‘പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കണ്ട’- കേട്ടുപഴകിയ ചൊല്ല്..വാസ്തവത്തിൽ പഴുത്തില അഥവാ വാർദ്ധക്യം എന്നാൽ എന്താണ്? നര അപഹരിച്ച തല, ചുളിവുകൾ കയ്യേറിയ തൊലി, വഴങ്ങാൻ മടിക്കുന്ന സന്ധി ബന്ധങ്ങൾ, ചുഴിഞ്ഞിറങ്ങാൻ മടിക്കുന്ന കണ്ണുകൾ, വട്ടം പിടിക്കാതെ ശബ്ദവീചികൾക്ക് ഇടം കൊടുക്കാത്ത കാതുകൾ… പിന്നെപ്പിന്നെ, വല്ലപ്പോഴും എങ്കിലും ഒക്കെ ഒളിച്ചു കളിക്കുന്ന ഓർമ്മകളും.. ഒരു ശരാശരി കാഴ്ചക്കാരന് ഇതൊക്കെയാണ് വാർദ്ധക്യം!!
#grandparennts’day
ഇതിന്റെ മറുപുറം കാണുന്നവരും ഉണ്ട് കേട്ടോ. നര ബഹുമാനം അർഹിക്കുന്നു എന്ന് പുണ്യ പുസ്തകങ്ങൾ പറയുമ്പോൾ വർഷങ്ങളുടെ അനുഭവച്ചൂടേറി വെളുത്തു പോയതാണാ തല എന്ന് വ്യംഗ്യം! വെള്ളച്ച മുടിയിഴയ്ക്ക് ഓരോന്നിനും ഇരുത്തം വന്ന ഗുണപാഠ കഥകൾ പറയുവാനുണ്ടാവുമേറെ. ശരീരമാകെ വിലങ്ങനെ കുറുകനെ കിടക്കുന്ന ചുളിവുകൾ ഒളിപ്പിക്കുന്നുണ്ടാവും വർഷങ്ങളുടെ ഇടപാടുകൾ സമ്മാനിച്ച വിജ്ഞാന മുത്തുകൾ… എല്ലാത്തിനും പുറമേ തങ്ങൾക്കു പിൻപേ വരുന്നവരുടെ ജീവിത വ്യഗ്രത കാണുമ്പോൾ അതിന്റെ നിരർത്ഥകത ഓർത്ത് ഉള്ളിൽ പൊന്തിവരുന്ന ചെറു ചിരിയും ഉണ്ടാവാം…
എനിക്കുമുണ്ടൊരു ‘വാർദ്ധക്യം’ വീട്ടിൽ, 88 കഴിഞ്ഞ എന്റെ അമ്മ :അല്ല, അമ്മായിയമ്മ. ചിലപ്പോഴൊക്കെ ഒരു ബുദ്ധിമുട്ടാണ് എനിക്ക് അവർ.. ഏറിയ പ്രായം സമ്മാനിക്കുന്ന രുചിക്കുറവുകൾക്കു പുറമേ സ്വയം വേണ്ടെന്നുവയ്ക്കുന്ന ചില കറിക്കൂട്ടുകൾ… ഇന്ന് ഇഷ്ടപ്പെടുന്ന വിഭവത്തോട് നാളെ കാട്ടുന്ന വിരക്തി.. ചൂടോടെ മുന്നിലെത്തിക്കുന്ന വിഭവങ്ങൾ അങ്ങോട്ട് തിരിഞ്ഞ് ഇങ്ങോട്ട് തിരിഞ്ഞ് ഒടുവിൽ കഴിക്കാനിരിക്കുമ്പോൾ “എന്താ ഇത്ര തണുത്ത ഭക്ഷണം എനിക്ക് തരുന്നത്” എന്ന് ഉറക്കെപ്പരിഭവിക്കുന്ന ചില നേരങ്ങൾ.. പിന്നെയുള്ളത് നമ്മുടെ ആത്മീയ പോരായ്മകളെ കുറിച്ചുള്ള പരാതികളാണ്. ആൾക്ക് സ്വർഗ്ഗത്തിൽ സീറ്റ് റിസർവ്ഡ് ആണത്രേ. പക്ഷേ വീട്ടിൽ ബാക്കിയുള്ള ഞങ്ങൾ ആ എലൈറ്റ് ഗ്രൂപ്പിൽ ഇടം നേടണമെങ്കിൽ ചിലപ്പോൾ മലയാളത്തിലെ ബുദ്ധിമുട്ടുള്ള അക്ഷരങ്ങൾ ചിലതൊക്കെ മൂക്കുകൊണ്ട് എഴുതേണ്ടി വരുമെന്ന്!!!
