ഇഷ്ടഭക്ഷണം ഏതെന്നു ചോദിച്ചാൽ ചൂണ്ടിക്കാട്ടാൻ എന്റെ മുന്നിലുള്ള ഒരേയൊരു ഓപ്ഷൻ പപ്പടവും പഴവും പായസവും കൂട്ടിയുള്ള അടിപൊളി സദ്യയാണ്. എപ്പോ കിട്ടിയാലും ഞാനത് വേണ്ടെന്ന് വെക്കാറില്ല. കഞ്ഞി കുടിച്ച്കുടിച്ച് മടുത്തുപോയ ഒരുകാലത്ത് അതിയായി ആഗ്രഹിച്ച ഒരു ഭക്ഷണമാണ് ചോറ്. അതിന്റെ കൂടെ ഇഷ്ടമുള്ള പച്ചക്കറികൂടി ഉണ്ടെങ്കിൽ അതിനോളം സംതൃപ്തി തരാൻ മറ്റൊന്നിനുമാകില്ല തന്നെ.
ദാരിദ്ര്യം കൊടികുത്തി വാണിരുന്ന ഒരു കാലമായിരുന്നു ബാല്യം. ഓണത്തിനോ, അയൽ വീടുകളിലേ കല്യാണങ്ങൾക്കോ മാത്രം വയറു നിറച്ച് ചോറുണ്ണുന്ന ഒരു കാലം.
രാവിലെ സ്കൂളിൽ പോകുമ്പോ തലേ ദിവസം വെള്ളമൊഴിച്ചു വെച്ച പഴങ്കഞ്ഞി ഓരോ കയിൽ വീതം മൂന്ന് പ്ലേറ്റിൽ അമ്മ വിളമ്പി വെക്കും. അനിയൻ കുഞ്ഞായതുകൊണ്ട് ഉള്ളതിൽ നല്ലൊരു പങ്ക് അവന്റെ പ്ലേറ്റിലായിരിക്കും. സ്കൂളിൽ ഉച്ചക്കഞ്ഞിയുടെ നേരമാകുംവരേ വിശപ്പ് പിടിച്ച്നിൽക്കാൻ അവനാകില്ല എന്ന ചിന്തയാണ് അമ്മയെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നത്.
രമണിടീച്ചർ വിളമ്പിത്തരുന്ന ഉച്ചക്കഞ്ഞിക്ക് എന്തൊരു സ്വാദായിരുന്നു. കടുകും വറ്റൽമുളകും താളിച്ചു ചേർത്ത ചെറുപയർ കറിക്കും അസാധ്യ രുചി.
അച്ഛൻ, വീട്ടിലേക്കായി കൊണ്ടു വരുന്ന ഒരേയൊരു ഭക്ഷണവസ്തു മീനായിരുന്നു. അത് കറിയാക്കാൻ ആവശ്യമുള്ളത് വീട്ടിലുണ്ടോ എന്നൊന്നും അച്ഛനറിയേണ്ട. ഊണ് കഴിക്കാൻ വരുമ്പോൾ, കറിവെച്ചും പൊരിച്ചും വിളമ്പിക്കൊള്ളണം.
അമ്മ വല്ലവിധേനയും അതെല്ലാം അച്ഛന്റെ ഇഷ്ടംപോലെ ഉണ്ടാക്കി വിളമ്പികൊടുക്കും.
നോൺവെജ് വിഭവങ്ങളോട് യാതൊരു താല്പര്യവുമില്ലാത്ത കുട്ടികളായിരുന്നു ഞങ്ങൾ. അതുകൊണ്ട് തന്നെ ആ മീൻ കറി ഞങ്ങൾ കഴിക്കാറില്ല. ചോറുണ്ണാനിരിക്കുമ്പോ അമ്മയോട് പരാതി പറഞ്ഞു ചിണുങ്ങും, പച്ചക്കറി എന്തെങ്കിലും ഉണ്ടാക്കിക്കൂടായിരുന്നോയെന്ന്.
അത് കേൾക്കുമ്പോ അമ്മ കണ്ണ് തുറുപ്പിച്ച് ഒരു നോട്ടമുണ്ട്.
അടുത്ത നിമിഷം അമ്മയുടെ രൂപം ഭദ്രകാളിയുടേതാകും..
ഓരോരുത്തരുടെയും ഇഷ്ടത്തിന് ഉണ്ടാക്കാൻ ഇവിടെ വല്ലതും ഇരിപ്പുണ്ടായിരുന്നോ എന്നലറും.
അതോടെ ആ ചിണുങ്ങൽ അവിടെ അവസാനിക്കും.
അച്ഛനുള്ള നേരമാണെങ്കിൽ ആരും ഒന്നും മിണ്ടില്ല ചോറിൽ ഇച്ചിരി ഉപ്പൊഴിച്ച് വാരിത്തിന്ന് എണീറ്റ് പോകും.
വെക്കേഷന് അമ്മ വീട്ടിൽ ചെല്ലുമ്പോഴാണ് ഇഷ്ടഭക്ഷണങ്ങൾ, വയറു നിറയെ കഴിക്കാൻ കിട്ടുന്നത്.
