തയ്യൽ മെഷീൻ കൂട്ടത്തോടെ ശബ്ദമുയർത്തി കരഞ്ഞു. ആ കുടുംബശ്രീ യൂണിറ്റിലെ മുപ്പതു സ്ത്രീകളുടെ കൈകളിലൂടെ കുങ്കുമവും പച്ചയും അശോകചക്രം പതിഞ്ഞ വെള്ളനിറവുമുള്ള തുണിത്തുണ്ടുകൾ നിരങ്ങി നീങ്ങി.
ശ്രീകലയുടെ തയ്യൽ മെഷീനിലും കൂട്ടി തുന്നിയ തുണിത്തുണ്ടുകൾ അവരുടെ അനുവാദം ചോദിക്കാതെ ആരുടേയോ കൂടെ പടിയിറങ്ങും. എവിടെയെങ്കിലും ഒരു കൊടിമരത്തിൽ ആ പതാകകളെ ഉറപ്പിച്ചു കെട്ടിയിടും. അവിടെ അല്പം പോലും മുന്നോട്ടു കുതിക്കാൻ അനുവദിക്കാത്ത ആ ചരടിൻ തുമ്പിൽ, തങ്ങളുടെ ജന്മനിയോഗം നിറവേറ്റി അവർ സ്വാതന്ത്ര്യം വിളിച്ചറിയിച്ചു പാറിക്കളിക്കും.
എന്തു സ്വാതന്ത്ര്യം?
ആർക്കു സ്വാതന്ത്ര്യം?
എഴുപത്തിയഞ്ചു ആണ്ടിലധികം ആഞ്ഞുവലിച്ചിട്ടും പെൺമക്കൾക്ക്, പൊട്ടിച്ചെറിയാൻ കഴിയാത്ത ചങ്ങലകണ്ണികൾ. ചിന്തകൾ മനസ്സിൽ ചേക്കേറി കുരുങ്ങി. പിടച്ചലിൽ ശ്രീകലയുടെ തയ്യൽ മെഷീൻ നിശബ്ദമായതു അവളറിഞ്ഞില്ല.
” ശ്രീകല…”, മാനേജർ അവളുടെ മേശപ്പുറത്തു ശക്തിയായി അടിച്ചു. നൂൽ ചുറ്റുകളും കത്രികയും തയ്യൽ സൂചികളും കിലുങ്ങി തെറിച്ചു.
“എന്തു കണ്ടാണ് വെറുതെ ഇരിക്കുന്നെ? ചുമ്മാ ഇരുന്നു കാശു വാങ്ങാനെങ്കിൽ ഇവിടെ വരേണ്ട, വീട്ടിലിരുന്നാൽ മതി”, തടിച്ച സ്ത്രീ കണ്ണട കയറ്റിവെച്ചു അവളെ കടുപ്പിച്ചു നോക്കി. കൂടെ ജോലിചെയ്യുന്നവർ തലയുയർത്താതെ പരസ്പരം കണ്ണയച്ചു.
മാനേജർ നീങ്ങിപോയപ്പോൾ അവരിൽ ചിലർ ശ്രീകലയുടെ അടുത്തെത്തി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“നിനക്കിത്തിരി സ്വപ്നം കാണൽ കൂടുതലാണ്”, അവളുടെ അടുത്ത കൂട്ടുകാരി നന്ദ അവളുടെ പുറത്തു തട്ടി.
“ഞങ്ങൾക്കെല്ലാം സുഖമാണെന്നാണോ നീ കരുതണെ?”, ആ വാചകത്തിൽ ഒളിഞ്ഞുകിടന്ന കയ്പ്പുരസം, പലപ്പോളായി ആ കൂട്ടത്തിലെ പല സ്ത്രീകളിൽനിന്നും പുളിച്ചു തികട്ടിയിരുന്നു.
