“അതേ പി ബി, നമുക്ക് തീർക്കണം ഇവനെ കൂടി. പക്ഷേ ഇവൻ്റെ മരണം, അതാരുടെ കൈ കൊണ്ടാകും എന്നാണ്. നേരിട്ട് കൊല്ലാൻ വയ്യ, ജയിലിൽ പോകാൻ വയ്യ, എനിക്ക് ശേഷിച്ച കാലം ദേവിക്കും മകൾക്കും ഒപ്പം കഴിയണമെന്നാണ് ആഗ്രഹം. “
“അതൊക്കെ ചെയ്തിരിക്കും നിധിൻ. ഞാനെല്ലാം തീരുമാനിച്ചു കഴിഞ്ഞു. “
“പി ബി എന്തിന് സ്വയം ആ പാപം ഏറ്റെടുക്കണം. “
“എനിക്ക് സഞ്ജീവിനോട് കുറച്ചു കടം ബാക്കിയുണ്ട്. ഞാൻ കുറെ വൈകി. അറിയാം, പക്ഷെ ഒരാൾ കൂടി ഇവന്റെ മരണത്തിനു സാക്ഷിയാകാനുണ്ട്. ഒരു ദിവസം കൂടി വേണം, ആ സാക്ഷി, അല്ല ഇവൻ്റെ ആരാച്ചാർ ഇവിടെ എത്തി ചേരാൻ. “
“പി ബി ആരെക്കുറിച്ചാണ് ഈ പറയുന്നത്. “
പി ബി കൂടുതൽ ഒന്നും പറയാൻ ശ്രമിച്ചില്ല.
“ഒരു ദിവസം കൂടി ഇയാളെ ആരോഗ്യത്തോടെ സൂക്ഷിക്കണമല്ലോ. “
നിധിൻ സഞ്ജീവിന്റെ മുഖത്തു വെള്ളം തളിച്ച് ബോധം വരുത്താൻ ശ്രമിച്ചു.
“സഞ്ജീവ് സാറേ…. “
സഞ്ജീവ് കണ്ണുകൾ തുറന്നു. അയാളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി.
എല്ലാവരും ഭയന്ന് നോക്കി നിൽക്കേ
പി ബി, സഞ്ജീവിന്റെ ഇടത് കയ്യിലെ സിരകളിലേക്ക് ഒരു സൂചി കയറ്റി, കത്തീറ്റർ വഴി ഒരു പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന ഗ്ളൂക്കോസ് ട്രിപ്പുമായി കണക്ട് ചെയ്തു, കുപ്പി ജനലിൽ, ഉയരത്തിൽ കെട്ടി വച്ചു. “
“കൊല്ലാൻ പോകുന്ന ആളെ ഗ്ളൂക്കോസ് ട്രിപ്പ് നൽകി സംരക്ഷിക്കുന്നതെന്തിനാണ് പി ബി, ഇവൻ ചാവേണ്ടതല്ലേ. “
“സ്വബോധത്തോടെ ചാകണം. അതൊരു ചടങ്ങല്ലേ, അറവുകാരൻ മാടിന് അവസാനമായി കുടിക്കാൻ വെള്ളം കൊടുക്കുന്ന പതിവുണ്ട്. തന്റെ ഇര സന്തോഷത്തോടെ, ആരോഗ്യത്തോടെ മരിക്കണം. “
പി ബി പൊട്ടിച്ചിരിച്ചു. ആ ചിരി എല്ലാവരിലും ഒരു ആശങ്ക പടർത്തി.
