി ആൾ താമസമില്ലാതെ ഉള്ള വീടല്ലേ. ചിലപ്പോൾ എലികളും പാറ്റകളും പല്ലികളും അവകാശികളായി എത്തിയിട്ടുണ്ടാവും. പണ്ടൊക്കെ ഇങ്ങിനെ എന്തെങ്കിലും ശബ്ദം രാത്രി നേരത്തു കേട്ടാൽ അമ്മയെ കെട്ടിപിടിച്ചാണ് കിടക്കാറ്. എന്തൊക്കെ ശബ്ദങ്ങളായിരുന്നു രാത്രിയിൽ അന്നൊക്കെ. തെക്കേ പുറത്തെ മുവാണ്ടൻ മാവിൽ നിന്നു കാലൻകോഴി യുടെ കുവൽ. പ്ലാവിലെ പൊത്തിൽ നിന്നു കുമൻ പക്ഷിയുടെ മൂളൽ നിലക്കാതെയുള്ള ചീവീടിന്റെ കരച്ചിൽ… ഇതൊക്കെ കേട്ടുപേടിച്ചു അമ്മയോട്ഒട്ടി നിൽക്കും.
പണ്ടത്തെ കാലം ഒരിക്കലും തിരിച്ചു വരില്ല. ഒരച്ഛനും അമ്മയും രണ്ടു മക്കളും സ്നേഹത്തോടെ കഴിഞ്ഞ ഒരു വീടാണിത്. ഇവിടെ ഇന്ന് പലതും നഷ്ടപെട്ടിരിക്കുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്തവിധം ഉമ്മറത്തു ഇരിക്കുന്ന അച്ഛന്റെ ചുമക്കു പിന്നാലെ ഉയരുന്ന ചാർമിനാർ സിഗരറ്റിന്റെ മണം, അമ്മ ഉണ്ടാക്കുന്ന ഉപ്പുമാവിന്റെ ചിനച്ചട്ടിയിൽ നിന്നും അടിയിൽ പറ്റി പിടിച്ച ഉപ്പുമാവ് സ്പൂൺ കൊണ്ടു ഇളക്കി എടുത്തു കഴിക്കുന്ന രുചി. ഉമ്മറത്തെ തൂണും ചാരിയിരുന്നു സുധയോടൊപ്പം സിനിമപേരുകളുടെ ആദ്യത്തെ അക്ഷരം പറഞ്ഞു കളിക്കുന്ന കളിയുടെ സുഖം അതൊന്നും ഇനി ഒരിക്കലും ഉണ്ടാവില്ല.
എന്നോ മനസ്സിൽ ഒരിഷ്ടമായി വച്ച സത്യഭാമ കൈ വിട്ടു പോയപ്പോൾ പിന്നെ വിവാഹത്തിനൊന്നും മനസ്സിൽ ആഗ്രഹം തോന്നിയില്ല. തറവാട് സ്വന്തമാക്കാനുംതോന്നിയില്ല. ബിസിനസുകാരന്റെ ഭാര്യയായ സുധക്കും വേണ്ടായിരുന്നു ഈ വീട്. പത്തും ഒൻപതും വർഷങ്ങളുടെ ഇടവേളകളിൽ അച്ഛനും അമ്മയും മരിച്ചു. പിന്നെ ഈ വിട്ടിൽ താമസിക്കാൻ ആൾക്കാർ ഇല്ലാതെ ആയി.
സിമന്റ് ഇട്ട നിലം മോസൈക് ആക്കണം എന്നു അമ്മക്കായിരുന്നു നിർബന്ധം. അച്ഛൻ വാങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ടി വി യിൽ ഞങ്ങൾ ചിത്ര ഗീതവും ആഴ്ച തോറും ഉള്ള ഹിന്ദി സിനിമയും കണ്ടിരുന്നത് ആ നിലത്തു ഇരുന്നായിരുന്നു.
പോയതൊന്നും കാലം തിരികെ തരില്ല എന്നറിഞ്ഞിട്ടും എത്രയോ തവണ കൊതിച്ചിരിക്കുന്നു ബാല്യത്തിലേക്കു ഒന്നു പോവാൻ.
