ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് മാടായിക്കോണം എന്ന സ്ഥലത്താണ്. തൃശ്ശൂർ ജില്ലയിലെ ഒരു സ്ഥലമാണത്. എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മയും ഞാനും ഇവിടെ നിന്നും ഒരു പത്ത് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ചെമ്മണ്ട എന്ന സ്ഥലത്ത് താമസിച്ചിരുന്നു. എനിക്ക് ആറേഴ് വയസ് പ്രായമുള്ള സമയമാണ് അത്.
അന്ന് വാഹനങ്ങൾ അധികം ഒന്നും ഇല്ല. ബസ്സിൽ യാത്ര ചെയ്യുന്നത് അന്ന് അപൂർവമാണ്. അവിടേയ്ക്ക് പോകണമെങ്കിൽ രണ്ട് വണ്ടി മാറിക്കയറി പിന്നെ നാലഞ്ചു കിലോമീറ്റർ നടക്കണം. എന്നെ നടത്തിക്കൊണ്ട് പോകും തറവാട്ടിൽ നിന്ന് ചെമ്മണ്ടവരെ. ഇടയ്ക്ക് അമ്മ എടുക്കുകയും ചെയ്യും. വളരെ മെലിഞ്ഞു കനം കുറഞ്ഞാൽ ഇരുന്നു ഞാൻ.
അവിടെ അമ്മയുടെ വലിയമ്മയും വലിയച്ഛനുമാണ് താമസം. ഞാൻ മുത്തശ്ശി എന്നാണ് വിളിക്കുന്നത്.
പശുവും കറവയും ഒക്കെയുണ്ട്. തൈരും മോരും വെണ്ണയും, ഉണ്ട്. അന്നൊക്കെ ഉറികളുണ്ട്. അതിലാണ് പാലും തൈരും വെണ്ണയും ഒക്കെ വയ്ക്കുക. മുത്തശ്ശി കടകോൽ ഉപയോഗിച്ച് തൈര് കടഞ്ഞ് വെണ്ണയുണ്ടാക്കുന്നത് ഓർമ്മയുണ്ട്. അപ്പോൾ അത് തിന്നാൻ തരും. ” അമ്പാടി കണ്ണൻ ഈ വെണ്ണയൊക്കെ കട്ട് തിന്നും. ” മുത്തശ്ശി പറയും. എന്നിട്ട് ശ്രീകൃഷ്ണന്റെ കഥകളൊക്കെ പറയും എന്നോട്. എനിക്കാണെങ്കിൽ കഥ കേൾക്കാൻ അന്നും ഇന്നും ഇഷ്ടം.
അങ്ങനെ ഒരിക്കൽ എന്നോട് ഒരു കഥ പറഞ്ഞു. കഥയല്ല, നടന്ന സംഭവമാണത്രേ! ഞങ്ങൾ അവിടെ ഇല്ലാത്ത ഒരു ദിവസം രാത്രി. അന്ന് മുത്തച്ഛനും മുത്തശ്ശിയും മാത്രമേയുള്ളൂ. അവർക്ക് മക്കളില്ല. അത് കാരണമാണ് ഞങ്ങൾ അവിടെ താമസിക്കുന്നത്. അമ്മയെ മകളായാണ് കാണുന്നത്.
പണ്ടൊക്കെ വീട്ടിൽ ബാത്ത്റൂമുകളില്ല. പുറത്ത് വളപ്പിൽ കുഴിയിൽ ആണ് വിസർജ്ജനമൊക്കെ.
രാത്രിയിൽ ഒരു പന്ത്രണ്ട് മണി കഴിഞ്ഞു കാണും. മുത്തശ്ശി ബാത്ത്റൂമിൽ പോകാൻ വേണ്ടി വളപ്പിലേക്ക് നടന്നു.
അപ്പോഴാണ് ഈ അത്ഭുത കാഴ്ച കാണുന്നത്. പറമ്പിന്റെ തെക്കേ വേലി കഴിഞ്ഞാൽ ഒരു ഇടവഴിയാണ് അതിലൂടെ പടിഞ്ഞാറ് പോയാൽ ഒരു സുബ്രഹ്മണ്യക്ഷേത്രം. വലിയ വിശാലമായ അമ്പലപറമ്പ്. പുരാതനമായ ക്ഷേത്രം. അതിന് കിഴക്ക് മഹാവിഷ്ണു ക്ഷേത്രം.
