എന്റെ കൂട്ട്, കൂട്ടുകാർ എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. അനേകം കൂട്ടുകാർ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. അവരിലെ കുറച്ചു പേർ ഇന്നും കൂട്ടുകാരായി തുടരുന്നു.
വളരെ കുട്ടിക്കാലം മുതൽ തന്നെ ഉണ്ടായിരുന്ന കൂട്ടുകാർ രണ്ടു പേരാണ്. ഞാൻ ചെറിയ ക്ളാസുകളിൽ പഠിക്കുന്ന സമയം എന്നേക്കാൾ ചെറിയ രണ്ട് പേർ. ഒന്ന് ശ്രീക്കുട്ടി എന്ന് വിളിക്കുന്ന ശ്രീകുമാർ. മറ്റേത് വിദ്യ എന്ന് വിളിക്കുന്ന വിദ്യാസാഗർ. ഇതിൽ വിദ്യ അല്പം കുറുമ്പനാണ്. ഞാനായി തല്ല് കൂടാറുണ്ട്. ചീത്തയും പറയും. ഒരു ഏഴാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് അവൻ അപ്പോൾ താമസിച്ചിരുന്ന തറവാട്ടിൽ നിന്നും അകലെ അച്ഛൻ വാങ്ങിയ വീട്ടിലേക്ക് മാറി. അതിൽ പിന്നെ സ്കൂളിൽ കാണാറുണ്ട്, മിണ്ടാറുണ്ട് എന്ന് മാത്രം. പിന്നെ വലുതായപ്പോൾ അവനുമായി അങ്ങനെ ബന്ധമൊന്നുമില്ല. കുറച്ചു വർഷങ്ങൾക്കു മുൻപ് അവൻ പെട്ടെന്ന് മരിച്ചു പോയി. വിവാഹമൊന്നും കഴിച്ചിരുന്നില്ല. എന്തോ അസുഖങ്ങൾ ഉണ്ടായിരുന്നുവത്രെ!
പിന്നെ ശ്രീക്കുട്ടി. അവൻ തൊട്ട് വീട്ടിൽ തന്നെ താമസം. അവൻ തമിഴ്നാട്ടിലെ തൃശ്ശിനാപിള്ളിയിൽ ആയിരുന്നു. അച്ഛൻ അവിടെ പോലീസിൽ.
ഇവിടെ അവരുടെ ബന്ധുവീട്ടിൽ ആയിരുന്നു താമസം. പിന്നീട് ഭാഗത്തിൽ കിട്ടിയ സ്ഥലത്ത് മണ്ണ് കൊണ്ട് വീടുണ്ടാക്കി ഓലമെടഞ്ഞ് മേൽപ്പുര കെട്ടി ഒരു വീട്. ഞാനൊക്കെ എപ്പോഴും അവിടെ പോയി കളിക്കും. അവനിടയ്ക്ക് അപസ്മാരം വന്ന് തലചുറ്റൽ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ അതിന് ശേഷം അവൻ പ്രത്യേകതയുള്ള ഒരാളായി മാറി. അല്ലെങ്കിൽ അന്ധവിശ്വാസത്തിന്റെ ഇരകളായ അവന്റെ അമ്മയും മറ്റുള്ളവരും അങ്ങനെ മാറ്റി എന്ന് പറയാം. ബാധ കയറുന്നു, ശിവ ഭഗവാൻ ഉള്ളിൽ കയറി ഓരോ വെളിപാടുകൾ പറയുന്നു എന്നൊക്കെ നാട്ടിൽ പ്രചരണം നടത്തി അവന്റെ അമ്മ. ഞാൻ ഇതിനൊക്കെ സാക്ഷിയും.
എനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും അവന്റെ കൂടെ അമ്പലം ഉണ്ടാക്കാനും, അവിടെ ശിവലിംഗം പ്രതിഷ്ഠിച്ച് പൂജ ചെയ്യാനും ഒക്കെ സഹായിച്ചു എന്നത് സത്യമാണ്. അതിന് വീട്ടിൽ നിന്നും പൊതിരെ തല്ലും കിട്ടിയിട്ടുണ്ട്.
ആ കൊച്ചുകുടിലിൽ തന്നെ ഒരു ഭാഗം മാറ്റിവച്ചു അവിടെ അമ്പലമാക്കി ശിവലിംഗം ( ചെറിയത് ഒരെണ്ണം എവിടെ നിന്നോ സംഘടിപ്പിച്ചു) വച്ച് പൂജ ദീപാരാധന, നിവേദ്യം. ഞാൻ പൂക്കൾ കൊണ്ട് മാല കെട്ടി കൊടുക്കും. നിവേദ്യം പായസം ഒക്കെ ഇവൻ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കും. കുറച്ചു വർഷങ്ങൾ ഇങ്ങനെ തുടർന്നു. പിന്നീട് ആ കുടിൽ പൊളിച്ചു കളഞ്ഞു നല്ല വീട് പണിതു. അവിടേയും അമ്പലം ഉണ്ടായിരുന്നു. പിന്നീട് അച്ഛൻ നാട്ടിൽ വന്നപ്പോൾ വീടൊക്കെ വിറ്റ് അവർ തൃശ്ശിനാപിള്ളിയ്ക്ക് തന്നെ തിരിച്ചു പോയി.
പിന്നെ അവനെക്കുറിച്ച് ഒരു വിവരവും എനിക്ക് കിട്ടിയില്ല. കുറെ വർഷങ്ങൾക്ക് ശേഷം ഒരിക്കൽ അവൻ നാട്ടിൽ വന്നു. ഇപ്പോൾ അവൻ പോലീസിൽ
എ. എസ്ഐ ആണത്രെ. പണ്ടത്തെ അടുപ്പം ഒന്നുമില്ല അവന്. വെറുതെ ഒരു പരിചയം മാത്രം. എങ്ങനെ ആത്മാർത്ഥസ്നേഹിതൻമാരായിരുന്നതാണ്. അവൻ എല്ലാം മറന്നപോലെ തോന്നി.
ആ സമയം എട്ടാം ക്ലാസിൽ പഠിക്കാൻ ഞങ്ങൾ കുറച്ചു പേർ അടുത്ത ടൗണിലേക്ക് പോയി. അവിടെ പ്രശസ്തമായ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂൾ. പ്രശസ്ത പിന്നണി ഗായകൻ ശ്രീ ജയചന്ദ്രൻ, സിനിമാതാരം ശ്രീ ഇന്നസെൻ്റ് പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ ഗംഗാധരൻ ഐ. എസ്. ആർ. ഓ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ തുടങ്ങിയവർ പഠിച്ച സ്കൂൾ. അവിടെ വെച്ച് പല കൂട്ടുകാരും ഉണ്ടായിരുന്നു എങ്കിലും അവർ അത്രയധികം അടുപ്പം ഒന്നും പിന്നീട് കാണിച്ചില്ല. പത്താം ക്ളാസ് കഴിഞ്ഞപ്പോൾ അവരുമായുള്ള ബന്ധവും ഇല്ലാതായി.