“ഇയാൾക്കിപ്പോൾ രക്തത്തിൽ ഗ്ലൂക്കോസ് കുറഞ്ഞ് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത് അപകടമാണ്. അയാൾ ഒരു ദിവസം കൂടി സ്വബോധത്തോടെ ജീവിക്കണം. ഗ്ളൂക്കോസ് കുറഞ്ഞാൽ ബ്രെയിൻ ഡാമേജ് ഉണ്ടാകാൻ ചാൻസുണ്ട്, തെളിഞ്ഞ ഓർമ്മകളോടെ മരിക്കണം. “
“പി ബിയുടെ ജോലി മെഡിക്കൽ ഫീൽഡിൽ ആയിരുന്നോ. “
“ഞാൻ ഒരു വർഷം ബി എസ് സി നഴ്സിംഗ് പഠിച്ചതാണ്. ദാരിദ്ര്യം മൂലം പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ കാരണം ഒരാൾ നഴ്സിംഗ് പഠനം പൂർത്തിയാക്കി, വിദേശത്തു ജോലിയും നേടി. ആ ആളുടെ മടങ്ങി വരവിനായി ഞാൻ കാത്തിരിക്കുകയാണ്. “
പി ബി പറഞ്ഞതൊന്നും നിധിന് മനസിലായില്ല.
നിധിൻ അപ്പോൾ പി ബി യെകുറിച്ചു ആലോചിക്കുകയായിരുന്നു. ആരാണ് ഈ പി ബി? തന്നോട് പി ബി യെ ക്കുറിച്ചു ആദ്യം പറഞ്ഞത് ദേവിയാണ്. അവൾ എപ്പോഴും സമാധാന പൂർണമായ ജീവിതത്തെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരുന്നത്. ഒരിക്കലും ഇത് പോലൊരു സംഘർഷ പൂർണമായ ജീവിതം അവൾ ആഗ്രഹിച്ചിരുന്നില്ല.
പഴയതൊക്കെ നിധിൻ്റെ മനസ്സിൽ തെളിഞ്ഞു. കൈലാസന്റെ മരണദിവസം പൂളിനടുത്തു കൂടെ നടന്നു പോകുന്ന യുവ ദമ്പതികളെ നിധിൻ യാദൃച്ഛികമായിട്ടാണ് ശ്രദ്ധിച്ചത്. മൂന്നാർ പോലെയുള്ള ഒരു ടൂറിസ്റ്റു സ്പോട്ടിൽ അനേകം യുവമിഥുനങ്ങൾ ഹണിമൂണിനായി വരാറുണ്ട്. ആർക്കും പ്രത്യേക പരിഗണന നിധിൻ നൽകാറില്ല. റെസ്റ്റോറന്റിൽ, ഒരു കോർണർ സീറ്റിൽ മിത ഭാഷിയായ ഒരു യുവാവായിരിക്കുന്നു, നല്ല പക്വതയുള്ള ഒരു മനുഷ്യൻ, കൂടെയുണ്ടായിരുന്ന ആ പെൺകുട്ടി, ദേവിയായിരുന്നു. അവൾ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് നിധിന്റെ ശ്രദ്ധ അവിടെയുള്ള തത്തമ്മയുടെ കൂട്ടിലേക്ക് പോയി. അതിലൊരു തത്തമ്മ നിർത്താതെ ചിലയ്ക്കുമായിരുന്നു. അങ്ങനെയാണ് അതൊരു പെൺ തത്തയാണെന്നു അവർ മനസിലാക്കിയത്.
അത് പോലെയായിരുന്നു ദേവിയും. അവൾ പെട്ടെന്ന് നിധിനടുത്തേയ്ക്കു വന്നു, തന്റെ ഭർത്താവിന് ഇവിടെ ലഭിക്കുന്ന ഏറ്റവും നല്ല ആഹാരം തയാറാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
നിധിന് ആ പെൺകുട്ടിയെ വളരെ ഇഷ്ടമായി. അന്നത്തെ രാത്രിയിൽ ഭർത്താവു കൊല്ലപ്പെടുന്നു, ആ പെൺകുട്ടിയെ നിധിൻ പതിയെ തൻ്റെ ജീവിതത്തിലേയ്ക്ക് കൂട്ടി കൊണ്ട് വരുന്നു. അവൾ നിധിന്റെ മനസ്സിലെ പഴയ മുറിവുകൾ ഉണങ്ങാൻ അവനെ സഹായിക്കുന്നു, അവർ ഒന്നാകുന്നു. നിധിൻ ദേവിയെ ജീവന് തുല്യ സ്നേഹിച്ചു.
