മാത്യുവിന്റെ ഫോണിൽ വിളിച്ച് സുമതി വിവരങ്ങൾ ധരിപ്പിച്ചു.
“എന്താ അവർ തമ്മിൽ സംസാരിച്ചത്. “
“അത് ഞാൻ കേട്ടില്ല, ഗേറ്റിനടുത്ത് വച്ചായിരുന്നു അവർ സംസാരിച്ചത്, ഞാനിങ്ങ് ഹാളിൽ നിൽക്കുകയായിരുന്നു. “
“ശരി അവളെ ശ്രദ്ധിക്കണേ. നീ അവളെ വെറുതെ പിണക്കേണ്ട. ഒരു മയത്തിൽ നിന്നാൽ മതി. അവളെല്ലാവരെയും അവിടുന്ന് അടിച്ചിറക്കും. “
ദേവി ഹാളിൽ കയറിയപ്പോൾ, സുമതി ഒന്നും അറിയാത്ത പോലെ മേശ തുടച്ചും കൊണ്ട് നിൽക്കുകയായിരുന്നു. അലക്ഷ്യമായി ഫ്രിഡ്ജിൻ്റെ മുകളിൽ വച്ചിരുന്ന സുമതിയുടെ ഫോൺ ദേവി ശ്രദ്ധിച്ചു. അതിൽ അവസാന കാൾ മാത്യുവിൻ്റെ നമ്പറിലേക്കാണെന്നത് ദേവിക്ക് മനസ്സിലായി.
“അക്കാ കടുപ്പത്തിൽ ഒരു കോഫി വേണം. നല്ല തലവേദന, രാജേന്ദ്രനെ ഞാൻ മരുന്ന് വാങ്ങാൻ പറഞ്ഞയച്ചിട്ടുണ്ട്. “
“മോള് ചോറ് കഴിച്ചില്ലല്ലോ, ചോറ് വിളമ്പട്ടെ. “
“കുറച്ച് കഴിഞ്ഞ് മതി, കോഫി കുടിച്ചിട്ട് മതി, അക്കാ കഴിച്ചോളൂ”
സുമതി ചോറ് കഴിക്കുമ്പോൾ ദേവി അടുത്തിരുന്നു. സുമതിയുടെ കുട്ടികളുടെ വിശേഷങ്ങൾ അന്വേഷിച്ചു
“അക്കാ കുട്ടികളൊക്കെ സുഖമായിരിക്കുന്നോ? മുരുകന് എങ്ങനെയുണ്ട്. “
“ആഹ് ഞാൻ തിരക്കാറില്ല, കിടപ്പാണ്, എന്നെ കുറെ ഉപദ്രവിച്ചതല്ലേ, അന്ന് മാലതി കൊച്ചമ്മ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നില്ലായിരുന്നേൽ ഞാൻ എന്നേ കുഴിയിലായേനെ, അന്ന് അയാൾക്കെന്നെ വിടാൻ ഇഷ്ടമല്ലായിരുന്നു, പക്ഷെ പണം!! അത് കയ്ക്കില്ലല്ലോ. “
“മുരുകൻ കിടപ്പാണെന്നാണല്ലോ പറഞ്ഞത്, അയാളെ ആര് നോക്കും അക്കാ. “
“മൂത്ത മകൾ ഉണ്ടല്ലോ മീനാക്ഷി, അവൾ നോക്കിക്കൊള്ളും, മാസാമാസം പൈസ അയച്ചു കൊടുത്താൽ മതി. അയാളതൊന്നും അർഹിക്കുന്നില്ല, പിന്നെ ഈ താലി കെട്ടിയത് അയാളായി പോയില്ലേ. “
സുമതി താലിയെടുത്തു ഉമ്മ വച്ച് കണ്ണിൽ ചേർത്തു.
