“മോളുടെ കല്യാണമായി അല്ലേ? എല്ലാ കാര്യങ്ങളും പറഞ്ഞുറപ്പിച്ചോ? സ്വർണ്ണം എത്ര പവനാണ്?ഏതു കാർ വേണമെന്ന് അവർ പറഞ്ഞോ? കല്യാണച്ചെലവിന് എത്ര കൊടുക്കണം? വസ്തുവായിട്ടാണോ പണമായാണോ ബാക്കി?”
ചോദ്യങ്ങളിങ്ങനെ നാലു പാടു നിന്നും വന്നു കൊണ്ടേയിരുന്നു. മറുപടി പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നതേയില്ല. പക്ഷേ വീണ്ടും പരശ്ശതം ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നു.
“അയ്യോ അവരൊന്നും ചോദിച്ചില്ലേ? ചോദിക്കുന്നതു കുറഞ്ഞുപോയാലോ എന്നു കരുതിയാവും.. അവൾ സ്വർണ്ണക്കടയിലെ മോഡലിനേപ്പോലെ നിൽക്കില്ലെന്നു പറഞ്ഞാലും നൂറു പവനെങ്കിലും കൊടുക്കണ്ടേ? വലിയ പഠിത്തക്കാരിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. നിങ്ങളിങ്ങനെ ന്യായങ്ങളും പറഞ്ഞിരുന്നോ. നല്ല സ്വത്തുമായി ചെന്നില്ലെങ്കിൽ മോൾക്കവിടെ ഒരു വിലയും കാണില്ല കേട്ടോ”
നമ്മുടെ സമൂഹത്തിൻ്റെ ചിന്താഗതികൾ എങ്ങനെ പോകുന്നുവെന്നു നോക്കൂ.
സ്ത്രീധനം എങ്ങനെയാണ് ഒരു സാമൂഹ്യവിപത്തായി മാറുന്നത്? വിവാഹം നടക്കുന്ന സമയത്ത് കണക്കു പറഞ്ഞു നൽകേണ്ട അവസ്ഥ വരുമ്പോഴല്ലേ?
സ്ത്രീധനത്തേക്കുറിച്ചു പറയുമ്പോഴെല്ലാം ഉയർന്നു വരുന്ന ഒരു പ്രശ്നമാണ് സ്ത്രീകളുടെ സ്വത്തവകാശം. പല സ്ഥലങ്ങളിലും സമുദായങ്ങളിലും ഇപ്പോഴും സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം നിലവിലില്ല എന്നത് പച്ചയായ പരമാർത്ഥമാണ്. വിവാഹസമയത്ത് മകൾക്ക് എന്തെങ്കിലുമൊക്കെ നൽകിയിട്ട് ബാക്കി സ്വത്തുക്കളെല്ലാം പുത്രന്മാർക്കു നൽകുന്ന മാതാപിതാക്കളുണ്ട്. ഇത് അനീതി തന്നെയെന്ന് എടുത്തു പറയേണ്ടതുണ്ടോ? സ്ത്രീധന സമ്പ്രദായത്തെ ന്യായീകരിക്കാൻ പലപ്പോഴും ഈ അനീതി ഉപയോഗിക്കപ്പെടുന്നു.
സാമ്പത്തിക ഭദ്രത കുറഞ്ഞവരാണ് മിക്കപ്പോഴും സ്ത്രീധന സമ്പ്രദായത്തിൻ്റെ ദുരിതാനുഭവങ്ങൾ കൂടുതൽ ഏറ്റു വാങ്ങേണ്ടി വരുന്നത്. ഉളളതെല്ലാം മകൾക്കു കൊടുത്ത് ആൺമക്കളെ കടക്കെണിയിലേക്കു തള്ളിവിടുന്നവരുമുണ്ട്.
