വളരെ വ്യത്യസ്തമായ രണ്ടു പുസ്തകങ്ങൾ. രണ്ടു കാലഘട്ടങ്ങൾ, രണ്ടു ദേശഭാഷകളിലെ വളരെ വ്യത്യസ്തരായ രണ്ടു എഴുത്തുകാരുടെ കൃതികൾ.. അതായിരുന്നു പുതിയ വായന. രണ്ടിലും അധകൃതവർഗ്ഗത്തിന്റെ ചൂഷണവും ജാതീയ വേർതിരിവുമായിരുന്നു വിഷയം.
2024 ലെ സരസ്വതി സമ്മാനം നേടിയ ശരൺ കുമാർ ലിംബാലയുടെ “സനാതൻ ” – അതിന്റെ ഡോ എൻ എം സണ്ണിയുടെ പരിഭാഷയായിരുന്നു- ഒന്ന്. ഒരുപാടു ചർച്ച ചെയ്യപ്പെടേണ്ട പുസ്തകം. സവർണ്ണരുടെ അടിമകൾ ആകാനും അവരുടെ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും മറവു ചെയ്യാനും വേണ്ടി മാത്രമാണ് തങ്ങൾ എന്നു കലാകാലങ്ങളായി വിശ്വസിക്കുന്ന ജനത. ഒരു മുന്നേറ്റമോ ചെറുത്തു നിൽപ്പോ ഇല്ലാത്തവർ. മതം മാറിയാലും പട്ടാളത്തിൽ ചേർന്നാലും ജാതിയുടെ ഭാരം പേറി ജീവിക്കുന്നവർ. അന്ധവിശ്വാസങ്ങളും വിധേയത്വവും മാത്രം കൈ മുതലായവർ. നാട്ടു രാജ്യങ്ങൾ, ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയിലെ അതിഭീകര ജാതി വ്യവസ്ഥയുടെ നേർകാഴ്ചയാണ് ഈ നോവൽ. മാറാഠി കൃതി ആണെങ്കിലും കേരളവും ആ കാലഘട്ടത്തിൽ അവസ്ഥയിലൂടെ കടന്നു പോയതാണ്. പക്ഷെ കേരളത്തിൽ സ്ഥിതി മാറി, പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ ജാതി വ്യവസ്ഥ നിലനിൽക്കുന്നു.
ഏതു അനാചാരത്തിൽ നിന്നും മോചനം വേണമെങ്കിലും അനാചാരമാണെന്ന ബോധം അനുഷ്ഠിക്കുന്നവനുണ്ടാകണം. പക്ഷെ അതു തങ്ങളുടെ കർമ്മമായി കാണുമ്പോൾ അതിനോടുള്ള പ്രതികരണം പോലുമുണ്ടാകില്ല. ആദ്യത്തെ കുറച്ചു താളുകൾ വായിക്കുമ്പോൾ നമുക്ക് അത്ര താല്പര്യം തോന്നില്ല. പക്ഷെ താളുകൾ മറിയുമ്പോൾ നമ്മൾ അറിയാതെ ലയിച്ചു പോകും. ഇന്ത്യയുടെ ചരിത്രം,നാട്ടു രാജ്യങ്ങൾ, ബ്രിട്ടീഷ് ആധിപത്യം, ശിപായി ലഹള, ആദിവാസി പ്രക്ഷോഭങ്ങൾ, മതം മാറ്റം അതിലെ ചൂഷണം ഇവയെല്ലാം മനോഹരമായി അവതരിപ്പിക്കുന്നു. ഒരിക്കലും ഒരു തർജമ കൃതിയായി തോന്നുകയില്ല. തീർച്ചയായും വായനയെ ഇഷ്ടപ്പെടുന്നവർ ഒന്നു വായിച്ചിരിക്കേണ്ട കൃതിയാണ് സനാതനൻ.