“ഈ പി ബി ആരാണ്?ആരെയാണ് രാഹുൽ തനിക്ക് പരിചയപ്പെടുത്തി തന്നത്. അയാളാണ് തന്റെ മനസ്സിൽ ഉറഞ്ഞ് കിടന്ന പഴയ പകയേ വളർത്തി വലുതാക്കിയത്. ഒടുവിൽ പ്രതികാരം വീട്ടാനുള്ള തന്ത്രങ്ങൾ പറഞ്ഞു തന്നത്. ആ കൊലപാതകങ്ങൾ എങ്ങനെ ചെയ്യണമെന്ന തിരക്കഥ തയാറാക്കിയത്. ആദ്യം ആരെ കൊല്ലണം, ആരെ കൊണ്ട് കൊല്ലിക്കണം എന്നൊക്കെ തീരുമാനം എടുത്തത്. ഇരകളിൽ ഒടുവിൽ മാത്രമേ സഞ്ജീവിന്റെ ഊഴമെത്തുകയുള്ളൂ, പക്ഷെ സഞ്ജീവിനെ ആര് കൊല്ലും? എങ്ങനെ കൊല്ലും? എന്നൊക്കെയുള്ള ചോദ്യത്തിന് ഇത് വരെ ഒരു ഉത്തരം പി ബി നൽകിയിട്ടില്ല. “
നിധിന് ആകെ കൺഫ്യൂഷൻ ആയി.
“ഇപ്പോൾ പറയുന്നു ഒരു ദിവസം കൂടി കാത്തിരിക്കാൻ, ആരെയാണ് കാത്തിരിക്കാൻ പറയുന്നത്. “
നിധിൻ തിരിഞ്ഞു നോക്കി. പി ബി വളരെ ഗൗരവത്തിൽ സഞ്ജീവിന്റെ അടുത്ത് നിന്ന്, ഗ്ളൂക്കോസ് ഡ്രിപ്പിൻ്റെ വേഗത നിയന്ത്രിക്കുകയാണ്. ഹിന്ദിക്കാർ രണ്ടു പേരും ആ മുറിയിൽ തന്നെയിരുന്നു ചെസ്സ് കളിക്കുകയാണ്. അവർ ഇടയ്ക്കിടയ്ക്ക് കൊക്കകോള കുടിക്കുകയും വറുത്ത നിലക്കടല കൊറിക്കുകയും ചെയ്യുന്നുണ്ട്. അവർ ആരേയും ശ്രദ്ധിക്കുന്നില്ല.
നിധിൻ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. നാലു ദിവസമായി നല്ല തിരക്കിലായിരുന്നു, ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. തിരക്കുകൾ കുറഞ്ഞപ്പോൾ മനസ്സിൽ കുറ്റബോധം ഉടലെടുത്തു, ശേഷിച്ച കാലം കുറ്റബോധത്താൽ നീറി പുകയുമെന്ന് ഉറപ്പാണ്.
വിൻസെൻ്റിനെ കൊന്നത് സ്വയരക്ഷയ്ക്കാണ്. എന്നാൽ ആൻഡ്രുവിൻ്റെ മരണത്തിന് കാരണം പ്രതികാരമാണ്. തൻ്റെ സഹോദരിയെ വഞ്ചിച്ചതിൻ്റെ പ്രതികാരം.
താൻ ഇപ്പോൾ ഒരു അച്ഛനും ഭർത്താവുമാണ്. താൻ ഇതിലൊക്കെ ഇടപെട്ടത് ജീവിതത്തിൽ ഇനിയെങ്കിലും ഒരു സമാധാനം കിട്ടാനാണ്. ആൻഡ്രുവിന്റെ മരണം താൻ കാരണമാണെന്ന് ആരുമറിയാൻ പാടില്ല. പ്രത്യേകിച്ച് ദേവി അറിയാൻ പാടില്ല. അവൾക്കൊരിക്കലും അത് അംഗീകരിക്കാൻ കഴിയില്ല.