മുത്തശ്ശി കാണുന്ന കാഴ്ചകൾ ആരും വിശ്വസിക്കില്ല. അത്ര അത്ഭുതമാണ് കണ്ടത്. സുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്നും മൂന്ന് ആനകൾ ഇങ്ങനെ എഴുന്നള്ളിപ്പായി വരികയാണ്. ആനപ്പുറത്ത് കോലവും പട്ടുകുടയും ആലവട്ടം വെഞ്ചാമരം. ആനപ്പുറത്ത് ഇരിക്കുന്നതോ മനുഷ്യരല്ല.
ദേവൻമാർ ആണ്. സുബ്രഹ്മണ്യന്റെ അമ്പലത്തിൽ കാവടിയാട്ടം ആണ്. എഴുന്നെള്ളിപ്പ് സാധാരണ ഉണ്ടാകാറില്ല.
മഹാവിഷ്ണുവിൻ്റെ അമ്പലത്തിൽ നിന്നും ആയിരിക്കണം. ഈ എഴുന്നെള്ളിപ്പ്. അമ്പലത്തിന്റെ തൊട്ടുള്ള പുതുർക്കൽ അമ്പലത്തിൽ നിന്നും എഴുന്നെള്ളിപ്പ് നേരെ ആ ഇടവഴിയിൽ കൂടി ഞങ്ങളുടെ വീടിൻ്റെ താഴത്തെ കുളത്തിലേക്കാണ് യാത്ര.
അവിടെ ഇറങ്ങി എല്ലാവരും വെള്ളത്തിൽ മുങ്ങി ആറാടി വീണ്ടും തിരിച്ച് അമ്പലത്തിലേക്ക് പോകുന്നു. എല്ലാ ദിവസവും ഇങ്ങനെ ഉണ്ടാകാറുണ്ടത്രേ! പക്ഷേ മുത്തശ്ശി അന്ന് മാത്രമേ കണ്ടുള്ളൂ. അന്നേ അങ്ങനെ ഇറങ്ങിപ്പോയി കണ്ടുള്ളൂ. അത് യാദൃശ്ചികം. പിറ്റേ ദിവസം പനി പിടിച്ചു കിടപ്പായി മുത്തശ്ശി. മനുഷ്യൻമാരൊന്നും ദേവന്മാരുടെ സഞ്ചാരം കാണാൻ പാടില്ലത്രേ! അതിൻ്റെ ശിക്ഷയാണ് പനിയുടെ രൂപത്തിൽ വന്നത്. അന്ന് ഡോക്ടറെ കാണലൊന്നുമില്ലല്ലോ. ഒരാഴ്ച കഴിഞ്ഞു പനി മാറാൻ. മുത്തശ്ശി പിന്നെയും വേറെ കഥകൾ പറയും.
മറ്റൊരു കഥ കാലൻ കോഴിയുടെയാണ്. ആളുകൾ മരിക്കുന്നത് മുൻകൂട്ടി അറിയുമത്രെ കാലൻകോഴിക്ക്. നെടുള്ളാൻ എന്നൊക്കെ പറയും. അതിന്റെ ശബ്ദം കേട്ടാൽ പേടി തോന്നും. അത് പക്ഷിയല്ലത്രെ. ഒരു മരം വെട്ടുകാരൻ ആണത്രേ. അയാൾ കാട്ടിൽ പോയി മരംവെട്ടി മരവും കൊണ്ട് പോന്നു. മഴു അവിടെ മറന്നു വച്ചു. വീട്ടിൽ എത്തിയപ്പോൾ ആണ് ഓർമ്മ വന്നത് മഴുവിന്റെ കാര്യം. അത് തിരിച്ചെടുത്തു വരാം എന്ന് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു “ഇപ്പോൾ ഈ രാത്രി പോകണ്ട. നാളെ പോയാൽ മതി. ” പക്ഷേ അയാൾക്ക് അപ്പോൾ തന്നെ പോകണം. കാട്ടിൽ എത്തിയപ്പോൾ അർദ്ധരാത്രിയായി. മരം മുറിച്ച സ്ഥലത്ത് എത്തിയപ്പോൾ അതാ അവിടെ ചുടല ഭദ്രകാളി, അവരുടെ ശിഷ്യ ഗണങ്ങൾ കൂളി തുടങ്ങിയ പിശാചുക്കൾ അവർ മരിച്ചു ദഹിപ്പിക്കുന്ന ചിതയിൽ നൃത്തം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. അയാൾ കണ്ടു എന്ന് ഭദ്രകാളി അറിഞ്ഞു. ” മനുഷ്യർ കാണാൻ പാടില്ലാത്ത കാഴ്ചകൾ നീ കണ്ടു. ഇനി ഇതാരോടും പറയരുത്. പറഞ്ഞാൽ നീ കാലൻ കോഴി ആയി മാറും. ” മഴു എടുത്ത് അയാൾ വീട്ടിലേക്ക് എത്തി. “പോയിട്ട് ഇത്ര നേരമോ എന്ത് പറ്റി?”