താൻ സ്വപ്നം കാണാൻ കൊതിച്ചവൾ, സ്വപ്‌നങ്ങളുണ്ടെങ്കിൽ മാത്രമെ ആ ചിറകുകളിലേറി ഉയരങ്ങളിൽ പറക്കാൻ സാധിക്കുകയുള്ളൂ എന്ന് ഉറക്കെ പ്രസംഗിച്ചവൾ. വർഷങ്ങൾക്കു മുൻപ്, ആ സർക്കാർ സ്കൂളിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിനിയുടെ ശബ്ദം, ഒരു ആഗസ്റ്റ് പതിനഞ്ചിനു സ്വാതന്ത്ര്യദിന സന്ദേശമായി മൈക്കിലൂടെ പെരുത്തു പുറത്തു അലയടിച്ചപ്പോൾ നീണ്ട കരഘോഷം ഇന്നും കാതിൽ മുഴങ്ങുന്നു.
എന്നാണ് താൻ സ്വപ്‌നങ്ങൾ കാണാൻ ഭയപ്പെട്ടു തുടങ്ങിയത്? സ്വപ്നങ്ങൾ വെറും മരീചികയായി തീർന്നപ്പോഴോ? മോഹങ്ങൾ മെനയുന്ന വ്യർത്ഥത, ജീവിതത്തെ വലയം ചെയ്തു ശ്വാസം മുട്ടിക്കാൻ തുടങ്ങിയപ്പോൾ സ്വയം തീർത്ത മൗനത്തിന്റെ വാൽമീകത്തിൽ മുഖം പൂഴ്ത്തി. എന്നിട്ടും ഓർമ്മകളുടെ കയത്തിൽ ഇടയ്ക്കിടെ തെന്നിവീണു, ആ ചുഴിയിൽ കറങ്ങി.
കുടുംബത്തിലെ മൂന്നു പെൺകുട്ടികളിൽ മൂത്തവൾ, അമ്മൂമ്മയുടെ ശ്രീക്കുട്ടി. കാച്ചെണ്ണ തിരുമ്മി പിടിപ്പിച്ചു മുടി പിന്നിയിടുമ്പോൾ അമ്മൂമ്മ ചോദിക്കും,
“മിടുക്ക്യാ ന്റെ കുട്ടി. പഠിച്ചു വല്യേ ആളായാല്, ഈ അമ്മൂമ്മേ മറക്കൊ?”
“ങേ… ആലോചിക്കട്ടെ, അവൾ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്തുവെച്ചു കണ്ണുകൾ ഉയർത്തി ആലോചന നടിക്കും.
‘അമ്പടി കേമി…’, അവർ ഇരുവരും ചേർന്നു ഉറക്കെ ചിരിക്കും.
സ്കൂൾ ഫൈനൽ കഴിഞ്ഞ്, റിസൾട്ട് കാത്തിരിക്കുന്ന മേടച്ചൂടിൽ, വീടിന്റെ ഉമ്മറത്ത് തന്നെ കാത്തിരിക്കുന്ന അതിഥികളിൽ ഒരാളുമായി കല്യാണം ഉറപ്പിക്കുമ്പോൾ അയാളെ അവൾക്കിഷ്ടപ്പെട്ടോയെന്ന് ആരും ചോദിച്ചില്ല. വെറ്റിലയിൽ നൂറു തേക്കുന്ന അമ്മൂമ്മയുടെ അടുത്തേക്ക് അവൾ ഓടിച്ചെന്നു.
“എനിക്കിപ്പോൾ കല്യാണം വേണ്ട, എനിക്ക് പഠിക്കണം”, അവൾ അമ്മൂമ്മയെ പിടിച്ചുലച്ചു. കഷായക്കൂട്ടുകൾ കയ്പു പടർത്തിയ വൃദ്ധയിൽ ഉപാധികളുണ്ടായിരുന്നില്ല.
“തോന്ന്യാസം പറയാതെ പോ കുട്ടി, വീട്ടിൽ വന്നു കയറിയ ഭാഗ്യം തട്ടിക്കളയരുത്. നിന്റെ താഴെ രണ്ടെണ്ണം കൂടിയുണ്ട് എന്നോർക്കണം”, അമ്മയാണ് ഉത്തരം പറഞ്ഞത്.
