ഇന്നലെ കഴിഞ്ഞപോലെ…. എന്റെ ജീവിതയാത്രയിൽ പാതി വഴിയിൽ വച്ചു എന്നോടൊപ്പം കൂടിയ എന്റെ സഹയാത്രികൻ. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയിൽ പിന്നീട് ഒരാൾ കൂടി കൂട്ടിനു വന്നു.
വേനൽ മഴപെയ്ത്തിൽ പുതുമണ്ണിന്റെ ഗന്ധം എങ്ങും പരന്നൊഴുകിയ ഒരു മെയ് മാസപ്പകലിലാരുന്നു ഞങ്ങൾ ആദ്യമായി കണ്ടത്. സാധാരണ ചെക്കനും ചെക്കന്റെ കൂട്ടുകാരും ആയിട്ടാക്കുമല്ലോ പെണ്ണുകാണാൻ വരുന്നത്. എന്നാൽ ഇവിടെ ഇങ്ങനായിരുന്നു… അച്ഛനും അമ്മാവനും ചെക്കനും കൂടിയാണ് എന്നെ കാണാൻ വന്നത്. നല്ലൊരു ഞായറാഴ്ച. എന്റെ വീട്ടിൽ കുറെ കുട്ടിപ്പട്ടാളം ഉണ്ട്. ചെക്കൻ വരുന്നത് അവർ ജനാലയിൽക്കൂടി നോക്കിയിട്ട് എന്റരികിൽ ഓടിവന്നു പറഞ്ഞു. കൊള്ളാം സൂപ്പർ.. ഞാനും പതിയെ ജനലരികിൽ ചെന്നു നോക്കി. പക്ഷെ കാണാൻ കഴിഞ്ഞില്ല.
‘ ആ സാരമില്ല എന്തായാലും എന്നെ കാണനാണല്ലോ വന്നിരിക്കുന്നത്.’ മനസ്സെന്നോട് പറഞ്ഞു.
ചേച്ചി വന്നു പറഞ്ഞു “വേഗം സാരിയുടുക്ക്. അതാ നിനക്കു നന്നായി ചേരുന്നത് ”
ഞാൻ സാരിയുടുത്തു. നെഞ്ചിന്റെ ഇടിപ്പ് കൂടിയതുപോലെ. ഇതാദ്യമായിട്ടല്ല ഈ ചായ കൊടുപ്പ്, മിക്കവാറും ഞായറാഴ്ച നടത്തിട്ടുണ്ട്. ഒരു നല്ല സിനിമ ടി വി യിൽ വരും, അതു കാണണമെന്ന് വിചാരിക്കുമ്പോഴായിരിക്കും ഈ ഞായറാഴ്ച ഒരു ചെക്കൻ പെണ്ണ് കാണാൻ വരുമെന്ന് ബ്രോക്കർ അച്ഛനോട് പറയുന്നത്. അങ്ങനെ ഈ ഞായറാഴ്ചത്തെ പടവും പോയി.
“മോളേ ചായ കൊണ്ടുവാ ” വീടിന്റെ ഡെയിനിങ് ഹാളിൽ നിന്നും വളരെ സ്നേഹത്തിൽ അച്ഛന്റെ പതിവിൽക്കൂടുതൽ മധുരം ചേർത്ത ശബ്ദം.
നാത്തൂൻ ചേച്ചിമാരുടെയും അമ്മയുടെയും പിന്നെ ആരുടെയൊക്കെയോ അകമ്പടിയോടെ ഞാൻ ചായയുമായി അവരുടെ മുമ്പിലെത്തി. എല്ലാവർക്കും ചായ കൊടുത്തു. തെല്ലൊരു നാണത്തോടെ ഞാൻ ആൾക്കും ചായ കൊടുത്തു. പിന്നെ ഞങ്ങൾക്കു സംസാരിക്കാനുള്ള അവസരമായിരുന്നു. ആയിടക്ക് എനിക്കു പി എസ് സി യുടെ മെമ്മോ കിട്ടിയിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് സംസാരിച്ചു തുടങ്ങാൻ ഒരു വിഷയം കിട്ടി. പിന്നെ കുറച്ചു കാര്യങ്ങൾ പറഞ്ഞു പിരിഞ്ഞു. പോയിക്കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒരിത്..
രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും എനിക്കു ഹൈസ്കൂൾ ടീച്ചർ ആയി ജോലി കിട്ടി. അങ്ങനെ എന്റെ കല്യാണത്തിനും ജോലിക്കും എന്നേക്കുമായി ഒരു തീരുമാനമായി. ഞാനങ്ങനെ ജോലിക്കായി കോട്ടയത്തുനിന്നും മലപ്പുറത്തെത്തി. എന്നെ കെട്ടാമെന്നു പറഞ്ഞയാൾക്ക് ഇടുക്കിയിലാണ് ജോലി. പക്ഷെ, പതിയെ അദ്ദേഹം മലപ്പുറത്തേക്ക് സ്ഥലമാറ്റം വാങ്ങി.
ഞങ്ങളുടെ കല്യാണം നടക്കാൻ രണ്ടുമൂന്നു മാസങ്ങളോളമുണ്ട്. ഞാൻ ഹോസ്റ്റലിൽ ആണ് താമസം. ഇന്നത്തെ പോലെ കാണാൻ മൊബൈലില്ല, കാണാൻ ഫോട്ടോ പരസ്പരം കൈമാറിയിട്ടില്ല, ആകെ അന്ന് കണ്ട ഓർമ്മകൾ മാത്രമേയുള്ളൂ.
ഹോസ്റ്റൽ വാർഡൻ ഐഷതാത്ത പറഞ്ഞു ” ഒരു ഫോൺ ഉണ്ട്, വെയിറ്റ് ചെയ്താളി ”
അങ്ങനെ ആൾടെ ആദ്യത്തെ കാൾ വന്നു. നല്ല ഗാംഭീര്യമുള്ള സ്വരം. എനിക്കു ഒത്തിരി ഇഷ്ടായി. ആകെ ഒരു മൂന്നു മിനിട്ട് സംസാരിച്ചിട്ടുണ്ടാവും. പിന്നെന്താ പറയേണ്ടതെന്നറിയാത്തപോലെ… ഫോൺ നിശ്‌ചലം. പിന്നുള്ള നിമിഷങ്ങൾ മുതൽ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. ഭാവനയിലൂടെയുള്ളകാഴ്ചകൾ.. അതി മനോഹരം..
അങ്ങനെയിരിക്കെ ഒരു ദിവസം ആൾ എന്റെ ഹോസ്റ്റലിലേക്ക് ഒരു വരവായിരുന്നു. മുൻകൂട്ടി അറിയിച്ചതുകൊണ്ട് ആ ഒരു കാത്തിരുപ്പുണ്ടല്ലോ… അതു വല്ലാത്തൊരനുഭവം ആയിരുന്നു. ഞാൻ മാത്രമല്ല കാത്തിരുന്നത്.. ഹോസ്റ്റലിലെ കുറെ കണ്ണുകൾ ആളെ കാണാൻ കാത്തിരിക്കയായിരുന്നു. സായാഹ്ന സൂര്യൻ ചക്രവാളത്തിന് താഴേക്കു മടിച്ചു മടിച്ചു നീങ്ങുന്ന നേരം. ആളെത്തി, വരുമ്പോൾ സ്വീകരിക്കാനായി കൂട്ടുകാർ ചേർന്ന് തൊടിയിലെ പൂക്കൾ കൊണ്ടൊരു ബൊക്കയുണ്ടാക്കിയിരുന്നു. സുജ ടീച്ചർ ബൊക്ക നൽകി സ്വീകരിച്ചു. ഷീന യുടെ വക ഹോർലിക്സ്, മേരി ടീച്ചറിന്റെ അച്ചപ്പം കുഴലപ്പം തുടങ്ങി കുഴപ്പമില്ലാത്ത രീതിയിലുള്ള പലഹാരങ്ങൾ നൽകി ആളെ സ്വാഗതം ചെയ്തു. ഇതൊക്കെ ഇന്നോർക്കുമ്പോൾ ജീവിതം അതിമനോഹരമായി തോന്നുന്നു.