ഇങ്ങനെയൊക്കെയാണെങ്കിലും മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ ഞങ്ങളുടെ വീടിന്റെ മുഖപ്രസാദമാണ് അമ്മച്ചി. പ്രാർത്ഥനയുടെ തണലിൽ ഞങ്ങളെ ഒരുമിപ്പിക്കുന്ന സ്നേഹം.. സദാ മുക്രയിടുന്ന ഞാനെന്ന അമ്മയിൽ നിന്നും എന്റെ കുഞ്ഞുങ്ങൾക്ക് എപ്പോഴും അഭയം ആകുന്ന വാൽസല്യ സങ്കേതം… മക്കളും മരുമക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഒക്കെയായി പന്തലിച്ചു നിൽക്കുന്ന കുടുംബവൃക്ഷത്തിന് കൂടെക്കൂടെ ഒന്നിച്ചുകൂടി അടുപ്പം ആഘോഷമാക്കാൻ ഒരു കാരണം.. അമ്മച്ചിയുടെ ജീവിതം കണ്ടിട്ട് വാർദ്ധക്യം ഇത്ര സുന്ദരമോ എന്ന് അയൽക്കാർക്കിടയിൽ ഒരു ശ്രുതിയുണ്ട് പോലും!! വിതച്ചതേ കൊയ്യൂ എന്നാണെങ്കിൽ ഉത്തമയായ ഒരു വിതക്കാരിയായിരുന്നിരിക്കണം എന്റെ അമ്മായിയമ്മ..
അതെ എന്റെയും പുണ്യമാണ് അമ്മച്ചി. ഒരു കണ്ണാടിയിൽ എന്നപോലെ എന്റെ വാർദ്ധക്യത്തെയും ഞാൻ അമ്മച്ചിയിലൂടെ കാണുന്നു. എനിക്കു ചുറ്റും ഇരിക്കുന്ന മക്കളെയും കൊച്ചുമക്കളെയും കാണുന്നു. എന്നെ സ്നേഹിക്കുന്ന മരുമക്കളെ കാണുന്നു.. എല്ലാറ്റിനും ഉപരിയായി ഉല്ലാസവതിയായ ഞാനെന്ന ‘വൃദ്ധ’യെ കാണുന്നു…
അവിടെ തീർച്ചയായും പഴുത്തിലയ്ക്കാണ് പച്ചിലയെക്കാൾ സൗന്ദര്യം….
വൃദ്ധസദനങ്ങൾ വരും നാളുകളുടെ ഒരു സാമൂഹിക ആവശ്യമാവാം. മാറിയ കാലഗതി അത് ആവശ്യപ്പെടുന്നും ഉണ്ട്. എങ്കിലും ഇരിപ്പിടം നഷ്ടമാകുന്നതിന്റെ ഭയപ്പാട് പല വൃദ്ധരുടെയും കണ്ണുകളിൽ ഞാൻ കാണുന്നു… പഴകിയ മനസ്സുകളെ ആവുന്നതും വേദനിപ്പിക്കാതിരിക്കുവാൻ നമുക്ക് ആവണം.. അതിന് അനുഷ്ഠിക്കേണ്ട ത്യാഗങ്ങൾ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതാണെങ്കിൽ അവയെക്കുറിച്ച് നമുക്ക് ഒന്ന് ചിന്തിച്ചുകൂടേ????


7 Comments
വളരെ ഗൗരവമായ എഴുത്ത്. അമ്മച്ചിക്ക് വാർദ്ധക്യം ആസ്വാദകരമായത്, അവരെ മനസ്സിലാക്കുന്നവരുടെ കൂടെ ജീവിക്കുവാൻ സാധിച്ചു എന്നതു കൊണ്ടാണ്. നിങ്ങൾക്ക് ചെറുതായി അനുഭവപ്പെടുന്ന അലോസരങ്ങൾ കണക്കിലെടുക്കാതെ അമ്മയുടെ വാത്സല്യത്തിന്റെ തണലിൽ ചായാൻ ആഗ്രഹിക്കുന്ന കുടുംബം അമ്മയുടെ ഭാഗ്യമാണ്. പ്രായമായവരെ ശല്യമായി കാണുന്നവരും തന്റെ അധികാരപരിധി അതിക്രമിച്ചു കടക്കുന്ന ശത്രുവിനൊടെന്ന പോലെ യുദ്ധം ചെയ്യുന്ന പ്രായമായവരുമുണ്ടല്ലോ. രണ്ടു കൈ കൂട്ടി തട്ടുമ്പോൾ ശബ്ദമുണ്ടാകുന്നു.
ഇവിടെ പരസ്പരം മനസ്സിലാക്കുന്ന വിട്ടുവീഴ്ചകൾക്കു തയ്യാറാവുന്ന അംഗങ്ങൾ കുടുംബത്തിന്റെ മുഖപ്രസാദമാകുന്നു. എല്ലാ കുടുംബങ്ങളും അങ്ങനെയാകട്ടെ !
നല്ല എഴുത്ത്.👍😍
ഇവിടുത്തെ അമ്മയെ ഓർമ്മ വന്നു. അമ്മയുടെ ശീതസമരങ്ങളൊക്കെ ക്ഷമിച്ചും സഹിച്ചും എത്രയോ കാലം കഴിഞ്ഞു. പക്ഷേ അമ്മ എന്നുമൊരു താങ്ങായിരുന്നു.;പോയപ്പോൾ വല്ലാത്ത നഷ്ട ബോധവും. സുരക്ഷതിത്വം നഷ്ടപ്പെട്ടതു പോലെയായി.
നല്ലെഴുത്ത് സിൽവീ❤️❤️❤️👌🌹
Thank you ചേച്ചീ ❤️
എല്ലാ പച്ച പ്ലാവിലകളും ചിന്തിക്കേണ്ട വിഷയമാണ് സ്വയം തിരുത്താനും നന്നായി എഴുതി അഭിനന്ദനങ്ങൾ👌👍💯🙏
Thank you ജോയ്സ് ❤️
നല്ല എഴുത്ത്👌🥰
Thank you sayara ❤️❤️