ആദരപൂർവം, ഞാൻ കണ്ട ഭൂമിയിലെ മാലാഖക്ക്, എന്നെ ഓർക്കുന്നുണ്ടോ എന്നറിയില്ല, ഭാരിച്ച ഒരു ഉത്തരവാദിത്തം ചുമലിൽ ഏറ്റിയ അങ്ങേക്ക് നിസ്സാരയായ എന്നെ ഓർത്തിരിക്കാൻ എവിടെ സമയം? ചോദിച്ച ഞാൻ എത്ര മണ്ടി, അല്ലെ?
വർഷങ്ങളായി വിദേശവാസിയായ ഞാൻ ഒരു ചെറിയ അവധിക്കാലത്തെ അനേകം ചെറിയ യാത്രകളുടെയും പരിചയം പുതുക്കലിന്റെയും ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന്റെയും ഓട്ടപ്പാച്ചലിൽ ആയിരുന്നല്ലോ.
തൃശ്ശൂർ – ഷൊർണൂർ ബസ് റൂട്ടിലെ സാമാന്യം നല്ല തിരക്കുള്ള കട. പഴം, സ്റ്റേഷനറി, ബേക്കറി തുടങ്ങി അത്യാവശ്യം കച്ചവടം നടക്കുന്ന ഒരു കടയിൽ വെച്ചായിരുന്നു നമ്മൾ പരിചയപ്പെട്ടത് നല്ല ഫ്രഷ് ജ്യൂസും സ്നാക്ക്സും അവിടെ ലഭിക്കുമായിരുന്നു.
വസ്ത്രത്തിലും, മുടിചീകലിലും ഒട്ടും ശ്രദ്ധയില്ലാതെ, കറുത്ത ചരടിൽ തൂങ്ങുന്ന കുരിശുരൂപം കഴുത്തിലണിഞ്ഞു ഒരു ക്രിസ്ത്യൻ പുരോഹിതൻ അവിടെ വന്നുകയറി. കടയുടമ വളരെ പരിചിതഭാവത്തിൽ ചിരിച്ചു, അഭിവാദ്യം ചെയ്തു. സാധാരണയിൽ കവിഞ്ഞ ഉയരമുള്ള പുഞ്ചിരിക്കുന്ന മുഖമുള്ള ആ പുരോഹിതൻ താങ്കൾ ആയിരുന്നു. വെട്ടിത്തിളങ്ങുന്ന വെള്ളവസ്ത്രവും പോളിഷ് ചെയ്തു തിളങ്ങുന്ന കറുത്ത ഷൂസും ഇല്ലാത്ത താങ്കൾ കാഴ്ചയിൽ വളരെ വ്യത്യസ്തനായിരുന്നല്ലോ.
ധാരാളം പാർക്കിംഗ് സ്ഥലമുള്ള കടക്കുമുന്നിൽ നിർത്തിയിട്ടിരുന്ന വാനിലേക്ക് ജ്യൂസ് ഗ്ലാസുകളും, സ്നാക്ക്സ് പ്ലേറ്റും അച്ചൻ തനിയെ ഓരോന്നായി എടുത്തു കൊണ്ടുപോകാൻ തുടങ്ങി. വാനിന്റെ ജനാലചില്ലുകൾ താഴ്ത്തിയിട്ടിരുന്നു. വാതിൽ തുറക്കുമ്പോൾ, അകത്തുനിന്നും കേട്ടിരുന്ന കുട്ടികളുടെ ശബ്ദം എന്നെ അനേകം ചോദ്യങ്ങളുടെ തുരുത്തിൽ എത്തിച്ചു. വളരെ വേഗത്തിൽ കടയിൽ കയറുകയും തിരിച്ചു ഇറങ്ങുകയും ചെയ്യുന്ന അച്ചന്റെ വിലകുറഞ്ഞ റബ്ബർ ചെരിപ്പിന്റെ വള്ളി കുരുക്കിൽ തടഞ്ഞു, താങ്കൾ വീഴാനാഞ്ഞപ്പോൾ കുഞ്ഞുങ്ങൾ.
‘ അയ്യോ ‘ എന്നു ഉറക്കെ കരഞ്ഞതും കടയിൽ ഉണ്ടായിരുന്നവർ ഒന്നടങ്കം തിരിഞ്ഞു നോക്കിയതും ഞാൻ മറന്നിട്ടില്ല.
