വിമാനം ആകാശത്തു പറന്നു നടക്കുന്ന കാഴ്ചകളാണ് കണ്ടിട്ടുള്ളത് കുട്ടിക്കാലം മുതൽ. വലുതായപ്പോൾ കൂട്ടുകാർ ഗൾഫിലേക്ക് പോകാൻ വേണ്ടി എയർപോർട്ടിൽ പോയപ്പോൾ യാത്രയയയ്ക്കാൻ ഞാനും പോയി. അടുത്ത് കാണാൻ പറ്റിയില്ല. അകലെ നിന്നും കണ്ടു. വർഷങ്ങൾക്ക് മുൻപാണ്. പഴയ കൊച്ചി എയർപോർട്ടിൽ. പിന്നീട് അത് നേവിയുടെ എയർപോർട്ട് ആയത്രെ! പിന്നീടാണ് നെടുമ്പാശ്ശേരി വിമാനത്താവളം വന്നത്.
മകൾ വലുതായി ജർമ്മനിയിൽ പഠിക്കാൻ വേണ്ടി പോയപ്പോൾ യാതയയ്ക്കാൻ കുടുംബസമേതം പോയി. അപ്പോഴും വിമാനങ്ങൾ പറന്നു പൊങ്ങി പോകുന്നത് കാണാമെന്നല്ലാതെ തൊട്ട് മുന്നിൽ കാണാൻ കഴിഞ്ഞില്ല. പിന്നെ അവൾ വന്നപ്പോഴും പോയപ്പോഴുമൊക്കെ ഇത് പോലെ വിമാനത്താവളം കണ്ടു എന്നല്ലാതെ ഒന്നും ഉണ്ടായില്ല.
രണ്ടായിരത്തി ഇരുപതിൽ ജോലി റിട്ടയർ ചെയ്തു. ഇനി മകളുടെ അടുത്തേക്ക്, ജർമനിയിലേക്ക് പോകാം എന്ന് കരുതി. പാസ്പോർട്ട് എടുത്തു. വിസയുടെ കാര്യങ്ങൾക്ക് കാത്തിരിക്കുമ്പോൾ ആണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. പിന്നെ മൂന്നു നാല് വർഷത്തോളം യാത്ര പോകാൻ പറ്റിയില്ല.
കോവിഡ് പ്രശ്നം നീണ്ടു പോയി. ഹെൽത്ത് സർട്ടിഫിക്കറ്റ് വേണം. ടെസ്റ്റുകൾ വേണം, പ്രതിരോധ കുത്തിവെപ്പ്, കോവിഡ് വാക്സിൻ മൂന്ന് എണ്ണം,ബൂസ്റ്റർ ഡോസ്.
ഇതൊക്കെ കഴിഞ്ഞ് പോകാൻ സമയം ഒത്തു വന്നത് രണ്ടായിരത്തി ഇരുപത്തിനാലിൽ ആണ്.
ഡയറക്ട് ഫ്ളൈറ്റ് ആയാൽ പിന്നെ കയറി ഇരുന്ന് അവിടെ ചെന്ന് ഇറങ്ങിയാൽ മതിയല്ലോ! മാറിക്കേറി പോകുക എന്നത് ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ്. ഭാഷയൊന്നും അറിയാതെ എങ്ങനെ പോകും? ഇംഗ്ലീഷ് തപ്പിപിടിച്ചു പറഞ്ഞൊപ്പിക്കാം എന്നേയുള്ളൂ. ഇംഗ്ലീഷ് സംസാരിക്കേണ്ട ആവശ്യം വന്നിട്ടില്ല ഇത് വരെ.
കുറച്ചു ഓൺലൈൻ ക്ലാസ് ഒക്കെ നോക്കി. വിമാനത്തിൽ പോകുമ്പോൾ വേണ്ട കാര്യങ്ങളും നിയമങ്ങളും എന്തെല്ലാം സാധനങ്ങൾ കൊണ്ട് പോകാം. എന്തോക്കെ പാടില്ല ഇവയൊക്കെ പഠിച്ചു. എല്ലാവർക്കും ഏറ്റവും ബുദ്ധിമുട്ട് ടോയ്‌ലറ്റ് ഉപയോഗിക്കാനാണത്രേ! അത് തുറക്കാൻ അടക്കാൻ ഫ്ളഷ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം കേട്ട് പേടിക്കാതിരിക്കാൻ ഒക്കെ പഠിച്ചു. അത്യാവശ്യം വിമാനത്തിലും എയർപോർട്ടിലും സംസാരിക്കേണ്ട കാര്യങ്ങളും പഠിച്ചു. പിന്നെ നിയമങ്ങൾ, സുരക്ഷ, സീറ്റ് ബെൽറ്റ് ഇടുന്നത്.
ജനുവരി അഞ്ചിന് വിസ കിട്ടുന്നതിന് ഇൻ്റർവ്യൂ അപ്പോയിൻ്റ്മെൻ്റ് കിട്ടി.