എന്തു പറഞ്ഞാലും ഉണ്ടാക്കിത്തരുന്ന അമ്മമ്മ. വീടിന്റെ നേരെ ഓപ്പോസിറ്റ് ഒരു ചായക്കടയായിരുന്നു. ഞങ്ങൾ ഇറയത്തു വന്നിരിക്കുമ്പോഴായിരിക്കും കടയിലെ ചേട്ടൻ പഴം പൊരിയും, ഉണ്ടംപൊരിയുമെല്ലാം ഉണ്ടാക്കി കണ്ണാടി അലമാരയിൽ കൊണ്ടു വെക്കുന്നത്. വായിൽ വെള്ളമൂറിത്തുടങ്ങുമ്പോഴേക്കും അച്ചാച്ചൻ ഇറങ്ങി ചെന്ന് ഒരു വലിയ പൊതി നിറയെ പലഹാരങ്ങൾ വാങ്ങി വരും.
അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന പിടിയും കോഴിക്കറിയുമാണ് അമ്മമ്മയുടെ മാസ്റ്റർപീസ്. വിശേഷ ദിവസങ്ങളിൽ ഒഴിച്ച്കൂടാനാകാത്ത ഒരു വിഭവമായിരുന്നു അവർക്കത്.
ഞങ്ങൾക്ക് കോഴിക്കറിയോട് ഇഷ്ടമില്ലാത്തതു കൊണ്ട് അമ്മമ്മ മുട്ട കൊണ്ട് ഒരു കറി കൂടി ഉണ്ടാക്കും. മല്ലിയും മുളകും തേങ്ങയുമൊക്കെ വറുത്തരച്ച് ഒരു പ്രത്യേക രുചിയിൽ. ആ രുചിയോർമ്മകൾ ഇപ്പോഴും നാവിൻ തുമ്പിൽ വന്നു കൊതിപ്പിക്കാറുണ്ട്.
വർഷത്തിൽ ഒന്നോ രണ്ടോ ആഴ്ചത്തേക്കു മാത്രം ഉണ്ട് നിറയുന്ന സമൃദ്ധിയുടെ നാളുകളായിരുന്നു അത്.
കോളേജ് പഠന കാലം അതിലുമേറെ പ്രതിസന്ധിയുടേതായിരുന്നു.
ചക്കയുടെ സീസൺ തുടങ്ങിയാൽ ദിവസവും ചക്കക്കുരു കൂട്ടനായിരിക്കും. ചക്കക്കുരു മെഴുക്കുപുരട്ടി, ചക്കക്കുരു അവിയൽ, ചക്കക്കുരു മാങ്ങ, അങ്ങനെ പോകും അമ്മയുടെ കരവിരുത്.
ചക്കക്കുരു കഴിഞ്ഞാൽ പിന്നെ അമ്മയുടെ യുദ്ധം പപ്പായയോടായിരിക്കും.
വേലിയിൽ നട്ടു പിടിപ്പിച്ചിട്ടുള്ള ചീര, പറമ്പിൽ നട്ടേക്കുന്ന പയറിന്റെ ഇല, മത്തനില, മുരിങ്ങയില എന്നു വേണ്ട സകല ഇലകളും പലതരം കറികളായി ചോറ്പാത്രത്തിൽ നിരക്കും.
(തിന്നാൻ ഒരുപാടുള്ള ഒരു കാലം വന്നപ്പോൾ അന്ന് വെറുത്തിരുന്നയാ കറികളെ ഒരുപാട് കൊതിച്ചു പോയിട്ടുണ്ട് എന്നത് വേറെ കാര്യം.ഒരിക്കൽ ഒരു യാത്ര പോകുമ്പോൾ ആരുടെയോ പറമ്പിൽ നിറയെ വേലിച്ചീര നിൽക്കുന്നകണ്ട് കൊതി കൂടിയപ്പോ വണ്ടിയിൽ നിന്നിറങ്ങി കുറച്ചു പറിച്ചെടുത്തു. പറമ്പിന്റെ ഉടമസ്ഥൻ അതു കണ്ട് ഓടി വന്ന് തെറി വിളിക്കേം ചെയ്തു.)
കൂട്ടുകാരുടെ ചോറ്പൊതി വിഭവ സമൃദ്ധമായിരിക്കും. പരസ്പരം പങ്കുവെച്ചുണ്ണുന്നതുകൊണ്ട് എല്ലാറ്റിന്റെയും രുചിയറിഞ്ഞു കഴിക്കാൻ അവസരമുണ്ട്. എങ്കിലും ഉള്ളിലൊരു വിങ്ങൽ ഉണ്ടായിരുന്നു. അതുപോലൊരു പൊതി കൊണ്ട്ച്ചെല്ലാനുള്ള മോഹവും.