സഞ്ജീവിന്റെ മരണ ശേഷം ആൻഡ്രുവിന്റെ കൊലപാതകിയായി അറിയപ്പെടാൻ പോകുന്നത് സഞ്ജീവായിരിക്കും. സഞ്ജീവിന്റെ മരണം വൈകുന്നതാണ് നിധിൻ ആശങ്ക പെടുന്നത്. ഇതൊക്കെ കഴിഞ്ഞിട്ട് വേണം തനിക്കു കോടതിയിൽ സറണ്ടർ ചെയ്യാൻ.
നിധിൻ ഗൾഫിൽ വച്ച് കാണാതായ ഇന്ത്യൻ പാസ്പോർട്ട് ഹോൾഡറാണ്. ഒരു മാൻ മിസ്സിംഗ് കേസ് പോലീസിൽ ഇപ്പോഴുമുണ്ട്. നിധിൻ ദുബായിൽ കുറെ നാൾ ഒളിവിൽ കഴിഞ്ഞ ശേഷം കള്ള പാസ്സ്പോർട്ടിൽ നേപ്പാൾ വഴി ഇന്ത്യയിൽ എത്തിയതാണ്. അത് കോടതിയേയും പോലീസിനെയും വക്കീൽ വഴി ബോധ്യപ്പെടുത്തേണ്ടതുണ്ട്. കേരളത്തിൽ തിരിച്ചെത്തിയിട്ടും എന്തിനു ഒളിവിൽ തുടർന്നുവെന്നു ശക്തമായ കാരണം കണ്ടത്തേണ്ടതുണ്ട്. അതിന് അന്വേഷണം ഉണ്ടാകും.
എല്ലാം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ദേവിയ്ക്കും കുഞ്ഞിനും ഒപ്പം നല്ലൊരു കുടുംബ ജീവിതം തുടങ്ങണം. ഇതുവരെ അതിനു തടസ്സമായി നിന്നവരെയൊക്കെ അവസാനിപ്പിച്ചു, ഇനി സഞ്ജീവിനെ കൂടി തീർക്കണം.
ദേവിയെ കാണാൻ കൊതി തോന്നുന്നു. അവളെ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞതാണ്. ഇപ്പോൾ അവൾ സുരക്ഷിതയായി വീട്ടിലാണ്, ദേവിയെ ഒന്ന് പോയി കാണാൻ കൊതി തോന്നുന്നു. പക്ഷെ അവളുടെ ചുറ്റും സംരക്ഷകരാണ്.
“നിധിൻ നിങ്ങളുടെ മനസ്സ് എനിക്കിപ്പോൾ കാണാൻ കഴിയുന്നു, ഇത്രയും കാത്തിരുന്നില്ലേ, ഇനി ഒരു ദിവസം കൂടി കാത്തിരിക്കൂ. ഞാൻ അവന്റെ ഡ്രിപ് ഊരി മാറ്റി. ഇന്ന് ഇത്രയും ക്ഷീണം മാറിയാൽ മതി. “
നിധിൻ തല ഉയർത്തി പി ബി യെ നോക്കി.
“ഇന്ന് രാത്രി ഞാൻ ഇവിടെ കാണില്ല, ഒരു ജോലിയുണ്ട്. അവനെ സൂക്ഷിക്കണം, വേണ്ടി വന്നാൽ മയക്കാൻ ഒരു ഇൻജക്ഷൻ നൽകണം. ഞാൻ വെളുപ്പിന് മടങ്ങിയെത്തും. “
നിധിൻ ആകാംഷയോടെ പി ബി യെ കേട്ടിരുന്നു.
“നാളെ ഈ വാടക വീട് ഒഴിയണമെന്ന് ആര്യന്റെ നിർദ്ദേശമുണ്ട്. ഇവിടെ വച്ച് സഞ്ജീവിന് ഒന്നും സംഭവിക്കാൻ പാടില്ല. അത് പ്രണവിൻ്റെ കുടു. ബത്തെ സംശയത്തിന്റെ മുൾ മുനയിലേയ്ക്ക് തിരികെ കൊണ്ട് വരും. അത് പാടില്ല. “
“ഇനി നമ്മൾ എങ്ങോട്ടു പോകും. “
“സഞ്ജീവിന്റെ പഴയ വീട്ടിലേയ്ക്ക് പോകണം, അയാളുടെ നാട്ടിലാണ് ആ വീട്. അയാൾ അവിടെ കിടന്നു മരിക്കണം. അതാണ് അയാളുടെ ആരാച്ചാർ ആഗ്രഹിയ്ക്കുന്നത്. “
“ആരാച്ചാരോ?”
