ഇന്ന് വെള്ളിയാഴ്ച്ച.
തിങ്കളാഴ്ചയാണ് മഹേഷിന്റെയും അഹല്യയുടെയും വിവാഹം.
മുഹൂർത്തം 8.30ന്.
കല്യാണചെക്കൻ നാളെയേ എത്തൂ.
അച്ഛനും അമ്മയും ധൃതിപ്പെട്ട ഓട്ടത്തിലാണ്. മകന്റെ അഭാവത്തിൽ വിവാഹചടങ്ങുകളുടെ മുഴുവൻ ഉത്തരവാദിത്തവും അവർക്കാണല്ലോ.
നേരം പുലരാൻ കൊതിയോടെ കാത്തിരിക്കുന്നുണ്ട് അഹല്യ, തന്റെ മഹേഷിനെ ഒന്ന് കാണാൻ.
പെണ്ണിന്റെ വീട്ടിൽ അച്ഛനും അമ്മയും മാത്രമല്ല, വീട് മൊത്തം തിരക്കിലാണ്. കല്യാണവീടിന്റെ തിരക്ക്.
______________________
അച്ഛന്റെയും അമ്മയുടെയും രണ്ടാണ്മക്കളിൽ മൂത്തവനായ മഹേഷ്, പഠനം കഴിഞ്ഞു നാലഞ്ചു വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. അച്ഛൻ റിട്ടയേഡ് അധ്യാപകനും അമ്മ വീട്ടമ്മയും അനിയൻ കോളേജ് വിദ്യാർത്ഥിയും. സന്തോഷത്തോടെ ജീവിച്ചു പോവുന്ന കുടുംബം.
മൂന്നു മാസങ്ങൾക്ക് മുൻപാണ് മഹേഷിന് അഹല്യയെ പെണ്ണ് കണ്ട് വിവാഹമുറപ്പിക്കുന്നത്. അതിനു ശേഷം ഇരുകുടുംബങ്ങൾക്കിടയിൽ ഉടലെടുത്ത മനഃപൊരുത്തം ജാതകപ്പൊരുത്തത്തേക്കാൾ വലുതായിരുന്നു.
ഒരു ദിവസം ജോലി കഴിഞ്ഞു വന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു മഹേഷ്. അയല്പക്കവീടുകളിലെ അവന്റെ സമപ്രായക്കാരും പ്രായത്തിൽ മൂത്തവരുമടക്കം ഒരഞ്ചുപത്തു പേർ മഹേഷിനെ കാണാൻ വന്നു. പലപ്പോഴായി അവർ ചർച്ച ചെയ്തത് തന്നെയായിരുന്നു അന്നത്തേയും വിഷയം.
വീതികുറഞ്ഞ ഒരു റോഡിന്റെ ഇടതു വശത്താണ് മഹേഷിന്റെ വീട്. അവിടെ റോഡിനോട് ചേർന്ന് മറ്റു വീടുകളിൽ താമസിക്കുന്നവരായിരുന്നു അന്ന് മഹേഷിനെ കാണാനും ചിലത് തീരുമാനിക്കാനുമായി എത്തിയത്.
ആ റോഡിന്റെ മറുവശത്തു നീണ്ടു നിവർന്നു കിടക്കുന്ന വലിയൊരു പാടശേഖരം ഉണ്ട്. രാജശേഖരൻ മുതലാളി എന്നൊരു നാട്ടുപ്രമാണി ആ സ്ഥലം മുഴുവൻ വിലക്ക് വാങ്ങി ചരൽമണ്ണിട്ട് നികത്താൻ തുടങ്ങിയിട്ട് കുറച്ചായി.
വലിയ ടിപ്പർ ഇവരുടെ വീടുകൾക്ക് മുന്നിലുള്ള റോഡിലൂടെ വീടുകളെ കിടുക്കി ഫുൾലോഡുമായി നിരന്തരം ഓടിക്കൊണ്ടിരിക്കുകയാണ്. പലയാവർത്തി പരാതിപ്പെട്ടിട്ടും ഒരു ഫലവുമില്ല. ചിലരുടെ മതിലുകളിൽ നിന്നും കട്ടകൾ പൊഴിഞ്ഞു വീഴാൻ തുടങ്ങിയിരിക്കുന്നു.
