അടുക്കള പണികൾ കഴിഞ്ഞപ്പോഴേക്കും അനില വിയർത്തൊട്ടി കഴിഞ്ഞിരുന്നു. ഇട്ടിരുന്ന നൈറ്റിയുടെ അറ്റം തന്നെ എടുത്ത് മുഖം തുടക്കുമ്പോൾ അവളോർത്തു. ഇങ്ങനെ മുഖം തുടക്കരുത് എന്ന് പണ്ട് കൈ നോക്കിയ ഒരു കാക്കാലത്തി പറഞ്ഞിട്ടുണ്ടല്ലോ.. അങ്ങനെ ചെയ്തിട്ടാകുമോ തന്റെ മുഖത്ത് കരിമംഗല്യം വന്നത് എന്നതും മനസ്സിലൂടെ കടന്ന് പോയി. അതൊക്കെ ഓർക്കാൻ എവിടെ നേരം.. ഒന്ന് നന്നായി ഒരുങ്ങിയിട്ട്.. കണ്ണാടി തന്നെ നോക്കിയിട്ട് എത്ര കാലമായി.
ഓരോന്നോർത്ത് കൊണ്ട് അവൾ കുളിക്കാനായി പോയി. ഒരു കാക്ക കുളിക്കുള്ള നേരമേ ഉണ്ടാകാറുള്ളു. എണ്ണ തേച്ചുകുളിയൊക്കെ കല്യാണത്തോടെ തീർന്നു. ഇന്നതൊക്കെ ഓർക്കാൻ എന്താണാവോ കാരണം എന്നവൾ ഡ്രസ്സ് മാറുമ്പോൾ വിചാരിച്ചു. വേഗം ഡ്രസ്സ് മാറി ചോറും കറിയും ഡൈനിങ് മേശയിലേക്ക് എടുത്തു വെച്ചു. പലചരക്ക് കട നടത്തുന്ന ഭർത്താവ് വരും. വെച്ച കറികൾക്കെല്ലാം കുറ്റപ്പെടുത്തൽ മാത്രമേ കേൾക്കാറുള്ളു. നന്നായി എന്ന് തോന്നിയാൽ മൗനവും. എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചാൽ ദേഷ്യപ്പെടും. 20 കൊല്ലം കൊണ്ട് ഇതെല്ലാം ശീലമായി എങ്കിലും കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ.. അറിയാനുള്ള കൗതുകത്തിന് ഇടക്ക് ചോദിക്കും. കുഴപ്പമില്ല എന്ന് ചിലപ്പോൾ മറുപടി.. അല്ലെങ്കിൽ വേറെ ആരെങ്കിലും ഉണ്ടാക്കിയപ്പോൾ എന്ത് രുചിയായിരുന്നു എന്നൊരു കുത്തൽ.. കേട്ട് കേട്ട് തഴമ്പിച്ചുവെങ്കിലും ഇനി മരിക്കുന്നത് വരെ ഈ ജീവിതം ഇങ്ങനെ മുന്നോട്ട് പോവുക തന്നെ. ഉച്ചയുറക്കം കഴിഞ്ഞു എണീക്കുമ്പോൾ ചായയും കടിയും. അപ്പോഴേക്കും കുട്ടികൾ കോളജിൽ നിന്നും എത്തും. പിന്നെ രാത്രിയിലെ ഭക്ഷണം. ഇതിനിടയ്ക്കുള്ള പാത്രം കഴുകൽ, അലക്കൽ.. വീട് വൃത്തിയാക്കൽ ഇതിനുമപ്പുറം ഒരു ലോകമുണ്ടെന്ന് താൻ മറന്നു പോയിരിക്കുന്നു.
