ഒരു വിധത്തിലാണ് അവൾ വീട്ടിലെത്തിയത്. മനസ്സാകെ അസ്വസ്ഥമായിരുന്നു.
പുറത്ത് മഴ ആർത്തലച്ചു പെയ്യുന്നു. നെറ്റിയിലേക്ക് തളർന്നു വീണ കറുത്തിരുണ്ട കുറുനിരകൾ മാടി ഒതുക്കി ആതിര ജനലിന്നരികിലേയ്ക്ക് നടന്നു.
പുറത്ത് അതിശക്തമായ കാറ്റ്.
കാറ്റത്തിളകുന്ന വാഴയിലകളുടെ മരതകപ്പച്ച നോക്കി അൽപനേരം അവളങ്ങിനെ നിന്നു.
തലേ നാളത്തെ ഓർമ്മകൾ അവളെ നടുക്കിക്കൊണ്ടിരുന്നു.
തന്റെ ക്ലാസ്സ് മേറ്റായ സുമയുടെ മരണം. അകാലത്തിൽ പൊലിയേണ്ടി വന്ന ഹതഭാഗ്യ.
ക്യാൻസർ എന്ന മഹാരോഗത്തിന് അടിമപ്പെട്ടു ജീവിതം തള്ളിനീക്കി കൊണ്ടിരുന്ന അവളുടെ മരണം തന്റെ മനസ്സാകെ തകർത്തു. മറക്കാനാവാത്ത സംഭവം.
ക്ലാസ്സിൽ നന്നായി പഠിച്ചിരുന്ന സുമ. നിഷ്കളങ്കമായ മുഖം. എല്ലാവരുടേയും ആരാധന പാത്രം. അവൾക്കീ ഗതി വരുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചില്ല.
ജീവിതമെന്നത് ഒരു നിഴൽ പോലെ മാഞ്ഞു പോകുന്നതാണ്. ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന ഒരു മായാജാലം.
പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് സുമ എന്ന കൊച്ചു സുന്ദരിയെ പരിചയപ്പെട്ടത്. അന്ന് മുതൽ വേർപിരിയാൻ കഴിയാത്ത ആത്മമിത്രങ്ങളായി.
ഡിഗ്രി സെക്കന്റ് ഇയറിൽ പഠിക്കുമ്പോഴാണ് അവൾ ക്യാൻസർ എന്ന മാറാരോഗത്തിന് അടിമയായത്.
തളർന്ന കണ്ണുകളും പൊട്ടിയൊഴുകുന്ന കണ്ണുകളും കാണുമ്പോൾ പലപ്പോഴും തന്റെ മിഴികൾ നിറഞ്ഞൊഴുകീട്ടുണ്ട്.
നഗരത്തിലെ ബിസിനസ്സ്കാരനായ ശേഖറിന്റെയും അമ്പിളിയുടേയും ഏക മകളായിരുന്നു സുമ.
മകളെക്കുറിച്ച് നൂറുനൂറ് പ്രതീക്ഷകളുമായി കഴിഞ്ഞ അവർക്ക് ദൈവം നൽകിയ വിധി എത്ര ക്രൂരം. എല്ലാം ഒരു സ്വപ്നം മാത്രം ബാക്കി വെച്ച് അവൾ പോയി.
ആരതി ജനലിന്നരികിൽ പുറത്തേയ്ക്ക് മിഴികൾ പായിച്ച് വിങ്ങി വിങ്ങി കരഞ്ഞു. തന്റെ പ്രിയ കൂട്ടുകാരിയുടെ വേർപ്പാട് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
നല്ല സാമ്പത്തിക ശേഷിയുള്ള വീട്ടിലെ അംഗമായിരുന്നു ആരതി. കസ്റ്റംസ് ഓഫീസർ ആയ അച്ഛൻ ദിലീപും അമ്മ സൗമ്യയും അനുജൻ നന്ദുവുമായിരുന്നു അവളുടെ കുടുംബം.
നന്ദു ഒരു പ്രശസ്ത കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്. അവന്റെ ഇളയതാണ് ആതിര.
