70കളിലും 80കളിലുമായി പരന്നുകിടക്കുന്ന എന്റെ കുട്ടിക്കാലം ഭൂത, പ്രേത, പിശാചുക്കളുടെ കഠിനകഠോരക്രൂരതകളുടെ കഥകൾ കേട്ട് വൈകുന്നേരം ആറുമണിക്കുശേഷം പുറത്തിറങ്ങാൻ മടിക്കുന്ന പേടിക്കുന്ന ഒരു കാലമായിരുന്നു. വെട്ടം മറഞ്ഞാൽപ്പിന്നെ വഴിതെറ്റിക്കുന്ന, വഴിചുറ്റിക്കുന്ന, കുറുക്കന്റെയും കരടിയുടെയും രൂപത്തിൽ പ്രത്യക്ഷപ്പെട്ട് മുഖം കഴുകാൻ വെള്ളം ചോദിക്കുന്ന, അടുക്കളവാതിൽ അടയ്ക്കാൻ അല്പമൊന്നു താമസിച്ചാൽ രാത്രിയിൽ പാത്രങ്ങളെല്ലാം ഉരുട്ടിയിടുന്ന, അകത്തെ വാതിലിൽ ആഞ്ഞുതള്ളുന്ന ഭയങ്കര ഭയാനക വികൃതിപ്പിശാചുക്കളുടെ കൂത്തരങ്ങായി മാറുമായിരുന്നു പുറംലോകം! പക്ഷേ വൈദ്യുതിവെട്ടം കവലകളെയും കുടിലുകളെയും വഴിയോരങ്ങളെയും ഒന്നുപോലെ പ്രകാശമാനമാക്കിയപ്പോൾ, കുറുക്കുവഴികളുടെ എണ്ണം ആധുനിക പാതകളുടെ ബാഹുല്യത്തിൽ അമ്പേ പിന്നിലായപ്പോൾ, പാവം പ്രേതപ്പിശാചുക്കൾ വെട്ടിലാവുകയും കളരിപൂട്ടി കളം വിടുകയും ചെയ്തു. വൈദ്യുത വിളക്കുകളുടെ വെട്ടവും പാതകളുടെ വിശാലതയും പ്രകൃതിയിലാകെ ഒരു തെളിമ നൽകി. ആ പ്രകാശം മനുഷ്യമനസ്സുകളിലേക്കും പടർന്നു കയറി.
മനുഷ്യന്റെ കാഴ്ചപ്പാടുകൾ അറിവെന്ന വെളിച്ചത്തിൽ കൂടുതൽ തുറവിയെ ആശ്ലേഷിച്ചു. ജോസ് ടി തോമസ് സാർ Jose T Thomas ‘ഭാവിവിചാര’ത്തിൽ മുൻപോട്ട് വയ്ക്കുന്ന ‘അൻപിന്റെ അദ്വൈതം’ എന്ന ആശയം സത്യമെന്നുതെളിയിച്ചുകൊണ്ട് 21 ആം നൂറ്റാണ്ട് കൂടുതൽ പ്രകാശമാനമായി. സമൂഹത്തിലെ ഒരു വിഭാഗം ജനത മതാന്ധതയെ കൂടുതൽ അന്ധമായി ചേർത്തുപിടിക്കുമ്പോൾ Gen Y യും Gen Z ഉം ഡിസൈൻ ചെയ്യുന്ന നവലോകം ഒരു മതാതീത സ്നേഹ സംസ്കാരത്തെയാണ് ഉദ്ഘോഷിക്കുന്നത്. അതിന്റെ ഏറ്റവും വലിയ പ്രഘോഷണങ്ങളാണ് നവകാല സിനിമകൾ.
ഇത്രയും പറഞ്ഞത് ആമുഖം. ഇനി കാര്യത്തിലേക്ക് കടക്കാം.
