ആരോ ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട് ലക്ഷ്മി ജനലിലൂടെ എത്തിനോക്കി. മാമൻ്റെ മകൻ വിഷ്ണുവും ഭാര്യ നീതുവുമാണ്.
അവൾ വേഗം ചെന്ന് കതകു തുറന്നു.
അകത്തു വന്ന് ഇരുന്നിട്ട് വിഷ്ണു ഹരിയ്ക്ക് ഒരു കാർഡു നീട്ടി.
“ഞങ്ങൾ കല്യാണം പറയാൻ വന്നതാണ്. അടുത്ത മാസം 31 ന്. രണ്ടു പേരും വരണം.
ലക്ഷ്മി ഹരിയുടെ കൈയിൽ നിന്നു കാർഡു വാങ്ങി
”ആഹാ നല്ല കാര്യം. പയ്യൻ്റെ വീടെവിടെയാ? ജോലി?”
ലക്ഷ്മിയുടെ ചോദ്യം കേട്ട് അവർ അന്യോന്യം നോക്കി.
”മോൻ്റെ കല്യാണമാണു ചേച്ചീ. മോൾ റിസർച്ച് കഴിയാതെ ഒന്നും വേണ്ടെന്ന കടും പിടിത്തത്തിലാണ്.
“അതൊന്നും സമ്മതിച്ചു കൊടുക്കരുത്. പെൺകുട്ടികൾക്ക് കല്യാണമാണ് പ്രധാനം ” ഹരി തൻ്റെ നിലപാടു വ്യക്തമാക്കി.
പക്ഷേ ഹരിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ടാണ് ലക്ഷ്മി മറുപടി പറഞ്ഞത്.
“അങ്ങനെ തന്നെ മതി വിഷ്ണൂ. അവൾ തൻ്റെ സ്വപ്നങ്ങളുടെ പുറകെ പോകട്ടെ. നല്ലൊരു ജോലി കൂടി കിട്ടി സ്വയം തോന്നുമ്പോൾ പറയും. അപ്പോൾ നോക്കാം. കല്യാണത്തിനു മാത്രം പ്രധാന്യം കൊടുത്തിരുന്നതെല്ലാം പണ്ട്. ഇന്നത്തെ പെൺകുട്ടികൾക്ക് സ്വന്തം ലക്ഷ്യങ്ങളുണ്ട്. നമ്മളവയെ പിന്തുണയ്ക്കുകയാണു വേണ്ടത്. ”
അടുത്തിരുന്നൊരാൾ കണ്ണുരുട്ടുന്നതു ശ്രദ്ധിക്കാതെ ലക്ഷ്മി അവരെ ആശ്വസിപ്പിച്ചു.
”അതേ ചേച്ചി. എന്തായാലും അനിയൻ്റെ കല്യാണത്തിനു വരാമെന്നു സമ്മതിച്ചിട്ടുണ്ട്. നാലു വർഷമായി നാട്ടിൽ വന്നിട്ട്. ഞങ്ങൾ അങ്ങോട്ടു പോയി കാണുകയാണു ചെയ്യുന്നത്. “
അവർ യാത്ര പറഞ്ഞിറങ്ങി.
”ലക്ഷ്മീ ഞാൻ റോഡിലേക്കൊന്നിറങ്ങിയിട്ടു വരാം.”
ഹരിയും സ്ഥലം വിട്ടു.
ലക്ഷ്മി കസേരയിൽ വന്നിരുന്ന് ഫോണെടുത്തു. കല്യാണത്തേക്കുറിച്ചാണല്ലോ ഇത്തവണ ബ്ളോഗെഴുതേണ്ടതെന്ന് അപ്പോഴാണവളോർത്തത്.
എന്തെഴുതും?
ഒരു ബ്ലാക്ക് ആൻ്റ് വൈറ്റ് സിനിമയിലെപ്പോലെ ഒരു പാടു ചിത്രങ്ങൾ മനസ്സിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. ഒരിയ്ക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുടെ ആ നിലയ്ക്കാത്ത പ്രവാഹം അവളെ വളരെ വർഷങ്ങൾ പുറകിലേക്കു കൂട്ടിക്കൊണ്ടുപോയി.