പി ജി. ക്ക് പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം നടന്നത്. വാർണ്ണർ ഹിന്ദുസ്ഥാൻ എന്ന കമ്പനിയിലെ ഓൾ ഇന്ത്യ മാനേജർ അനിൽ കുമാർ.
വിവാഹശേഷം ആരതി ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം.
എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടിയ സ്നേഹസമ്പന്നമായ കുടുംബം. അച്ഛൻ പ്രസാദ് ഡോക്ടർ. അമ്മ കീർത്തി ബാങ്ക് എംപ്ലോയി.
അനിൽ കുമാർ നല്ലൊരു ഗായകൻ കൂടിയാണ്. സൗമ്യമായ പെരുമാറ്റം. സ്നേഹ സമ്പന്നൻ.
അങ്ങിനെ സന്തോഷത്തോടും സമാധാനത്തോടും അവരുടെ ജീവിതം ഒഴുകി കൊണ്ടിരുന്നു.
ഇതിന്നിടയിൽ അനിൽ ജോലിസംബന്ധമായി കാനഡയിലേയ്ക്ക് പോയി. അടുത്ത വരവിനെ ആരതിയെ കൊണ്ടുപോകു.
അനിലിന്റെ വേർപ്പാട് അവളിൽ വളരെ ദുഖമുളവാക്കി. ആ മുഖത്ത് എപ്പോഴും മ്ലാനത തളം കെട്ടിനിന്നു.
വൈകുന്നേരമായാൽ അനിലിന്റെ അമ്മ ആരതിയേയും കൂട്ടി സായാഹ്ന സവാരിയ്ക്കിറങ്ങും. കളിയും തമാശയും പറഞ്ഞ് ആ മനസ്സിനെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കും.
അങ്ങകലെ നിന്നും ഒഴുകി വരുന്ന സിനിമ പാട്ട് അവളുടെ കാതുകളിലേക്ക് ഒഴുകിയെത്തി.
“കണ്ണീർ പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി “……
അത് കേൾക്കുന്തോരും അവളുടെ മിഴികൾ നിറഞ്ഞൊഴുകി. അനിൽ എപ്പോഴും പാടാറുള്ള ആ പാട്ട് അവളുടെ ചിന്തകളെ ഉണർത്തി.
ഓർമ്മകൾ തട്ടിയുണർത്തിയപ്പോൾ ആ മുഖത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടി. എന്തോ നടുക്കത്തിൽ നിന്നും ഞെട്ടിയുണർന്ന അവൾ വിളറി വെളുത്തു.
മോളേ….. കീർത്തി വിളിച്ചപ്പോൾ അവൾ ചിന്തയിൽ നിന്നും ഉണർന്നു.
എന്താ അമ്മേ അവൾ വിനീതമായി ചോദിച്ചു.
മോൾ എന്താ ഒന്നും മിണ്ടാതെ നടക്കുന്നത്.
അനിലിനെ കുറിച്ചുള്ള ആലോചനയിലാണോ?
അവർക്ക് അവളോട് സഹതാപം തോന്നി. അവർ അരുമയോടെ ആ പൂങ്കവിളിൽ തലോടി. പാവം കുട്ടി അവർ മനസ്സിൽ പറഞ്ഞു.
അവൾ തന്റെ മനോഹരമായ പാദങ്ങൾ മെല്ലെ സ്പർശ്ശനമേകി നടന്നു നീങ്ങി. പൂക്കളാൽ മെത്ത വിരിച്ച വഴിയിലൂടെ അവർ നടന്നു നീങ്ങി.
അവളുടെ ഓരോ ചുവടുകളിലും ഇലകൾ തെന്നി മാറി. പൂക്കൾ അവളെ നോക്കിd പുഞ്ചിരിച്ചു.
വർഷം ഒന്ന് കഴിഞ്ഞു.
അനിൽ ആരതിയെ കൊണ്ടു പോകാനായി വരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവൾ കാനഡയിലേയ്ക്ക് പറക്കും. അവൾ ആഹ്ലാദത്താൽ തുള്ളി ചാടി.
