ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചികരമായ ഭക്ഷണം ഏതാണെന്നു ചോദിച്ചാൽ മിക്കവർക്കും അമ്മ ഉണ്ടാക്കിയിരുന്ന മാമ്പഴപ്പുളിശ്ശേരിയോ മീൻകറിയോ കോഴി വറു ത്തരച്ചതോ അങ്ങനെ എന്തെങ്കിലും ഒക്കെ ആവും ആദ്യം ഓർമ വരുക. അതേ, അമ്മമാരുടെ കൈപ്പുണ്യം ഒരിക്കലും ആവർത്തിക്കാൻ നമുക്ക് പറ്റില്ല. എത്ര രുചിയോടെ ഉണ്ടാക്കിക്കൊടുത്താലും മൂക്ക് മുട്ടെ കഴിച്ചതിനു ശേഷം എല്ലാ ഭർത്താക്കന്മാരും ” അമ്മേടെ കറിടെ അത്ര പോരാ ” എന്നു ഡയലോഗും അടിച്ചു ഭാര്യമാരെ പ്രകോപിതരാക്കുന്നതും അതു കൊണ്ടൊക്കെത്തന്നെ.
അമ്മേടെ മാമ്പഴപ്പുളിശ്ശേരിയും സ്പെഷ്യൽ പോർക്ക് ഫ്രെയും തേങ്ങാപ്പാലിൽ വച്ച മീൻകറിയും ബീഫ് വരട്ടിയതും അവിയലും നാടൻ കോഴിക്കറിയും ദുഖവെള്ളിയാഴ്ച്ച മാത്രം ഉണ്ടാക്കുന്ന മല്ലിപ്പൊടി ചേർക്കാത്ത മാങ്ങാകറിയും പിന്നെ പെസഹാവ്യാഴത്തിലെ ഞങ്ങൾ വെള്ളകറി എന്നു പറയുന്ന ഓലനും സ്റ്റുവിനും ഇടയിലെ ഒരു ഉരുളകിഴങ്ങു കറിയും പിന്നെ ബീഫ് കട്ലെറ്റും ചെമ്മീൻ വടയും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പലഹാരങ്ങളും ഒക്കെ ഇപ്പോഴും വായിൽ കപ്പലോടിക്കുമെങ്കിലും എനിക്കിപ്പോഴും ഓർമയിൽ നിൽക്കുന്ന ഏറ്റവും രുചിയുള്ള ഭക്ഷണം കൂട്ടുകാർക്കൊപ്പം കഴിച്ച പൊറോട്ടയും മുട്ടകറിയുമാണ്.
കോളേജിലെ സ്റ്റഡിലീവ് ദിനങ്ങളിൽ പരസ്പരം കാണാൻ വേണ്ടി, വാട്സാപ്പും ഫേസ്ബുക്കും ഇല്ലാതിരുന്ന, എന്തിനു ലാൻഡ് ലൈൻ ഫോൺ പോലും അപൂർവമായിരുന്ന അക്കാലത്തു ഞങ്ങൾ (ഞങ്ങൾ എന്നുപറഞ്ഞാൽ, ബിന്ദു, സിന്ധു, നീന, രാഖി, ഷാഫിയ, പിന്നെ ഞാനും അടങ്ങിയ B. Sc. Maths ലെ ആറു പേർ ഗാങ്. അന്നത്തെ ഞങ്ങടെ സൗഹൃദങ്ങൾക്ക് പോലും ഒരു മതേതരത്വം ഉണ്ടായിരുന്നു.)ഉണ്ടാക്കിയ ഒന്നായിരുന്നു കമ്പിയിൻ സ്റ്റഡി. വീട്ടിലിരുന്നു പഠിക്കുന്നതിന്റെ ബോറടി മാറാനും വീട്ടുകാരുടെ പഠിക്കെടീ പഠിക്കെടീ എന്നുള്ള പീഡനത്തിൽ നിന്നു രക്ഷപ്പെടാനും ആഴ്ചയിൽ ഒരു ദിവസം ഞങ്ങൾ ചേട്ടത്തീടെ വീട് എന്നു ഞങ്ങൾ വിളിക്കുന്ന കോളേജിന് അടുത്തുള്ള ഒരു വീട്ടിൽ സമ്മേളിക്കും. ജീനെടെ ചേട്ടന്റെ വീടായിരുന്നെങ്കിലും എന്ത് കൊണ്ടോ അത് “ചേട്ടത്തീടെ വീട് “ആയിരുന്നു എല്ലാവർക്കും. ആ ചേടത്തി ഒരു പാവമായിരുന്നത് കൊണ്ട് ഞങ്ങൾ അവരുടെ ഇറയത്തും മുറ്റത്തു പടർന്നു തണൽ വിരിച്ചു നിന്നിരുന്ന കുടംപുളിയുടെ ചോട്ടിലും ഇരുന്നും കിടന്നും,ഇത്തിരി പഠിച്ചും, ഒത്തിരി ചിരിച്ചും, ഇടയ്ക്കു അടുക്കളേൽ കേറി വല്ലതും തിന്നാൻ കിട്ടുമോ എന്നു നോക്കിയും, ഫ്രിഡ്ജിലെ തണുത്ത വെള്ളം ഒട്ടും ബാക്കിവയ്ക്കാതെ കുടിച്ചു തീർത്തും, അതിലൊന്നും യാതൊരു ഉളുപ്പും ഇല്ലാതെയും, combine study ആഘോഷമാക്കിക്കൊണ്ടിരുന്നു.