വിവാഹം എന്നു പറയുമ്പോൾത്തന്നെ ആ മഞ്ഞ ലോഹത്തിന് എടുത്താൽ പൊങ്ങാത്ത പ്രാധാന്യമാണു നാം നൽകുന്നത്.
സ്വർണ്ണം എന്നും നല്ലൊരു ആസ്തിയാണ്. അത്യാവശ്യം വന്നാൽ പെട്ടെന്നു തന്നെ പണമായി മാറ്റാവുന്നതു കൊണ്ട് ജീവിത വഴികളിൽ മകൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന വസ്തു .ആർഭാടം കാണിക്കാൻ വേണ്ടി കൊക്കിലൊതുങ്ങാത്തതിനായി പോകുന്നതാണു പ്രശ്നം.
ഇട്ടു മൂടാൻ സ്വർണ്ണവും വലിയ കാറും കൊട്ടാരം പോലെയുള്ള വീടുമെല്ലാം നൽകി നടത്തുന്ന വിവാഹ മാമാങ്കങ്ങൾ സ്ത്രീധന സമ്പ്രദായത്തിനുള്ള വിത്തും വളവുമാണു നൽകിക്കൊണ്ടിരിക്കുന്നത്.
ഇതിനെയെല്ലാം ധൈര്യത്തോടെ നേരിടേണ്ടത് പെൺകുട്ടികളും വീട്ടുകാരുമാണ്. കണക്കു പറഞ്ഞ് സ്വത്തും പണവും സ്വർണ്ണവും ആവശ്യപ്പെടുന്നവന് മകളെ കൊടുക്കില്ലെന്നു മാതാപിതാക്കളും അങ്ങനെയൊരു വിവാഹം വേണ്ടെന്നു പെൺകുട്ടികളും തീരുമാനിച്ചേ മതിയാവൂ. ഒരിയ്ക്കലും വിലപേശലിനു നിന്നു കൊടുക്കരുത്.
പക്ഷേ ഒരു പെൺകുട്ടിയോ കുടുംബമോ മാത്രം അങ്ങനെ ചെയ്താൽഎന്തു പ്രയോജനം? ആ പുരുഷൻ വേറൊരു പെൺകുട്ടിയുടെ ജീവിതത്തിൽ അത് ആവർത്തിക്കില്ലേ? നിലവിലെ സാമൂഹിക വ്യവസ്ഥിതിയിൽ സ്ത്രീ ജീവിതം വിൽപ്പനച്ചരക്കായി തുടരുക തന്നെ ചെയ്യും.
കാലങ്ങളായി എത്രയേറെ പെൺകുട്ടികളാണ് സ്ത്രീധന പീഡനത്തിനു ബലിയാടായിക്കൊണ്ടിരിക്കുന്നത്. ഒരു വിസ്മയയോ വിപഞ്ചികയോ ഉത്രയോ ഷഹാനയോ പ്രിയങ്കയോ തുഷാരയോ നമ്മുടെ മനസ്സിനെ നീറിക്കുന്നുവെങ്കിൽ അറിയപ്പെടാത്ത എത്രയെത്ര പീഡനങ്ങളാണ് നമുക്കു ചുററും നടന്നു കൊണ്ടിരിക്കുന്നത്.
പീഡിതരായ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുമ്പോഴാണോ നമ്മുടെ സാമൂഹികബോധം ഉണരേണ്ടത്?
1961 ലാണ് നമ്മുടെ രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചത്. എന്നിട്ടും പല രൂപത്തിൽ സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. കുടുംബത്തിൻ്റെ ആഢ്യത്വം കാണിക്കാനുള്ള അളവു കോലായി വിവാഹ ആഡംബരങ്ങൾ മാറിയിരിക്കുന്നു എന്നു തന്നെ പറയാം.