“എന്റെ നാട്ടിലൊക്കെ താലി പവിത്രമാണ്, ഭർത്താവു എന്ത് ചെയ്താലും അത് ഭാര്യ കൊണ്ടും കൊണ്ട് നിൽക്കണം എന്നാണ് എന്നെ പഠിപ്പിച്ചത്. മോളുടെ അമ്മയോടൊപ്പം പട്ടണത്തിലേക്ക് വന്നപ്പോഴാണ്, ആണിനെ പോലെ പെണ്ണിനും അഭിമാനവും വിലയുമുണ്ടെന്നൊക്കെ എനിക്ക് മനസ്സിലായത്. പിന്നീടാണ് ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയത്, ചിരിക്കാൻ പഠിച്ചത്. എനിക്കിപ്പോൾ എന്നെക്കുറിച്ച് അഭിമാനമാണ്. അയാൾ ചെയ്തതിനു അയാളിപ്പോൾ അനുഭവിയ്ക്കുകയാണ്. ഒന്ന് പോയി കാണണം അയാളെയും എന്റെ കിടപ്പിലായ മോനെയും. അത്രേ ആഗ്രഹമുള്ളൂ. “
സുമതി സാരി തുമ്പു കൊണ്ട് കണ്ണുനീർ തുടച്ചു.
“അക്ക നാളെ തന്നെ അവരെ പോയി കാണൂ, ആവശ്യമെങ്കിൽ നല്ല ചികിത്സയും കൊടുക്കണം, അതൊക്കെയല്ലേ നമുക്ക് ചെയ്യാൻ കഴിയൂ. പൈസ വല്ലതും വേണമെങ്കിൽ പറഞ്ഞോളൂ അക്കാ. “
“അതൊന്നും വേണ്ട മോളെ, മാസാമാസം നല്ലൊരു തുക എനിക്ക് കൊച്ചമ്മ തരും, അത് ഞാൻ അപ്പോൾ തന്നെ ബാങ്ക് ട്രാൻസ്ഫർ വഴി മോളുടെ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുക്കും. പിന്നെ ചിലപ്പോൾ മാത്യു സാർ എന്തെങ്കിലും ജോലി ഏൽപ്പിക്കാറുണ്ട്, അതിനു വേറെ പണം കിട്ടും. “
“പപ്പാ എന്ത് പ്രത്യേക ജോലിയാണ് ഏൽപ്പിക്കാറുള്ളത്. “
“അത് കാർ കഴുകാനും, ഏതെങ്കിലും സ്ഥലത്തു പോയി പ്രത്യേകമായി എന്തെങ്കിലും വാങ്ങി കൊണ്ട് വരാനോ പറയും, അതിനു വേറെ പൈസ നൽകും. എനിക്ക് വേറെ ചെലവൊന്നുമില്ലല്ലോ, എല്ലാം നാട്ടിലേയ്ക്ക് അയച്ചു കൊടുക്കാറാണ് പതിവ്. “
“അക്കാ വേണമെങ്കിൽ നാളെ പകൽ നാട്ടിൽ പോയി വന്നോളൂ, ഇവിടെ രാജേന്ദ്രൻ ഉണ്ടല്ലോ, ഞാൻ രാവിലെ അനുപമയുടെ വീട്ടിൽ പോകും, നാളെ വൈകുന്നേരം ആര്യൻ ഡൽഹിയ്ക്ക് മടങ്ങുവാണ്, ഇനി അയാൾ കല്യാണത്തിനേ മടങ്ങി വരൂ, നാളെ അക്കാ വേണമെങ്കിൽ പകൽ പോയി വന്നോളൂ, എനിക്ക് വേണ്ടി ആഹാരമൊന്നും തയാറാക്കാൻ നിൽക്കണ്ട. “
“പക്ഷെ മാത്യു സാർ അറിഞ്ഞാൽ പ്രശ്നമാകില്ലേ. “
“എങ്ങനെ അറിയാനാണ്, അക്ക വിളിച്ചു പറയാതിരുന്നാൽ മതി. എന്റെ ഓരോ നീക്കവും അറിയാനല്ലേ പപ്പാ അക്കയെ ഇവിടെ നിർത്തിയത്. നാളെ പകൽ എനിക്ക് പ്രത്യേകിച്ച് ഒരു പ്രോഗ്രാമുമില്ല. അത് കൊണ്ടാണ് പറഞ്ഞത്, വേണേൽ നാട്ടിൽ പൊയ്ക്കൊള്ളാൻ. “
“ഇവിടെ രാജേന്ദ്രൻ ഉണ്ടാകുമല്ലോ അല്ലേ. “
“ഉണ്ടാകും, നാട്ടിൽ പോകാൻ പൈസ വല്ലതും വേണമെങ്കിൽ പറഞ്ഞോ, പപ്പാ അറിയണ്ട. “
“ശരി ദേവിക്കുഞ്ഞേ, ഞാനൊന്നു നാട്ടിൽ പോയി വരാം. “
ദേവിയ്ക്ക് ആശ്വാസം തോന്നി, രാജേന്ദ്രന് നേരത്തെ തന്നെ അയാളുടെ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പൊയ്ക്കോളാൻ ദേവി അനുവാദം കൊടുത്തിരുന്നു. ആരും അറിയരുതെന്ന് പറഞ്ഞു രണ്ടായിരം രൂപയും കൊടുത്തു. അയാൾക്ക് നല്ല സന്തോഷമായി. സുമതി കൂടെ പോയാൽ ഏജൻറ് പി ബി വരും. അയാൾക്ക് മാത്രമേ ഇനി ദേവിയെ സഹായിക്കാൻ കഴിയൂ.