കുട്ടികളാരോ വേണ്ടെന്ന് വെച്ച ഒരു സ്മാർട്ട് ഫോൺ കിട്ടിയത് കാരണം പഴയ ചില സൗഹൃദങ്ങൾ വീണ്ടും കിട്ടിയിരിക്കുന്നു.സ്കൂൾ, കോളജ് ഗ്രൂപ്പുകൾ ഉണ്ടെങ്കിലും അതൊന്ന് തുറന്ന് നോക്കാനുള്ള സമയം തനിക്ക് കിട്ടാറില്ല എന്നതാണ് സത്യം.രാത്രി കിടക്കാൻ നേരം അതൊന്നെടുത്താൽ അത്രനേരവും മൊബൈലിൽ നോക്കി കൊണ്ടിരുന്ന ഭർത്താവിന് ദേഷ്യം.. ശബ്ദം.. വെളിച്ചം.. ഉറങ്ങാനും സമ്മതിക്കില്ല എന്ന് പറഞ്ഞു തുടങ്ങും. ഒരു കട്ടിലിൽ രണ്ട് അറ്റത്തായി അപരിചിതരെ പോലെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെയായി. ഭാര്യ ഭർത്താവ് ബന്ധങ്ങൾ ഒന്നുമില്ല. കാശ് കൊടുത്തു വാങ്ങിയ അടിമയെ പോലെ ശമ്പളമില്ലാത്ത ജോലിക്കാരി.. എന്തെങ്കിലും വേണം എന്ന് പറഞ്ഞാൽ എന്താണ് ഇപ്പോൾ ആവശ്യം. പഴയ കണക്കുകൾ പറയും. അതോടെ എല്ലാം വേണ്ട എന്ന് വെക്കും. ഓരോന്നോർത്ത് കണ്ണീരൊഴുക്കിയാണ് എന്നും ഉറങ്ങുന്നത്. സ്വന്തം വീട്ടിൽ പോയി നിൽക്കാൻ സമ്മതിക്കാറില്ല. വല്ലപ്പോഴും ഒരുമിച്ചുപോയി വരും. ഒന്ന് വന്ന് നിൽക്കാത്തതിന് എന്നും അമ്മയുടെ കുറ്റപ്പെടുത്തൽ കേൾക്കും.
അനിയത്തിമാരും ആങ്ങളമാരും വിദേശത്ത്. വല്ലപ്പോഴും വരുമ്പോൾ കാണും. തനി നാട്ടിൻപുറത്തുകാരിയായി മാറിപോയ തനിക്ക് അവരുടെമുൻപിൽ പോകുന്നത് പോലും ഇപ്പോൾ നാണക്കേടാണ്. അത് കൊണ്ട് തന്നെ കഴിയുന്നതും സന്ദർശനങ്ങൾ ഇപ്പോൾ ഒഴിവാക്കി തുടങ്ങി. കുറ്റപ്പെടുത്തുന്ന ഭർത്താവിനെ അവരുടെ അടുത്ത് കൊണ്ട് പോകാനും പേടിയാണ്. തന്റെ ദുഃഖം താൻ സഹിച്ചാൽ മതിയല്ലോ.
അങ്ങനെ ഒരു ദിവസം തനിക്ക് വന്ന പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നുമുള്ള ഒരു കാൾ.. ആദ്യം എടുത്തില്ല. പിന്നീട് വിളിച്ചപ്പോൾ എടുത്തു. സ്കൂൾ കാലം തൊട്ട് ഡിഗ്രി വരെ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരി ആയിരുന്ന തന്റെ പ്രിയ സുഹൃത്ത് മിനി. കുറേകാലമായി അവരുമായി ഒരു ബന്ധവുമില്ല ഓർക്കാറുമില്ല. എവിടെ നിന്ന് നമ്പർ കിട്ടി എന്ന് അതിശയത്തോടെ ചോദിച്ചു.അങ്ങനെ ഒരുപാട് വർഷത്തെ വിശേഷങ്ങൾ പങ്ക് വെച്ചു. പിന്നീടാണ് പറഞ്ഞത് കുറെ കൂട്ടുകാർ കൂടി ഒരു വാട്സപ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവരും കൂടി ഒത്ത് കൂടുന്നുണ്ട്. നീയും വരുന്നോ. ഭർത്താവിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് തന്നെ.. അയ്യോ തിരക്കാണ് വരാൻ പറ്റില്ല എന്ന് പറഞ്ഞു ഒഴിയാൻ ശ്രമിച്ചെങ്കിലും അവൾ നിർബന്ധിച്ചുകൊണ്ടേയിരുന്നു. എന്തോ എത്ര നല്ല കൂട്ടുകാരി ആയിരുന്നുവെങ്കിലും തന്റെ ജീവിത ദുഃഖങ്ങൾ അവളെ അറിയിക്കാൻ മനസ്സ് അനുവദിച്ചില്ല.
വൈകുന്നേരം മക്കൾ വന്നപ്പോൾ പതുക്കെ അവതരിപ്പിച്ചു. അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാൻ ആവതും ശ്രമിച്ചു. ശ്രമിക്കാം എന്നവർ പറഞ്ഞപ്പോൾ തൊട്ട് പഴയ കാലത്തേക്ക് ഓർമ്മയുടെ ചെപ്പ് തുറന്നു..