വിവാഹം കഴിഞ്ഞാലും ചടങ്ങുകൾ എത്രയേറെ. അമ്മായിഅമ്മയ്ക്കും നാത്തൂന്മാർക്കും സ്വർണ്ണം, വസ്ത്രങ്ങൾ, പലഹാരങ്ങൾ അതൊരു തുടർക്കഥയായി നീണ്ടു പോയ്ക്കൊണ്ടിരിക്കും.
ചിലയിടങ്ങളിൽ പയ്യൻ്റെ അച്ഛനോ അമ്മയോ മരണപ്പെട്ടാൽ മുഴുവൻ ചെലവുകളും വഹിക്കുകയും പയ്യന് സ്വർണ്ണമോതിരം കൊടുക്കുകയും ചെയ്യേണ്ടത് പെൺവീട്ടുകാരുടെ കടമയിലുൾപ്പെടുമെന്ന് ഒരു സുഹൃത്തു പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നും അതൊക്കെ ഏതെങ്കിലും തരത്തിൽ നിലനിൽക്കുന്നുണ്ടാവും.
എന്നാൽ സ്ത്രീധന നിരോധനനിയമത്തിൻ്റെ പേരിൽ കൊടുക്കുന്ന കേസുകൾ പരിശോധിച്ചാൽ വിവാഹശേഷം എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ മാത്രം കൊടുക്കുന്നതായാണ് കണ്ടു വരുന്നത്.
എന്തു കൊണ്ടാണ് വിവാഹത്തിനു മുൻപു തന്നെ ഇത്തരത്തിൽ സ്ത്രീധനം ചോദിക്കുന്നവർക്കെതിരെ കേസ് കൊടുക്കാത്തത്?
ഒരു പക്ഷേ വാങ്ങുന്നവനും കൊടുക്കുന്നവനും കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം. പിന്നെ പല വീടുകളിലും വിവാഹ ശേഷമാകാം കൊണ്ടുവന്നതു പ്രതീക്ഷിച്ചതിലും കുറഞ്ഞുപോയതിൻ്റെ പേരിൽ കുത്തുവാക്കുകളും പീഡനങ്ങളും ആരംഭിക്കുന്നത്.
പെൺമക്കൾ മരണമടഞ്ഞതിനു ശേഷം ചാനലുകളിൽ വന്നിരുന്നു കണ്ണീരൊഴുക്കുന്ന മാതാപിതാക്കൾ സഹതാപത്തിനർഹരേയല്ല എന്നാണ് ഞാൻ ചിന്തിക്കുന്നത്.അവരിൽ വിരലിലെണ്ണാൻ ആളുകൾ മാത്രമേ മക്കളുടെ ദുരവസ്ഥ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളു. ദുരിത ജീവിതത്തിൽ അവർക്ക് ആശ്വാസത്തിൻ്റെ ഒരു തുള്ളി വെളിച്ചം നൽകാൻ പോലും തയ്യാറാകാതെ എന്തിനീ കരച്ചിൽ?
നമ്മൾ കാണുന്ന ചില കേസുകളിലെങ്കിലും പയ്യൻ്റെ സ്വഭാവ രീതികളും ഒരു വില്ലൻ തന്നെയാണ്. സംശയ രോഗവും മാനസിക വൈകൃതവും ബാധിച്ച ഇക്കൂട്ടർ ഏറ്റവും ഉപദ്രവകാരികളാണെന്ന് അതുല്യയുടെ ജീവിതം കണ്ടപ്പോഴെങ്കിലും നമുക്കു മനസ്സിലായില്ലെങ്കിൽപ്പിന്നെ എന്താണു ചെയ്യുക ?