രാവിലെ നേരത്തെ എഴുന്നേറ്റ് പ്രാതൽ തയാറാക്കി സുമതി നാട്ടിൽ പോകാനായി തയാറെടുത്തു. സുമതി പോയ പിറകെ രാജേന്ദ്രനും ആശുപത്രിയിൽ പോയി. ദേവി ഏജൻ്റ് പി ബി യെ ഫോണിൽ വിളിച്ചു. നിങ്ങളുടെ ജോലിക്കാരി വീടിനു മുന്നിൽ വച്ച് ഒരു കറുത്ത കാറിൽ കയറി പോയി എന്ന് ഏജൻ്റ് പി ബി ദേവിയെ അറിയിച്ചു. ആ കറുത്ത കാർ മാത്യുവിന്റെ ആണെന്ന് ദേവിയ്ക്ക് മനസിലായി. അപ്പോൾ സുമതി തന്നെ ചതിച്ചതായിരുന്നു എന്നവൾ കരുതി.
ഏജൻ്റ് പി ബി ക്കു കയറി വരാനായി അവൾ അടുക്കള വശത്തെ വാതിൽ തുറന്നിട്ടിരുന്നു. പിറകു വശത്തെ മതിൽ ചാടി അയാൾ ദേവിയ്ക്ക് അരികിലെത്തി.
ദേവി പ്രതീക്ഷിച്ച രൂപമായിരുന്നില്ല ഏജന്റിന് ഉണ്ടായിരുന്നത്. ഒരു പത്തിരുപതു മൂന്ന് വയസു മാത്രമുള്ള, പൊടി മീശക്കാരൻ പയ്യൻ.
ദേവി കൊടുത്ത കോഫിയും കുടിച്ചു അയാൾ ദേവിയുടെ എതിർവശത്തായിരുന്നു. ദേവി തന്റെ ഭൂതകാലത്തെ ഏജന്റിന് മുൻപിൽ അവതരിപ്പിച്ചു.
“ദേവിയുടെ ജീവിതം ഞാൻ പഠിച്ചു. രാഹുൽ എന്റെ മുന്നിൽ ചില ചോദ്യങ്ങൾ വച്ചിരുന്നു. അതിനുള്ള ഉത്തരങ്ങളിൽ നിന്നാകാം നമ്മുടെ തുടക്കം. ഞാൻ ദേവിയുടെ ഭൂതകാലം മുഴുവൻ പഠിച്ചു, തകർന്ന
ബാല്യം, അച്ഛനമ്മമാരുടെ ഇടയിലുള്ള പൊരുത്തക്കേട്, സ്വവർഗ്ഗാനുരാഗിയായ ഇംഗ്ലീഷ് ട്യൂഷൻ ടീച്ചറിൽ നിന്നും ദേവിക്ക് തുടർച്ചയായി ഉണ്ടായ ട്രോമകൾ, ഒരിക്കൽ അതിൽ നിന്നും രക്ഷപെടാനായി കുഞ്ഞു ദേവി ഓടിയെത്തിയത് സ്‌കൂളിലെ വാച്ചർ കം സെക്യൂരിറ്റിയായ സുരേഷിന്റെ അടുത്തേയ്ക്കാണ്, കീറി പറിഞ്ഞ ഉടുപ്പുമായി ഓടി വന്ന ദേവിയെ രക്ഷിക്കാനായി വന്ന സുരേഷിന്റെ മുന്നിൽ ടീച്ചർ വന്ന് നിന്നു. ദേവിയുടെ കരച്ചിൽ കേട്ട് ഓടി വന്നവരുടെ മുന്നിൽ ടീച്ചർ സുരേഷിനെ കുറ്റക്കാരനാക്കി. “
