‘അക്കാ, നീങ്കെ കേരളാവാ?”
തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രമെന്ന വിസ്മയം കണ്ണുനിറയെ കണ്ട് ക്യൂവിൽ നിൽക്കുകയാണ് ഞാൻ. പുറത്ത് സൂര്യൻ മഞ്ഞനിറമാർന്ന് ഇന്നത്തെ ഡ്യൂട്ടിയുടെ അവസാനമണിക്കൂറുകളിലേക്ക് കടക്കുന്നു. ഞാൻ തിരിഞ്ഞു നോക്കി. തൊട്ടുപുറകിൽ കുറേ സ്കൂൾകുട്ടികൾ. ചെറിയ ചെറിയ ആൺകുട്ടികളും പെൺകുട്ടികളും. ഇവരെ നേരത്തെ ഞാൻ നന്ദിയുടെ വലിയ കൽവിഗ്രഹത്തിനടുത്ത് വെച്ച് കണ്ടിരുന്നു. അതിലൊരു കുഞ്ഞൻ ചെക്കനാണ് ലോഹ്യം പറയുന്നത്.
അതേയെന്ന് ഞാൻ തലയാട്ടി.
‘ നാങ്കെ സ്കൂളിലെ ഇരുന്ത് ടൂര് വന്തിറുക്കോം ‘ അവൻ തമിഴിലാണ് പേച്ച്.
‘ കടവുളിടം നീ എന്ന വേണ്ടികൊള്ള പോകിറായ്?’ കൂട്ടുകാരുടെ ശബ്ദം കുഞ്ഞിചെക്കൻ്റെ ശ്രദ്ധ എന്നിൽ നിന്നും തിരിച്ചു.
‘ കടവുളേ, മാത്സ് എക്സാം എപ്പടിയാവത് പാസ് പണ്ണി വെച്ചിറുപ്പാ ന്ന് ‘ ചെക്കൻ ടീച്ചർമാരുടെ അടുത്തേക്ക് നോക്കി ശബ്ദം താഴ്ത്തി. എന്നേയും നോക്കി. എനിക്ക് ചിരി വന്നു. ഒമ്പതിൻ്റെ ഗുണന പട്ടികയും ട്രിഗണോമെട്രിയും ഡിഫറൻസിയേഷനുമൊക്കെ ഈ തലയിലൊന്ന് കേറ്റിത്തരാനായി ഞാനും പ്രാർത്ഥിച്ചിട്ടുണ്ടല്ലോ. ലോകത്തെല്ലായിടത്തും കുട്ടികൾക്ക് ഇതൊക്കെ തന്നെയാണോ പ്രാർത്ഥിക്കാനുള്ളതെന്ന് മനസിലോർത്തു അപ്പോൾ.
വെറുതെ പുറകിലേക്കൊന്നു നോക്കി.
വലിയ ക്യു.
എന്നാലും ഒട്ടും മടുത്തില്ല. അത്രയുമുണ്ട് കാണാൻ ഓരോ ചുവരിലും തൂണിലും. ദൈവമേ ഇതൊക്കെ ആര് ചെയ്തതാവും? നൂറ്റാണ്ടുകൾക്കിപ്പുറവും തങ്ങളുടെ കലാസൃഷ്ടികൾ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ ആളുകൾ നോക്കിനിൽക്കണമെന്ന് അന്നുതന്നെയവർ മനസിലുറപ്പിച്ചിരിക്കണം. എന്തുമാത്രം സൂക്ഷ്മവും ഗാഢതയുള്ളതുമായ കൊത്തുപണികളാണ്!!!
‘ അക്കാ, നീങ്ക പഠിക്കുമ്പോത് മാത്സ് ഉങ്കൾക്ക് ഈസിയായിര്ന്ത് ച്ചാ ‘? അവൻ ഇതുവരേയും കണക്ക് വിട്ടിട്ടില്ല.