കാണാൻ അത്യാവശ്യം സൗന്ദര്യമുള്ള പഠിക്കാനും മിടുക്കിയായ ഒരു പെൺകുട്ടിയായിരുന്നു താൻ. വളരെ സ്ട്രിക്ട് ആയ അധ്യാപക മാതാപിതാക്കൾ. അങ്ങനെ ഡിഗ്രിക്ക് ചേർന്ന കാലത്ത് ഒപ്പം കുറേ ആൺകുട്ടികൾ ഉണ്ടായിരുന്നു. അവരെയൊന്നും താൻ ശ്രദ്ധിക്കാറേയില്ല എന്നതാണ് സത്യം. ഒരു കൊല്ലം കഴിഞ്ഞപ്പോൾ തന്നെ ഇടയ്ക്കിടെ നോക്കിയിരിക്കുന്ന ഒരു പയ്യനെ അവൾ ശ്രദ്ധിച്ചു. ഒരിക്കലും അടുത്തു വന്നിരുന്നു സംസാരിക്കാൻ പോലും ആ പയ്യൻ ശ്രമിച്ചിട്ടില്ല. പേര് ശ്രീധർ എന്ന് ആയിരുന്നു എന്ന് മാത്രം അറിയാം.
കോളജിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ കുറച്ചകലെയായി എന്നും അയാളുണ്ടാകും. നോട്ടങ്ങൾ കൊണ്ട് മാത്രമെ അവർ സംസാരിച്ചിരുന്നുള്ളു. എന്നാലും എന്നും പുറകെ വരുന്ന പയ്യനെ കുറിച്ച് ഒരിക്കൽ മിനി പറഞ്ഞു.. എന്താണ്.. എന്നും പുറകേയുണ്ടല്ലോ. പ്രേമം പ്രണയം എന്ന വാക്ക് പോലും തന്റെ വീട്ടിൽ പറയാൻ പറ്റില്ല എന്നവൾക്കറിയാം..
അങ്ങനെ മൂന്ന് കൊല്ലം തികയാറായപ്പോൾ അച്ഛന്റെ ബന്ധത്തിൽ നിന്നും ഒരു വിവാഹാലോചന.. എം എ ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പറയുമ്പോഴും ഒരിക്കലെങ്കിലും തന്നോട് ഇഷ്ടമാണ് എന്നയാൾ പറയാൻ സമയം കിട്ടും എന്നവൾ ആഗ്രഹിച്ചിരുന്നു എന്നത് സത്യം. അതൊന്നും ആരും കേട്ടില്ല. വിവാഹം ഉറപ്പിച്ചു.
കോളജിൽ ആരോടും പറഞ്ഞില്ല. പക്ഷേ എങ്ങനെയൊക്കെയോ കോളജിൽ അറിഞ്ഞു.
പിറ്റേ ദിവസം താൻ ഒറ്റക്കിരിക്കുമ്പോൾ പെട്ടെന്ന് പിന്നിൽ ശ്രീധർ.. അന്ന് ആദ്യമായി അയാൾ അവളോട് ചോദിച്ചു.. വിവാഹമായി അല്ലേ.. കുറച്ചുകാലം ഉണ്ടല്ലോ വിവാഹത്തിന്. അത് വരെ എന്നെ പ്രണയിച്ചുകൂടെ.. അത് വരെ അവൾ കേൾക്കാൻ ആഗ്രഹിച്ച ചോദ്യം.. അത് ഇത്തരത്തിൽ ചോദിച്ചാൽ എന്ത് മറുപടി പറയാൻ.. പക്ഷേ പിന്നീട് അവർ ഒന്നുകൂടെ അടുത്തു. പക്ഷേ അപ്പോഴേക്കും വിവാഹമെത്തി. വിവാഹദിവസം വരെയും അവളുടെ മനസ്സിൽ ആ മുഖം മാത്രമായിരുന്നു. ഒരു ചടങ്ങ് പോലെ വിവാഹം കഴിഞ്ഞു. ഒന്നും മിണ്ടാത്ത ചിരിക്കാത്ത അവളുടെ ഭർത്താവ്.. ജീവിതനദി ചടങ്ങ് പോലെ ഒഴുകി.. കുട്ടികളായി. പിന്നീട് അവർക്ക് വേണ്ടിയുള്ള ജീവിതം.. ഒഴിവ് വേളകളിൽ ഓർക്കാറുണ്ട്. ഇപ്പോൾ എവിടെയാകും ശ്രീധർ.. എന്ത് ചെയ്യുകയാവും.. ഭാര്യ കുട്ടികൾ.. ഒന്നും അറിയാൻ ശ്രമിച്ചില്ല.
