വിവാഹത്തെ ഒരു പെൺകുട്ടിയ്ക്ക് ജീവിതം നൽകുന്ന പുരുഷന്റെ ഔദാര്യമായി കാണാതെ പരസ്പരസ്നേഹവും വിശ്വാസവുമുള്ള രണ്ടു പേരുടെ കൂട്ടായ്മയായിക്കണ്ടാൽ മാത്രമേ സ്ത്രീധനം നൽകിയുള്ള അടിമക്കച്ചവടം അവസാനിക്കൂ.താഴെ കേൾക്കുന്ന സംഭാഷണം ശ്രദ്ധിക്കൂ.
“അമ്മേ, എനിക്കിവിടെ പറ്റുന്നില്ല. സ്ത്രീധനം കുറഞ്ഞു എന്ന് പറഞ്ഞു എന്നും വഴക്കാണ്.”
“മോളെ, നീ നമ്മുടെ കുടുംബത്തെയോർത്ത് ഒന്ന് അഡ്ജസ്റ്റ് ചെയ്യു. അച്ഛൻ അവർക്ക് വേണ്ടത് കൊടുക്കും.”
“ഇന്നലെ ചേട്ടൻ എന്നെ ചവിട്ടി. മുടിയ്ക്ക് കുത്തിപ്പിടിച്ചു. ഞാൻ ഇനിയിവിടെ നിൽക്കില്ല.”
ഒരാഴ്ചയ്ക്കു ശേഷം സന്ധിസംഭാഷണങ്ങൾക്കൊടുവിൽ അവൾ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തി. അവളുടെ ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചതും ആഗ്രഹിച്ചു നേടിയ ജോലിയ്ക്ക് പോകാൻ സമ്മതിയ്ക്കാത്തതും വീണ്ടും അഡ്ജസ്റ്റ് ചെയ്തു ഒതുക്കി. അവസാനം മടുത്തു ഒരു മുഴം കയറിൽ അവൾ ജീവിതമെന്ന അഡ്ജസ്റ്റ്മെന്റ് അവസാനിപ്പിച്ചപ്പോൾ ആ കേസും പണത്തിന്റെയും സ്വാധീനത്തിന്റെയും അഡ്ജസ്റ്റ്മെന്റിൽ ഒതുക്കിത്തീർത്തു.
ഇതല്ലേ പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്? വിസ്മയ, ഉത്ര, ഷേർലി, അതുല്യ ഇങ്ങനെ എത്രയോ സ്ത്രീജന്മങ്ങൾ കൊടും ക്രൂരതകൾ അനുഭവിച്ചു മരണത്തിനു കീഴടങ്ങുന്നു. ആരാണ് കുറ്റക്കാർ? സത്യത്തിൽ വിവാഹം എന്നത് ജീവിതത്തിലെ പരമോന്നത ലക്ഷ്യസ്ഥാനമെന്നു പറഞ്ഞു പെൺകുട്ടികളെ വളർത്തിയെടുക്കുന്ന മാതാപിതാക്കൾ തന്നെയല്ലേ? മാത്രമല്ല സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ പ്രാപ്തിയില്ലാതെ, ഭാവിയിൽ എല്ലാം ചെയ്തു കൊടുക്കാൻ അടിമയായി ഭാര്യ വരുമെന്ന രീതിയിൽ ആൺമക്കളെ വളർത്തുന്ന കുടുംബങ്ങളും പ്രതികൾ തന്നെ. കഴിഞ്ഞ തലമുറയിലും നാം കണ്ടിട്ടുണ്ട് ഭർത്താവ് ഉപേക്ഷിച്ചു പോയവരും അവിവാഹിതരുമായ സ്ത്രീകളെ. അവരിൽ ചിലർ സ്വന്തം നിലയിലോ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിയോ ജീവിതം കഴിച്ചുകൂട്ടി. അല്ലാത്തവർ തന്റേടത്തോടെ ജീവിതത്തോട് പൊരുതി. ഭൂരിപക്ഷവും മരണം വരിച്ചില്ല. അന്നൊക്കെ മനുഷ്യൻ സ്വന്തം ജീവിതം ജീവിച്ചു. ജീവിതപ്രാരാബ്ദങ്ങൾക്കിടയിൽ മറ്റുള്ളവരെ നോക്കാൻ അധികം സമയമുണ്ടായിരുന്നില്ല. ഇന്ന് പലരും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ജീവിക്കുന്നു.