കല്യാണം കഴിച്ചാലും കഴിയാം കഴിച്ചില്ലെങ്കിലും കഴിയാം എന്ന ആപ്ത വാക്യം ഇന്നത്തെ തലമുറയ്ക്കു നന്നായി ചേരുന്നതാണ്. പക്ഷേ പണ്ട് അങ്ങനെയായിരുന്നില്ലല്ലോ. കല്യാണം കഴിച്ചേ പറ്റൂ.
ഒരു പാടു സാധ്യതകളുള്ള സൂപ്പർ കണ്ടക്റ്റേഴ്സ് എന്ന വിഷയത്തിൽ റിസർച്ചു ചെയ്യാനൊരുങ്ങിയിരുന്ന തൻ്റെ എല്ലാ സ്വപ്നങ്ങളേയും തൃണവൽഗണിച്ചു കൊണ്ട് വീട്ടിൽ കല്യാണാലോചനകൾ തുടങ്ങിയ കാര്യം അവളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.
ലാബു വരെ സെറ്റു ചെയ്തിട്ടുണ്ട്, ചെന്നു ജോയിൻ ചെയ്താൽ മതി തുടങ്ങിയ ന്യായങ്ങളൊന്നും ഒരിടത്തും വിലപ്പോയില്ല. അച്ഛൻ തൻ്റെ ഭാഗത്തേക്കു ചെറുതായൊന്നു ചാഞ്ഞെങ്കിലും മറുഭാഗത്തേക്കുള്ള അമ്മയുടെ ശക്തമായ വലിയിൽ ആ പ്രതീക്ഷ പാടേ മങ്ങിപ്പോയി.
ഇന്നത്തെ കുട്ടികളേപ്പോലെ സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി വാശിപിടിക്കാനൊന്നുമുള്ള ധൈര്യം അന്നുണ്ടായതുമില്ല.
ജാതകത്തിൽ ചൊവ്വയും വെള്ളിയും ശനിയുമൊക്കെ വേണ്ടാത്തിടത്തു കയറിക്കൂടിയിരുന്നതു കൊണ്ട് കുറച്ചു കാലം കൂടി രക്ഷയായി.
അങ്ങനെയാണ് ഒരു താൽക്കാലിക ജോലിയ്ക്കായി കണ്ണൂരിലേക്കു പോയത്. ഇതിനിടയിൽ അണ്ണൻ്റെ കല്യാണം കഴിയുകയും ചെയ്തു.
‘അയ്യോ മോളുടെ കല്യാണമൊന്നുമായില്ലേ?’ എന്ന അഭ്യുദയകാംക്ഷികളുടെ കരച്ചിൽ വീട്ടുകാരുടെ ചെവിയിൽ സദാ മുഴങ്ങിക്കൊണ്ടേയിരുന്നു. ഒരു മാർച്ചു മാസത്തിൽ വീട്ടിലെത്തിയപ്പോഴാണ് ഒരാൾ കാണാൻ വരുന്നുണ്ടെന്ന് ചേച്ചി പറഞ്ഞത്. ആൾ ചിറ്റപ്പൻ്റെ
( കുഞ്ഞമ്മയുടെ ഭർത്താവ്) കസിനാണ്. പക്ഷേ തൻ്റെ വീട്ടുകാർക്കാർക്കൊന്നും ആളെ അറിയില്ല.
അടുത്ത ഞായറാഴ്ച കഥാനായകനും മൂന്നു സുഹൃത്തുക്കളും വീട്ടിലെത്തി. തന്നോട്
’എം.എസ്സിയ്ക്ക് എവിടെയാ പഠിച്ചത്?’ എന്ന ഒറ്റച്ചോദ്യം മാത്രം. രണ്ടു ദിവസം കഴിഞ്ഞ് താൻ തിരികെപ്പോവുകയും ചെയ്തു. അതിനേക്കുറിച്ച് ഒരു വിവരവും അറിഞ്ഞതുമില്ല,പിന്നെ കുറച്ചു കാലം ഒരനക്കവുമുണ്ടായതുമില്ല.
കുഞ്ഞമ്മയുടെ മോളുടെ കല്യാണ നിശ്ചയത്തിന് പോയപ്പോഴാണ് അടുത്ത ട്വിസ്റ്റ്. ചിറ്റപ്പൻ്റെ അനിയനും സഹോദരിമാരുമെല്ലാം തന്നെ കണ്ടപ്പോഴേ ഉപദേശിക്കാൻ തുടങ്ങി “മോളേ നന്നായി ആഹാരം കഴിയ്ക്കണം ഓട്സ്, പാൽ, മുട്ട എല്ലാം കഴിയ്ക്കണം ഇറച്ചിയൊക്കെ കഴിച്ചു പഠിക്കണ്ടേ ? കുറച്ചു കൂടി വണ്ണം വെയ്ക്കണം” അങ്ങനെയങ്ങനെ.