അങ്ങിനെ അനിൽ ആരതിയേയും കൊണ്ട് ഓണത്തിന്റെ പിറ്റേന്ന് തന്നെ കാനഡയിലേക്ക് പോയി.
പുതിയ അന്തരീക്ഷവും പുതുമയാർന്ന ജീവിതവും ആരതിയുടെ മനസ്സിന് കുളിർമ്മയേകി.
തന്റെ ആഗ്രഹങ്ങൾക്കൊന്നും അനിൽ ഇതുവരെ ഒരു എതിർപ്പും പറഞ്ഞിട്ടില്ല . രണ്ടു പൂതുമ്പികളെ പോൽ പാറികളിച്ചു ആ ജീവിതം മുന്നോട്ട് തുഴഞ്ഞു.
സുഖസമ്പന്നതയിലൂടെ അവരുടെ ജീവിതം മുന്നോട്ടു നീങ്ങി. സ്നേഹവും സന്തോഷവും വിട്ടുവീഴ്ചയും വേണ്ടുവോളം ഉള്ള ജീവിതം അവർ ആ തൂവൽ കൊട്ടാരത്തിൽ ആസ്വദിച്ചുകൊണ്ടിരുന്നു.
അങ്ങിനെയിരിക്കെ അവരുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയുടെ വരവറിയിച്ചു.
ആ വരവിനായി അവർ ദിവസങ്ങൾ എണ്ണി കാത്തിരുന്നു.
അങ്ങിനെ ചിങ്ങത്തിലെ ഉത്രാടം ദിവസം ആരതി ഒരു പെൺ കുഞ്ഞിന് ജന്മം നൽകി.
അങ്ങകലെ കടൽക്കരയിൽ നിലാവെളിച്ചം ഒളിച്ചു കളിക്കുന്നു.
ആരതിയുടെ മനസ്സിൽ പൂർണ്ണ ചന്ദ്രൻ ഉദിച്ചു. ആ തൂവൽകൊട്ടാരത്തിൽ
അവരുടെ കളിയും ചിരിയും മാറ്റൊലി കൊണ്ടു.
അവർ ആ കുഞ്ഞിന് അഖില എന്ന പേരിട്ടു. അനിലിന്റെയും ആരതിയുടേയും തൊട്ടപ്പുറത്താണ് വിഹാന്റെയും മാലയുടേയും വീട്. അവർക്കൊരു മോനുണ്ട് മഹി.
അനിലും വിഹാനും ഉറ്റ സുഹൃത്തുക്കളാണ്. അഖിലയും മഹിയും ഒന്നിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും.
സന്തോഷത്തോടെ ദിനരാത്രങ്ങൾ കടന്നു പോകവേയാണ് അവരുടെ ജീവിതത്തിലേക്ക് കരിനിഴൽ വീശിയത്.
അന്ന് മോൾ അഞ്ചാം ക്ലാസ്സിലാണ്. പതിവുപോലെ മോളേ കൊഞ്ചിച്ച് മുത്തവും കൊടുത്ത് ഓഫീസിൽ പോയ ആൾ നേരമേറെ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.
ആരതി അനിലിന്റെ ഫോണിലേയ്ക്ക് പലവട്ടം വിളിച്ചെങ്കിലും യാതൊരു പ്രതികരണവുമില്ല. അവളാകെ ഭയവിഹ്വലയായി.
ആ മനസ്സിൽ ഒരു അഗ്നിപർവ്വതം പുകയാൻ തുടങ്ങി.
അവൾ വിഹാനെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു.
അവൾ ഇരുട്ടിലേക്ക് നോക്കി വഴിക്കണ്ണുമായി കാത്തിരുന്നു. എന്തു ചെയ്യണമെന്നറിയാതെ അവൾ തളർന്നിരുന്നു. മോൾ ഒന്നുമാറിയാതെ
സുഖനിദ്രയിലാണ്.