ഇനിയും നിശബ്ദരാവാതെ ലോറി വഴിയിൽ തടഞ്ഞിടുന്നതു പോലെയുള്ള സമരമുറകൾ ആരംഭിക്കുന്നതിനുള്ള ചർച്ചക്ക് അന്ന് അവർ ഒത്തുകൂടുകയും പിറ്റേന്ന് അതിരാവിലെ തന്നെ അത് നടപ്പാക്കുകയും ചെയ്തു.
റോഡിൽ മഹേഷ് ഉൾപ്പെടെ ഒരു കൂട്ടം ചെറുപ്പക്കാർ രണ്ടു മൂന്നു ലോറികൾ തടഞ്ഞിട്ടു.
ഉച്ചയോടെ മുതലാളി സ്ഥലത്തെത്തി. സമരക്കാരെ സന്ധിസംഭാഷണത്തിനു വിളിച്ചു.
ചെറിയ ഒരു തുക നഷ്ടപരിഹാരം നൽകാമെന്നും ലോറികൾ കടത്തിവിടാൻ അനുവദിക്കണമെന്നും മുതലാളി ആവശ്യപ്പെട്ടപ്പോൾ പ്രദേശവാസികൾ അത് ഒട്ടും അംഗീകരിച്ചില്ല. പകരം ഇപ്പോഴുള്ള റോഡിനു സാമാന്തരമായി പാടത്തു കൂടെ ഒരു താൽക്കാലിക റോഡ് വെട്ടി അതിലൂടെ ലോറികൾ കടത്തിവിടാം എന്നതല്ലാതെ അതിനപ്പുറം ഒരു അനുരഞ്ജനത്തിനും ഞങ്ങൾ തയ്യാറല്ല എന്ന് ജനങ്ങൾ അയാളെ അറിയിച്ചു.
നാട്ടുകാരുടെ പ്രതിനിധിയായി സംസാരിച്ചത് മഹേഷ് ആയിരുന്നു. അങ്ങനെ മുതലാളിക്ക് മുൻപിൽ മഹേഷ് ഒരു നോട്ടപ്പുള്ളിയായി എന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിക്കാതെ അന്നത്തേക്ക് ചർച്ച അലസിപ്പിരിഞ്ഞു.
പിറ്റേന്ന് മുതലാളി മഹേഷിനെ ഒറ്റക്ക് വിളിച്ചു സംസാരിച്ചു. അതിൽ ഒത്തുതീർപ്പ് ആയില്ലെന്ന് മാത്രമല്ല, മഹേഷും മുതലാളിയും തമ്മിൽ വാക്കു തർക്കമായി. ഇതിനിടയിൽ മഹേഷിനെ കുറിച്ച് എല്ലാം അയാൾ അന്വേഷിച്ചു മനസ്സിലാക്കിയിരുന്നു.
ഒടുവിൽ വാശിയോടെ എണീറ്റു പോവുമ്പോൾ പറഞ്ഞു, “നിനക്കും നിന്റെ ആളുകൾക്കും ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തോ.. എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് ഞാനും നോക്കട്ടെ. എന്തായാലും ഒന്ന് നീ ഉറപ്പിച്ചോ.. അടുത്ത ആഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള നിന്റെ കല്യാണം നടക്കാതിരിക്കാൻ ഏതറ്റം വരെയും ഞാൻ പോവും.. അപ്പൊ നമുക്കിനി അടുത്ത തിങ്കളാഴ്ച കഴിഞ്ഞിട്ട് കാണാം”
“ആ കാണാം..” മഹേഷും വിട്ടു കൊടുത്തില്ല.
അയാൾ പക്ഷേ മൂർഖനായിരുന്നു.
അന്ന് വൈകുന്നേരം മഹേഷിന്റെ മുറ്റത്ത് ഒരു പോലീസ് വണ്ടി വന്നു നിന്നു. വാതിൽ തുറന്ന് പുറത്തു വന്ന മഹേഷിനെ അവർ ബലം പ്രയോഗിച്ചു ജീപ്പിൽ കയറ്റി.
ബഹളം കേട്ട് അമ്മ ഓടി വന്നു.. “എന്താ ഇത്? എന്റെ മോനെ നിങ്ങൾ എവടെ കൊണ്ടുപോകുന്നു?”