ബാംഗ്ലൂർ ആണ് അതിന് തെരഞ്ഞെടുത്തത്. ഏപ്രിൽ മാസം പത്തിനുള്ള ഫ്ളൈറ്റ് ടിക്കറ്റും എടുത്തു.
അതെല്ലാം അപേക്ഷയിൽ കാണിക്കണം. ഡയറക്ട് ഫ്ളൈറ്റ് ബാംഗ്ലൂർ നിന്നാണ് ഉള്ളത്.
നേരത്തെ ട്രെയിൻ ബുക്ക് ചെയ്തു ഞാനും ഭാര്യയും ബാംഗ്ലൂർ എത്തി. അവിടെ മകൻ ഒരു കോളേജിൽ പഠിക്കുന്നുണ്ട്. എംഎസ് സിയ്ക്ക്. ഞങ്ങൾക്ക് ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു നേരത്തെ തന്നെ. ഞങ്ങൾക്ക് മകൻ അവിടെ ഉണ്ടായിരുന്നതിനാൽ തന്നെ വളരെ സൗകര്യമായി.ജനവരി നാലിന് അവിടെ എത്തി ഹോട്ടലിൽ താമസിച്ചു. പിറ്റേദിവസംവിസിറ്റിംഗ് വിസയ്ക്ക് വേണ്ടിയുള്ള ഇൻ്റർവ്യൂ,
പണമടയ്ക്കൽ എല്ലാം കഴിഞ്ഞു പോന്നു. രണ്ട് ദിവസം അവിടെ ബാംഗ്ലൂർ ചുറ്റിക്കറങ്ങി.
വീണ്ടും ഏപ്രിൽ ഏഴിന് പോന്നു ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. എട്ട് വെറുതെ കറങ്ങി ഒമ്പത് രാത്രി എയർപോർട്ടിൽ എത്തി. പിറ്റേന്ന് വെളുപ്പിന് മൂന്നു മണിക്കാണ് ഫ്ളൈറ്റ്. പതിനൊന്നു മണിക്ക് തന്നെ അവിടെ എത്തി ഇമിഗ്രേഷൻ എല്ലാം കഴിഞ്ഞു. ലുഫ്താൻസയുടെ വിമാനം ആയിരുന്നു. എയർപോർട്ടിൽ ഇംഗ്ലീഷ് ഒന്നും സംസാരിക്കേണ്ടി വന്നില്ല. മലയാളി പെൺകുട്ടി ആയിരുന്നു കൗണ്ടറിൽ, കണ്ണൂർകാരി. പിന്നെ എമിഗ്രേഷൻ കൗണ്ടറിൽ തൃശ്ശൂർക്കാരൻ ഒരാളും.
ചെക്കിങ്ങ് ഒക്കെ കഴിഞ്ഞു മൂന്നു മണിവരെ റെസ്റ്റ്. മൂന്നുമണിക്ക് തന്നെ ബോർഡിംഗ്.
അങ്ങനെ ആദ്യമായി വിമാനത്തിൽ കയറി.
വിൻഡോസീറ്റ് ആണ് ബുക്ക് ചെയ്തത്. പുറത്തെ കാഴ്ചകൾ കാണണമല്ലോ! വിമാനത്തിൽ കയറി എങ്കിലും വിമാനം ആണെന്ന് തോന്നില്ല. ഒരു മുറിയിൽ കയറി ഇരിക്കുന്ന ഫീൽ. പുറത്ത് വിമാനങ്ങൾ വരുന്നതും പോകുന്നതും കാണാം.
അങ്ങനെ വിമാനം ടേക്കോഫ് ചെയ്തു. ഭയങ്കര ശബ്ദം തന്നെ. ചെവിയിൽ ഇയർ പ്ളഗ് വച്ചിട്ടുണ്ട് എന്നിട്ടും നല്ല ശബ്ദം. ഞാൻ മോണിറ്റർ ഓണാക്കി വിമാനത്തിൻ്റെ യാത്ര, പോകുന്ന ഓരോസ്ഥലങ്ങളുമൊക്കെ കണ്ടിരുന്നു.വീട്ടുകാരി ഉറങ്ങി. എനിക്ക് ഉറക്കം ഒന്നും വരില്ല.ഏത് യാത്രയായാലും. ട്രെയിനോ പ്ളെയിനോ ബസ്സോ കാറോ എന്തായാലും ഉറക്കമില്ല. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ കൊണ്ട് വന്നു. മദ്യം സൽക്കരിക്കുന്നുണ്ട് കുറേപ്പേർ വാങ്ങുന്നു. ഞങ്ങൾക്ക് പിന്നെ വേണ്ടല്ലോ.വേണ്ട എന്ന് പറഞ്ഞു. രാത്രിയിൽ പുറത്തേക്ക് നോക്കി ഇരുന്നു. ടിവിയിൽ വിമാനം എത്തുന്നത് ഏത് സ്ഥലത്ത് എന്നൊക്കെ നോക്കിക്കൊണ്ടിരുന്നു. ഏത് സ്ഥലത്തിൻ്റെ മുകളിൽ കൂടിയാണ് യാത്ര, വിമാനത്തിന്റെ വേഗത, എത്ര ഉയരത്തിൽ ആണ് പറക്കുന്നത്! ഇതൊക്കെ കണ്ട് പഠിക്കാൻ തന്നെ നല്ല ഇഷ്ടം. മുപ്പത് മുപ്പത്തഞ്ച് ആയിരം അടി ഉയരത്തിൽ ആണ് പറക്കുന്നത് എന്നത് തന്നെ ഒരു അത്ഭുതം! അനേകം മേഘങ്ങൾ വിമാനത്തിൻ്റെ താഴേക്കൂടി പോകുന്നത് കാണാം. ഇടക്കിടെ പുഴകളും കടലുകളും മലകളും മരുഭൂമികളുമൊക്കെ കാണാം. രാജ്യങ്ങൾ ഇങ്ങനെ മാറിമാറി വരുന്നതും. അതിനിടെ രാത്രിയിൽ ഭക്ഷണം കഴിച്ചു. ഇടക്കിടെ ബാത്ത് റൂമിൽ പോയി. എല്ലാം നേരത്തെ പഠിച്ചു വച്ചതിനാൽ എല്ലാം ഈസിയായി.