അമ്മൂമ്മ വെറ്റില ഞെട്ട് നുള്ളി കൈത്തലത്തിൽ വെച്ചു ഞെരിച്ചു ദൂരേക്ക് മിഴി നീട്ടി. അവളുടെ സ്വപ്നങ്ങൾ ഞെരിഞ്ഞമർന്നു വെറ്റിലഞെട്ടിനോടൊപ്പം ചുരുണ്ടുകൂടി.
സാമാന്യം തരക്കേടില്ലാത്ത ഒരു പലച്ചരക്ക് പച്ചക്കറി കടയുടമയുടെ മകനാണ് അവളുടെ ഭാവിഭർത്താവെന്ന് പലപ്പോഴായി മുറിഞ്ഞു കേട്ട സംഭാഷണങ്ങളിൽ നിന്നും അവളറിഞ്ഞു. അയാൾ കടയിൽ അച്ഛനെ സഹായിക്കുന്നുവെന്നും അതിനാലാണ് അയാൾക്ക് സ്വന്തമായി വിലാസം ഇല്ലാതെപോയതെന്നും ഒരു പതിനെട്ടുകാരി ഇതിൽ കൂടുതൽ അറിയേണ്ടതില്ലെന്നും അനുസരിക്കുക മാത്രമാണ് കടമയെന്നും അവളെ വീട്ടുകാർ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
“അവര് ചോദിച്ച പണം തികഞ്ഞിട്ടില്ല, അവരോടു ഒരു വർഷത്തെ അവധി ചോയ്ക്കാം.”, വൈകിയെത്തി അത്താഴം കഴിക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു. എച്ചിൽ പാത്രങ്ങളുടെ കലമ്പലിൽ അവര് സമ്മതിച്ചാൽ മത്യായിരുന്നു. എന്തായാലും ഈ കർക്കിടകം കഴിയാതെ മംഗളകർമം നടത്തേണ്ടല്ലോ”, അമ്മയുടെ നെടുവീർപ്പുയർന്നു. ആ നിശ്വാസത്തിൽ ഒരു ഭാരമിറക്കിവെയ്ക്കലും അതിരറ്റ പ്രതീക്ഷകളുമുണ്ടായിരുന്നു.
ശ്രീകല പറയാൻ ഒരുക്കി വെച്ചതെല്ലാം അവളുടെ തൊണ്ടയിൽ കുറുകി. അവ വാക്കുകളായി രൂപപ്പെട്ടില്ല. അവൾ മെല്ലെ നടന്നു, ഉറക്കെ പാഠപുസ്തകം വായിക്കുന്ന അനിയത്തിമാരോടൊപ്പം ഇരുന്നു. അവരുടെ ശബ്ദം കൂടികലർന്നു തനിക്കു അന്യമായ ഭാഷയിൽ മച്ചിൽ തട്ടിത്തിരിയുന്നതായി അവൾക്കു തോന്നി. കർക്കിടകമഴ വാഴക്കൂട്ടത്തിൽ പെയ്തു ചിലച്ചു.
മംഗളകാര്യങ്ങൾക്കു ഉചിതമായ ചിങ്ങമാസത്തിൽ ശ്രീകല നവവധുവിന്റെ ചമയങ്ങളണിഞ്ഞു. നിലവിളക്കിൽ തെളിഞ്ഞ തിരി വെട്ടത്തിൽ, തീർത്തും അപരിചിതമായ ഒരു ദേശത്തേക്ക് ഒരു കൂട്ടം മനുഷ്യരുടെ ഇടയിലേക്ക് അവൾ പറിച്ചു നടപ്പെട്ടു.