“മോൻ നിസാരക്കാരനല്ലല്ലോ.. ഗുണ്ടാ ആക്ട് പ്രകാരമുള്ള അറസ്റ്റ് ആണ്, കാപ്പ എന്ന് കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഇനി കേട്ടോളും. ഇത് മുകളിൽ നിന്നുള്ള ഓർഡറാ..” ഇതും പറഞ്ഞു ആ പോലീസുകാരൻ വണ്ടിയിൽ കയറിയിരുന്നു, വണ്ടി പാഞ്ഞു പോയി.
അച്ഛനും അമ്മയും അവിടെ തളർന്നിരുന്നു. പിറ്റേന്ന് രാവിലെ ഒരയൽക്കാരനെയും കൂട്ടി അവർ രണ്ടുപേരും പോലിസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറിയുന്നത്, മകനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരിക്കുന്നു എന്ന്.
വിഷാദത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന അച്ഛന് ധൈര്യമേകി അമ്മ നിന്നു.
കൂട്ടത്തിൽ മനസാക്ഷിയുള്ള ഒരു പോലീസുകാരൻ അവരോട് കേരള ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയെ പോയി കാണുവാനുള്ള നിർദേശങ്ങൾ കൊടുത്തു.
അങ്ങനെ മൂവരും അഡിഷണൽ ചീഫ് സെക്രട്ടറി ഓഫ് ഹോം ആൻഡ് വിജിലൻസ് പി.രാജ്മോഹൻ. ഐ എ എസ് ന്റെ ഓഫീസിൽ എത്തി.
അദ്ദേഹത്തെ കണ്ടു, മകനു വേണ്ടി അമ്മ കരഞ്ഞപേക്ഷിച്ചു. ഹിതകരമായ ഒരു മറുപടി കിട്ടാതെ അന്ന് അവർ മടങ്ങി.
ഇതിനിടയിൽ അഹല്യയുടെ മാതാപിതാക്കൾ വിവരമറിഞ്ഞിരുന്നു. അവർ സത്യാവസ്ഥ അറിയാൻ മഹേഷിന്റെ വീട്ടിൽ ഓടിപാഞ്ഞെത്തി.
കണ്ണീരോടെ ആ അച്ഛനുമമ്മയും അടുത്ത ദിവസം തന്നെ മകളുടെ കല്യാണക്കുറിയുമായി ഹോം സെക്രട്ടറിയുടെ ഓഫിസിൽ ചെന്നു. ഭാവി മരുമകന്റെ നിരപരാധിത്വം പറഞ്ഞവർ പൊട്ടിക്കരഞ്ഞു. രക്ഷിക്കണേ എന്നപേക്ഷിച്ചു.
ആ ഓഫീസർ അവരോട് ചോദിച്ചു, “ഗുണ്ടാ ആക്ട് പ്രകാരം ജയിലിൽ കിടക്കുന്ന ഒരാൾക്ക് മകളെ കെട്ടിച്ചു കൊടുക്കുന്നതിൽ നിങ്ങൾക്ക് വിരോധമില്ലേ?”
“ഒരിക്കലുമില്ല സാർ, മഹേഷ് ഞങ്ങളുടെ കൂടെ മകനാണ്. അവൻ ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഞങ്ങളുടെ കുഞ്ഞിനെ ചതിച്ചതാ സാറെ..”
അവരുടെ മറുപടി അദ്ദേഹത്തെ ഒരുപാട് ചിന്തിപ്പിച്ചു,
“സാധാരണഗതിയിൽ ഇങ്ങനെ ഒരവസ്ഥയിൽ പെൺവീട്ടുകാർ ബന്ധം ഒഴിയേണ്ടതാണ്. ഇതിപ്പോ അവർ പോലും വന്നു ഈ പയ്യന് വേണ്ടി വാദിക്കുമ്പോൾ…?”
അദ്ദേഹം മഹേഷിനെ കുറിച്ചു നടത്തിയ രഹസ്യ അന്വേഷണങ്ങളിലൊന്നും അവനെ കുറിച്ച് മോശമായി ഒന്നും അറിയാൻ കഴിഞ്ഞില്ല.