പിറ്റേന്ന് എട്ട് എട്ടരയോടെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറങ്ങി. ദക്ഷിണാർദ്ധഗോളത്തിൽ നിന്നും കയറി ഉത്തരാർദ്ധഗോളത്തിലെത്തി. ഭൂമദ്ധ്യരേഖ മറികടന്നതിനാൽ മൂന്ന് മൂന്നര മണിക്കൂർ ലാഭം ആണ്. അവിടെ ജർമ്മനിയിൽ മൂന്നര മണിക്കൂർ പിന്നോട്ടാണ്. ചിലപ്പോൾ നാലര മണിക്കൂർ വ്യത്യാസം ഉണ്ടാകും. അവിടെ മരുമകൻ എയർപോർട്ടിൽ വന്നിരുന്നു. പിന്നെ ട്രെയിനിൽ അവർ താമസിക്കുന്ന ഹീഡൽബർഗ് എന്ന സ്ഥലത്ത് എത്തി.
തിരിച്ച് പോരുമ്പോൾ ഇത് പോലെ ലുഫ്താൻസ വിമാനം തന്നെ. ദുബായുടെ മുകളിൽ കൂടി ഒക്കെയാണ് തിരിച്ചു പോന്നത്. ഗൾഫ് രാജ്യങ്ങൾ ഒക്കെ താഴെ കണ്ടു. അങ്ങോട്ട് വേറെ റൂട്ട് ആയിരുന്നു. ബാംഗ്ലൂർ എത്തി. പിന്നീട് കൊച്ചിയിലേക്ക് പോന്നത് മറ്റൊരു വിമാനത്തിൽ തന്നെ. എയർപോർട്ടിൽ ധാരാളം വിമാനങ്ങൾ കണ്ടു.വളരെ അടുത്തു തന്നെ. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ അനേകം വിമാനങ്ങൾ ആണ്. ഏറിയപങ്കും ലുഫ്താൻസ തന്നെയാണ്. വലിയ വിമാനമാതിനാൽ തന്നെ കുലുക്കമൊന്നും അനുഭവപ്പെട്ടില്ല. പക്ഷേ ബാംഗ്ലൂർ നിന്നും കൊച്ചിയിലേക്ക് വന്ന ചെറിയ വിമാനം ആണ് ആളേ പേടിപ്പിച്ചത്. പെട്ടെന്ന് ഒരു താഴൽ. ആകെ ഒരു കുലുക്കവും എടുത്തെറിയലും. അപകടം പറ്റുമോ എന്ന് പേടിച്ചു. എയർ പോക്കറ്റിൽ വീണതാണ്. വളരെ താഴ്ന്നാണ് പറന്നത്. കൊച്ചി എയർപോർട്ടിൽ ഒരു പരിശോധനയും ഇല്ല. ബാഗുകൾ വാങ്ങി പോകുക അത്ര മാത്രം.
#കൂട്ടക്ഷരങ്ങൾ
#ബ്ളോഗ്_മത്സരം
#എന്റെരചന
#വിമാനക്കഥകൾ
#രചന_രാമചന്ദ്രൻടിവി


3 Comments
Pingback: വിസിറ്റിംഗ് വിസ അപേക്ഷിക്കാനൊരു യാത്ര - By Ramachandran TV - കൂട്ടക്ഷരങ്ങൾ
എല്ലാം പഠിച്ചു വെച്ചതു നന്നായി. യാത്ര സുഖമായി നടന്നുവല്ലോ
❤️❤️
അഭിപ്രായം എഴുതിയതിനു നന്ദി സ്നേഹം