അലസനും കാര്യശേഷിയില്ലാത്തവനുമായ ഭർത്താവിനെ അവൾ വേഗത്തിൽ തിരിച്ചറിഞ്ഞു. എന്നിട്ടും അയാളുടെ കൈയിൽ കിട്ടിയ പുതിയ കളിപ്പാട്ടമായി അവൾ മാറി. അയാളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ അവൾ ബാധ്യസ്ഥയായി. ചിന്തിക്കാനും സ്വയം ചലിക്കാനും അവകാശമില്ലാത്ത കളിപ്പാട്ടം. അവൾ ഭാര്യയിൽ നിന്നും പക്വതയുള്ള അമ്മയിലേക്കു വളർന്നപ്പോഴും അയാൾ സ്വന്തം സുഖം മാത്രമന്വേഷിക്കുന്ന അച്ഛൻ മാത്രമായിരുന്നു.
“എണീക്കൂ… കടയിൽ പോകേണ്ടേ?, ഏറെ വൈകിയും ഉണരാത്ത അയാളെ അവൾ തട്ടിവിളിച്ചു.
“എപ്പോൾ പോകണമെന്ന് ഞാൻ തീരുമാനിച്ചോളാം. എന്നെ പഠിപ്പിക്കാൻ വരേണ്ട, നീ പോയി ചൂടുള്ള ഒരു ചായയെടുക്ക് “, രാത്രിയിലെ കൂട്ടുകാരോടൊത്തുള്ള മദ്യസൽക്കാരത്തിന്റെ വിട്ടൊഴിയാത്ത ആലസ്യത്തിൽ നിന്ന് കണ്ണു മിഴിച്ച് അയാളിലെ ഉടമസ്ഥാവകാശം മുരണ്ടു.
“പെണ്ണുങ്ങൾക്ക് മിടുക്ക് വേണം, അതില്ലാതെയാണ് ഇങ്ങനെയൊക്കെ ആകുന്നത്. അതും രണ്ടു പെൺകുട്ട്യോളാണ് ഉള്ളത്”, അവർ മുറ്റത്തേക്ക് നീട്ടി തുപ്പി.
അമ്മായിയമ്മയുടെ വാക്കുകൾ, അവളുടെ കൈയിലെ ചൂടുചായയിൽ നിന്നും ഉയരുന്ന ആവിയോടൊപ്പം പൊങ്ങി പരന്നു അടുക്കളയിൽ കറങ്ങി ശൂന്യതയിൽ ലയിച്ചു. വർഷങ്ങൾക്കുള്ളിൽ നഷ്ടക്കണക്കുകൾ പെരുകിയതിന്റെ കാരണം മകന്റെ ദു:സ്വഭാവവും പിടിപ്പുകേടും ആണെന്ന് സമ്മതിക്കാനുള്ള വൈമുഖ്യം, ആ പഴിചാരലിനു കാരണമെന്നു ശ്രീകലക്കും ബോധ്യമായിരുന്നു. അവരിലേക്ക് നീണ്ട മങ്ങിയ നോട്ടങ്ങൾ മാത്രം അവളുടെ പ്രതികരണമായി.
കിടപ്പിലായ, ഭർത്താവിന്റെ അച്ഛന് വേണ്ടി ആയുർവേദമരുന്നിട്ടു വെള്ളം തിളപ്പിക്കുമ്പോൾ പൊന്തിയുയർന്ന ആവി അമ്മൂമ്മയുടെ മണം അവളെ വാരിച്ചുറ്റി.
അന്നും ഇതു പോലെ മഴ തോരാതെ പെയ്ത ദിവസമായിരുന്നല്ലോ. പച്ച പൂപ്പൽ പടർന്നുകയറിയ മതിലിനു മുകളിലൂടെ, ഇടവഴിയിലൂടെ നടന്നടുക്കുന്ന അച്ഛനെ അവൾ കണ്ടത്.
അവൾ ഓടിച്ചെന്നു അച്ഛന്റെ കൈയിലെ കുടവാങ്ങി ഇറയിൽ തൂക്കി. ചാറ്റൽ മഴയിൽ നനഞ്ഞ കുടയിൽ നിന്നും വെള്ളമിറ്റു വീണു. അച്ഛനെ പ്രായം കീഴടക്കുന്നതായി മുഖവലയങ്ങളും കൈത്തണ്ടയിലെ അയഞ്ഞ പേശികളും സന്ദേശം നൽകി. ഭർത്താവിന്റെ മുഖത്തു കണ്ട ഇരുൾ അവളെ അസ്വസ്ഥയാക്കി.