“എല്ലാം പറയാം നിധിൻ, നിങ്ങളെ മാത്രമല്ല സഞ്ജീവ് ഉപദ്രവിച്ചിട്ടുള്ളത്. വേറെയും ആളുകളുണ്ട്, അയാളോട് പകയുള്ളവർ വേറെയുമുണ്ട്. എല്ലാ ചുമതലയും നിങ്ങളേറ്റെടുക്കുന്നത് എന്തിനാണ്. എനിക്ക് വളരെ വേണ്ടപ്പെട്ടൊരാൾക്കു അവനോടു പകയുണ്ട്. “
“ഇവിടെ നിന്നും സഞ്ജീവിനെ നമ്മൾ എങ്ങനെ അവിടേക്ക് കടത്തും, ഹൈവേകളിലും ബൈ റോഡുകളിലും എല്ലാം പോലീസ് ചെക്കിങ്ങ് ഉണ്ട്. ഈ സമയത്ത് പെട്ടെന്ന് ഇവിടെ നിന്നും 25 കിലോമീറ്ററോളം അകലെയുള്ള ഒരു പ്രദേശത്തേക്ക് ഇയാളെ കൊണ്ട് പോകുന്നതെങ്ങിനെയാണ്. “
“അതിനൊക്കെ വഴിയുണ്ട്. പുലരും വരെ ഒന്ന് ക്ഷമിക്കൂ. “
സന്ധ്യ മയങ്ങിയപ്പോൾ പി ബി പോയി. ഹിന്ദിക്കാർ വ്യായാമം ചെയ്യാനും കുളിക്കാനും പോയി. സഞ്ജീവ് ഇപ്പോഴും കസേരയിൽ കിടന്ന് മയങ്ങുകയാണ്.
നിധിൻ കുളി കഴിഞ്ഞ് ഒന്ന് മയങ്ങാൻ ആഗ്രഹിച്ചു. ഉറക്കം കൺപോളകളെ തഴുകുന്നു. ഒരു മണിക്കൂർ ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ.. പി ബി അടുത്ത് ഉണ്ടായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.
ഹിന്ദിക്കാർ അടുത്ത ചെസ്സ് കളിക്കാനുള്ള വട്ടം കൂട്ടുകയാണ്, അതാണ് അവരുടെ ഹോബി. അവൻമാർ രാത്രിയിൽ സ്മാൾ അടിക്കുന്ന പതിവുണ്ട്. അവരുടെ കളിയും വെള്ളമടിയും നോക്കി നിധിനും ആ മുറിയിൽ തന്നെ കൂടി. ഉറക്കം വരാതെയിരിക്കാൻ ഒരു ഫ്ലാസ്കിൽ കട്ടൻ കാപ്പി നിറച്ച് വച്ചു.
സഞ്ജീവിൻ്റെ കയ്യിലെ കെട്ടുകൾ ഒന്നും കൂടെ മുറുക്കി, തൻ്റെ കസേര ജനലിനരുകിലേക്ക് നീക്കിയിട്ടു. നിലാവ് നോക്കിയിരിക്കാൻ നല്ല രസമായി തോന്നി. ഹിന്ദിക്കാർ പാട്ടും കൂത്തും തുടങ്ങി.
