ഒരു കൈയിൽ മാഗി പാക്കറ്റും ഗുഡ് ഡേ ബിസ്‌ക്കറ്റും മിൽക്കി ബാറും അടങ്ങിയ കവറും മറ്റേ കൈയിൽ അപ്പുവിനെയും പിടിച്ചു റോഡ് ക്രോസ്സ് ചെയ്യാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു പോലീസ് വാൻ ചിറി പാഞ്ഞു അതുവഴി പോയത്.
“ഈ പോലീസ് വണ്ടി എവിടെയാ അപ്പുപ്പാ ഇപ്പോ പോവുന്നത്? നമ്മളെ പിടിച്ചോണ്ട് പോവോ. എനിക്കു പേടിയാവുന്നു. ”
കുഞ്ഞിന്റെ ഭയത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ അവനെ ചേർത്തു പിടിച്ചു കൊണ്ടുപറഞ്ഞു. “മോൻ എന്തിനാ പേടിക്കൂന്നേ കുറ്റം ചെയ്യുന്നവരെ മാത്രേ പോലീസ് പിടിച്ചു കൊണ്ടു പോവുള്ളു ”
“അപ്പുപ്പൻ എപ്പോഴെങ്കിലും പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടോ? ” അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് ഏയ് ഞാൻ പോയിട്ടില്ല ” എന്നുപറയുമ്പോഴും ഞാൻ ഓർത്തത് പത്തുമുപ്പതു കൊല്ലം മുൻപ് നടന്നഒരു സംഭവത്തെ കുറിച്ചായിരുന്നു.
എന്റെ വീടിന്റെതൊട്ടു മുൻപിൽ ആയിരുന്നു ശാന്തേച്ചിയുടെ വീട്. കുടുംബ സ്വത്തു ഭാഗം വെയ്ക്കുമ്പോൾ ശാന്തേച്ചിയുടെ അമ്മക്കായിരുന്നു ആ തറവാട് കിട്ടിയത്. അമ്മ അതു ശാന്തേച്ചിയുടെ പേരിൽ എഴുതികൊടുത്തു. അവർ അതു പുതുക്കി പണിയുകയും ചെയ്തു. ശാന്തേച്ചിക്ക് ഒരു അനിയത്തി കുടി ഉണ്ടായിരുന്നു. ഗൗരിച്ചേച്ചി. തനിക്കു ഭാഗം വെക്കുമ്പോൾ കിട്ടിയ സ്വത്തു കുറഞ്ഞു പോയി എന്നും പറഞ്ഞു ശാന്തേച്ചിയുമായി പിണക്കത്തിൽ ആയിരുന്നു ഗൗരി ചേച്ചി. പക്ഷേ, ശാന്തേച്ചി അതു വക വെക്കാതെ ‘ആകെ ഉള്ള ഒരു അനിയത്തി അല്ലേ’ എന്നും പറഞ്ഞു ഇടക്കിടെ കാണാനൊക്കെ അങ്ങോട്ട് ഓടിചെല്ലും. അമ്മ തന്ന സ്വത്തിൽ നിന്നു അനിയത്തിയെ സന്തോഷിപ്പിക്കാൻ ഒരു പത്തുസെന്റ് ഒക്കെ കൊടുക്കാൻ ശാന്തേച്ചിക്ക് സമ്മതമാണെങ്കിലും അവരുടെ ഭർത്താവിന് ഇഷ്ടക്കുറവ് തന്നെയായിരുന്നു. അതുകൊണ്ട് ഒന്നും നടന്നില്ല.
ആയിടക്കാണ് ശാന്തേച്ചിയുടെ മോൾക്ക് ഒരു കല്യാണം ഒത്തു വന്നത്. ശാന്തേച്ചി ഗൗരിയേച്ചിയോട് കാര്യങ്ങൾ പറഞ്ഞു. എന്തൊക്കെ മനസ്സിൽ ഉണ്ടെങ്കിലും ഒക്കെ മറന്നു കല്യാണം കൂടാൻ ഭർത്താവിന്റെയും മക്കളുടെയും ഒപ്പം എത്തണമെന്നും ശാന്തേച്ചി കരഞ്ഞു പറഞ്ഞു. ഈ ലോകത്തിൽ ആകെയുള്ള ഒരു ബന്ധു എന്റെ കൂടപ്പിറപ്പായ നി മാത്രമാണെന്ന് ശാന്തേച്ചി പറഞ്ഞപ്പോൾ അവർ കല്യാണത്തിനു വരാൻ സമ്മതിച്ചു.