“കൊല്ലം കുറച്ചായില്ലേ? കല്യാണത്തിന് പറഞ്ഞുറപ്പിച്ച തുക ഇതുവരെ തന്നില്ലല്ലോ”, അമ്മായിയമ്മയുടെ ചോദ്യത്തിന് മുന്നിൽ ചൂളുന്ന അച്ഛനെ കണ്ട് അവളുടെ തൊണ്ട വരണ്ടു. കുടിക്കാനെടുത്ത ചായ തിരികെ വെച്ചയാൾ കുറ്റബോധത്തോടെ മകളെ നോക്കി. അച്ഛനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാനവൾ കൊതിച്ചു.
“അതു മുഴുവനും കിട്ടിയിട്ടെ, ഇനി നിങ്ങളുടെ മോള് അവളുടെ വീട് കാണൂ, പറഞ്ഞു പറ്റിക്കാമെന്നു ആരും കരുതേണ്ട”, ഭർത്താവിന്റെ സ്വരത്തിൽ അധികാരവും ഗർവ്വും താക്കീതും മത്സരിച്ചു.
പണയവസ്തുവിന് പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യമില്ലല്ലോ. തനിക്ക് കൂച്ചുവിലങ്ങിടാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത്? ചോദ്യങ്ങൾ അവളുടെ ഉള്ളിൽ പുകഞ്ഞ്, മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി.
വർഷങ്ങൾക്കപ്പുറം അപരിചിതരാക്കിയ തന്റെ സ്വന്തബന്ധങ്ങളെ മക്കൾ മറന്നു കാണുമോ? അവളോർത്തു.
“അമ്മേ… എനിക്ക് ഒരു കൊടി കൊണ്ടുതര്വോ? “, മൂത്തമകൾ ചോദിച്ചു, മകളുടെ ചോദ്യം അവളെ ഉണർത്തി.
“ഓ…നോക്കട്ടെ.”, സമ്മതഭാവത്തിൽ അവൾ മകളുടെ നേരെ കണ്ണുകളയച്ചു.
“നിക്കും വേണം”, കുഞ്ഞു കൈകൾ നീട്ടി ഇളയ മകൾ ചിണുങ്ങി.
“പിന്നെ അമ്മയുടെ ചക്കരമുത്തിനും അമ്മ കൊണ്ടുവരാം ട്ടോ.”, അവൾ കുഞ്ഞിനെ വാരിയെടുത്തു നെറുകയിൽ ചുംബിച്ചു.
അച്ഛൻ കിടപ്പിലായതിനു ശേഷം കച്ചവടം കുറയുന്നതും വീട്ടിൽ ദാരിദ്ര്യം ആവശ്യങ്ങളിൽ തുളകൾ വീഴ്ത്തുന്നതും എല്ലാവരും അറിയുന്നുണ്ടായിരുന്നു. വിധിയിൽ പഴിചാരിയ മുറിഞ്ഞ ശാപവചനങ്ങൾ അവൾക്കും കുട്ടികൾക്കും മീതെ ചൊരിയുന്നതും പുതുമയല്ലാതായിരിക്കുന്നു.
“കച്ചവടം തീരെയില്ല, കട വിറ്റാലോ?, ഇതൊന്നും നടത്തിയിട്ടു യാതൊരു ഗുണവുമില്ലന്നേയ്”, ഭർത്താവിന്റെ വാക്കുകൾ, സന്ധ്യയുടെ നേരിയ ഇരുൾ,
നടുവിലകത്തിരിക്കുന്നവരുടെ മുഖങ്ങളിലേക്കും കൂട്ടികൊണ്ടുവന്നു.