ഒന്നും മനസ്സിലാവാതെ അന്തംവിട്ടു നിന്നതേയുള്ളു. പരിചയമില്ലാത്ത ആരൊക്കെയോ തന്നെ സസൂക്ഷ്മം വീക്ഷിക്കുന്നതും കണ്ടു.
പെണ്ണിനു തീരെ വണ്ണമില്ല എന്ന ആരോപണം പയ്യൻ ഉന്നയിച്ചെന്ന വസ്തുത അന്നാണറിഞ്ഞത്.
പോനാൽ പോകട്ടും പോടാ എന്നു മനസ്സിൽ പറഞ്ഞ് വീണ്ടും കണ്ണൂരിലേക്കു ട്രെയിൻ കയറി.
ഓണാവധിക്കു നാട്ടിലെത്തിയപ്പോഴാണ് പഴയ കല്യാണാലോചന വീണ്ടും ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന വസ്തുത മനസ്സിലായത്.
’എന്നെ വേണ്ടെന്നു പറഞ്ഞ ആളെ എനിക്കും വേണ്ട’ എന്ന മുടന്തൻന്യായത്തിൽ ഉറച്ചു നിന്നെങ്കിലും അതു തീരെ ദുർബലമായിപ്പോയി. തൻ്റെ എതിർപ്പുകളെ കാറ്റിൽ പറത്തി കല്യാണനിശ്ചയത്തിനുള്ള ദിവസം തീരുമാനിക്കുകയും ചെയ്തു.
”ഇന്നാർക്ക് ഇന്നാരെന്ന് എഴുതിവെച്ചല്ലോ ദൈവം കല്ലിൽ “
എന്നു മൂളിപ്പാട്ടുംപാടി നടക്കുകയല്ലാതെ എന്താ ചെയ്യുക ?
കൊല്ലത്തുപോയി വന്നപ്പോൾ ചേച്ചി ഒരു ഫോട്ടോ കൊണ്ടു വന്നു തന്നു. ഒന്നിനും വാശി കാണിക്കാത്ത തനിക്കു വാശിയായി. ‘എനിക്കു ഫോട്ടോ കാണണ്ട നേരിൽക്കണ്ടാൽ മതി, എന്നെ വേണ്ടെന്നു പറഞ്ഞ ആളല്ലേ’ എന്നു പറഞ്ഞ് ഫോട്ടോ ഒന്നു നോക്കുക പോലും ചെയ്യാതെ മേശയിലേക്കിട്ടു. അല്ല പിന്നെ.
അന്നത്തെക്കാലത്ത് മോതിരം മാറലും ഒന്നുമില്ല. നിശ്ചയത്തിനു പയ്യൻ വരിക പോലുമില്ല. പക്ഷേ നിശ്ചയ ദിവസം ദാ കല്യാണച്ചെറുക്കനും എത്തിയിരിക്കുന്നു.
‘ ഒന്നര വർഷം മുമ്പു കണ്ടിട്ടു പോയതല്ലേ. പെണ്ണ് അതു തന്നെയാണെന്ന് തീർച്ചപ്പെടുത്താൻ വന്നതാവുമെന്നാണ് തോന്നുന്നത് ” എന്നു താൻ ചേച്ചിയോടു സ്വകാര്യം പറഞ്ഞതോർത്തപ്പോൾ അവളുടെ ചുണ്ടിൽ ചിരിയൂറി .
തലേന്നു രാത്രി ഏതോ സ്വർണ്ണക്കട തുറപ്പിച്ച് ഒരു മോതിരവുമായാണു വരവ്. താൻ കൈ താഴ്ത്തിയാൽ മോതിരം വിരലിൽ നിന്ന് ഊരിപ്പോകും. അളവൊന്നുമില്ലായിരുന്നല്ലോ. എപ്പോഴും കൈയങ്ങനെ ഉയർത്തിപ്പിടിക്കുന്നത് ബുദ്ധിമുട്ടായതു കൊണ്ട് ഒരു തട മോതിരമുണ്ടാക്കിയിട്ടാണ് പിന്നീട് പ്രശ്നം പരിഹരിച്ചത്.