‘ആമാ. നാൻ പഠിച്ച കാലത്തിലാ മാത്സും ഇംഗ്ലീഷും എനക്ക് റൊമ്പ ഈസി. ഉനക്ക് എപ്പടി? മാത്സ് പുടിക്കാതാ? ‘ ഞാൻ ചോദ്യചിഹ്നത്തോടെ അവനെ നോക്കി.
‘ ആമാ ക്കാ, എനക്കും പുടിക്കും, ആനാ ടീച്ചറെ പാർത്താ എല്ലാമേ എനക്ക് മറന്തു പോകുത്. ആനാൽ മറന്ത് പോക കൂടാത് ന്ന് കടവുൾക്കിട്ടേ എപ്പോതും വേണ്ടിക്കുവേൻ ‘ അവൻ വല്ലായ്മയോടെ താഴേക്ക് നോക്കി നിലത്ത് കാൽവിരലുകൾ അമർത്തിക്കുത്തി.
‘ അക്കാ ഉങ്കൾക്കെന്ന, ഒന്നും പഠിക്ക തേവൈ ഇല്ലൈ ലേ, ‘ ഒരുനിമിഷം അവൻ്റെ മുഖത്ത് അസൂയ മിന്നിയോ?
ഏയ് ഇല്ല, അത്രേം നെഗറ്റീവ് ആവാനുള്ള പ്രായം അവനായിട്ടില്ല.
അവനറിയില്ലല്ലോ എന്തേലുമൊരു മാർഗമുണ്ടായിരുന്നേൽ ഞാനീ വേഷമുതിർത്തു കളഞ്ഞ് അവൻ്റെ പ്രായത്തിലേക്കെത്തിയേനെയെന്ന്.
എന്തൊരു പാവം കുഞ്ഞാണിത്.
ഒരു കുഞ്ഞിപ്പാവം ചെക്കൻ, എനിക്കവനോട് വാൽസല്യം തോന്നി.
‘ ആമാ അക്കാ നീങ്ക എന്ന കടവുൾക്കിട്ടേ കേക്ക പോറീങ്കേ?’ ആ കണ്ണുകളിൽ ആകാംക്ഷ.
ഞങ്ങളുടെ ക്യു പതുക്കെ മുന്നോട്ട് നീങ്ങി.
എന്തു പ്രാർത്ഥിക്കാനാണ്? അതുവരെയും പ്രാർത്ഥിക്കാൻ എനിക്കൊന്നുമുണ്ടായിരുന്നില്ല.
‘ ചില നേരങ്കളിൽ ‘ലോകാ സമസ്താ സുഖിനോ ഭവന്തു ‘ എൻട്രു നാൻ വേണ്ടുവേൻ.
‘ അപ്പടീനാ ‘?
‘ഇന്ത ഉലകത്താർ അലൈവരും മകിഴ്ച്ചിയുടൻ ഇരിക്കട്ടും ന്ന്’
എൻ്റെ വാക്ക് കേട്ട് അവൻ്റെ മുഖം വികസിച്ചു.
എത്ര കുഞ്ഞൊരു സുന്ദരജീവിതമാണീ ചെക്കൻ ഇപ്പോൾ ജീവിക്കുന്നത് എന്ന് പിന്നേയും ഓർത്തു. ഇവൻ്റെ ജീവിതത്തിലെ എല്ലാ പരീക്ഷകളും അവന് പേടിക്കാതെ നേരിടാൻ പറ്റണേയെന്ന് മനസുനിറഞ്ഞ് ആഗ്രഹിച്ചു.
പുറത്ത് ആകാശനീല കടുത്തു. പതിനൊന്നാം നൂറ്റാണ്ടിൽ പണി കഴിച്ച അമ്പലത്തിനു ചുറ്റും
വിളക്കുകൾ കത്തി തുടങ്ങി.
ഞങ്ങളുടെ ക്യൂ ബൃഹദീശ്വരനോട് അടുത്തെത്തി. പെട്ടെന്നൊരു തള്ള്.