പെൺമക്കളെ വിവാഹം കഴിച്ചു വിടുന്നത് ഒരിയ്ക്കലും കൊതുമ്പു വള്ളത്തിൽ നിലയില്ലാക്കയത്തിലേക്കു തള്ളി വിടുന്നതുപോലെയാവരുത്. അവരുടെ ജീവിതത്തിൽ അമിതമായി കൈ കടത്താതെ തന്നെ ആ ജീവിതം കണ്ടു കൊണ്ടിരിയ്ക്കണം. ഏതു ദുഃഖത്തിലും അവർക്കു താങ്ങാവണം. ചേർത്തു നിർത്തണം. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു പ്രസംഗിച്ചിട്ടു കാര്യമില്ല. ഒരു വഴിയും കാണാതെ വരുമ്പോഴാവും കുഞ്ഞുമക്കളുമായി അവർ പോകാൻ തീരുമാനിക്കുന്നത്.
നമ്മുടെ മനസ്സിലെ രാജകുമാരിയായിരുന്നവളാണ്, അവൾക്കു നമ്മളുണ്ട് എന്നു മാതാപിതാക്കളും സഹോദരങ്ങളും ചിന്തിച്ചാൽ പല പ്രശ്നങ്ങളും ഒരു പരിധിവരെയെങ്കിലും പരിഹരിക്കാൻ കഴിയുമെന്നാണ് എനിക്കു തോന്നുന്നത്.
ഇതിനെല്ലാം ഒരു മറുപുറമുണ്ട്. നൂറു പവനും കാറുമെല്ലാം കിട്ടിയാലേ വിവാഹം കഴിക്കൂ എന്ന പിടി വാശി പിടിക്കുന്ന പല പെൺകുട്ടികളെയും കണ്ടിട്ടുണ്ട്. കിട്ടിയതൊന്നും പോരാ എന്നു പറഞ്ഞ് അച്ഛനമ്മമാരെ പിഴിഞ്ഞു ജീവിക്കുന്നവരുമുണ്ട്.
ചില മാതാപിതാക്കളാണെങ്കിലോ, സമൂഹത്തിലെ തങ്ങളുടെ മാന്യതയുടെ പേരും പറഞ്ഞ് മക്കളുടെ ദുരിതജീവിതം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.
എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതാണ് ഉത്തമസ്ത്രീയുടെ ലക്ഷണമെന്ന് നമ്മുടെ മക്കളെ പഠിപ്പിക്കരുത്. സ്ത്രീപുരുഷ സമത്വത്തിൻ്റേതായ പുതിയ ചിന്തകൾ സമൂഹത്തിനാവശ്യമുള്ള കാലമാണിത്. ആധിപത്യമല്ല, സഹവർത്തിത്വമാണ് ജീവിതത്തിനാവശ്യമെന്ന് അവർക്കു പറഞ്ഞു കൊടുക്കൂ.
വിവാഹം കഴിക്കുന്ന പെൺകുട്ടിയാണ് തനിക്ക് സാമ്പത്തിക ഭദ്രതയുണ്ടാക്കിത്തരേണ്ടതെന്ന് ആൺമക്കളും പഠിക്കാനിട വരുത്തരുത്.
സ്ത്രീയും പുരുഷനും ഒപ്പം നിന്നാണ് ജീവിതം കെട്ടിപ്പടുക്കേണ്ടത്. മക്കളെ പുതിയ പുതിയ കോഴ്സുകൾ പഠിപ്പിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും നല്ല മനുഷ്യരാകാനും പഠിപ്പിക്കൂ.
പ്രിയ മക്കളേ…
വിവാഹമാണു ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം എന്ന ചിന്ത ദൂരെക്കളയൂ. അത് ജീവിതത്തിൻ്റെ ഒരു ഭാഗം മാത്രമാണ്. വിവാഹത്തിലും കുടുംബത്തിലും തുല്യത നിങ്ങളുടെ അവകാശമാണ്. വില പേശലിനോ അപമാനത്തിനോ ഒരു നിമിഷം പോലും നിന്നു കൊടുക്കില്ലെന്നുള്ള ആർജ്ജവം മനസ്സിലുണ്ടാവണം. അന്തസ്സിൻ്റെ മാനദണ്ഡം അന്തസ്സായി ജീവിക്കുന്നതിലാണ്. കുടുംബജീവിതത്തിൽ വീട്ടുവീഴ്ചകൾ വേണം. എന്നാൽ അത് പീഡനത്തിനും ചവിട്ടിമെതിക്കലിനും മുന്നിലാവരുത്.