മുറ്റത്തിന്റെ വടക്ക് ഭാഗത്തു പറിച്ചിട്ടു കൂ ട്ടിയ നാളികേരങ്ങൾ, മുവാണ്ടൻ മാവിൽ പഴുത്തു വീഴുന്ന മാങ്ങകൾക്കൊപ്പം അതിൽ പടർന്നു കയറിയ മുല്ലവള്ളിയിൽ പൂക്കൾ വിരിഞ്ഞ മണം, മുറ്റത്തെ മണലിൽ അനിയത്തി കല്ല് കൊണ്ടു വരച്ച കള്ളി കളിൽ വര ചവിട്ടാതെ കളിച്ച കളികൾ അതൊക്കെ ഇനി ഇല്ലാത്ത വിധം പോയ്പ്പോയിരിക്കുന്നു.
ജീവിതത്തിൽ ഒരു തെളിച്ചവും ഇല്ലാതെ ആഘോഷങ്ങൾ കടന്നുപോവുമ്പോൾ പണ്ടത്തെ വിഷുവും ഓണവും പിറന്നാളും കാവിലമ്മയുടെ തിരുമുടിയും ഒന്നുകൂടി അതു പോലെ ആഘോഷിക്കാൻ സാധിച്ചെങ്കിൽ എന്നു ആഗ്രഹിച്ചിട്ടുണ്ട്. വിഷുക്കണി കാണിക്കാൻ അമ്മ കണ്ണുപൊത്തി കുട്ടിക്കൊണ്ടുപോയി പലകയിൽ ഇരുത്തി ഓരോന്നിന്റെയും പേരു പറഞ്ഞുതരും അച്ഛന്റെ വക കൈനീട്ടം. വിളക്ക് വെച്ചു തലയിൽ അരിയിട്ട് അനുഗ്രഹിച്ചു അമ്മ വിളമ്പുന്ന പിറന്നാൾ സദ്യ… അതൊക്കെ തിരിച്ചു കിട്ടാത്ത സ്വപ്നങ്ങൾ മാത്രം.
ആഴ്ച കുറിയിൽ ചേർന്നു വാങ്ങിയ സോഫയിൽ ഇരുന്നു അമ്മ പറഞ്ഞുതരുന്ന പാഠങ്ങൾ..
കാൽ കയറ്റി വെക്കുന്നതിനു അമ്മ ദേഷ്യപ്പെടാറുള്ള ടീപോയി.
വൈകുന്നേരം സ്കൂളിൽ നിന്നു തിരിച്ചെത്തുമ്പോൾ ഒരേ പ്ലെയ്‌റ്റിൽ നിന്നു അമ്മ അനിയത്തിക്കും എനിക്കും ഉരുട്ടി തരാറുള്ള ചോറ് ഉരുളകളുടെ സ്വാദ്. ഒന്നുകൂടെ കാണാനും അനുഭവിക്കാനും മനസ്സിന്റെ ഓരോമോഹങ്ങൾ.
അല്ലെങ്കിലും ഓരോ നേരവും കിട്ടുന്നത് നിസ്സാരമായി കാണും.
കുറെ ക്കഴിഞ്ഞു അതിനായി കൊതിക്കുമ്പോൾ നമ്മളിൽ ഒരിക്കലും എത്താത്ത വിധം അകന്നിട്ടുണ്ടാവും.
മനസ്സിൽ എവിടെയോ അമ്മയുടെ ചിരിക്കുന്ന മുഖം അച്ഛന്റെ കൈ പിടിച്ചു ഞാനും സുധയും. തിരിച്ചു കിട്ടാത്ത ആ ഓർമ്മകളിൽ മുഖം ചേർത്തു കണ്ണുകൾ അടച്ചു. ഒരു ഉറക്കത്തിനായി. തട്ടിൻ പുറത്തെ താമസക്കാർ അപ്പോഴും എന്തൊക്കെയോ ശബ്ദങ്ങൾ തുടർന്നു കൊണ്ടേ യിരിക്കുന്നുണ്ടായിരുന്നു.
#എന്റെരചന – ഒരു വട്ടം കൂടി.


7 Comments
👌👍♥️💯
❤️❤️❤️
അന്നോർത്തില്ല ഒരു കാലത്ത് ഒരു വട്ടം കൂടി ആ ജീവിതം കൊതിക്കുമെന്ന് ……. ഹൃദയസ്പർശിയായ എഴുത്ത്👍❤️
സ്നേഹം dear
ഹൃദയസ്പർശിയായ ഓർമ്മകൾ വീണ്ടുമൊരിക്കൽക്കൂടി അച്ഛനമ്മമാരോടൊപ്പം കഴിയാൻ ആരാണ് ആഗ്രഹിക്കാത്തത്?
നല്ല കഥ❤️🌹👌
ഹൃദ്യം.. സുന്ദരം. ❤️👌
Thanks dear