ഇന്നലെ ഒ ടി ടിയിൽ ഞാനൊരു സിനിമ കണ്ടു– പൂക്കാലം. അതെ വിജയരാഘവന്റെ പൂക്കാലം തന്നെ. പൊതുവേ ഞാനൊരു സിനിമ ഭ്രാന്തിയല്ല. എന്നാൽ എന്തെങ്കിലും ഒരു prompt ഏതെങ്കിലും ഒരു സിനിമയെക്കുറിച്ച് കിട്ടിയാൽ അത് കാണണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്ന ആളാണ്. അങ്ങനെ കഴിഞ്ഞ ദിവസം കിട്ടിയ പ്രചോദനമായിരുന്നു ‘പൂക്കാലം’ സമ്മാനിച്ച വിജയരാഘവന്റെ അവാർഡ് നേട്ടം. ഒ റ്റി റ്റിയിൽ കാണണേ എന്ന പ്രാർത്ഥനയോടെ നെറ്റിൽ തിരഞ്ഞപ്പോൾ ഭാഗ്യവശാൽ സിനിമ ഹോട്ട് സ്റ്റാറിൽ അവൈലബിൾ ആണ്. അപ്പോൾത്തന്നെ സമയം തല്ലിക്കൂട്ടി ഞാനതിരുന്നു കണ്ടു.
A finely made feel good movie.
ഒരു ഹാപ്പി നോട്ടിൽ തുടങ്ങി പ്രക്ഷുബ്ധതയെ തൊട്ട് ഹാപ്പി നോട്ടിൽ അവസാനിക്കുന്ന സുന്ദരമായ ഒരു സ്നേഹകാവ്യം. സിനിമ ചർച്ച ചെയ്യുന്ന, സദാ കൊക്കുരുമ്മിയിരുന്ന ഇണപ്രാവുകളുടെ അകൽച്ച, വീട്ടുപണികൾ സമ്മാനിക്കുന്ന എന്റെ സിനിമാസ്വാദനത്തിന്റെ ഇടവേളകളെ അക്ഷരാർത്ഥത്തിൽ കൊത്തിവലിച്ചു. വല്ലാത്ത ഒരു വിങ്ങൽ ഞാൻ അനുഭവിച്ചു. അതുകൊണ്ടുതന്നെ സിനിമ കണ്ടു തീർക്കാതെ ഞാൻ ഉറങ്ങില്ലെന്ന് സ്വയം ശഠിക്കുകയും ചെയ്തു. അതേതായാലും നന്നായി. ഉറക്കത്തിലും മായില്ലെന്നുറപ്പുള്ള ഒരു പുഞ്ചിരിയോടെയാണ് ഞാൻ ഇന്നലെ ഉറങ്ങിയത്.
പൂക്കാലം എന്നിലും ഒരു വസന്തം പടർത്തി.
പഴയകാല സിനിമകൾ അതിഭാവുകത്വത്തോടെ കഥ പറഞ്ഞിരുന്നുവെങ്കിൽ ഇന്ന് സത്യസന്ധത മുഖമുദ്രയാക്കിയ കഥപറച്ചിലാണ് സിനിമയുടെ പ്രത്യേകത. വയലൻസും അതിരുകളില്ലാത്ത സെക്ഷ്വൽ എക്സ്പോഷറും ഒരു വിഭാഗം സിനിമകളിലെ ഒഴിച്ചുകൂടാൻ ആവാത്ത ചേരുവകൾ ആകുന്നുണ്ടെങ്കിലും പ്രസാദാത്മകമായ സിനിമകളും തങ്ങളുടടേതായ പ്രേക്ഷകരെ നേടിയെടുത്തിട്ടുണ്ട്. തീയറ്ററുകൾ അവയെ ആഘോഷിച്ചില്ലെങ്കിലും ഒ ടി ടി പറ്റിയ ആസ്വാദകരെ അവയ്ക്ക് നേടിക്കൊടുക്കും എന്നുള്ളത് ഒരു വലിയ ഉറപ്പാണ്; ഒരു പ്രതീക്ഷയും.
അമ്മമാർ നമുക്ക് എന്നും വിശുദ്ധരാണ്. അച്ഛന്മാർ വിവാദം സൃഷ്ടിക്കാറുണ്ടെങ്കിലും അമ്മമാരെ ഒരു ബലഹീനതയും കുറവും തീണ്ടാതിരിക്കാൻ നാം എന്നും ബോധപൂർവ്വം ശ്രമിച്ചിരുന്നു. എന്നാൽ നിർബന്ധമായി ചില്ലുകൂട്ടിൽ കയറ്റി വിശുദ്ധരാക്കപ്പെടുന്നവരാണ് അവർ എന്ന് ഈ ചിത്രം അടിവരയിട്ടു പറയുന്നു.