“സൽസ്വഭാവിയും മാന്യനുമായ സുരേഷിന് തന്നെ കുട്ടികളുടെ മുന്നിൽ വച്ച് മരത്തിൽ കെട്ടിയിയിട്ടു മർദ്ദിച്ചത് സഹിക്കാനായില്ല. അക്കൂട്ടത്തിൽ സുരേഷിന്റെ ഏകമകനായ സഞ്ജീവും ഉണ്ടായിരുന്നു. സുരേഷിന്റെ ആത്മഹത്യയ്ക്കു ശേഷം സുരേഷിന്റെ കുടുംബത്തെ ഏറ്റെടുത്തത് ആ ഇംഗ്ലീഷ് ട്യൂഷൻ ടീച്ചറായിരുന്നു. സ്വന്തം കുറ്റങ്ങൾ മറയ്ക്കാനായി അവർ അതൊക്കെ ദേവിയുടെ കുറ്റമായി, അഹങ്കാരമായി, കുഞ്ഞായ സഞ്ജീവിന്റെ മുന്നിൽ അവതരിപ്പിച്ചു. ആ കഥകൾ കേട്ട് വളർന്ന സഞ്ജീവിനു ദേവിയോട് കടുത്ത പക തോന്നി. “
“ആ സുരേഷിന്റെ മകനാണോ സഞ്ജീവ്. “
ദേവിയുടെ കണ്ണുകൾ നിറഞ്ഞു.
“ഞാൻ സുരേഷ് മാമനോട് ഒരു തെറ്റും ചെയ്തില്ല, സത്യം, അവർ, ആ സ്ത്രീയാണ് എല്ലാത്തിനും കാരണം, അവർ അയാളേ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. “
ദേവി ഏങ്ങി കരഞ്ഞു. അവൾ മനസ്സ് തുറന്നു കുറച്ചു നേരം കരയട്ടേയെന്ന് ഏജൻ്റ് പി ബി യും വിചാരിച്ചു. അവൾ തെല്ലൊന്നു ആശ്വാസം കൊണ്ടപ്പോൾ അയാൾ വീണ്ടും സംസാരിച്ചു തുടങ്ങി.
“ടീച്ചറുടെ മസ്തിഷ്ക പ്രക്ഷാളനത്തിൽ വീണ സഞ്ജീവ്, അവരെ പൂർണമായും വിശ്വസിക്കുകയും ദേവിയുടെ ജീവിതം നശിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ദേവിയുടെ പിറകിൽ ഒരു ചാരനെ പോലെ അവൻ സദാ നടന്നു. സഞ്ജീവ് വളരുന്നതിനൊപ്പം അവന്റെ പകയും വളർന്നു. “
“ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അവൻ യമുന ടീച്ചറിന്റെ ബോധി കോളേജിൽ ചേരുന്നത്, റഗുലർ സ്റ്റുഡന്റ് ആയി പഠിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതിനാൽ അവൻ ജോലി ചെയ്തും കൊണ്ട് പാരലൽ ആയി ഡിഗ്രിക്കു ചേർന്നു. ആ സമയത്ത് ദേവിയും കൈലാസനും പ്രീഡിഗ്രി ക്ലാസ്സിലായിരുന്നു. അവർ തമ്മിൽ ഇഷ്ടത്തിലാണെന്നു അറിഞ്ഞ, സഞ്ജീവ് ടീച്ചറമ്മയോടു പറഞ്ഞു, കൈലാസനെ പ്രേമത്തിൽ നിന്നും പിന്തിരിപ്പിച്ചു. “
“ആ സമയത്ത്, വിഷാദയായ ദേവിയുടെ അവസ്ഥ കണ്ട സഞ്ജീവിനു വളരെ സന്തോഷം തോന്നി. താൻ ജീവിച്ചിരിക്കുമ്പോൾ ദേവിയുടെ ജീവിതത്തിൽ ഒരു തരത്തിലും സന്തോഷങ്ങൾ ഉണ്ടാക്കില്ല, ഉണ്ടാകാൻ പാടില്ല, തന്റെ മരിച്ചു പോയ അച്ഛനോടുള്ള ഒരു പ്രതിജ്ഞയാണ് അതെന്നയാൾ കരുതി. പിന്നെയുള്ളതെല്ലാം ദേവിക്ക് അറിയാമല്ലോ. “