‘ സാരമില്ല, ജീസസ് എന്റെ കൂടെയില്ലേ, അച്ചനൊന്നും വരില്ല “, എന്ന് കുട്ടികളെ സമാശ്വസിച്ചപ്പോൾ, നിങ്ങൾ അവർക്കു വെറും ഒരു പള്ളീലച്ചൻ മാത്രമല്ലെന്നും അവരെ ചേർത്തു പിടിക്കുന്ന അവരുടെ രക്ഷകനാണെന്നും എന്റെ സാമാന്യ ബുദ്ധിയിൽ വേർതിരിച്ചെടുത്തു.
വാങ്ങിച്ച സാധനങ്ങളുടെ വില കണുക്കുക്കൂട്ടി, അച്ചൻ ഇത്രമാത്രം തന്നാൽ മതി എന്ന് കടയുടമ പറയുന്ന കേട്ടു.
“ഈ കുട്ടികൾക്ക് വേണ്ടിയല്ലേ, ഞങ്ങൾക്കു ഇതിൽ നിന്നും ലാഭം ഒന്നും വേണ്ട”
“ഒരുപാട് നന്ദിയുണ്ട് ”
താങ്കൾ മെലിഞ്ഞ ഇരുകൈകളും കൂപ്പി നന്ദിപറയുന്നതും ളോഹയുടെ നീളൻ പോക്കറ്റിൽ നിന്നും രൂപാനോട്ടുകൾ പുറത്തെടുക്കുന്നതും സൂക്ഷമതയോടെ ബിൽ തിരിച്ചു പേഴ്സിൽ നിക്ഷേപിക്കുന്നതും ഞാൻ കണ്ടു.
‘ഇതെല്ലാം ഞങ്ങൾക്ക് കണക്കിൽ വെക്കണം’ , കടയുടമയോട് ചിരപരിചിത ഭാവത്തിൽ അച്ചൻ പറഞ്ഞു.
മിതഭാഷിയായ കടയുടമ പുഞ്ചിരിച്ചു.
അച്ചന്റെ മുഖത്തെ സൗഹൃദഭാവം മുതലെടുത്തു ഞാൻ ചോദിച്ചു,
“എന്താണ് കുട്ടികൾ വാനിൽ നിന്നും ഇറങ്ങാത്തത്? “കുട്ടികളുടെ കളിയും ചിരിയും അവിടെ ഉയർന്നുകേട്ടിരുന്നു.
” അതിന്… ” അച്ചൻ എന്റെ അടുത്തേക്ക് നീങ്ങി സ്വരം താഴ്ത്തി പറഞ്ഞത് ഒരിക്കലും എനിക്കു മറക്കാൻ കഴിഞ്ഞില്ല. AIDS രോഗം ജന്മനാ മാതാപിതാക്കളിൽ നിന്നും പകർന്നു കിട്ടിയ നിർഭാഗ്യ ജന്മങ്ങളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനം നടത്തുകയാണ്. അവർക്കു ചികിത്സയും ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തു അവരെ പരിരക്ഷിക്കുന്നു. ഇവരിൽ പലരുടെയും മാതാപിതാക്കൾ മരണത്തിനു കീഴടങ്ങി. ചിലർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നു. രോഗം താറുമാറാക്കിയ സാമ്പത്തിക സാമൂഹിക ചുറ്റുപ്പാടുകളിൽ നിന്നും വന്ന പതിനഞ്ചുവയസ്സിനു താഴെ പ്രായമുള്ള മക്കൾ. ജാതിയോ, മതമോ നോക്കാതെ അവരെ സ്വീകരിക്കുന്നു.
അവരെ ഒരു മത്സരത്തിൽ പങ്കെടുപ്പിക്കാൻ പോയി തിരിച്ചു വരുന്ന വഴിയാണ്. വാനിൽ നിന്ന് ഇറക്കാത്തത് അതുകൊണ്ടാണ്. ഇവരുടെ ഒരു സ്പർശം പോലും സമൂഹം ഭയക്കുന്നു.
ശരിയാണ്, ഞാൻ ഉൾപ്പെടുന്ന സമൂഹം ഇവരെ ഒറ്റപ്പെടുത്തുന്നു, ഭയക്കുന്നു. ഈ കുട്ടികളെ ചേർത്തുപ്പിടിക്കുന്നവർ തീർച്ചയായും ആദരം അർഹിക്കുന്നു, ഞാൻ മനസ്സിൽ കുറിച്ചു.
പൊതുവെ നല്ല ഉയരമമുള്ള താങ്കൾ ഹിമവൽശൃഗമായി കൂടുതൽ തലയെടുപ്പോടെ എന്റെ മുന്നിൽ വളരുകയായിരുന്നു.