ഭാര്യയുടെ ചോദ്യത്തിന് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് അവൾക്ക് വിശ്വാസമായില്ല. അവസാനം അയാൾ കണ്ട ചുടല ഭദ്രകാളിയുടെ നൃത്തത്തെക്കുറിച്ച് പറയേണ്ടി വന്നു. അതോടെ അയാൾക്ക് ചിറകുകൾ മുളച്ചു അയാൾ പറക്കാൻ തുടങ്ങി. ഭാര്യയാണെങ്കിൽ പിന്നാലെ ഓടി കാലിൽ പിടിച്ച് വലിച്ചു. എന്ത് കാര്യം! അയാളുടെ ഒരു കാൽ പറിഞ്ഞു പോന്നു. അയാൾ കരഞ്ഞു കൊണ്ട് പറന്നു പോയി. ” കുത്തിച്ചുട് കുത്തിച്ചുട്” എന്ന് പറഞ്ഞു കരയുന്നത് ഇപ്പോഴും രാത്രി കേൾക്കാമത്രെ! അത് കേട്ടാൽ മരണം കേൾക്കും.
ഇത് പോലെ എന്തെല്ലാം കഥകളാണ് മുത്തശ്ശി പറയുന്നത്!
#കൂട്ടക്ഷരങ്ങൾ
#എന്റെരചന_ബ്ളോഗ്_മത്സരം
#ആകാംക്ഷയുണർത്തിയ ഒരുമിത്ത്/ വായ്മൊഴിക്കഥ
#ദേവൻമാരുടെ എഴുന്നെള്ളിപ്പും കാലൻ കോഴിയും.
#രചന_രാമചന്ദ്രൻടിവി


11 Comments
കാലും നീട്ടിയിരുന്ന് കഥ പറയുന്ന മുത്തശ്ശിമാരുടെ കാലം എത്ര നല്ലതായിരുന്നു …… നന്നായെഴുതി👍🌹
നല്ല ഓളത്തിന് വായിക്കാൻ കഴിഞ്ഞു❤️
ഇത്തവണത്തെ വിജയികളിലൊരാളായി എന്നെ തെരഞ്ഞെടുത്തതിന് കൂട്ടക്ഷരങ്ങൾ ടീമിന് നന്ദിയും കടപ്പാടും സ്നേഹവും ആദരവും രേഖപ്പെടുത്തുന്നു.
എന്റെ രചന വായിച്ചു പ്രോത്സാഹനവും പിന്തുണയും നൽകുന്ന എല്ലാവർക്കും നന്ദി സ്നേഹം.
മനോഹരം.
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും പിന്തുണയ്ക്കും എല്ലാവരോടും നന്ദി.
എന്നും മുത്തശ്ശി കഥകൾ കേൾക്കാൻ ഇഷ്ടമാണ്. നന്നായി എഴുതി.👏😍
ഇത്തവണത്തെ വിജയികളിലൊരാളായി എന്നെ തെരഞ്ഞെടുത്തതിന് കൂട്ടക്ഷരങ്ങൾ ടീമിന് നന്ദിയും കടപ്പാടും സ്നേഹവും ആദരവും രേഖപ്പെടുത്തുന്നു.
എന്റെ രചന വായിച്ചു പ്രോത്സാഹനവും പിന്തുണയും നൽകുന്ന എല്ലാവർക്കും നന്ദി സ്നേഹം.
ഇങ്ങനെ എന്തെല്ലാം വിശ്വാസങ്ങൾ….. നന്നായെഴുതി👍❤️
അന്നൊക്കെ നമ്മളതു വിശ്വസിക്കുകയും ചെയ്യുമായിരുന്നു.
നല്ല വിവരണം👌🌹
വളരെ നന്നായി എഴുതി👌👍❤️💯
Nalla rasam vaayikan