വലിയൊരു ശബ്ദം കേട്ടാണ് നിധിൻ ഉണർന്നത്. എന്താണാ ശബ്ദം, എവിടെ നിന്നാണ് ശബ്ദം കേട്ടത്. ഉറങ്ങിപോയതിൽ നിധിന് കുറ്റബോധം തോന്നി. അയാൾ ചാടി എഴുന്നേറ്റു, മുറിയിൽ ഇരുട്ടാണ്, ലൈറ്റ് ഓണാക്കി നോക്കി. സഞ്ജീവിനെ കെട്ടിയിട്ട് ഇരുന്ന കസേര ശൂന്യമായിരുന്നു. സിറിഞ്ചും കത്തീറ്ററുമൊക്കെ നിലത്ത് കിടന്നിരുന്നു. വാതിൽ അടഞ്ഞ് തന്നെ കിടന്നിരുന്നു.
“ഇതെങ്ങനെ സംഭവിച്ചു. “
സഞ്ജീവ് ജനൽ വഴി രക്ഷപ്പെട്ടിരുന്നു.
ഹിന്ദിക്കാരുടെ കൂർക്കം വലി അടുത്ത മുറിയിൽ നിന്നും കേൾക്കാം. അവർ കുടിച്ച് ബോധം കെട്ട് കിടന്ന് ഉറങ്ങുകയാണ്. അവരെ നിധിൻ വിളിച്ചുണർത്തി സഞ്ജീവ് എവിടെ എന്ന് അന്വേഷിച്ചു. ആർക്കുമറിയില്ല, കുറെ ദിവസത്തെ ഉറക്കമില്ലായ്മയും ക്ഷീണവും അവരെയും തളർത്തിയിരുന്നു.
നാലു പേരും വീട്ടിലും പരിസരത്തും സഞ്ജീവിനെ തെരഞ്ഞു.
പി ബി യോട് ഇനി എന്ത് പറയും. സഞ്ജീവിൻ്റെ കൊല നടത്താനായി ആശിച്ച് വരുന്നയാൾ എങ്ങനെ ഇത് സഹിക്കും. എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടണം. തങ്ങളുടെ ഒളി സങ്കേതം സഞ്ജീവ് കണ്ട് പിടിച്ചിരിക്കുന്നു. അയാളത് പോലീസിൽ അറിയിച്ചാൽ പിന്നെ രക്ഷയില്ല.
നോർത്ത് ഇന്ത്യൻ രജിസ്ട്രേഷൻ ഉള്ള താർ ജീപ്പിൽ, എല്ലാ സാധനങ്ങളും അവർ എടുത്ത് കയറ്റി വച്ചു. മൂന്ന് ഹിന്ദിക്കാരുമായി നിധിൻ ആ വീട്ടിൽ നിന്നും പുറത്ത് കടന്നു.
നിധിന് ആകെ ആശങ്കയായി. അവസാന ഘട്ടത്തിൽ പ്ലാനുകളൊക്കെ പൊളിയുകയാണോ. പോലീസ് ഈ ഒളി സങ്കേതം കണ്ട് പിടിച്ചാൽ, വെളുപ്പിന് പതിയിരുന്നത് ഏജൻ്റ് പി ബി യെ പിടി കൂടിയാൽ, എല്ലാം സത്യങ്ങളും മനസ്സിലാക്കിയാൽ, താനും അഴികൾ എണ്ണേണ്ടി വരും. താൻ കുറച്ച് കൂടെ ശ്രദ്ധിക്കേണ്ടിയിരുന്നു.
നിധിന് നിരാശയായി. താൻ കുറച്ചും കൂടെ ഉത്തരവാദിത്വം കാണിക്കേണ്ടത് ആയിരുന്നു. സഞ്ജീവ് എങ്ങോട്ട് പോകാനാണ് സാദ്ധ്യത, നിധിൻ ചിന്തിച്ചു. ഒരു പക്ഷേ അയാൾ പോലീസിൽ കീഴടങ്ങിയാൽ…
“ഇനി അയാൾ ദേവിയെ അപായപ്പെടുത്താൻ പോകുമോ. എന്നിട്ടാകും അയാൾ പോലീസിൽ കീഴടങ്ങുന്നതെങ്കിൽ. “
ഹൈവേയിലൂടെ വളരെ വേഗത്തിൽ നിധിൻ വണ്ടി ഓടിച്ചു. ഹിന്ദിക്കാരിപ്പോഴും മദ്യത്തിൻ്റെ ഹാങ്ങ് ഓവറിലാണ്.