ജാതകം കൈമാറലും മോതിരമിടലും കഴിഞ്ഞ് രണ്ടു പേരേയും നിർത്തി ഫോട്ടോയെടുക്കുന്നതു കണ്ടപ്പോൾ കാരണവന്മാർ പലരും വിമർശന ശരങ്ങൾ തൊടുത്തു വിട്ടു.
കല്യാണത്തിനു മുമ്പ് അങ്ങനെയൊന്നും പാടില്ലത്രേ.
ഒന്നര മാസം കഴിഞ്ഞ് കല്യാണം നടക്കുന്നതു വരെ ഫോൺ വിളിക്കുകയോ കത്തെഴുതുകയോ ഒന്നുമുണ്ടായില്ലെന്നു പറഞ്ഞാൽ ഇന്നത്തെ പിള്ളേർ മൂക്കത്തു വിരൽ വെയ്ക്കും. പക്ഷേ അതാണു സത്യം.
സ്വപ്നങ്ങൾ കാണലും മനക്കോട്ടകൾ കെട്ടലും അന്നുമില്ല ഇന്നുമില്ല. അതെങ്ങാനും തകർന്നു പോയാലോ എന്ന ചിന്ത കൊണ്ടാണു കേട്ടോ. നല്ലൊരാളായിരിക്കണേ എന്നു മാത്രമായിരുന്നു പ്രാർത്ഥന.
കല്യാണ സാരി അഥവാ മന്ത്രകോടി ചെറുക്കനാണല്ലോ കൊണ്ടുവരുന്നത്. ഇന്നത്തെപ്പോലെ രണ്ടു പേരും സകല കുടുംബക്കാരുമായി പോയൊരു പർച്ചേസൊന്നും അന്നില്ലാഞ്ഞതു ഭാഗ്യം. ഇഷ്ടനിറം പറഞ്ഞു വിട്ടെന്നു മാത്രം.
അണ്ണനും ചേച്ചിയും എറണാകുളത്തായിരുന്നു. അവിടെപ്പോയി കുറച്ചു സാരികളും സ്വർണ്ണവുമെല്ലാം വാങ്ങി.
കുടുംബത്തിലെ ആദ്യത്തെ കല്യാണം ബന്ധുക്കളും നാട്ടുകാരുമെല്ലാം കാത്തു കാത്തിരുന്ന നിമിഷമായിരുന്നു.
അന്നത്തെ കല്യാണങ്ങളൊക്കെ വീട്ടു മുറ്റത്തോ അമ്പലങ്ങളിലോ വെച്ചാണു നടത്തുക. തങ്ങളുടെ വീട്ടുമുറ്റത്തും വലിയൊരു പന്തലുയർന്നു. ആറ്റുനോറ്റു നട്ടു നനച്ചു വളർത്തിയ ചെടികളൊക്കെ പന്തൽ പണിക്കാർ പിഴുതു ദൂരെയെറിഞ്ഞു. വഴക്കിടാൻ പോയ കല്യാണപ്പെണ്ണിനു വഴക്കു കിട്ടിയതു മാത്രം മിച്ചം.
അയൽവക്കത്തെ പറമ്പിലെ വിളയാത്ത കപ്പ പിഴുതു മാറ്റി സദ്യയ്ക്കുള്ള പന്തലും ശരിയാക്കി. അന്ന് കല്യാണത്തലേന്ന് ഇന്നുള്ളതുപോലെ തിരക്കും റിസപ്ഷനും മൈലാഞ്ചിയിടലും മഞ്ഞൾ വെള്ളമൊഴിക്കലും പോലെയുള്ള ആർഭാടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും നാട്ടുകാരുമെല്ലാം വന്ന് സദ്യയൊരുക്കാൻ മേൽ നോട്ടം വഹിക്കുകയും അത്യാവശ്യം സഹായിക്കുകയും ചെയ്തു. വൈകിട്ടത്തെ മഴയോടെ തുലാവർഷത്തിൻ്റെ തുടക്കവുമായി.
അങ്ങനെ കല്യാണ ദിവസം നേരം പുലർന്നു. ബ്യൂട്ടി പാർലർ വീട്ടിൽത്തന്നെയെന്നു പറയാം. ചേച്ചിയാണ് ഒരുക്കിയത്. എന്നത്തെയും പോലെ അല്പം പൗഡറും കൺമഷിയും പൊട്ടും ചന്ദനക്കുറിയും. തലമുടി പിന്നിയിട്ട് നിറയെ മുല്ലപ്പൂ വെച്ചതാണ് ഒരേയൊരാർഭാടം .