ഇന്നത്തെ കാലത്ത് വിവാഹമെന്നതും ഒരു പ്രകടനമാണ്. ഹൽദി, മെഹന്ദി തുടങ്ങി ആഘോഷങ്ങളുടെ പെരുമഴ തന്നെ. ഇതെല്ലാം കഴിഞ്ഞു ആ ബന്ധം ഒഴിവാക്കി വന്നാൽ നാട്ടുകാരുടെ മുന്നിൽ കാണിച്ചു കൂട്ടിയതൊക്കെ വെറുതെയായില്ലേ. എല്ലാവരും കളിയാക്കില്ലേ. ഈ ചിന്തകൾ പെൺകുട്ടികളെ ആ ബന്ധത്തിൽ തന്നെ കടിച്ചു തൂങ്ങാൻ പ്രേരിപ്പിക്കുന്നു.
വീട്ടുകാർക്കാണെങ്കിൽ മകൾ വീട്ടിൽ തിരിച്ചു വന്നത് ബന്ധം തകർന്നിട്ടാണെങ്കിൽ നാട്ടുകാർ എന്തു പറയുമെന്ന ഭയവും. നല്ലൊരു മറുപടിയിൽ അവസാനിക്കുന്ന കൗതുകം മാത്രമേ മറ്റുള്ളവർക്കുള്ളൂ എന്നറിഞ്ഞാലും മകളെന്ന ബാധ്യത സ്വന്തം സുഖജീവിതത്തിനു തടസ്സമാകുമോ എന്നുള്ള സ്വാർത്ഥതയുമുണ്ട്.
വിദ്യാഭ്യാസമുണ്ടായിട്ടും സ്വന്തമായി അഭിപ്രായവും വ്യക്തിത്വവുമുള്ളവരായി പെൺകുട്ടികളെ വളർത്തിയെടുക്കാൻ ശ്രമിക്കാത്ത സമൂഹം തന്നെയാണ് ഇവിടെ കുറ്റക്കാർ. പെൺകുട്ടികളും സിനിമയിൽ കാണുന്ന സ്നേഹസമ്പന്നനായ ഭർത്താവും കവിയൂർ പൊന്നമ്മയെ പോലെ വാത്സല്യം നിറയുന്ന അമ്മായിയമ്മയും വിനോദയാത്രയും ഒന്നുമല്ല ജീവിതമെന്നു മനസ്സിലാക്കണം.സ്വന്തം കാലിൽ നിൽക്കാനുള്ള ജോലിയോ ജോലി നേടാനുള്ള വിദ്യാഭ്യാസമോ നേടിയിട്ടേ വിവാഹം കഴിക്കൂ എന്ന് ഉറപ്പിച്ചു പറയാനുള്ള ധൈര്യം വേണം. സ്വന്തം സ്വാതന്ത്ര്യം ആരും നൽകേണ്ടതല്ല, തന്റെ അവകാശം ആണെന്ന് പെൺകുട്ടികൾ മനസ്സിലാക്കണം. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവണം. കൂട്ടുകാരെല്ലാം ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോകളും റീലുകളും പോസ്റ്റ് ചെയ്യുമ്പോൾ താൻ മാത്രം ഭർത്താവിനെ ഉപേക്ഷിച്ചാൽ ആളുകൾ എന്തു കരുതുമെന്ന ചിന്തയാണ് പലപ്പോഴും കലിപ്പന്റെ കാന്താരിയായി തുടരാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത് എന്ന് പറയാതെ വയ്യ. ഉപദ്രവിക്കുന്നത് സ്നേഹമല്ല എന്ന് മനസ്സിലാക്കാൻ കഴിയാത്ത നിഷ്കളങ്കരൊന്നുമല്ല ഇന്നത്തെ പെൺകുട്ടികൾ. പക്ഷേ അത് അംഗീകരിക്കാൻ അവർ മനസ്സു കാണിക്കില്ലെന്നു മാത്രം.
പൊന്നും പണവും വച്ച് ബന്ധങ്ങളെ അളക്കുമ്പോൾ
അല്പമൊന്നു പിഴച്ചാൽ വിവാഹങ്ങൾ മരണക്കെണിയായിത്തീരുന്നു.
#എന്റെരചന.. സ്ത്രീധനം


3 Comments
good write up
അതേ സ്വാതന്ത്ര്യം ആരും തരേണ്ടതല്ല അതു സ്വയം ഉണ്ടാവേണ്ടതു തന്നെയാണ്. പക്വതയില്ലാത്ത ജനം എത്ര കൊണ്ടാലും കണ്ടാലും ഒന്നും മനസ്സിലാവാത്ത പോലെ നടിക്കുന്നു. എന്തിനും പരിഹാരം ആത്മഹത്യ എന്ന പ്രവണത കൂടി വരുകയും ചെയ്യുന്നു. പരിഹാരം കാണാൻ എല്ലാവരും ഉണർന്നേ മതിയാവൂ
നല്ല രചന ശ്രീജ♥️🌹👌
Thanks for reading ❤️❤️❤️