അന്നൊരു ദിവസം ഞങ്ങൾ ചെല്ലുമ്പോൾ ചേടത്തി വീടും പൂട്ടി എങ്ങോട്ടോ പോയിരുന്നു. അതൊരു പ്രശ്നമല്ലാത്തതോണ്ട് ഞങ്ങൾ ഇറയത്തു കേറി ഇരുന്നു പതിവ് കലാപരിപാടികൾ ആരംഭിച്ചു. സമയത്തെ കുറിച്ച് യാതൊരു ബോധവുമില്ലാതെ അതങ്ങനെ ഉച്ചക്ക് 3 മണി വരെ നീണ്ടു. വയറു കത്തിക്കാളാൻ തുടങ്ങീപ്പോ ആണ് ആരുടെ കയ്യിലും ഭക്ഷണം ഒന്നും ഇല്ലാന്ന് ഉള്ള ദുഖസത്യം ഞങ്ങളറിഞ്ഞത്.
കോളേജിനു മുൻപിൽ ഒരു ഹോട്ടൽ ഉണ്ട്. ഹോട്ടൽ എന്നാണ് ബോർഡ് എങ്കിലും ഒരു ചെറിയ ചായക്കട മാത്രമാണ്. കോളേജിലെ പൂവാലൻമാരുടെയും വില്ലന്മാരുടെയും നിത്യസങ്കേതം . അതിനു മുൻപിലൂടെ നെഞ്ചിടിപ്പോടെയല്ലാതെ ഞങ്ങൾ പെൺകുട്ടികൾ പോകാറില്ല.
അവിടെ എന്തെങ്കിലും ഭക്ഷണം കാണാതിരിക്കില്ല. പക്ഷെ,ആര് പോകും? പൂച്ചക്കാര് മണികെട്ടും?
എല്ലാരുടെയും ബാഗിൽ തപ്പി എടുത്ത ചില്ലറക്കാശും എടുത്തു ഞാനും ഷാഫിയും ആ സാഹസയജ്ഞത്തിനു ഇറങ്ങിതിരിച്ചു. പക്ഷെ ചായക്കടയിൽ ഉറക്കെ പാട്ടും പാടി ഇരിക്കുന്ന ആസ്ഥാന പൂവാലന്മാരെ കണ്ടതും ഞങ്ങടെ മുട്ടിടിച്ചു. അപ്പോഴാണ് ചായക്കടയുടെ പുറകിലോട്ട് പോകുന്ന ഒരു വഴിയുണ്ടെന്ന കാര്യം ഞങ്ങൾ കണ്ടുപിടിച്ചത്. ആരും കാണാതെ പൂച്ച പതുങ്ങിയ പോലെ ആ വഴിയിൽ കൂടി ചെന്ന് തട്ടി വിളിച്ചു. ഒരു മധ്യവയസ്കയായ സ്ത്രീ വന്നു. ഞങ്ങടെ ദയനീയ ഭാവവും രണ്ടു പേരുടെയും കയ്യിൽ നിറയെ ഉള്ള ചില്ലറക്കാശും കണ്ട് കാര്യം മനസ്സിലായ അവർ കൂടുതലൊന്നും ചോദിക്കാതെ 2 പ്ലേറ്റ് പൊറോട്ടയും മുട്ടകറിയും പൊതിഞ്ഞു തന്നു.