ഇന്നോർക്കുമ്പോൾ എല്ലാം ഒരു പുക പോലെ. മണിപ്പന്തലിൽ ചെന്നിരുന്നതു മാത്രമേ ഓർമ്മയുള്ളു. നാദസ്വരത്തിൻ്റെയും കുരവയുടെയുമെല്ലാം അകമ്പടിയോടെ അഗ്നിസാക്ഷിയായി താലി കെട്ടിയപ്പോൾ മനസ്സൊരു നിമിഷം വിങ്ങിയോ?ഓർമ്മിക്കുന്നില്ല. പക്ഷേ അച്ഛൻ കൈപിടിച്ചു നൽകി കന്യാദാനം നടത്തിയപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. ജീവിതത്തിൻ്റെ മറ്റൊരു ഭാഗം ഇതാ തുടങ്ങുകയായി.
വന്നവരേയും പോയവരേയുമെല്ലാം പിന്നീട് ആൽബത്തിലൂടെയും വീഡിയോയിലൂടെയുമാണ് ശരിക്കും കണ്ടത്.
അങ്ങനെ നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമെല്ലാം ആഘോഷമാക്കിയ കല്യാണ മാമാങ്കത്തിനു കൊടിയിറങ്ങിയപ്പോൾ മൂന്നു മണി കഴിഞ്ഞു. എല്ലാവരുടേയും അനുഗ്രഹം വാങ്ങി വീട്ടിൽ നിന്നു യാത്ര പറഞ്ഞിറങ്ങി കാറിൽ കയറിയപ്പോഴേക്ക് ഇടിയും മഴയും തുടങ്ങിയിരുന്നു.
ജനിച്ചു വളർന്ന വീടിനേയും വീട്ടുകാരേയും കളിച്ചു നടന്ന വഴിത്താരകളേയും പിന്നിട്ട് ആ കാർ മുന്നോട്ടു കുതിച്ചു പാഞ്ഞപ്പോൾ തൻ്റെ മനസ്സിൽ പെയ്ത നൊമ്പരപ്പെരുമഴയോളം ശക്തി പുറത്തെ മഴയ്ക്കുണ്ടായിരുന്നില്ലെന്നു തോന്നി.
വേരുറച്ച ഒരു ചെടി പിഴുതെടുത്ത് മറ്റൊരിടത്തു നടുന്നതുപോലെ തൻ്റെ ജീവിതവും ഇനി പുതിയൊരു സ്ഥലത്ത്, പുതിയൊരു വീട്ടിൽ, പുതിയ ആളുകളോടൊപ്പം. അവിടുത്തെ രീതികളൊക്കെ എങ്ങനെയാവും? അവയോടൊക്കെ ചേർന്നു പോകാൻ പറ്റുമോ… വേവലാതികൾ മനസ്സിലങ്ങനെ തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു.
”ഞാറാണെങ്കിൽ പറിച്ചു നട്ടീടണം
ഞാറ്റു വേലക്കാലമെത്തുമ്പോൾ
പെറ്റുവളർന്ന കുടി വിട്ടു പെണ്ണിന്
മറ്റൊരിടത്തു കുടിവെയ്പ്”
കവി പാടിക്കൊണ്ടേയിരിക്കുന്നു.
”ആററുനോറ്റാരോ വളർത്തുന്നു
കതിരാരോ കൊയ്തു മെതിക്കുന്നു…”
വർഷങ്ങളെത്രയോ കഴിഞ്ഞിരിക്കുന്നു. സുഖദുഃഖസമ്മിശ്രമായ ജീവിത വഴികൾ ഏറെ പിന്നിട്ടു കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞു പോയ മുപ്പത്തിഅഞ്ചു വർഷങ്ങൾ എന്തെല്ലാം മാറ്റങ്ങളാണ് തന്നിലുണ്ടാക്കിയിരിക്കുന്നത്.