ഞാൻ എന്റെ ബാഗ് പരതി എന്റെ കയ്യിൽ അപ്പോൾ ഉണ്ടായിരുന്ന പണം താങ്കളുടെ കൈയിൽ തന്നപ്പോൾ അതു എണ്ണിനോക്കി,
‘ഇതിന്റെ രസീത് എവിടെ ഏൽപ്പിക്കണം’, എന്ന് ചോദിച്ചു.
“വേണ്ട, ഞാൻ അവധിയിൽ വന്നതാണ്. രണ്ടു ദിവസങ്ങൾക്കുള്ളിൽ തിരിച്ചു പോകും”, ഞാൻ മറുപടി പറഞ്ഞു.
“അതു പറ്റില്ല, ഒരു നിശ്ചിത തുകക്ക് കൂടുതൽ ഉണ്ടെങ്കിൽ രസീത് കൊടുക്കണം എന്നതാണ് ഞങ്ങളുടെ നിയമം. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ പണം തട്ടുന്നവരും ഉണ്ടല്ലോ ”
അച്ചൻ പറഞ്ഞതോർക്കുന്നു.
” നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കാൾ എത്രയോ ചെറുതാണ്, എന്റെ ഈ കുറച്ചു പണം “. ഞാൻ പറഞ്ഞു.
നന്ദി…., ചുരുക്കം ചില അക്ഷരങ്ങൾക്കു മുകളിൽ ചിറടിച്ചുയരുന്ന ചൈതന്യം എന്റെ കാഴ്ചയെ മറക്കുന്ന വെളിച്ചമായിരുന്നു. എനിക്കു മുന്നിൽ ആ വെളിച്ചം പരത്തിയ മാലാഖ.
ആ കൂട്ടായ്മയിൽ നിന്നു തന്നെ, മാനം അടിയറവ് വെക്കേണ്ടിവന്ന സഹോദരിമാരുടെ കണ്ണീർക്കഥകൾ കേട്ടു. അച്ചടക്കവും, അനുസരണയും താഴിട്ടു പൂട്ടിയ കൂടുകളിൽ നിന്നും അവരുടെ രോദനം പുറംലോകം അറിയാൻ വൈകിപ്പോയി.
തന്റേടം കൈമോശം വരാത്ത ചുരുക്കം ചിലരുടെ പ്രതിഷേധം അടിച്ചമർത്താൻ അധികാരവും സമ്പത്തും കുമിഞ്ഞുകൂടിയവർ ആഞ്ഞു ശ്രമിച്ചു. ഇവരുടെ സമ്പത്തിന്റെയും അധികാരത്തിന്റെയും എല്ലിൻ കഷണങ്ങൾ നക്കുന്ന ചില നായ്ക്കൾ വെറിപിടിച്ചു, ചാനൽ ചർച്ചകളിൽ ഈ സഹോദരിമാരെ വാക്കുകൾ കൊണ്ടു വേട്ടയാടുന്നതും കണ്ടു. ആ സഹോദരിമാർക്ക് നീതി ലഭിക്കണം.
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ, അയാൾ എത്ര വലിയവൻ ആയാലും ശിക്ഷിക്കപ്പെടണം. അതിൽ തർക്കമില്ല. അവരെ രക്ഷിക്കുവാൻ ശ്രമിക്കുന്നത് അന്യായമാണ്. ദേവാലയം അശുദ്ധമാക്കിയവരെ അടിച്ചോടിപ്പിച്ച ചാട്ടവാർ അവരുടെ മേൽ പതിയുക തന്നെ വേണം.
പക്ഷെ, ചുരുക്കം ചില കള്ളനാണയങ്ങളുടെ പേരിൽ ക്രൂശിക്കപ്പെടുന്ന വലിയൊരു സന്യാസസമൂഹത്തെയാണ്, പിന്നെ കണ്ടത്. സമൂഹത്തിനു നന്മ ചെയ്യുന്ന താങ്കളെപ്പോലുള്ളവർ കൂടി നിന്ദിക്കപ്പെട്ടു. ചിലർ ഈ അവസരം മുതലെടുത്തു. താങ്കളെപ്പോലെയുള്ളവരും ഉൾപ്പെടുന്ന ഒരു വലിയ സമൂഹത്തിനു മുകളിൽ അസഭ്യം ചൊരിയുന്ന കണ്ടു. ഒരു വലിയ വിഭാഗത്തിനെ അടച്ചാപേക്ഷിക്കുന്നത് നോവായി മനസ്സിൽ നിറയുന്നു.
കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും തികച്ചും അപകടകരമായ ജീവിതാവസ്ഥകളിൽ മിഷണറിമാർ പ്രവർത്തിക്കുന്നുണ്ടെന്നു നമുക്കറിയാം.
തികച്ചും ശോചനീയമായ സാഹചര്യങ്ങളിൽ യാതൊരു മാനുഷികപരിഗണനയും ലഭിക്കാത്ത മനുഷ്യർക്കുവേണ്ടിയവർ പ്രവർത്തിക്കുന്നു. രോഗവും ദാരിദ്രവും മാത്രം വേട്ടയാടുന്നവരെ ചികിത്സയും തൊഴിലും വിദ്യാഭ്യാസവും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കെപ്പിടിച്ചു കയററാൻ ശ്രമിക്കുന്നു. ധാരാളം തൊഴിലന്വേഷകർ ഉള്ള കേരളത്തിൽ തങ്ങളുടെ സ്ഥാപനങ്ങളിൽ വളരെ എളുപ്പം ജോലി ലഭിക്കുന്നവരെയല്ല ഉദ്ദേശിച്ചത്.
മിഷണറിമാർ, ഒന്നോ രണ്ടോ ആഴ്ച അല്ലെങ്കിൽ മാസം മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നവരല്ല, പകരം ജീവിതം മുഴുവൻ ത്യാഗം ചെയ്തവരാണ്. അവരെ ആദരിച്ചില്ലെങ്കിലും ശിക്ഷിക്കാതിരിക്കാൻ സമൂഹമനസ്സാക്ഷി ഉണരണം. അതാണ് മനുഷ്യത്വം, അവർ ചെയ്യുന്നതിനെ നന്മയാണെന്ന് മനസ്സിലാക്കാനുള്ള സഹൃദയത്വം മലയാളികളെ പോലുള്ള സാക്ഷര ജനതയ്ക്കുണ്ടാകട്ടെ !
“അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല, അവരോടു ക്ഷമിക്കേണമെ ”
ക്ഷമയുടെ മൂർത്തിയായ് ലോകം വാഴ്ത്തിയ ഒരു വ്യക്തിത്വത്തിന്റെ പ്രതിപുരുഷനായ അങ്ങ് ഒരുപക്ഷെ അവരോടു അപ്പോൾത്തന്നെ ക്ഷമിച്ചു കഴിഞ്ഞിരിക്കും.
പക്ഷെ വെറും സാധാരണക്കാരായ ഞങ്ങൾ, ജീവിതം മറ്റുള്ളവർക്കായി പകുത്തു നൽകിയ താങ്കളെ പോലുള്ളവർക്കു വേണ്ടി ക്ഷമചോദിക്കുന്നു.
താങ്കൾക്കും, താങ്കൾ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തുന്ന കുരുന്നുകൾക്കും ഭാവിജീവിതത്തിൽ സന്തോഷവും സമാധാനവും ആശംസിക്കുന്നു.
ഒരു എഴുത്തിന്റെ നിയതരൂപത്തിൽ നിന്നും വ്യതിചലിച്ചിരിക്കാം, പക്ഷെ ഒരു ക്ഷമാപണത്തിന്റെ ആശ്വാസം വലുതാണ്. നന്ദിപൂർവ്വം, ആ തീവ്രവെളിച്ചത്തിൽ നിന്നും ഇത്തിരി വെട്ടം കടമെടുത്ത ഒരു മിന്നാമിനുങ്ങ്.
കാല്പനികതയുടെ നിഴൽപ്പോലും വീഴാത്ത അനുഭവകുറിപ്പ്.


13 Comments
👍👍👍
ശരിയാണ്. ജനറലൈസേഷൻ ശരിയല്ല. നല്ല ഇടയന്മാർ ഇനിയുമുണ്ടാവട്ടെ
ഹൃദയം തൊടുന്ന എഴുത്ത്🙏❤️
മിനി, ഒത്തിരി നന്ദി.
നല്ലെഴുത്ത് 👍
👌👍💯🙏🙏 joyce Verghese👍💯🙏🙏
Suresh, thank you.🙏
💗🥰
Thank you, Sayara.
🙏🥰.
കരഞ്ഞുപോയി ജോയ്സ് 🙏🙏
❤️
ആ മനുഷ്യസ്നേഹിയെപ്പോലെ പലരേയും കണ്ടുമുട്ടിയിട്ടുണ്ട്. ദൈവം ആ കുഞ്ഞുങ്ങളെ കാക്കട്ടെ.. ഹൃദയം തൊടുന്ന എഴുത്ത് ജോയ്സ്❤️❤️❤️
❤️🙏