അങ്ങനെ കുട്ടികൾ പറഞ്ഞു സമ്മതിപ്പിച്ചു കൂട്ടുകാരെകാണാൻ അനുവാദം കിട്ടി. വരുമ്പോൾ കുറ്റംകേൾക്കാൻ തയ്യാറായി തന്നെ ഉള്ളതിൽ നല്ല ഒരു സാരി എടുത്ത് ഉടുത്തു. കണ്ണാടിയിൽ നോക്കിട്ടപ്പോൾ അവിടവിടെയുള്ള നരച്ച മുടികൾ ആദ്യമായി അവളെ അലോസരപ്പെടുത്തി. അങ്ങനെ മിനി പറഞ്ഞ സ്ഥലത്ത് എത്തി. മിനിയെയും കൂട്ടി പഴയ കോളേജിലേക്ക്..
എല്ലാവരെയും കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. സുഖമല്ലേ എന്ന ചോദ്യത്തിന് അവൾ തലയാട്ടി. ആൺകുട്ടികൾക്കും വയസ്സായിരിക്കുന്നു ആ കൂട്ടത്തിൽ അവൾ ശ്രീധറിനെ കണ്ടില്ല.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു നല്ല കാർ വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങിവന്നാ സുമുഖനെ ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് ആരോ പറഞ്ഞു.. ശ്രീധർ..
ഒന്നും മിണ്ടാതെ നിന്ന തന്റെ അടുത്തേക്കാണ് ശ്രീധർ ആദ്യം വന്നത്. സുഖമാണോ എന്നൊരു ചോദ്യവും. ഒന്നും പറഞ്ഞില്ല. കണ്ണിലേക്ക് നോക്കി നിന്നു.
കുറച്ചു തിരക്കുകൾ കഴിഞ്ഞ് ഒറ്റക്ക് മാറിയിരിക്കുന്ന തന്റെ അടുത്തേക്ക് ശ്രീധർ വന്നിരുന്നു. പിന്നെ പറയൂ വിശേഷങ്ങൾ എന്ന് പറഞ്ഞപ്പോൾ മക്കളെ കുറിച്ച് പറഞ്ഞു. തിരിച്ചു ചോദിച്ചപ്പോൾ ദുബായിൽ ആണ്.. ഭാര്യക്കും ജോലിയുണ്ട്. ഒരു കുട്ടിയുണ്ട് എന്നൊക്കെ തിരിച്ചു പറഞ്ഞിട്ട് കുറച്ചുനേരം മൗനമായി ഇരുന്നു.
പിന്നീട് ഇടറിയ ശബ്ദത്തിൽ അവളോട് പറഞ്ഞു.. കുറച്ചുകൂടെ കാത്തിരിക്കാമായിരുന്നില്ലേ? ഞാൻ തൻറെ വീട്ടിൽ വന്ന് തന്നെ ഇഷ്ടമാണെന്ന് പറയാൻ ഒരുപാട് പ്രാവശ്യം ചിന്തിച്ചതാണ്. ജോലി ആകാതെ എങ്ങനെ എന്ന് പേടിച്ചു. പിന്നെ തന്റെ അമ്മയെ എനിക്ക് പേടിയായിരുന്നു എന്ന് പറഞ്ഞു. ഞെട്ടിയ അവളുടെ കണ്ണുകൾ നിറഞ്ഞു. എത്രയോ സ്വപ്നം കണ്ട ആ വാക്കുകൾ.. ഇനി എന്ത് കാര്യം..
ഉറച്ച ശബ്ദത്തിൽ അവളുടെ വേദനകൾ കാലം ഏൽപ്പിച്ച മുറിവുകൾ എല്ലാം ഓർത്തുകൊണ്ട് അവൾ പറഞ്ഞു..
ഒരു വട്ടം കൂടി ആ ഭൂതകാലത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു.. വെറുതെയെങ്കിലും. പിന്നീട് അവൾ നടന്നകലുമ്പോൾ ആൺകുട്ടികൾ അവനോട് ചോദിക്കുന്നു, ‘നീ പറഞ്ഞോ..’ ഇവർക്കൊക്കെ അറിയാവുന്ന ഈ കാര്യം താൻ എങ്ങനെ അറിയാതെപോയി.. ഭീരുവായിരുന്നു അന്നും ഇന്നും…


7 Comments
ജീവിതം അങ്ങനെയാണ്, കൊതിച്ചതും വിധിച്ചതും. Touching story. 👏👍
നന്നായി എഴുതി 👍
മോഹിക്കാനേ നമുക്കവകാശമുള്ളൂ.😥
നന്നായി എഴുതി 👌
മനുഷ്യൻ മോഹിക്കുന്നു …..വിധി മറ്റൊന്നു തരുന്നു……. നന്നായെഴുതി👍❤️
നഷ്ടസ്വപ്നങ്ങൾ..
ജീവിതം പലപ്പോഴും അങ്ങനെയാണ്. നഷ്ടങ്ങൾ തീരാനഷ്ടങ്ങളും.
❤️❤️
😃