നായർക്ക് ഇഞ്ചി പക്ഷവും അച്ചിയ്ക്കു കൊഞ്ചു പക്ഷവുമെന്ന പോലെയായിട്ടും സ്വഭാവ വിശേഷങ്ങളിലും അഭിരുചികളിലും തികച്ചും വ്യത്യസ്തരായ തങ്ങൾക്ക് ഒത്തൊരുമയോടെ ജീവിക്കാൻ ഇന്നും കഴിയുന്നതിന് ദൈവത്തോടു നന്ദി പറയുകയല്ലാതെ വെറെയെന്താണു ചെയ്യേണ്ടത്?
‘ചട്ടിയും കലവുമായാൽ തട്ടിയും മുട്ടിയുമിരിക്കും’ എന്നു മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. തട്ടാതെയും മുട്ടാതെയും ഒഴിഞ്ഞു നടന്നാൽ ജീവിതം സന്തോഷമയമാകുമെന്ന് കാലമാണു പഠിപ്പിച്ചു തന്നത്.
കോളിംഗ് ബല്ലിൻ്റെ ശബ്ദമാണ് ലക്ഷ്മിയെ ഓർമ്മകളിൽ നിന്നുണർത്തിയത്.
കതകു തുറന്നപ്പോൾ ഹരി അവളുടെ മുഖത്തേക്കു നോക്കി.
” നീ ഉറങ്ങുകയായിരുന്നോ? ”
”അല്ല ഞാനൊരു കാര്യം ആലോചിക്കുകയായിരുന്നു. “
അയാൾ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
”അന്നെന്നെ വേണ്ടെന്നു പറഞ്ഞതിൻ്റെ യഥാർത്ഥ കാരണം കല്യാണത്തിനു മുമ്പു ഞാനറിഞ്ഞിരുന്നെങ്കിൽ………”
”ഞാൻ പറഞ്ഞതാണോ കുഴപ്പം? അന്നു നിന്നെക്കണ്ടാൽ ശരിക്കും ഒരു ടി.ബി പേഷ്യൻ്റിനെപ്പോലെ തന്നെയാണിരുന്നത്. “
രണ്ടു പേരും പൊട്ടിച്ചിരിച്ചു.
അയാളവളെ ചേർത്തുപിടിച്ച് വീട്ടിനകത്തേക്കു കയറി.
”അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും ” എന്നായിരുന്നു അപ്പോൾ രണ്ടു പേരുടെയും മനസ്സിൽ.
#എൻ്റെ രചന
#കൂട്ടക്ഷരങ്ങൾ
.


16 Comments
ഞാൻ ഇതിപ്പഴാ വായിച്ചേ.. പഴയ കാലത്തെ കല്യാണം, അതിനൊരു പ്രതേക ഭംഗിയുണ്ടായിരുന്നു.
അസ്സലായിട്ട് എഴുതി
ഓർമ്മകൾക്കു പോലും എത്ര മധുരം …..അല്ലേ …..നന്നായി ആസ്വദിച്ചു❤️👍
നല്ലെഴുത്ത്
Thank u ❤️❤️
വളരെ മനോഹരമായിട്ടു എഴുതി ചേച്ചി 👌💗🥰
Thank u dear 😘
അടരുവാൻ വയ്യ…. അങ്ങനെയങ്ങനെ മതിയാവോളം 👌👌👌
അതേ സിൽവീ❤️❤️❤️
നന്നായെഴുതി 👌
Thank u Sreeja ❤️❤️
നല്ല രചന.👌 പഴയ കാലവും പുതിയ കാലവും കല്യാണത്തിലുള്ള പെൺകുട്ടിയുടെ തീരുമാനവും പഴയ കാലത്തെ ലളിതമായ ചടങ്ങുകളും കഥാപാത്രങ്ങളിലൂടെ നന്നായി പറഞ്ഞു വെച്ച കഥ. വിവാഹബന്ധം എങ്ങനെ വിട്ടുവീഴ്ചകളിലൂടെ ഉലയാതെ കൊണ്ടുപോകാം എന്നു പറയാനും മറന്നില്ല.
വളരെ നന്നായിയെഴുതി. 👏
❤
സ്നേഹം ജോയ്സ്❤️❤️
വളരെ മനോഹരമായിട്ടു എഴുതി ചേച്ചി 👌💗🥰
❤️❤️❤️
അണ്ണനും ഞാനും എല്ലാമുള്ള കഥയാണല്ലോ..എനിക്കിഷ്ടമാകാതിരിക്കില്ലല്ലോ. നല്ല flow . നല്ലെഴുത്ത്.👌👌👏👏❤️❤️
❤️❤️