ജീവിതം ഒരു പളുങ്കുപാത്രമാണ്; ആണിനും പെണ്ണിനും ഒരുപോലെ. അനിവാര്യമായ തട്ടലും മുട്ടലും ഉരസലുമൊക്കെ അതിന്റെ ഭംഗി കെടുത്തിയേക്കാം. എന്നാൽ ആ അപൂർണ്ണതകളിലൂടെയും അത് പ്രതിഫലിപ്പിക്കുന്ന അതിജീവനത്തിന്റെ തിളക്കം.. അത് ഉടയാത്ത പാത്രത്തെയും തോൽപ്പിക്കും; തീർച്ച. ‘പൂക്കാലം’ സുഗന്ധം പടർത്തുന്നത് അത്തരം അപൂർണ്ണതകളുടെ തിരിവെട്ടത്തിലാണ്. ചിത്രത്തിന്റെ
സംവിധായകനും തിരക്കഥാകൃത്തുമായ #പൂക്കാലം, @ganesh raj ഗണേഷ് രാജിന് അഭിനന്ദനങ്ങൾ.
NB: 100 വയസ്സിന്റെ മേക്കപ്പും മേക്കോവറും വിജയരാഘവനെ ശരിക്കും ഒരു 100 വയസ്സുകാരനാക്കിയിട്ടുണ്ട്. എന്നാൽ ആ പ്രായം സമ്മാനിക്കുന്ന ചലനങ്ങളിലെ അവധാനത പ്രകടിപ്പിക്കുന്നതിൽ പലപ്പോഴും ഒരു പരിധിവരെ അദ്ദേഹം പരാജയപ്പെടുന്നതായി എനിക്കുതോന്നി. ചടുലത അല്പം കൂടിയതുപോലെ.. പ്രത്യേകിച്ചും വൈകാരികമായി അഭിനയിക്കുമ്പോൾ. ദേശീയ അവാർഡിനായി ഇട്ടൂപ്പിനെക്കാൾ അർഹൻ കിഷ്കിന്ധകാണ്ഡത്തിലെ അപ്പുപിള്ളയായിരുന്നു. ഇട്ടൂപ്പിൽനിന്നുവളർന്ന് അപ്പുപ്പിള്ളയിലേക്ക് എത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ അഭിനയം വീണ്ടും കുറേക്കൂടി സൂക്ഷ്മവും ജാഗ്രത്തുമായിരുന്നു. നാഷണൽ ഓഡിയൻസിനു മുൻപിൽ നമുക്ക് അപ്പൂപ്പിള്ളയെ അവതരിപ്പിക്കാൻ പറ്റിയില്ലല്ലോ എന്നൊരു കുണ്ഠിതമാണ് എന്നെ ഇപ്പോൾ അലട്ടുന്നത്.
കെ പി എ സി ലീലയുടെ ഇച്ചാമ്മ എന്റെ കണ്ണിൽ ഇട്ടൂപ്പിനേക്കാൾ ഒരു പടി കൂടി മേളിൽ നിന്നു എന്നും ഞാനീ അവസരത്തിൽ പറയട്ടെ. സിനിമയിലുടനീളം എന്റെ വീട്ടിലെ അച്ചാച്ചനെയും അമ്മച്ചിയെയും (എന്റെ in-laws) ഞാൻ കാണുകയായിരുന്നു- അവരുടെ മാനറിസങ്ങളും അവർ പങ്കിടുന്ന ഊഷ്മളതയും ഒക്കെ. ആ കാഴ്ചയെ റിയൽ ലൈഫിൽ നിന്നും സെല്ലുലോയിഡിലേക്ക് പറിച്ചു വയ്ക്കുമ്പോൾ ഇച്ചാമ്മയാണ് തീർച്ചയായും കഥാപാത്രത്തോട് കൂടുതൽ അലിഞ്ഞുചേർന്നത്.



6 Comments
Nice review. കാണണം
നല്ല പടമാ ശ്രീജ ❤️
നല്ല review.👌
വിജയരാഘവൻ കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം അദ്ദേഹത്തിന് അവാർഡ് നേടികൊടുക്കുമെന്ന് കരുതിയിരുന്നു. അതു പൂക്കാലം കൊണ്ടുവന്നു.👏
Thank you dear ❤️
ഞാൻ നേരത്തെ കണ്ടിരുന്നു. അപ്പുപിള്ളയെയാണ്എനിക്കും കൂടുതൽ ഇഷ്ടമായത്
നല്ല വിവരണം സിൽവീ♥️🌹👌
Thank you dear❤️