രാവിലെ സഞ്ജീവിനെ ബോധം കെട്ട നിലയിൽ കണ്ടപ്പോൾ ഇനി അയാളെ കൊണ്ട് ഒരു പ്രശ്നം ഉണ്ടാകില്ല എന്ന് എല്ലാവർക്കും തോന്നിയിരുന്നു. ഇന്ന്
പി ബി ആ ഗ്ലൂക്കോസ് ഡ്രിപ്പ് കൊടുത്തില്ലായിരുന്നെങ്കിൽ, ഇതൊന്നും സംഭവിയ്ക്കില്ലായിരുന്നു.
എത്രയും പെട്ടെന്ന് ദേവിയുടെ അടുത്തെത്തണം. നിധിൻ വളരെ വേഗതയിൽ ദേവിയുടെ അടുത്തേയ്ക്ക് ഡ്രൈവ് ചെയ്തു.
രാത്രിയിൽ ദേവി ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. കഴുത്തിലെ മുറിവ് ഉണങ്ങി തുടങ്ങിയെങ്കിലും, മർദ്ദനത്തിലുണ്ടായ ചതവുകൾ ഇനിയും മാറിയിട്ടില്ല. പരിചരിക്കുന്ന നഴ്സ് അടുത്തുള്ള മറ്റൊരു കിടക്കയിൽ കിടന്ന് നല്ല ഉറക്കത്തിലാണ്.
ദേവി എഴുന്നേറ്റ് ടോയ്‌ലറ്റിൽ പോയതും വെള്ളം കുടിച്ചതുമൊന്നും അവർ അറിഞ്ഞിട്ടേയില്ല. ദേവി ജനൽ തുറന്നു, നല്ല തണുപ്പുള്ള കാറ്റ് മുറിയിലേയ്ക്ക് ഒഴുകി.
ദേവി ബാൽക്കണിയിലെ വാതിൽ തുറക്കാൻ ശ്രമിച്ചു. ആരോൺ ആ വാതിൽ പുറത്ത് നിന്നും പൂട്ടിയിരിക്കുകയാണ്. ദേവിക്ക് കുറച്ച് നേരം പുറത്തിറങ്ങി തനിച്ച് നിൽക്കാൻ തോന്നി.
വാതിൽ തുറക്കാൻ വയ്യ, പൂട്ട് പൊട്ടിക്കുന്ന ശബ്ദം കേട്ടാൽ നഴ്സ് ഉണരും. അവൾ മുറിയുടെ വാതിൽ തുറന്ന് പടികളിറങ്ങി താഴത്തെ നിലയിലേക്ക് പോയി. സ്റ്റെയറിനടുത്തുള്ള ആൻഡ്രുവിൻ്റെ വലിയ ഛായാ ചിത്രത്തിന് മുന്നിൽ ചുവന്ന ബൾബ് കത്തി കിടക്കുന്നു. അവൾ ഒരു നിമിഷം ആ ചിത്രം നോക്കി നിന്നു.
പെട്ടെന്ന് പിന്നിലൊരു ശബ്ദം കേട്ടു. വീട്ടിലെ കത്തി കിടന്ന ലൈറ്റുകളൊന്നിച്ച് അണഞ്ഞു. ഒരു കാൽ പെരുമാറ്റം അടുത്ത് വരുന്നു.
ദേവി പെട്ടെന്ന് നിലത്ത് കിടന്ന് കൊണ്ട് ഉരുണ്ട് സ്റ്റെയർകേസിന് അടിയിൽ ഒളിച്ചു. ഇരുട്ടിൽ ഒന്നും വ്യക്തമല്ല.
“ഈശ്വരാ ഇനിയും പരീക്ഷണങ്ങൾ. “
മുറിയിൽ തന്നെ കൂടാതെ മറ്റൊരാൾ കൂടി ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. അവൾക്ക് ഭയം തോന്നി.
(തുടരും…. )
✍️✍️നിഷ പിള്ള