“ഞാൻ ശരിക്കും നിരപരാധിയാണ്. എന്നെ അയാൾ കൊല്ലുമോ? അതിനു മുൻപ് എനിക്ക് അവരെ, ആ ടീച്ചറെ ഒന്നും കൂടി അവസാനമായി കാണണം, അവരിപ്പോൾ എവിടെയുണ്ട്. “
“അവർ സഞ്ജീവിന്റെ വീട്ടിലുണ്ട്. കിടപ്പാണ്, ഒരു വശം തളർന്നു പോയി. ആ സ്ത്രീയാണ് അവരെയൊക്കെ വളർത്തിയത്. “
“അവരെ? എന്ന് വച്ചാൽ “
“സഞ്ജീവ്, ബാങ്ക് മാനേജർ വിമൽ കുമാർ, ഗുണ്ടാ വിൻസെന്റ്, അങ്ങനെ ഏഴോളം ആൺപിള്ളേരെ അവർ വളർത്തി. “
“ഏജൻറ് പി ബി, ഇനി ഞാൻ എന്താ ചെയ്യേണ്ടത്, നിങ്ങൾ ഇപ്പോൾ വെറുമൊരു ഗുണ്ടയല്ലെന്നും, എന്നെ പോലെയുള്ളവരെ സഹായിക്കാനാണ് നിങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനമെന്നും എനിക്കറിയാം. “
“എന്നെ ന്യൂസ് പേപ്പർ ബോയ് എന്ന് വിളിച്ചാൽ മതി. അതാണെന്റെ ജോലി, വെറും പത്രക്കാരൻ, രാവിലെ എല്ലാവരും കണ്ണ് തുറക്കുന്നതിനു മുൻപ് ഞാൻ ഉണർന്നു എല്ലാ വീട്ടിലും പത്രമെത്തിക്കും, അതാണെന്റെ ജോലി, അതിനിടയിൽ ഞാൻ മറ്റുള്ളവർക്ക് സഹായകമാകുന്ന ചില ജോലികൾ ചെയ്തു കൊടുക്കും, എനിക്ക് ചിലവുകൾ ഉണ്ട്, അതിനു പണം വേണം, കൈമാറുന്ന രഹസ്യങ്ങൾക്കു ഞാൻ പണം വാങ്ങും. ചിലർ എന്നെ ഇൻഫോർമർ എന്നും വിളിക്കാറുണ്ട്. പോലീസുകാർക്ക് വേണ്ടിയും ഞാൻ ജോലി ചെയ്യാറുണ്ട്, അത് കൊണ്ടാണ് എനിക്ക് പിൻവാതിലിലൂടെ ഇവിടെ വരേണ്ടി വന്നത്. “
“ന്യൂസ് പേപ്പർ ബോയ് ഞാൻ എന്താണ് അടുത്തതായി ചെയ്യേണ്ടത്. “
വളരെ ശബ്ദം താഴ്ത്തി ഏജൻ്റ് ദേവിയോട് എന്തൊക്കെയോ പറഞ്ഞു. അയാൾ പോകാനായി എഴുന്നേറ്റപ്പോൾ അവൾ ഒരു ചെക്ക് ലീഫിൽ ഒപ്പിട്ട് അയാളുടെ നേരെ നീട്ടി.
“വൈറ്റ് മണിയോ, അതും ഇത്രയും തുക, ഞാൻ കുടുങ്ങും, എനിക്ക് ക്യാഷ് മതി. അതും എൻ്റെ ജോലി കഴിഞ്ഞിട്ട് മതി. “
അയാൾ തന്റെ വാച്ചിലേക്ക് നോക്കി, സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.