അടുത്ത ദിവസം വീണ്ടും മഹേഷിന്റെ അച്ഛനും അമ്മയും രാജ്‌മോഹൻ സാറിനെ കാണാനെത്തി. വിഷാദം ബാധിച്ച് വാക്കുകൾ മരവിച്ച അച്ഛന്റെ ശബ്ദത്തിലൂടെയും ആ പാവം അമ്മ അപേക്ഷിച്ചു, “ഞങ്ങളുടെ മകനെ വിട്ടു തരുമോ സാറെ.. അവൻ ഒരു തെറ്റും ചെയ്തിട്ടില്ല. മോന്റെ കല്യാണം നിശ്ചയിച്ച മുഹൂർത്തത്തിൽ ഞങ്ങൾക്ക് നടത്താനാവുമോ സാറെ?”
ദയ തോന്നിയ അദ്ദേഹം പെട്ടെന്ന് അവരോട് ചോദിച്ചു, “വിവാഹത്തിന് ഞാൻ പരോൾ അനുവദിച്ചാൽ നിങ്ങൾക്കു സന്തോഷമാവുമോ? വിവാഹത്തിന് ശേഷം മഹേഷ് തിരിച്ചു ജയിലിലേക്ക് തന്നെ വരണം. അതിന് സമ്മതമാണോ?”
അമ്മ രാജ്‌മോഹൻ സാറിന് മുൻപിൽ കണ്ണീരോടെ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു, “പറയുന്ന എന്തും ചെയ്യാമേ.. എന്റെ മകന്റെ വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ നടന്നു കണ്ടാൽ മതി”
അങ്ങനെ സകല പോലീസുകാരുടെയും പ്രതിഷേധത്തെ വകവെക്കാതെ ഹോം സെക്രട്ടറി രാജ്‌മോഹൻ സാറിന്റെ പേർസണൽ റിസ്കിൽ മഹേഷിന് വെള്ളിയാഴ്ച വൈകീട്ട് അടുത്ത വെള്ളിയാഴ്ച്ച വരെ ഒരാഴ്ചത്തേക്ക് പരോൾ അനുവദിക്കുന്നു, ശനിയാഴ്ച രാവിലെ വിട്ടയക്കുന്നു.
തന്റെ പ്രിയതമ കണ്ണീരോടെ കാത്തിരിക്കുന്ന വീട്ടിലേക്കാണ് അവൻ ആദ്യം എത്തിയത്. അവളെ സമാധാനിപ്പിച്ചതിനു ശേഷം സ്വന്തം വീട്ടിലെത്തി കല്യാണത്തിന്റെ തിരക്കിലേക്കും.
ഞായറാഴ്ച തന്നെ വീട്ടിൽ കല്യാണത്തിന്റെ മേളം തുടങ്ങി. ഒരാഴ്ച കഴിഞ്ഞല്ലേ മോൻ പോകുന്നുള്ളൂ എന്ന ആശ്വാസത്തിൽ അച്ഛനും അമ്മയും ഓടിനടന്നു.
തിങ്കളാഴ്ച രാവിലേ നേരത്തെ തന്നെ എല്ലാവരും ഒരുങ്ങി ഇറങ്ങി. അമ്പലത്തിൽ വെച്ചായിരുന്നു താലികെട്ട്.
ദുഃഖഭാരം പുറത്തു കാണിക്കാതെ അഹല്യ സന്തോഷവതിയായി മണ്ഡപത്തിലേക്ക് കയറി.
താലികെട്ടിനും മറ്റു ചടങ്ങുകൾക്കും ശേഷം നെറുകയിൽ സിന്ദൂരം ചാർത്തി മഹേഷിനെ നോക്കിയ അഹല്യയുടെ കണ്ണുകളിലെ നോവറിഞ്ഞെന്ന പോലെ മഹേഷ് അവളെ മാറോട് ചേർത്ത് കെട്ടിപ്പിടിച്ചു നിന്നു.
അതു കണ്ട കൂട്ടുകാരുടെ ആർപ്പുവിളികൾക്കും ആരവങ്ങൾക്കുമിടയിൽ രണ്ടുപേരും മറ്റാരും കാണാതെ ഒഴുകിയിറങ്ങും മുൻപ് കണ്ണുകൾ തുടച്ചു.
സദ്യക്കു ശേഷം അതിഥികൾ പിരിഞ്ഞു.
അവർ ഓഡിറ്റോറിയത്തിൽ നിന്നും വീട്ടിലെത്തി.