കട്ടിലിൽ കിടക്കുന്ന അച്ഛൻ ഞെരങ്ങി.
“നന്നായി നടത്തിയാൽ ഒരു കുടുംബം അല്ലലില്ലാതെ കഴിഞ്ഞുപോകാം, നമ്മൾ ജീവിച്ചതു ആ കച്ചവടം കൊണ്ടാണെന്ന് മറന്നോ, എല്ലാം നശിപ്പിക്ക്യാല്ലെ?”, അയാളുടെ സ്വരം തളർന്നതും നിരാശാഭരിതവുമായിരുന്നു.
ശ്രീകലയുടെ മുഖഭാവം ഉറഞ്ഞു.
“ഇല്ല അച്ഛാ, കച്ചവടം ഞാൻ നടത്തും, ഇയാളെക്കാൾ നന്നായി എനിക്കു ചെയ്യാൻ സാധിക്കും. കുറച്ചു പണം വായ്പയെടുക്കേണ്ടി വരും, അതു ഞാൻ പതിയെ അടച്ചു തീർത്തോളാം”, അവളുടെ സ്വരം ദൃഢമായിരുന്നു. തന്നെ കുരുക്കുന്ന ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിയാനുള്ള കരുത്ത്, വാക്കുകളിൽ മുഴങ്ങി.
ചില പകരംവെയ്ക്കലുകൾ അനിവാര്യമാണല്ലൊ. കരുത്തുറ്റ തീരുമാനങ്ങൾ ഉരുത്തെരിയുവാനുള്ള സമയമാണ് ജീവിതത്തിന്റെ സഹനപർവ്വമായി മാറുന്നത്. അതിൽ അതിജീവനത്തിന്റെ വിത്തുകളും മുളപൊട്ടുന്നു, അവൾ മനസ്സിൽ കുറിച്ചിട്ടു.
സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന്, തുന്നിത്തീർന്ന പതാകകൾ പെട്ടികളിൽ നിറച്ചു ആവശ്യകാർക്ക് എത്തിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു. പതിവിലും വൈകി വീട്ടിൽ തിരിച്ചെത്തിയപ്പോൾ സന്ധ്യയുടെ നിഴലനക്കങ്ങൾ തുടങ്ങിയിരുന്നു.
അവളെ കാത്തു ഭർത്താവ് ഉമ്മറത്തെ ചാരുപ്പടിയിൽ ചാരി അക്ഷമനായി ഇരുന്നിരുന്നു.
“എവിടെയായിരുന്നെടീ ഇതുവരെ? “, അയാൾ കയർത്തു.
“ജോലി ഏറെയുണ്ടെങ്കിൽ അല്പം വൈകിയെന്നിരിക്കും”, അവളുടെ അപ്രതീക്ഷിത മറുപടിയിൽ അയാൾ പരുങ്ങി.
“ജോലി തീർന്ന്, ഇന്ന് പണം കിട്ടിയില്ലേ?, ഇങ്ങോട്ടെടുക്ക്”, അയാൾ തിരക്കുക്കൂട്ടി.
“അതു ഞാൻ ചിലവാക്കിക്കോളാം, ഇവിടെ പല ആവശ്യങ്ങളുമുണ്ട്. പണം സമ്പാദിക്കാൻ സാധിക്കുമെങ്കിൽ എന്തിനു ചിലവാക്കണമെന്ന് എനിക്ക് തീരുമാനിച്ചു കൂടെ?”, അവൾ തല വെട്ടിത്തിരിച്ചു അകത്തേക്ക് കയറിപ്പോയി.
കടലാസ്സുപ്പൊതിയഴിച്ചു പതാകകളെടുത്തു കുഞ്ഞുങ്ങളുടെ കൈയിൽ കൊടുത്തു. കുങ്കുമവും പച്ചയും വെള്ളയും നിറങ്ങൾ പെൺകുട്ടികളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ അലകൾ ഉയർത്തി. അപ്പോഴും ആ പതാക ഉത്ഘോഷിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് അവരുടെ അമ്മ ആലോചിച്ചുകൊണ്ടിരുന്നു.