എന്നാൽ ഞങ്ങളുടെ നാട്ടിൽ നിന്നും ഒരു എട്ട് പേർ ഉണ്ടായിരുന്നു അവരുടെ കൂട്ടത്തിൽ. അവരുടെ ബന്ധം പിന്നീട് തുടർന്നു. വിശ്വനാഥൻ എന്ന് വിളിക്കുന്ന കൃഷ്ണൻകുട്ടി. അവനാണ്
ഏറ്റവും അടുത്ത കൂട്ടുകാരൻ. ഒന്നാമത് അയൽവക്കം. തൊട്ട് തെക്കേ വീട്. പക്ഷെ എട്ടിൽ പഠിക്കുമ്പോൾ മാത്രമാണ് അവിടെ വന്ന് താമസമായത്. അന്നുമുതൽ എന്തിനും ഏതിനും അവൻ കൂടെയാണ്. ഒരുമിച്ച് നടന്നാണ് സ്കൂളിൽ പോകുന്നത്. അഞ്ചാറുകിലോമീറ്റർ വലിയ കുന്നും മലയും എല്ലാം കയറി പോകണം. വഴിവക്കിൽ പണ്ട് വസൂരി വന്നു മരിച്ചവരെ കുഴിച്ചിടുന്ന ഒരു ശ്മശാനം. അവിടെയൊക്കെ കൂടി ഭയന്ന് വിറച്ചാണ് യാത്ര. അവനൊരു പേടിയുമില്ല. ധൈര്യവാൻ.
ചിലപ്പോൾ ചില പിള്ളേർ എന്നെ പേടിപ്പിക്കും. അടിക്കകുകയും ഇടിക്കുകയുമൊക്കെ ചെയ്യുമ്പോൾ അവനാണ് തടസ്സം പിടിക്കുകയും തിരിച്ചു നല്ല ഇടി കൊടുക്കുകയും ചെയ്യുക.
മൂന്ന് വർഷം ഞങ്ങൾ ഒരുമിച്ച് പഠിച്ചു. പിന്നീട് ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ അവൻ കൂടെയുണ്ടായിരുന്നു. ഞങ്ങൾ ആദ്യമായി സിനിമ കാണാൻ പോയതും ഒരുമിച്ചായിരുന്നു. പുലിവാല് എന്ന പ്രേംനസീർ ചിത്രം.
പിന്നീട് നാട് വിട്ടു പോയി. നേഫാ എന്ന് വിളിക്കുന്ന ആസാമിന്റെ അടുത്ത സ്ഥലം, പൂനെ, മുംബൈ, ഗൾഫ് രാജ്യങ്ങൾ എല്ലായിടത്തും ജോലിക്ക് പോയെങ്കിലും എന്തോ കഷ്ടകാലം. ഭാഗ്യമില്ലായ്മ. അവന് ഒരു മെച്ചവും ഇല്ലായിരുന്നു. പിന്നീട് നാട്ടിൽ തന്നെ ചില കമ്പനികളിൽ ജോലി ചെയ്യുന്നു. വിവാഹിതനായി. രണ്ട് കുട്ടികൾ. ഇപ്പോൾ വേറെ സ്ഥലത്ത് താമസമാക്കി.
പിന്നെ എന്റെ ജീവിതത്തിൽ വരുന്ന കൂട്ടുകാർ സുരേഷ്, സുനിൽ എന്ന രണ്ടു സഹോദരൻമാരാണ്. അവർ പുതിയതായി നാട്ടിൽ വന്ന് താമസിക്കുമ്പോൾ ഞാനാണ് ആദ്യ കൂട്ടുകാരൻ. അവർ ചെന്നൈയില് ആയിരുന്നു. നാട്ടിൽ വന്ന് അടുത്ത ടൗണിൽ സ്കൂൾ പഠനം തുടർന്നു.
ഞങ്ങൾക്കു കൂട്ടായി നാട്ടിൽ പല കൂട്ടുകാരൻമാരേയും കിട്ടി. അവരൊക്കെ നാട്ടിൽ ഉണ്ടായിരുന്നവരാണ് പക്ഷേ എനിക്ക് അവരുടെ ചേട്ടൻമാരുമായാണ് അടുപ്പം ഉണ്ടായിരുന്നത്.
ഇവർ പുതിയവർ അവരുമായി കൂട്ടായി.
മുകുന്ദൻ, സത്യൻ, ശ്രീനിവാസൻ, ഞങ്ങൾ മൂന്ന് പേർ. വലിയൊരു കൂട്ട് കെട്ടായി. എന്നേക്കാൾ അഞ്ചാറ് വയസ്സ് താഴെയാണ് ഇവരെല്ലാം.