“എനിക്ക് പോകാൻ സമയമായി, രണ്ടു മിനിറ്റിൽ ഇവിടെ നിന്നും എനിക്ക് പോകേണ്ടതുണ്ട്. പോകുന്നതിനു മുൻപ് ഒരു കാര്യം പറയാം രണ്ടു മിനിറ്റിനുള്ളിൽ ഇവിടൊരു പോലീസ് ജീപ്പ് വരും, കോഫി കപ്പുകൾ കഴുകി വയ്ക്കുക, അതിന്റെ പിറകേ കാറിൽ മാത്യുവും സുമതിയും വരും, ആ ഫോൺ ഒളിപ്പിച്ചു വയ്ക്കുക. “
ദേവി വെപ്രാളപ്പെട്ട് അയാളോടൊപ്പം അടുക്കള വാതിൽ പൂട്ടാനായി നടന്നു.
ഏജൻ്റ് പോയപ്പോൾ ദേവി കീപാഡ് ഫോണെടുത്തു, ആദ്യം സുമതിയുടെ സാധനങ്ങൾ വച്ചിരിക്കുന്ന സ്റ്റോർ റൂമിൽ വയ്ക്കാമെന്നാണ് അവൾ കരുതിയത്. പിന്നീട് ഫോൺ സ്വിച്ച് ഓഫാക്കി, അതവൾ എടുത്തു, പകുതി തീർന്ന സാനിറ്ററി നാപ്കിൻ കവറിൽ ഇട്ടു കബോർഡിൽ വച്ചു.
കോഫീ കപ്പുകൾ കഴുകി കമഴ്ത്തി വച്ചപ്പോഴേക്കും കോളിങ് ബെല്ലിന്റെ ശബ്‌ദം കേട്ടു. തന്റെ വികാരങ്ങളെ നിയന്ത്രിച്ചു കൊണ്ട് അവൾ വാതിൽ തുറന്നു. മുന്നിൽ സഞ്ജീവാണ്, കറുത്ത പാന്റ്സും ആഷ് കളർ ടീഷർട്ടും, ഭയം പുറത്തു കിട്ടാതിരിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ മുഖം വിളറി വെളുത്തു.
സഞ്ജീവ് അവളുടെ അടുത്തേയ്ക്കു നടന്നു വന്നു, നെറ്റിയിൽ കൈ വച്ച് നോക്കി.
“എന്താ പനിയുണ്ടോ? തൻ്റെ മുഖം വല്ലാതെയിരിക്കുന്നല്ലോ. “
അയാൾ ബലമായി ദേവിയെ തന്നോട് ചേർത്ത് നിർത്തി. അവളുടെ കവിളിൽ ബലമായി ചുംബിക്കാൻ ശ്രമിച്ചു. ദേവി സഞ്ജീവിനെ തള്ളി മാറ്റാൻ ശ്രമിച്ചു. സഞ്ജീവ് ബലമായി അവളോട് കൂടുതൽ ചേർന്ന് നിന്നു.
“എന്താ ദേവി, തനിക്കറിയില്ലേ, താൻ ഇല്ലാതെ എനിക്കിനി പറ്റില്ലായെന്ന്, വിടില്ല നിന്നെ, നീയെന്റെ ജീവന്റെ ജീവനാണ്. “
ദേവി അടുക്കളയിൽ നിന്നും ഹാളിലേക്കു നടന്നു, ഭയം കൊണ്ടവളുടെ നെഞ്ചകം പെരുമ്പറ കൊട്ടി. മാത്യുവിനൊപ്പം സുമതി മടങ്ങി വരുന്നവരെ സ്വയം നിയന്ത്രിക്കാൻ അവൾ തീരുമാനിച്ചു.
“എന്തു വന്നാലും എനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുള്ള നിൻ്റെയീ ജീവിതം”
സഞ്ജീവ് ദേവിയ്ക്കൊപ്പം വന്നു സെറ്റിയിൽ ഇരുന്നു.
“നമുക്കിന്നു ഒന്നിച്ചു പോയി ലഞ്ച് കഴിക്കാം, ജോലിയുടെ സ്ട്രെസ്സ് അപാരമാണ്, താനാണ് എന്റെ ഒരേയൊരു റിലാക്‌സേഷൻ, നീയില്ലാതെ വയ്യെന്റെ ഓമനേ. “
സഞ്ജീവ് ദേവിയുടെ കയ്യിൽ പിടിച്ചു ചുംബിച്ചു. ദേവി ഭയം കൊണ്ട് വിറച്ചു. കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ അവൾക്കാശ്വാസം തോന്നി.
(തുടരും….. )
✍️✍️നിഷ പിള്ള