പക്ഷെ, രണ്ടു പേരുടെയും കൈയ്യിൽ ഫോണൊന്നുമില്ല. അന്ന് ലാൻഡ് ഫോണിന്റെയും എസ് ടി ഡി ബൂത്തുകളിൽ ഒരു രൂപ കോയിൻ ഇട്ടു വിളിക്കുന്ന കാലം. നാട്ടിലേക്ക് ഒന്നിച്ചുപോകാൻ ഒരവസരം വന്നു. വേറൊന്നിനുമല്ല ഞങ്ങളുടെ വിരുന്നാണ്. രണ്ടാളും കോട്ടയത്തുകാർ. എന്തായാലും രണ്ടുപേർക്കും നാട്ടിലേക്ക് പോയെ മതിയാവൂ. അപ്പോൾ ഒന്നിച്ചു പോകുന്നതല്ലേ അഭികാമ്യമെന്നോർത്തുപോയി.. പക്ഷെ, എന്റെ വീട്ടിൽ ഇക്കാര്യം അവതരിപ്പിക്കാൻ ഇത്തിരി പാടു പെടേണ്ടിവന്നു. കാരണം അച്ഛൻ, മൂന്നാങ്ങളമാര് ഇവരുടെയൊക്കെ അനുവാദമില്ലാതെ പോകാൻ ഒരു നിവൃത്തിയുമില്ല. പതിയെ നാത്തൂൻ വഴി ഒരാങ്ങളയെ സെറ്റാക്കി. ആ വഴി മറ്റുചേട്ടമ്മാരും അച്ഛനും ഒരു വിധത്തിൽ സമ്മതം മൂളി.
ആ ദിവസമെത്തി. ക്ലാസ്സിൽ നിന്നിട്ട് പഠിപ്പിക്കാൻ പറ്റണില്ല. എങ്ങനെയെങ്കിലും സ്കൂളൊന്നുവിട്ടാൽ മതിയെന്നായിയുള്ളം. എത്ര ദിവസമായി മനസിൽ ഈ യാത്ര തുടങ്ങീട്ട്. ആളിതു വല്ലതും അറിയുന്നോ. സ്കൂൾ വിട്ടതും ബസ് കാത്തു നിൽക്കാൻ മിനക്കെടാതെ ഒരു ഓട്ടോ വിളിച്ചു . കൈയ്യിൽ ഫോണില്ല. ആളെത്തിയോ ആവോ.. നോക്കി നിന്ന് പോയിട്ടുണ്ടാവുമോ.. ഞാൻ തനിച്ചാകുമോ.. പല പല ചോദ്യങ്ങളാണ് ഓട്ടോയിലിരുന്നപ്പോൾ എന്നെ അലട്ടി ക്കൊണ്ടിരുന്നത്. തിരൂർ ബസ്റ്റാന്റിലെത്തിയതും നോക്കിയപ്പോൾ എന്നെ കാത്തുനിൽപ്പുണ്ട് എന്റെ വരൻ ചേട്ടൻ. ഞാൻ ലജ്ജയും സന്തോഷവും കലർത്തി പുഞ്ചിരിച്ചു.