ലോകം കീഴടക്കിയ ഭാവത്തോടെ വന്ന ഞങ്ങളെ കൂട്ടുകാർ ബഹുമാനത്തോടെ നോക്കി. പൊതിയഴിച്ചതും മുട്ടചാറിൽ കുതിർന്നു ചുവന്നു കിടന്നിരുന്ന പൊറോട്ടയിലേക്ക് പന്ത്രണ്ടു കൈകൾ ഒരുമിച്ചു നീണ്ടതും പൊതി കാലിയായതും ഒരുമിച്ചു കഴിഞ്ഞു. അവസാന തുണ്ടിനു വേണ്ടി അടികൂടി, തട്ടിപ്പറിച്ചു ഇല നക്കിത്തുടച്ചു, ചേട്ടത്തീടെ കിണറ്റിലെ വെള്ളം കുടിച്ചപ്പോഴുണ്ടായ ആ സന്തോഷം ഇന്നും five star ഹോട്ടലിൽ പോയാലും കിട്ടില്ല.
ആ പൊറാട്ടയുടെയും മുട്ടകറിയുടെയും രുചി ഇന്നും നാടനോ വിദേശിയോ ആയ ഒരു ഭക്ഷണത്തിനും എനിക്ക് തോന്നാത്തതിന് കാരണം അന്നത്തെ അന്തം കത്തിയുള്ള വിശപ്പാണോ, അതോ കൂട്ടുകാരുമൊത്തുള്ള ആ സുന്ദരസമയമാണോ അതോ ആ കടക്കാരന്റെ കൈപ്പുണ്യമാണോ എന്നറിഞ്ഞൂടാ.
ഇനി ക്ലൈമാക്സ്.
എക്സാമൊക്കെ കഴിഞ്ഞു കോളേജ് തുറന്ന ഒരു ദിവസം ആ ഹോട്ടലിന്റെ മുൻപിൽ പോലീസിനെ കണ്ടപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങളറിഞ്ഞത്. ഹോട്ടലിന്റെ പുറകിലേക്കുള്ള ആ വഴി വാറ്റുചാരായം വാങ്ങാനുള്ളവർക്കായി ഉള്ളതായിരുന്നു. 😨
ആ ചായക്കടയുടെ ഓലമേഞ്ഞ ചുവരിൽ നിറയെ ടയറുകൾ തൂക്കി ഇട്ടിരുന്നതും എന്തിനാണെന്ന് അന്ന് ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു.
25 വർഷങ്ങൾക്കിപ്പുറവും ഒരിക്കൽ മാത്രം ഒന്നിച്ചു കൂടാൻ പറ്റിയിട്ടുള്ളു എങ്കിലും ഇന്നും ഒരു പൊതിച്ചോറ് കിട്ടിയാൽ അതേ വീറോടെ കൈയിട്ടു വാരി തട്ടിപ്പറിച്ചു കഴിക്കാൻ മാത്രം ഇഴയടുപ്പത്തോടെ ആ സുഹൃത് ബന്ധങ്ങൾ നിലനിൽക്കുന്നതും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്.
ജോളി മാടശ്ശേരി
#എന്റെരചന #കൂട്ടക്ഷരങ്ങൾ #ഇഷ്ടഭക്ഷണം
ചിത്രത്തിന് കടപ്പാട് : google


9 Comments
നല്ല എഴുത്ത്. രുചിച്ചു.😋
പൊറോട്ട രുചികരമായി തോന്നിയത്, വിശപ്പിന്റെ appetizer function കൊണ്ടാകാം അല്ലെ.😀
ഭക്ഷണത്തെ ആസ്വാദകരമാക്കുന്നത് വിശപ്പ് തന്നെയാണ്….. കൂട്ടുകാരൊത്തുള്ള പറോട്ടയും മുട്ടയും തീറ്റക്കഥ നന്നായിട്ടുണ്ട്👍❤️
നന്ദി
പ്രോത്സാഹനത്തിനു നന്ദി
👌👍🙏🙏
സന്തോഷം
Super story
നന്ദി
മനസ്സിൻ്റെ സന്തോഷവും വയറിൻ്റെ വിശപ്പുമാണ് ഏതു ഭക്ഷണത്തേയും രുചികരമാക്കുന്നത്.
പൊറോട്ടക്കഥ അടിപൊളി👌❤️