ഞങ്ങൾക്ക് പൊതുവായി കുറേ വിഷയങ്ങൾ ഉണ്ടായിരുന്നു. സിനിമ, നാടകം, കഥാപ്രസംഗം, ഉത്സവങ്ങൾ, ഗാനമേളകൾ ഗായകൻമാർ സിനിമാനടൻമാർ സംവിധായകർ അതോടൊപ്പം നർമ്മ ബോധം, യുക്തിവാദം
പുരോഗമനചിന്തകൾ…
എല്ലാവർക്കും അന്യോന്യം തല്ല് കൂടുമെങ്കിലും വലിയ ഐക്യം ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു.
ഇത്രയധികം സ്നേഹമുള്ള മറ്റൊരു കൂട്ടുകാരും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
അവരോടൊപ്പം കഴിയുക എന്നത് തന്നെ വളരെയധികം സന്തോഷവും എന്തോപറയാനാകാത്ത ഒരു ആനന്ദവും അനുഭവപ്പെട്ടു.
ഞങ്ങൾ അന്ന് പോകാത്ത ഉത്സവങ്ങൾ ഇല്ല. കൂടൽമാണിക്യം ഉത്സവം, തൃശ്ശൂർ പൂരം, തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും എത്തും അത് പോലെ ഗാനമേളകൾ, നാടകങ്ങൾ, സിനിമകൾ എല്ലായിടത്തും പോകും. അങ്ങനെ യേശുദാസ്, ജയചന്ദ്രൻ, എംജി ശ്രീകുമാർ, ഇടവാ ബഷീർ, സതീഷ് ബാബു, മാർക്കോസ്, ചിത്ര സുജാത, തുടങ്ങിയവരുടെ ഗാനമേളകൾ, തിലകൻ, രാജൻ പി ദേവ്, മാള അരവിന്ദൻ, തുടങ്ങിയവരുടെ നാടകങ്ങൾ സാംബശിവൻ, കെടാമംഗലം സദാനന്ദൻ, വി. ഡി. രാജപ്പൻ തുടങ്ങിയവരുടെ കഥാപ്രസംഗങ്ങൾ,
മമ്മൂട്ടി മോഹൻലാൽ മധു, പ്രേംനസീർ തുടങ്ങിയ അന്നത്തെ താരങ്ങൾ ഉള്ള താരനിശകൾ ഇതിനൊക്കെ പുറമേ ബാലചന്ദ്രമേനോൻ ആയിരുന്നു അന്നത്തെ ഫേവറിറ്റ് സംവിധായകൻ, നടൻ. അദ്ദേഹത്തിൻ്റെ എല്ലാ പടവും ആദ്യമേ തന്നെ റിലീസിന് തന്നെ പോകും. ഏതെല്ലാം തിയേറ്ററിൽ പോയി എന്ന് കണക്കില്ല.
അതിനിടെ ഇണക്കങ്ങളും പിണക്കങ്ങളും വാക്കുതർക്കങ്ങളും ഉണ്ടാകും. എന്നാലും പിന്നീട് എല്ലാവരും ഒറ്റക്കെട്ടായി നില്ക്കും.
എന്റെ കാര്യമാണ് അതിൽ രസം. ഞാൻ എവിടെയെങ്കിലും പോയി വരുമ്പോൾ, അന്ന് നടന്നോ സൈക്കിളിനോ ആണ് യാത്ര. ഒരു കിലോമീറ്റർ അപ്പുറം ജംഗ്ഷനിൽ നിന്നും എന്റെ വീട് വരെയുള്ള യാത്രയിൽ കുറെ സ്ഥലത്ത് നിന്ന് അവിടെയുള്ളവരോട് സംസാരിച്ചുമാണ് യാത്ര.