ചെറുചിരിയോടെ ആൾ പറഞ്ഞു “വാ നമ്മുക്കൊരു ചായ കുടിച്ചിട്ട് പോകാം”
അദ്ദേഹത്തിന്റെ ശബ്ദം സൗമ്യവും ശാന്തവും ആയിരുന്നു. അഭിമുഖമായിട്ടാണ് ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നത്. വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നയതിനിടയിൽ കണ്ണുകൾ ഉടക്കിനിന്നു. ആൾടെ ചുണ്ടുകൾ ചൂടുള്ള ഗ്ലാസിൽ സ്പർശിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു. ചുറ്റുമുള്ളതെല്ലാം ശാന്തവും നിശബ്‍ദവുമാണെന്ന് എനിക്കു തോന്നി. ഞങ്ങളുടെ പ്രണയത്തിന്റെ യാത്ര അവിടെ ആരംഭിക്കയായിരുന്നു. സന്തോഷവും സ്നേഹവും നിറഞ്ഞ യാത്ര. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സ്വന്തമെന്ന ബോധ്യത്തോടെ യാത്ര തുടങ്ങി.
ഞങ്ങൾ ബസിൽ കയറി. ആദ്യം രണ്ടു സീറ്റുകളിലാണിരുന്നത്. എനിക്കു പറയണമെന്നുണ്ടായിരുന്നു എന്റടുത്തു വന്നിരിക്കാൻ. ഇനി ഞാനെങ്ങനെയാ ആദ്യം പറയുന്നത് എന്നു വിചാരിച്ചു മോഹം ഉള്ളിലൊതുക്കി. കുറച്ചു സമയം അങ്ങനെ യാത്ര തുടർന്നു. മെല്ലെ മെല്ലെ ഇരുൾ വീണു തുടങ്ങി. ആകാശ വിസ്തൃതിയിൽ രാത്രിയിലെ ചിതറി തെറിച്ച താരങ്ങൾ വജ്രങ്ങൾപോലെ കൂടുതൽ തിളങ്ങുന്നത് പായുന്ന ബസിന്റെ ജാലകത്തിലൂടെ ഞാൻ കണ്ടു. ഞങ്ങളുടെ പ്രണയവും ആ വജ്ര താരകം പോലെ കൂടുതൽ പ്രകാശിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ മാന്യമായ പെരുമാറ്റം, സ്നേഹം, കരുതൽ എല്ലാം എന്നെ കൂടുതൽ അദ്ദേഹത്തിലേക്കടുപ്പിച്ചു. കല്യാണത്തിന് മുമ്പ് എല്ലാവരുടെയും അറിവോടെ ഞങ്ങൾക്ക് പ്രണയിക്കാൻ, സ്നേഹിക്കാൻ തുടങ്ങി. കാരണം രണ്ടുമൂന്നു മാസം ഇടവേള കിട്ടിയല്ലോ..
പക്ഷെ, ഒരു സങ്കടം.. ഇന്നത്തെ പോലെ സേവ് ദി ഡേറ്റ് പറ്റീല്ല, മൈലാഞ്ചി കല്യാണോം പറ്റില്ല. ആകെയുള്ളത് പഴകി തുടങ്ങിയ, മങ്ങിപ്പോയ ആൽബവും ഒരു കല്യാണ കേസെറ്റും(വീഡിയോ). എന്തായാലും ഞങ്ങൾ ഹാപ്പിയാരുന്നു. കല്യാണം കഴിഞ്ഞു വരുമ്പോൾ താമസിക്കാൻ പെട്ടെന്ന് വീടൊന്നും കിട്ടില്ല എന്നറിയാവുന്നതുകൊണ്ട് നേരത്തെ തന്നെ ക്വാർട്ട്ടേഴ്‌സ് റെഡിയാക്കി, ആ താക്കോലുമായാണ് ഞങ്ങൾ ഞങ്ങളുടെ താലികെട്ടിനു പോയത്.
ആ ആൾ ഇന്നെന്റെ ജീവംശമായി.. ആത്മാവിനുള്ളിൽ കുളിർമഴയായി പെയ്തിടുന്നു അന്നത്തെപ്പോലിന്നും..❤️
-ജെമിനി കെ രാജ്-


5 Comments
മനോഹരം😍
❤👌
മനോഹരം. ഹൃദ്യമായ ഓർമ്മകൾ
ഹൃദ്യമായ എഴുത്ത്❤️🌹
Well written dear Gemini. ❤️
ഒത്തിരി ഒത്തിരി സ്നേഹം ❤️