ഭീതിയുടെ കരിനിഴൽ പാകിയ രാത്രിയുടെ ഏതോ യാമത്തിൽ അടക്കി പിടിച്ച സംസാരവും തേങ്ങലിന്റെ ധ്വനിയും കേട്ട് അവൾ മെല്ലെ വാതിൽ പാളികൾ അല്പം തുറന്ന് പുറത്തേയ്ക്ക് നോക്കി.
ഗേറ്റിനു പുറത്തു നിന്നും ഒരു ആംബുലൻസ്സിൽ നിന്നും വെള്ള പുതപ്പിച്ച ഒരു ശരീരം പുറത്തേക്ക് എടുത്ത് തന്റെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നു.
അവൾ പേടിച്ചത് സംഭവിച്ചിരിക്കുന്നു. അവൾ ഒരലർച്ചയോടെ പിന്നോട്ട് മറിഞ്ഞു. ആരെല്ലാമോ താങ്ങിയെടുത്ത് അവളെ റൂമിൽ കൊണ്ടുപോയി കിടത്തി.
ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്തു.
ആരതിക്കും കുഞ്ഞിനുമൊപ്പം വിഹാനും ഫാമിലിയും പോയിരുന്നു.
അവിടെ എത്തിയ ആ വൃദ്ധ മാതാപിതാക്കളുടെ അവസ്ഥ കണ്ടുനിൽക്കാൻ കഴിയുമായിരുന്നില്ല.
ഒരു വശത്ത് തളർന്നു കിടക്കുന്ന മാതാപിതാക്കൾ മറുവശത്ത് ബോധം നഷ്ടപ്പെട്ടു കിടക്കുന്ന ഭാര്യ.
ചടങ്ങുകൾ കഴിഞ്ഞ് ആരതിയെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുന്നു.
ഒന്നും മനസ്സിലാകാതെ അഖില മോൾ കിടന്നു കരയുകയാണ്. അവളെ സമാധാനിപ്പിച്ചുകൊണ്ട് മഹി തൊട്ടടുത്തു തന്നെയുണ്ട്.
ആശുപത്രി കിടക്കയിൽ അഭയം പ്രാപിച്ച ആരതിക്ക് പത്തു ദിവസം വേണ്ടി വന്നു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ.
മകൻ നഷ്ടപ്പെട്ട ആ ദമ്പതികൾ മരുമകൾക്കും പേരക്കുട്ടിക്കും വേണ്ടി മാത്രം ജീവിച്ചു.
അച്ഛനെ അന്വേഷിക്കുന്ന മകൾക്കു മുമ്പിൽ പൊട്ടി കരയാതിരിക്കാൻ ആരതി പാടുപെട്ടു.
കാലം കടന്നു പോയി. മുത്തശ്ശിയും, മുത്തശ്ശനുമെല്ലാം വിടചൊല്ലി പിരിഞ്ഞു പോയി വർഷങ്ങൾ കഴിഞ്ഞു.
അഖിലമോൾ ഇന്ന് അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ്.
നാളെ അവളുടെ വിവാഹമാണ്. അനിലിന്റെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ വിഹാന്റെ മകൻ മഹി. മഹി ഐ എ എസ്.
അങ്ങിനെ അനിലിന്റെ മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹത്തെ നിറവേറ്റി അവൾ നിവൃതിയടഞ്ഞു.
വർഷങ്ങൾക്കു ശേഷം അന്നാദ്യമായി അവൾ ചിരിച്ചു. ആകാശത്തിരുന്ന് ഒരു നക്ഷത്രം അവരെ നോക്കി ചിരിച്ചു. ആ നക്ഷത്രം അവളെ കൈമാടി വിളിക്കുന്നതായി അവൾക്ക് തോന്നി.
അവൾ മെല്ലെ അനന്തതയിലേക്ക് നോക്കി എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു. ഇനി തനിക്ക് സമാധാനത്തോടെ തന്റെ പ്രിയപ്പെട്ടവന്റെ അടുത്തെത്താം.


6 Comments
Thank you so much
❤️👌🌹
Thank you so much
ഈ സഹകരണത്തിന് നന്ദി സന്തോഷം.
👍💯🙏
Thank you so much