അക്കാലത്ത് കുറേപ്പേർ സ്നേഹിതൻമാരായി.
മുകുന്ദന്റെ വീട്ടിൽ എല്ലാവരും എന്റെ സ്നേഹിതർ ആണ്. മൂത്ത ജ്യേഷ്ഠൻ രവി, പിന്നെ ബാബു, അംബുജാക്ഷൻ. ഇവരുടെ കൂട്ടുകാരും കമ്പനി തന്നെ. പല ഗ്രൂപ്പുകളിലും കയറി സംസാരിച്ചു സംസാരിച്ചതാണ് വീട്ടിലേക്ക് പോകുക. അതിനിടെ ഹരിദാസ്, ലോനായി രഘു, സുരേഷ് തുടങ്ങിയവർ വേറേ. ഈ സത്യൻ മുകുന്ദൻ ടീമിൻ്റെ ഇരുപ്പ് അവിടെ ഒരു കൃഷ്ണേട്ടൻ എന്ന് വിളിക്കുന്നയാളുടെ കടത്തിണ്ണയിൽ ആണ്. കട പൂട്ടിയ ശേഷം പിന്നെ ഞങ്ങൾ ആണ് അവിടുത്തെ അധിപർ. രാത്രി പന്ത്രണ്ട് മണി വരെയൊക്കെ ലോകകാര്യങ്ങൾ സംസാരിച്ചു നേരം വൈകിയാണ് വീട്ടിൽ പോക്ക്. വീട്ടിൽ എല്ലാവരുംകിടന്നു കാണും.
ചോറൊക്കെ എടുത്തു വച്ചിരിക്കും. ഒടുവിൽ അമ്മയ്ക്ക് തന്നെ ഈ രാത്രി സഞ്ചാരം നിർത്താനുള്ള വഴി നോക്കേണ്ടി വന്നു.
അന്ന് ചെറിയ ഒരു ജോലി ഒക്കെ ഉണ്ട്. അതിനാൽ തന്നെ പെണ്ണ് കാണൽ ആരംഭിച്ചു. വിവാഹം നടന്നു. പിന്നെ ഭാര്യയായി കൂട്ട്. അതോടെ കൂട്ടുകാരുമായി കറങ്ങൽ കഴിഞ്ഞു. വല്ലപ്പോഴും എവിടെ എങ്കിലും വച്ച് കാണാം. അവരും ഇത് പോലെ കുടുംബമായ പ്പോൾ അവരുടേയും യാത്രകൾ, ഒരുമിച്ചുള്ള യാത്രകൾ, ഒരുമിച്ച് ഉത്സവങ്ങൾ സിനിമകൾ എല്ലാം ഇല്ലാതായി.
ഇപ്പോൾ അന്നത്തെ ടീമിലെ പലരും നാട് വിട്ടു പോയി. പലരും കാണുന്നത് തന്നെ വല്ല വിശേഷങ്ങൾ വരുമ്പോൾ മാത്രം. അന്നത്തെ കാര്യങ്ങളൊക്കെ അയവിറക്കും അപ്പോൾ.
#കൂട്ടക്ഷരങ്ങൾ
#രണ്ടാംവാർഷികബ്ളോഗ് മത്സരം
#എന്റെരചന
#വിഷയം_ഈകൂട്ട് ഇല്ലാതിരുന്നെങ്കിൽ
#എന്റെകൂട്ടുകാർ
#രചന_രാമചന്ദ്രൻടിവി


3 Comments
Golden memories
മനോഹരം. ഹൃദ്യമായ ഓർമ്മകൾ
ധാരാളം കൂട്ടുകാരെ ഓർക്കുകയും എഴുതുകയും ചെയ്യുന്നത് സുഹൃദ് മനോഭാവത്തിന്റെ ലക്ഷണമാണ്.
അഭിനന്ദനങ്ങൾ!
👏👍.