അങ്ങനെനോക്കുമ്പോൾ
എന്തൊക്കെയാണു മാറേണ്ടത്?
സ്ത്രീ തന്നെയാണ് ധനം എന്നതു ശരി തന്നെ. പക്ഷേ അവളുടെ ജീവിതം തങ്ങളാൽ കഴിയുന്ന വിധം സുരക്ഷിതമാക്കേണ്ട ചുമതല മാതാപിതാക്കൾക്കുണ്ട്. അത് അവളെ വില്പനച്ചരക്കാക്കിക്കൊണ്ടാവരുതെന്നു മാത്രം. മാറേണ്ടത് നമ്മൾ മാതാപിതാക്കളുടെ– നമ്മുടെ കുട്ടികളുടെ – നമ്മുടെ സമൂഹത്തിൻ്റെ മനസ്ഥിതിയാണ്. അതു മാറാതെ ഒരു നിയമത്തിനും ഇവിടെ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല.
#എൻ്റെരചന
#കൂട്ടക്ഷരങ്ങൾ



10 Comments
❤️💜💙
Thank u dear ❤️
നന്നായി എഴുതി ❤️
Thank u dear ❤️
വളരെ നന്നായി എഴുതിയിട്ടുണ്ട്.ആശംസകൾ അഭിനന്ദനങ്ങൾ. സ്ത്രീധനം കൊടുത്താലും കൊടുത്തില്ലെങ്കിലും പെൺകുട്ടിയെ ഉപദ്രവിക്കും. ആത്മഹത്യചെയ്യിക്കും. ഇങ്ങനെ സ്ത്രീകളെ ഒരു കച്ചവടച്ചരക്കായി കാണുന്ന മനോഭാവമാണ് മാറേണ്ടത്.
അതിന് ചെറുപ്പത്തിൽ തന്നെ ആൺകുട്ടികളേയും പെൺകുട്ടികളേയും മനുഷ്യത്വം ഉള്ളവരാക്കി വളർത്തിയെടുക്കാൻ പഠിപ്പിക്കണം.
മനുഷ്യത്വം കാരുണ്യം സ്നേഹം തുടങ്ങിയവ പഠിപ്പിക്കുന്നതിന് പകരം കച്ചവടം എങ്ങനെ ലാഭകരമാക്കാം എന്നാണ് പഠിപ്പിക്കുന്നത്.
മാറ്റങ്ങൾ തുടങ്ങാൻ നാമോരോരുത്തരും മനസ്സു വെയ്ക്കണം.
നല്ല വാക്കുകൾക്കു നന്ദി 🙏സ്നേഹം❤️
നന്നായി എഴുതി ചേച്ചി.. അഭിനന്ദനങ്ങൾ 🌹🌹
സ്നേഹം സിന്ധൂ❤️❤️
സ്നേഹം നന്ദി ജോയ്സ്❤️❤️❤️
നല്ല blog.👌
സ്ത്രീധനത്തിന്റെ വിവിധ വശങ്ങൾ വിശദമായി പ്രതിപാദിച്ചു. കണക്ക് പറഞ്ഞു വിലപ്പേശി വാങ്ങുന്ന സ്ത്രീധനവും സ്വത്തവകാശവും തികച്ചും രണ്ടാണെന്നും നൽകുന്ന സമയം,സന്ദർഭം, അവകാശം ഇതൊക്കെ സ്ത്രീയുടെ സ്വത്തിൽ പ്രധാനമാണെന്നും എഴുത്ത് അടിവരയിടുന്നു.
അഭിനന്ദനങ്ങൾ👍👌