ചങ്ക് കൂട്ടുകാരിയായിരുന്ന പ്രിയയുടെ പൊതിയിൽ ചില ദിവസങ്ങളിൽ ഒരു ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി ഉണ്ടാകും. അപാര രുചിയായിരുന്നു അതിന്. അതിനോടുള്ള എന്റെ ഇഷ്ടമറിഞ്ഞപ്പോൾ എനിക്കായ് അവൾ പ്രത്യേകം കൊണ്ടുത്തരുമായിരുന്നു. കോളേജിൽ സമരമുള്ള ദിവസം ഞാനവളുടെ വീട്ടിൽ പോകും. അന്നും അവളുടെ അമ്മ എനിക്കായി ആ കറി ഉണ്ടാക്കി വെക്കും. നല്ല പിടക്കുന്ന കരിമീനും ചെമ്മീനുമെല്ലാം ഉണ്ടാകും അവളുടെ വീട്ടിൽ. പക്ഷേ എനിക്കതിനോടൊന്നും യാതൊരു കൊതിയും തോന്നിയിട്ടില്ല. വിവാഹം കഴിഞ്ഞ് ആദ്യമായി വിരുന്ന് പോയത് അവളുടെ വീട്ടിലേക്കായിരുന്നു. അന്നും എന്റെയാ ഇഷ്ടം തൂശനിലയിൽ വിളമ്പിത്തന്നു ആ അമ്മ.
പിന്നെ എത്രയോ പ്രാവശ്യം ഞാനാ കറിയുണ്ടാക്കി. പക്ഷേ ഒരിക്കൽപോലും ആ സ്വാദ് തിരിച്ചു കിട്ടിയില്ല.
കാലങ്ങൾ പോകെ, ഇറച്ചിയും മീനുമില്ലാതെ ചോറ് ഇറങ്ങാത്ത ഒരു കെട്ട്യോനെത്തന്നെ ദൈവം കൊണ്ട് തന്നു. ഉണ്ടാക്കി കൊടുക്കുമെന്നല്ലാതെ ഉപ്പ് നോക്കാൻ പോലും ഞാനതൊന്നും വായിൽ വെക്കാറില്ല. വെറുമൊരു ഉള്ളിച്ചമ്മന്തിയിൽ അതിലുമേറെ സംതൃപ്തയാണ് ഞാൻ.
ഒരിക്കൽ,ജോലി നോക്കുന്ന വീട്ടിലെ അമ്മച്ചിയോട് ഈ സദ്യ പ്രേമം പറഞ്ഞപ്പോൾ, ഒരു ദിവസം നിന്നെ “ആര്യാസിൽ “കൊണ്ടുപോയ് ഉഗ്രൻ സദ്യ വാങ്ങിത്തരാം എന്നൊരു ഓഫർ വെച്ചു.
കാത്തു കാത്തിരുന്ന ആ ദിവസം വന്നയന്ന് ഞങ്ങൾ ചെല്ലുമ്പോൾ ഹോട്ടൽ പൂട്ടി കിടക്കുന്നു.. അന്ന് എന്നേക്കാൾ സങ്കടം അമ്മച്ചിക്കായിരുന്നു. നിനക്ക് യോഗമില്ലാതായിപ്പോയല്ലോ പെണ്ണേ എന്നും പറഞ്ഞ്.
അതിന്റെ സങ്കടം തീർക്കാൻ പിറ്റേ ദിവസം വീട്ടിൽ ഞങ്ങളൊരു കുഞ്ഞു സദ്യയുണ്ടാക്കി. പായസമടക്കം.
#എന്റെരചന
#ഇഷ്ടഭക്ഷണം


7 Comments
രുചികളോടെ എഴുതിയ നോവും. അസ്സൽ എഴുത്ത്.👌👏❤️
👌💗🥰
സ്നേഹം ❤️
വളരെ നന്നായി എഴുതിയിട്ടുണ്ട്.നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു.പണ്ടത്തെ ജീവിതം ഇന്ന് മധുരമായി തോന്നുമെങ്കിലും അന്ന് എത്ര കഷ്ടതകളും ദുഃഖങ്ങളുമൊക്കെ സഹിച്ചാണ് ജീവിച്ചിരുന്നത്! അന്നൊക്കെ ഭക്ഷണം കഴിക്കാൻ ഇല്ല. എന്തെങ്കിലും ഒക്കെ കിട്ടിയാൽ കിട്ടി. ഓണത്തിനും അത് പോലെ പിറന്നാളുകൾക്കുമൊക്കെ മാത്രമേ എന്തെങ്കിലും സദ്യ അല്ലെങ്കിൽ നല്ല കറികൾ ഉണ്ടാകൂ.
പഴയകാല ഓർമ്മകൾ ഉണർത്തി.
അഭിനന്ദനങ്ങൾ ആശംസകൾ.
സ്നേഹം മാഷേ ❤️ സന്തോഷം
രുചികൾ നമ്മുടെ നാവിൻ്റെ മാത്രമല്ല മനസ്സിൻ്റേയും കൂടിയാണ് അല്ലേ. നോവുണർത്തുന്ന ഓർമ്മകളും രുചികളും
സ്നേഹം സിന്ധൂ❤️❤️❤️
Relatable 🙏🏻