ജീവിതപ്പാതയിൽ നാം ഒറ്റയ്ക്കല്ല. പലപ്പോഴും നമ്മുടെ കൈകളിൽ താങ്ങായി, മനസ്സിൽ തണലായി, ഓർമ്മകളിൽ ഒളിമങ്ങാത്ത ചിത്രങ്ങളായി ചിലരെല്ലാം കടന്നുവരുന്നു.
മാതാപിതാക്കൾ, ഗുരുക്കന്മാർ, സുഹൃത്തുക്കൾ, കൂടപ്പിറപ്പുകൾ, ഒപ്പം നിർണ്ണായക ഘട്ടങ്ങളിൽ താങ്ങായ അപരിചിതർ പോലും നമ്മുടെ ജീവിതത്തിൽ കൂട്ടായി മാറുന്നു.
ഓരോരോ ഘട്ടങ്ങളിൽ നമ്മെ ചേർത്തുനിർത്തിയവരെക്കുറിച്ചും വീഴ്ചകളിൽ കൈപിടിച്ചുയർത്തിയവരെക്കുറിച്ചും ഓർക്കുമ്പോഴാണ് അവരെല്ലാം നമ്മുടെ ജീവിതത്തിലെ എത്രമാത്രം കൂട്ടായിരുന്നുവെന്ന് തിരിച്ചറിയുന്നത്.
വേണ്ടസമയത്ത് വേണ്ടത് ചെയ്യുന്ന കൂട്ടാണ് നമുക്ക് അത്യാവശ്യം.
ഒരു കൂട്ടുവേണ്ടെ എന്ന് കരുതി നമ്മോടൊപ്പം കൂടിയവർ യഥാർത്ഥത്തിൽ കൂട്ടായിരുന്നോ എന്ന് ജീവിതം നമ്മെ പലപ്പോഴും ഓർമ്മിപ്പിച്ചേക്കാം.
ഓർമ്മവെച്ച കാലം മുതൽ അമ്മയാണ് എന്റെ കൂട്ട്. അമ്മയുടെ സാമീപ്യം മാത്രമല്ല, അഭാവത്തിൽ പോലും ആ സ്നേഹം മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഒരു കൂട്ടായി എന്നും നിലകൊള്ളുന്നു. എന്റെയുള്ളിൽ എന്നും ഒന്നാം സ്ഥാനം അമ്മയ്ക്കാണ്, കാരണം അമ്മയിൽ ഞാൻ ഗുരുവിനെയും ദൈവത്തെയും കാണുന്നു. എന്നെ ആദ്യമായി സ്കൂളിൽ ചേർത്തതും, ഞാൻ പഠിച്ചു വലിയ ആളാകുമെന്ന പ്രതീക്ഷയോടെ എന്നെ നോക്കിയതും അമ്മയായിരുന്നു. ആ ആഗ്രഹവും പ്രതീക്ഷയും അമ്മയുടെ കണ്ണുകളിൽ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്
ബാല്യകാലത്ത് എൻ്റെ മുത്തശ്ശി എനിക്ക് തണലും കൂട്ടുമായിരുന്നു.
കൂട്ട് എന്നത് എപ്പോഴും വ്യക്തികൾ മാത്രമാകണമെന്നില്ല. എന്നെ സംബന്ധിച്ച് പുസ്തകങ്ങളും ഒരു കൂട്ടാണ്. സ്കൂൾ കാലഘട്ടം മുതൽക്കേ പുസ്തകങ്ങളോടുണ്ടായിരുന്ന അഭിനിവേശമാണ് എന്നെ എഴുത്തിലേക്ക് നയിച്ചത്. ഒരു സുഹൃത്തിനെപ്പോലെ, പുസ്തകങ്ങൾ എന്റെ ജീവിതവഴികളിൽ തണലായി എന്നുമുണ്ട്. ഓരോ പുസ്തകവും ഓരോ ലോകമാണ്, അവ എന്റെ മനസ്സിൽ പുതിയ ചിന്തകൾക്ക് വിത്തുപാകി. വിവരങ്ങളുടെയും ഭാവനയുടെയും ലോകം തുറന്നു തരുന്ന പുസ്തകങ്ങളും, അവയെ ഉൾക്കൊള്ളുന്ന വായനശാലകളും, അതിനെല്ലാം ജീവൻ നൽകുന്ന സാഹിത്യരചനകളും എന്റെ ജീവിതത്തിൽ വിലമതിക്കാനാവാത്ത കൂട്ടാണ്. അവയില്ലാത്ത ഒരു ലോകം എത്ര ശൂന്യവും വിരസവുമായിരിക്കും!

ജീവിതത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ, അത് കണ്ടറിഞ്ഞ് സഹായിക്കാൻ മനസ്സുള്ള ചില അപൂർവം വ്യക്തികൾക്ക് മാത്രമേ ‘കൂട്ട്’ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി തരാൻ കഴിയൂ. ജോലിയുമായി ബന്ധപ്പെട്ട് ഒരു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം പാതിരാത്രിയിൽ വീട്ടിലെത്താൻ വഴിയില്ലാതെ ഞാൻ ആശങ്കപ്പെട്ടു നിന്നപ്പോൾ, പരിചയമില്ലാത്ത ഒരുദ്യോഗസ്ഥൻ എന്നെ സ്വന്തം കാറിൽ വീട്ടിലെത്തിച്ചത് ഞാൻ ഒരിക്കലും മറക്കില്ല. ആ ദിവസത്തെ ആ സഹായവും എനിക്ക് ലഭിച്ച വലിയൊരു കൂട്ടായിരുന്നു. ഇത്തരം നന്മയുള്ള മനുഷ്യരെ പലപ്പോഴും കൂട്ടായി എനിക്ക് ലഭിച്ചിട്ടുണ്ട്, അവരെയെല്ലാം ഞാൻ ഓർമ്മകളുടെ അറയിൽ ഭദ്രമായി സൂക്ഷിക്കുന്നു.
വിശപ്പിന്റെയും ദാഹത്തിന്റെയും കാഠിന്യത്തിൽ വലയുമ്പോൾ ഒരു തുണ്ട് അപ്പവും ഒരു തുള്ളി ജലവും നൽകുന്ന സഹായത്തിന് വിലയിടാൻ കഴിയില്ല. അതുപോലെ, കൂട്ട് എന്നത് ഒന്നിച്ചു ജീവിക്കുകയോ ഒന്നിച്ചു നടക്കുകയോ ചെയ്യുന്നതിനപ്പുറം ഒരുപാട് അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒന്നാണ്.
ജീവിതവഴികളിൽ, ജോലിയിടങ്ങളിൽ, സാഹിത്യ-സാംസ്കാരിക രംഗത്ത് തുടങ്ങി ഒട്ടനവധി ഇടങ്ങളിൽ സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്.അത് പോലെ പുസ്തകങ്ങൾ, അക്ഷരങ്ങൾ പോലും എന്റെ കൂട്ടായി.എന്റെ ജീവിതത്തിൽ അങ്ങനെ കൂട്ടായി തീർന്നവർ, എന്റെ കൂട്ട് തന്നെയാണ്.
ഓരോ അനുഭവവും, ഓരോ ബന്ധവും എന്നെ ഞാനാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഈ യാത്രയിൽ എന്നെ പിന്തുണച്ചവർക്ക് ഹൃദയഭാഷയിൽ നന്ദിയല്ലാതെ മറ്റെന്ത് ചൊല്ലാൻ!


3 Comments
മനോഹരം
👌🌹❤️
♥️♥️🙏