മനസ്സില്ലാ മനസ്സോടെ ഗൗരിയേച്ചിയും കുടുംബവും കല്യാണത്തിന് എത്തി. മനസ്സിൽ അപ്പോഴും പിണക്കം ഉള്ളതുകൊണ്ടാവാം ഒന്നിലും ഇടപെടാതെ അന്യരെ പോലെ അവർ മാറി നില്കുകയായിരുന്നു
കല്യാണവും വിരുന്നും ഒക്കെ കഴിഞ്ഞു ഗൗരിയേച്ചി പോവുമ്പോൾ കുറച്ചു കറികളും പലഹാരങ്ങളും ഒക്കെ കൊടുത്തയക്കാൻ ശാന്തേച്ചി മറന്നില്ല.
ഒരാഴ്ച കഴിഞ്ഞു ഗൗരിയേച്ചി വീണ്ടും ശാന്തേച്ചിയുടെ വിട്ടിൽ അന്നു കൊണ്ടുപോയ പാത്രങ്ങൾ ഒക്കെ തിരികെ ഏൽപ്പിക്കാൻ വന്നു. തിരിച്ചു പോവുന്നവഴി ഞങ്ങളുടെ വീട്ടിലും വന്നു.
ഞാനും അനിയനും അമ്മയും കുടി ശാന്തേച്ചിയുടെ മോളുടെ കല്യാണ കാസറ്റ് വി സി ആറി ൽ ഇട്ടു കാണുന്ന സമയത്തു ആയിരുന്നു അവർ വന്നത്. വർഷങ്ങൾക്കു മുൻപ് അല്ലേ അന്നു സി ഡി ഒന്നും ഉണ്ടായിരുന്നില്ല. കാസറ്റ് പ്ലേ ചെയ്യുമ്പോൾ അതനുസരിച്ചു ഓരോ പാട്ടു ഉണ്ടാവും. ഇന്നത്തെപോലെ സംഗീതും മഞ്ഞകല്യാണവും ഒന്നും പതിവില്ലാത്ത ആ കാലത്തു കല്യാണകാസറ്റ് കാണുന്നതായിരുന്നു എല്ലാവർക്കും സന്തോഷം. ഒരാൾ കണ്ടു കഴിഞ്ഞാൽ അടുത്ത വീട്ടിലേക്കു കൊടുക്കും. അതു പ്ലേ ചെയ്യാൻ വി സി ആർ ഇല്ലെങ്കിൽ അതു ഉള്ള വീടുകളിൽ പോയി എടുക്കും.
വീട്ടിലേക്കു വന്ന ഗൗരിയേച്ചി “ഓ ഇതു പാറുന്റെ കാസറ്റ് ആണോ”എന്നും ചോദിച്ചു കൊണ്ട് അമ്മയുടെ അടുത്ത് ഉള്ള സ്റ്റുളിൽ ഇരുന്നു. അപ്പോഴേക്കും ഞങ്ങൾ കണ്ടു തീരാൻ ആയിരുന്നു.
കാസറ്റ് തീർന്ന ഉടനെ ഗൗരിയേച്ചി പറഞ്ഞു.”ഞാൻ എന്നാൽ ഇതൊന്നു വീട്ടിലേക്കു എടുത്തിട്ട് നാളെ തിരിച്ചു കൊണ്ടുവരാം. അവിടെ ആവുമ്പോൾ അപ്പുറത്തെ ഗൾഫ് ക്കാരുടെ വിട്ടിൽ നിന്നു വി സി ആർ വാങ്ങി എല്ലാർക്കും ഒന്നിച്ചിരുന്നു കാണാല്ലോ.”
“അയ്യോ ശാന്തേച്ചിയോട് ചോദിക്കണ്ടേ”അമ്മപേടിയോടെ ആണ് ചോദിച്ചത്.
“അതിനു ഞാൻ അന്യയൊന്നുമല്ലല്ലോ. പാറുന്റെ സ്വന്തം ചിറ്റയല്ലേ. നാളെ വൈകുന്നേരം ഇങ്ങോട്ട് എത്തിക്കാം.ഗൗരിയേച്ചി പറഞ്ഞപ്പോൾ അമ്മ കാസറ്റ് പൊതിഞ്ഞു കൊടുത്തു. അമ്മ പിന്നെ ശാന്തേച്ചി യെ കണ്ടപ്പോൾ വിവരം പറയുകയും ചെയ്തു.
“എനിക്കൊരു കുഴപ്പവും ഇല്ല. പക്ഷേ മുപ്പർക്ക് ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല. സാരമില്ല, നാളെ ഇങ്ങു എത്തിക്കുമല്ലോ.”
പക്ഷേ ഒരാഴ്ച കഴിഞ്ഞിട്ടും കല്യാണകാസറ്റ് എത്തിയില്ല. അവസാനം ശാന്തേച്ചി അവരുടെ വീട്ടിലേക്കു പോയി ചോദിച്ചു.