അവൻ അല്പനേരം അഹല്യയുമായി സംസാരിച്ചിരുന്നു. തന്റെ പ്രിയപ്പെട്ടവളോട് വന്നിറങ്ങിയ ദിവസം തന്നെ മഹേഷ് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അച്ഛനുമമ്മയും പക്ഷേ അത് അറിഞ്ഞിരുന്നില്ല. അവർ കേട്ടപാടെ കരയാൻ തുടങ്ങി.
അവൻ പറഞ്ഞു, “എനിക്ക് വേണ്ടി നിങ്ങൾ നാലുപേരും വന്നു അപേക്ഷിച്ചതനുസരിച്ച് ആ വല്യ മനുഷ്യന്റെ നല്ല മനസാണ് അമ്മേ ഇന്നിവിടെ ഈ കല്യാണം നടക്കാൻ ഹേതുവായത്. അത് നമ്മൾ കാണാതെ പോവരുത്. ഞാൻ എത്താതിരിക്കുന്ന ഓരോ നിമിഷങ്ങളും അദ്ദേഹത്തിനു ഒരു ആധി ഉണ്ടാവും. അത് പാടില്ല. ആ നല്ല മനുഷ്യന്റെ ജീവിതത്തിൽ, അദ്ദേഹത്തിന്റെ ചിന്തയിൽ ഒരിക്കൽ പോലും ഞാൻ കാരണം ഒരു സമാധാനക്കേട് ഉണ്ടാവാൻ പാടില്ല. നമ്മൾ ഉദ്ദേശിച്ചത് പോലെ എല്ലാം ഭംഗിയായി നടന്നില്ലേ അച്ഛാ.. ഇനി ഞാൻ എത്രയും പെട്ടെന്ന് അവിടെ എത്തി റിപ്പോർട്ട് ചെയ്യണം. അത് അദ്ദേഹത്തിനു വല്യൊരു ആശ്വാസമാകും. സ്വന്തം പദവി പോലും നഷ്ടപ്പെട്ടേക്കാവുന്നത്ര അപകടം പിടിച്ച ഒരു പ്രവൃത്തിയാണ് അദ്ദേഹം നമുക്കു വേണ്ടി ചെയ്തത്. അത് നമ്മൾ കാണാതെ പോവരുത്”
തനിക്ക് പിന്നിലെ വാതിലിനു പുറകിൽ നിന്ന് കണ്ണീരൊഴുക്കുന്ന അഹല്യയെ വാരിപുണർന്നവൻ ചുണ്ടുകൾ കൊണ്ട് കണ്ണീരൊപ്പി, “കരയണ്ട. ഞാൻ എത്രയും പെട്ടെന്ന് തിരിച്ചു വരും” എന്ന് സമാധാനിപ്പിച്ചു.
അനുവദിച്ച പരോൾ പോലും ഉപയോഗപ്പെടുത്താതെ വിവാഹദിവസം ആദ്യരാത്രിക്കു മുൻപേ തിരികെയെത്തിയ മഹേഷിനെ കുറ്റവിമുക്തനാക്കാൻ അയാളുടെ മനസിന്റെ നന്മ മാത്രം മതിയായിരുന്നു എന്ന് നമുക്ക് ആശിക്കാം അല്ലേ.
നാട്ടുപ്രമാണി വാരിയെറിഞ്ഞ പണത്തിനു മഹേഷിനെ പോലൊരാളെ കുറ്റക്കാരനാക്കാനുള്ള ശക്തി പോരായിരുന്നു എന്ന് ആഗ്രഹിക്കുകയും ചെയ്യാം.
നമ്മുടെ നിയമസംരക്ഷകരിൽ നന്മ വറ്റാത്തവരുണ്ട് എന്നതിൽ ആശ്വസിക്കാം, സമാധാനിക്കാം.
Courtesy: Memoir of K. Jayakumar IAS
__________
©shafia
#എന്റെരചന
#കല്യാണം


4 Comments
ജയകുമാർ സാറെഴുതിയത് പണ്ടെന്നോ വായിച്ചിട്ടുണ്ട്.
നന്നായി എഴുതി👌🌹
@suma സാറിന്റെ ഒരു ഇന്റർവ്യൂവിൽ കേട്ടതായിരുന്നു
നന്നായി എഴുതി.👍
@joyce 😍😍❤️❤️