ഞങ്ങൾക്ക് തൊട്ടു മുന്നിൽ നടന്ന കുഞ്ഞിൻ്റെ സ്കാർഫ് അഴിഞ്ഞൂർന്നു നിലത്തു വീണു. അവളുടെ അമ്മയാകണം അതെടുക്കാൻ നിലത്തേക്കാഞ്ഞു. ശരീരമാകെ പാലുണ്ണി പോലെയെന്തോ കുരുക്കൾ നിറഞ്ഞ അവളുടെ കണ്ണുകൾ പേടിയോടെ ചുറ്റിലും നോക്കി അമ്മയുടെ സാരിത്തുമ്പിലേക്ക് മുഖമണച്ചു തേങ്ങി. മഴയിൽ കുതിർന്ന പക്ഷിക്കുഞ്ഞിൻ്റെ പോലൊരു ശബ്ദം.
‘ഇല്ലല്ലേ പയപ്പെടാതപ്പാ, ദാ ഇതൈ വെച്ച് മുഖത്തെ മൂടിക്കോ, അമ്മാ ഇരുക്ക് ലേ പക്കത്തിലേ, പിന്നെയേതുക്ക് പയപ്പെടുണും?’ അവരാ സ്കാർഫ് അണിയിച്ച് കുഞ്ഞിനെയണച്ചു പിടിച്ച് മുന്നിലേക്ക് നടന്നു.
ഞങ്ങൾ ബൃഹദീശ്വരന് മുന്നിലെത്തി. വലിയൊരു ശിവലിംഗം മുന്നിൽ. കണ്ണുകൾ അറിയാതെ നിറഞ്ഞു.
പിന്നെയുമൊരു തള്ളൽ.
ഞാൻ പുറത്തേക്കു നടന്നു.
‘അക്കാ ‘ പിന്നേയും അവൻ്റെ സ്വരം.
‘അക്കാ നീങ്കെ എതർക്ക് അഴുകുകിറേൻ?’
ഞാൻ അവനേയും കൂട്ടുകാരേയും നോക്കി.
‘ നീ കടവുൾക്കിട്ടേ മാത്ത്സ് പ്രച്നയെ പറ്റി സൊന്നിയാ?’
അവൻ എന്നെ സൂക്ഷിച്ചുനോക്കി. ഇല്ലെന്ന് തലയാട്ടി.
‘ അക്കാ, നമ്മ മുന്നാടി നടന്ത അന്ത അമ്മാവും കുളന്തേയും എന്ന വേണ്ടിനാലും അത് നടന്തിടണം എൻട്ര് കടവുൾക്കിട്ടേ വേണ്ടിനേൻ’
അവനു ചുറ്റും കാരുണ്യത്തിൻ്റെ സ്നേഹത്തിൻ്റെ പ്രഭാവലയം. വീണ്ടും കണ്ണീർ വന്ന് എൻ്റെ കാഴ്ച മൂടി.
കാവേരിയിലെ കാറ്റ് ഞങ്ങളേയും കടന്നുപോയി.സംഘകാലം മുതൽ എത്രയെത്രപേർ കടന്നുപോയ വഴികളിൽ കുറച്ചുനേരത്തെ പരിചയം മാത്രമുള്ള ആ കുഞ്ഞിച്ചെക്കൻ, കാളിമുത്തു അവൻ്റെ കൂട്ടുകാരേയും കൊണ്ട് കലപിലെ വർത്താനം പറഞ്ഞു കൊണ്ട്ന ടന്നു നീങ്ങി.കുറച്ചുദൂരം നടന്നിട്ട് അവൻ തിരിഞ്ഞ് കൈവീശി റ്റാറ്റ തന്നു.
മുമ്പിലെ സ്റ്റേജിൽ ഭരതനാട്യത്തിനായി കർട്ടൻ ഉയർന്നു.


5 Comments
നന്നായെഴുതി❤️👍
മുന്നിൽ കാണാവുന്നതു പോലെ തടവില്ലാത്ത ഒഴുക്ക്.
Lived this writing!!❤️❤️👌👌🤗
നല്ലെഴുത്ത് 👌
Super Dhanya