മാമ്പഴം എന്നു കേട്ടാൽ കഴിഞ്ഞു പോയ മധുര സ്മരണകളാണ് മനസ്സി ഓടി കയറുന്നത്. മുറ്റത്തും തൊടിയിലും നിറയെ മാവുകളാണ്. ബാല്യവും, കൌമാരവും,യൌവ്വനവുമൊക്കെ, മാമ്പഴത്തിന്റെ മാധുര്യം ആസ്വദിച്ച ഒരു കാലഘട്ടമായിരുന്നു. ഒരു കാറ്റെങ്ങാനും വീശിയാൽ, ചിന്നം പിന്നം, മാമ്പഴം തൊടിയിലും പറമ്പിലും ഉതിർന്ന് വീഴും. അത് പെറുക്കിയെടുക്കാൻ കുട്ടികളും, മുത്തശ്ശിമാരും മാവിൻ ചുവട്ടിലേയ്ക്കു് സന്തോഷപൂർവ്വം മത്സരിച്ച് ഓട്ടമാണ്. ഓരോ വ്യത്യ സ്ത ഇനം മാമ്പഴങ്ങൾക്കും, വ്യത്യസ്ത രുചിയാണ്. വ്യത്യസ്ത ഇനം മാവുകളുണ്ടായിരുന്നു. ഇതിൽ വാളേൻ മാവ് എന്നൊരിനം പഴുത്താൽ അകത്ത് തേൻ കുടമാണ്, നിറയെ നാരുകളും. കയ്യിൽ ഇട്ട് ഞെരടി, മാമ്പഴ നീര് കുടിയ്ക്കും. മാമ്പഴ കാലമായാൽ, അടുക്കളയിൽ മാമ്പഴ പുളിശ്ശേരിയുടെ സുഗന്ധമാണ്. പുതിയ പനമ്പിൽ മാമ്പഴ നീര് പിഴിഞ്ഞ്, വെയിലത്ത് ഉണക്കി, മാമ്പഴ തിര ഉണ്ടാക്കി, മാമ്പഴമില്ലാത്ത കാലത്തേയ്ക്കു മാമ്പഴത്തിന്റെ രുചി നുണയാo. പറമ്പിന്റെ നടുവിൽ നിന്നിരുന്ന മയിൽ പീലിയൻ മാവിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മാവിന്റെ തടി, മണ്ണിനോട് ചേർന്ന് ചാഞ്ഞു കിടന്ന്, പിന്നീട് കവരമായി പിളർന്ന് കൊമ്പും, ചില്ലകളും മേലോട്ട് വളർന്ന് പന്തലിച്ച് വളർന്നു. ഇങ്ങിനെ വളർന്നതിനാൽ, കുട്ടികൾക്കു ഇരിയ്ക്കാതായി ഒരു പ്രകൃതിദത്ത ബഞ്ചായി. അധികം ഉയരമില്ലാത്തതിനാൽ കവരത്തിൽ ഊഞ്ഞാൽ കെട്ടാനും എളുപ്പമായി. പരിസരത്തെ കുട്ടികളെല്ലാം തന്നെ,ആ മാഞ്ചോട്ടിൽ ഒത്തുകൂടി. കളിയ്ക്കാം, പഠിയ്ക്കാം, വായിയ്ക്കാം, ഊഞ്ഞാലാടാം, മാമ്പഴം തിന്ന് വിശപ്പും, ദാഹവും അകറ്റാം.ആ മാഞ്ചോട്, പാർക്കൊന്നും ഇല്ലാത്ത ആ ഗ്രാമത്തിൽ, ഒരു പാർക്കിന്റെ പ്രതീതി ജനിപ്പിച്ചു.