“ഞാൻ നാളെയെന്റെ വീട്ടിൽ പോകുന്നു. എനിക്ക് എന്റെ വീട്ടുകാരെ കാണണം, അതിന് നിങ്ങളാരുടെയും അനുവാദം എനിക്കു വേണ്ട, ആരും എന്നെ തടയാനും വരേണ്ട.”
അയാളുടെ മുഖത്തു ദ്യേഷ്യം ഇരച്ചു കയറി. പക്ഷെ പറയാനാഞ്ഞ വാചകം മുഴുവനാക്കാനാവാതെ അയാൾ കൈകൾ കൂട്ടിത്തിരുമ്മി, അതൊരു പിറുപിറുപ്പിൽ അവസാനിപ്പിച്ചു.
കുലവാഴയും ചെണ്ടുമല്ലിപ്പൂമാലയും ചെന്തെങ്ങിൻ കരിക്കും കൊണ്ടലങ്കരിച്ചു കളഭകുറിയണിഞ്ഞ ബസ്സിൽ ആ സ്വാതന്ത്ര്യദിനത്തിൽ അവൾ വർഷങ്ങൾക്കു ശേഷം തന്റെ വീട്ടിലേക്കു യാത്രയായി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ വർണ്ണപതാകകൾ എങ്ങും പാറിക്കളിച്ചു. കുട്ടികൾ പുറംകാഴ്ചകളിലേക്ക് കണ്ണയക്കുമ്പോൾ, കച്ചവടം നവീകരിക്കേണ്ട കാര്യങ്ങൾ അവൾ ഒന്നൊന്നായി രൂപപ്പെടുത്തുകയായിരുന്നു. പുതിയ ലോകത്തിന്റെ രൂപഭാവങ്ങൾ തന്റെ ഷോപ്പിനുണ്ടായിരിക്കണമെന്ന് അവൾ തീരുമാനിച്ചിരുന്നു. ചില്ലിട്ട അലമാരകൾ പണി തീർക്കുന്നതിനും പുത്തൻ ചരക്കുകൾ കൊണ്ടുവരുന്നതിനും ചെറിയ ലോൺ തരപ്പെടുത്തുവാൻ സാധിച്ചത് തന്റെ സ്വാതന്ത്രത്തിലേക്കുള്ള വഴി തുറക്കലാണെന്ന വിശ്വാസം അവളുടെ മുഖം പ്രസന്നമാക്കി.
വീട്ടിലെത്തിയ ശ്രീകലയെ കണ്ടു അവളുടെ അമ്മ ഓടിയടുത്തു.
“എത്ര കാലമായി എന്റെ മോള് ഇത്രടം വന്നിട്ട്”, അവർ തേങ്ങി. തന്റെ മകളെ കുറിച്ച് മനസ്സിലിട്ടു പെരുക്കിയ കനൽ, മനം നിറഞ്ഞു പെയ്തവർ അണച്ചുകളഞ്ഞു.
കഷായവും തൈലവും മണക്കുന്ന ചെറിയ മുറിയിലേക്ക് ശ്രീകല കടന്നുവന്നു.
“അമ്മൂമ്മേ, ഞാൻ വന്നൂട്ടോ…”
അമ്മൂമ്മ കാഴ്ച മങ്ങിയ കണ്ണുകൾ ചിമ്മി തുറന്നു മുന്നിലെ രൂപം ആരെന്നറിയാൻ ശ്രമപ്പെട്ടു. ശ്രീകല കൈപ്പിടിച്ച് വൃദ്ധയെ എഴുന്നേൽപ്പിച്ചിരുത്തി.
“നീ വന്നൂലോ കുട്ടി, ഒന്നു കാണാൻ പറ്റീലോ, എനിക്കതു മതി”, അവർ ശ്രീകലയെ പുണർന്നു. വികാരങ്ങളുടെ വേലിയേറ്റത്തിൽ ചില നിമിഷങ്ങൾ നിശ്ശബ്ദമായി അവരുടെ ഇടയിലൂടെ കടന്നുപോയി.