ചർച്ച ചെയ്യപ്പെടേണ്ട ഒരുപാടുപേരിൽ എത്തേണ്ട വളരെ വ്യത്യസ്തമായ കൃതിയാണ് അംബികാസുതൻ മാങ്ങാടിന്റെ “അല്ലോഹലൻ”. ചരിത്ര കൃതികൾ പൊതുവെ വായിച്ചു കഴിഞ്ഞാൽ മനസ്സിൽ അധികം തങ്ങി നിൽക്കില്ല പക്ഷെ അവർണ്ണ രാജാവിന്റെ രക്തം ചിന്തിയ ഉത്തരകേരളത്തിന്റെ ഇതിഹാസ കഥ മനസ്സിനെ നോവിന്റെ ആഴങ്ങളിൽ കുരുക്കിയിടുന്നു. മലബാർ, ഉത്തരകേരളമൊക്കെ തെയ്യത്തിന്റെ ഈറ്റില്ലങ്ങളാണ് ഓരോ തെയ്യത്തിനും ഓരോ കഥയുണ്ട് തിരസ്കാരത്തിന്റെ, നോവിന്റെ, ചൂഷണത്തിന്റെ, പ്രണയത്തിന്റെ, പ്രതികാരത്തിന്റെ അധികാരത്തിന്റെ അങ്ങിനെ അങ്ങിനെ കാരണങ്ങളും കഥകളും നീണ്ടു പോകുന്നു. അധകൃതന്റെ നോവകറ്റാൻ പ്രതികാര ദാഹിയായി ഉറയുന്ന തെയ്യങ്ങൾ സവർണ്ണന്റെ പടിപ്പുരയിൽ നെല്ലും തേങ്ങയും കോഴിയും വിളക്കും കണ്ടു അനുഗ്രഹം ചൊരിയുന്നത്തിന്റെ നിരർത്ഥകത എഴുത്തുകാരൻ രോഷത്തോടെ അതിലേറെ സങ്കടത്തിൽ പറഞ്ഞു പോകുന്നു. ജാതി വ്യവസ്ഥയും അധികാര വടംവലികളും ഒരു ജാതിയിലെ എണ്ണിയാൽ ഒടുങ്ങാത്ത ഉപജാതിയും അവരുടെ തമ്മിൽ തല്ലു മുതലാക്കുന്നവരെയും ഇനിയും വെളിച്ചം ചെല്ലാത്ത പുറംലോകമറിയേണ്ട ഇരുട്ടിൽ മനപ്പൂർവം ആഴ്ത്തപ്പെട്ട വാഴ്ത്തപെടേണ്ട ചരിത്രത്തിന്റെ കഥയും കൂടിയാണ് ഈ കൃതി. പയറ്റും, വിദ്യയും അവർണ്ണർക്കും, കീഴാളർക്കും പഠിക്കാൻ അവസരം നൽകിയ ബുദ്ധഭിക്ഷവിനു രാജ്യ സദസ്സിൽ ഇടം നൽകിയ നല്ലവനായ രാജാവിന്റെ കഥ.
യുദ്ധങ്ങൾ എന്നും മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടിയായിരുന്നുവെങ്കിൽ, ഇവിടെ പെണ്ണിന്റെ ബുദ്ധിയിൽ പിറന്ന ചതിയുടെ അരക്കില്ലത്തിന്റെ കഥയാണ്. കൂടെപ്പിറപ്പിനെ പോൽ വിശ്വസിച്ചവർ പിന്നിൽ നിന്നും ആക്രമിച്ച കഥ. ഇരുൾ ചതിയിൽ മരണത്തിന്റെ നോവു പേറുന്ന മകനെ ചതി ചമച്ചവന്റെ ക്രൂര വിചാരണയുടെ പ്രഹസനത്തിനു വിട്ടുകൊടുക്കാതെ കാളിയമ്മയും പരിവാരങ്ങളും നോവേതുമില്ലാത്ത ലോകത്തേയ്ക്ക് കൂടെ കൂട്ടുന്നു. ഒരു കഥയിൽ ഒട്ടും മടുക്കാതെ ആശയകുഴപ്പങ്ങളില്ലാതെ ഒരുപാടു ഉപകഥയും ചരിത്രവും ചാതുർവർണ്ണ്യവും പുരാണവും പറഞ്ഞു പോകുന്ന നോവൽ. ഇതിൽ വ്യത്യസ്ത ചിന്തയിൽ ഉടലെടുത്ത ശ്രദ്ധ കിട്ടാതെപോയ ചില കാവ്യകൃതികളെ കുറിച്ചും ഇതിഹാസങ്ങളുടെ ചില ജാതികളിലെ ആൾക്കാർ പാടി പതിയുന്ന കഥകളും പ്രാദേശിക രചനകളും വിശദമായി പ്രതിപാദിക്കുന്നു.
പുസ്തകങ്ങളെ ആഘോഷമാക്കാറുള്ള സോഷ്യൽ മീഡിയ എന്തുകൊണ്ടോ അധികം ശ്രദ്ധിക്കാതെ പോയ കൃതി. ചരിത്രം ഇഷ്ടപെടുന്നവരും വായന ഇഷ്ടപെടുന്നവരും തീർച്ചയായും വായിക്കേണ്ട പുസ്തകം. എഴുത്തിന്റെ ഒഴുക്കും ശൈലിയും ഇഷ്ട്ടപ്പെട്ടു വളരെ വേഗത്തിൽ മടുപ്പില്ലാതെ ആദ്യാവസാനം വായിച്ചു തീർത്ത കൃതി. പക്ഷെ മനസ്സിന്നും അള്ളോട ദേശത്തെ കാളിയമ്മയുടെ മാനസ പുത്രനായ പുരോഗമന വാദിയായ ചേതി രാജൻ അല്ലോഹലന്റെ കൊട്ടാരക്കെട്ടിലാണ്…..


4 Comments
പുസ്തകങ്ങൾവായിക്കാൻ പ്രചോദനം നൽകുന്ന അവലോകനം👍🌹
വളരെ നന്ദി 🥰🥰🙏🏼
നല്ല രചന.
👌👏
🙏🏼🩷