“നിങ്ങളുടെ കയ്യിൽ നിന്നു ഞാൻ വാങ്ങിച്ചില്ലല്ലോ. അപ്പോൾ എന്റെ കയ്യിൽ ഉണ്ടെന്നുള്ള തിന് എന്താ ഉറപ്പ്?” അങ്ങിനെ കുറെ ചോദ്യങ്ങൾ ആയിരുന്നു ആദ്യം. പിന്നെ അവരുടെ മോനും ഭർത്താവും ഒക്കെ ഇടപെട്ടു വാങ്ങിയെങ്കിൽ തരാൻ മനസ്സില്ല. നിങ്ങൾ പോയി കേസ് കൊടുക്ക് എന്ന് പറഞ്ഞു ശാന്തേച്ചിയെ തിരിച്ചയച്ചു.
ശാന്തേച്ചി കാസറ്റിന്റെ കാര്യം വിട്ടിൽ വന്നുപറഞ്ഞപ്പോൾ ദേഷ്യക്കാരനായ അവരുടെ ഭർത്താവ് ഒന്നു കൂടെ ചൂടായി. അങ്ങനെയാണ് പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാൻ തീരുമാനിച്ചത്.
“ഇവിടുന്നു അല്ലേ കൊണ്ടുപോയത്. നീയും കുടി വാ, നമുക്ക് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാം.”
അദ്ദേഹം എന്നോട് അതു പറഞ്ഞപ്പോൾ ഞാൻ ആകെ ഭയന്നുപോയി. സിനിമയിൽ കണ്ടും പേപ്പറിൽ വായിച്ചും ഒക്കെ ഉള്ള അറിവേ എനിക്കു പോലീസ് സ്റ്റേഷനെ കുറിച്ചുള്ളൂ.
“നീ സാക്ഷിയാണ്. പരാതി കൊടുക്കുമ്പോൾ നീ ഇല്ലെങ്കിൽ പറ്റില്ല.”
അദ്ദേഹത്തിന്റെ സ്വഭാവം അറിയാവുന്നതു കൊണ്ടു ഞാൻ ആ കൂടെ പോയി.
അവിടെ ഉള്ള എസ് ഐ ഒരു നല്ല മനുഷ്യനായിരുന്നു. ഇത്രയും നിസ്സാര കാര്യത്തിന് പരാതി കൊടുത്തത് അദ്ദേഹത്തി നു തമാശയായി തോന്നി. അന്ന് ഇന്നത്തെപോലെ മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ.അദ്ദേഹം ഒരാളെ വിട്ടു ഗൗരിയേച്ചിയെയും ഭർത്താവിനെയും വിളിപ്പിച്ചു. കല്യാണ കാസറ്റ് തിരിച്ചു കൊടുക്കാൻ അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇനിയും ഇത്തരം നിസ്സാര പ്രശ്നങ്ങളുമായി പോലീസ് സ്റ്റേഷൻ കയറരുതെന്നൊരു താക്കിതും കൊടുത്തു. എസ് ഐ യുടെ മുന്നിൽ വെച്ചു എനിക്കു നൽകിയ കാസറ്റ് ഞാൻ ശാന്തേച്ചിക്ക് കൊടുത്തു. അതായിരുന്നു എന്റെ ആദ്യത്തെയും അവസാനത്തെയും പോലീസ്സ്റ്റേഷൻ സന്ദർശനം.
.


5 Comments
നല്ല പോലീസ് സ്റ്റേഷൻ കഥ. ചേച്ചിയോടു ഇത്ര ദ്വേഷ്യം കാണിക്കുന്ന അനിയത്തിമാരും ഉണ്ടല്ലെ.
നല്ല അനുഭവങ്ങൾ. സ്വന്തം വീട്ടുകാർ തന്നെയാണ് നമ്മളെ പോലീസ് സ്റ്റേഷനിലും കോടതിയിലും ഒക്കെ എത്തിക്കുന്നത്. എന്റെ അനുഭവങ്ങൾ അങ്ങനെയാണ്. ഒരു കാര്യവുമില്ലാതെ സ്വത്ത് തർക്കം എന്ന് പറഞ്ഞു സ്വന്തം സഹോദരി കൊടുത്ത കേസുമായി നാലഞ്ചു വർഷമായി കോടതി കയറിയിറങ്ങുന്നു. നല്ല രചന അഭിനന്ദനങ്ങൾ
മ്മള് പിടിച്ച പുലിവാലേ …… എസ് ഐ നല്ലവരായതുകൊണ്ട് എല്ലാം ശുഭമായി…… നന്നായെഴുതി👍❤️
മനോഹരം
നന്നായെഴുതി . സന്തോഷം👍