തന്നെ ചേർന്നുനിൽക്കുന്ന രണ്ട് പെണ്മക്കളെ ചൂണ്ടി അവൾ പറഞ്ഞു.
“എന്റെ മക്കൾ വലുതായി, അമ്മൂമ്മ കാണുമ്പോൾ അവർ തീരെ ചെറുതായിരുന്നില്ലെ?”, അവൾ മക്കളെ അവരുടെ അടുത്തേക്ക് നീക്കിനിർത്തി. അമ്മൂമ്മയുടെ നരച്ച കൃഷ്ണമണികൾ തുടിച്ചു. അവർ ശുഷ്ക്കിച്ച കൈകൾകൊണ്ടു കുട്ടികളെ തലോടി.
സ്ത്രീസ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുന്ന പുതിയ തലമുറയുടെ കൈയിലെ പതാകകളെ, ജനാലയിലൂടെ കടന്നുവന്ന ചെറുതെന്നൽ ഇക്കിളിയിട്ടു.
നാലു തലമുറകൾക്കിടയിലൂടെ ഊർന്നിറങ്ങിയ പുഞ്ചിരിയുടെ ധ്രുവദീപ്തിയിൽ സ്നിഗ്ദ്മായ വികാരങ്ങളുടെ വേലിയേറ്റം ശ്രീകലയറിഞ്ഞു.


20 Comments
ശ്രീകലയും അവളുടെ പെൺമക്കളും സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെയ്ക്കട്ടെ…. എപ്പോഴും എന്ന പോലെ ഈ കഥയും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ❤️👍
മനോഹരം. നല്ല തിരിച്ചറിവ്. ശക്തമായ ചുവടുവെപ്പ്..
🥰സ്വപ്നങ്ങൾക്ക് ചിറകുകൾ മുളക്കുന്നത് ഓർക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം💗😍👌 നല്ല എഴുത്ത് ചേച്ചി👏
Happy independence day 💐
True.
Thank you Sayara.🙏
അസ്വാതന്തൃത്തിൽ കഴിയൂന്ന എല്ലാ സഹോദരിമാരൂംഇതപോലെയായിരൂന്നെങ്കിൽ,പൂരൂഷമേധാവിത്വത്തിന് അറൂതിവരൂമായിരൂന്നൂനല്ലകഥ.അഭിനന്ദനങ്ങൾ
Thank you Rita chechi.
❤️🙏
മനോഹർ മായി എഴുതി അഭിനന്ദനങ്ങൾ 1 ആശംസകൾ👌👍💯🙏
Suresh, ഒത്തിരി നന്ദി.
🙏
സൂപ്പർ സൂപ്പർ സൂപ്പർ
സുനന്ദ, thanks dear.
🙏🫂
പ്രകാശം പരത്തുന്ന എഴുത്ത് 👌👌👌❤️
സിൽവി, ഒത്തിരി സന്തോഷം.
സ്വാതന്ത്ര്യദിനാശംസകൾ!🧡💚🤍
സൂപ്പർ എഴുത്ത്.. ഒത്തിരി ഇഷ്ടായി 🥰🥰🌹🌹
സിന്ധു, 🙏🥰
Special day, ആശംസകൾ! 🫂
മനോഹരമായി എഴുതി 👌
Sreeja, thanks.🙏❤️
Bautiful writing as usual 👌 ആശംസകൾ dear❤️
Thank you Rathi.🙏
ആശംസകൾ!🫂
Thank you, Suma.
🙏❤️🫂
എന്നത്തെയും പോലെ ഹൃദ്യമായ എഴുത്ത്ജോയ്സ്..അദൃശ്യച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ജീവിതം കരുപ്പിടിപ്പിക്കാൻ എല്ലാ സ്ത്രീകൾക്കും സാധിക്കട്ടെ
സ്വാതന്ത്ര്യദിനാശംസകൾ❤️🌹